സുഗതന് തെക്കേപ്പുര
ഈ വിഷയത്തെ സംബന്ധിച്ച് ഏകദേശം രണ്ടു വര്ഷത്തിന് അപ്പുറം ഇവിടുത്തെ മലയാളി സമൂഹത്തിനു മുന്നില് അവതരിപ്പിക്കുമ്പോള് ഇത്തരം ഒരു നീക്കം വിജയകരമായി നടന്നാല് അത് ചൂണ്ടിക്കാണിച്ച് സമാനമായ രീതിയില് മറ്റു രാജ്യങ്ങളിലും പിന്നീട് അവയെ എല്ലാം സര്ക്കാരിന്റെ ശ്രദ്ധയില് പെടുത്തി നോര്ക്കയുടെ കീഴില് കൂടി യോജിപ്പിച്ചു ഒരു കേന്ദ്രീകൃത സഭ ഏതാണ്ട് ലോക കേരളസഭയെ പോലെ ഉണ്ടാക്കണം എന്നതായിരുന്നു ഇത് സംബന്ധിച്ചു കൃത്യം ഒരു വര്ഷം മുന്നേ മലയാളം യുകെയില് വന്ന എന്റെ ലേഖനം. ഇത്രയും ആധികാരികമായി വളരെ എളുപ്പത്തില് ഈ ആശയം സാധ്യമാകും എന്ന് കരുതിയില്ല. കേരള ഡെവലപ്മെന്റ് സ്റ്റഡി സെന്ററിലെ ഡോക്ടര് ഹരിലാലാണ് ഇത്തരം ഒരു ആശയം മുന്നോട്ടുവെച്ച് കേരള ഗവണ്മെന്റിനെ കൊണ്ട് പ്രായോഗികതലത്തില് എത്തി ച്ചത്. ഹരിലാലുമായി സംസാരിച്ചതില് നിന്ന് മനസിലായത് ഇത്തരം ഒരു സഭയുടെ പൂര്ണമായ ഒരു പ്രവൃത്തിപഥം വരും നാളുകളില് മാത്രമേ ജനത്തിന് പ്രേത്യേകിച്ച് പ്രവാസികള്ക്ക് ബോദ്ധ്യ മാകുകയുള്ളൂ.
പ്രവാസി ജനതയുടെ നാട്ടിലെ രാഷ്ട്രീയ തീരുമാനങ്ങളിലെ അന്യതാ ബോധം എങ്ങിനെ മറികടക്കാം എന്നതില് പൂര്ണമായമായ ഒരു ധാരണ മനസ്സില് ഉണ്ടായിരുന്നെങ്കിലും അത് മുന്നോട്ടു വെക്കാതിരുന്നത് അത്തരം ഒരു ആശയ സാക്ഷാത്കാരത്തിനു തടസമാകും എന്നും ആയതിനാല് അത് നടപ്പിലാക്കാന് പറ്റിയ യുക്മയിലൂടെ പുറത്തു വരട്ടെ എന്ന് കരുതിയാണ്. അതിനായി യുക്മയുടെ നാഷണല് എക്സിക്യൂട്ടീവ് മീറ്റിംഗില് അവതരിപ്പിക്കുവാന് ശ്രമിച്ചു എങ്കിലും അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പിന്നീട് ഇതിനു സമാനമായ ഒരു യോഗം അതായതു യുകെയിലെ എല്ലാ മലയാളികളെയും ഉള്കൊള്ളുന്ന ഒരു ബോഡി ഔദ്യോഗികമല്ലെങ്കിലും എന്നാല് തികച്ചും യോജിക്കാവുന്നതുമായതു നടന്നത് മലയാളി ബിസിനസ് പ്രമുഖന് ശ്രീ യൂസഫലിക്ക് ലണ്ടനിലെ ഇന്ത്യന് ബ്രിട്ടീഷ് ഹൈകമ്മീഷനില് നടന്ന സ്വീകരണത്തിലാണ്. ആ യോഗത്തെ കുറിച്ച് ഞാന് ഫേസ് ബുക്ക് പോസ്റ്റിട്ടത് തന്നെ ബ്രിട്ടീഷ് മലയാളി പാര്ലമെന്റിന്റെ ആദ്യ യോഗംഎന്നായിരുന്നു.
ഈ ആശയം ഉടലെടുത്തത് എന്നില് മാത്രമല്ല. ശ്രീ ഹരിലാലിനോട് സംസാരിച്ചതില് നിന്ന് മാനസിലായത് ഇത്തരം സമാനമായ ചിന്ത പലരില് നിന്നും ഉണ്ടായി എന്ന് മാത്രമല്ല കഴിഞ്ഞ വര്ഷം കോഴിക്കോട്ടു വെച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില് ഒരു യോഗം പോലും നടക്കുകയുണ്ടായി എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് ഇത്തരം ഒരു ജനസഭയെ കുറിച്ച് ചിന്ത ഉണ്ടായത് എന്ന ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത് രാഷ്ട്രീയ ജനാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കാണ്.
SOCIAL CONTRACT THEORY BY Thomas Hobbs
1789ല് അവസാനിച്ച യൂറോപ്പിലെ റെനൈസന്സ് കാലഘട്ടത്തിലാണ് ജനാധിപത്യത്തിനും മറ്റു ലിബറല് ചിന്തകളുടെ പുഷ്ടിപ്പെടുത്തലുകള് ഉണ്ടായത്. ആശയങ്ങളുടെ ആധികാരികതയും ചട്ടങ്ങളില് ഊന്നിയ സ്വീകാര്യതയും കാരണത്തിലധിഷ്ഠിതമായ ബുദ്ധിപരവും താത്വികവുമായ അന്വേഷണവുമായിരുന്നു മനുഷ്യന്റെ സാമൂഹ്യ ജീവിതത്തില് വിപ്ലവം സൃഷ്ടിച്ച റിനൈസന്സിന്റെആധാരം. യൂറോപ്പില് നിലനിന്നിരുന്ന അധികാര ഘടന പേപ്പല് അധികാരത്തോട് കെട്ടുപിണഞ്ഞ രാഷ്ട്രീയ അധികാരം അഥവാ രാജാവിലോ ചക്രവര്ത്തിയിലോ ആയിരുന്നു. ഇതാകട്ടെ യുക്തിരഹിതമായ തത്വങ്ങളുടെ അടിസ്ഥാനത്തിലും. ഇത്തരം യുക്തിരഹിത സിദ്ധാന്തം പുതിയ സിദ്ധാന്തങ്ങള്ക്ക് മുന്നില് തകര്ന്നു വീണു. അതുവഴി ആധുനിക ജനാധിപത്യ സാമ്പ്രദായങ്ങള്ക്ക് തുടക്കമിടാന് കാരണമായി. സോഷ്യല് കോണ്ട്രാക്ട് തിയറിയാണ് എടുത്തുപറയേണ്ട സൈദ്ധാന്തികത. അതിനാകട്ടെ യൂറോപ്പില് നേതൃത്വം കൊടുത്ത് പ്രധാനമായും ഇമ്മാനുവല് കന്തും റൂസ്സോയും അതിന് മുന്നേ ജോണ് ലോക്ക്, തോമസ് ഹോബ്സ് എന്നിവരാണ്.
എങ്ങിനെയാണ് വ്യക്തികള്ക്ക് മേലെ ഗവണ്മെന്റുകള് അധികാരം പ്രയോഗിക്കുന്നതിന്റെ ആധികാരികത കൈവരിച്ചത് എന്നാണ് SOCIAL CONTRACT THEORY വെളിവാക്കുന്നത്. അതോടൊപ്പം അത് ഏതൊക്കെ സന്ദര്ഭങ്ങളില് ആ ആധികാരികത നഷ്ടപ്പെടാം അല്ലെങ്കില് വ്യക്തികള്ക്ക് ആ വിധേയത്വം പിന്വലിക്കാം എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല് കേരളത്തില് വസിക്കുന്ന ജനത്തിന്റെ പകുതിയോട് അടുത്ത ജനസംഖ്യ പല കാരണങ്ങളാല് കേരളത്തിന് വെളിയില് താമസിക്കുകയും കേരളത്തിന്റെ സമ്പദ്ഘടനക്ക് വളരെ നിര്ണായകമായ പങ്കു വഹിക്കുകയും ചെയുന്ന പ്രവാസിക്ക്, കേരളത്തിലെ രാഷ്ട്രീയ അധികാര നിര്ധാരണത്തിന് യാതൊരു പങ്കും ഇല്ലെന്നത് കേരള ഗവണ്മെന്റിനെ സംബന്ധിച്ച് ധാര്മ്മികമായി അധികാരത്തിന്റെ ആധികാരികതയുടെ പ്രശ്നം തന്നെയാണ്.
മേല്പ്പറഞ്ഞ സമൂഹ ഉടമ്പടി സിദ്ധാന്തത്തിന് നിരക്കാത്തത് എന്ന് മാത്രമല്ല നൈതികമായും ശരിയല്ല. അത്തരം ഒരു ധാര്മ്മിക നൈതിക അഭാവത്തില് നിന്ന് ഉടലെടുത്ത ഒരു പൊതു കുറ്റബോധത്തില് നിന്നാണ് പലേയിടങ്ങളില് ലോക കേരള സഭയുടെ മാതൃകയില് സമാന സ്വഭാവമുള്ള ചിന്താധാരകള് പുറത്തു വന്നതും ആധികാരികമായി കേരള സര്ക്കാര് ശ്രീ. ഹരിലാലിന്റെ നേതൃത്വത്തില് സെന്റര് ഫോര് ഡെവലപ്മെന്റ് സ്റ്റഡീസ് രൂപം കൊടുത്ത ആശയത്തിനെ പ്രായോഗിക പഥത്തില് എത്തിച്ചതും. ആദ്യസഭയുടെ സംഘാടനത്തില് പല പാകപ്പിഴകള് ഉണ്ടെന്നുള്ളത് അവിതര്ക്കിതമാണ്. എങ്കിലും വരുന്ന രണ്ടു വര്ഷങ്ങളില് വിദഗ്ധരുടെയും കേരള ഡെവലപ്മെന്റ് പഠന കേന്ദ്രത്തിന്റെയും തുടര്ന്നുള്ള ഇടപെടലുകള് കുറ്റമറ്റതാക്കും അതോടൊപ്പം പ്രവാസികള്ക്കും അവരുടെ സുചിന്തിതമായ അഭിപ്രായങ്ങളും നിര്ദേശങ്ങളും സമര്പ്പിക്കാം
എന്റെ ചില കാഴ്ചപ്പാടുകള് യുകെ മലയാളി പാര്ലമെന്റ് എന്ന ആശയം ഞാന് മുന്നോട്ടു വെച്ചപ്പോള് ക്രമപ്പെടുത്തിയ ഘടന പരിഗണിക്കുവാന് നിര്ദേശ രൂപത്തില് കേരള സര്ക്കാരിന്റെ മുന്നില് സമര്പ്പിച്ചത് വായനക്കാര്ക്കായി ഇവിടെ പങ്കുവെക്കാം.
നിര്ദേശങ്ങള്
ലോക കേരളസഭക്ക് അനുരൂപമായ രീതിയില് എല്ലാ രാജ്യത്തിലും കേരള സഭകള് ഉണ്ടാക്കുക. അതാതു രാജ്യങ്ങളില് താമസിക്കുന്ന മലയാളികളുടെ കേരള വംശജരുടെ കണക്കെടുപ്പ് നടത്തി അവര് അടങ്ങുന്ന സാങ്കല്പ്പിക ലോകസഭാ മണ്ഡലങ്ങള് ഉണ്ടാക്കുക. ഓണ്ലൈന് വോട്ടിങ് സമ്പ്രദായത്തിലൂടെ ജന പ്രതിനിധികളെ അതാതു രാജ്യങ്ങളിലെ ചാപ്റ്റര് സഭകളിലേക്കും ലോക കേരള സഭയിലേക്കും തിരഞ്ഞെടുക്കുക, വിദേശ രാജ്യങ്ങളിലെ സഭാ നേതാവിനെ നേരിട്ടോ MLKS(Member of Loka Kerala Sabha)മാരില് നിന്നോ തെരഞ്ഞെടുക്കാം. അതുപോലെ അതാതു രാജ്യങ്ങളിലെ ശാസ്ത്ര സാങ്കേതിക കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖരെ 25% എങ്കിലും നോമിനേറ് ചെയേണ്ടതാണ്.
വനിതകള്ക്ക് ഉചിത സംവരണം ഏര്പ്പെടുത്തേണ്ടതാണ്. പ്രയോജനങ്ങള് ചാപ്റ്റര് സഭകള് ഏതാണ്ട് ഭൂമിയില്ലാത്ത സര്ക്കാര് പോലെയോ ഭരണഘടനയുടെ പരിമിതി അനുവദിക്കുന്ന വരെയുള്ള കേരള സര്ക്കാരിന്റെ പ്രതിനിധി യായോ പ്രവര്ത്തിക്കാം. കുറ്റകൃത്യങ്ങള് നടത്തി പ്രവാസ രാജ്യത്തിലേക്കോ കേരളത്തിലേക്കോ കടക്കുന്നവരെ നിയമത്തിനു മുന്നില് കൊണ്ടുവരാന് സഭയുടെ കീഴിലുള്ള പല സബ്ജക്ടുകളിലെ ക്രൈം സബ്ജക്ട് കമ്മിറ്റിക്കു ലോക കേരളസഭയുടെ കീഴില് ഇപ്പോള് മന്ത്രിമാരും ഉദ്യാഗസ്ഥന്മാരും ചേര്ന്ന് രൂപം കൊള്ളുന്ന ഗ്രുപ്പുമായി ബന്ധപ്പെടാവുന്നതാണ്.
അതാതു രാജ്യങ്ങളിലെ നിയമത്തിന്റെ മുന്നില് വരാതെ ഇപ്പോള് നിര്ബാധം നടക്കുന്നഅനേകം തൊഴില്, ചിട്ടി, ട്രാവല് തട്ടിപ്പുകള് നടത്തി രക്ഷപ്പെടുന്നവരെ നിയന്ത്രിക്കാവുന്നതാണ്. ചാപ്റ്റര് സഭയുടെ കീഴിലുള്ള തൊഴില് കമ്മിറ്റിക്കു പുതിയ പ്രവാസ തൊഴില് സാദ്ധ്യതകള് പഠനം നടത്തി കേരള സര്ക്കാരിനു അറിയിപ്പു കൊടുക്കാം. അങ്ങിനെ കേരളത്തില് വിദ്യാഭ്യാസ പദ്ധതിക്ക് മാറ്റംവരുത്താം. സാങ്കേതിക കമ്മിറ്റിക്കു വളരെ വിശാലമായ സാധ്യതകളുണ്ട്.
റോഡ് നിയമങ്ങള് വളരെ നിസ്സാരമായ സുരക്ഷാ മാനദണ്ഡങ്ങള്, പൊതുസ്ഥലങ്ങളിലെ നിയന്ത്രണ മാര്ഗ്ഗങ്ങള് (Crowd Control) തുടങ്ങി കാറ്റ്, തിരമാല, വേലിയേറ്റം മുതലായവയില് നിന്ന് ഉണ്ടാക്കാവുന്ന എനര്ജി പ്രൊജെക്ടുകള് അതിനുള്ള സാമ്പത്തിക-സാങ്കേതിക-ജ്ഞാന നിക്ഷേപകരെ കണ്ടെത്തുക ഇവയുമായി ബന്ധപ്പെട്ട ചെറിയ പ്രൊജെക്ടുകള് കേരളത്തിന് സമര്പ്പിക്കാവുന്നതാണ്.
പ്രവാസി ചിട്ടികള് കേരള ബാങ്ക് നിക്ഷേപങ്ങള് തുടങ്ങിയവയുടെ ചാപ്റ്റര് സഭയുടെ കീഴില് വിപുലമാക്കാം. ഇപ്പോഴുള്ള പരിമിതി മറി കടക്കാവുന്നതാണ്. അതാതു രാജ്യങ്ങളില് ഇപ്പോള് തന്നെ മലയാളി സമൂഹം സമാന്തരമായി പലവിധ സാമൂഹിക കടമകള് നിര്വഹിച്ചു വര്ത്തിക്കുന്നുണ്ട്. എന്നാല് ഒരു പൊളിറ്റിക്കല് ആധികാരികത ഇല്ലാതെ പല വിധത്തിലുള്ള വിഘടിത ഗ്രുപ്പുകളായിട്ടാണ് പ്രവര്ത്തിക്കുന്നത്. ഇത്തരം ചാപ്റ്റര് സഭകളുടെ നിര്മ്മാണം ഈ രീതിക്കു മാറ്റം വരുത്തും എന്ന് മാത്രമല്ല കേരള സര്ക്കാരിനെയോ പോലീസുമായോ ബന്ധപ്പെട്ട സേവനങ്ങള് ചാപ്റ്റര് സഭകള് വഴി നേടാനാകും. അതാതു രാജ്യങ്ങളിലെ നിയമങ്ങള് ലംഘിക്കാതെ തന്നെ ഒരു വിര്ച്വല് സ്പേസില് ഓവര് സിയസ് കേരള സര്ക്കാരേ പോലെപ്രവര്ത്തിക്കാനാകും.
സാമാന്യമായ ചിന്തയില് അതിശയോക്തി നിറഞ്ഞതായി തോന്നുമെങ്കിലും ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും പ്രവാസ ജീവിതം ഒരു സാധാരണയുള്ള ജീവന രീതിയാകുകയും വിവര സങ്കേതിക മേഖല സങ്കല്പിക്കാനാവാത്ത വിധം നമ്മെ അടുപ്പിക്കുകയും ചെയുമ്പോള് ജനാധിപത്യ പ്രയോഗം പുതിയ തലം കണ്ടെത്തുന്ന അവസ്ഥയാണ് ഇത് വെളിവാക്കുന്നത്. ഒരു പക്ഷെ മുന്കാല പ്രവാസികളെ അപേക്ഷിച്ചു ഇപ്പോള് ഉള്ളവരുടെ അടക്കാനാവാത്ത രാഷ്ട്രീയ അധികാര വ്യവഹാര മോഹമോ അതില് നിന്ന് മാറ്റി നിര്ത്തപ്പെടാന് അനുവദിക്കില്ല എന്ന പ്രഖ്യാപനമോ അതോ ജനാധിപത്യത്തിന്റെ തന്നെ പുതിയ വളര്ച്ചയോ ആയിരിക്കാം ഇന്നത്തെ ലോക കേരള സഭയും നാളത്തെ ചാപ്റ്റര് ലോക കേരള സഭകളും.
യുകെ മലയാളി പാര്ലമെന്റ്; യുക്മയുടെ പുതിയ ഭാരവാഹികള്ക്ക് ഒരു നിര്ദേശം: ഒരു വര്ഷം മുന്പ് മലയാളം യുകെയില് പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
സുഗതന് തെക്കെപ്പുര