UK

ലണ്ടന്‍: ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍. ഇവ പരിസ്ഥിതിയ്ക്ക് ഹാനികരമായതിനാലാണ് പുതിയ നീക്കം.

ഇത്തരത്തില്‍ വര്‍ഷം തോറും ബ്രിട്ടനില്‍ രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ പുനരുപയോഗിക്കുന്നത് 400-ല്‍ ഒന്നുമാത്രവുമാണ്. ഇതില്‍ മാറ്റം വരുത്തുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ ഇത്തരം കപ്പുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.25 പെന്‍സ് ആയിരിക്കും നികുതി ഏര്‍പ്പെടുത്തുന്നത്. ഇവ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും.

2023-ഓടെ എല്ലാ ഗ്ലാസുകളും റീസൈക്കിള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനത്തിലേക്ക് കടക്കാനാണ് പദ്ധതി.

സണ്ണിമോന്‍ മത്തായി

ക്രിസ്തുമസും പുതുവത്സരവും സമുചിതമായി ആഘോഷിച്ച് വാറ്റ് ഫോര്‍ഡ് മലയാളികള്‍. യുകെയിലെ പ്രമുഖ മലയാളി സംഘടനയായ കെസിഎഫ് വാറ്റ് ഫോര്‍ഡിന്‍റെ ആഭിമുഖ്യത്തിലാണ് വാറ്റ് ഫോര്‍ഡ് മലയാളികളുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ഹോളി വെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. വാറ്റ്ഫോര്‍ഡ് മലയാളികളുടെയും പുറത്ത് നിന്ന് എത്തിയവരുടെയും ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറി.

കെസിഎഫ് വാറ്റ്ഫോര്‍ഡ് ചെയര്‍മാന്‍ സണ്ണിമോന്‍ പി മത്തായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഷിനോ കുര്യന്‍ (ലോയേഴ്സ് പോയിന്‍റ് സോളിസിറ്റര്‍സ്), പ്രദീപ്‌ മയില്‍വാഹനന്‍, ഡോട്ടി ദാസ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. മികച്ച സോഷ്യല്‍ വര്‍ക്കര്‍ ആയ ജോണ്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. സുജു ഡാനിയേല്‍ യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കിരണ്‍ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന കൊടുക്കുന്ന സംഘടനയായ കെസിഎഫ് കഴിഞ്ഞ വര്‍ഷം 2500പൗണ്ടിലധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തിരുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൂരജ് പാലാക്കാരന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്ക്ക് 1200 പൗണ്ടും തണല്‍ ക്യാന്‍സര്‍ കെയര്‍ സെന്ററിനു 300പൗണ്ടും  യുകെയില്‍ വച്ച് മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തിന് 525പൗണ്ടും പീസ്‌ ഹോസ്പൈസ് എന്ന സംഘടനയ്ക്ക് 501പൗണ്ടും 2017ല്‍ കെസിഎഫ് സംഭാവനയായി നല്‍കിയിരുന്നു.

പ്രീതിയുടെ അവതരണ മികവില്‍ ഡ്രീംസ് ഓര്‍ക്കസ്ട്ര നടത്തിയ ഗാനമേളയും വാറ്റ്ഫോര്‍ഡിലെ കലാകാരന്മാരുടെയും കലാകാരികളുടെയും മികച്ച കലാപ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. സണ്ണിമോന്‍ മത്തായി, ടോമി ജോസഫ്, സിബി ജോണ്‍, സിബി തോമസ്‌, സിവി ജോസഫ്, അനൂപ്‌ ജോസഫ്, സുജു ഡാനിയേല്‍, കിരണ്‍ ജോസഫ്, റാണി ജോസ്, റാണി സുനില്‍, ചാള്‍സ് മാണി, മാത്യു സെബാസ്റ്റ്യന്‍ എന്നിവര്‍ ആണ് കെസിഎഫ് വാറ്റ് ഫോര്‍ഡിന്റെ ട്രസ്റ്റിമാര്‍.

മലയാളം യുകെ ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ച കലണ്ടര്‍ വാറ്റ്ഫോര്‍ഡിലെ എല്ലാ കുടുംബങ്ങളിലും സൗജന്യമായി എത്തിച്ച് കൊടുക്കാനും കെസിഎഫ് മുന്‍കൈയെടുത്തു. ടോജോ കുര്യാക്കോസ് ഹെയ്സില്‍ എന്നിവര്‍ സിബി തോമസില്‍ നിന്നും കലണ്ടര്‍ ഏറ്റുവാങ്ങിയതിലൂടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. പുകയില കമ്പനി ഭീമന്‍ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ബ്രാന്‍ഡുകള്‍ നിര്‍ത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് പുതുവര്‍ഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ കമ്പനി കഴിഞ്ഞ ദിവസം പരസ്യം നല്‍കി ഞെട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് സിഗരറ്റ് നിര്‍മ്മാണം തന്നെ നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുകവലി രഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്കാണ് കമ്പനിയുടെ ചുവടുമാറ്റം. പുകയില്ലാത്ത ഉത്പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ. ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ ഇവരുടെ സിഗരറ്റ് വില്‍ക്കപ്പെടുന്നുണ്ട്. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്‍ഡോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്, മാള്‍ബറോയുടെ വിവിധ വകഭേദങ്ങള്‍, എല്‍ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. സ്‌മോക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ വെബ്‌സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി എങ്ങനെ തുടങ്ങിയ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാണ്.

ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്നു മാള്‍ബറോ സിഗരറ്റ്. നാട്ടില്‍ അവധിക്ക് വരുന്ന വിദേശ മലയാളി സുഹൃത്തുക്കള്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ച ബ്രാന്‍ഡായിരുന്നു ഈ വിദേശ സിഗരറ്റ്. ദിനേശ് ബീഡിയുടെ പുക ശ്വസിച്ചിരുന്ന മലയാളി ഈ വിദേശിയുടെ പുകയെ പ്രണയിച്ചു. നാട്ടിലെ പണക്കാരന്‍ തന്റെ ആഡംബരം മുദ്രയായി ഇത് കൊണ്ടുനടന്നു. ഗതകാലസ്മരണകളിലേക്ക് മാത്രമായി മാള്‍ബറോ ഇനി ചുരുങ്ങുകയാണ്.

നോ പാന്റ്സ് ഡേ ആഘോഷിക്കാന്‍ പാന്റ്സ് ഊരി ബാഗില്‍ വച്ച് ലോകമെമ്പാടും യാത്ര ചെയ്തത് ആയിരക്കണക്കിന് ആളുകള്‍. ന്യൂയോര്‍ക്ക്, മോസ്കോ, ജറുസലേം, ലണ്ടന്‍, ടോക്കിയോ എന്ന് വേണ്ട ലോകമെങ്ങുമുള്ള ഇരുപത്തിയേഴ് നഗരങ്ങളില്‍ ആളുകള്‍ പാന്റ് ഇല്ലാതെ യാത്ര ചെയ്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പുതു വത്സരത്തിലെ ആദ്യ ഞായറാഴ്ചയാണ് നോ പാന്റ്സ് റൈഡിന് തെരഞ്ഞെടുക്കുന്നത്. സംഘം ചേര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയ ശേഷം പാന്റ് ഊരി ബാഗില്‍ വച്ച് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ യാത്ര ചെയ്യുക എന്നതാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത്.

രണ്ടായിരത്തി പതിനെട്ടിലെ ആദ്യ ഞായറാഴ്ച ആയ ഇന്നലെ ആയിരുന്നു ഈ പരിപാടി വീണ്ടും അരങ്ങേറിയത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകള്‍ ഇത്തവണ പാന്‍റ് ഊരാന്‍ തയ്യാറായി എന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഒരു തമാശ എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കാര്യം തമാശ ആണെങ്കിലും കടുത്ത തണുപ്പില്‍ പാന്‍റ് ഇല്ലാതെ യാത്ര ചെയ്യുന്നത് അല്‍പ്പം കടുപ്പം തന്നെയാണ് എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം.

നോ പാന്‍റ്സ് സബ് വേ റൈഡിന്‍റെ ചരിത്രം

2002ല്‍ ഒരു പ്രതിഷേധം എന്ന നിലയിലാണ് ന്യൂയോര്‍ക്കില്‍ ഇത് ആദ്യം തുടങ്ങിയത്. തുടക്കത്തില്‍ പങ്കെടുത്തത് ആകെ ഏഴു പേര്‍ മാത്രം. തുടങ്ങാനുള്ള കാരണം ഇതാണ്, ന്യൂയോര്‍ക്കിലെ മെട്രോ സബ് വേ റെയിലില്‍ കയറുന്ന യാത്രക്കാര്‍ പത്രമോ പുസ്തകമോ ഒക്കെ കയ്യില്‍ കരുതിയാണ് കയറുന്നത്. ആരും ആരെയും ശ്രദ്ധിക്കുകയോ സംസാരിക്കുകയോ ഇല്ല. പുസ്തകത്തിലോ പത്രത്തിലോ മുഖം താഴ്ത്തി ഇരിക്കും. ഇതിനെതിരെ പ്രതിഷേധം ആയിട്ടാണ് ഇത് ആദ്യം സംഘടിപ്പിച്ചത്.

പ്രതിഷേധക്കാര്‍ ഓരോ സ്റ്റേഷനില്‍ നിന്ന് ഓരോരുത്തരായി ട്രെയിനില്‍ കയറി, ആരും പാന്‍റ് ധരിച്ചിരുന്നില്ല. എന്നാല്‍ പലരും ഇതൊന്നും ശ്രദ്ധിച്ചതേ ഇല്ല. ശ്രദ്ധിച്ചവര്‍ ആവട്ടെ എന്ത് പറ്റി എന്ന് ചോദിച്ചെങ്കിലും മറന്നു പോയി എന്ന മറുപടിയില്‍ തൃപ്തരായി തങ്ങളുടെ കാര്യങ്ങളില്‍ മുഴുകി. എന്നാല്‍ ഒരു വിരുതന്‍ കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ഡോളറിന് ഒരു പാന്‍റ് എന്ന ഓഫറുമായി ട്രെയിനില്‍ എത്തി. ഇതും ഇവരില്‍ ഒരാള്‍ തന്നെ ആയിരുന്നു.

രണ്ടാം വര്‍ഷത്തില്‍ പാന്‍റ് ഊരിക്കളയാന്‍ മുന്‍പോട്ടു വന്നത് മുപ്പത് പേര്‍ ആയിരുന്നു. ഇതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍  2006ല്‍ കളി മാറി. പാന്റിടാതെ വന്ന എട്ടു പേരെ ഒരു പോലീസുകാരന്‍ കസ്റ്റഡിയില്‍ വയ്ക്കുകയും ബാക്കിയുള്ളവരെ ട്രെയിനില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഇതോടെ സംഭവം ജനശ്രദ്ധ ആകര്‍ഷിച്ചു. സംഭവം കോടതിയില്‍ എത്തിയപ്പോള്‍ കോടതി പ്രതിഷേധക്കാരുടെ കൂടെ നിന്നു. ന്യൂയോര്‍ക്കില്‍ എവിടെയും ആര്‍ക്കും അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്യാം എന്നും പാന്റ്സ് ധരിക്കണം എന്നൊരു നിയമം അമേരിക്കയില്‍ ഇല്ലയെന്നും പറഞ്ഞ കോടതി എല്ലാവരെയും വെറുതെ വിട്ടു.

2010 ആയതോടെ ന്യൂയോര്‍ക്കില്‍ തുടങ്ങിയ ഈ പരിപാടി ലോകത്തെ പല നഗരങ്ങളിലും ആയി. ചിലയിടങ്ങളില്‍ മേയ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും ചിലയിടങ്ങളില്‍ ജനുവരി 8നും ഇത് ആചരിക്കുന്നുണ്ട്. എന്തായാലും ലണ്ടനില്‍ ഇന്നലെ ആയിരുന്നു പാന്റില്ലാത്ത യാത്രികര്‍ ട്യൂബ് ട്രെയിനില്‍ നിറഞ്ഞത്‌.

രാജീവ് വാവ

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്….നാടെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ഈ വേളയില്‍ മാലാഖമാരുടെ സംഗീതത്തിൽ  മണ്ണിലും വിണ്ണിലും നിറയുന്ന ആഘോഷ വേളകൾ… പ്രവാസ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും ലോകമെങ്ങുമുള്ള മലയാളി സമൂഹം ക്രിസ്തുമസിനെ വരവേറ്റതിന്റെ ആഘോഷത്തിമിർപ്പുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. യുകെ മലയാളികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ മറ്റെല്ലായിടത്തും ഉള്ളവരെക്കാള്‍ ഒരു പടി മുന്‍പില്‍ തന്നെയാണുള്ളത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ശനിയാഴ്ച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ അസോസിയേഷൻ..  കെ സി എ സംഘടിപ്പിച്ച ക്രിസ്‌മസ്‌ പുതുവത്സരപരിപാടികൾ വിളിച്ചുപറയുന്നത്…

ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഒക്കെ കൂടിയുള്ള വീടുകളിൽ ഉള്ള ആഘോഷം ഏതാണ്ട് പുതുവർഷത്തോടെ സമാപിക്കുകയും കുട്ടികളുടെ സ്കൂൾ തുറക്കുകയും ചെയ്തു എന്നിരുന്നാലും ആഘോഷങ്ങൾ എന്നും ഒരു അസോസിയേഷനെ സംബന്ധിച്ച് ഒരു ഉണർവിന്റെ സമയമാണ്. വെറുതെ ആട്ടവും പാട്ടുമായി മാത്രമല്ല എങ്ങനെ കുഞ്ഞു കുട്ടികളെ പരിപാടികളിൽ ഉൾപ്പെടുത്താം എന്നതിന്റെ ആവിഷ്ക്കാരമാണ് ശനിയാഴ്ച വൈകിട്ട് 5.30ന് കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്   ഉൾപ്പെടെ ഉള്ള കലാകായിക മത്സരങ്ങൾ നടത്തപ്പെട്ടത്…

ഏഴ് മണിയോടുകൂടി ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ച് സെക്രട്ടറി ബിന്ദു സുരേഷിൻറെ സ്വാഗതം… തിങ്ങിനിറഞ്ഞ ജൂബിലി ഹാളിലെ ജനനമൂഹത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് കെസിഎ പ്രസിഡന്റ് സോബിച്ചന്‍ കോശി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെയിംസ് മൈലപ്പറമ്പില്‍ നൽകിയ ക്രിസ്തുമസ് സന്ദേശം… മനുഷ്യകുലത്തിന്റെ രക്ഷക്കായി മനുഷ്യനായി അവതാരമെടുത്ത ഉണ്ണിയേശു.. എളിമയുടെയും വിനയത്തിന്റെയും മാതൃക നമുക്ക കാണിച്ചുതരുന്നു… മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീ നാരായണഗുരുവിന്റെ ഉദ്ധരണികൾ ഉപയോഗിച്ച് പുതുവർഷത്തിൽ മനുഷ്യന് വേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയ്യാറാകുമ്പോൾ… ഒരുവനെ പ്രതിഫലം പ്രതീക്ഷിക്കാതെ സഹായിക്കുമ്പോൾ നമ്മളിൽ ഓരോരുത്തരിലും ഉണ്ണി പിറവിയെക്കുമെന്ന് തന്റെ സന്ദേശത്തിൽ ജെയിംസ് എടുത്തുപറഞ്ഞു.. അതാണ് ക്രിസ്മസ് എന്നും അതായിരിക്കണം നമ്മുടെ വിശ്വാസമെന്നും തുറന്നുപറയാൻ ജെയിംസ് മടികാണിച്ചില്ല..   ഡിക്ക് ജോസ് കൃതജ്ഞത രേഖപ്പെടുത്തിയത്തോടെ ഔദ്യോഗിക പരിപാടികൾക്ക് തിരശീല വീണു…

തുടര്‍ന്ന് സ്‌കൂള്‍ ഓഫ് കെസിഎയുടെ നടന നാട്യ വിസമയം കണ്ണഞ്ചിപ്പിക്കും വിധം സ്റ്റേജിൽ എത്തിയപ്പോൾ ആഘോഷത്തിന്റെ അലയൊലികൾ കേൾക്കുമാറായി.  യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പിന്റെ ഗാനാലാപനത്തിൽ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ സംഗീത പ്രേമികള്‍ മുങ്ങിപ്പോയി എന്നത് ഒരു നേർകാഴ്ച ..

നാവില്‍ രുചിയേറും സ്‌നേഹവിരുന്ന് കൂടിയായപ്പോള്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം അതിന്റെ പരിസമാപ്തിയില്‍ എത്തി. ജനപങ്കാളിത്തം കൊണ്ട് ഈ ആഘോഷം ഒരു വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്കും കെസിഎ നന്ദി രേഖപ്പെടുത്തുന്നു.

ന്യൂസ് ഡെസ്ക്

ഹൈ എനർജി പ്രോട്ടോൺ ബീം ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സ യുകെയിൽ ഉടൻ ലഭ്യമാകും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആണ് ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാവുന്നത്. ഈ വർഷം ഓഗസ്റ്റ് മുതൽ ഇവിടെ ക്യാൻസർ രോഗികൾക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോൺ ബീം ചികിത്സ നല്കിത്തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാൻസറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പ്രോട്ടോൺ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എൻഎച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്.

മാഞ്ചസ്റ്ററിലെ പ്രോട്ടോൺ ബീം ട്രീറ്റ്മെന്റ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മെഡിസിന്റെയും ഫിസിക്സിന്റെയും അനന്ത സാധ്യതകൾ ഒത്തുചേരുന്ന പുതിയ ചികിത്സാരീതി യുകെയിൽ തുടങ്ങുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമായി മാറും. പ്രായം കുറഞ്ഞ രോഗികൾക്ക് പ്രോട്ടോൺ ബീം ചികിത്സ നിലവിലെ മറ്റു മാർഗങ്ങളെക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന സെല്ലുകൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ പ്രോട്ടോൺ ബീം മൂലം ഉണ്ടാവുകയില്ല. പുതിയ പ്രോട്ടോൺ ബീം സെൻററുകൾക്കായി യുകെ ഗവൺമെൻറ് 250 മില്ല്യൺ പൗണ്ട് നല്കിയിട്ടുണ്ട്. ബാക്കി തുക ഫണ്ട് റെയിസിംഗ്‌ വഴിയാണ് കണ്ടെത്തിയത്.

ക്യാൻസറിനുള്ള റേഡിയോ തെറാപ്പിയിൽ ബീം ട്യൂമറിനുള്ളിലൂടെ കടന്ന് പോകുമ്പോൾ അതിന് ചുറ്റുമുള്ള സെല്ലുകൾക്ക് ദോഷകരമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പ്രോട്ടോൺ ബീം ഇതിലും ചെറുതായതിനാൽ ട്യൂമറിനെ കടന്നു പോകുന്നില്ല. അതിനാൽത്തന്നെ മറ്റു ടിഷ്യൂവിന് ദോഷകരമാവില്ല. ആറ്റത്തിന്റെ ന്യൂക്ലിയസിൽ നിന്ന്  സെക്കന്റിൽ100,000 മൈൽ സ്പീഡിൽ പുറപ്പെടുന്ന പ്രോട്ടോണാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അത്യധികം സൂക്ഷ്മതയോടെ ഈ പ്രോട്ടോണിനെ സൈക്ലോട്രോൺ എന്ന ആക്സിലറേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും.  പ്രോട്ടോണിന്റെ കുറഞ്ഞ എനർജിയുള്ള ബീം ഉപയോഗിച്ചുള്ള ചികിത്സ നിലവിൽ യുകെയിലെ വിറാലിലുള്ള ക്ലാറ്റർ ബ്രിഡ്ജ് ക്യാൻസർ സെന്ററിൽ ലഭ്യമാണ്. കണ്ണിനുണ്ടാകുന്ന വിവിധതരം ക്യാൻസറുകൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.

 

ലണ്ടന്‍: ഫിറ്റ്‌നസില്‍ ശ്രദ്ധാലുക്കളാണ് ബ്രിട്ടീഷുകാരെന്നാണ് വയ്‌പെങ്കിലും ജിമ്മിലെ ഉപകരണങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വലിയ ധാരണയില്ലാത്തവരാണെന്ന് പഠനം. നുഫീല്‍ഡ് ഹെല്‍ത്ത് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2000 പേരിലാണ് പഠനം നടത്തിയത്. ചെസ്റ്റ് പ്രസ് മെഷീന്‍, സ്റ്റെയര്‍ ക്ലൈംബേഴ്‌സ്, ട്രെഡ്മില്‍ തുടങ്ങിയവയുടെ ഉപയോഗം ഇവരെ ഭയപ്പെടുത്താറുണ്ടെന്നും പഠനം പറയുന്നു. 23 ശതമാനം പേര്‍ക്കാണ് ഉപകരണങ്ങളെ പേടിയുള്ളത്!

ഇവയേക്കുറിച്ച് വേണ്ടത്ര ധാരണയില്ലെങ്കിലും ആരോടെങ്കിലും സഹായം തേടാനും ബ്രിട്ടീഷുകാര്‍ക്ക് ബുദ്ധിമുട്ടാണത്രേ. 18 ശതമാനം പേര്‍ അത്യാവശ്യം ‘കഴിഞ്ഞുകൂടി’ പോകുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ചെയ്യാന്‍ ശ്രമിക്കുകയാണ് രീതിയെന്ന് അഞ്ചിലൊന്ന് പേര്‍ പറയുന്നു. എന്നാല്‍ എല്ലാം അറിയാമെന്ന് ഭാവത്തിലായിരിക്കും തങ്ങള്‍ മെഷീനുകളില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ പറഞ്ഞത്.

എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ജിമ്മില്‍ ചിലപ്പോള്‍ അപകടകരമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അതിന് അനുസൃതമായ വ്യായാമങ്ങളും ഉപകരണങ്ങളുമായിരിക്കണം ഉപയോഗിക്കേണ്ടത്. ശരീരത്തെക്കുറിച്ച് വ്യക്തമായ ബോധ്യം പോലും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ലണ്ടന്‍: യുകെയിലെ ആകെ ഉപഭോക്തൃ വിനിയോഗ നിരക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 2017ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഡിസംബറില്‍ നിരക്കുകള്‍ ഏറ്റവും കുറവായിരുന്നെന്നും വിസ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബങ്ങളുടെ ചെലവാക്കലില്‍ ഡിസംബറില്‍ ഒരു ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. നവംബറില്‍ 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഡിസംബറില്‍ ഇത്രയും കുറവുണ്ടായത്.

2017ലെ വാര്‍ഷിക ഉപഭോക്തൃ വിനിയോഗത്തില്‍ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും വിസയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012ന് ശേഷം ആദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇ കൊമേഴ്‌സില്‍ ജനങ്ങള്‍ ചെലവാക്കുന്നതില്‍ കഴിഞ്ഞ മാസം 2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ക്രിസ്തുമസ് കാലത്ത് ചില വന്‍കിടക്കാര്‍ ചിലര്‍ ലാഭമുണ്ടായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ക്ക് തിരിച്ചടിയാണ് ലഭിച്ചത്.

ഷോപ്പുകൡലെ ഫേസ് റ്റു ഫേസ് വിനിമയത്തെ ഇ കൊമേഴ്‌സ് കീഴടക്കുന്നതാണ് കഴിഞ്ഞ വര്‍ഷം ദര്‍ശിക്കാനായത്. 2017ല്‍ 11 മാസങ്ങളിലും ഇതായിരുന്നു ട്രെന്‍ഡ്. ഉപഭോക്തൃസസേവനങ്ങളിലെ എട്ടില്‍ അഞ്ച് ഇനങ്ങളിലും നേരിട്ടുള്ള വിനിയോഗം ഉപഭോക്താക്കള്‍ കുറച്ചുവെന്നാണ് വ്യക്തമാകുന്നത്. ഗതാഗത മേഖലയില്‍ 4.4 ശതമാനം ഇടിവാണ് ഉണ്ടായത്. ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ 3.4 ശതമാനവും ടെക്‌സ്റ്റൈല്‍ ഫുട്ട്‌വെയര്‍ എന്നിവയില്‍ 2.4 ശതമാനവും ഉപഭോക്തൃ വിനിയോഗം കുറഞ്ഞതായി വിസ വ്യക്തമാക്കുന്നു.

രാജേഷ് ജോസഫ്

അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് നന്മക്കായി ഭവിക്കണം. ലോകത്തിലെ ഏത് സംഭവങ്ങളോടും തന്റേതായ രീതിയിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരേ ഒരു ജനത കേരളത്തില്‍ ജനിച്ച മലയാളികളാണ്. ഈ ഭൂമിമലയാളത്തിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും കണ്ണും പൂട്ടി അഭിപ്രായം പറയുന്നവരുടെ സമൂഹം. തങ്ങള്‍ക്ക് അറിവില്ലാത്ത സംഭവങ്ങളെപ്പറ്റി വാചാലരാകുന്ന അനവധി സുഹൃത്തുക്കളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ഒന്നും അറിയില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ താന്‍ പുലിക്ക് സമനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ആപത്തിലേക്കാണ് വഴി നടത്തുന്നത്.

എസ്എസ്എല്‍സി പരീക്ഷക്ക് ശേഷം ഒരു പുസ്തകവും കൈ കൊണ്ട് തൊട്ട്തീണ്ടാത്ത വ്യക്തി നമ്മുടെയൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ ആധികാരികമായി സംസാരിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും കണ്ണ് തള്ളിപ്പോയ അവസ്ഥയാണ് നമ്മില്‍ പലര്‍ക്കും. പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിക്കുന്നവരുടെ ഏറ്റവും വലിയ ഗുണമായി നാം കാണുന്നത് അവര്‍ക്ക് വ്യക്തമായി അറിവുള്ള, ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ അവരുടെ അഭിപ്രായം പ്രകടമാക്കുകയുള്ളു എന്നുള്ള വസ്തുതയാണ്. എന്നാല്‍ നമ്മള്‍ മലയാളികളാകട്ടെ വിശ്വസനീയമായ രീതിയില്‍ ഉദാഹരണ സഹിതം മറ്റുള്ളവരെയോ നമ്മെത്തന്നെയോ വഴി തെറ്റിച്ചുകൊണ്ടിരിക്കുന്നു. ഈ പുതുവത്സരത്തില്‍ അറിയാവുന്ന, ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ വാ പൂട്ടി മൗനമായി ശ്രദ്ധിക്കാം. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. 

അടുത്തിടെ വായിച്ച പുസ്തകത്തിലെ കഥ ഇവിടെ വിവരിക്കാം. കള്ളന്‍ സന്യാസിയുടെ ഭവനത്തില്‍ മോഷണത്തിനായി എത്തി. മോഷണശേഷം പിടികൂടിയ കള്ളനോട് സന്യാസി ചോദിച്ചു. നീ ചെയ്യുന്ന പ്രവൃത്തിയേക്കുറിച്ച് നിനക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ മോഷണ മുതലുമായി പൊയ്‌ക്കൊള്ളുക. തല്‍ക്കാലം കള്ളന്‍ രക്ഷപ്പെട്ടുവെങ്കിലും ഒരാഴ്ചക്ക് ശേഷം തിരികെയെത്തി പറഞ്ഞു, താങ്കള്‍ എന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പൂര്‍ണ്ണ ബോധ്യത്തോടെ മോഷണം ചെയ്യാന്‍ എന്റെ മനസും ശരീരവും അനുവദിക്കുന്നില്ല.

ഈ പുതുവത്സരത്തില്‍ അറിയാവുന്ന, പൂര്‍ണ്ണമായ ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ ശ്രദ്ധയോടെ ചെവിയോര്‍ക്കാം. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

രാജേഷ്‌ ജോസഫ്

ആദ്യ മൂന്ന് ദിനങ്ങളില്‍ മികച്ച കളക്ഷനുമായി ‘വിമാനം’ യുകെയിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. മികച്ച സന്ദേശം നല്‍കുന്ന ജീവിതഗന്ധിയായ സിനിമ എന്ന നിലയില്‍ യുകെ മലയാളികള്‍ ‘വിമാനത്തെ’ ഏറ്റെടുത്തതോടെ കുടുംബ സമേതം തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. യുകെയിലെങ്ങും സ്കൂള്‍ അവധിക്കാലം ആണെന്നതും കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു മികച്ച സമ്മാനം എന്ന നിലയിലും വിമാനം കാണാന്‍ വന്‍ തിരക്ക് ആയിരുന്നു മിക്കയിടങ്ങളിലും. ഇന്ന് അന്‍പതിലധികം തിയേറ്ററുകളില്‍ വിമാനം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ബധിരനും മൂകനുമായ തൊടുപുഴക്കാരന്‍ സജി തന്‍റെ പരിമിതികളെ മറി കടന്ന് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച  ‘വിമാനം’ നല്ല ഒരു സന്ദേശം നല്‍കുന്ന സിനിമയാണ്. ഒരു ലക്‌ഷ്യം മനസ്സില്‍ രൂപപ്പെടുത്തുകയും അതിനായി അക്ഷീണം പ്രയത്നിച്ച് പ്രതിബന്ധങ്ങളെ മറികടന്ന് ആ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന വളരെ നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന ‘വിമാനം’ ഈ അവധിക്കാലത്ത്‌ കുട്ടികളോടൊപ്പം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.

പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പരിധിയില്ല. സത്യസന്ധമായ ആഗ്രഹവും തീവ്രമായ ശ്രമവും ഒരാളെ വിജയത്തിന്റെ ആകാശങ്ങളിലേയ്ക്കു നയിക്കുന്നു. പറക്കാനാഗ്രഹിച്ച ഒരു കുട്ടിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പൊങ്ങിപ്പറക്കലിന്റെ കഥയാണ് വിമാനം.

പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിച്ചപ്പോള്‍ ഉടലെടുത്തത് അതിമനോഹരമായ ഒരു ചലച്ചിത്രമാണ്. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.

ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു കുട്ടിയുടെ തീവ്രമായ ആഗ്രത്തിന്റെയും പ്രതിസന്ധികളെ മറികടന്നുള്ള അവന്റെ വിജയത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഒപ്പം, അവന്റെ ചില പരാജയങ്ങളുടെയും നഷ്ടങ്ങളുടെയും കഥയും. പത്മഭൂഷന്‍ പുരസ്‌കാരം നേടിയ പ്രൊഫ. വെങ്കിടേശ്വരന്‍ എന്ന ശാസ്ത്രജ്ഞനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അയാളുടെ ഓര്‍മകളിലൂടെ യുവാവായ വെങ്കിടിയുടെ ജീവിതത്തിലേയ്ക്ക് സിനിമ പറക്കുന്നു. അത് ഒരേസമയം അയാളുണ്ടാക്കുന്ന വിമാനത്തിന്റെ കഥയും അയാളുടെ പ്രണയത്തിന്റെ കഥയുമാണ്.

വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തി അമ്മാവന്റെ വര്‍ക്ക് ഷോപ്പില്‍ മെക്കാനിക്കായി ജോലിചെയ്യുമ്പോഴും വെങ്കിടിയുടെ സ്വപ്നം വിമാനമാണ്. സ്വന്തമായി വിമാനമുണ്ടാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയാള്‍. അയാള്‍ക്ക് പിന്തുണയുമായി ഒപ്പമുള്ളത് അയാളുടെ അമ്മാവനും (സുധീര്‍ കരമന) പാപ്പ എന്നു വിളിക്കുന്ന റോജര്‍ (അലന്‍സിയര്‍) എന്ന പ്രൊജക്ഷനിസ്റ്റുമാണ്. പിന്നെ, ജാനകിയും.

സമീപവാസിയായ ജാനകി (ദുര്‍ഗ ലക്ഷ്മി) യുമായി അയാള്‍ക്കുള്ളത് കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. വെങ്കിടിക്ക് വിമാനത്തോടുള്ള പ്രണയവും അവളോടുളള പ്രണയവും സമാന്തരമായാണ് വളരുന്നതും വികസിക്കുന്നതും. നാട്ടുകാര്‍ പൊട്ടനെന്നും ഭ്രാന്തനെന്നും വിളിച്ചു പരിഹസിക്കുന്ന വെങ്കിടിയുടെ കഴിവുകളും അയാളുടെ ആഗ്രത്തിന്റെ തീവ്രതയും യഥാര്‍ഥത്തില്‍ അറിയുന്നത് ജാനകിക്കാണ്. ഊണിലും ഉറക്കത്തിലും താനുണ്ടാക്കുന്ന വിമാനത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വെങ്കിടിക്ക് ഊര്‍ജം പകരുന്നത് അവളാണ്. താനുണ്ടാക്കുന്ന വിമാനത്തില്‍ അവള്‍ക്കൊപ്പം പറക്കുക എന്നതാണ് വെങ്കിടിയുടെ ഏറ്റവും വലിയ ആഗ്രഹം.

വെങ്കിടിയുടെ വിമാനം എന്ന സ്വപ്നവും അയാളുടെ പ്രണയവും സമാന്തരമായാണ് സിനിമ നെയ്തെടുക്കുന്നത്. വിദഗ്ധമായി ഈ രണ്ടു ധാരയേയും കൂട്ടിയിണക്കാന്‍ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് സാധിക്കുന്നണ്ട്. വിമാനം പോലെതന്നെ പ്രണയവും നേരിടുന്ന പരാജയങ്ങളും പ്രതിബന്ധങ്ങളും സിനിമയുടെ പ്രധാന വിഷയംതന്നെയാണ്. പ്രണയത്തിന്റെ സംഘര്‍ഷങ്ങളും പരിണാമവും മുഖ്യ പ്രമേയത്തോട് കലാത്മകമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.

മലയാളക്കര കീഴടക്കിയ ‘വിമാനം’ യുകെയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലെയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. സിനി വേള്‍ഡ്, ഓഡിയോണ്‍, വ്യു, പിക്കാഡിലി, ബോളീന്‍ തുടങ്ങിയ തിയേറ്ററുകളിലെല്ലാം എല്ലാം ഈ കുടുംബ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കിഷ്ടമുള്ള തിയേറ്ററുകളില്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്ത് നിങ്ങള്‍ക്ക് ഈ സിനിമ കണ്ടാസ്വദിക്കാവുന്നതാണ്‌.

 

RECENT POSTS
Copyright © . All rights reserved