ലണ്ടന്‍: ഈസ്റ്ററും മഞ്ഞില്‍ പുതയുമെന്ന മുന്നറിയിപ്പ് സ്ഥിരീകരിച്ച് മെറ്റ് ഓഫീസ്. ഇത്തവണ വൈറ്റ് ഈസ്റ്ററായിരിക്കുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ പ്രഭാവം ഇപ്പോഴും തുടരുകയാണ്. ശീതക്കാറ്റ് രാജ്യത്തേക്ക് വീണ്ടും എത്തും. അതിനാല്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും രാജ്യത്തെമ്പാടുമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ മഞ്ഞുവീഴ്ചയക്ക് സാധ്യതയുണ്ട്. ആര്‍ട്ടിക് വായു പ്രവാഹം മൂലം ഈസ്റ്റര്‍ വാരാന്ത്യത്തിലെ താപനില മൈനസ് 10 വരെ താഴ്‌ന്നേക്കാം. ചിലയിടങ്ങളില്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ തന്നെ താപനില താഴുമെന്നാണ് കരുതുന്നത്.

ഈ ശനിയു ഞായറും യുകെയില്‍ സൂര്യപ്രകാശമുള്ള ദിനങ്ങളായിരിക്കുമെന്നാണ മെറ്റ് ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തും. നോര്‍ത്തിലും സ്‌കോട്ട്‌ലന്‍ഡിലുമാണ് മഞ്ഞുവീഴ്ചയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഈയാഴ്ചയില്‍ യുകെയിലെ താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ 5 ഡിഗ്രി വരെ താപനിലയെത്തുന്നത് വിരളമായിരിക്കും.

വിന്ററിനുശേഷം സ്പ്രിംഗിലും തുടരുന്ന മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും സൗത്ത് വെസ്റ്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, കെന്റ് ഉള്‍പ്പെടെയുള്ള ഈസ്‌റ്റേണ്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈസ്റ്ററിന് ശേഷം കാലാവസ്ഥ മെച്ചപ്പെടുമെങ്കിലും ഏപ്രില്‍ പകുതിയോടെ വീണ്ടും കടുത്ത ശൈത്യത്തിന് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.