ജിമ്മി ജോസഫ്, ഗ്ലാസ്ഗോ

ഗ്ലാസ്ഗോയിലെ ആദ്യകാല മലയാളി കുടിയേറ്റക്കരനായിരുന്ന ഡോ.ജോര്‍ജ്ജ് മേച്ചേരില്‍ നിര്യാതനായി. ഗ്ലാസ്ഗോ മലയാളികള്‍ സ്നേഹപൂര്‍വ്വം ജോര്‍ജ്ജ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന ഇദ്ദേഹം യുകെയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസ്സില്‍ യുകെയിലെത്തിയ ഡോ. ജോര്‍ജ്ജ് മേച്ചേരില്‍ യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ വളരെ പരിചിതനും സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യവുമായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് ഹെയര്‍മയെര്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് ഡോ. ജോര്‍ജ്ജ് എഴുപതാം വയസ്സില്‍ മരണമടഞ്ഞത്.

ഗ്ലാസ്ഗോ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാകേരളത്തിന്‍റെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു ഡോ. ജോര്‍ജ്ജ്. പഴയ തലമുറയില്‍ പെട്ട ആളുകളെ കലാകേന്ദ്രയുടെ പ്രവര്‍ത്തനങ്ങളില്‍ അടുപ്പിച്ച് നിര്‍ത്തുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. സ്കോട്ട്ലന്‍ഡിലെ പ്രഥമ മലയാളി സംഘടനയായ ക്ലൈഡ് കലാസമിതിയുടെ നേതൃത്വത്തിലും ഡോ. ജോര്‍ജ്ജ് പ്രവര്‍ത്തന നിരതനായിരുന്നിട്ടുണ്ട്.

സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും ആകര്‍ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോ. ജോര്‍ജ്ജിന്‍റെ എന്ന് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ഡോ. ജോര്‍ജ്ജിന്‍റെ ആഗ്രഹപ്രകാരം സംസ്കാര ശുശ്രൂഷകള്‍ കേരളത്തിലായിരിക്കും  നടത്തുക. ഗ്ലാസ്ഗോ മലയാളികള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കോട്ടയം മണര്‍കാട് സെന്റ്‌ മേരീസ് ഇടവകക്കാരനാണ് ഡോ. ജോര്‍ജ്ജ് മേച്ചേരില്‍. ഭാര്യ റീന ജോര്‍ജ്ജ്. മക്കള്‍ ഡോ. സിമി ജോര്‍ജ്ജ്, ഡോ. റയാന്‍ ജോര്‍ജ്ജ്.