ച്യൂയിംങ്ഗം ചവയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ അധ്യാപികയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡറുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള ഒരു അക്കാദമിയിലാണ് സംഭവം. അക്രമത്തില്‍ അധ്യാപികയുടെ വയറിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ക്ലാസ് ആരംഭിക്കുന്നതിന് മുന്‍ വിദ്യാര്‍ത്ഥിനി ചവച്ചുകൊണ്ടിരിക്കുകയായിരുന്ന ച്യൂയിംങ്ഗം കളയാന്‍ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് അധ്യാപിക തടയുകയും ചെയ്തു.
ക്ലാസില്‍ നിന്ന് പുറത്താക്കിയതാണ് വിദ്യാര്‍ത്ഥിനിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍ സഹായത്തിന് എത്തിയെങ്കിലും അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അക്രമം നടന്ന വിവരം പോലീസില്‍ അറിയിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ ശ്രദ്ധ കാണിച്ചില്ലെന്നും അധ്യാപിക സ്വമേധയാ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്നും നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സ് വ്യക്തമാക്കുന്നു. അക്രമത്തിലുണ്ടായ പരിക്കുകളെ തുടര്‍ന്ന് അധ്യാപികയ്ക്ക് ഏതാണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയ വിദ്യാര്‍ത്ഥിനി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സ്‌കൂളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അധ്യാപകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്. ക്ലാസ്മുറിയിലെ ഡിസ്‌പ്ലേ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ ഒരു അധ്യാപികയ്ക്ക് 25,000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. സ്‌കൂള്‍ വെച്ച് ബ്ലാക്ക് ഐസില്‍ തെന്നിവീണ മറ്റൊരു അധ്യാപകന് 85,000 പൗണ്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് ഈസ്റ്റേണ്‍ റീജിയണ്‍ ഓഫ് ഇംഗ്ലണ്ടിലെ ഒരു അധ്യാപകനാണ്. ക്ലാസിലെ ഡിസ്‌പ്ലേ ഒരുക്കുന്നതിനടയില്‍ താഴെ വീണ അധ്യാപികയ്ക്ക് 2,50,0000 പൗണ്ടാണ് ലഭിച്ചത്. അപകടത്തിന് ശേഷം സ്‌കൂളില്‍ തുടരാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലേക്ക് പൊട്ടിയ കണ്ടെയ്‌നറുമായി ഒരു സ്ത്രീയെത്തിയതിനേത്തുടര്‍ന്ന് കെമിക്കല്‍ അലര്‍ട്ട്. നോര്‍ത്ത് ലണ്ടനിലെ ബാര്‍നെറ്റ് ജനറല്‍ ആശുപത്രി അടച്ചിട്ടു. ഈ സ്ത്രീയെ ജീവക്കാര്‍ പെട്ടെന്നുതന്നെ പുറത്താക്കിയെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഇരുന്നിടത്തു നിന്ന് മാറാന്‍ പോലീസ് അനുവദിച്ചില്ലെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്ന സിജെ ചര്‍ച്ച്ഹാള്‍ എന്നയാള്‍ പറഞ്ഞു.
എ ആന്‍ഡ് ഇയിലെത്തിയ സ്ത്രീ കണ്ടെയ്‌നര്‍ പൊട്ടിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അവരെ പുറത്താക്കുകയായിരുന്നു. പോലീസ് പിന്നീട് ഈ സ്ഥലം അടച്ചിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 1.45നായിരുന്നു സംഭവം. അസ്വസ്ഥതയുണ്ടാക്കുന്ന രാസവസ്തു ഒരു രോഗിയുടെ ശരീരത്തില്‍ വീണതിനെത്തുടര്‍ന്നാണ് തങ്ങളെ വിവരമറിയിച്ചതെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു.
എന്‍ഫീല്‍ഡിലെ നോര്‍ത്ത് മിഡില്‍സെക്‌സ് ഹോസ്പിറ്റല്‍, കാംഡെനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റല്‍, ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വാറ്റ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയാണ് അടുത്തുള്ള ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ എന്നും പോലീസ് അറിയിക്കുന്നു.
ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത റഷ്യന്‍ യാത്ര വിമാനം യുകെ പോലീസ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ആരോപിച്ച് റഷ്യ രംഗത്ത്. എയ്‌റോഫ്‌ളോട്ട് എയര്‍ബസ് എ321 വിമാനത്തിലാണ് പരിശോധന നടത്തിയതെന്ന് മോസ്‌കോ ആരോപിക്കുന്നു. എന്നാല്‍ റഷ്യയുടെ ആരോപണം മെറ്റ് പോലീസ് നിഷേധിച്ചു. റഷ്യയുടെ യാത്രാവിമാനത്തില്‍ നിന്ന് ജീവനക്കാരും ക്യാപ്റ്റനും ഉള്‍പ്പെടെ എല്ലാവരോടും പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടതായും എന്നാല്‍ ക്യാപ്റ്റന്‍ പുറത്ത് പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും റഷ്യ പറയുന്നു. എന്നാല്‍ അങ്ങനെയൊരു പരിശോധന ഹീത്രു വിമാനത്താവളത്തില്‍ ഉണ്ടായിട്ടില്ലെന്ന് മെട്രോപൊളിറ്റല്‍ പോലീസ് വ്യക്തമാക്കി.
റഷ്യന്‍ യാത്രാവിമാനത്തില്‍ യുകെ പോലീസ് പരിശോധന നടത്തിയതായുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത്തരമൊരു പരിശോധന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. വിഷയുമായി ബന്ധപ്പെട്ട് ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാന ജീവനക്കാരോട് പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് മരിയ സാക്കറോവ രംഗത്ത് വന്നു. പരിശോധന നടക്കുന്ന സമയത്ത് വിമാനത്തിന്റെ പുറത്ത് പോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നും തന്റെ സാന്നിധ്യത്തില്‍ തന്നെ പരിശോധന നടത്തണമെന്നും കമാന്‍ഡര്‍ പോലീസിനോട് പറഞ്ഞിരുന്നതായും തുടര്‍ന്ന് കാബിനില്‍ നിന്ന് പുറത്ത് വരാന്‍ ക്യാപ്റ്റനെ അനുവദിക്കാതെ പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും മരിയ സാക്കറോവ ആരോപിക്കുന്നു.
മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടെയാണ് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയിലെ പാര്‍ക്കില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ഇരുവരും ഇപ്പോഴും ആശുപത്രിയിലാണ്. യൂലിയയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അവളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സ്‌ക്രിപാലിന്റെ ആരോഗ്യ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
18 മുതല്‍ 21 വയസ് വരെയുള്ളവരുടെ ഹൗസിംഗ് ബെനഫിറ്റ് എടുത്തുകളയാനുള്ള തീരുമാനത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്നോട്ടു പോകുന്നു. 21 വയസ് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമായിക്കൊണ്ടിരുന്ന ഹൗസിംഗ് ബെനിഫിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം 2014 ലാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ബെനിഫിറ്റുകള്‍ നല്‍കുന്ന പദ്ധതി തുടരുമെന്നും. യുവ തലമുറയ്ക്ക് ആവശ്യമായ ബെനഫിറ്റുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്വേ വ്യക്തമാക്കി. പദ്ധതി നിര്‍ത്തലാക്കിയിരുന്നെങ്കില്‍ അത് 10,000ത്തോളം യുവതീ യുവാക്കളെ നേരിട്ട് ബാധിക്കുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
പുതിയ നീക്കത്തെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു. 2017ലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്ന ബെനിഫിറ്റുകള്‍ പുനസ്ഥാപിക്കുമെന്നത്. രാജ്യത്തെ യുവജനങ്ങള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് കണ്ടെത്തുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നതായി ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പദ്ധതി യുവജനങ്ങള്‍ക്ക് ജോലി തേടുന്നതിനും പരിശീലനം ലഭിക്കുന്നതിനും തൊഴില്‍ പരിചയമുണ്ടാക്കുന്നതിനും ഉപകാരപ്പെടുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രീതിയിലുള്ള ബെനഫിറ്റുകള്‍ രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും ലഭ്യമാകുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെയറിംഗിലുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയാത്തവര്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബെനഫിറ്റുകള്‍ നിര്‍ത്തലാക്കിയ നടപടിയെ വിമര്‍ശിച്ച് ചാരിറ്റികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കാനേ ഈ തീരുമാനം ഉതകൂ എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 18 മുതല്‍ 21 വയസ്സുവരെ പ്രായമായ യുവജനങ്ങള്‍ക്ക് ഹൗസിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുന്നത് ചെറിയ സഹായങ്ങള്‍ അത്യാവശ്യമാണ്. ബെനഫിറ്റുകള്‍ അത്തരമൊരു സഹായമാണ് ഒരുക്കുന്നതെന്നും ഹൗസിംഗ് ആന്റ് ചാരിറ്റി ഷെല്‍ട്ടര്‍ പറയുന്നു. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ലഭ്യമാകുന്നതിന് ലേബര്‍ അഫോഡബിള്‍ ഹൗസിംഗില്‍ നിക്ഷേപം നടത്തുമെന്നും സ്വകാര്യ വാടകവീടുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നും എംപി മാര്‍ഗരറ്റ് ഗ്രീന്‍വുഡ് വ്യക്തമാക്കി.
പ്രിന്‍സ് ഹാരി-മെഗാന്‍ മാര്‍ക്കല്‍ വിവാഹ ചടങ്ങുകള്‍ ബ്രിട്ടന്‍ ഇന്നേവരെ സാക്ഷിയായതില്‍ വെച്ച് ഏറ്റവും സുരക്ഷാസന്നാഹങ്ങളോട് കൂടിയായിരിക്കും നടക്കുക. ഏതാണ്ട് 30 മില്യണ്‍ പൗണ്ട് ചെലവിലായിരിക്കും സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കുക. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 100,000ത്തിലധികം ആളുകള്‍ എത്തിച്ചേരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിഥികള്‍ എല്ലാവരും തന്നെ ഏത് സമയത്തും പോലീസ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് അത്യാധുനിക സജ്ജീകരണങ്ങളായിരിക്കും നഗരത്തിലും വിവാഹ വേദികള്‍ക്കടുത്തും ഒരുക്കുക. വാഹന പരിശോധനയും സ്‌നൈപ്പര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തും. അതിഥികള്‍ എല്ലാവരും തന്നെ വിമാനത്താവളത്തിലേതിന് സമാനമായ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.
വിവാഹത്തിനായി ഒരുക്കാനിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും ഇനി വരുന്ന ഏഴ് ആഴ്ചകളില്‍ നഗരത്തില്‍ പതിയ സുരക്ഷാസജ്ജീകരണങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തെംസ്വാലി പോലീസ് അറിയിച്ചു. വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി രാജകീയ വേദിയിലെത്തുന്നവര്‍ ഹൈ സെക്യൂരിറ്റി സ്‌കാനര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊട്ടാരത്തിനും സെന്റ് ജോര്‍ജ് ചാപ്പലിനും സമീപത്തായി വലിയ സുരക്ഷാവേലികള്‍ നിര്‍മ്മിക്കും.
വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഏതാണ്ട് 600ഓളം പേരാണ് ഉണ്ടാവുക. അതിഥികള്‍ കൊണ്ടുവരുന്ന ബാഗുകളും മറ്റു വസ്തുക്കളും അതീവ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ സമീപ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ട്രക്കുകളും വാനുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങള്‍ മോഷ്ടിച്ച് ഭീകാരക്രമണങ്ങള്‍ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് രഹസ്യ പോലീസ് ഉള്‍പ്പെടെയുള്ളവരുടെ സംഘം കാര്യങ്ങള്‍ നീക്കുന്നത്. വാഹനങ്ങളുടെ നമ്പറുകള്‍ അവിടെ വെച്ച് തന്നെ വെരിഫൈ ചെയ്യാനും സംവിധാനങ്ങള്‍ ഉണ്ടാകും. വിവാഹത്തോട് അനുബന്ധിച്ച് പോലീസ് സേനയിലെ 4200 ഓളം പേര്‍ക്ക് അനുവദിച്ച അവധി റദ്ദാക്കി ഇവരെ തിരിച്ചു വിളിച്ചിട്ടുണ്ട്. മെയ് 19നാണ് വിവാഹം. അതിന് മുന്‍പ് തന്നെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാകും. തെംസ് നദിയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പരിശോധിക്കാന്‍ മറൈന്‍ ഫോഴ്‌സിന്റെ പ്രത്യേക സംഘം ഉണ്ടായിരിക്കും. കൂടാതെ ബോംബ് സ്‌ക്വാഡും പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളുടെ സേവനവും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എത്തും. ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന വിവാഹച്ചടങ്ങുകള്‍ക്കായിരിക്കും ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുക
ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ഇന്ത്യന്‍ വംശജയായ കെയര്‍ ഹോം നഴ്സിന് സസ്പെന്‍ഷന്‍. ഷ്രൂസ്ബറിയിലെ റോഡന്‍ ഹോം നഴ്സിംഗ് ഹോമില്‍ നഴ്സായിരുന്ന റിതു റസ്തോഗിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെന്റല്‍ ഹെല്‍ത്ത് നഴ്സായ ഇവര്‍ പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി ഇവര്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിനു മുന്നില്‍ ഹാജരായിരുന്നു. 2015 ഒക്ടോബര്‍ 9ന് പ്രായമായ ഒരു രോഗിക്ക് മോര്‍ഫീന്‍ സള്‍ഫേറ്റ് ടാബ്ലറ്റുകള്‍ നല്‍കിയില്ലെന്ന് പാനലിന് ബോധ്യമായതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
മരുന്ന് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് കൂടാതെ രോഗിയുടെ നോട്ടുകളില്‍ മരുന്ന് നല്‍കിയെന്ന് രേഖപ്പെടുത്തിയതായും പാനല്‍ സ്ഥിരീകരിച്ചു. രോഗിക്ക് മരുന്ന് നല്‍കിയതിന് സാക്ഷിയാണെന്ന് ഒപ്പിട്ടു നല്‍കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചുവെന്നും വ്യക്തമായിരുന്നു. ഫിറ്റ്നസ് ടു പ്രാക്ടീസ് പാനലിന്റെ ഹിയറിംഗ് രണ്ടാഴ്ച നീണ്ടു. റിതു റസ്തോഗിയുടെ പെരുമാറ്റം നെറികേടാണെന്നും അതുകൊണ്ടു തന്നെ 12 മാസത്തേക്ക് പ്രാക്ടീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയാണെന്നും പാനല്‍ അധ്യക്ഷന്‍ ഫിലിപ്പ് സേയ്സ് പറഞ്ഞു. റിതു റസ്തോഗി മരുന്ന് നല്‍കിയില്ലെന്ന് മാത്രമല്ല തെറ്റായ വിവരം രേഖപ്പെടുത്തുകയെന്ന കുറ്റവും ചെയ്താതായി അദ്ദേഹം പറഞ്ഞു.
കെയര്‍ ഹോമില്‍ ബാന്‍ഡ് 5 നഴ്സായിരുന്ന ഇവര്‍ക്കെതിരെ 2014 മാര്‍ച്ചിലും 2015 ഒക്ടോബറിലും ആരോപണങ്ങളുണ്ടായിട്ടുണ്ടെന്നും പാനല്‍ സ്ഥിരീകരിച്ചു. ഒരു രോഗിയെ വെള്ളമില്ലാതെ ഗുളിക വിഴുങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഒരു ആരോപണം. രോഗികളുടെ സമ്മതമില്ലാതെ അവരുടെ വായിലേക്ക് ഗുളികകള്‍ ഇട്ടുനല്‍കിയതായും ആരോപണമുണ്ട്. 2014ല്‍ ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും അവയിലെ കണ്ടെത്തലുകള്‍ എന്‍എംസി അന്വേഷണത്തില്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.
പിതാവ് ശക്തമായി കുലുക്കിയതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. അലെജാന്ദ്രോ റൂബിം എന്ന ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മസ്തിഷ്‌കത്തിനും കണ്ണുകള്‍ക്കും തലക്കുമേറ്റ പരിക്കുകളായിരുന്നു മരണകാരണം. സംഭവത്തില്‍ പിതാവായ പെഡ്രോ റൂബിമിനെ എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സംഭവം ഹൃദയഭേദകമാണെന്നായിരുന്നു മെറ്റ് പോലീസ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡേവിഡ് വെസ്റ്റ് പറഞ്ഞത്. നവജാതശിശുക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ പക്കല്‍ കുട്ടി സുരക്ഷിതനാകേണ്ടതായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നും വെസ്റ്റ് വ്യക്തമാക്കി.
ബൗണ്‍സറില്‍ നിന്ന് കുഞ്ഞ് താഴെ വീണുവെന്നാണ് എന്‍ഫീല്‍ഡില്‍ താമസിക്കുന്ന റൂബിം ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ എടുത്ത താന്‍ അവന് ബോധം വരുത്താനായി കുലുക്കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശക്തമായ കുലുക്കത്തിലുണ്ടായ മസ്തിഷ്‌ക ക്ഷതവും കണ്ണിനുണ്ടായ ക്ഷതവും മറ്റും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ പിതാവ് കവരുകയായിരുന്നുവെന്ന് എന്‍എസ്പിസിസി വക്താവും പ്രതികരിച്ചു. കുട്ടികള്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും സഹായം തേടുകയാണ് വേണ്ടത്. അതിന് എന്‍എസ്പിസിസി ഉപദേശങ്ങളും പിന്തുണയും മാതാപിതാക്കള്‍ക്ക് നല്‍കാറുണ്ടെന്നും വക്താവ് പറഞ്ഞു.
കുട്ടിയുടെ അമ്മ ഡെന്റിസ്റ്റിനെ കാണാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. പാല്‍ എടുക്കുന്നതിനായി താന്‍ പോയ സമയത്താണ് കുഞ്ഞ് താഴെ വീണതെന്ന് റൂബിം പറഞ്ഞെങ്കിലും മരണകാരണമായത് വീഴ്ചയിലുണ്ടായ ക്ഷതങ്ങളല്ലെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്ക് കോടതി ശിക്ഷ നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍. ഹാംപ്‌സ്റ്റെഡിലെ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുകാരി എലേന മോന്‍ഡാലിനെ കഴിഞ്ഞ വര്‍ഷമാണ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കണ്ടെത്തിയത്. സ്‌കൂളിന്റെ സമീപത്തുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു സ്‌കൂളിലെ അധ്യാപകന്മാരിലൊരാള്‍ എലേനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എലേനയെ കാണാതായതോടെ പോലീസും സ്‌കൂള്‍ അധികൃതരും സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന ഈ അന്വേഷണങ്ങള്‍ പോലീസിനെ തെറ്റായ സ്ഥലത്ത് കൊണ്ടെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സ്ഥലം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
പഠന കാര്യത്തില്‍ വളരെയധികം മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു മരിച്ച എലേന മോന്‍ഡാല്‍. മകളുടെ മരണത്തില്‍ അതീവ ദു:ഖിതരാണ് എലേനയുടെ മാതാപിതാക്കളായ ശ്യാമലും മൗഷുമി മോന്‍ഡാലും. തങ്ങളുടെ മകള്‍ മരണപ്പെടുന്നതിന് മുന്‍പ് ആരുടെയെങ്കിലും ഭീഷണിക്കിരയായതായി സംശയമുണ്ടെന്ന് ബാര്‍നെറ്റ് കോറോണേഴ്‌സ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ വ്യക്തമാക്കി. ദുരന്തം നടന്ന ദിവസം എലേനയുടെ ഫോണ്‍ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കാന്‍ കേസ് അന്വേഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സൈമണ്‍ നോര്‍ത്തിനോട് ഫാമിലി ബാരിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനി മരിക്കുന്ന ദിവസം ഫോണ്‍ വളരെ കുറച്ചു മാത്രമെ ഉപയോഗിച്ചിരുന്നുള്ളുവെന്ന് സൈമണ്‍ നോര്‍ത്ത് കോടതിയെ ബോധിപ്പിച്ചു.
എലേനയുടെ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വിവിധ മാനസിക പ്രശ്‌നങ്ങള്‍ മൂലം എലേന ബുദ്ധിമുട്ടിയിരുന്നതായി കുട്ടിയ ചികിത്സിച്ച സൈക്യാട്രിസ്റ്റ് കോടതിയില്‍ അറിയിച്ചു. ഭക്ഷണത്തോട് വിരക്തിയുണ്ടാവുക സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം എലേന ബാര്‍നെറ്റ്‌സ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കൗണ്‍സലിംഗ് തേടിയിരുന്നു. ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലും എലേന ചികിത്സ നേടിയിരുന്നു. മറ്റു കുട്ടികളപ്പോലെ ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന മനസ്സായിരുന്നു എലേനയുടേതും. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു എലേന സ്വപ്‌നം കണ്ടിരുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രെസ്റ്റണ്‍: ഈശോ തന്റ പന്ത്രണ്ട് ശിഷ്യന്മാരുടെ കാല്‍ കഴുകി വി. കുര്‍ബാനയും പൗരോഹിത്യവും സ്ഥാപിച്ച പെസഹാ ദിനത്തിന്റെ അനുസ്മരണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ വി. കുര്‍ബാന സെന്ററുകളില്‍ ഭക്തിയോടെ ആചരിച്ചു. പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ സഹകാര്‍മ്മികനായിരുന്നു.
ദൈവപുത്രനായ ഈശോയുടെ മുമ്പില്‍ പാപം ഒരിക്കല്‍ കൂടി തോറ്റ അവസരമായിരുന്നു ഈശോയുടെ കാലുകഴുകല്‍ കര്‍മ്മത്തിലൂടെ വെളിവായതെന്ന് സുവിശേഷ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. തിരുസഭയിലെ വിവിധ കൂദാശകളിലൂടെ ഈശോ ഇന്നും ഈ കാല്‍കഴുകല്‍ കര്‍മ്മം നടത്തി നമ്മെ വിശുദ്ധീകരിക്കുന്നു. ക്ഷമ എന്ന മഹത്തായ പുണ്യത്തിന്റെ പ്രകാശനവും പ്രതിഫലനവുമാണ് കാല്‍ കഴുകിയതിലൂടെ ഈശോ കാണിച്ചുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേവാലയം നിറഞ്ഞ് കവിഞ്ഞ് വിശ്വാസികള്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു. ബഹു. സിസ്‌റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഗായകസംഘം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചു. അള്‍ത്താര ശുശ്രൂഷികളായ പന്ത്രണ്ട് കുട്ടികളാണ് പന്ത്രണ്ട് ശ്ലീഹന്മാരുടെ പ്രതിനിധികളായി കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് എത്തിയത്. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാവിലെ 10 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും.
ഫാ.ഹാപ്പി ജേക്കബ്
പ്രവചന പൂര്‍ത്തീകരണം താന്‍ അരുളിച്ചെയ്തത് പോലെ ഇന്ന് സംഭവിക്കുകയാണ്. ഹൃദയം നുറുങ്ങി തന്റെ വേദനകളുടെ പാരമ്യത്തില്‍ ഇന്ന് പെസഹാദിനത്തില്‍ അരുളി ചെയ്തത് പോലെ തന്റെ ശരീരം കാല്‍വരിയില്‍ മുറിക്കപ്പെടുകയാണ്. തന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്ന അതുല്യമായ ഓര്‍മ്മയുടെ ദിനം. പഴയ നിയമ കാലങ്ങളില്‍ തുടര്‍ന്നുവന്ന എല്ലാ ബലികളേയും ഇന്ന് തന്റെ യാഗം മൂലം മാറ്റപ്പെടുകയാണ്. വലിയ പിതാവായ അബ്രഹാം തന്റെ ഏകജാതനായ പുത്രന്റെ യാഗം കഴിക്കുവാന്‍ കൊണ്ടുപോകുന്ന അനുഭവം ഇന്ന് പുനരാവിഷ്‌കരിക്കുകയാണ് ഇന്ന്. യാഗം കഴിക്കുന്ന ആളും യാഗവസ്തുവും സ്വീകരിക്കുന്ന ആളും എല്ലാം ഒരാളാകുന്ന അത്യപൂര്‍വ്വ യാഗം.
തന്റെ ജീവിതം മുഴുവന്‍ കൂടെ ഉണ്ടായിരുന്നവര്‍ തന്നെ ഒറ്റികൊടുക്കുന്നു. അനേകര്‍ക്ക് ആശ്വാസം നല്‍കിയവന്‍ ഇന്ന് അടിയും പീഡയും ഏല്‍ക്കുന്നു. സ്‌നേഹവും സൗഖ്യവും പകര്‍ന്നു നല്‍കിയവന്‍ ഇന്ന് നിന്ദയും തൂവലും ഏല്‍ക്കുന്നു. കൂടിവരവിന്റേയും ഐക്യത്തിന്റേയും സുവിശേഷം കേട്ടവര്‍ ഇന്ന് ഓടിപ്പോകുന്നു. ന്യായം വിധിച്ചവന്‍ ആരും ഒരു കുറ്റവും കണ്ടില്ലെങ്കിലും ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. നമുക്ക് വേണ്ടി നമ്മുടെ പാപങ്ങള്‍ക്കും തിന്മകള്‍ക്കും വേണ്ടി അവന്‍ ഈ കഷ്ടതകള്‍ എല്ലാം ഏല്‍ക്കുന്നു. അന്ധകാരത്തില്‍ നിന്നും ഭരണത്തില്‍ നിന്നും ഉള്ള വീണ്ടെടുപ്പ് നമ്മുടെ കര്‍ത്താവ് നമുക്കായി സാധ്യമാക്കി തന്നു.
ഇത് ഒരു അനുസ്മരണമല്ല. അവനെ ക്രൂശിക്ക എന്നോര്‍ത്ത് വിളിച്ച ജനസമൂഹമല്ലേ നമ്മുടെ സാന്നിധ്യം കാട്ടിത്തരുന്നത്. എല്ലാ അനുഗ്രഹങ്ങളും ലഭിച്ചു എങ്കിലും, ഏതാണെങ്കിലും നാം ഓര്‍ക്കുന്നുണ്ടോ. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് അറിവായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്ന് നമ്മുടെ കര്‍ത്താവ് പ്രതിവചിച്ച വചനം ഇന്നും പ്രസക്തമല്ലേ. അറിഞ്ഞും അറിയാതെയും നാം ചെയ്തുകൂട്ടുന്ന പാപം എത്ര അധികം എന്ന് ഇന്നെങ്കിലും ഉയര്‍ത്തപ്പെട്ട ക്രൂശിനെ നോക്കി അനുതപിക്കുക.
ക്രൂശിന്റെ സാന്നിധ്യം സ്‌നേഹസൂചകമാണ്, അത് സമാധാന പ്രതീകമാണ്, പ്രത്യാശയാണ് നമ്മുടെ ധൈര്യമാണ്. പിശാചിന്റെ ബന്ധനത്തില്‍ നിന്നും വീണ്ടെടുത്ത ആയുധമാണ്. പ്രകൃതി വിറച്ചു, പാറകള്‍ പിളര്‍ന്നു, തിരശ്ശീല ചിന്തിപോയി, ദേശത്തെങ്ങും അന്ധകാരം നിറഞ്ഞു എന്നു വേദഭാഗങ്ങളില്‍ നാം മനസിലാക്കുമ്പോള്‍ പ്രകൃതി പോലും തന്റെ സൃഷ്ടാവിന്റെ അനുഭവങ്ങളില്‍ ചലിക്കപ്പെടുന്നു. എന്നിട്ടും നാം എന്തേ കഠിനമായ ഹൃദയങ്ങളെ അനുതാപചൂടില്‍ ഉരുക്കി കളയുവാന്‍ ശ്രമിക്കാത്തത്.
ഒരു നിമിഷം ആ ക്രൂശിലേക്ക് നമ്മുടെ ദൃഷ്ടി പതിപ്പിക്കാം. എനിക്ക് വേണ്ടി എന്റെ കര്‍ത്താവ് അനുഭവിച്ച വേദനകളെ സ്മരിക്കാം. എന്റെ പാപങ്ങളെ കഴുകി കളഞ്ഞ കാല്‍വരിയില്‍ ഒഴുക്കപ്പെട്ട തിരുരക്തത്തിന്റെ വില മനസിലാക്കാം.
ഭയത്തെ ദൂരീകരിച്ച്, സ്‌നേഹകൂട്ടായ്മയില്‍ ഒരുമിച്ച് ദൈവപ്രതിയാല്‍ നമുക്ക് കൂടി വരാം. അവന്റെ രക്ഷണ്യ പ്രവര്‍ത്തനങ്ങളെ വാഴ്ത്താം. ഇനി ഞാന്‍ അവനുള്ളവന്‍ എന്ന് മനസുകൊണ്ട് തീരുമാനിക്കാം. നമ്മുടെ പാപങ്ങളെ മരണത്തിനായി വിട്ടുകൊടുത്ത് നമ്മുടെ കര്‍ത്താവിനൊപ്പം പുതിയവരായി തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഞാന്‍ ക്രിസ്തുവിനോടു കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല; ക്രിസ്തുവാരോ എന്നില്‍ ജീവിക്കുന്നു.
കാല്‍വരി യാഗത്തില്‍ വീണ്ടെടുക്കപ്പെട്ട് വിലക്ക് വാങ്ങപ്പെട്ടവരായ നാം അവനുള്ളവരായി ജീവിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചന്‍