കെ ഡി ഷാജിമോന്‍
പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലി കൊണ്ടും ശ്രദ്ധേയമായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഈ കഴിഞ്ഞ ദിവസം അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂളില്‍ വെച്ച് പ്രസിഡന്റ് ജാനേഷ് നായരുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി അനീഷ് കുര്യനും വരവു ചെലവ് കണക്കുകള്‍ ട്രഷറര്‍ ജോര്‍ജ് വടക്കുംചേരിയും പൊതുയോഗത്തില്‍ അവതരിപ്പിച്ചു. അസോസിയേഷന്റെ സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍, ചാരിറ്റി രജിസ്‌ട്രേഷന്‍, മാഞ്ചസ്റ്റര്‍ മേള, മാഞ്ചസ്റ്റര്‍ ഡേ പരേഡ്, യുയുകെഎംഎ നോര്‍ത്ത് വെസ്റ്റ് ചാമ്പ്യന്‍സ്, യുയുകെഎംഎ ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുയോഗം വിലയിരുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.
അസോസിയേഷന്റെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുവാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും പൊതുയോഗം നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തെക്കുള്ള 15 അംഗ ട്രെയിനികളെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി അസോസിയേഷന്റെ പുരോഗതിയ്ക്കുവേണ്ടി നേതൃത്വം നല്‍കിയ പ്രസിഡന്റ് ജാനേഷ് നായരും സെക്രട്ടറി അനീഷ് കുര്യനും പടിയിറങ്ങിയപ്പോള്‍ പുതിയ പ്രസിഡന്റ് ആയി വില്‍സന്‍ മാത്യൂവിനെയും സെക്രട്ടറി ആയി കലേഷ് ഭാസ്‌കറിനെയും ട്രഷറര്‍ ആയി ജോര്‍ജ് വടക്കുംചേരിയേയും തിരഞ്ഞെടുത്ത പൊതുയോഗം മറ്റ് സ്ഥാനങ്ങളിലേയ്ക്ക് താഴെപറയുന്നവരെയും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് – കെ.ഡി. ഷാജിമോന്‍
ജോയിന്റ് സെക്രട്ടറി – അരുണ്‍ ചന്ദ്
ട്രസ്റ്റിമാരായി അനീഷ് കുര്യന്‍, ബിന്ദു പി കെ, ജയ സുധീര്‍, സാജു കാവുങ്ക, ജാനേഷ് നായര്‍, ദിനേശന്‍ ഡി കെ, രാധേഷ് നായര്‍, ഷീ സോബി, വിനോദ് രാജന്‍, മിനി രാജു മുതലായവരെയും തെരഞ്ഞെടുത്തു.
അസോസിയേഷന്റെ സപ്ലിമെന്ററി സ്‌കൂള്‍, മാഞ്ചസ്റ്റര്‍ പരേഡ്, മാഞ്ചസ്റ്റര്‍ മേള തുടങ്ങിയവരും വരും വര്‍ഷങ്ങളിലെ പ്രാതിനിധ്യവും ഇതര കമ്മ്യൂണിറ്റികളുമായുള്ള മള്‍ട്ടി കള്‍ച്ചറല്‍ സഹകരണം മികച്ചതാക്കാനും പുതുതായി നിലവില്‍ വന്ന ട്രസ്റ്റ് ബോര്‍ഡ് തീരുമാനിച്ചു. സ്വന്തമായ ആസ്ഥാന മന്ദിരം എന്ന ആശയം നടപ്പാക്കാനുള്ള പ്രാരംഭചര്‍ച്ചകള്‍ക്ക് തുടക്കം ഇടാനും പൊതുയോഗം തീരുമാനിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വില്‍സന്‍ മാത്യു, ഇന്റര്‍ സൈറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ യൂറോപ്പ് ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. റീന ആണ് ഭാര്യ. സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കലേഷ് ഭാസ്‌കര്‍ മാഞ്ചസ്റ്റര്‍ ഗാറ്റ്‌ലി പ്രൈമറി സ്‌കൂള്‍ മാനേജര്‍ ആയി ജോലി നോക്കുന്നു. ബിന്ദു ആണ് ഭാര്യ.
ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വടക്കുംചേരി സ്റ്റോക്ക് പോര്‍ട്ട് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി നോക്കുന്നു. റാണി ആണ് ഭാര്യ.
ലണ്ടന്‍: കനത്ത മഞ്ഞുവീഴ്ചയും ഹിമക്കാറ്റും വരും ദിവസങ്ങളിലുണ്ടാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ സിഗ്നലുകള്‍ പോലും ഇതു മൂലം തടസപ്പെടാന്‍ ഇടയുണെന്ന് മുന്നറിയിപ്പ് പറയുന്നു. പവര്‍ ലൈനുകളിലെ ഈര്‍പ്പം തണുപ്പില്‍ ഉറഞ്ഞ് ഇല്ലാതായാല്‍ അവ പൊട്ടിയേക്കാമെന്നും അതുമൂലം സിഗ്നലുകള്‍ തടസപ്പെടാമെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. പവര്‍കട്ടുകള്‍ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ട് യെല്ലോ വാണിംഗുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കാറ്റിന് നാളെ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴയു മഞ്ഞുവീഴ്ചയും ഈയാഴ്ച മുഴുവന്‍ തുടര്‍ന്നേക്കും. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ഹിമക്കാറ്റ് നോര്‍ത്ത് ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റിനും സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചക്കും കാരണമായേക്കും. നാല് ദിവസത്തേക്കെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം താപനില പൂജ്യത്തിനു താഴെയാകും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ കോള്‍ഡ് വെതര്‍ ഹെല്‍ക്ക് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്.
ഇംഗ്ലണ്ടിന്റെ സൗത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനിടയില്ലെന്നാണ് കരുതുന്നതെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ന് പുലര്‍ച്ചെയോടെ മഴയ്ക്ക് അല്‍പം ശമനമുണ്ടായേക്കും. കുംബ്രിയയില്‍ റോഡുകള്‍ മഞ്ഞില്‍ പുതച്ചതിനാല്‍ മഞ്ഞു നീക്കുന്ന വാഹനങ്ങളും ഷവലുകളുമായി ജനങ്ങളും രംഗത്തിറങ്ങി. നോര്‍ത്ത് വെസ്റ്റില്‍ കനത്ത മഞ്ഞുവീഴ്ച വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രവചനം. ലണ്ടനില്‍ കഴിഞ്ഞ രാത്രി -5 വരെ താപനില താഴുമെന്നായിരുന്നു മെറ്റ് ഓഫീസ് അറിയിച്ചിരുന്നത്.
കനത്ത മഞ്ഞില്‍ കുടുങ്ങിയ മൂന്ന് പേരെയാണ് മൗണ്ടന്‍ റെസ്‌ക്യു സംഘം ഇന്നലെ രക്ഷിച്ചത്. മണ്‍റോ മൗണ്ടന്‍സില്‍ കെയണ്‍ഗോം മൗണ്ടന്‍ റെസ്‌ക്യൂ സംഘം തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയ വിദേശിയെ ആശുപത്രിയിലാക്കി. സ്‌നോഡന്‍ റിഡ്ജില്‍ നിന്ന് രണ്ടു പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ലണ്ടന്‍: യൂണിവേഴ്‌സിറ്റി അധ്യാപകര്‍ സമരത്തിലേക്ക്. രാജ്യത്തെ 61 മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരാണ് അടുത്തയാഴഅച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റാഫ് പെന്‍ഷനില്‍ വരുത്തിയ മാറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസം നീളുന്ന സമര കാലയളവില്‍ അധ്യാപകര്‍ 14 ദിവസം പണിമുടക്കും. എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി അധ്യാപക സമരത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കുന്ന തങ്ങള്‍ക്ക് ഒരു മാസത്തോളം ലെക്ചറുകള്‍ ലഭിക്കാത്തത് വന്‍ നഷ്ടമാണ് വരുത്തുന്നതെന്നും അതിനുള്ള നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
9000 പൗണ്ടാണ് യൂണിവേഴ്‌സിറ്റികളില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസായി വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത്. മുന്‍കൂറായി ഈ തുക നല്‍കിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ ആശങ്കാകുലരാണ്. സമരം മൂലം മുടങ്ങുന്ന ലെക്ചറുകള്‍ക്ക് തങ്ങള്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരാതികളും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമുണ്ടാക്കുന്ന സമരത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
14 ദിവസത്ത ലെക്ചറുകള്‍ നഷ്ടമായാല്‍ തങ്ങള്‍ക്ക് 768 പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ്, മോഡേണ്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയായ ജോര്‍ജിയ ഡേവിസ് പറയുന്നു. അധ്യാപകരുടെ ആവശ്യങ്ങളോട് സഹാനുഭൂതിയുണ്ടെങ്കിലും തങ്ങള്‍ നല്‍കിയ പണത്തിന്റെ മൂല്യം കൂടി പരിഗണിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. റിട്ടയര്‍മെന്റിനു ശേഷം പ്രതിവര്‍ഷം 10,000 പൗണ്ട് എങ്കിലും നഷ്ടമുണ്ടാക്കുന്ന പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണത്തിനെതിരെ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22 മുതലാണ് സമരം ആരംഭിക്കുന്നത്.
ദിനേശ് വെള്ളാപ്പള്ളി
പമ്പ: നന്മയുടെ കൈത്തിരിവെട്ടം മനുഷ്യകുലത്തിന് കൈമാറുകയെന്ന ലക്ഷ്യത്തോടെ സേവനം യുകെ നടത്തുന്ന ഗുരുദേവ മൂല്യങ്ങളെ മുറുകെപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ചരിത്രം കുറിച്ച് സേവനം യുകെ. ശിവഗിരി ആസ്ഥാനമായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ കീഴില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവനം യുകെ. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ പൂണ്യപൂങ്കാവനമായ നിലയ്ക്കലില്‍ അധികൃതര്‍ പോലും മറന്ന ആദിവാസി വിഭാഗത്തിന് കൈത്താങ്ങാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സേവനം യുകെ തുടക്കം കുറിച്ചത്.
പമ്പ നിലയ്ക്കല്‍ ആദിവാസി കോളനിയില്‍ പോരായ്മകളുടെ ഇടയില്‍ കഴിഞ്ഞു കൂടുന്ന മലൈ പണ്ഡാര വിഭാഗത്തിന്റെ സേവനത്തിനായാണ് സേവനം യുകെ പ്രവര്‍ത്തകര്‍ എത്തിയത്. വനാന്തരങ്ങളില്‍ പ്രകൃതിയോട് മല്ലടിച്ച് കഴിയുന്ന ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് ‘തമസോ മാ ജോതിര്‍ഗമയ’ എന്ന പദ്ധതിയാണ് സേവനം യുകെ നടപ്പാക്കുന്നത്. ആദിവാസി കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തികൊണ്ടു വരാന്‍ ആവശ്യമായ പഠനസാമഗ്രികളും, ഫര്‍ണിച്ചറുകളും, സൗരോര്‍ജ്ജ വിളക്കുകളുമാണ് പദ്ധതിയുടെ ഭാഗമാണ് സേവനം യുകെ ഊരിലെത്തിച്ചത്.
നിലയ്ക്കല്‍ ആദിവാസി കോളനിയില്‍ സേവനം യുകെ കണ്‍വീനര്‍ ദിലിപ് വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പമ്പ സി ഐ വി വിജയന്‍ ഭക്ഷ്യധാന്യ വിതരണം ഉത്ഘാടനം ചെയ്തു. ജെസി ഡാനിയല്‍ അവാര്‍ഡ് ജേതാവും, ഇടച്ചോറ്റി സരസ്വതി ദേവി ക്ഷേത്രത്തിലെ മുഖ്യ കാര്യദര്‍ശിയുമായ ശ്രീമദ് സാബു സ്വാമി ഫര്‍ണിച്ചര്‍-സൗരോര്‍ജ്ജ വിളക്കുകളുടെ കൈമാറ്റം ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജന്‍ വെട്ടിക്കല്‍, ട്രൈബല്‍ പ്രേമോട്ടര്‍ കെഡി രതിഷ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിനു വിശ്വനാഥന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ വൈദ്യുതി വിളക്കുകള്‍ അന്യമായ കുടുംബങ്ങള്‍ക്കും സൗരോര്‍ജ്ജ വിളക്കുകള്‍ കൈമാറി. വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ പുസ്തകങ്ങള്‍ക്കും, ഉപകരണങ്ങള്‍ക്കും പുറമെ ഭക്ഷ്യധാന്യങ്ങളും, വസ്ത്രങ്ങളും സേവനം യുകെ ഈ ചടങ്ങിലൂടെ കൈമാറി. നിലയ്ക്കല്‍ ആദിവാസി ഊരില്‍ സേവനം യുകെ നടത്തിയ സന്നദ്ധ സേവനങ്ങള്‍ വിപുലമായ ഈ ഒരു സദ്പ്രവര്‍ത്തി സേവനം യു കെ ക്കു വേണ്ടി ചെയ്ത കണ്‍വീനര്‍ ശ്രീ ദിലീപ് വാസുദേവന്‍, ശ്രീ ബൈജു പാലക്കല്‍, ശ്രീ വിശാല്‍ സുരേന്ദ്രന്‍, ശ്രീ പ്രദീഷ്, ശ്രീ ആശിഷ് എന്നിവരോടുള്ള നന്ദിയും സേവനം യുകെ ഭരണസമിതി അറിയിച്ചു. മലയാളി സമൂഹം സേവനം യുകെയുടെ മുന്നേറ്റത്തിനായി മികച്ച സഹകരണവും നല്‍കുന്നുണ്ട്.
മലയാളം യുകെ ന്യൂസ് ടീം.
മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട് സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്.
2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം.
മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും. സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.
മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705)
നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു.
ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം, ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.
ലണ്ടന്‍: യൂറോപ്യന്‍ വിപണിയില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് സാധിച്ചില്ലെങ്കില്‍ യുകെ വിടുമെന്ന സൂചന നല്‍കി ജാപ്പനീസ് കമ്പനികള്‍. വാഹന നിര്‍മാണ ഭീമനായ ഹോണ്ട ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതേക്കുറിച്ച് ആലോചിക്കുന്നതായി ബ്രിട്ടനിലെ ജപ്പാന്‍ സ്ഥാനപതി കോജി സുറുവോക്കയാണ് അറിയിച്ചത്. സൗത്ത് മാഴ്‌സറ്റണില്‍ കാര്‍ നിര്‍മാണ യൂണിറ്റുള്ളള ഹോണ്ട ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന കരാറുകളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിനിധികളെ അയച്ചു. പ്രതിബന്ധങ്ങളില്ലാത്ത വ്യാപാരക്കരാര്‍ സാധ്യമായില്ലെങ്കില്‍ അത് ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും ഇല്ലാതാക്കുകയെന്നാണ് കമ്പനി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.
കരാറുകള്‍ സാധ്യമായില്ലെങ്കില്‍ കമ്പനികള്‍ ബ്രിട്ടന്‍ വിടുമോ എന്ന ചോദ്യത്തിന് യുകെയില്‍ തുടരുന്നത് ലാഭകരമല്ലെങ്കില്‍ ജാപ്പനീസ് കമ്പനികള്‍ക്ക് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കൊന്നും ഇവിടെ തുടരാന്‍ കഴിയില്ലെന്നായിരുന്നു അംബാസഡര്‍ നല്‍കിയ മറുപടി. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ സ്വതന്ത്രമായി ഇടപെടാനുള്ള സൗകര്യമാണ് കമ്പനികള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ നിര്‍മാതാക്കളായ നിസാന്‍, ടൊയോട്ട എന്നിവയും ട്രെയിന്‍ നിര്‍മാതാക്കളായ ഹിറ്റാച്ചി, ബാങ്കുകളായ നോമുറ, മിസുഹോ, സുമിതോമോ മിറ്റ്‌സുയി എന്നിവരും എനര്‍ജി, ടെക് കമ്പനികളും വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു.
തെരേസ മേയ്, ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് തൊഴിലാളികളുടെ ജോലിയുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളെ ബാധിക്കുമെന്ന് ഹോണ്ട ജീവനക്കാരെ പ്രതിനിധീകരിച്ച് യുണൈറ്റ് പ്രതിനിധി ലെന്‍ മക്ക്ലൂസ്‌കി പറഞ്ഞു. ബ്രിട്ടനിലെ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നായിരുന്നു ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ ഹോണ്ട പറഞ്ഞിരുന്നത്. എന്നാല്‍ അംബാസഡറുടെ വാക്കുകള്‍ ഈ തീരുമാനം കമ്പനി മാറ്റിയിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
അര നൂറ്റാണ്ട് മുമ്പ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തിയ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഡോ. മന്മോഹന്‍ സിങ്ങും ഒക്കെ സര്‍വ്വകലാശാലയെ പോലെ തന്നെ പേരെടുത്തവരായി മാറിയത് ചരിത്രം. എന്നാല്‍ അവര്‍ പഠിക്കാന്‍ എത്തുമ്ബോള്‍ ഈ ക്യാമ്ബസ് ഏറെക്കുറെ പൂര്‍ണമായും വെള്ളക്കാരായ വിദ്യാര്‍ത്ഥികളുടെ ആധിപത്യ കേന്ദ്രം കൂടിയായിരുന്നു.
അന്ന് ഒരു പക്ഷെ രാജീവും മന്മോഹനും ഒക്കെ അത്ഭുതത്തോടെ നോക്കിയിരിക്കാന്‍ ഇടയുള്ള യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനം കൈപ്പിടിയിലൊതുക്കി മലയാളിയായ നികിത ഹരി ലോകവും കേംബ്രിഡ്ജും ഒക്കെ ഏറെ മാറിയിരിക്കുന്നു എന്ന് തെളിയിക്കുകയാണ്. ലോകത്തിനൊപ്പം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്കും ഏറെ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് കൂടിയാണ് നികിതയുടെ നേട്ടം വെളിപ്പെടുത്തുന്നത്. സ്വാഭാവികമായും വിദ്യാര്‍ത്ഥികളുടെ മനോനിലയും വംശീയ ആധിപത്യവും ഒക്കെ മാറിമറിഞ്ഞുവെന്നു പ്രത്യക്ഷ തെളിവോടെ സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ കേംബ്രിഡ്ജിലെ ഏറ്റവും താരപരിവേഷമുള്ള വിദ്യാര്‍ത്ഥിനിയായ വാടകരക്കാരി നികിത ഹരി.
ഇക്കാര്യം നികിത തന്നെയാണ് സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയിരിക്കുന്നതും. നാട്ടിലെ പോലെ തന്നെ ഏറെ പ്രസ്റ്റീജ് ഉള്ള ഈ പദവിയിലേക്ക് ഏകകണ്ഠമായ തെരഞ്ഞെടുപ്പിലാണ് നികിത വിജയിച്ചെത്തിയിരിക്കുന്നതു എന്നതും നേട്ടത്തിന്റെ മാറ്റുകൂട്ടുകയാണ്. യുകെയിലെ യൂണിവേഴ്സിറ്റികളില്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക സര്‍വകലാശാല യൂണിയന്‍ കൂടിയാണ് കേംബ്രിഡ്ജിലേത്.
ജോലി സാമൂഹിക സേവനമാണെങ്കിലും നികിതയുടെ പദവിക്ക് വാര്‍ഷിക ശമ്ബളം 21000 പൗണ്ട് (19 ലക്ഷം) ആണെന്നതും പ്രത്യേകതയാണ്. വൈസ് ചാന്‍സലര്‍ അടക്കമുള്ള യൂണിവേഴ്സിറ്റി അധികാരികളുമായി നേരിട്ട് സംവദിക്കേണ്ട ഉത്തരവാദിത്തമാണ് ഇനി നികിതയുടെ റോളില്‍ യുകെ മലയാളികള്‍ക്കു കാണാന്‍ കഴിയുക. യൂണിവേഴ്സിറ്റിയുടെ നയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹാരം തേടുക എന്നതും നികിതയുടെ ഉത്തരവാദിത്തമാണ്. ഈ പദവിയില്‍ മുന്‍പ് ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും ആദ്യമായി എത്തുന്ന മലയാളിയും നികിത തന്നെ ആയിരിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.
അഞ്ചു വര്‍ഷം മുമ്പ് അരക്കോടിയുടെ ഫെല്ലോഷിപ്പ് നേടി ഗവേഷകയാകാന്‍ എത്തിയതുമുതല്‍ നികിത വാര്‍ത്തകളിലുണ്ട്. പ്രതിഭകളെ എവിടെയും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് കൂടി ലോകത്തെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചാണ് നികിത ഓരോ വട്ടവും വാര്‍ത്തകളില്‍ നിറയുന്നത് എന്നതും പ്രധാനമാണ്.
റിന്യൂവബിള്‍ എനെര്‍ജിയെ കുറിച്ചുള്ള ഗവേഷണത്തിനായി ബ്രിട്ടനില്‍ എത്തിയ നികിത കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രമുഖ വനിതാ എന്‍ജിനീയര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ഫോബ്സ് മാഗസിന്റെ 30 വയസില്‍ താഴെയുള്ള പ്രതിഭകളുടെ പട്ടിക തയ്യാറാക്കുന്നതിലേക്കു പരിഗണിക്കുകയും ഒക്കെ ചെയ്തിരുന്നു. ഏറെ ഉത്തരവാദിത്തം ഉള്ള ജോലി കൂടിയാണ് ഇപ്പോള്‍ നികിതയുടെ കൈകളില്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായും ഏതു യൂണിവേഴ്സിറ്റിയിലും എന്നത് പോലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക തന്നെയാണ് കേംബ്രിഡ്ജ് ഗ്രാജുവേറ്റ് യൂണിയന്റെയും ചുമതല. പൊതുവില്‍ ആണ്‍പട കയ്യടക്കുന്ന യൂണിവേഴ്സിറ്റി യൂണിയനില്‍ നികിതയുടെ കടന്നു വരവ് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
ഇത്തവണ യൂണിയന്റെ എട്ടു അംഗ പാനലില്‍ അഞ്ചു പേരും വനിതകള്‍ ആണെന്നതും ശ്രദ്ധേയമാണ്. കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ള പദവിയില്‍ മലയാളി യുവതി എത്തിയതോടെ കേംബ്രിഡ്ജില്‍ പഠനത്തിനും ഗവേഷണത്തിനും എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന നൂറു കണക്കിന് പ്രശനങ്ങളില്‍ ഒരു കൈതാങ്ങായി മാറാന്‍ നികിത കൂടെയുണ്ടാകും എന്നുറപ്പാണ്. കാരണം അഞ്ചു വര്‍ഷം മുമ്പ് താന്‍ നേരിട്ട പ്രശ്ങ്ങള്‍ തന്നെയാകും ഓരോ വിദ്യാര്‍ത്ഥിക്കും നേരിടേണ്ടി വരിക എന്നറിയാവുന്നതിനാല്‍ അതിനുള്ള പരിഹാരവും നികിതയുടെ കൈയിലുണ്ടാകും. ഇന്ത്യയില്‍ നിന്നും കേംബ്രിഡ്ജില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഏറെ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകേണ്ടി വരാറുണ്ട് എന്നാണ് സ്വന്തം അനുഭവത്തിലൂടെ നികിതയ്ക്കും പറയാനുണ്ടാവുക. അതിനാല്‍, ഓരോ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കും ധൈര്യമായി നികിതയെ കാണാന്‍ എത്താം, അവിടെ സംരക്ഷകയുടെ റോളില്‍ ആയിരിക്കും ഈ മലയാളി പെണ്‍കുട്ടിയുടെ പുഞ്ചിരി കാത്തിരിക്കുന്നത്. പഠനത്തിനൊപ്പം ഏതു രംഗത്തും കൈവയ്ക്കാന്‍ താന്‍ മടിക്കില്ല എന്നതിന്റെ തെളിവ് കൂടിയാണ് യൂണിയന്‍ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ ഉള്ള തന്റേടം തെളിയിക്കുന്നത്.
ഏറെ ഉത്തരവാദിത്തം നിറഞ്ഞ ഗവേഷണം കൊണ്ട് നടക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു ശ്രമം നടത്തുന്ന നികിത ഇതിനിടയില്‍ കോഴിക്കോട് സഹോദരനുമായി ചേര്‍ന്ന് സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ബിസിനസും ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം ഒപ്പം സാമൂഹ്യ നന്മ ലക്ഷ്യമിട്ടു കൂടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈ സഹായമാകാന്‍ യൂണിയന്‍ നേതൃത്വത്തിലേക്കു കടന്നു വരുമ്ബോള്‍ ജോലിയും കുടുംബവുമായി നട്ടം തിരിയുന്നു എന്ന് പരാതിപ്പെടുന്ന യുകെയിലെ മലയാളി വീട്ടമ്മമാര്‍ക്കും പ്രചോദനമായി മാറുകയാണ് ഈ 32 കാരി വനിത. ഉള്ള സമയം കൊണ്ട് സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാന്‍ കൂടി നാം ബാധ്യസ്ഥരാണ് എന്നതാണ് നികിത തന്റെ പദവിയിലൂടെ തെളിയിക്കുന്നതും. ഒരു പക്ഷെ ആണ്‍ മേല്‍ക്കോയ്മയോടുള്ള പോരാട്ടം കൂടിയായി ഈ പദവിയെ വിലയിരുത്താം. ”ബ്രിട്ടനില്‍ ഗവേഷണം നടത്തുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും സാംസ്കാരികവും വംശീയവുമായ ഒട്ടേറെ പ്രതിബന്ധങ്ങള്‍ മുന്നില്‍ ഉള്ളപ്പോള്‍. ആരും സഹായത്തിനില്ലാതെ വിഷമിക്കുന്ന ഒട്ടേറെ അവസരങ്ങളെ നേരിടേണ്ടി വന്നേക്കാം. ഇതെല്ലം ഓരോ വിദ്യാര്‍ത്ഥിയും അഭിമുഖീകരിക്കേണ്ട സത്യങ്ങളാണ്. ഞാന്‍ കടന്നു പോയതും ഈ വഴികളിലൂടെയാണ്.
ഈ ഒരൊറ്റ കാരണം കൊണ്ട് കൂടിയാണ് ഗവേഷണത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടായിട്ടും ഏറെ വെല്ലുവിളിയും ഉത്തരവാദിത്തവും ഉള്ള ഈ പദവി ഏറ്റെടുക്കാന്‍ തയാറായത്. യൂണിയന്‍ ഭാരവാഹി എന്ന നിലയില്‍ മുന്നില്‍ എത്തുന്ന പ്രശ്ങ്ങള്‍ കേള്‍ക്കുമ്ബോള്‍ നമുക്ക് നിസ്സാരമായി തോന്നാം. എന്നാല്‍ അത് നേരിടുന്ന ആളെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റൊരു പ്രശനം വേറെ കാണില്ല. പുതിയ പദവിയില്‍ എത്തുമ്ബോള്‍ താന്‍ ചിന്തിക്കുന്നത് ഇപ്രകാരമാണ് ” -തന്റെ പുതിയ റോളിനോടുള്ള നികിതയുടെ സമീപനം ഇതാണ്. താന്‍ വെറും ഒരു അക്കാഡമിക് സ്കോളര്‍ മാത്രമല്ല, മനസ്സില്‍ നന്മയുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരി കൂടിയാണ് എന്നാണ് ഈ വാക്കുകളിലൂടെ നികിത വരച്ചു കാട്ടുന്നതും.
കോണ്‍വാളിലെ പുഷ്പ കൃഷി ഫാമുകളില്‍ അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തി. മാനാക്കാനിലെ പിക്‌ച്ചേര്‍സ്‌ക്യുവിലെ ഗ്രാമത്തില്‍ പൊലീസ് നടത്തിയ റെയിഡിലാണ് അടിമപ്പണി ചെയ്യുന്ന 200 ഓളം പേരെ കണ്ടെത്തിയത്. അടിമപ്പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഈസ്റ്റേണ്‍ യൂറോപില്‍ നിന്നുള്ള പുരുഷന്‍മാരാണ്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 41ഉം 61 ഉം വയസ്സുള്ള രണ്ട് പേരെ അടിമപ്പണിയെടുപ്പിച്ചുവെന്ന കുറ്റത്തിനും ഒരാളെ ജോലിയെടുപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ചെന്ന കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റാരോപിതരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അടിമപ്പണിയെടുക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ലിത്യനിയ, റോമാനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ പുരുഷന്‍മാരാണെന്ന് കോണ്‍വെല്‍ പൊലീസ് വക്താവ് അറിയിച്ചു.
പൊലീസ് കണ്ടെത്തിയവരില്‍ 17 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള കുട്ടികളും സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 14 അംഗ സംഘത്തെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ലേബര്‍ അഭ്യൂസ് അതോറിറ്റി, എച്ച്.എം.ആര്‍.സി, ഗ്യാഗ് മാസ്റ്റേഴ്‌സ്, ഇന്റര്‍പ്രട്ടേഴ്‌സ്, സ്‌പെഷലിസ്റ്റുകള്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇന്നലെ രാവിലെയായിരുന്നു റെയിഡ് നടത്തിയത്. ഈ ഫാം നടത്തുന്നത് പ്രദേശത്തെ ഒരു ലോക്കല്‍ കമ്പനിയാണ്. ഓരോ വര്‍ഷവും സീസണുകളില്‍ ഇത്തരം ഫാമുകളില്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ജോലിക്കായി എത്തുന്നത്. വ്യാഴാഴ്ച നടന്ന റെയിഡില്‍ കണ്ടെത്തിയിട്ടുള്ളവരില്‍ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവരെ സംരക്ഷിക്കുമെന്ന് സാല്‍വേഷന്‍ ആര്‍മി മോഡേണ്‍ സ്ലേവറി യൂണിറ്റ് അംഗം കാതറ്യാന്‍ ടെയ്‌ലര്‍ വ്യക്തമാക്കി.
അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ട മനുഷ്വത്വത്തില്‍ ഉള്ള വിശ്വാസത്തെ വീണ്ടെടുക്കുന്നതിനാവിശ്യമായ സഹായങ്ങള്‍ ചെയ്യുകയും പുതിയ ജീവിതം തുടങ്ങാന്‍ അവരോടപ്പം ചേര്‍ന്നുനില്‍ക്കുകയും ചെയ്യുകയെന്നതാണ് സാല്‍വേഷന്‍ ആര്‍മിയുടെ ദൗത്യം. കൗണ്‍സിലിംഗ് കൂടാതെ നിയമ, ഇമിഗ്രഷന്‍ സഹായങ്ങളെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പുഷ്പങ്ങളുടെ ഫാമുകളിലെ ജോലിക്കെത്തുന്നവരാണ് ഇത്തരത്തില്‍ കൂടുതലും അടിമപ്പണി ചെയ്യേണ്ടി വരുന്നതായി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ വീടുകളില്‍ അടിമവേല ചെയ്യേണ്ടി വരുന്നവരും ജോലിസ്ഥലങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകളുമുണ്ട്.
കീമോതെറാപ്പി മെഷീന്‍ വാങ്ങാനുള്ള പണമില്ലെന്ന് ആശുപത്രി അറിയിച്ചപ്പോള്‍ കുറഞ്ഞ വിലയില്‍ ഇകൊമേഴ്‌സ് സൈറ്റില്‍ നിന്ന് സ്വന്തമായി വാങ്ങി രോഗി. സ്റ്റീവ് ബ്രൂവര്‍ എന്ന 62കാരനാണ് 4300 പൗണ്ട് വിലയുള്ള മെഷീന്‍ വെറും 175 പൗണ്ടിന് ഇബേയില്‍ നിന്ന് വാങ്ങിയത്. 2014 മുതല്‍ വന്‍കുടല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സ തേടുന്നയാളാണ് സ്റ്റീവ് ബ്രൂവര്‍. പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലിലെ നഴ്‌സ് ചികിത്സയ്ക്ക് ആവശ്യമായ ട്രിപ്പിള്‍ പമ്പ് മെഷിനുകള്‍ വാങ്ങിക്കാന്‍ ആശുപത്രിക്ക് കഴിയില്ലെന്ന് ഇയാളെ അറിയിച്ചതോടെയാണ് സ്വന്തമായി ഒരെണ്ണം വാങ്ങാന്‍ ഇയാള്‍ തീരുമാനിച്ചത്.
എന്റെ ആദ്യ കീമോയുടെ സമയത്ത് ട്രിപ്പിള്‍ പമ്പ് ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് പറഞ്ഞിരുന്നു. സ്വന്തമായി ഉപകരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച ശേഷം ഈബേയിലെ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് 175 രൂപയ്ക്ക് അതു വാങ്ങിയതെന്ന് സ്റ്റീവ് പറയുന്നു. ട്രിപ്പിള്‍ പമ്പുകള്‍ ശരീരത്തിലേക്ക് വേഗത്തില്‍ മരുന്നുകള്‍ എത്താന്‍ സഹായിക്കുന്നവയാണ്. കീമോ ചെയ്യുമ്പോള്‍ ഓരോ തവണയും 30 മുതല്‍ 40 മിനിറ്റു വരെ സമയം കുറയ്ക്കാന്‍ ഇവയ്ക്ക് കഴിയും. പീറ്റര്‍ബറോ ആശുപത്രിയില്‍ സ്റ്റീവ് 25 ലധികം തവണ കീമോതെറാപ്പി ചെയ്തു കഴിഞ്ഞിട്ടുണ്ട്.
ആശുപത്രിക്ക് 6 പമ്പുകള്‍ കൂടി സംഭാവന ചെയ്യാമെന്ന ലക്ഷ്യത്തോടെ സ്റ്റീവ് 900 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ മെഷീനുകള്‍ സെക്കന്റ് ഹാന്‍ഡ് ആയതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതുകൊണ്ട് മെഷീന്‍ നിര്‍മാതാക്കളായ ബാക്‌സ്റ്ററിനെ സമീപിച്ച് ഇവ റീ കമ്മീഷന്‍ ചെയ്യാനുള്ള സാധ്യകള്‍ തേടാനൊരുങ്ങുകയാണ് സ്റ്റീവും ആശുപത്രിയിലെ കീമോ വിഭാഗം നഴ്‌സ് ആഞ്ചലോ ക്വെന്‍കയും.
കുടിയേറ്റക്കാരായ ഏഷ്യക്കാര്‍ക്ക് വ്യാജ വിവാഹ രേഖയുണ്ടാക്കി നല്‍കി ഹോം ഓഫീസിനെ കബളിപ്പിച്ച് ദമ്പതികള്‍ നേടിയത് അഞ്ച് ലക്ഷം പൗണ്ട്. യുകെയില്‍ താമസിക്കാന്‍ നിയമപരമായി അവകാശമുള്ള ലിത്യാനിയന്‍ യുവതികളുമായി 13 ഏഷ്യക്കാരുടെ വിവാഹം നടന്നതായുള്ള രേഖയാണ് ദമ്പതികളായിരുന്ന അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും വ്യാജമായി നിര്‍മ്മിച്ചു നല്‍കിയത്. അയാസ് ഖാനും യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റും ഇപ്പോള്‍ വിവാഹമോചനം തേടിയവരാണ്. റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാനായി സെയിന്‍സ്ബറിയുടെ പേരില്‍ വ്യാജ ജോബ് ഓഫര്‍ ലെറ്ററും ഇവര്‍ നിര്‍മ്മിച്ചിരുന്നു. സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ താമസിച്ചിരുന്നവര്‍ക്കു വേണ്ടിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 13 പേര്‍ക്ക് ഇവര്‍ വ്യാജ വിവാഹരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് തെളിഞ്ഞത്.
ഹോം ഓഫിസിനെ ഇവര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. യുറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്ക് യുകെയില്‍ ജീവിക്കാന്‍ യുറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലുള്ളവരെ വിവാഹം ചെയ്താല്‍ മതിയെന്ന നിയമമാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. കുറ്റാരോപിതരായ അയാസ് ഖാന്‍, യൂര്‍ഗിത്ത പാവ്‌ലോസ്‌കൈറ്റ്, ഇമ്രാന്‍ ഫാറൂഖ്, ഡയന സ്റ്റാന്‍കെവിക്, മുഹമ്മദ് സാഖ്‌ലിന്‍ എന്നിവര്‍ വിവാഹം വ്യാജമാണെന്ന വാദം നിഷേധിച്ചു. 2011നും 2014 നും ഇടയ്ക്ക് നടന്ന 13 വിവാഹങ്ങളില്‍ രണ്ട് ദമ്പതികള്‍ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ചുള്ളതെന്നും അവര്‍ കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരും ലിത്യാനിയന്‍ സ്ത്രീകളുമായി നടത്തപ്പെട്ട ഈ വിവാഹങ്ങളെല്ലാം വ്യാജമായി ഉണ്ടാക്കപ്പെട്ടവയാണ്. ഇമിഗ്രേഷന്‍ അധികാരികളെ കബളിപ്പിച്ച് കൊണ്ട് യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും വേണ്ടി വ്യാജമായി നിര്‍മ്മിച്ചവയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ബഗ്ലാദേശില്‍ നിന്നുമായി ഓരോരുത്തരം 11 പാകിസ്ഥാനികളുമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കണ്ടെത്താനും അവര്‍ക്കുള്ള പ്രതിഫലവും വിവാഹച്ചെലവുകളും ഉള്‍പ്പെടെ വന്‍തുക തട്ടിപ്പ് സംഘം വരന്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നു. വധുവായി എത്തുന്നവരുടെ യുകെയിലെ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും തട്ടിപ്പ് സംഘമായിരുന്നു.