ലണ്ടന്‍: അടുത്ത കോമണ്‍വെല്‍ത്ത് തലവനായി പ്രിന്‍സ് ചാള്‍സ് സ്ഥാനമേല്‍ക്കും. യുകെയില്‍ നടന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തിലാണ് എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിരിക്കുന്നത്. 53 രാജ്യങ്ങളിലെ നേതാക്കളാണ് ഇക്കര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്. വ്യാഴായ്ച്ച ലണ്ടനിലെ ബക്കിംഗ്ഹാം പാലസില്‍ നടന്ന സമ്മിറ്റില്‍ പ്രിന്‍സ് ചാള്‍സിനെ അടുത്ത തലവനായി കൊണ്ടുവരാനുള്ള ആഗ്രഹം എലിസബത്ത് രാജ്ഞി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

1952നു ശേഷം കോമണ്‍വെല്‍ിന്റെ തലപ്പത്ത് എലിസബത്ത് രാജ്ഞിയുണ്ട്. തന്റെ പിതാവ് ജോര്‍ജ് ആറാമന് ശേഷമാണ് കോമണ്‍വെല്‍ത്ത് തലപ്പത്ത് എലിസബത്ത് രാജ്ഞി എത്തുന്നത്. രാജ്ഞി പ്രിന്‍സ് ചാള്‍സിനെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവനായി നിയമിക്കാന്‍ താല്‍പ്പര്യം അറിയിച്ചതിന് ശേഷം നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുടെ ഉച്ചകോടി നടക്കുക. രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നതിനും നയതന്ത്ര സഹകരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉച്ചകോടി സഹായകമാവും.

ലോകത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന 53 രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമണ്‍വെല്‍ത്ത്. മുന്‍ ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. രാജ്ഞി ഇന്നലെ നടത്തിയ പ്രസംഗത്തില്‍ പ്രിന്‍സ് ചാള്‍സിനെ പിന്‍ഗാമിയാക്കുന്നത് സംബന്ധിച്ച് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം കോമണ്‍വെല്‍ത്ത് കമ്മറ്റിക്ക് വിടുകയായിരുന്നു. തലവനെ തെരെഞ്ഞെടുക്കാനുള്ള അധികാരം കമ്മറ്റിയിലെ അംഗങ്ങള്‍ക്കാണ്. എലിസബത്ത് രാജ്ഞിയുടെ അഭിപ്രായം അതേപടി അനുസരിക്കുകയാണ് കമ്മറ്റി ചെയ്തത്. തീരുമാനത്തെ എതിര്‍ത്ത് ആരും രംഗത്ത് വന്നില്ല,