മാഞ്ചസ്റ്റര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ദേശീയ സമ്മേളനം സിപിഐ(എം) ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുകയും 2 ദിവസം നീണ്ട് നിന്ന സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ അവതാര്‍ സാദിക്ക് നഗറില്‍ നടന്ന സമ്മേളനത്തില്‍ യുകെയിലെ വിവിധ പട്ടണങ്ങളില്‍ നിന്ന് എത്തിയ എഐസി ബ്രാഞ്ചുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പൊതുസമ്മേളനവും ആണ് നടന്നത്. ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിരവധി പേരാണ് പങ്കെടുത്തത്. യുകെയില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തെ ജനങ്ങളുമായുള്ള സാംസ്‌കാരിക സമന്വയത്തിന് ഉതകുന്ന പരിപാടികളും ക്യാമ്പയിനുകളും ഏറ്റെടുക്കണമെന്ന് സഖാവ് സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ബ്രാഞ്ച് അംഗങ്ങളും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, പ്രോഗ്രസീവ് റൈറ്റഴ്സ് ഫോറം, പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ, ചേതന യുകെ, അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തി തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുത്തു.

ദേശീയ സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ് കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഖാക്കള്‍, ദയാല്‍ ബാട്രി, രാജേഷ് ചെറിയാന്‍, വിനോദ് കുമാര്‍, പ്രീത് ബെയിന്‍സ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ യുകെയിലെയും ഇന്ത്യയിലെയും അന്തര്‍ദേശീയ സംഭവ വികാസങ്ങള്‍ എന്നിവ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അയര്‍ലണ്ടില്‍ നിന്നുള്ള ജയപ്രകാശ് മറയൂരും, ഇബ്രാഹിം വാല്‍കുളങ്ങരയും മിനിറ്റ്സ് കമ്മിറ്റിയും ഹര്‍സേവ് ബെയിന്‍സ്, ജാനേഷ് നായര്‍, എം എസ് ഫാര്‍മ എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയും നിയന്ത്രിച്ചു. സന്ദീപ് പണിക്കര്‍, ഡോ. അജയകുമാര്‍ എന്നിവര്‍ പ്രമേയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കി.

സഖാവ് ഹര്‍സേവ് ബെയ്ന്‍സിനെ വീണ്ടും ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വരുന്ന മൂന്ന് വര്‍ഷത്തെ എഐസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പതിനഞ്ച് അംഗ നാഷണല്‍ എക്സിക്യുട്ടീവ് കമ്മിറ്റിയും ബഹുജന സംഘടനകളുടെ പ്രതിനിധികള്‍ അടങ്ങിയ ഇരുപത്തഞ്ച് അംഗ വര്‍ക്കിംഗ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. നിരവധി മലയാളികളും 2 കമ്മിറ്റികളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലുള്ള പ്രതിനിധികളായി സഖാവ് ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ എന്നിവരെയും തെരഞ്ഞെടുത്തു. നേരത്തെ സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ മതമൗലിക വാദത്തെക്കുറിച്ചുള്ള ഡോ. ദബാനി നായിക്കിന്റെ പുസ്തകം സീതാറാം യെച്ചൂരി പ്രകാശനം ചെയ്തു. മുന്‍ എസ്എഫ്ഐ ഒറീസ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഡോ. ദബാനി നായിക്ക് കവന്‍ട്രി സര്‍വ്വകലാശാലയിലെ പ്രൊഫസറാണ്.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ എന്ന ആശയം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്നും ആരോഗ്യമേഖലയിലെ കച്ചവട കണ്ണുകളുമായി ജനങ്ങളെ കൊള്ളയടിക്കാന്‍ ഉള്ള അവസരം കോര്‍പ്പറേറ്റുകള്‍ക്ക് ഉണ്ടാക്കി കൊടുക്കാനുള്ള ഗൂഢതന്ത്രമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോ. മനോജ് അഭിപ്രായപ്പെട്ടു.