UK

തങ്ങളുടെ തനിമയും പാരമ്പര്യങ്ങളും അഭംഗുരം 17 നൂറ്റാണ്ടായി കാത്തുസൂക്ഷിക്കുന്ന യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്കായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴില്‍ വ്യക്തിഗത അധികാരത്തോടെയുള്ള ഇടവകള്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 15 മിഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ബഹുമാനപ്പെട്ട മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്നലെ കൂടിയ രൂപതാ കൗണ്‍സിലില്‍ ഇക്കാര്യം അറിയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ലഭിച്ച മിഷന്‍ സന്തോഷത്തോടും ആവേശത്തോടുമാണ് സമുദായാംഗങ്ങള്‍ സ്വീകരിച്ചത്.

യുകെയിലെ യുകെകെസിഎയുടെ വിവിധ യൂണിറ്റുകള്‍ ഏകോപിപ്പിച്ചാണ് മിഷനുകള്‍ സ്ഥാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇതിനുവേണ്ടി അഹോരാത്രം ജോലി ചെയ്ത ബഹുമാനപ്പെട്ട സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ ചിട്ടയായ പ്രവര്‍ത്തങ്ങളും യുകെകെസിഎയുടെ സഹകരണവും ആണ് ഇന്ന് സ്വന്തമായ ഇടവക സംവിധാനത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമായത്. മിഷന്‍ സെന്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വളര്‍ച്ചക്ക് ക്‌നാനായ കത്തോലിക്ക മിഷനുകള്‍ മുതല്‍ക്കൂട്ടാകും.

മിഷൻ സെന്ററുകളുടെ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയെക്കുറിച്ച് ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടെന്നും ആ പദ്ധതികളോട് വി. യൗസേപ്പിനെപ്പോലെ സഹകരിക്കാന്‍ സഭാ മക്കളെല്ലാവരും തയ്യാറാകണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിവസമായ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒത്തുകൂടിയ വിശ്വാസ സമൂഹത്തോട് ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വരുന്ന ഒരു വര്‍ഷത്തേക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള മൂറോന്‍ (വി. തൈലം) കൂദാശയ്ക്കും വൈദിക വിശ്വാസ പ്രതിനിധികളുടെ സമ്മേളനത്തിനുമായാണ് ഇന്നലെ വിശ്വാസ സമൂഹം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഒത്തുകൂടിയത്.

രാവിലെ ദിവ്യബലിക്കു മുമ്പായി കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ദിവ്യബലിമധ്യേ പ്രധാന കാര്‍മ്മികനായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മൂറോന്‍ കൂദാശ കര്‍മ്മം നടത്തി. കാത്തോലിക്കാ തിരുസഭയുടെ പാരമ്പര്യമനുസരിച്ച് ഓരോ രൂപതയുടെയും മെത്രാനാണ് ഈ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. മനുഷ്യത്വത്തെ അഭിഷേകം ചെയ്യുന്ന ദൈവത്വത്തിന്റെ സാന്നിധ്യമാണ് ഈ വി. തൈലത്തില്‍ സഭാ മക്കള്‍ അനുഭവിക്കുന്നതെന്ന് വചനസന്ദേശത്തില്‍ ബിഷപ്പ് അനുസ്മരിച്ചു. ദൈവം തിരുമനസാകുന്നങ്കില്‍ ഈ അഭിഷേക തൈലത്താല്‍ നിരവധി കുഞ്ഞുങ്ങളും പുതിയ ദേവാലയങ്ങളും അഭിഷേകം ചെയ്യപ്പെടാന്‍ ഇടയാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ വി. യൗസേപ്പിതാവിനോടുള്ള തിരുനാള്‍ ലദീഞ്ഞു പ്രാര്‍ത്ഥന നടന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ പ്രതിഷ്ഠിച്ച, ഭാരതത്തിലെ പ്രഥമ രക്തസാക്ഷിണിയായ വാഴ്ത്തപ്പെട്ട സി. റാണി മരിയായുടെ തിരുശേഷിപ്പും വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപവും ധൂപാര്‍ച്ചന നടത്തി. തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ സഭാ സമൂഹത്തെ പ്രതിനിധീകരിച്ച് പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറല്‍) റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി അഭിവന്ദ്യ പിതാവിന് തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.

ഉച്ചകഴിഞ്ഞു നടന്ന വൈദിക സമ്മേളനത്തില്‍ രൂപതയുടെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലായ മിഷന്‍/ പാരിഷ് സെന്ററുകളെക്കുറിച്ചുള്ള ആശയാവിഷ്‌കാരം നടത്തി. പാസ്റ്ററല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടിയാണ് ഇത് അവതരിപ്പിച്ചത്. വൈദിക സമിതിയുടെ മുമ്പില്‍ നടന്ന അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ഇത് വൈദിക – അല്‍മായ സംയുക്ത പ്രതിനിധി അംഗങ്ങളുടെ മുമ്പിലും അവതരിപ്പിക്കപ്പെട്ടു. ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന മിഷന്‍/പാരിഷ് ആശയപ്രകാരം ഇപ്പോഴുള്ള 173 വി. കുര്‍ബാന സെന്ററുകള്‍ 61 സീറോ മലബാര്‍ മിഷന്‍ സെന്ററുകളും ഉള്‍പ്പെടെ രൂപതയുടെ 76 മിഷന്‍ സെന്ററുകളായി പുനഃക്രമീകരിക്കപ്പെട്ടു. 2018 ഡിസംബര്‍ 2ന് ഔദ്യോഗികമായി നിലവില്‍ വരുന്ന ഈ സംവിധാനത്തെക്കുറിച്ച് വിശദമായി പഠിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുവാനും വരുന്ന ഒന്‍പത് മാസത്തെ സാവകാശമുണ്ടായിരിക്കുമെന്ന് രൂപതാധ്യക്ഷന്‍ അറിയിച്ചു.

ഭാരതത്തിനു പുറത്തുള്ള മറ്റു സീറോ മലബാര്‍ രൂപതകളില്‍ വളരെ വിജയപ്രദമായും വിശ്വാസികള്‍ക്കു സഹായകരമായും രൂപീകരിച്ചിട്ടുള്ള ഇത്തരം മിഷന്‍ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിനും ഏറെ പ്രയോജനകരമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ മിഷന്‍/പാരിഷ് കേന്ദ്രങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വൈദികരെയും മാര്‍ സ്രാമ്പിക്കല്‍ നിയമിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എംഎസ്ടി, റവ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോണി പഴയകളം സിഎസ്ടി, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, ഡീക്കന്മാര്‍, സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഓരോ വി. കുര്‍ബാന സെന്ററുകളില്‍ നിന്നുമുള്ള കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു. രൂപതാ ഗായകസംഘത്തിനു നേതൃത്വം നല്‍കുന്ന റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായകസംഘം തിരുക്കര്‍മ്മങ്ങളെ ഭക്തിസാന്ദ്രമാക്കി.

ഐസിസ് യുകെയില്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നതായി സൂചന. ഉഗ്രശേഷിയുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായി എംഐ5 ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസിഡോണിയയില്‍ നിര്‍മ്മിച്ച നൂറ് കണക്കിന് എം75 ഹാന്റ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമം നടത്തുന്നുവെന്നാണ് മുന്നറിയിപ്പ്. 2010ല്‍ ബാള്‍ക്കണ്‍ രാജ്യങ്ങളിലെ ആയുധപ്പുരകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ ആയുധങ്ങള്‍ ക്രിമിനലുകളെ ഉപയോഗിച്ച് സ്വീഡനിലെത്തിച്ചിരുന്നു. സാലിസ്‌ബെറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ അന്വേഷണത്തിലാണ് ഇപ്പോള്‍ ബ്രിട്ടനിലെ മുഴുവന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും. ഈ പശ്ചാത്തലം മുതലെടുത്ത് ആയുധങ്ങള്‍ കടത്താനുള്ള ശ്രമത്തിലാണ് തീവ്രവാദികളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രിട്ടന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സുമായി ചേര്‍ന്ന് എസ്.ബി.എസ് നിരീക്ഷണം നടത്തി വരികയാണ്. വ്യോമഗതാഗത മേഖലയിലെ സുരക്ഷ ശക്തമാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മിലിറ്ററി ലെയ്‌സണ്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. യുകെയുടെ വ്യോമമേഖലയിലൂടെ കടന്നു പോകുന്ന എല്ലാ വിമാനങ്ങളെയും നിരീക്ഷിക്കാനുള്ള സംവിധാനം നാഷണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററായ സ്വാനിക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ഗ്രനേഡുകള്‍ കടത്താനുള്ള സാധ്യതയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ചെറുവിമാനങ്ങളെ നിരീക്ഷിക്കാന്‍ റോയല്‍ എയര്‍ ഫോഴ്‌സിലെ വിദഗ്ദ്ധ സംഘത്തിന് കഴിയും. ഡാര്‍ക്ക് സ്‌പേസ് എന്നറിയപ്പെടുന്ന ഈ നിരീക്ഷണ സംവിധാനത്തിന് കമാന്റോകള്‍ക്ക് അപായ സന്ദേശം കൈമാറാനുള്ള കഴിവുണ്ട്.

ഗ്രനേഡ് ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് എംഐ5 ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത് 5 വര്‍ഷം മുന്‍പാണ്. ഡെയില്‍ ക്രീഗന്‍ എന്നയാള്‍ ഗ്രനേഡ് ഉപയോഗിച്ച് യുകെയില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് നല്‍കിയ മുന്നറിയിപ്പ്. ഡെയില്‍ ക്രീഗന്‍ ഉപയോഗിച്ച ഗ്രനേഡുകള്‍ ബാല്‍ക്കണില്‍ നിന്നും നഷ്ടപ്പെട്ടവയില്‍പ്പെട്ടവയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2 പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേരെ വധിച്ച് കുറ്റത്തിന് ഇയാള്‍ക്ക് 2013ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഡെയില്‍ ക്രീഗന്‍ ആക്രമണത്തിന് ഉപയോഗിച്ച് ഗ്രനേഡുകള്‍ എം75 ഗണത്തില്‍പ്പെട്ടവയാണ്.

ഏകദേശം പത്തോളം ഗ്രനേഡുകള്‍ ഇയാളുടെ താമസസ്ഥലത്ത് നിന്ന് പിന്നീട് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. 150ഓളം ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് സ്വീഡന്‍ ഇതിനോടകം സാക്ഷിയായിട്ടുണ്ട്. 2015നു ശേഷം 20ഓളം പേര്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ഏതാണ്ട് 400 ഓളം ഐസിസ് തീവ്രവാദികള്‍ സ്വീഡനില്‍ അഭയം പ്രാപിച്ചതായാണ് കരുതുന്നത്. യൂറോപ്പിലെയും ബ്രിട്ടനിലെയും നഗരങ്ങളെ ആക്രമിക്കാന്‍ സാഹചര്യം കാത്തിരിക്കുകയാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രിട്ടീഷ് കോടതി മുറികളില്‍ ജഡ്ജുമാര്‍ അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്നതായി ക്വീന്‍സ് കൗണ്‍സിലര്‍മാര്‍. ജഡ്ജുമാരുടെ ഭീഷണി ബാരിസ്റ്റേഴ്‌സിനെ അങ്ങേയറ്റം അപമാനിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്വീന്‍സ് കോണ്‍സലര്‍ പ്രൊഫസര്‍ ജോ ഡെലാഹോണ്ടി പറയുന്നു. തങ്ങളുടെ മുന്നിലെത്തുന്ന അഭിഭാഷകരെ അപമാനിക്കുകയും, മോശം ഭാഷയില്‍ വിമര്‍ശിക്കുകയും, ശത്രുതയോടെ സമീപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചില ജഡ്ജിമാര്‍ തങ്ങളുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ജുഡീഷ്യല്‍ കോണ്‍ഡക്ട് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് എന്ന വാച്ച്‌ഡോഗിന് ജഡ്ജുമാരുടെ ഇത്തരം പെരുമാറ്റവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പോലും അഭിഭാഷകര്‍ക്ക് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇവര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ കേസില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനായി കോടതികള്‍ നടത്തുന്ന ഇടപെടലുകളെയല്ല താന്‍ വിമര്‍ശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജോലിസ്ഥലത്തുണ്ടാകുന്ന ഭീഷണിപ്പെടുത്തലുകളേക്കുറിച്ച് അകാസ് (അഡൈ്വസറി, കണ്‍സിലിയേഷന്‍ ആന്‍ഡ് ആര്‍ബിട്രേഷന്‍ സര്‍വീസ്) വ്യാഖ്യാനിച്ചിരിക്കുന്നതിനു തുല്യമായ പെരുമാറ്റം ചില ജഡ്ജുമാരുടെ ഭാഗത്തു നിന്ന് അഭിഭാഷകര്‍ക്ക് നേരിടേണ്ടതായി വരുന്നുവെന്ന് ബാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയേക്കുറിച്ചാണ് പരാമര്‍ശിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. കോടതി മുറിയില്‍ ജഡ്ജുമാരുടെ ഭീഷണിക്കിരയാവുന്ന അഭിഭാഷകര്‍ക്ക് ഉണ്ടാകുന്ന അനുഭവം ലൈംഗീക പീഡനത്തിനിരയായ ഒരാളുടേതു പോലെയാണ്. ഊര്‍ജം നഷ്ടപ്പെട്ട് നിശബ്ദനായിട്ടായിരിക്കും അയാള്‍ പിന്നീട് കാണപ്പെടുകയെന്ന് ഫാമിലി ലോ ബാരിസ്റ്റര്‍ ലൂസി റീഡ് പറയുന്നു.

വര്‍ദ്ധിച്ച മാനസിക സമ്മര്‍ദ്ദവും പിരിമുറക്കവുമാവാം ജഡ്ജുമാരുടെ ഇത്തരം സ്വഭാവങ്ങള്‍ക്ക് കാരണമെന്ന് കഴിഞ്ഞ വര്‍ഷം തന്റെ ബ്ലോഗിലെഴുതിയ കുറിപ്പില്‍ ലൂസി റീഡ് പറയുന്നു. വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് ജഡ്ജുമാര്‍ നിറവേറ്റുന്നത്. അവരും മനുഷ്യര്‍ തന്നെയാണ്. പക്ഷേ ഈ കാരണങ്ങള്‍ക്കൊന്നും ഇത്തരം പെരുമാറ്റങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും റീഡ് കുറിപ്പില്‍ പറയുന്നു. ഇത്തരം പെരുമാറ്റങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്താണ് പറയുന്നതെന്നോ അത് എങ്ങനെയാണ് തങ്ങളുടെ മുന്നിലെത്തുന്ന അഭിഭാഷകരെ ബാധിക്കുന്നതെന്നോ മിക്ക ജഡ്ജുമാര്‍ക്കും അറിവില്ലെന്നും റീഡ് കൂട്ടിച്ചേര്‍ത്തു. ജഡ്ജുമാര്‍ അധിക ജോലിമൂലം തളര്‍ന്നിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ തെറ്റുകള്‍ വരാനുള്ള സാധ്യതകളേറെയാണെന്നും ഹൈക്കോടതി ഫാമിലി ഡിവിഷന്‍ തലവന്‍ സര്‍ ജെയിംസ് മുന്‍ബൈ കഴിഞ്ഞ ആഴ്ച്ച് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ലെസ്റ്ററില്‍ താമസിക്കുന്ന മലയാളി യുവാവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ സബ് വേയിലെ ജോലി കഴിഞ്ഞ് സൈക്കിളില്‍ പോകും വഴിയാണ് അഭിറാം ശ്രീകുമാര്‍ എന്ന യുവാവിനെ കാര്‍ ഇടിച്ചത്. സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ സിഗ്നല്‍ തെറ്റിച്ച് അഭിറാം സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ അഭിറാമിനെ തിരിഞ്ഞു പോലും നോക്കാതെ ഇടിച്ച വാഹനം റിവേഴ്സ് ചെയ്ത് ഓടിച്ചു പോവുകയായിരുന്നു.

വഴിയാത്രക്കാര്‍ ബഹളം വച്ചെങ്കിലും ഇടിച്ച വാഹനം അതിവേഗത്തില്‍ ഓടിച്ച് പോവുകയാണ് ചെയ്തത്. ഗ്രേ കളറിലുള്ള ഒരു ടാക്സി വാഹനമാണ് ഇടിച്ചതെന്ന് അഭിറാം മലയാളം യുകെയോട് പറഞ്ഞു. കാര്‍ ഇടിച്ചത് സൈക്കിളിന്‍റെ മുന്‍ഭാഗത്ത് ആയത് കൊണ്ട് മാത്രമാണ് താന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടത് എന്നും അല്ലാത്ത പക്ഷം എന്ത് സംഭവിക്കുമായിരുന്നു എന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല എന്നും അഭിറാം പറഞ്ഞു.

സംഭവത്തില്‍ ലെസ്റ്റര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസി ടിവി കവറേജ് ഉള്ള സ്ഥലം ആയതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹി ജോസ് തോമസിന്‍റെ നേതൃത്വത്തില്‍ അഭിറാമിന് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് വിസയില്‍ ഒരു വര്‍ഷം മുന്‍പാണ് അഭിറാം ലെസ്റ്ററില്‍ എത്തിയത്. ചേര്‍ത്തല സ്വദേശിയാണ്.

ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും. സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് യുകെ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ലേബര്‍ എംപി, സ്റ്റീഫന്‍ കിന്നോക്ക് ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തകര്‍ക്കണമെങ്കില്‍ സല്‍പ്പേരിന് കളങ്കമുണ്ടാക്കുക എന്നതാണ് മാര്‍ഗം. റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുകയാണ് അതിനുള്ള മാര്‍ഗ്ഗമെന്നും കിന്നോക്ക് പറയുന്നു. ബിബിസി ബ്രേക്ക്ഫാസ്റ്റ് ഷോയിലാണ് കിന്നോക്ക് ഈ ആവശ്യം ഉന്നയിച്ചത്.

നമ്മുടെ പരമാധികാരത്തെയാണ് ലംഘിച്ചിരിക്കുന്നതെന്ന് റഷ്യക്ക് വ്യക്തമായ സന്ദേശം നല്‍കണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് വധശ്രമത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കിന്നോക്ക് പറഞ്ഞു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായിരിക്കുന്ന ആക്രമണത്തിന് ഉത്തരവാദി റഷ്യയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുകെ പുറത്താക്കുകയും ചെയ്തിരുന്നു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കുന്നത്.

എന്നാല്‍ ബ്രിട്ടന്‍ റഷ്യക്കുമേല്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്ന് കിന്നോക്ക് പറയുന്നു. ലോകകപ്പ് 2019 വരെ മാറ്റിവെക്കാന്‍ ഫിഫക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രിട്ടന് കഴിയണം. മറ്റൊരു രാജ്യത്തേക്ക് ലോകകപ്പ് മാറ്റാനും ബ്രിട്ടന്‍ ഫിഫയോട് ആവശ്യപ്പെടണമെന്നും കിന്നോക്ക് പറയുന്നു. ഇക്കാര്യത്തില്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് നിന്നുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് കിന്നോക്ക് ആവശ്യപ്പെട്ടത്.

ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന് (എച്ച്എംഎ) പുതിയ ഭാരവാഹികള്‍. വൈസ് പ്രസിഡന്റ് ജീത്തു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. സെക്രട്ടറി ജോസഫ് തോമസ് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബേസില്‍ ബോബി വാര്‍ഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചത് പൊതുയോഗം പാസാക്കി. തുടര്‍ന്ന് സെബാസ്റ്റ്യന്‍ നെയ്‌ശേരി പ്രസിഡന്റ്, സണ്ണി മാത്യു വൈസ് പ്രസിഡന്റ്, ഷാജി തോമസ് സെക്രട്ടറി, ലോട്ട്‌സണ്‍ ട്രഷറര്‍, നിക്‌സണ്‍ എല്‍ദോസ്, റെജി എന്നിവര്‍ കമ്മിറ്റിയംഗങ്ങളുമായി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

തുടര്‍ന്ന് നിയുക്ത പ്രസിഡന്റ് സെബാസ്റ്റ്യന്‍ നെയ്‌ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭാവി പരിപാടികളും കഴിഞ്ഞ വര്‍ഷത്തെ മികവുറ്റ നേതൃത്വവും അവരുടെ വിജയകരമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തി ചര്‍ച്ച ചെയ്തു. ജോഷി കുര്യാക്കോസ്, മാനിക്‌സ്, സിജോയി, ഐസക്, ബിനോ, ഹരി, സിബി, ബാബു, ലിജേഷ്, ബൈജു, ജുജു, വര്‍ഗീസ് എട്ടാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 10.30ന് ജിജോ അരയത്തിന്റെ നന്ദിപ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു.

സാധാരണ ഒരു യാത്രയില്‍ ഒപ്പം അത്യാവശ്യ വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് നാം കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചാള്‍സ് രാജകുമാരന്‍ ഏറെ വ്യത്യസ്ഥനാണ്. അദ്ദേഹം തന്റെ യാത്രയില്‍ ഒപ്പം കരുതുന്നവയില്‍ തന്റെ കിടപ്പുമുറിയിലെ മുഴുവന്‍ സാധനങ്ങളും ഉള്‍പ്പെടും. അദ്ദേഹത്തിനായി തയ്യാറാക്കിയ പ്രത്യേക ബെഡും സ്‌കോട്ടിഷ് ഹൈലാന്റുകളുടെ പെയിന്റിംഗുകളും ഇവയില്‍ ഉള്‍പ്പെടും. പുതിയ ജീവചരിത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്. ടോയിലറ്റ് സീറ്റും ഒപ്പം കൊണ്ടു പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാല് പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെ ഏതാണ്ട് 123 പേരാണ് പ്രിന്‍സ് ചാള്‍സിന്റെ അനുചരണ സംഘത്തിലുള്ളത്. വെയില്‍സിലെ രാജകുമാരന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ച തരുന്നതായിരിക്കും പുതിയ ജീവചരിത്രമെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകന്‍ ടോം ബൗവര്‍ അവകാശപ്പെടുന്നു. 69കാരനായ പ്രിന്‍സ് ദിവസത്തില്‍ ഏതാണ്ട് 6 തവണ വസ്ത്രം മാറുമെന്നും പുസ്തകത്തില്‍ പറയുന്നു. പ്രിന്‍സ് പങ്കെടുക്കുന്ന പരിപാടികളില്‍ ഒരു ഫ്‌ളാസ്‌ക് നിറയെ മാര്‍ട്ടീനി നിറച്ചു കൊണ്ടു വരാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ പോലീസ് സ്റ്റാഫുകള്‍ക്ക് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രിന്‍സ് ചാള്‍സിനെ കുറിച്ചുള്ള ടോം ബൗവറിന്റെ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത് ഡെയിലി മെയിലിലാണ്. പല സീരിസുകളായാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്. അതേസമയം പുസ്‌കത്തില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അവകാശ വാദങ്ങളെയും ചാള്‍സ് രാജകുമാരന്റെ അഭിഭാഷകര്‍ നിഷേധിച്ചിട്ടുണ്ട്. ടോം ബൗവറിന് അറിവുകള്‍ ലഭിച്ച ഉറവിടങ്ങളും തെറ്റാണെന്ന് അവര്‍ വ്യക്തമാക്കുന്നു. ചാള്‍സ് രാജകുമാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് പുതിയ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നും വസ്തു നിഷ്ഠമല്ലെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

നാഷണല്‍ ലോട്ടറി നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ലോട്ടറി അക്കൗണ്ടുകളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. അടിയന്തിരമായി പാസ്‌വേഡുകള്‍ മാറ്റി അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 150ഓളം വരുന്ന അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ലോട്ടറി ഓര്‍ഗനൈസര്‍ ക്യാമലോട്ട് പറഞ്ഞു. നിലവിലുള്ള 10.5 മില്ല്യണ്‍ അക്കൗണ്ടുകളും പാസ്‌വേര്‍ഡ് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതാണ്ട് 10ഓളം വരുന്ന അക്കൗണ്ടുകള്‍ക്ക് മാത്രമെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളു. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ക്യാമലോട്ട് വ്യക്തമാക്കി.

ചില വ്യക്തി വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നിട്ടുണ്ട്. ഹാക്കിംഗ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന അന്വേഷണത്തില്‍ ചില അക്കൗണ്ടുകളില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ അക്കൗണ്ട് ഉടമകളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ അക്കൗണ്ട് പാസ്‌വേഡുകള്‍ മാറ്റേണ്ടതാണ്. വ്യത്യസ്ഥമായ സൈറ്റുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്പനി മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷാ പാളിച്ചയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. 26,500 ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നതായും സംഭവം അതീവ ഗൗരവുള്ളതാണെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട് അതോടൊപ്പം നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു. ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ക്യാമലോട്ട് പറയുന്നു. ഇന്ന് രാത്രിയില്‍ നടക്കാനിരിക്കുന്ന നറുക്കെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനത്തെ ടൂറിസം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ പ്രതിസന്ധി, തീവ്രവാദാക്രമണങ്ങളേക്കുറിച്ചുള്ള ആശങ്കകള്‍, താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്ന വന്‍ തുക എന്നിവ സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റിയെന്നാണ് വിശദീകരിക്കപ്പെടുന്നത്. അസോസിയേഷന്‍ ഓഫ് ലീഡിംഗ് വിസിറ്റര്‍ അട്രാക്ഷന്‍സ് (ആല്‍വ) കണക്കുകള്‍ അനുസരിച്ച് സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ടൂറിസത്തിന് 2017ല്‍ മികച്ച വളര്‍ച്ച നേടാനായിട്ടുണ്ട്.

മൊത്തം കണക്കുകള്‍ എടുത്താല്‍ 2016നെ അപേക്ഷിച്ച് 7.3 ശതമാനം അധികം സഞ്ചാരികളാണ് യുകെയില്‍ എത്തിയത്. സ്‌കോട്ട്‌ലന്‍ഡില്‍ 13.9 ശതമാനവും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 6.5 ശതമാനവും അധിക വളര്‍ച്ചയുണ്ടായപ്പോള്‍ ലണ്ടനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വെറും 1.2 ശതമാനം വളര്‍ച്ച മാത്രമാണ് കാണാന്‍ കഴിഞ്ഞത്. സതേണ്‍ റെയില്‍വേയുടെ അസ്ഥിരതയാണ് ലണ്ടന്റെ പരാജയത്തിന് ഒരു പ്രധാന കാരണമായി എടുത്ത് കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ റെയില്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

തീവ്രവാദ ഭീഷണിയാണ് സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മറ്റൊരു സംഗതി. യാത്രച്ചെലവും ഭക്ഷണത്തിനും പാനീയങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന വന്‍ തുകകളും കുടുംബമായി യാത്ര ചെയ്യുന്നവരെ ലണ്ടനില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. പതിനൊന്നാമത്തെ വര്‍ഷവും ബ്രിട്ടീഷ് മ്യൂസിയമാണ് ലണ്ടനിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. എങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ 8 ശതമാനം കുറവ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ടെയ്റ്റ് മോഡേണ്‍ 3 ശതമാനം ഇടിവോടെ രണ്ടാം സ്ഥാനത്തും 16.5 ശതമാനനം സന്ദര്‍ശകരുടെ കുറവുമായി നാഷണല്‍ ഗ്യാലറി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറിയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Copyright © . All rights reserved