UK

ലണ്ടന്‍: മെഷീന്‍ ഇക്കോണമിയുടെ വളര്‍ച്ച യുകെയില്‍ സാമ്പത്തിക അസമത്വത്തിന് കാരണമാകുന്നുണ്ടെന്ന് തിങ്ക്ടാങ്ക് ഐപിപിആര്‍. 290 ബില്യന്‍ പൗണ്ടോളം വരുന്ന തുക ശമ്പളമായി നല്‍കേണ്ടി വരുന്ന ജോലികളാണ് ഓട്ടോമേഷനിലൂടെ ഇല്ലാതാകുന്നത്. യുകെയിലെ മൊത്തം വാര്‍ഷിക ശമ്പളം കണക്കുകൂട്ടുന്നതില്‍ മൂന്നിലൊന്ന് ഓട്ടോമേഷനിലൂടെ ഇല്ലാതാകുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജോലികള്‍ മിക്കവയും അനിശ്ചിതാവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കും ധനികര്‍ക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐപിപിആര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള പ്രമുഖ്യ വ്യക്തിത്വങ്ങള്‍ അടങ്ങുന്ന ഐപിപിആര്‍ കമ്മീഷന്‍ ഫോര്‍ ഇക്കണോമിക് ജസ്റ്റിസിന് വേണ്ടിയാണ് പഠനം നടത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായങ്ങളില്‍ റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഉപയോഗിക്കുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശരിയായ വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഓട്ടോമേഷന്റെ ഗുണഫലങ്ങള്‍ മൂലധനവും ഏറ്റവും പ്രഗത്ഭരായ ജോലിക്കാരും മാത്രമുള്ള തൊഴിലുടമകള്‍ക്ക് മാത്രമേ ലഭിക്കൂവെന്ന് ഐപിപിആറിലെ മുതിര്‍ന്ന ഗവേഷകന്‍ മാത്യു ലോറന്‍സ് പറയുന്നു.

യുകെ സാമ്പത്തിക വ്യവസ്ഥയിലെ 44 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമാകുമെന്നാണ് നിഗമനം. ഇതി 13.7 ദശലക്ഷം ആളുകള്‍ ചെയ്യുന്ന തൊഴിലുകളാണ്. ഇവര്‍ക്ക് ലഭിക്കുന്ന 290 ബില്യന്‍ പൗണ്ടാണ് വ്യവസായങ്ങള്‍ ഇതിലൂടെ ലാഭിക്കാന്‍ പോകുന്നത്. ഈ മാറ്റങ്ങള്‍ പൂര്‍ണ്ണമായും നിലവില്‍ വരാന്‍ പത്തു മുതല്‍ 20 വര്‍ഷം വരെ വേണ്ടിവരുമെന്നും പഠനം വ്യക്തമാക്കുന്നു.

ലണ്ടൻ∙ ലോകത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സേവന സംവിധാനമായ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) സപ്തതിയുടെ നിറവ്. യൂറോപ്പിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ പൊതുമേഖലാ സ്ഥാപനം എഴുപതു വർഷം പൂർത്തിയാക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ഒപ്പം സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും അവരെ അലട്ടുന്നു.

രാജ്യത്താകെ പതിനഞ്ച് ലക്ഷത്തോളം പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർ ഇതിൽപെടുന്നു. ബ്രിട്ടനിൽ ആകെയുള്ള ഒരുലക്ഷത്തി അറുപതിനായിരം മലയാളികളിൽ മഹാ ഭൂരിപക്ഷവും എൻഎച്ച്എസിലെ ജീവനക്കാരാണ്. അതിൽതന്നെ ഏറെപ്പേരും ആതുരശുശ്രൂഷയുടെ നെടുംതൂണായ നഴ്സുമാരും. 1995ൽ വിദേശനഴ്സുമാർക്കായി എൻഎച്ച്എസ് വാതിൽ തുറന്നതോടെയാണ് യുകെയിലേക്കുള്ള മലയാളികളുടെ രണ്ടാംഘട്ട കുടിയേറ്റം ആരംഭിച്ചതുതന്നെ. സിംഗപ്പൂർ, മേലേഷ്യ വഴി ബ്രിട്ടനിലെത്തിയ വളരെ കുറച്ചുപേർ മാത്രമായിരുന്നു അതുവരെ ബ്രിട്ടനിലുണ്ടായിരുന്ന മലയാളികൾ.

മലയാളികളെപ്പോലെ തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്നത് പതിനായിരങ്ങളാണ്. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ എൻഎച്ച്എസിനെ നയിക്കുന്നവരിൽ നല്ലൊരു ശതമാനം  വിദേശികളാണ്. ഒരു പരിധിവരെ സ്ഥാപനത്തിന്റെ വിജയരഹസ്യവും ഇതുതന്നെ.

ഏഴു ദശാബ്ദങ്ങൾ നീണ്ട ചരിത്രത്തിൽ എൻഎച്ച്എസിന് നേട്ടങ്ങളുടെ പട്ടിക ഏറെയാണ്. ഹൃദയം, കരൾ, ശ്വാസകോശം മുതലായ അവയവങ്ങൾ മാറ്റിവയ്ക്കുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ ലോകത്ത് ആദ്യം നടത്തിയത് എൻഎച്ച്എസിലായിരുന്നു. പോളിയോ, മലമ്പനി ഡിഫ്തീരിയ, തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ നിർമാർജനം ഫലപ്രദമായി നടപ്പിലാക്കി ലോകത്തിനു മാതൃകയായതും എൻഎച്ച്എസ് ആണ്. എയ്ഡ്സിനും കാൻസറിനും മറ്റ് മാരക രോഗങ്ങൾക്കുമെല്ലാം ഇന്നും ലോകത്ത് മികച്ച ചികിൽസ ലഭ്യമാക്കാൻ എൻഎച്ച്എസിനെ വെല്ലാൻ മറ്റൊരു പൊതുമേഖലാ സംവിധാനമില്ല. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മരണത്തിന്റെ കൊടുങ്കാറ്റുവിതച്ച ഇബോള വൈറസിനെ നേരിടാനും ആദ്യം മുന്നിട്ടിറങ്ങിയത് എൻഎച്ച്എസ് സംഘമായിരുന്നു.

അഭിമാനിക്കാനും ആഘോഷിക്കാനും ഏറെയുണ്ടെങ്കിലും പുതിയ രാഷ്ട്രീയ –സാമൂഹിക കാലാവസ്ഥയിൽ എൻഎച്ച്എസിന്റെ നിലനിൽപും സൗജന്യ ചികിൽസയും ചോദ്യം ചെയ്യപ്പെടുകയാണ്. ഏവർക്കും ഒരുപോലെ ലഭ്യമാകുന്ന ഉദാത്തമായ ഈ ചികിൽസാ സംവിധാനത്തിന്റെ ദുരുപയോഗവും നടത്തിപ്പിലെ അപാകതുമാണ് ഇതിനെ പ്രതിസന്ധിയിലാക്കുന്നത്. മദ്യപരെക്കൊണ്ടും കിടപ്പാടവും ഭക്ഷണവും തേടിപ്പോലും ആശുപത്രിയിലേക്കെത്തുന്ന കുടിയേറ്റക്കാരെക്കൊണ്ടും നഷ്ടമാകുന്നത് വിലപ്പെട്ട സമയവും സംവിധാനങ്ങളുമാണ്. അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പുപോലും  പരമാവധി അനുവദിനീയമായ നാലു മണിക്കൂറിൽനിന്നും ഒരോ ദിവസവും അഞ്ചും ആറും മണിക്കൂറിലേക്ക് നീളുന്നു.

ബ്രിട്ടീഷുകാരുടെ പഞ്ചസാര പ്രിയമാണ് എൻഎച്ച്എസിന്റെ രണ്ടാമത്തെ പ്രതിസന്ധി. ഷുഗർ രോഗികൾക്ക് നൽകേണ്ട പ്രത്യേക പരിചരണവും പരിഗണനയും ട്രസ്റ്റുകൾക്കുണ്ടാക്കുന്ന നഷ്ടം ശതകോടികളുടേതാണ്. രാജ്യത്തെ ജനസംഖ്യയിൽ മഹാ ഭൂരിപക്ഷവും മധ്യവയസ്കരും വൃദ്ധരുമാണെന്ന യാഥാർഥ്യമാണ് എൻ.എച്ച്.എസിനെ തളർത്തുന്ന മൂന്നാമത്തെ വെല്ലുവിളി. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ ഫലമായ എയ്ഡ്സും എൻഎച്ച്എസിന് വരുത്തിവയ്ക്കുന്ന നഷ്ടവും ദിവസേന ഇരട്ടിക്കുന്ന സ്ഥിതിയാണ്.

എൻഎച്ച്എസിലെ സൗജന്യ ചികിൽസ മാത്രം ലക്ഷ്യമിട്ടുള്ള യൂറോപ്യൻ കുടിയേറ്റവും പരമ്പരാഗത രീതികൾ പിന്തുടർന്നുള്ള പരിചരണ രീതികളും മറ്റൊരു പ്രതിസന്ധിയാകുന്നു. ഇവയ്ക്കെല്ലാമുപരി എക്കാലവും എല്ലാവർക്കും സൗജന്യ ചികിൽസ പ്രായോഗികമല്ലെന്ന രാഷ്ട്രീയ നിരീക്ഷണമാണ് ഈ മാതൃകാ സ്ഥാപനത്തിന്റെ നിലനിൽപിന് ഏറ്റവും വലിയ ഭീഷണി. നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടേതാണ് ഈ വീക്ഷണം.

വെസ്റ്റ് മിനിസ്റ്റർ ആബിയിൽ പ്രത്യേക പ്രാർഥനയും ഓപ്പൺ ഡേയും അവാർഡ് ദാനങ്ങളും എല്ലാം നടത്തി ആഘോഷം പൊടിപൊക്കുമ്പോൾ ഈ ആശങ്കകൾക്കും പ്രതിസന്ധികൾക്കും പരിഹാരമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഇല്ലാത്തപക്ഷം മികച്ചൊരു സ്ഥാപനത്തിന്റെ അന്ത്യം കുറിക്കാലാകും ഈ ആഘോഷങ്ങൾ.

ഒപ്റ്റിക്കൽ, ഡെന്റൽ സർവീസുകൾക്കൊഴികെ 16 വയസിനു മുകളിൽ പ്രായമായ എല്ലാവർക്കും ഏല്ലാ രോഗങ്ങൾക്കും സൗജന്യ ചികിൽസ ലഭ്യമാക്കുന്ന സംവിധാനമാണ് എൻഎച്ച്എസ്. 1945 മുതൽ 51 വരെ പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്ലിയാണ് ആതുരശുശ്രൂഷാ രംഗത്തെ ഈ മാതൃകാ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. രാജ്യത്ത് തൊഴിലെടുക്കുന്ന എല്ലാവരും നിർബന്ധമായും നൽകേണ്ട നാഷണൽ ഇൻഷുറൻസ് ടാക്സിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് എൻഎച്ച്എസിന്റെ പ്രവർത്തനം.

ബിന്‍സു ജോണ്‍

ആഗോള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കുടക്കീഴില്‍ അണി നിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു. സ്ഥാപിതമായി ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ലോകത്തിലെ ഏകദേശം എഴുപതോളം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും യൂണിറ്റുകളും രൂപീകരിച്ച് കഴിഞ്ഞ ഡബ്ല്യു എം എഫ് മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത വളര്‍ച്ചയാണ് ഈ കുറഞ്ഞ കാലം കൊണ്ട് നേടിയെടുത്തിരിക്കുന്നത്.

2016 ഒക്ടോബര്‍ 29ന് ആണ് വേള്‍ഡ് മലയാളി ഫെഡറേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ആദരണീയരായ ഇന്ത്യന്‍ കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ റവ. ഫാ. ഡേവിസ് ചിറമേല്‍, പൊതു പ്രവര്‍ത്തകനായ സയ്യദ് മുനവറലി തങ്ങള്‍, മുന്‍ അംബാസിഡറും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ടി.പി. ശ്രീനിവാസന്‍, മുന്‍ എംപിയും മാതൃഭൂമി ചീഫ് എഡിറ്ററുമായ എം.പി. വീരേന്ദ്രകുമാര്‍, പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ മന്ത്രിയായ എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സ്വീകരിച്ച് മുന്നോട്ട് പോകുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകൃതമായ നാള്‍ മുതല്‍ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് കാഴ്ച വയ്ക്കുന്നത്.

ഗ്ലോബല്‍ ചെയര്‍മാന്‍  ആയ ആസ്ട്രിയയില്‍ നിന്നുള്ള  ശ്രീ. പ്രിന്‍സ് പള്ളിക്കക്കുന്നേലിന്റെ നേതൃത്വത്തിലുള്ള 39 അംഗ ഗ്ലോബല്‍ എക്സിക്യുട്ടീവ്‌ കമ്മറ്റിയാണ് ഡബ്ല്യുഎംഎഫിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഇതിനായി കഴിവുറ്റ ഒരു നേതൃ നിര കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. യുകെ മലയാളികള്‍ക്ക് സുപരിചിതനായ് ബിജു മാത്യു ആണ് യുകെയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകരണത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഡബ്ല്യുഎംഎഫ് യുകെയുടെ ആദ്യ അനൗപചാരിക യോഗം ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ഹാര്‍ലോയില്‍ വച്ച് ചേരുന്നതോടെ യുകെയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ആദ്യ യോഗത്തില്‍ തന്നെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കക്കുന്നേല്‍ പങ്കെടുക്കുന്നു എന്നത് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭത്തില്‍ തന്നെ ഊര്‍ജ്ജം പകരും. യുകെ മലയാളി സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി പേര്‍ നാളെ നടക്കുന്ന ആലോചനായോഗത്തില്‍ പങ്കെടുക്കും എന്ന് കരുതപ്പെടുന്നു.

ആദ്യ യോഗം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.

Hall of Our Lady of Fatima,
Howard Way,
Harlow, CM20 2NS

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡബ്ല്യുഎംഎഫ് യുകെ കോര്‍ഡിനേറ്റര്‍ ബിജു മാത്യുവിനെ 07982734828 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ക്രിസ്മസ് ക്രിസ്ത്യാനികള്‍ക്കു മാത്രമല്ല, എല്ലാ ജനതകള്‍ക്കും ഉള്ള സുവിശേഷമാണ്. ആ ദിവ്യജനനം പല സമസ്യകള്‍ക്കുമുള്ള ഉത്തരമായിരുന്നു. ക്രിസ്മസ് എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരുപാട് ഓർമ്മകളുടെ വസന്തകാലമാണ്. ക്രിസ്മസ് അലങ്കാരങ്ങൾ അതിൽ പ്രധാപ്പെട്ട ഒന്നാണ്. ആഘോഷത്തിന്റെ ഓർമ്മകൾ നമ്മുടെ ജീവിതത്തിലേക്ക് ഓടിയെത്തുന്നു. ക്രിസ്തുദേവന്റെ ജനനം നാം ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കുട്ടികൾക്കുള്ള വിശ്വാസപരിശീലനത്തിന്റെ ആദ്യക്ഷരങ്ങളാകുന്നു. അലങ്കാരങ്ങൾ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നു… നക്ഷത്രങ്ങൾ, മനോഹരമായ നിറങ്ങളോടുകൂടിയ ബൾബുകൾ, ക്രിസ്മസ് ട്രീ എന്നിവയെല്ലാം ഇതിൽ ചിലതുമാത്രം.. എന്നാൽ ഇവയെല്ലാം സമന്വയിപ്പിച്ചു കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ഓർമ്മക്കായ് പുൽക്കൂടുകൾ നിർമ്മിക്കപ്പെടുബോൾ അതിൽ അത്യുത്സാഹം കാണിക്കുന്നത് കുട്ടികൾ തന്നെയാണ്.. പ്രവാസജീവിതത്തിൽ പുൽക്കൂടുകൾ ഉണ്ടാക്കാൻ സമയം കണ്ടെത്തുക അൽപം പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും നമ്മുടെ പ്രവാസജീവിതത്തിൽ സമയം കണ്ടെത്തി നമ്മുടെ ജീവിതത്തിലെ നല്ല ഓർമ്മകൾ സ്വന്തം കുട്ടികൾക്ക് പകർന്നുനൽകുവാൻ ഏറ്റവും അധികം ശ്രമിക്കന്നവരിൽ മലയാളികൾ മുൻപിൽ തന്നെ.. അത്തരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ നേതൃത്വത്തിൽ  നടന്ന പുൽക്കൂട്‌മത്സരം എന്തുകൊണ്ടും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.  അതിമോഹരമായ കരവിരുതുകൾ പുറത്തുവന്നപ്പോൾ പുൽക്കൂട്‌ മത്സരം കടുത്തതായി.. അവസാന ഫലം പുറത്തുവന്നപ്പോൾ ഒന്നാം സമ്മാനമായി റിജോ ജോൺ സ്‌പോർസർ ചെയ്‌ത £100 ഡും, ടി ജി ജോസഫ്    മെമ്മോറിയൽ എവർറോളിങ് ട്രോഫി ജെയിംസ് ആൻറണി കരസ്ഥമാക്കിയപ്പോൾ ജോഷി വർഗ്ഗീസ് സ്പോൺസർ ചെയ്‌ത £75 ഉം മേലേത്ത് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ജോസ് ആൻറണി നേടിയെടുത്തു. മൂന്നാം സമ്മാനമായി ജോസ് വർഗ്ഗീസ് സ്പോൺസർ ചെയ്ത £50 ഉം ൈകമഠം തുരുത്തിൽ ഔസേപ്പ് വർഗ്ഗീസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി ഡേവിഡ് എബ്രഹാം നേടിയെടുത്തു. ക്രിസ്മസ് കുർബാനക്ക് ശേഷം മാസ്സ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഫാദർ ജയ്‌സൺ കരിപ്പായി സമ്മാനങ്ങൾ വിതരണം ചെയ്‌തു . പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്‌തു.ആഘോഷങ്ങൾ നല്ലതെങ്കിലും അതിന്റെ പൂർണ്ണത നേടുവാൻ ചില നല്ല ചിന്തകൾ കൂടി നമ്മൾ കുട്ടികൾക്കായി പങ്കുവയ്‌ക്കേണ്ടതുണ്ട്. ക്രിസ്മസിന്റെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിന്റെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത് എന്ന് മനസിലാക്കികൊടുക്കുവാൻ മറന്നുപോകരുത്. പരിമിതമായ സൗകര്യങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥ കുട്ടികൾക്ക്  അപരിചിതമാവരുത്. അനവധിയാളുകള്‍ ദാരിദ്ര്യത്തിലും മരണഭയത്തിലും  കഴിയുമ്പോൾ സുഖലോലുപതയും ധൂര്‍ത്തും നമ്മെയും നമ്മുടെ കുട്ടികളെയും  കീഴ്‌പ്പെടുത്താതിരിക്കട്ടെ. പങ്കുവയ്ക്കലിന്റെയും പരസഹായത്തിന്റെയും പാഠങ്ങളാണു യേശു നല്‍കിയത്. ക്രിസ്മസ് നല്‍കുന്നതു സ്വാര്‍ഥതയില്ലാത്ത ഉള്‍ച്ചേരലിന്റെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ് എന്ന കാര്യം മറക്കാതിരിക്കുക.ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രന്‍ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓര്‍മയിലൂടെ സമാധാനത്തിന്റെയും കരുണയുടെയും അലൗകിക പ്രഭ നമ്മളിലേക്കും നമ്മുടെ കുട്ടികളിലേയ്ക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിന്റെ അനുസ്മരണം മാത്രമല്ല, സംസ്‌കാരോദയത്തിന്റെ വിളംബരംകൂടിയാണ്. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ടിവന്നു. അഭയം തേടുന്നവര്‍ക്കെതിരേ അതിര്‍ത്തിയില്‍ മുള്ളുകമ്പികൾ തീര്‍ക്കുന്നവരുണ്ട്; വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുന്നവരുണ്ട്. യൂറോപ്പിലെ ക്രസ്‌തവ  ഇടവകകള്‍ ഒരു അഭയാര്‍ഥികുടുംബത്തെയെങ്കിലും ദത്തെടുക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വർഷം അഭ്യര്‍ഥിച്ചത് പൂല്‍ക്കൂടിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ്. യൂറോപ്പിലെ ജീവിതത്തിലെ ആഘോഷവേളകളിൽ ഉള്ള സമ്മാന പെരുമഴയിൽ നമ്മുടെ കുട്ടികൾ വീണുപോവാതെ സൂക്ഷിക്കാൻ നമുക്കാവട്ടെ. പുതുവർഷത്തിലേക്കു നാം സഞ്ചരിക്കുമ്പോൾ നമ്മുടെ ചിന്താഗതികൾ മാറ്റുവാൻ കെൽപ്പുള്ളതായിരിക്കട്ടെ ഇത്തരം ക്രിസ്മസ് ചിന്തകൾ…

സണ്ണിമോന്‍ മത്തായി

കേരള ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഈമാസം 30ന് വാട്‌ഫോര്‍ഡില്‍ നടക്കും. ഹോളിവെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെ നീളുന്ന ആഘോഷത്തില്‍ വിവിധ ഇനം കലാപരിപാടികള്‍, ഗാനമേള, മാജിക് ഷോ തുടങ്ങിയ ഒരു ദൃശ്യവിരുന്നു തന്നെയാണ് ഒരുക്കുന്നത്. വിഭവ സമൃദ്ധമായ സദ്യയും ഇതോടൊപ്പം ഉണ്ടാകും. ആഘോഷത്തിലൂടെ സമാഹരിക്കുന്ന തുക സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നല്‍കും.

വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികൊണ്ടും, ജനപിന്തുണ കൊണ്ടും യുകെയില്‍ ഏറെ പ്രശസ്തമായ സംഘടനയാണ് കേരള ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (കെസിഎഫ്). സാമൂഹ്യസേവനത്തിനായി രൂപീകൃതമായ ഈ ചാരിറ്റബിള്‍ ഗ്രൂപ്പ് കുറഞ്ഞ കാലയളവില്‍ തന്നെ ഏറെ സേവനങ്ങള്‍ ചെയ്തു കഴിഞ്ഞു. ഓണം, വിഷു, ക്രിസ്തുമസ്, ന്യൂ ഇയര്‍ പോലുള്ള ദിനങ്ങളോടനുബന്ധിച്ചും മറ്റ് കലാസാംസ്കാരിക പരിപാടികളിലൂടെയും യുകെയിലുള്ള മലയാളികളെ ഒരുമിച്ച് ചേര്‍ത്ത് അവരിലൂടെ ലഭിക്കുന്ന ചെറിയ തുകകള്‍ സമാഹരിച്ചും അതോടൊപ്പം സാമൂഹ്യ സേവന തത്പരായ വ്യക്തികളില്‍ നിന്നും ലഭിക്കുന്ന സംഭാവനകളിലൂടെയുമാണ് ഇവര്‍ മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങുന്നത്.

ഈ അവസരത്തില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആദിവാസിമേഖലയിലുള്ള ആളുകളുടെ ഉന്നമനത്തിനായി 1200 പൗണ്ടിന്റെ ചെക്ക് കൈമാറാന്‍ കഴിയുന്നതും ആഘോഷവേദിയില്‍ വച്ച് വാട്ട്‌ഫോഡ് പീസ് ഹോസ്‌പൈസിന് 501 പൗണ്ടിന്റെ ചെക്ക് കൈമാറുന്നതും കെസിഎഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗങ്ങളാണ്. ഇത്തവണത്തെ ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷവേളയില്‍ അതിന്റെ ഭാഗമാകാന്‍ വന്‍ ജനാവലി തന്നെ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ തയ്യാറാക്കിയ 2018ലെ കലണ്ടര്‍ വിതരണവും ചടങ്ങില്‍ നടത്തുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സണ്ണിമോന്‍ മത്തായി – 07727993229,
സിബി തോമസ് – 07886749305

2016ലെ ക്രിസ്തുമസ് കാലം യുകെ മലയാളികള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മനോഹരമായ ഒരു സംഗീത സന്ധ്യ സമ്മാനിച്ച് കൊണ്ടായിരുന്നു കടന്നു പോയത്. സ്വര്‍ഗ്ഗീയ സംഗീത മാധുരിയില്‍ യുകെ മലയാളികള്‍ അഭിരമിച്ചപ്പോള്‍ അത് വഴി കേരളത്തിലെ വിവിധ ജില്ലകളിലായി അഞ്ചു കുടുംബങ്ങള്‍ക്ക് ദുരിതക്കനലില്‍ നിന്ന് ആശ്വാസവും നല്‍കിയായിരുന്നു കഴിഞ്ഞ വര്ഷം ബര്‍മിംഗ് ഹാമില്‍ ഗ്ലോറിയ 1 സമാപിച്ചത്. ഗ്ലോറിയ 1 പ്രോഗ്രാമില്‍ നിന്ന് ലഭിച്ച തുകയും സംഘാടകരില്‍ ഒരാളായ മോനി ഷിജോ രചിച്ച ഗാനങ്ങള്‍ അടങ്ങിയ സിഡി വില്പനയിലൂടെ ലഭിച്ച വരുമാനവും ചേര്‍ത്ത് കേരളത്തിലെ അഞ്ച് നിര്‍ധന കുടുംബങ്ങളെ സഹായിക്കുകയായിരുന്നു ചെയ്തത്. രോഗവും കടബാദ്ധ്യതയും മൂലം ജീവിതം വഴിമുട്ടി നിന്നവര്‍ക്ക് ആയിരുന്നു ആശ്വാസ ധനം എത്തിച്ച് നല്‍കിയത്.

ഈ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടയിലും വേറിട്ടൊരു അനുഭവമായി മാറിക്കൊണ്ട് ഗ്ലോറിയ 2 ഡിസംബര്‍ 29ന് ബര്‍മിംഗ്ഹാമില്‍ അരങ്ങേറുകയാണ്. ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം….. എന്ന പ്രശസ്തമായ ക്രിസ്ത്യന്‍ ഗാനത്തിന്റെ ശില്‍പിയും രണ്ടായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ചിന്ന ചിന്ന ആസൈ……. എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച തെക്കേ ഇന്ത്യയുടെ സ്വന്തം വാനമ്പാടി മിന്‍മിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ”സ്‌നേഹ സങ്കീര്‍ത്തനം’ എന്ന ഗാനസന്ധ്യയാണ് ഗ്ലോറിയ 2വിന്‍റെ ഭാഗമായി ബര്‍മിംഗ്ഹാമില്‍ അരങ്ങേറുന്നത്.

സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ സഹകരണത്താല്‍ വന്‍വിജയമായി മാറിയ ഗ്ലോറിയ 1ന് നല്‍കിയ അതേ പിന്തുണ ഇത്തവണയും ഉണ്ടാവണമെന്നും അത് വഴി കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുവാനുള്ള പുണ്യം വീണ്ടും എല്ലാവര്‍ക്കും ലഭിക്കുവാന്‍ ഗ്ലോറിയ 2 വിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.  റെഡിച്ചിലെയും യാര്‍ഡ്‌ലിയിലെയും കൊച്ച് കലാകാരികള്‍ ഉള്‍പ്പെടെ അണി നിരന്ന് മനോഹരമാക്കിയ ഗ്ലോറിയ 1ന് സഹകരണം നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു എന്നും ഒരിക്കല്‍ കൂടി അതേ പിന്തുണ നല്‍കണമെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്കാണ് ‘സ്നേഹ സങ്കീര്‍ത്തനം’ എന്ന പേരില്‍ ഗ്ലോറിയ 2 അരങ്ങേറുന്നത്.

വേദിയുടെ വിലാസം :

The Crown,
1069 Tyburn Road,
Erdington B23 0TH

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷിജോ ജോസഫ്: 07958182362 
ജിബി ജോര്‍ജ്ജ്: 07877688059
മോനി ഷിജോ: 07446974144

വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകം തുറന്ന് യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വരും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍ 2 വര്‍ക്ക് വിസയിലേക്ക് മാറാമെന്നതിനാല്‍ ഇത് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്രദമാകും. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കാനും പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കും.

ജനുവരി 11 മുതല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ സൗകര്യങ്ങള്‍ ലഭ്യമാകും. പുതിയ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍2- സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാം. നിലവില്‍ ഡിഗ്രി ലഭിച്ച ശേഷം മാത്രമേ ടിയര്‍ 2 വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. യുകെയില്‍ തുടരുമ്പോള്‍ പെട്ടെന്ന് തന്നെ ജോലി അന്വേഷിക്കാനുള്ള അവസരമാണ് ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നുകിട്ടുന്നത്.

അതായത് ഒരു പിജി ഡിഗ്രി കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് തീസിസ് മാര്‍ക്ക് ലഭിക്കുന്നത് വരെ അല്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഡിഗ്രി ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്ന നിബന്ധനയാണ് വഴിമാറുന്നത്. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിയര്‍ 2 വിസയിലേക്ക് മാറാനുള്ള അവസരമാണ് കൈവരുന്നത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് വേണ്ടി പ്രധാനമായും വാദിച്ചത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് പ്രതിസന്ധിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഗ്രാജുവേഷന് ശേഷം 12 മുതല്‍ 24 മാസം വരെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു സാദിഖ് ഖാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ തല്‍ക്കാലത്തേക്ക് ഇത്രയും അവസരങ്ങള്‍ യുകെ അനുവദിച്ചിട്ടില്ല. യുകെ യൂണിവേഴ്‌സിറ്റികളും, സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് മാറ്റങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റുഡന്റ് വിസ എന്നറിയപ്പെടുന്ന ടിയര്‍4 വിസകള്‍ കോഴ്‌സ് കാലാവധിയും, അതിന് ശേഷം ഏതാനും മാസങ്ങളിലേക്കും മാത്രം അനുവദിക്കുന്നതിനാല്‍ യുകെയില്‍ ജോലി നേടാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല. 12 മാസത്തില്‍ അധികമുള്ള ദീര്‍ഘകാല കോഴ്‌സുകള്‍ക്ക് പലപ്പോഴും കോഴ്‌സ് കാലാവധിയേക്കാള്‍ 4 മാസം അധികം പ്രാബല്യമുള്ള വിസ മാത്രമാണ് അനുവദിക്കാറുള്ളത്. ഈ സമയം കൊണ്ട് ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വരാജ്യത്തേക്ക് മടങ്ങേണ്ടതായി വരും.

ഇതോടെ നിലവില്‍ ടിയര്‍ 4 വിസയില്‍ നിന്നും ടിയര്‍ 2-വിലേക്ക് മാറാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഡിഗ്രി ലഭിക്കാത്തതും, സ്റ്റുഡന്റ് വിസ കാലാവധി അവസാനിക്കുന്നതും വിദ്യാര്‍ത്ഥികളെ യുകെയില്‍ നിന്നും അകറ്റിയിരുന്നു. കൂടാതെ ബ്രക്‌സിറ്റിന്റെ പ്രത്യാഘാതം ഏത് തരത്തിലാകും വിദേശ വിദ്യാര്‍ത്ഥികളുടെ വര്‍ക്ക് വിസയെ ബാധിക്കുകയെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനുള്ള അവസരം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

 

 

ലണ്ടന്‍: യുകെയില്‍ തുടരുന്ന വീട്, പ്രോപ്പര്‍ട്ടി വിലക്കയറ്റം 2018ല്‍ കുറയുമെന്ന് വിദഗ്ദ്ധര്‍. ബ്രെക്‌സിറ്റും ബ്രിട്ടനിലെ ഉയരുന്ന പലിശനിരക്കും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ കുതിപ്പിന് കടിഞ്ഞാണിടുമെന്നാണ് വിലയിരുത്തല്‍. 2017 ഒട്ടും ആശാവഹമല്ലാത്ത വര്‍ഷമെന്നായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. 2018ല്‍ കൂടിയ വിലയ്ക്ക് വീടുകളും വസ്തുക്കളും വില്‍ക്കാമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അതിന് കഴിയാന്‍ ഇടയില്ലെന്നാണ് പ്രവചനം. അടുത്ത വര്‍ഷം പ്രോപ്പര്‍ട്ടി വിലകള്‍ സ്ഥിരമായി നില്‍ക്കാനാണ് സാധ്യത. വര്‍ദ്ധനയുണ്ടായാലും 1 ശതമാനത്തില്‍ കൂടുതല്‍ അതിനുള്ള സാധ്യതയും വിരളമാണ്.

കഴിഞ്ഞ ഒരു ദശകത്തിനിടെ 70 ശതമാനം വര്‍ദ്ധവാണ് ലണ്ടനിലെ പ്രോപ്പര്‍ട്ടി വിലയില്‍ ഉണ്ടായതെന്ന് സാവില്‍സ് എന്ന എസ്റ്റേറ്റ് ഏജന്‍സി വ്യക്തമാക്കുന്നു. തലസ്ഥാനത്തെ പ്രോപ്പര്‍ട്ടി വില ഇനി ഇടിയാനാണ് സാധ്യതയെന്നാണ് പുതിയ പ്രവചനം പറയുന്നത്. യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടി വിലക്കയറ്റം ഇപ്പോള്‍ 1 ശതമാനം മാത്രമാണ്. അതായത് പ്രോപ്പര്‍ട്ടി വില യഥാര്‍ത്ഥത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018ല്‍ വില സ്ഥിരതയുണ്ടാകുമെന്ന് നേഷന്‍വൈഡും വ്യക്തമാക്കുന്നു.

എന്നാല്‍ 3 ശതമാനം വരെ വര്‍ദ്ധയ്ക്ക് സാധ്യതയുണ്ടെന്നാണ് ഹാലിഫാക്‌സ് വിലയിരുത്തുന്നത്. ദേശീയ തലത്തില്‍ പ്രോപ്പര്‍ട്ടി വില 1.3 ശതമാനം ഉയരുമെന്ന് ഹൗസിംഗ് മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ പ്രവചിക്കപ്പെടുന്നത് 0.3 ശതമാനം ഇടിവാണ്. എങ്കിലും വില്‍പ്പനയ്ക്കുള്ള വീടുകള്‍ കുറവാണെന്നതും വീടുകളുടെ നിര്‍മാണത്തിലുള്ള കുറവും മൂലം വില തീരെ കുറയാനുള്ള സാധ്യതയില്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ലണ്ടന്‍: 200 പൗണ്ടിനു താഴെ വിലയുള്ള വസ്തുക്കള്‍ കടകളില്‍ നിന്ന് മോഷണം പോയാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് പോലീസ് നയത്തിനെതിരെ വ്യാപാരികള്‍. ഈ തീരുമാനം മോഷ്ടാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നും ഷോപ്പ്‌ലിഫ്റ്റിംഗ് പകര്‍ച്ചവ്യാധിയായിത്തീര്‍ന്നിരിക്കുകയാണെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു. 200 പൗണ്ടില്‍ താഴെ വിലയുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നതാണ് പോലീസിന്റെ തീരുമാനം. ഇതുമൂലം മോഷ്ടാക്കള്‍ തങ്ങളെ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിക്കുന്നു.

ഇത്തരം മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലീസ് കാര്യമായി ശ്രദ്ധിക്കാറില്ല. മോഷ്ടാക്കള്‍ കടകളില്‍ അതിക്രമങ്ങള്‍ നടത്തുകയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരു ഉദ്യോഗസ്ഥനെ അയക്കുക മാത്രമാണ് ചെയ്യുന്നത്. വാഹനം അമിതവേഗതയില്‍ ഓടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന അതേതോതിലുള്ള ശിക്ഷ മാത്രമാണ് മോഷ്ടാക്കള്‍ക്കും ലഭിക്കുന്നതെന്നാണ് ഉയരുന്ന പരാതി. ഹോം ഓഫീസുമായി വ്യാപാരികള്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ പരാതികള്‍ ഉന്നയിച്ചതായാണ് വിവരം.

ഷോപ്പ്‌ലിഫ്റ്റിംഗ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിമിനല്‍ സംഘങ്ങള്‍ പോലീസിന്റെ ഈ നയത്തെ ചൂഷണം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുകയാണെന്നും ്‌വ്യാപാരികള്‍ പറയുന്നു. 2014ലെ ആന്റി സോഷ്യല്‍ ബിഹേവിയര്‍, ക്രൈ ആന്‍ഡ് പോലീസിംഗ് ആക്ടിന്റെ ഭാഗമായാണ് 200 പൗണ്ട് എന്ന പരിധി കൊണ്ടുവന്നത്.

ലണ്ടന്‍: ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ അഞ്ചില്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആര് നിലയുള്ള കാര്‍പാര്‍ക്കില്‍ എഴുപത് അടി ഉയരത്തില്‍ നിന്നും ചാടിയാണ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത്. ക്രിസ്തുമസിന് തലേ ദിവസമാണ് സംഭവം. ഏകദേശം രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഏകദേശം നാല്‍പ്പത് വയസ്സുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരനാണ് മരിച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ ജോലി ചെയ്തിരുന്ന ജീവനാക്കാരനാണ് ആത്മഹത്യ ചെയ്തത്. അവിടെ തന്നെ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ നോക്കി നില്‍ക്കെയാണ് സംഭവം നടന്നെതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹം അവിടെ നിന്നും നീക്കം ചെയ്തതെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.

RECENT POSTS
Copyright © . All rights reserved