ന്യൂസ് ഡെസ്ക്
ഹോർഷാം ലെവൽ ക്രോസിങ്ങിൽ കാറിൽ ട്രെയിനിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട കാർ ഇടിയുടെ ശക്തിയിൽ രണ്ടായി മുറിഞ്ഞുപോയി. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചു. സസക്സ് പോലീസും എമർജൻസി സർവീസുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബർണസ് ഗ്രീൻ ക്രോസിങ്ങിലാണ് അപകടം നടന്നത്. ക്രോസിങ്ങിലെ ബാരിയറിനു കേടു പറ്റിയിട്ടില്ല. കാർ ബാറിയറിന്റെ സൈഡിലൂടെ റെയിൽ ലൈൻ മറികടന്നപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രാവിലെ ഒൻപതു മണിയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ ബന്ധപ്പെടാനുമുള്ള ശ്രമത്തിലാണ് പോലീസ്. നീല നിറത്തിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. ചില ട്രെയിനുകൾ അപകടത്തെത്തുടർന്ന് ക്യാൻസൽ ചെയ്തിട്ടുണ്ട്. ഈ റൂട്ടുകൾ കഴിയുന്നതും യാത്രക്കാർ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
നിരവധി യുവതികളാണ് ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേക്ക് മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്നരായെത്തിയത്. യാതൊരു മടിയും കൂടാതെ വേദിയിലേക്ക് കുതിച്ചെത്തിയ ഒരു കൂട്ടം യുവതികളെ കണ്ട് വന്‍ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. വെറുതെ ആയിരുന്നില്ല ഇവര്‍ മേല്‍വസ്ത്രം ധരിക്കാതെ എത്തിയത്. മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍ ധരിക്കുന്നതിനെതിരായുള്ള പ്രതിഷേധമായിരുന്നു യുവതികള്‍ ഫ്‌ളാഷ് മോബ് പോലെ സംഘടിപ്പിച്ചത്. വേഗന്‍ പ്രതിഷേധക്കാര്‍ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടിയാണ് ഇങ്ങനെ അര്‍ധനഗ്നരായി വേദിയിലെത്തിയത്. നിങ്ങള്‍ സ്വന്തം തൊലി ധരിക്കുക എന്ന മുദ്രാവാക്യം ശരീരത്ത് പെയിന്റ് കൊണ്ട് എഴുതി വെയ്ക്കുകയും ചെയ്തിരുന്നു. മൃഗങ്ങളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനായിരുന്നു ഇവര്‍ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്.
മനുഷ്യരുടെ ഈ പ്രവര്‍ത്തിയെ പേടിച്ച് മിക്ക മൃഗങ്ങളും മാളങ്ങളിലും ഗുഹകളിലും ഒതുങ്ങി ജീവിക്കുകയാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. വിഷംവച്ചും ഗ്യാസ് പ്രയോഗത്താലും വൈദ്യുതി ഏല്‍പ്പിച്ചും കഴുത്ത് മുറിച്ചുമാണ് വെറും വസ്ത്രത്തിന് വേണ്ടി മനുഷ്യര്‍ മൃഗങ്ങളെ കൊല്ലുന്നതെന്നും പേറ്റ പ്രതിഷേധത്തോടെ ഉയര്‍ത്തിക്കാട്ടുന്നു. തൊലിക്ക് വേണ്ടി കന്നുകാലികളെ കൊല്ലുന്നത് വേദന അനുഭവിപ്പിച്ചാണെന്നും ഈ ഗ്രൂപ്പ് വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോര്‍ സ്റ്റുഡിയോക്ക് പുറത്തായിരുന്നു പ്രതിഷേധം. വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നത് ശരിയായ നടപടിയല്ലെന്നാണ് സംഘടനയുടെ ഡയറക്ടര്‍ എലിസ അല്ലെന്‍ പ്രതികരിച്ചത്. നൂതനവും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ വേഗന്‍ തുണിത്തരങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടും മൃഗങ്ങളെ ഉപയോഗിച്ചുള്ള തുണിത്തരങ്ങള്‍ ധരിക്കുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ചിത്രങ്ങള്‍ കാണാം
ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നിരവധി കുട്ടികളെ രക്ഷിച്ചത് ഇന്ത്യ വംശജയായ അധ്യാപികയുടെ സമയോചിതമായ ഇടപെടല്‍ മൂലം. 17 പേര്‍ ദാരുണമായി കൊലചെയ്യപ്പെട്ട വെടിവെപ്പില്‍ തന്റെ ക്ലാസ്‌റൂം പുര്‍ണ്ണമായും അടച്ചു പൂട്ടിയ ശാന്തി വിശ്വനാഥന്‍ എന്ന അധ്യാപിക നടത്തിയ ഇടപെടല്‍ നിരവധി കുട്ടികളെയാണ് അക്രമികളില്‍ നിന്നും രക്ഷിച്ചത്.
ബുധനാഴ്ച്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ആ സമയത്ത് അലാറം ശബ്ദം ഉയര്‍ന്നതോടെ ക്ലാസ് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശാന്തി കുട്ടികളെ തറയില്‍ കിടത്തി. കുട്ടികളെ ക്ലാസ് മുറിയില്‍ ഒളിപ്പിച്ചതോടെ അക്രമിക്ക് ഇവരെ അപായപ്പെടുത്താന്‍ കഴിഞ്ഞില്ല. സമയോചിതമായ ഈ ഇടപെടല്‍ അപകടത്തിന്റെ തോത് കുറച്ചതായി സണ്‍ സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യാപിക ശാന്തി വിശ്വനാഥന്റെ ധൈര്യപൂര്‍വ്വവും സമയോചിതവുമായ ഇടപെടല്‍ മൂലം ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ തിരിച്ചുകിട്ടി. ബുദ്ധിയും ധൈര്യവും ഒരുപോലെ പ്രകടിപ്പിച്ച അധ്യാപികയ്ക്ക് നന്ദിയെന്നും കുട്ടികളുടെ അമ്മമാരില്‍ ഒരാള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ അവസാനിച്ചതിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതുവരെ കുട്ടികളെ സംരക്ഷിക്കാന്‍ അധ്യാപികയായ ശാന്തി വിശ്വനാഥന് കഴിഞ്ഞു.
വാഹനങ്ങള്‍ ഏത് സമയത്തും തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ പോലീസിന് അധികാരമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി പോലീസ് വാഹനം പരിശോധിച്ചാല്‍ നാം പരിഭ്രാന്തരാകും. ഇത്തരം ഘട്ടങ്ങളില്‍ നാം എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം. നിയമ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കില്‍ പോലും ചില സാഹചര്യങ്ങളില്‍ പൊലീസ് നിങ്ങളുടെ വാഹനത്തെ തടഞ്ഞു നിര്‍ത്തി പരിശോധിക്കാനുള്ള സാധ്യതയുണ്ട്. അത്തരം അവസരങ്ങളില്‍ സംയമനം പാലിച്ച് അന്വേഷണവുമായി സഹകരിക്കുകയെന്നതാണ് നാം ആദ്യമായി ചെയ്യേണ്ടത്.
വാഹനം തടഞ്ഞു നിര്‍ത്തിയതിനു ശേഷം നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എംഒടി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കാം. പരിശോധനാ സമയത്ത് നിങ്ങളുടെ കൈവശം പ്രസ്തുത രേഖകളൊന്നുമില്ലെങ്കില്‍ ഒരാഴ്ച വരെ സമയം സാധാരണഗതിയില്‍ നല്‍കാറുണ്ട്. ഈ സമയത്തിനുള്ളില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഇവ ഹാജരാക്കിയാല്‍ മതിയാകും.
പരിശോധനാ സമയത്ത് നിങ്ങള്‍ മദ്യപിച്ചിരുന്നോ എന്നത് രേഖപ്പെടുത്താനാണ് പൊലീസ് നിങ്ങളെ ബ്രത്ത്‌ലൈസര്‍ ടെസ്റ്റ്‌ന് വിധേയമാക്കുന്നത്. പൊലീസ് ഓഫീസര്‍ക്ക് നിങ്ങള്‍ മദ്യപിച്ചിരുന്നതായി സംശയം തോന്നിയാല്‍ ഡ്രഗ് ടെസ്റ്റ്, ബ്രെത്ത് ടെസ്റ്റ്, ഫിസിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് നിങ്ങളെ വിധേയമാക്കാന്‍ അവകാശമുണ്ട്. ഇത്തരം ടെസ്റ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരമുണ്ട്. അനുവദനീയമായതിലും കുറവാണ് നിങ്ങള്‍ മദ്യപിച്ചിരിക്കുന്നതെങ്കില്‍ വെറുതെ വിടാനും നിയമം അനുശാസിക്കുന്നു.
റോഡില്‍ വെച്ച് നടക്കുന്ന ആദ്യ ടെസ്റ്റിലും പിന്നീട് സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലും മദ്യപിച്ചുള്ള ഡ്രൈവിംഗ് തെളിഞ്ഞാല്‍ പിഴയോ തടവ് ശിക്ഷയോ അനുഭവിക്കേണ്ടി വരികയും ചെയ്യും. അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മറ്റൊരു വാഹനത്തിന് ചേര്‍ന്ന് വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ 200 പൗണ്ട് പിഴയൊടുക്കുകയും ലൈസന്‍സിലേക്ക് പെനാല്‍റ്റി പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യപ്പെടാം.
മൂന്ന് വര്‍ഷത്തിനിടയ്ക്ക് 12 പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് അസാധുവാക്കപ്പെടുന്നതാണ്. ഇതൊന്നുമല്ലാതെ ഡ്രൈവിംഗ് പരിശീലനം നല്‍കുക, മുന്നറിയിപ്പ് മാത്രം നല്‍കി വെറുതെ വിടുക തുടങ്ങിയ നടപടി ക്രമങ്ങളും പൊലീസിന് സ്വീകരിക്കാം.
മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും തങ്ങള്‍ മാരക രോഗികളാണെന്ന് ഭയപ്പെടുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ഇക്കാരണം കൊണ്ട് ബഹുഭൂരിപക്ഷവും ജിപി അപ്പോയിന്റ്‌മെന്റുകളെ ഭയക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2,400 യുവതീയുവാക്കളില്‍ നടത്തിയ ഗവേഷണത്തില്‍ 61 ശതമാനം ആളുകളും ഇത്തരം പേടി കാരണം ഡോക്ടര്‍മാരുമായുള്ള അപ്പോയിന്റ്‌മെന്റുകളെ ഭയക്കുന്നതായി പറയുന്നു. പഠനത്തിന് വിധേയരായവരില്‍ പകുതിയിലേറെപ്പേരും രോഗം തെളിഞ്ഞു കഴിഞ്ഞാല്‍ അത് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഭയം കാരണം ഡോക്ടര്‍മാരുടെ അടുക്കല്‍ പോകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ക്രഷ് യുവര്‍ ഫോഫോ എന്ന ക്വിസിനു വേണ്ടി ആബ്‌വീ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. മനുഷ്യന്റെ മാനസികാരോഗ്യ നിലവാരത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ചോദ്യാവലിയെ ഫിയര്‍ ഓഫ് ഫൈന്‍ഡിംഗ് ഔട്ട്(FOFO) എന്നാണ് വിദഗ്ദ്ധര്‍ വിളിക്കുന്നത്.
ഓണ്‍ലൈനില്‍ കളിക്കാന്‍ പറ്റുന്ന ഗെയിം ആയാണ് ക്രഷ് യുവര്‍ ഫോഫോ (www.crushyourfofo.co.uk) ഒരുക്കിയിരിക്കുന്നത്. നമ്മള്‍ ഭയപ്പാടോടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ കണ്ടെത്തുന്നതിന് ഏറെ സഹായകരമാണ് ഈ ഗെയിം. ഡോക്ടര്‍മാരുടെ സേവനം തേടേണ്ട സാഹചര്യങ്ങളില്‍ മനസ്സാന്നിധ്യത്തോടെ ഡോക്ടറെ സമീപിക്കുന്നതിന് ആളുകളെ പ്രാപ്തരാക്കുന്നതിന് ഫോഫോ സഹായിക്കുന്നു. 47 കാരനായ മാര്‍ക്ക് മക്ഗവേണ്‍ പലവിധ രോഗ ലക്ഷണങ്ങളെയും നിസ്സാരവല്‍ക്കരിച്ച് ഡോക്ടര്‍മാരുടെ സേവനം ഒരിക്കല്‍ പോലും തേടാതെ വര്‍ഷങ്ങളോളം ജീവിച്ചയാളാണ്. അതിന്റെ പരിണിതഫലം വളരെ രൂക്ഷമായി അനുഭവിച്ച ഒരാള്‍ കൂടിയാണ് മാര്‍ക്ക്. 2011 ല്‍ അമിത മൂത്രശങ്ക, അമിതമായ ദാഹം, തളര്‍ച്ച തുടങ്ങിയവ അനുഭവപ്പെട്ടിരുന്ന മാര്‍ക്ക് പക്ഷേ ഇവയ്‌ക്കൊന്നും ഡോക്ടര്‍മാരുടെയോ വിദഗ്ദ്ധരുടെയോ അടുത്ത് ചികിത്സയ്ക്ക് പോയിരുന്നില്ല. പ്രായത്തിന്റേതായ പ്രശ്‌നങ്ങളാണ് ഇവയെന്നാണ് താന്‍ ആദ്യം ധരിച്ചിരുന്നതെന്ന് മാര്‍ക്ക് പറയുന്നു.
ചെറിയ ഇത്തരം ലക്ഷണങ്ങളുമായി ജിപിയെ കാണാന്‍ പോകേണ്ടതില്ലെന്ന് താന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നതായി മാര്‍ക്ക് പറയുന്നു. രോഗ ലക്ഷണങ്ങളുമായി ജീവിച്ച മാര്‍ക്കിന്റെ ആരോഗ്യ നിലയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുന്നത് 2016 ലാണ്. രോഗ ലക്ഷണങ്ങളെ അവഗണിച്ച മാര്‍ക്കിന് പക്ഷാഘാതം ഉണ്ടായി. തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന ഈ രോഗാവസ്ഥ ശരീരത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃ്ഷ്ടിക്കുന്നതാണ്. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മരിക്കാന്‍ പോകുകയാണ് എന്ന പ്രതീതിയാണ് ഉണ്ടായിരുന്നതെന്ന് മാര്‍ക്ക് പറയുന്നു.
ചികിത്സയ്ക്കിടയില്‍ മാര്‍ക്ക് വര്‍ഷങ്ങളായി ടൈപ്പ് 2 ഡയബറ്റിസിന് അടിമയായിരുന്നുവെന്ന് കണ്ടെത്തി. രോഗം ശ്രദ്ധിക്കാതിരുന്നതാണ് മാര്‍ക്കിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് എത്തിച്ചത്. നേരത്തെ രോഗനിര്‍ണ്ണയം നടത്തിയിരുന്നെങ്കില്‍ പക്ഷാഘാതം തടയമായിരുന്നു. ആരോഗ്യ സംരക്ഷിക്കുകയും തക്ക സമയത്ത് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നത് ജീവിതത്തില്‍ പ്രധാനമാണെന്ന് മാര്‍ക്ക് പറയുന്നു.
ന്യൂയോര്‍ക്ക്: ഹാപ്പി മീല്‍ മെനുവില്‍ നിന്ന് മക്‌ഡൊണാള്‍ഡ്‌സ് ചീസ്ബര്‍ഗറുകള്‍ ഒഴിവാക്കുന്നു. അമേരിക്കയിലെ ഔട്ട്‌ലെറ്റുകളിലാണ് ഈ പരിഷ്‌കാരം ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണം സംബന്ധിച്ചുള്ള പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഇതനുസരിച്ച് മെനുവില്‍ നിന്ന് ചോക്കളേറ്റ് മില്‍ക്ക് ഒഴിവാക്കും. പകരം ബോട്ടില്‍ഡ് വാട്ടര്‍ നല്‍കാനാണ് തീരുമാനം. കൂടുതല്‍ ആരോഗ്യകരമായ പാനീയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കാനാണ് നീക്കം. ഒപ്പം കുട്ടികള്‍ക്കായുള്ള സിക്‌സ് പീസ് ചിക്കന്‍ മക്‌നഗ്ഗെറ്റ് മൈറ്റി മീല്‍സിനൊപ്പം നല്‍കിയിരുന്ന ഫ്രൈസിന്റെ അളവ് പകുതിയായി കുറച്ചിട്ടുമുണ്ട്.
ഭക്ഷണത്തിലെ കലോറി കുറയ്ക്കാനും സോഡിയം, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ കുറയ്ക്കാനുമുള്ള മക്‌ഡൊണാള്‍ഡ്‌സിന്റെ ആഗോളതലത്തിലുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. യുകെയില്‍ ഇത് നേരത്തേതന്നെ നടപ്പിലാക്കിയിരുന്നു. 2022ഓടെ ഡ്രൈവ്ത്രൂ, റെസ്‌റ്റോറന്റുകള്‍, ഡിജിറ്റല്‍ മെനുകള്‍ എന്നിവയിലൂടെ നല്‍കുന്ന ഹാപ്പി മീലുകളിലെ കലോറി മൂല്യം 600 ആയി കുറയ്ക്കാനാണ് ഫാസ്റ്റ് ഫുഡ് ഭീമന്‍ ശ്രമിക്കുന്നത്. ഒഴിവാക്കുന്ന ചീസ്ബര്‍ഗറുകളും ചോക്കളേറ്റ് മില്‍ക്കും വാങ്ങാന്‍ ലഭിക്കുമെങ്കിലും മെനുവില്‍ നിന്ന് ഒഴിവാക്കുന്നത് അത് ഓര്‍ഡര്‍ ചെയ്യുന്ന നിരക്ക് കുറയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്.
നാല് വര്‍ഷം മുമ്പ് കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയതോടെ അവയ്ക്കായുള്ള ഓര്‍ഡറുകള്‍ 14 ശതമാനത്തോളം കുറഞ്ഞുവെന്നാണ് മക്‌ഡൊണാള്‍ഡ്‌സ് അവകാശപ്പെടുന്നത്. ഫ്രൈസിന് പകരം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ മെനു അവതരിപ്പിക്കാനുള്ള പദ്ധതികളും മക്‌ഡൊണാള്‍ഡ്‌സിനുണ്ട്. സ്‌പെയിനിലുള്ള കമ്പനിയുടെ റെസ്റ്റോറന്റുകളില്‍ പൈനാപ്പിള്‍ സ്പിയറുകളും ചൈന, ജപ്പാന്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ കുക്ക്ഡ് കോണും ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.
ഹാപ്പി മീലുകള്‍ പ്രോത്സാഹിപ്പിക്കാന്‍ അതിനൊപ്പം ടോയ്‌സ് നല്‍കുന്നതില്‍ മക്‌ഡൊണാള്‍ഡ്‌സ് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇനി കളിപ്പാട്ടങ്ങള്‍ക്ക് പകരം പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം ഔട്ട്‌ലെറ്റുകളില്‍ ഇവ ലഭ്യമാകും. അമേരിക്കയില്‍ ഈ മാറ്റങ്ങള്‍ ജൂണില്‍ നിലവില്‍ വരും. ഫ്രൈസിനൊപ്പമുള്ള ചീസ്ബര്‍ഗര്‍ ഹാപ്പിമീലും സ്‌ട്രോബെറി മില്‍ക്ക്‌ഷേക്കും 738 കലോറിവരുമെന്നാണ് കണക്കാക്കുന്നത്.
ലണ്ടന്‍: 55 വയസ്സിനു താഴെയുള്ളവര്‍ക്ക് 10,000 പൗണ്ട് വീതം നല്‍കാന്‍ ദി റോയല്‍ സോസൈറ്റി ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് ദി ആര്‍ട്‌സ്, മാനിവാക്‌ച്ചേര്‍സ് ആന്റ് കോമേഴ്‌സ് (ആര്‍എസ്എ) ശുപാര്‍ശ ചെയ്തു. രണ്ടു വര്‍ഷത്തിനിടയ്ക്ക് രണ്ടു തവണകളായി 5,000 പൗണ്ട് വീതം നല്‍കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചില ബെനിഫിറ്റുകളും നികുതിയിളവുകളും ഇത് നല്‍കുന്നതോടെ പിന്‍വലിക്കാനും നിര്‍ദേശമുണ്ട്. മാറുന്ന സാഹചര്യങ്ങളില്‍ ജോലി നഷ്ടപ്പെടല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരം എന്ന നിലയ്ക്കാണ് പുതിയ പദ്ധതി കണക്കാക്കപ്പെടുന്നത്. 2020 ഓടെ ഓട്ടോമേഷന്‍ മൂലം ജോലി നഷ്ടമാകുന്ന യുകെ പൗരന്മാര്‍ക്കും സോഷ്യല്‍ കെയര്‍ സഹായം തേടേണ്ടി വരുന്നവര്‍ക്കും പുതിയ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം ഉപകാരം ചെയ്യും.
രണ്ട് വര്‍ഷത്തിനിടയില്‍ 5,000 പൗണ്ട് വീതം രണ്ട് തവണകളായിട്ടാണ് പണം നല്‍കേണ്ടതെന്നാണ് ആര്‍എസ്എ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പണം ലഭിക്കുന്നവര്‍ തങ്ങള്‍ ഈ പണം എന്തിനായിട്ടാണ് ഉപയോഗിക്കുകയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നല്‍കുന്ന പണം ജനങ്ങളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദഗ്ദ്ധ്യമില്ലാത്ത ജോലിയില്‍ തുടരുന്ന ഒരാള്‍ക്ക് തന്റെ കരിയര്‍ മെച്ചപ്പെടുത്താനും പുതിയ ജോലിയിലെത്താനും ഈ തുക ഉപകാരപ്രദമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രചോദനമാകാന്‍ ഈ ഫണ്ടിനു കഴിഞ്ഞേക്കും.
പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ ചൈല്‍ഡ് ബെനഫിറ്റ്, നികുതിയിളവ്, ജോബ് സീക്കര്‍ അലവന്‍സ് തുടങ്ങിയവ ഷ്ടമാകുമെന്നാണ് കരുതുന്നത്. വര്‍ഷം 14.5 ബില്ല്യണ്‍ വീതം വകയിരുത്തിയാല്‍ ഏതാണ്ട് 13 വര്‍ഷം കൊണ്ട് രാജ്യത്തെ പകുതിയോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം സര്‍ക്കാര്‍ തലത്തിലെ സേവിംഗ്‌സില്‍ നിന്ന് എടുത്ത നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഒരു യൂണിവേഴ്‌സല്‍ ബേസിക്ക് ഇന്‍കം എന്ന പദ്ധതിയുടെ സാധ്യതകള്‍ തങ്ങള്‍ അന്വേഷിച്ചു വരികയായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നു. ജോലിയടിസ്ഥാനത്തിലും മറ്റു തലങ്ങളിലും ഭാവിയില്‍ ഉയര്‍ന്നേക്കാവുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് എതിരെ കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് പുതിയ ആര്‍എസ്എ റിപ്പോര്‍ട്ടെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ ട്രഷറി മിനിസ്റ്റര്‍ ജോനാദന്‍ റെയ്‌നോള്‍ഡ്‌സും അഭിപ്രായപ്പെട്ടു.
ലോകത്തിലെ തന്നെ മികച്ച അധ്യാപനത്തിലുളള അവാര്‍ഡ് പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറാക്കോ. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റില്‍ സ്ഥിതിചെയ്യുന്ന ആല്‍പ്പേര്‍ട്ടണ്‍ കമ്യൂണിറ്റി സ്‌കുളിലെ അധ്യാപികയാണ് ആന്‍ഡ്രിയ സാഫിറാക്കോ. ആന്‍ഡ്രിയ പഠിപ്പിക്കുന്ന കുട്ടികളില്‍ പലരും ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഇവരില്‍ പലരും തങ്ങളുടെ ഹോം വര്‍ക്കുകള്‍ ചെയ്യുന്നത് ബാത്‌റൂമുകളില്‍ വെച്ചാണ്. നാലാമത് വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് ആന്‍ഡ്രിയ സാഫിറോക്കോ. അവാര്‍ഡിനെപ്പറ്റി വായിച്ചറിഞ്ഞതിനു ശേഷമാണ് ആപ്ലിക്കേഷന്‍ അയക്കാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ സമൂഹത്തില്‍ വലിയ മൂല്യങ്ങള്‍ സൂക്ഷിക്കുന്നവരാണ്. നന്മയോടെയുള്ള പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജോലിയെടുക്കുന്നവരാണ് അധ്യാപകര്‍. അത്തരത്തിലുള്ള കാര്യങ്ങള്‍ സമൂഹം അറിയേണ്ടതുണ്ട്; ആന്‍ഡ്രിയ പറയുന്നു.
രാജ്യത്തെ തന്നെ ഏറ്റവും ദരിദ്ര വിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളാണ് ആന്‍ഡ്രിയയുടെ സ്‌കൂളില്‍ പഠിക്കുന്നത്. സാംസ്‌കാരികപരമായും ഭാഷാപരമായും വ്യത്യസ്ഥത പുലര്‍ത്തുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ പഠനത്തിനായി എത്തുന്നുണ്ട്. ഗുജറാത്തിയും ഹിന്ദിയും തമിഴും പോര്‍ച്ചുഗീസും ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളാണിവര്‍. ആന്‍ഡ്രിയക്ക് 35 ഭാഷകളില്‍ കുട്ടികളെ അഭിസംബോധന ചെയ്യാറുണ്ട്. മാതൃ ഭാഷയില്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നത് സാംസ്‌കാരികപരമായി കുട്ടികളോടുള്ള അടുപ്പം സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് ആന്‍ഡ്രിയ കരുതുന്നു. കൂടാതെ തനത് ഭാഷയില്‍ കുട്ടികളോട് സംവദിക്കുന്നത് കുട്ടികളും സ്‌കൂളും തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും ആന്‍ഡ്രിയ പറയുന്നു.
സ്‌കൂളിലെ മറ്റു അധ്യാപകരുമായി ചേര്‍ന്ന് കുട്ടികളുടെ ജീവിതാവസ്ഥയ്ക്ക് അനുസൃതമായ രീതിയില്‍ പാഠ്യപദ്ധതി ഉടച്ചു വാര്‍ക്കുകയും കുട്ടികളുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നു. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുക, കുട്ടികളുമായി ഒന്നിച്ചു യാത്ര ചെയ്യുക, അവരെ സ്‌കൂളിലേക്ക് സ്വീകരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആന്‍ഡ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകര്‍ക്കായി നല്‍കുന്ന വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് അധ്യാപകര്‍ക്കായി നല്‍കുന്ന നോബേല്‍ പ്രൈസായിട്ടാണ് കണക്കാക്കപ്പെടുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന അധ്യാപകരെ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യമാണ് വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ് ചെയ്യുന്നത്.
പാര്‍ക്ക് ലാന്‍ഡ്, ഫ്ളോറിഡ: ഫ്‌ളോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ബുധനാഴ്ച്ച നടന്ന വെടിവെപ്പിനിടെ നിരവധി കുട്ടികളെ മരണത്തില്‍ നിന്നും രക്ഷിച്ച് സ്‌കൂളിലെ ഫുട്ബോള്‍ കോച്ച് ആരണ്‍ ഫീസ്. സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിക്ക് മുന്നില്‍ സ്വയം കവചമായി നിന്ന ഇദ്ദേഹം നിരവധി കുട്ടികളെയാണ് രക്ഷിച്ചത്.
ആരോണിനെ അക്രമി വെടിവെച്ചു വീഴ്ത്തിയെങ്കിലും മരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. വെടിവെപ്പില്‍ സാരമായി പരിക്കേറ്റ ആരണ്‍ ഫീസ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. നിലവില്‍ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡ് കൂടിയാണ് ആരണ്‍. സ്വയം കവചമായി നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ആരണിന് ആദരവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരിക്കുന്നത്.
കുട്ടികളെ രക്ഷിച്ച ആരണിന്റെ ധീരമായ പ്രവൃത്തിയെ നിരവധി പേര്‍ നവമാധ്യങ്ങളില്‍ അഭിനന്ദിച്ചു. സ്‌കൂളിന്റെ സുരക്ഷക്കായി സ്വയം സമര്‍പ്പിച്ചയാളാണ് ആരണ്‍ എന്ന് ഒരു വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. അച്ചടക്ക നടപടി നേരിട്ടതിനേത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. ക്രൂസ് നടത്തിയ വെടിവെപ്പില്‍ ഏതാണ്ട് പതിനേഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.
ഭിക്ഷയെടുക്കാനോ ബെനഫിറ്റുകള്‍ കൈപ്പറ്റാനോ തയ്യാറല്ലാത്ത സ്റ്റീഫന്‍ പോപ് ഇപ്പോള്‍ ജീവിക്കുന്നത് ഒരു പഴയ ടെലിഫോണ്‍ ബൂത്തിനകത്താണ്. ബര്‍മിംഗ്ഹാമിലെ മൂന്നടി മാത്രം വിസ്താരമുള്ള ബിടി കിയോസ്‌കിനുള്ളിലാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇയാള്‍ താമസിക്കുന്നത്. വഴിയാത്രക്കാര്‍ നല്‍കുന്ന ചില്ലറകളാണ് ഇയാളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മുന്‍ ഡിമോളിഷന്‍ ജീവനക്കാരനായ പോപ് ഈ വിന്റര്‍ മുഴുവന്‍ ഈ കിയോസ്‌കിനുള്ളില്‍ കഴിച്ചുകൂട്ടിയെന്നത് അതിശയകരമാണ്.
മാതാപിതാക്കളുടെ മരിച്ചതോടെയാണ് ഇയാള്‍ക്ക് വീടില്ലാതായത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മാസങ്ങളുടെ വ്യത്യാസത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ വീട്ടില്‍ നിന്ന് ഇയാള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. തന്റെ ജീവിത സാഹചര്യങ്ങള്‍ ഭീതിദമാണെങ്കിലും അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് പോപ് പറയുന്നത്. പോകാന്‍ മറ്റിടങ്ങളില്ല, അതുകൊണ്ട് താന്‍ ഈ കിയോസ്‌കിനുള്ളില്‍ ചുരുണ്ടു കൂടുന്നു. പുറത്തെ മഞ്ഞുവീഴ്ചയില്‍ നിന്നും മഴയില്‍ നിന്നും തന്നെ രക്ഷിക്കുന്നത് ഈ കിയോസ്‌കാണ്.
തനിക്ക് വഴിയാത്രക്കാര്‍ നല്‍കുന്ന പണം മദ്യം കഴിക്കാനോ മയക്കുമരുന്നുകള്‍ക്കോ ഉപയോഗിക്കുന്നില്ല. ഭക്ഷണത്തിന് മാത്രമാണ് ഇത് താന്‍ ചെലവാക്കുന്നത്. താനൊരു മനുഷ്യ മൃഗശാലയിലാണ് കഴിയുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും പോപ്പ് പറഞ്ഞു. തനിക്ക് ഒരു സലഹോദനും സുഹൃത്തുക്കളുമുണ്ട്. എന്നാല്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങാനുമുള്ള സ്വപ്‌നങ്ങളും ഇയാള്‍ക്കുണ്ട്. ഹോസ്റ്റലുകളില്‍ താമസിക്കാനും തനിക്ക് താല്‍പര്യമില്ലെന്ന് പോപ്പ് പറയുന്നു. അവിടങ്ങളില്‍ താമസിക്കുന്നവര്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്നാണ് ഇദ്ദേഹം ന്യായീകരിക്കുന്നത്. അത്തരമൊരു ചുറ്റുപാട് തനിക്ക് യോജിച്ചതല്ലെന്നും പോപ്പ് വ്യക്തമാക്കി.