UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുറെ നാളായി പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം കടുത്ത ദുരിതത്തിലാണ്. മഹാമാരിയും ഉക്രൈൻ റഷ്യ സംഘർഷവും വിവിധ മേഖലകളിൽ തുടർച്ചയായി നടന്ന സമരപരമ്പരകളും രാജ്യത്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ശരിക്കും ഇരുട്ടടിയായത് സാധാരണക്കാർക്കാണ്. ഇവയ്ക്കെല്ലാമൊപ്പം ചില ബ്രെക്സിറ്റ് നിയമങ്ങൾ കാരണം വീണ്ടും പല സാധനങ്ങളുടെയും വില കുതിച്ചുയരും എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് .

രാജ്യത്തെ ജൈവ സുരക്ഷയെ സംരക്ഷിക്കാനായി ബ്രെക്സിറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങളാണ് അധിക ചിലവിന് കാരണമാകുന്നത്. അപകട സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന മത്സ്യ മാംസ സസ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം മൂലം പല മേഖലകളിലും വില കുതിച്ചുയർന്നേക്കാം . പുതിയ ബ്രെക്സിറ്റ് അതിർത്തി നിയന്ത്രണങ്ങൾ മൂലം ബ്രിട്ടീഷ് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും 500 മില്യണിലധികം അധിക ചിലവും കാലതാമസവും ഉണ്ടാകുമെന്നാണ് പുറത്ത് വന്നിരിക്കുന്ന ഏകദേശ കണക്കുകൾ . പൂക്കളും ചീസും, പാലുൽപന്നങ്ങളും, ശീതികരിച്ച മത്സ്യമാംസം എന്നിവ എല്ലാമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജനുവരി 31 മുതൽ ഓരോ ഷിപ്പ്‌മെൻ്റിനും മൃഗങ്ങളുടെ ഉൽപന്നങ്ങളുടെ കാര്യത്തിൽ ഒരു പ്രാദേശിക മൃഗഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ഏപ്രിൽ 30 മുതൽ ഷിപ്പ്‌മെൻ്റുകൾ ബ്രിട്ടീഷ് അതിർത്തിയിൽ പരിശോധനകൾക്ക് വിധേയമായിരിക്കും.

പുതിയ നിയന്ത്രണങ്ങൾ മൂലം 330 മില്യൺ പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. തെറ്റായ പേപ്പർ വർക്കുകൾ മൂലം ചരക്കു നീക്കത്തിന് തടസ്സമുണ്ടാകാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇത് വിതരണ ശൃംഖലയെ ആകെ താളം തെറ്റിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. പല രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിൽ കർശന പരിശോധനകൾ നടത്തുമ്പോഴും യുകെയിൽ ഈ പരിശോധനകൾ ആവർത്തിക്കുന്നത് അനാവശ്യമാണെന്നുമാണ് യൂറോപ്യൻ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും പറയുന്നത്. യുകെയിലെ പച്ചക്കറി ഇറക്കുമതിയുടെ 80 ശതമാനവും പഴങ്ങളുടെ 40 ശതമാനവും യൂറോപ്പിൽ നിന്നാണ് .

ന്യൂസ് ടീം, മലയാളം യുകെ

മാഡ്രിഡ്, സ്‌പെയ്ൻ : കൂട്ടുകാർക്കൊപ്പം സ്പെയിനിലേക്ക് യാത്ര പോയ ബ്രിട്ടീഷ് പൗരനായ മലയാളി വിദ്യാർത്ഥി ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിച്ചാണ് തിരികെ എത്തിയത്. നിർദ്ദോഷമായ ഒരു തമാശ സ്നാപ്പ് ചാറ്റിൽ കൂട്ടുകാരോട് ചാറ്റ് ചെയ്തതാണ് ബാത്ത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ആദിത്യ വർമയെ നിയമക്കുരുക്കിൽ പെടുത്തിയത്.2022 ജൂലൈ മൂന്നാം തീയതി കൂട്ടുകാർക്കൊപ്പം സ്പെയിനിലേക്ക് യാത്ര ചെയ്തപ്പോൾ പറ്റിയ അബദ്ധമാണ് ആദിത്യ വർമയെ രണ്ടു വർഷത്തോളം നീണ്ട നിയമക്കുരുക്കിലേക്കും മാനസിക സംഘർഷങ്ങളിലേക്കും തള്ളി വിട്ടത്.

ലണ്ടനിൽ നിന്നും സ്‌പെയിനിലെ മെനോർക്കയിലേക്ക് ആയിരുന്നു ഈസി ജെറ്റ് വിമാനത്തിൽ ആദിത്യയും കൂട്ടുകാരും യാത്ര ചെയ്തത്. വിമാനം കാത്ത് ലണ്ടൻ എയർപോർട്ടിൽ ഇരുന്ന സമയത്ത് ആദിത്യ ഉപയോഗിച്ചത് എയർപോർട്ടിലെ സൗജന്യ വൈഫൈ ആയിരുന്നു. എയർപോർട്ടിലെ കാത്തിരിപ്പിന്റെ വിരസത മാറ്റുന്നതിനായി സ്നാപ്പ് ചാറ്റ് ഉപയോഗിച്ച് ആദിത്യൻ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. ഈ സമയത്താണ് തമാശക്ക് ‘ഞാനീ വിമാനം തകർക്കാൻ പോകുന്നു, ഞാൻ ഒരു താലിബാൻ അംഗമാണ്’ എന്ന് ആദിത്യൻ ചാറ്റ് ചെയ്തത്. വിമാനം പുറപ്പെട്ട് അൽപ്പസമയത്തിനകം തന്നെ എയർപോർട്ട് സെക്യൂരിറ്റി സംവിധാനങ്ങൾ ‘താലിബാൻ’ എന്ന അപകടകരമായ വാക്ക് കണ്ടെത്തുകയും അപായ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ സുരക്ഷാ ഏജൻസികൾ അപകടം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചു. ഇതിനകം ഫ്രാൻസിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്ന വിമാനത്തെ ഒരു യൂറോഫൈറ്റർ യുദ്ധവിമാനം അകമ്പടി സേവിക്കുകയും സ്‌പെയിനിലെ എയർപോർട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തിക്കുകയും ചെയ്തു.

വിമാനത്തെയും യാത്രക്കാരെയും ഐസൊലേറ്റ് ചെയ്ത അധികൃതർ സായുധ പോലീസിന്റെ അകമ്പടിയോടെ വിമാനത്തിനുള്ളിൽ പ്രവേശിക്കുകയും ആദിത്യനെ കയ്യാമം വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിലധികം കസ്റ്റഡിയിൽ സൂക്ഷിച്ച ആദിത്യനെ മൂന്നാം ദിവസമാണ് കോടതിയിൽ ഹാജരാക്കിയത്. യുദ്ധവിമാനത്തിന്റെ ഉൾപ്പെടെ അധികൃതർക്ക് വന്ന ചെലവുകൾ എല്ലാം കൂടി ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യമായിരുന്നു അധികൃതർ കോടതിയിൽ ഉന്നയിച്ചത്. തുടർന്ന് ഏകദേശം ഒമ്പതിനായിരം പൗണ്ടിന്റെ ജാമ്യത്തിൽ എപ്പോൾ ആവശ്യപ്പെട്ടാലും സ്‌പെയിനിലെ കോടതിയിൽ ഹാജരാകണം എന്ന നിബന്ധനയിൽ ആദിത്യന് ജാമ്യം ലഭിച്ചു.

തുടർന്ന് രണ്ടു വർഷത്തോളം നീണ്ടു നിന്ന നിയമനടപടികൾക്ക് കഴിഞ്ഞ ദിവസമാണ് അവസാനം ഉണ്ടായത്. ഈ ജനുവരി ഇരുപത്തിരണ്ടിനു വന്ന അന്തിമ വിധിയിൽ ജഡ്ജി ആദിത്യനെ ശിക്ഷ ഒന്നും നൽകാതെ വിട്ടയയ്ക്കുക ആയിരുന്നു. സ്‌പെയിനിലെ സെൻട്രൽ ക്രിമിനൽ കോർട്ട് ജഡ്ജ് ജോസ് മാനുവൽ ഫെർണാണ്ടസ് ആണ് വിധി പ്രസ്താവിച്ചത്. ആദിത്യന്റെ ചാറ്റ് ഒരു കുറ്റകൃത്യം ചെയ്യണമെന്നോ സെക്യൂരിറ്റി സംവിധാനങ്ങളെ ഭീഷണിപ്പെടുത്തണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ആയിരുന്നില്ല എന്ന് കണ്ടെത്തിയ ജഡ്ജി ഇതിനെ നിർദ്ദോഷമായ ഒരു തമാശ ആയിരുന്നു എന്നാണ് വിധിന്യായത്തിൽ പ്രസ്താവിച്ചത്. തീർത്തും സ്വകാര്യമായ ഒരു ചാറ്റിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന തരത്തിൽ ആയിരുന്നു കമന്റ് എന്നതിനാൽ ഇതിൽ ദുരുദ്ദേശപരമായ യാതൊന്നും ഇല്ല എന്നും ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾക്ക് ഇതൊരു പ്രൈവറ്റ് ചാറ്റ് ആണെന്ന് തിരിച്ചറിയാൻ സാധിക്കാതെ പോയത് കൊണ്ട് ഉണ്ടായ നഷ്ടങ്ങൾക്ക് ആദിത്യൻ ഉത്തരവാദി അല്ലായെന്നതിനാലാണ് നഷ്ടപരിഹാരം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയത്. മെസേജ് അയച്ച ആളല്ല മറിച്ച് ഈ സ്വകാര്യ ചാറ്റ് പുറത്ത് കൊണ്ട് വന്ന ആളാണ് ഇത് മൂലമായുണ്ടായ നഷ്ടങ്ങൾക്ക് ഉത്തരവാദി എന്നും ജഡ്ജി വിധിയിൽ പറഞ്ഞു.
ഒരു നിമിഷത്തെ മണ്ടത്തരം ആയിരുന്നു തന്റെ ഈ ചാറ്റ് എന്നും താൻ അതിൽ അതിയായി പശ്ചാത്തപിക്കുന്നു എന്നുമാണ് ഇത് സംബന്ധിച്ച് ആദിത്യ വർമ്മ നടത്തിയ പ്രതികരണം. ഇത് വെറുമൊരു തമാശ ആയിരുന്നുവെന്നും തന്റെ കൂട്ടുകാരുടെ ഉൾപ്പെടെ ഹോളിഡേ ട്രിപ്പ് നശിപ്പിച്ചതിലും സെക്യൂരിറ്റി സംവിധാനങ്ങളെ ബുദ്ധിമുട്ടിച്ചതിലും താൻ മാപ്പ് പറയുന്നു എന്നും ആദിത്യ പറഞ്ഞു.

സംഭവം നടക്കുമ്പോൾ കെന്റിലെ സെന്റ് ഒലാവ്സ് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന ആദിത്യ വർമ്മ ഇപ്പോൾ ബാത്ത് യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയാണ്. വളരെ മിടുക്കനും ചെസ് ചാമ്പ്യനും ഒക്കെ ആയ ആദിത്യന് നിയമ പോരാട്ടത്തിന്റെ സമയത്ത് മാതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും ഒക്കെ മികച്ച പിന്തുണ ആയിരുന്നു ലഭിച്ചത്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിച്ചുവെന്നും ഇനി ഒരിക്കലും ഇത്തരം നിസ്സാര തമാശകൾ തന്നിൽ നിന്ന് ഉണ്ടാവില്ലെന്നും ആദിത്യൻ പറഞ്ഞു.

നമ്മൾ ചെയ്യുന്നതും പറയുന്നതുമായ എല്ലാ കാര്യങ്ങളുടെയും പരിണിതഫലം നാം അനുഭവിക്കേണ്ടി വരുമെന്ന കാര്യം ആരും മറക്കരുത് എന്നും ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമാശയ്ക്ക് പോലും ഉപയോഗിക്കാതെ ഇരിക്കാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും ഈ കേസുമായി ബന്ധപ്പെട്ട സ്പാനിഷ് പോലീസ് ഓഫീസർ ജുവാൻ ലിനൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുറ്റകൃത്യങ്ങളുടെ കണക്കുകൾ പുറത്തു വിടുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒഴിവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബലാൽസംഗവും മറ്റു ലൈംഗിക കുറ്റകൃത്യങ്ങളും മറ്റും ഒഴിവാക്കിയാണ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി കാണിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം 2010 മുതൽ മൊത്തം കുറ്റകൃത്യങ്ങൾ പകുതിയായി കുറഞ്ഞതായാണ് കാണിക്കുന്നത്.


എന്നാൽ ഈ കണക്കുകൾ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കെതിരെയുള്ള പല കുറ്റകൃത്യങ്ങളും ഒഴിവാക്കുന്നതാണ് ഇതിന് കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഒ എൻ എസിന്റെ വാദം. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ഒഴിവാക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ വ്യാപ്തി മറയ്ക്കുവാൻ മനഃപൂർവ്വം സ്വീകരിക്കുന്ന നടപടിയാണെന്നാണ് വിമർശകർ പറയുന്നത്.

പലപ്പോഴും ഗാർഹിക പീഡനങ്ങളും മറ്റും റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്ററ്റിക്സിലെ ഹെലൻ റോസ് പറഞ്ഞു. പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, മോഷണം, കവർച്ച, ക്രിമിനൽ നാശനഷ്ടങ്ങൾ എന്നിവ മാത്രമേ കണക്കുകളിൽ കാണുകയുള്ളൂ . 2023ലെ കണക്കുകൾ പ്രകാരം 16 നും 59 നും ഇടയിൽ പ്രായമുള്ള 4 % സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. 2014 – മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

ബോൺമൗത്തിൽ ഇന്ന് നടന്ന കത്തി കൊണ്ടുള്ള ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു ബോൺമൗത്തിലെ മെയ്റിക്ക് റോഡിൽ കത്തിയും വടിയും ഉപയോഗിച്ച് രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയത്. ചെറുപ്പക്കാരായ ഏകദേശം ഇരുപതോളം ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിനിടയിൽ ‘ഫ്രീ ഫോർ ആൾ’ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നും സംഭവം കണ്ടുനിന്നവർ പറയുന്നു.

സംഭവത്തോട് അനുബന്ധിച്ച് മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ ഉള്ളതായി അറിയുന്നു. ഇതിൽ രണ്ടു പേർ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതിനും ഒരാൾ വടി ഉപയോഗിച്ച് ആക്രമണം നടത്തിയതിനുമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബോൺമൗത്തിലെ പൂൾ കോളേജിന് സമീപമുള്ള മെയ്റിക്ക് റോഡിൽ ആയിരുന്നു ഇന്നുച്ചയോടെ ആക്രമണം ഉണ്ടായത്. സമീപത്തെ സ്‌കൂളിൽ നിന്നും കുട്ടികളെ കൂട്ടുവാൻ വന്ന നിരവധി രക്ഷിതാക്കൾ ആക്രമണ സംഭവങ്ങൾക്ക് ദൃക്‌സാക്ഷികളാകേണ്ടി വന്നു.

 

 

 

 

 

 

 

 

 

 

സായുധ പോലീസ് ഉൾപ്പെടെ വൻസംഘം പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തിയത് സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ സഹായകരമായി. സംഭവത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തതാണ് ആവില്ലെന്നും ഡോർസെറ്റ് പോലീസ് വക്താവ് അറിയിച്ചു.

നോർഫോക്കിലെ വീട്ടിൽ രണ്ട് പെൺകുട്ടികളും യുവതിയും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചവരുടെ ശരീരത്തിൽ കഴുത്തിൻെറ ഭാഗത്തായി ആഴമേറിയ മുറിവുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ജനുവരി 19-നാണ് ജാസ്മിൻ കുസിൻസ്‌ക (12), നതാഷ കുസിൻസ്‌ക (8) കാന്റിച്ച സുക്‌പെങ്‌പാനോയ്‌ (36)എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

പെൺകുട്ടികളുടെ പിതാവെന്ന് കരുതപ്പെടുന്ന 45 കാരനായ ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും ബാർട്ട്ലോമിജ് കുസിൻസ്കിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ ശരീരത്തിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് നോർഫോക്ക് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ നിരവധി കുത്തുകളേറ്റതാണ് സ്ത്രീയും കുട്ടികളും മരിച്ചതിന് കാരണമെന്ന് കണ്ടെത്തി.

ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവത്തിലുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായി അറിയിച്ചു. അന്വേഷണത്തിൽ തങ്ങളെ സഹായിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രദേശത്തെ പട്രോളിങ് തുടരുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗികളെ ഉപദ്രവിക്കുകയും രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എൻഎച്ച് എസ് ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരേ ആശുപത്രിയിൽ നിന്ന് തന്നെ ഇത്രയധികം ജീവനക്കാർക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂർവ്വമാണ്. ഇതിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്.

ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാർ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്. സസ്പെൻഡ് ചെയ്ത ജീവനക്കാരിൽ ഡോക്ടർമാർ, നേഴ്സുമാർ, ഹെൽത്ത് കെയർ അനസ്തേഷ്യന്മാർ, നോൺ ക്ലിനിക്കൽ സ്റ്റാഫ് എന്നിവരടക്കമുള്ള രജിസ്റ്റർ ചെയ്ത പ്രൊഫഷനലുകൾ ഉൾപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രോഗികളുടെ മരണങ്ങളോ മറ്റൊ അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടോ എന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ ഹോസ്പിറ്റൽ ട്രസ്റ്റ് വിസമ്മിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളെ സംരക്ഷിക്കുന്നതിനുള്ള മതിയായി ജീവനക്കാർ ആശുപത്രിയിൽ ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ രോഗികൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ പരിചരണം നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ നോട്ടിംഗ് ഹാം ഷെയർ ഹെൽത്ത് കെയർ പ്രതിജ്ഞാബദ്ധരാണെന്ന് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു

സാലിസ്ബറി: സാലിസ്ബറിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. സാലിസ്ബറിക്കടുത്ത് ഫോർഡിംഗ്ബ്രിഡ്ജിൽ താമസമാക്കിയിട്ടുള്ള തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വിന്നി ജോണിന്റെ ഭാര്യ ബീന വിന്നിയാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങിയത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ഏറെ നാൾ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സൗത്താംപ്ടൺ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷൻ അംഗവും കൂടിയാണ് . സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി , എക്സിക്യൂട്ടീവ് മെമ്പർ, പ്രോഗ്രാം കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബീന വിന്നി സാലീസ്ബറിയിലെ മതാധ്യാപക കൂടിയായിരുന്നു

സാലിസ്ബറിയിലെ ആദ്യകാല മലയാളികളിലൊരാളായ ബീന വിന്നി ഏവർക്കും ചിരപരിചിതയായിരുന്നു. വിന്നി ബീന ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. സൈക്കോളജിയിൽ ബിരുദം നേടിയ റോസ്മോൾ വിന്നിയും സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റിച്ചാർഡ് വിന്നിയും മക്കളാണ്. എറണാകുളം കോതമംഗലം സ്വദേശിയാണ് ബീന വിന്നി.

ബീന വിന്നിയുടെ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒന്നൊഴിയാതെ വരുന്ന കൊടുങ്കാറ്റിന്റെ ഭീതിയിലാണ് യുകെ. ഇഷ കൊടുങ്കാറ്റ് നാശംവിതച്ച് രണ്ടുപേർ മരിച്ചതിന് പിന്നാലെ പുതിയ കൊടുങ്കാറ്റ് യുകെയിലെത്തുന്നു. ജോസെലിൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊടുങ്കാറ്റ് യുകെയിൽ 76 മൈൽ വേഗത്തിൽ ആഞ്ഞടിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൊവ്വാഴ്ച യുകെയിലെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ഇന്ന് കാറ്റ് ആഞ്ഞുവീശുമെന്നാണ് കരുതപ്പെടുന്നത്. വെൽഷ് ഗ്രാമമായ അബർഡറോണിൽ ഇതുവരെ 76 മൈൽ വേഗതയിൽ ശക്തിയേറിയ കാറ്റ് വീശിയതായാണ് റിപ്പോർട്ടുകൾ. സ്കോട്ട് ലൻഡിലെ പലസ്ഥലങ്ങളിലും ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് വീടുകളിൽ പവർകട്ട് ബാധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ചില ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിലാണ് . ഇന്ന് പുലർച്ചെയാണ് ഏറ്റവും ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നത്. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ രാത്രി മുഴുവൻ മഴയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട് . ജോസെലിൻ കൊടുങ്കാറ്റ് വീശുന്നതിനാൽ കൂടുതൽ പവർകട്ടുകൾക്കും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് എൻ എച്ച് എസ് പുതിയ ചികിത്സാരീതി നടപ്പിലാക്കി തുടങ്ങി. യുകെയിൽ ആദ്യമായി സോമർ സെറ്റിലാണ് രോഗികൾക്ക് പുതിയ ഗുളിക നൽകിയത്. എൻഎച്ച്എസ്സിന്റെ ഭാഗമായി ആദ്യമായി ഈ പുതിയ ചികിത്സ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സോമർ സെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ പ്രൊഫ. റിച്ചാർഡ് വെൽബോൺ പറഞ്ഞു.

ടൗണ്ടണിലെ മസ്ഗ്രോവ് പാർക്ക് ഹോസ്പിറ്റലിൽ രണ്ട് രോഗികൾക്കാണ് ആദ്യമായി മരുന്ന് നൽകിയത്. മറ്റ് മൂന്ന് രോഗികൾക്ക് കൂടി ഫെബ്രുവരി ആദ്യം ചികിത്സ ലഭ്യമാക്കും. ഒരു ഡസനോളം മറ്റ് രോഗികൾക്കും ചികിത്സയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ 4000 പൗണ്ട് ചിലവ് വരുന്ന ചികിത്സയാണ് ഇത്.

 

രോഗികൾക്ക് ഗ്യാസ്ട്രിക് ബലൂൺ അടങ്ങിയ ഗുളികകൾ നൽകിയതിനു ശേഷം അതിൽ വെള്ളം നിറയ്ക്കുന്നതാണ് ചികിത്സാരീതി. ചികിത്സ ലഭിക്കുന്നവർക്ക് കൂടുതൽ നേരം വയറ് നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നതു കൊണ്ട് അവർ വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുകയുള്ളൂ. 15 മിനിറ്റ് സമയം കൊണ്ട് ചികിത്സ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ളതും ഇതിൻറെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020 -ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് കെയർ എക്സലൻസ് (നൈസ് ) ഈ ചികിത്സാ രീതിയ്ക്ക് അംഗീകാരം നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ലിവർപൂളിൽ താമസിക്കുന്ന ബോബി ഉമ്മൻ്റെ അമ്മ അന്നമ്മ ആൻറണി ( 79) നിര്യാതയായി. ലിവർപൂളിൽ വച്ച് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

അന്നമ്മ ആൻറണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved