UK

ലണ്ടന്‍: ബ്രിട്ടീഷ് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഒട്ടും സുരക്ഷിതമല്ലെന്ന് വിലയിരുത്തല്‍. സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് ബാങ്കുകളേക്കാള്‍ ഏറെ പിന്നിലാണ് ബ്രിട്ടീഷ് ബാങ്കുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് മേഖലകളില്‍ നടത്തുന്ന ഡിജിറ്റല്‍ നിക്ഷേപങ്ങളുടെ സുരക്ഷക്കൊപ്പമെത്താന്‍ യുകെയിലെ ബാങ്കിംഗ്, ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു. മറ്റു രാജ്യങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പുതിയ സുരക്ഷാ സംവിധാനങ്ങളായ ഫേഷ്യല്‍ റെക്കഗ്നീഷന്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍, ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡേറ്റ ക്യാപ്ചര്‍ തുടങ്ങിയവയേക്കുറിച്ച് സംസാരിക്കുകയും ഉപഭോക്തൃ സേവനത്തില്‍ കൂടുതല്‍ വികസനങ്ങള്‍ വരുത്തുകയും ചെയ്തു വരികയാണ്.

എന്നാല്‍ ബ്രിട്ടീഷ് ബാങ്കുകള്‍ ഇപ്പോഴും ഇരുണ്ട യുഗത്തില്‍ തുടരുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. തട്ടിപ്പുകള്‍ പരിശോധിക്കുന്നതില്‍ അന്താരാഷ്ട്രരംഗത്തെ എതിരാളികളില്‍ നിന്ന് വളരെ ദൂരം പിന്നിലാണ് തങ്ങളെന്ന് ബ്രിട്ടീഷ് ബാങ്കുകളില്‍ ഭൂരിപക്ഷവും പറയുന്നു. തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചറിയുന്ന കാര്യത്തില്‍ പോലും 84 ശതമാനം ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കും ഉറപ്പൊന്നുമില്ല. എന്നാല്‍ ഈ പിഴവ് പരിഹരിക്കുന്നതിനായി പണം മുടക്കുന്നതിനോട് ബാങ്കുകള്‍ക്ക് താല്‍പര്യമില്ലെന്നും റിസര്‍ച്ച് വ്യക്തമാക്കുന്നു.

ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങളേക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ജ്ഞാനമുണ്ട്. ഫേഷ്യല്‍ റെക്കഗ്നീഷന്‍, ഓട്ടോമേറ്റഡ് ഇലക്ട്രോണിക് ഡോക്യുമെന്റ് ക്യാപ്ചര്‍ തുടങ്ങിയവ വിമാനത്താവളങ്ങൡും മറ്റും ജനങ്ങള്‍ക്ക് പരിചിതമാണെന്ന് ഐഡന്റിറ്റി ഡേറ്റ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റ്. ജിബിജിയുടെ മാനേജിംഗ് ഡയറക്ടര്‍ മിക്ക് ഹെഗാര്‍ട്ടി പറയുന്നു. ഐഫോണ്‍ എക്‌സ് പോലെയുള്ള ഫോണുകളിലും ഈ സങ്കേതം ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു ബാങ്കില്‍ ഉപഭോക്താവിന് തന്റെ ഐഡി കാര്‍ഡിന്റെ ഹാര്‍ഡ് കോപ്പി കാണിക്കേണ്ടി വരുന്നത് എത്രമാത്രം പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് ചിന്തിക്കണമെന്നു മിക്ക് പറയുന്നു.

ചൈന, സിംഗപ്പൂര്‍, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഉപഭോക്താക്കളുടെ ഐഡന്റിറ്റി വിഷയത്തില്‍ യുകെ ബാങ്കുകള്‍ വളരെ പിന്നിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി സാങ്കേതിക വിദ്യകളില്‍ ബ്രിട്ടന്‍ ഏറെ വളര്‍ന്നിട്ടുണ്ടെങ്കിലും ബാങ്കുകള്‍ അവയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ ഏറെ പിന്നിലാണെന്നാണ് വ്യക്തമാകുന്നത്.

സുജു ജോസഫ്

ലണ്ടന്‍: സി.പി.ഐ (എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് (ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനം അഭിവാദ്യം ചെയ്യുന്നതിനായി പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായി മാഞ്ചസ്റ്ററില്‍ വച്ചാണ് ഇക്കുറി എ.ഐ.സി നാഷണല്‍ കോണ്‍ഫറന്‍സ് നടക്കുക. മാര്‍ച്ച് 31ന് നടക്കുന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സഖാവ് സീതാറാം യെച്ചൂരി സംസാരിക്കും. ബ്രിട്ടനിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്തുകാരനും കവിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന അന്തരിച്ച സഖാവ് അവ്താര്‍ സിംഗ് സാദിഖിന്റെ നാമത്തിലാകും ഇക്കുറി സമ്മേളന വേദി അറിയപ്പെടുക. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഏപ്രില്‍ 1ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും പ്രതിനിധികള്‍ അവതരിപ്പിക്കും. എ.ഐ.സി ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 1966 സെപ്റ്റബര്‍ 18നാണ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ബ്രിട്ടനില്‍ രൂപം കൊണ്ടത്. മുന്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറിയും പോളിറ്റ്ബ്യുറോ മെമ്പറുമായിരുന്ന അന്തരിച്ച സഖാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബ്രിട്ടനില്‍ എ.ഐ.സിയുടെ ഉദയം.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ ഡിഡ്‌സ്ബാറിയിലെ ബ്രിട്ടാനിയ കണ്‍ട്രി ഹോട്ടലിലെ അവ്താര്‍ സിംഗ് സാദിഖ് നഗറിലാകും ഇക്കുറി സമ്മേളനം നടക്കുക. ഉച്ചക്ക് കൃത്യം പന്ത്രണ്ടര മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.

Address:
Britannia Country House Hotel
Palatine Road,
Didsbury,
Manchester
M20 2WG
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ശ്രീകുമാര്‍ ജെ എസ്  :07886392327
ജോസഫ്‌ ഇടിക്കുള: 07535229938
ജനേഷ് സി എന്‍ : 07960432577
അഭിലാഷ് തോമസ്‌ ( അയര്‍ലണ്ട്):+353879221625

ജോണ്‍സന്‍ ജോസഫ്

ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തുന്നു. യുകെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്ന് ദൗത്യമാണ് പരിശുദ്ധ സിംഹാസനം ഈ നിയമനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ പതിനാറ് മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

എക്ളേസ്യാസ്റ്റിക്കല്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍, ചാപ്ലൈന്‍മാരായ ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നീ വൈദികരുടെ ആത്മീയനേതൃത്വത്തില്‍ നീങ്ങുന്ന സഭക്ക് മാര്‍ തിയോഡോഷ്യസ് പുത്തനുണര്‍വും ഓജസും പകര്‍ന്നു നല്‍കും. യുകെയിലെ എല്ലാ മിഷന്‍ സെന്ററുകളും സംയുക്തമായി ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ സെന്ററില്‍ അഭിവന്ദ്യ പിതാവിന് പ്രൗഡ ഗംഭീരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണവും അനുമോദന സമ്മേളനവും നടത്തപ്പെടും.

യുകെയിലെ വിവിധ ദേശങ്ങളിലെ മിഷനുകള്‍ കേന്ദ്രങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കാനും, വിശുദ്ധവാര ശുശ്രൂഷയില്‍ പങ്കെടുക്കാനും വിവിധ രൂപതാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്താനുമായി അഭിവന്ദ്യ പിതാവ് എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാമക്കള്‍.

ലണ്ടന്‍: ബ്രെക്‌സിറ്റിനെതിരായ നിയമപോരാട്ടത്തില്‍ ഡേവിഡ് കാമറൂണ്‍ നടപ്പാക്കിയ നയം ആയുധമാക്കാനൊരുങ്ങി ബ്രെക്‌സിറ്റ് വിരുദ്ധ ഗ്രൂപ്പ്. 2011ല്‍ കാമറൂണ്‍ അവതരിപ്പിച്ച റഫറണ്ടം ലോക്ക് അനു സരിച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പൊതുജനത്തിന്റെ അഭിപ്രായം തേടണം. അതനുസരിച്ച് ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു നീങ്ങണമെങ്കില്‍ രണ്ടാമത് ഒരു ഹിതപരിശോധന കൂടി നടത്തേണ്ടിവരുമെന്നാണ് ബ്രെക്‌സിറ്റ് വിരുദ്ധ ഗ്രൂപ്പായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ വാദിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലും ഇത് ബാധകമായിരിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലഘട്ടമെന്നത് ബ്രസല്‍സിന് വന്‍ തോതില്‍ അധികാരങ്ങള്‍ നല്‍കുന്ന നടപടിയാണെന്നും രണ്ടാമതൊരു ഹിതപരിശോധനയില്ലാതെ ചര്‍കള്‍ നടത്തുന്നത് നിയമവിരുദ്ധമായിരിക്കുമെന്നുമാണ് സംഘടന പറയുന്നത്. ബ്രെക്‌സിറ്റ് നടപടികളും നിലവിലുള്ള നിയമവും തമ്മിലുള്ള ഈ വൈരുദ്ധ്യം ഒരു സുപ്രധാന ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് അറ്റോര്‍ണി ജനറലായ ഡൊമിനിക് ഗ്രീവ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള തന്ത്രപരമായ നയവ്യതിയാനങ്ങള്‍ക്ക് പൊതുജനാഭിപ്രായം അറിയണമെന്നാണ് 2011ലെ ആക്ട് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും പിന്‍മാറ്റ നടപടികളും നമ്മുടെ ഭരണഘടനയില്‍ കാര്യമായ ചലനങ്ങള്‍ ഉളവാക്കുമെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ അനുകൂലികള്‍ക്കും ശക്തി പകരുന്ന ഒരു ഭരണഘടനാ പ്രശ്‌നമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ചര്‍ച്ചകളില്‍ തെരേസ മേയ് സ്വീകരിച്ചിരിക്കുന്ന സമീപനങ്ങളില്‍ വീണ്ടും ജനഹിതം തേടണമെന്ന അഭിപ്രായത്തിന് നിയമത്തിന്റെ പിന്തുണ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ യൂറോപ്പ് അനുകൂലികളെ ശാന്തരാക്കുന്നതിനായി കാമറൂണ്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ബ്രെക്‌സിറ്റ് അനുകൂലികളെ പ്രഹരിക്കാനുള്ള വടിയായി മാറിയിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റ ബില്‍ 2011ലെ നിയമത്തെ അസാധുവാക്കുമെങ്കിലും അത് പാസാകുന്നത് വരെ നിയമപ്പോരാട്ടം തുടരാന്‍ ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്ക് കഴിയുമെന്നും നിരീക്ഷിക്കപ്പെടുന്നു.

ലണ്ടന്‍: മുന്‍ യുകെ ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെതിരെ ഉണ്ടായ വിഷവാതകാക്രമണത്തില്‍ റഷ്യയും യുകെയുമായി നയതന്ത്രയുദ്ധം മുറുകുന്നു. അഴിമതിയിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആരോപണ വിധേയരായ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് യുകെ അറിയിച്ചു. 2012ല്‍ അമേരിക്കയില്‍ ഒബാമ ഭരണകൂടം നടപ്പാക്കിയ മാഗ്നിറ്റ്‌സ്‌കൈ ആക്ടിന്റെ മാതൃകയിലുള്ള നിയമം ഇപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന ഉപരോധ ബില്ലിനൊപ്പം അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പറയുന്നു.

ഔദ്യോഗിക രംഗത്തെ അഴിമതിയേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്ന അഭിഭാഷകനായിരുന്ന സെര്‍ജി മാഗ്നറ്റ്‌സ്‌കൈയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനാണ് അമേരിക്ക ഈ നിയമം പാസാക്കിയത്. പിന്നീട് ലോകമൊട്ടാകെ വ്യാപിപ്പിച്ച ഈ നിയമമനുസരിച്ച് മനുഷ്യാവകാശ ലംഘനം നടത്തുന്നവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു വരികയാണ്. ബ്രിട്ടനില്‍ ഇത്തരമൊരു നിയമം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഏപ്രിലിനുള്ളില്‍ ഈ ബില്ല് റിപ്പോര്‍ട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോറി എംപി റിച്ചാര്‍ഡ് ബെന്യന്‍ പ്രസ് അസോസിയേഷനോട് വെളിപ്പെടുത്തി.

ബില്ലിന്റെ കാര്യത്തില്‍ ആശയ സമന്വയത്തിന് ശ്രമിച്ചു വരികയാണെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് ആന്‍ഡ്രൂ മിച്ചല്‍ പറഞ്ഞു. സാലിസ്ബറിയില്‍ വെച്ച് സ്‌ക്രിപാല്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് വിധേയനാകുന്നതിനു മുമ്പ് തന്നെ ഇത്തരമൊരു ബില്ലിന് നീക്കം തുടങ്ങിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബറിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനുണ്ട്. സ്‌ക്രിപാലും മകള്‍ യൂലിയയും ഇപ്പോഴും ചികിത്സയിലാണ്. ആക്രമണത്തിനു പിന്നില്‍ ക്രെലിനാണെന്നാണ് സംശയിക്കപ്പെടുന്നത്.

ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനികള്‍ വീണ്ടും ഉപയോഗ പ്രദമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കല്‍ക്കരി ഖനികളിലെ ചുടുനീരുറവകള്‍ കണ്ടെത്തി അവയില്‍ നിന്നും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വൈദ്യൂതി ഉത്പാദന രീതി വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സൗത്ത് വെയില്‍സിലെ കല്‍ക്കരി ഖനികള്‍ സമീപ പ്രദേശത്തെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഹീറ്റിംഗ് നടത്താനാവിശ്യമായ എനര്‍ജി ഉത്പാദിപ്പിക്കും. പദ്ധതിക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020ഓടെ തുടങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് 2021ലെ തണുപ്പുകാലത്തോടെ ഖനികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വീടുകളില്‍ ഹീറ്റ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെയില്‍സിലെ ദരിദ്ര പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 1,000ത്തോളം വീടുകള്‍ക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ഈ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 100 പൗണ്ടോളം ലാഭിക്കാന്‍ കഴിയും. കല്‍ക്കരി ഖനി അതോറിറ്റി അധികൃതരുമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും, ബ്രിട്ടനിലെ ജിയോതെര്‍മല്‍ മൈന്‍ വാട്ടര്‍ റിസോഴ്‌സുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും എനര്‍ജി സെക്രട്ടറി ക്ലയര്‍ പെരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബ്രിട്ടനിലെ കല്‍ക്കരി ഖനികളില്‍ മൊത്തം 2 മില്ല്യണ്‍ ജിഗാവാട്ട് മണിക്കൂര്‍ ലോ-കാര്‍ബണ്‍ ഹീറ്റ് ഉണ്ടെന്നാണ് കോള്‍ അതോറിറ്റിയുടെ കണക്ക്.

വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഹീറ്റിംഗിലൂടെ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നു. വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ ഉത്പാദിപ്പിച്ചുകൊണ്ട് ഹീറ്റിംഗ് എനര്‍ജി നിര്‍മ്മിക്കാനുള്ള ബ്രിഡ്‌ജെന്റ് പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു. എല്ലാവര്‍ക്കും സാമ്പത്തികമായി താങ്ങാന്‍ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഹീറ്റിംഗ് നെറ്റ്‌വര്‍ക്ക് നിലവില്‍ വരിക. 17ാം നൂറ്റാണ്ടിലാണ് ബ്രിഡ്‌ജെന്റില്‍ കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഖനികളിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതിനു ശേഷം അവ വെള്ളക്കെട്ടുകളായി മാറുകയായിരുന്നു.

ലണ്ടന്‍: ഹോംലെസ് ആയവര്‍ക്ക് മാനസികാരോഗ്യ പരിരക്ഷ നല്‍കുന്ന എന്‍എച്ച്എസ് സംഘത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു. ഫോക്കസ് ഹോംലെസ് ഔട്ട്‌റീച്ച് ടീമിന് ക്യാംഡെന്‍ എന്‍എച്ച്എസ് ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് നല്‍കിവരുന്ന തുകയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 2,19,866 പൗണ്ടിന്റെ കുറവ് വരുത്താനാണ് തീരുമാനം. ഈ ഏപ്രില്‍ മുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ പ്രാബല്യത്തിലാകും. ടീമിലെ രണ്ട് സൈക്യാട്രിസ്റ്റുമാരില്‍ ഒരാള്‍ക്കും ആറ് നഴ്‌സുമാരില്‍ ഒരാള്‍ക്കും ഇതോടെ ജോലി നഷ്ടമാകുമെന്നും ചോര്‍ന്നു കിട്ടിയ സിസിജി രേഖകള്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസിന് റെക്കോര്‍ഡ് തുകയാണ് ഫണ്ടുകളായി ലഭിക്കുന്നതെന്നാണ് തെരേസ മേയും ജെറമി ഹണ്ടും അവകാശപ്പെടുന്നത്. എന്നാല്‍ ഈ പുതിയ തീരുമാനം ഇവരുടെ വാക്കുകളുടെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭവനരഹിതരായി തെരുവുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകാനും കൊലപാതകങ്ങള്‍ വരെ നടക്കാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ക്യാംഡെനില്‍ ആശുപത്രികളും ജിപികളും പരമാവധി ശേഷിക്ക് മേലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ തിരക്ക് വര്‍ദ്ധിക്കാനും പുതിയ നീക്കം കാരണമാകുമെന്നും വിലയിരുത്തലുണ്ട്.

5,21,000 പൗണ്ടിന്റെ ബജറ്റാണ് സിസിജി എന്‍എച്ച്എസ് സംഘത്തിന് അനുവദിച്ചിരുന്നുത്. ഇതില്‍ നിന്ന് 42 ശതമാനം വെട്ടിക്കുറയ്ക്കാനാണ് നീക്കം. ലോക്കല്‍ ജിപിമാരും സൈക്യാട്രിസ്റ്റുകളും ഹോംലെസ് ചാരിറ്റികളും, ഹോസ്റ്റല്‍ മാനേജര്‍മാരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് ക്യാംഡെന്‍. മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, കോണ്‍വാള്‍ എന്നീ പ്രദേശങ്ങളാണ് തൊട്ടി പിന്നിലുള്ളത്. 25 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഫോക്കസ് ഹോംലെസ് ആയവരിലെ വിഷാദരോഗം, സൈക്കോസിസ് തുടങ്ങി എല്ലാ മാനസികാരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു.

തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ച സിഖ് യുവാവിനെ നൈറ്റ് ക്ലബില്‍ നിന്നും ബലമായി പുറത്താക്കി. മാന്‍സ്ഫീല്‍ഡിലെ റഷ് എന്നറിയപ്പെടുന്ന നൈറ്റ് ക്ലബ് അധികൃതരാണ് തലപ്പാവ് കാരണം യുവാവിനെ ഇറക്കി വിട്ടത്. ഇന്നലെ രാത്രിയാണ് അമ്രിഖ് സിങ് എന്ന 22 കാരനെ വംശീയമായി അധിക്ഷേപിച്ച പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയായ അമ്രിഖ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് എഴിതിയതോടെയാണ് വിഷയം പുറം ലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു ബാര്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബാറിലെത്തിയ അമ്രിഖ് തനിക്ക് ആവശ്യമുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ചങ്ങാതിമാരോട് സംസാരിച്ചു നില്‍്ക്കുന്നതിനിടയില്‍ ബാര്‍ ജീവനക്കാരനായ ഒരാള്‍ സമീപിച്ച് തലപ്പാവ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. തലപ്പാവ് തന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അഴിച്ചുമാറ്റുന്നത് വിശ്വാസത്തിനെതിരാണെന്നും അമ്രിഖ് ജീവനക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമ്രിഖിന്റെ വിശദീകരണത്തില്‍ തൃപ്തനാവാതെ ബാറില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് ഇയാള്‍ യുവാവിനെ ബലമായി ഇറക്കി വിടുകയായിരുന്നു.

ബാര്‍ ജീവനക്കാരനോട് സംസാരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്താണ് അമ്രിഖ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തലപ്പാവിനെ പാദരക്ഷകളുമായി താരതമ്യപ്പെടുത്തി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജീവനക്കാരന്റെ ശബ്ദം അമ്രിഖ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനാണ് ഞാന്‍ പുറത്താക്കപ്പെടുന്നത്. ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് തലപ്പാവ് ധരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് 30 മിനിറ്റോളം എനിക്ക് ക്ലബില്‍ തുടരാന്‍ കഴിഞ്ഞിരുന്നു അതിനു ശേഷമാണ് ജീവനക്കാരന്‍ വന്ന പുറത്താക്കിയത്. തലപ്പാവ് സ്റ്റൈലിനായി ഉപയോഗിക്കുന്നതല്ലെന്നും മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും പൊതു ഇടങ്ങളില്‍ തലപ്പാവ് ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട് എന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അംഗീകരിക്കപ്പെട്ടില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് ബലമായിട്ടാണ് എന്നെ പുറത്താക്കിയത് അമ്രിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ പൂര്‍വ്വികര്‍ ബ്രിട്ടിഷ് സൈന്യത്തിന് വേണ്ടി പടപൊരുതിയിട്ടുള്ളവരാണ്. ഞാനും എന്റെ മാതാപിതാക്കളും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്നവരാണ്. രാജ്യത്തിന്റെ എല്ലാ മുല്ല്യങ്ങളെയും ബഹുമാനിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ പൊതുയിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമ്രിഖ് പറയുന്നു. ബാറിലേക്ക് വീണ്ടും സമീപിച്ചെങ്കിലും തലപ്പാവ് കാരണം ഭാവിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അമ്രിഖ് കൂട്ടിച്ചേര്‍ത്തു. നോട്ടിംഗ്ഹാമിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് അമ്രിഖ് സിങ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തലപ്പാവ് അഴിപ്പിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ പ്രൈവസിയുടെ ഭാഗമല്ലെന്നും അമ്രിഖിനെ ഇറക്കി വിട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും റഷ് ബാര്‍ ലേബര്‍ കൗണ്‍സിലര്‍ സോണ്യാ വാര്‍ഡ് ട്വീറ്റ് ചെയ്തു.

ജിമ്മി ജോസഫ്, ഗ്ലാസ്ഗോ

ഗ്ലാസ്ഗോയിലെ ആദ്യകാല മലയാളി കുടിയേറ്റക്കരനായിരുന്ന ഡോ.ജോര്‍ജ്ജ് മേച്ചേരില്‍ നിര്യാതനായി. ഗ്ലാസ്ഗോ മലയാളികള്‍ സ്നേഹപൂര്‍വ്വം ജോര്‍ജ്ജ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന ഇദ്ദേഹം യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസ്സില്‍ യുകെയിലെത്തിയ ഡോ. ജോര്‍ജ്ജ് മേച്ചേരില്‍ യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ പരിചിതനും സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യവുമായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ഹെയര്‍മയെര്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ജോര്‍ജ്ജ് എഴുപതാം വയസ്സില്‍ മരണമടഞ്ഞത്.

ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാകേരളത്തിന്‍റെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഡോ. ജോര്‍ജ്ജ്. പഴയ തലമുറയില്‍ പെട്ട ആളുകളെ കലാകേന്ദ്രയുടെ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിച്ച് നിര്‍ത്തുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. സ്കോട്ട്ലന്‍ഡിലെ പ്രഥമ മലയാളി സംഘടനയായ ക്ലൈഡ് കലാസമിതിയുടെ നേതൃത്വത്തിലും ഡോ. ജോര്‍ജ്ജ് പ്രവര്‍ത്തന നിരതനായിരുന്നിട്ടുണ്ട്.

സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകര്‍ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ജോര്‍ജ്ജിന്‍റെ എന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഡോ. ജോര്‍ജ്ജിന്‍റെ ആഗ്രഹപ്രകാരം സംസ്കാര ശുശ്രൂഷകള്‍ കേരളത്തിലായിരിക്കും  നടത്തുക. ഗ്ലാസ്ഗോ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കോട്ടയം മണര്‍കാട് സെന്റ്‌ മേരീസ് ഇടവകക്കാരനാണ് ഡോ. ജോര്‍ജ്ജ് മേച്ചേരില്‍. ഭാര്യ റീന ജോര്‍ജ്ജ്. മക്കള്‍ ഡോ. സിമി ജോര്‍ജ്ജ്, ഡോ. റയാന്‍ ജോര്‍ജ്ജ്.

ബേസില്‍ ജോസഫ്

ചേരുവകള്‍

പ്രോണ്‍സ് – 250 ഗ്രാം
കാശ്മീരി ചില്ലി പൗഡര്‍ – 2 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
ഗരം മസാല – 1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീ സ്പൂണ്‍
സബോള –2 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
ടൊമാറ്റോ കെച്ചപ്പ് (സ്വീറ്റ് & സൗര്‍ )2 ടീ സ്പൂണ്‍
വിനാഗിരി -50 എംല്‍
ഓയില്‍ -100 എംല്‍
ഷുഗര്‍ -1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പ്രോണ്‍സ് നന്നായി വൃത്തിയാക്കി അര ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക. ഒരു ചെറിയ ബൗളില്‍ കാശ്മീരി ചില്ലി പൗഡര്‍, ജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞള്‍പൊടി, വിനാഗിരി എന്നിവ മിക്‌സ് ചെയ്ത് ഒരു പേസ്റ്റ് ആക്കി എടുക്കുക. ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കി പ്രോണ്‍സ് ചെറുതീയില്‍ ചെറിയ ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആവുന്നതുവരെ വറത്തെടുക്കുക. മറ്റൊരു പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി കറിവേപ്പില മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് സബോള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്നതുവരെ നന്നായി വഴറ്റി എടുക്കുക. ഇതിലേയ്ക്ക് മിക്‌സ് ചെയ്ത് വച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പ്രോണ്‍സ്, ഷുഗര്‍ അല്പം ചൂട് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക. അവസാനമായി ടൊമാറ്റോ കെച്ചപ്പ് കൂടി ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Copyright © . All rights reserved