”കാന്‍സര്‍ എന്നെ പിടികൂടി കഴിഞ്ഞിരിക്കുന്നു. വളരെ വൈകിയാണ് രോഗം വിവരം അറിയുന്നത്. ഒരു പക്ഷേ സ്‌കോട്ട്‌ലന്‍ഡിലെ പരിശോധനാ രീതി ഇഗ്ലണ്ടിലുണ്ടായിരുന്നെങ്കില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞേക്കാമായിരുന്നു.’ 62 കാരനായ പ്രമുഖ ബിബിസി വാര്‍ത്താ അവതാരകന്‍ ജോര്‍ജ് അളഗിയയുടെ വാക്കുകളാണിത്. വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ രോഗം ഒരു പക്ഷേ നേരത്തെ കണ്ടെത്താമായിരുന്നു എന്നാല്‍ അതിന് സാധിച്ചില്ല. ഇപ്പോള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ വെറും 10 ശതമാനം സാധ്യത മാത്രമേ അദ്ദേഹത്തിന് മുന്നിലുള്ളു.
50 വയസ്സിന് ശേഷമുള്ള ഒരോ രണ്ട് വര്‍ഷവും ബവല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കുള്ള സംവിധാനം സ്‌കോട്ട്‌ലന്‍ഡിലുണ്ട്. ഇംഗ്ലണ്ടില്‍ ഇതിന്റെ പ്രായപരിധി 60 വയസാണ്. സ്‌കോട്ട്‌ലന്‍ഡിലെ പദ്ധതിയുടെ പ്രായ പരിധിയാണ് ഇഗ്ലണ്ടിലും നിലനിന്നിരുന്നതെങ്കില്‍ ഒരു പക്ഷേ അളഗിയയുടെ കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ കഴിയുമായിരുന്നു. 2014ലാണ് അളഗിയക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അദ്ദേഹം ഇരുന്ന സ്റ്റൂളില്‍ രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരുന്നു.
വന്‍കുടലില്‍ നിന്നും കാന്‍സര്‍ കരളിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിച്ചിരുന്നു. രോഗം നാലാമത്തെ സ്‌റ്റേജിലാണെന്നും അടുത്ത 5 വര്‍ഷം വരെ മാത്രമേ ആയുസുള്ളുവെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമായിരുന്നുവെന്ന് യുകെ കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കി.
റജി നന്തികാട്ട്
യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാര്‍ച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതല്‍ രചനകളാല്‍ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലില്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരന്‍ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തില്‍ യുകെയിലെ എഴുത്തുകാരായ സിസിലി ജോര്‍ജ്ജ് എഴുതിയ ബന്ധങ്ങള്‍ ഉലയാതെ, കണ്ണന്‍ രാമചന്ദ്രന്‍ എഴുതിയ ഋതുഭേദങ്ങള്‍ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കില്‍ നിന്നുള്ള കുട്ടി എഴുത്തുകാരി അല്‍ഫോന്‍സാ ജോസഫ് എഴുതിയ rainbow the unicorn എന്ന ഇംഗ്ലീഷ് കവിതയും കൂടാതെ ജ്വാല ഇ മാഗസിന്‍ മാനേജിങ് എഡിറ്റര്‍ സജീഷ് ടോം പെസഹാ പെരുന്നാളിനെ ഓര്‍മ്മിച്ചുകൊണ്ടു എഴുതിയ ലോക പ്രവാസികളുടെ വലിയ പെരുന്നാള്‍ എന്ന ലേഖനവുംകൂടാതെ ജോര്‍ജ്ജ് അറങ്ങാശ്ശേരി എഴുതുന്ന പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ താന്‍ നേരിട്ട് കണ്ട ഒരു കോലപാതകത്തിന്റെ ഹൃദയസ്പര്‍ശിയായ വിവരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വായനയെ ഗൗരവമായി കാണുന്നവര്‍ക്കും ജ്വാല ഇ മാഗസിന്‍ നല്ലൊരു വായനാനുഭവം പ്രധാനം ചെയ്യുന്നു. ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ മരണവുമായി വീണ്ടും ഒരു അഭിമുഖം, കെ വി സുമിത്രയുടെ സ്വപനത്തിന്റെ മഹാഗണികള്‍, പദ്മ സാജു എഴുതിയ പിണക്കം എന്നീ കവിതകളും ജിതിന്‍ കക്കാട് എഴുതിയ കഥ ഒരു വിപ്ലവത്തിന്റെ അന്ത്യം, ലാസര്‍ ഡി സില്‍വയുടെ യാത്രാനുഭവം ശ്രീരംഗനാഥന്റെ കൃപ സുല്‍ത്താന്റെ നിര്‍മ്മിതി രശ്മി രാധാകൃഷ്ണന്‍ എഴുതിയ ലേഖനം ടോട്ടോച്ചാന്‍ അഥവാ വായനയുടെ കൂട്ടുകാരി എന്നീ രചനകള്‍ വായനയുടെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്നുറപ്പാണ്. ജ്വാല ഇ മാഗസിന്‍ മാര്‍ച്ച് ലക്കം വായിക്കുവാന്‍
ലണ്ടന്‍: ഈസ്റ്ററും മഞ്ഞില്‍ പുതയുമെന്ന മുന്നറിയിപ്പ് സ്ഥിരീകരിച്ച് മെറ്റ് ഓഫീസ്. ഇത്തവണ വൈറ്റ് ഈസ്റ്ററായിരിക്കുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ പ്രഭാവം ഇപ്പോഴും തുടരുകയാണ്. ശീതക്കാറ്റ് രാജ്യത്തേക്ക് വീണ്ടും എത്തും. അതിനാല്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും രാജ്യത്തെമ്പാടുമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ മഞ്ഞുവീഴ്ചയക്ക് സാധ്യതയുണ്ട്. ആര്‍ട്ടിക് വായു പ്രവാഹം മൂലം ഈസ്റ്റര്‍ വാരാന്ത്യത്തിലെ താപനില മൈനസ് 10 വരെ താഴ്‌ന്നേക്കാം. ചിലയിടങ്ങളില്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ തന്നെ താപനില താഴുമെന്നാണ് കരുതുന്നത്.
ഈ ശനിയു ഞായറും യുകെയില്‍ സൂര്യപ്രകാശമുള്ള ദിനങ്ങളായിരിക്കുമെന്നാണ മെറ്റ് ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തും. നോര്‍ത്തിലും സ്‌കോട്ട്‌ലന്‍ഡിലുമാണ് മഞ്ഞുവീഴ്ചയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഈയാഴ്ചയില്‍ യുകെയിലെ താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ 5 ഡിഗ്രി വരെ താപനിലയെത്തുന്നത് വിരളമായിരിക്കും.
വിന്ററിനുശേഷം സ്പ്രിംഗിലും തുടരുന്ന മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും സൗത്ത് വെസ്റ്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, കെന്റ് ഉള്‍പ്പെടെയുള്ള ഈസ്‌റ്റേണ്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈസ്റ്ററിന് ശേഷം കാലാവസ്ഥ മെച്ചപ്പെടുമെങ്കിലും ഏപ്രില്‍ പകുതിയോടെ വീണ്ടും കടുത്ത ശൈത്യത്തിന് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.
നാക്കുപിഴകളിലൂടെ വിവാദങ്ങളില്‍ അകപ്പെടാറുള്ള സെലിബ്രിറ്റി ടിവി ഷെഫ് ആണ് ഗോര്‍ഡന്‍ റാംസെ. ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ടല്ല. 4.4 മില്ല്യണ്‍ പൗണ്ട് മുതല്‍മുടക്കില്‍െ കന്‍സിംഗ്ടണ്‍ ഓണ്‍ സീയിലെ നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഹോളിഡെ ഹോംമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അദ്ദേഹം നിര്‍മ്മിക്കുന്ന ഹോളിഡെ ഹോംമിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം പുതിയ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള ആഢംബര ഹോളിഡെ ഹോംമുകള്‍ നിര്‍മ്മിക്കുന്നത് കമ്യൂണിറ്റിയെ ഇല്ലാതാക്കുമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റാംസെയെപ്പോലുള്ള വരുത്തന്‍മാരായ കോടീശ്വരന്മാര്‍ പ്രദേശത്ത് നടത്തുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സമൂഹത്തെ തകര്‍ക്കുമെന്നാണ് പ്രതിഷേധകരുടെ വാദം.
നോര്‍ത്തേണ്‍ കോര്‍ണിഷ് കോസ്റ്റില്‍ സ്ഥിതി ചെയ്തിരുന്ന 1920ല്‍ നിര്‍മ്മിതമായ ബഗ്ലാവ് ഏതാണ്ട് 4.4 മില്ല്യണ്‍ പൗണ്ടിനാണ് റാംസെ വാങ്ങിയത്. പുതിയ ആഢംബര വീട് പണിയുന്നതിന് അനുമതി ലഭിക്കാന്‍ അയല്‍ക്കാരായ ആളുകളുമായി വലിയ പോരാട്ടം തന്നെ റാംസെയ്ക്ക് നടത്തേണ്ടി വന്നു. നിലവിലുണ്ടായിരുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റി 5 ബെഡ്‌റൂമുകളും സ്വിമ്മിംഗ് പൂളും രണ്ട് അടുക്കളയും ബോട്ട് ഹൗസും ഉള്‍പ്പെടുന്ന വലിയൊരു ആഢംബര സൗധം തന്നെ നിര്‍മ്മിക്കാനാണ് റാംസെ പദ്ധതിയിടുന്നത്. ഏതാണ്ട് 38 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തിയുള്ള റാംസെ നിലവില്‍ പ്രദേശത്തെ ഏറ്റവും വലിയ വീടുകളിലൊന്നാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ലണ്ടനില്‍ താമസിക്കുന്ന റാംസെയുടെ അവധിക്കാല വസതിയാണ് ഇത്.
സൗത്ത് കോര്‍ണിഷ് കോസ്റ്റില്‍ നിന്നും 25 മൈല്‍ മാറി ഹോവിയില്‍ റാംസെയ്ക്ക് മറ്റൊരു മൂന്ന്‌നില ടൗണ്‍ ഹാസ് കൂടി സ്വന്തമായുണ്ട്. പുതിയ ആഢംബര വീട് നിര്‍മ്മിക്കാനുള്ള റാംസെയുടെ തീരുമാനം ലജ്ജാവഹവും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രദേശത്ത് 50 വര്‍ഷങ്ങളായി താമസിച്ച് വരുന്ന അന്ന ഹെയ്ന്‍സ് പ്രതികരിച്ചു. അദ്ദേഹത്തിന് ട്രെബെതെറിക്കില്‍ മറ്റൊരു വീട് സ്വന്തമായുണ്ട്, വീണ്ടും പുതിയത് എന്തിനാണ്? റോക്കില്‍ ഇപ്പോള്‍ അദ്ദേഹം വാങ്ങിയിരിക്കുന്ന പഴയ ബംഗ്ലാവില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി അതു തന്നെ ഉപയോഗിക്കാമായിരുന്നു. റോക്കിന്റെ അവസ്ഥ ഒരോ ദിനം ചെല്ലുന്തോറം മോശമായികൊണ്ടിരിക്കുകയാണെന്നും എല്ലാ ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഹെയ്ന്‍സ് കൂട്ടിച്ചേര്‍ത്തു. ഹോളിഡേ വീടുകളുടെ ഉടമസ്ഥര്‍ പ്രദേശം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റൊരു സമീപവാസിയായ റെയ്‌വാള്‍ പ്രതികരിച്ചു. വീടുകളുടെ സെക്കന്റ് ഹാന്റ് ഉടമസ്ഥര്‍ക്ക് ഇവിടെ എന്തും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. ഇതൊരു നല്ല പ്രദേശമായിരുന്നു എന്നല്‍ ഇപ്പോള്‍ ഇവിടം നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും റെയ്‌വാള്‍ പറയുന്നു. വിവാദങ്ങളെക്കുറിച്ച് റാംസെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍: 65 വയസിന് മുമ്പ് റിട്ടയര്‍ ചെയ്യാന്‍ തയ്യാറാകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവെന്ന് കണക്കുകള്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ 25 ശതമാനം കുറവാണ് ഇക്കാര്യത്തിലുണ്ടായതെന്ന് അവിവ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 65 വയസാകുന്നതിനു മുമ്പ് റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം ഈ വര്‍ഷത്തോടെ 1.2 മില്യന്‍ ആയി മാറിയിട്ടുണ്ട്. 2011ല്‍ ഇത് 1.6 മില്യനായിരുന്നു. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി നല്‍കുന്ന വിവരമനുസരിച്ച് സ്‌റ്റേറ്റ് പെന്‍ഷന്‍ പദ്ധതിയിലെ മാറ്റങ്ങള്‍ മൂലം 7.6 മില്യന്‍ പെന്‍ഷന്‍കാര്‍ക്ക് 10,000 പൗണ്ടായിരിക്കും ലഭിക്കുക. ഈ ആശങ്കയാണ് ജീവനക്കാരെ കൂടുതല്‍ കാലം സര്‍വീസില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ വിലയിരുത്തല്‍.
65 വയസിനു മുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 38,000ത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 10.1 മില്യന്‍ ആളുകളാണ് ഇപ്പോള്‍ ജീവനക്കാരായിട്ടുള്ളത്. ഇവരില്‍ 70 ലക്ഷത്തോളം പേര്‍ 65 വയസിന് മുകളിലുള്ളവരാണ്. പത്ത് വര്‍ഷം മുമ്പ് ഇത്തരക്കാരുടെ എണ്ണം 4,34,000 മാത്രമായിരുന്നു. ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതും ഫൈനല്‍ സാലറി പെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ചതുമൊക്കെയാണ് ജീവനക്കാര്‍ പരമാവധി ജോലികളില്‍ തുടരാന്‍ ശ്രമിക്കുന്നതിന് കാരണമായി പെന്‍ഷന്‍ വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നും വിഗഗ്ദ്ധര്‍ വിലയിരുത്തുന്നു.
70 വയസിനു മുകളിലും സര്‍വീസില്‍ തുടരുന്നവരുടെ എണ്ണം ഏഴ് വര്‍ഷത്തിനുല്ള്ളില്‍ ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കുന്നു. 1953 ഡിസംബര്‍ 6ന് മുമ്പ് ജനിച്ചവര്‍ക്ക് 65 വയസാണ് നിലവിലുള്ള സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം. 1950 ഏപ്രില്‍ 6നും 1953 ഡിസംബര്‍ 5നുമിടയില്‍ ജനിച്ച സ്ത്രീകള്‍ക്ക് 60നും 65നുമിടയിലാണ് പെന്‍ഷന്‍ പ്രായമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ 2020 വരെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പെന്‍ഷന്‍ പ്രായം 66 ആയി ഉയരും. 2028ഓടെ ഇത് 67 വയസായി മാറുമെന്നും കരുതപ്പെടുന്നു.
ലണ്ടന്‍: ടിക്കറ്റുകളില്‍ എയര്‍ലൈനുകള്‍ അധികമായി ഈടാക്കുന്ന നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി ഗവണ്‍മെന്റ്. അപ്രതീക്ഷിത ചാര്‍ജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദേശങ്ങള്‍ പുതിയ ഏവിയേഷന്‍ സ്ട്രാറ്റജിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ബുക്കിംഗ് ഫീസ്, സീറ്റ് റിസര്‍വേഷന്‍, ലഗേജ്, ലെഗ് റൂമുകള്‍ എന്നിവയ്ക്കും മറ്റുമായി ഈടാക്കുന്ന നിരക്കുകള്‍ ഒഴിവാക്കണമെന്നാണ് എയര്‍ലൈന്‍ കമ്പനികളോട് ആവശ്യപ്പെടുക. ഇത്തരം ഹിഡന്‍ ചാര്‍ജുകള്‍ ബുക്കിംഗിനിടയില്‍ മാത്രമായിരിക്കും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്.
ടിക്കറ്റിലെ പേര് മാറ്റുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ ബുക്കിംഗ് സമയത്തുതന്നെ വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. റയന്‍എയര്‍ പേരുമാറ്റത്തിന് ഓണ്‍ലൈനില്‍ 115 പൗണ്ടും വിമാനത്താവളങ്ങളില്‍ 160 പൗണ്ടുമാണ് ഈടാക്കാറുള്ളത്. ഈസിജെറ്റ് ഇതിനായി ഓണ്‍ലൈനില്‍ 40 പൗണ്ടും കോള്‍ സെന്റര്‍ വഴിയാണെങ്കില്‍ 52 പൗണ്ടും ഈടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ മറച്ചുവെച്ചിരിക്കുന്നവയല്ലെന്നാണ് എയര്‍ലൈനുകള്‍ അവകാശപ്പെടുന്നത്.
നിരക്കുകള്‍ സുതാര്യമായി അവതരിപ്പിക്കണമെന്നാണ് എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവ അമിതമാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ലോകത്തെ വന്‍കിട എയര്‍ലൈനുകളില്‍ 66 എണ്ണം ഇത്തരം ഫീസുകളിലൂടെ 33 ബില്യന്‍ പൗണ്ടാണ് സമ്പാദിച്ചതെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്.
റെജി നന്തികാട്ട്
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ ‘ക്രോകസിന്റെ നിയോഗങ്ങള്‍’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മം 2018 ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വെച്ച് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ ‘വര്‍ണ്ണനിലാവി’നോടനുബന്ധിച്ചു നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് പുസ്തകത്തിന്റ പ്രഥമ പതിപ്പ് സാഹിത്യകാരി സിസിലി ജോര്‍ജ്ജിന് നല്‍കികൊണ്ട് പ്രകാശനം കര്‍മ്മം നിര്‍വഹിക്കും. സാഹിത്യകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.
ബ്രിട്ടനിലെ കെന്റില്‍ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ സംഗീത വേദികളില്‍ തന്റെ അനുപമമായ ശബ്ദ മാധുര്യം കൊണ്ട് സംഗീത പ്രേമികളുടെ പ്രിയ ഗായകന്‍ റോയി സെബാസ്‌ററ്യന്റെ ഭാര്യയാണ്. അനാമിക് കെന്റിന്റെ ബാനറില്‍ അടുത്തയിടെ
പുറത്തിറങ്ങിയ വീഡിയോ സംഗീത ആല്‍ബം ബൃന്ദാവനിയുടെ ഗാനങ്ങള്‍ രചിച്ചത് ബീനയും പ്രധാന ഗായകന്‍ റോയിയും ആയിരുന്നു. ഈ സംഗീത ആല്‍ബം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ബീന റോയിയുടെ കവിതകള്‍ ആദ്യമായിട്ടാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്
ഭാഷാ പരിജ്ഞാനം കൊണ്ടും പദ സമ്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്തുകാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്റെ നിയോഗങ്ങള്‍. പ്രസിദ്ധ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ ആസ്വാദനവും കൃതിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിലേക്ക് ഭാഷാ സ്‌നേഹികളെ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം ദൈവാനുഗ്രഹത്തിന്റെ നിറവില്‍. മേയ് 27ന് നടത്തപ്പെടുന്ന തിരുനാളില്‍ പങ്കെടുക്കാന്‍ രൂപതയിലെ എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും എത്തിച്ചേരും. പരിശുദ്ധ ദൈവമാതാവ് വി. സൈമണ്‍ സ്റ്റോക്ക് പിതാവിനു പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കപ്പെട്ടത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. അനേകായിരങ്ങളാണ് എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ രൂപതയിലെ വൈദികരും സന്യസ്തരും അല്‍മായ സമൂഹവും പങ്കുചേരും. സതക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ റൈറ്റ് റവ. പോള്‍മേസണ്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. വിശ്വാസ സാഗരത്തെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും വേണ്ടി ആതിഥേയരായ സതക്ക് ചാപ്ലയന്‍സിയിലെ വോളിയണ്ടര്‍മാരുടെ വലിയ ഒരു നിര തന്നെ മുന്‍പിലുണ്ട്.
ആവശ്യമായ എല്ലാ ഒരുക്കങ്ങളും എടുത്തു കഴിഞ്ഞു. കോച്ചുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ഒന്നാകെ ഈ പുണ്യഭൂമിയിലേക്ക് നടത്തുന്ന പ്രഥമ തീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റിക്കു വേണ്ടി ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.
ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍ ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ക്ക് വേണ്ടി പ്രത്യേക വൈന്‍ പാക്കേജ് അവതരിപ്പിച്ചു. സ്പ്രിംഗ് വൈന്‍ ടൂര്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പാക്കേജില്‍ 10 പൗണ്ടിലും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈനുകളടക്കം 26 പ്രീമിയം വൈനുകളാണ് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. ഇവയില്‍ 15ഓളം ബ്രാന്‍ഡുകള്‍ക്ക് 6 പൗണ്ടില്‍ താഴെയാണ് വില. മാര്‍ച്ച് 26 മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷെല്‍ഫുകളില്‍ ഇവ ലഭ്യമാകും.
ആഘോഷാവസരങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത ഗുണനിലവാരമുള്ള വൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ലിഡില്‍ യുകെ വൈന്‍ ബയര്‍ പ്രതിനിധി അന്ന ക്രെറ്റ്മാന്‍ പറഞ്ഞു. ലോകമെമ്പാടും നിന്നുള്ള മികച്ച വൈന്‍ ശേഖരമാണ് കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രുചിയിലും ഗുണനിലവാരത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ലിഡില്‍ അറിയിക്കുന്നു. ഈസ്റ്റര്‍ വീക്കെന്‍ഡിനായി 16 പൗണ്ട് വരെ മാത്രം വിലയുള്ള ഷാംപെയിനുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.
പ്രീമിയര്‍ ക്രൂ ബ്രൂട്ട് ഷാംപെയിന് 15.99 പൗണ്ട് മാത്രമാണ് വില. ബ്ലിസിംഗര്‍ ഷാംപെയിന്‍ ബ്രൂട്ട് റോസിന് 14.99 പൗണ്ടും വില വരും. ഓക്‌സിറ്റാന്‍ കോഹ്ബിയേരെ വെറും 4.99 പൗണ്ടിന് ലഭിക്കും. ബാര്‍ബിക്യൂവിനൊപ്പം കഴിക്കാന്‍ മികച്ചത് എന്നാണ് ഇതിനെക്കുറിച്ചുള്ള വിശേഷണം. ലെല്ലെയ് ഇര്‍സായ് ഒലിവറിന് 5.99 പൗണ്ടാണ് ഈടാക്കുന്നത്.
റോഡിലെ കുഴിയില്‍ വാഹനം ചാടിയാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ? ഒരു ചെറിയ കുഴിയില്‍ ചാടിയതിന് നഷ്ടപരിഹാരമോ എന്ന് പരിഹസിക്കാന്‍ വരട്ടെ, അതിനും വകുപ്പുണ്ടെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റ് പറയുന്നത്. വെള്ളം കെട്ടിക്കിടന്ന് ടാര്‍ ചെയ്തയിടങ്ങളില്‍ വിടവുകളുണ്ടാകയും പിന്നീട് അവ വലുതായി കുഴികളായി മാറുകയുമാണ് ചെയ്യുന്നത്. ചില കൗണ്‍സിലുകള്‍ നല്‍കുന്ന വിശദീകരണമനുസരിച്ച് ഒരു പോട്ട്‌ഹോള്‍ എന്നത് കുറഞ്ഞത് 40 മില്ലീമീറ്റര്‍ ആഴമുള്ളതായിരിക്കണം. എന്നാല്‍ ഈ ആഴമില്ലെങ്കില്‍ പോലും കുഴിയില്‍ ചാടിയുണ്ടാകുന്ന ഡാമേജുകള്‍ക്ക് നമുക്ക് ക്ലെയിം ചെയ്യാനാകും.
ഇളകിമാറിക്കിടക്കുന്ന ഒരു പേവ്‌മെന്റ് ടൈലില്‍ ഇടിച്ചാണ് കാറിന് കേടുപാടുണ്ടായതെങ്കിലും അതിനും നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. അതിനായി ചില നടപടികളുണ്ട്. റോഡിന്റെ തകരാറ് അധികൃതര്‍ എങ്ങനെ തരംതിരിക്കുന്നു എന്നതും നഷ്ടപരിഹാരം ക്ലെയിം ചെയ്യുമ്പോള്‍ പരിഗണിക്കുന്നതാണ്. കാറിന്റെ ടയര്‍, വീലുകള്‍, ആക്‌സില്‍ മുതലായവയ്ക്കാണ് മിക്കവാറും ഇത്തരം അപകടങ്ങളില്‍ തകരാറുകള്‍ ഉണ്ടാകുന്നത്. അത്തരം സംഭവങ്ങളില്‍ കുഴിയാണ് അപകടത്തിന് കാരണമായതെന്ന് തെളിയിക്കേണ്ടി വരും.
കാറിന്റെ തരാറുകള്‍ പരിഹരിച്ച മെക്കാനിക്കിന് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാനാകും. വാഹനത്തിനുണ്ടായിരുന്ന തകരാര്‍ പോട്ട്‌ഹോള്‍ മൂലം കൂടുതല്‍ ഗുരുതരമായെങ്കിലും അതിന്റെ റിപ്പയര്‍ ചെലവ് നഷ്ടപരിഹാരമായി ലഭിക്കും. വിവിധ ഏജന്‍സികളാണ് റോഡുകളുടെ പരിപാലനച്ചുമതലയുള്ളത്. നഷ്ടപരിഹാരത്തിനായി ഇവരെയാണ് സമീപിക്കേണ്ടത്. ലോക്കല്‍ കൗണ്‍സില്‍ റോഡ് നന്നാക്കാത്തതിനാല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ 300 മുതല്‍ 500 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കാമെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നത്.
ആദ്യമായി നങ്ങളുടെ ക്ലെയിമിന് ഒരു കണ്‍ഫര്‍മേഷന്‍ ലഭിക്കണം. കൗണ്‍സിലിന്റെ ക്ലെയിമുകള്‍ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിലേക്ക് നിങ്ങളുടെ അപേക്ഷ നീങ്ങിയേക്കാം. അപ്രകാരം സംഭവിച്ചാല്‍ ഒരു മാസം വരെ തീരുമാനമെടുക്കാന്‍ സമയം വേണ്ടിവന്നേക്കും. അതിനിടയില്‍ മൂന്ന് കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
1 നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും
2. ക്ലെയിം ചെയ്തതിന്റെ പകുതി തുക നിങ്ങള്‍ക്ക് ലഭിക്കും. അപ്രകാരമാണെങ്കില്‍ അത് വാങ്ങുകയായിരിക്കും നല്ലതെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് പറയുന്നത്. കോടതിയെ സമീപിക്കുന്നത് കൂടുതല്‍ നഷ്ടമുണ്ടാക്കും
3. നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടേക്കാം