UK

ഡെര്‍ബ്‌ഷെയര്‍: പുതിയ എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ 70 മൈല്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ഈടാക്കും. എം1 സ്മാര്‍ട്ട് മോട്ടോര്‍ ലൈനിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവരെ പിടികൂടാന്‍ സ്ഥലത്ത് കാമറകള്‍ സ്ഥാപിച്ചതായി റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളില്‍ പോലും ഈ പാതയിലൂടെ വേഗതയില്‍ സഞ്ചരിക്കുന്നവര്‍ ഫൈന്‍ അടക്കേണ്ടി വരും. ടിബ് ഷെല്‍ഫ് സര്‍വീസ് മുതല്‍ ഡെര്‍ബ്‌ഷെയര്‍ വരെയുള്ള പാതയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കാമറയ്ക്ക് മുന്നില്‍ കുടുങ്ങുന്നത്. 2017ല്‍ ഫൈന്‍ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചത് ഈ പ്രദേശത്ത് നടന്ന ട്രാഫിക്ക് നിയമ ലംഘനങ്ങളിലെന്നുമാണെന്ന് കാഷ്യാലിറ്റി റിഡക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സപ്പോര്‍ട്ട് ടീം (CREST) വക്താവ് അറിയിച്ചു. 8,382 ഡ്രൈവര്‍മാരാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ട്രാഫിക്ക് നിയമ ലംഘനം നടത്തിയതെന്നും ക്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

24 മണിക്കൂര്‍ കാമറ നിരീക്ഷണം ഉള്ള പ്രദേശങ്ങളിലെ റോഡുകള്‍ മറ്റുള്ളവയെക്കാള്‍ സുരക്ഷിതമാണെന്ന് നിരവധി റോഡപകടങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള റോബര്‍ട്ട്‌സ് അഭിപ്രായപ്പെടുന്നു. പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയല്ല കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് മറിച്ച് ശ്രദ്ധിയില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണെന്ന് അദ്ദേഹം പറയുന്നു. ഫൈനടക്കുന്ന പണം നേരിട്ട് സര്‍ക്കാരിലേക്കാണ് വന്നു ചേരുക. വാഹനങ്ങള്‍ വേഗതയില്‍ ഓടിക്കുന്നതിന് മുന്‍പ് അപകടങ്ങള്‍ നിങ്ങള്‍ക്കും കുടുബത്തിനും ഗുരുതരമായ നഷ്ടങ്ങള്‍ വരുത്തിവെച്ചേക്കാമെന്ന് ഓര്‍ക്കണമെന്നും റോബര്‍ട്ട്‌സ പറയുന്നു. നിങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നാളെ ആരുടെയും ജീവന്‍ നഷ്ടപ്പെടരുതെന്നും റോബര്‍ട്ട്‌സ് ഓര്‍മ്മിപ്പിച്ചു.

ചിലര്‍ സ്ഥിരമായി ഓവര്‍ സ്പീഡില്‍ വാഹനമോടിക്കുന്നവരാണ് ചിലരാണെങ്കില്‍ വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കും പ്രത്യേകിച്ചും യുവാക്കളാണ് ഇത്തരം ലംഘനങ്ങള്‍ നടത്തുന്നവരില്‍ കൂടുതലും ഇത്തരക്കാരെ ബോധവല്‍ക്കരിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റോബര്‍ട്ട്‌സ് പറഞ്ഞു. മോബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഒരു നിമിഷം മതി വലിയ അപകടങ്ങള്‍ വിളിച്ചു വരുത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഓവര്‍ സ്പീഡില്‍ പോകുക, മദ്യപിച്ച് വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഡെര്‍ബ്‌ഷെയറിലെ ക്രസ്റ്റ്(CREST) യൂണിറ്റ് പ്രധാനമായും നിരീക്ഷിക്കുക.

ന്യൂസ് ഡെസ്ക്

ആയിരക്കണക്കിന് സ്റ്റാഫുകളെ കുറച്ച് ചെലവുചുരുക്കാൻ സെയിൻസ്ബറി സൂപ്പർ മാർക്കറ്റ് തീരുമാനിച്ചു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 500 മില്യൺ പൗണ്ട് ലാഭിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വർഷം 185 മില്യൺ ഇതു വഴി ലഭിക്കും. ടെസ്കോയും 1700 തസ്തികകൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി മലയാളികൾ സെയിൻസ്ബറിയിലും ടെസ്കോയിലും ജോലി നോക്കുന്നുണ്ട്. ഇവരിൽ പലരെയും പുതിയ നിർദ്ദേശങ്ങൾ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

മാനേജ്മെന്റ് തലത്തിലുള്ള നിരവധി പോസ്റ്റുകൾ ഇല്ലാതാവും. അതിനു പകരം ശമ്പളം കൂടുതലുള്ള പരിമിതമായ പോസ്റ്റുകൾ സൃഷ്ടിക്കും. നിലവിലുള്ള സ്റ്റാഫുകൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഇതിൽ പരാജയപ്പെടുന്നവർ താഴേത്തട്ടിലുള്ള ജോലികളിലേക്ക് മാറേണ്ടി വരും. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടും. അസ്ദ കഴിഞ്ഞാൽ യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ചെയിനാണ് സെയിൻസ്ബറി. 1400 ലേറെ സ്റ്റോറുകൾ സെയിൻസ്ബറിക്ക് യുകെയിലുണ്ട്.

ക്ലീവ്‌ലാന്‍ഡ്: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ പൊലീസ് വെടിവെച്ചു കൊന്നു. ടെലഗ്രാഫ് പോസ്റ്റില്‍ ബന്ധിക്കപ്പെട്ട നിലയിലാണ് ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയെ കണ്ടെത്തിയത്. നായ അക്രമാസക്തനായതും ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതുമാണ് വെടിവെച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്. രക്ഷപ്പെടുത്തിയാലും നായ ജനങ്ങളെ അക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നതായി ക്ലീവ്‌ലാന്‍ഡ് പൊലീസ് അറിയിച്ചു.

ഒരു മൃഗത്തെ കൊല്ലുകെയെന്നത് ഞങ്ങളെ സംബന്ധിച്ച് ദു:ഖമുള്ള കാര്യമാണെന്നും ആനിമല്‍ വെല്‍ഫെയര്‍ അധികൃതരുമായി കൂടിയാലോചിച്ചാണ് പട്ടിയെ കൊന്നതെന്നും അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജയ്‌സണ്‍ ഹാര്‍വിന്‍ പറഞ്ഞു. ഉടമസ്ഥരെ കണ്ടെത്തി നായയെ തിരിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതിനെതുടര്‍ന്നായിരുന്നു കൊല്ലാനുള്ള തീരുമാനം കൈക്കൊണ്ടെതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായയെ മയക്കുവെടി വെച്ച് മയക്കി പിടികൂടാന്‍ കഴിഞ്ഞാലും അതിനെ പുനരധിവസിപ്പിക്കാന്‍ നായയുടെ അക്രമോത്സുക സ്വഭാവം മൂലം സാധിക്കുമായിരുന്നില്ലെന്ന് വെറ്ററിനറി വിദഗ്ദ്ധര്‍ പറഞ്ഞതായും പോലീസ് അവകാശപ്പെട്ടു. അഥവാ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞാലും വെറ്ററിനറി ഡോക്ടര്‍മാര്‍ ഇതിന് ദയാവധം നല്‍കുമായിരുന്നുവെന്നും ഹാര്‍വിന്‍ വ്യക്തമാക്കി.

അതേസമയം, പട്ടിയെ കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. നായയെ കൊല്ലുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആര്‍എസ്പിസിഎ അറിയിച്ചു. പോലീസിനെയും ഡോഗ് വാര്‍ഡനെയും സഹായിക്കാന്‍ ശ്രമിച്ചിരുന്നു. നായകളെ ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകാത്ത പ്രവണതയാണെന്നും ഇത്തരം സംഭവങ്ങളിലുണ്ടാകുന്നതു പോലെയുള്ള ദുരന്തങ്ങളിലേ അവ കലാശിക്കൂ എന്നും ചാരിറ്റി വ്യക്തമാക്കി.

ലണ്ടന്‍: ചെയറിംഗ് ക്രോസില്‍ വന്‍ വാതകച്ചോര്‍ച്ച. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ചോര്‍ച്ചയെത്തുടര്‍ന്ന് 1450 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. സമീപ പ്രദേശത്തെ ഏതാണ്ട് 1450ഓളം പേരെ മാറ്റി പാര്‍പ്പിച്ചു. സംഭവത്തെതുടര്‍ന്ന് ചെയറിംഗ് ക്രോസ്, വാട്ടര്‍ലൂ ഈസ്റ്റ് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചു. തീവണ്ടികള്‍ വിക്ടോറിയ, കാനന്‍ സ്ട്രീറ്റ് ബ്ലാക്ക്ഫ്രയേഴ്‌സ് എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാതകച്ചോര്‍ച്ചയുണ്ടായതോടെ സമീപത്തെ ഹെവന്‍ നൈറ്റ് ക്ലബും സമീപത്തെ ഹോട്ടലിലെ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ഹോട്ടലില്‍ ഉണ്ടായിരുന്നവരെ ദുരന്ത നിവാരണ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കുമെന്നും ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും നെറ്റ്‌വര്‍ക്ക് റെയില്‍ വക്താവ് അറിയിച്ചു. ലണ്ടനിലെ ഏറ്റവും തിരക്കുള്ള അഞ്ചാമത്തെ സ്റ്റേഷനാണ് ചെയറിംഗ് ക്രോസ്. പ്രതിവര്‍ഷം 42 ദശലക്ഷം യാത്രക്കാരാണ് ഇവിടെയെത്തുന്നത്.

ഈ ഘട്ടത്തില്‍ വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ദുരന്ത നിവാരണ സേനാ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ചോര്‍ച്ച അടയ്ക്കാന്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണെന്നും എത്രയും പെട്ടന്ന് സ്ഥിതിഗതികള്‍ സാധാരണ നിലയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെതുടര്‍ന്ന് ജനങ്ങള്‍ പരക്കം പായുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.

വെസ്റ്റ് യോര്‍ക്ക്ഷയര്‍: ഹാലിഫാക്‌സിലെ സ്‌കൂളില്‍ നിന്ന കാണാതായ 11 വയസ്സുകാരിയുടെ ജഡം കണ്ടെത്തി. സമീപത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.45ഓടെയാണ് ഉര്‍സുല കിയോ എന്ന 11 വയസ്സുകാരിയെ കാണാതാവുന്നത്. പൊലീസ് കുട്ടിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് പാരിസ് ഗേറ്റിന് സമീപത്തുളള കാല്‍ഡര്‍ നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ മരണകാരണം അന്വേഷിച്ച് വരികയാണെന്നും നിലവില്‍ ദുരൂഹ സാഹചര്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പൊലീസ് വക്താവ് അറിയിച്ചു. മൃതദേഹം ഉര്‍സുലയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള ഉദ്യമത്തില്‍ പോലീസ് ജനങ്ങളുടെ സഹായം തേടിയിരുന്നു.

കാണാതാകുമ്പോള്‍ ഉര്‍സുല സ്‌കുള്‍ യൂണിഫോമിലാണെന്നാണ് വിവരം. സമീപ പ്രദേശങ്ങളിലെ ബസ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് ബ്രിഡ്ജിന് സമീപത്തായി ഉര്‍സുല നടന്നു പോകുന്നത് കണ്ടുവെന്ന വിവരം ലഭിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയത്.

സജീഷ് ടോം

ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർസിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്.

“ചിലമ്പ്” എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിൻ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ നിരവധി വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടിൽ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകൻ ഭരതൻ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്.

മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരൻതമ്പിസാറും ദക്ഷിണാമൂർത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരൻതമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ഈണം ചിട്ടപ്പെടുത്തിയ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം” എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാർത്ഥിയായ ആൻ്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആൻ്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാൻ ആൻ്റണി ശ്രമിക്കുന്നുണ്ട്.

ഇഷ്ടഗാന റൗണ്ടിലെ “സ്വരകന്യകമാർ വീണ മീട്ടുകയായ്” എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെൻറ്റിൽനിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടിൽ എത്തുന്നത് “ഓളങ്ങൾ” എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനവുമായാണ്. ഒ എൻ വി കുറുപ്പ് – ഇളയരാജ ടീമിന്റെ എക്കാലവും ഓർമ്മയിൽ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാർസിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം.

താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ പുതിയ എപ്പിസോഡ് കാണുക

ചേര്‍ത്തല: വോകിംഗ് കാരുണ്യയുടെ ക്രിസ്മസ് സമ്മാനമായി 44,000 രൂപ പ്രണവിക്ക് കൈമാറി. ഫാദര്‍ മാര്‍ട്ടിന്‍ കൈതക്കാട്ട് 44,000 രൂപയുടെ ചെക്ക് പ്രണവിയുടെ പിതാവ് പ്രദീപിന് കൈമാറി. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മുപ്പത്തൊന്നാം വാര്‍ഡില്‍ താമസിക്കും പ്രദീപും കുടുംബവും ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള്‍ പ്രണവി രണ്ടു വര്‍ഷക്കാലമായി ലുക്കീമിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചെറിയ പനിയുടെ രൂപത്തിലാണ് ഈ മഹാരോഗം പ്രണവിയെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. സാമ്പത്തിക പരാധീനതമൂലം പല പല ചെറിയ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും യാതൊരുവിധ ശമനവും കിട്ടാതെ വന്നപ്പോളാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ പോവുകയും തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ പ്രണവി ലുക്കീമിയ എന്ന മഹാരോഗത്തിനു അടിമയാണെന്ന് കണ്ടെത്തിയത്.

ലിഫ്റ്റ് ജോലിക്കാരനായ പ്രദീപ് തന്നാല്‍ കഴിയുന്ന ചികിത്സകളെല്ലാം പ്രണവിക്ക് നല്‍കിയെങ്കിലും യാതോരു ശമനവും പ്രണവിക്ക് ലഭിച്ചില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രണവിയെ അധികം താമസിയാതെ RCC യിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ഏകദേശം നാല് ലക്ഷത്തോളം രൂപ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത പ്രദീപ് പലരില്‍നിന്നും കടം വാങ്ങി ചിലവാക്കിക്കഴിഞ്ഞു. ഇനിയും കുറഞ്ഞത് ഒന്നര വര്‍ഷക്കാലം കൂടി കീമോ ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ഈ ക്രിസ്മസ് സുദിനത്തില്‍ പ്രണവിയെയും കുടുംബത്തേയും സഹായിച്ച യുകെയിലെ നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/

Charities Bank Account Detaisl

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ന്യൂസ് ഡെസ്ക്

“ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ… തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും”… സമുദായത്തിൻറെ തനിമയിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന ക്നാനായ മക്കൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുവാൻ ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചു. തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കോട്ടയം രൂപതയും ലോകമെമ്പാടുമുള്ള ക്നാനായക്കാരും അതു തുടരുക തന്നെ ചെയ്യുമെന്നും അതിനെതിരായ പ്രവർത്തനങ്ങളെ കോട്ടയം രൂപതയുടെ ആധികാരിക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഭിമുഖീകരിക്കാനും തീരുമാനിച്ചു. ഓറിയന്റൽ കോൺഗ്രിഗേഷന്റെ നിർദ്ദേശങ്ങൾ അസ്വീകാര്യമെന്ന് യുകെയിലെ ക്നാനായ സമൂഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇനിയും അഭംഗുരം തുടരുമെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനുമാണ് സമുദായം തീരുമാനിച്ചിരിക്കുന്നത്.

ക്നാനായക്കാർക്ക് മാത്രമേ നിലവിൽ ക്നാനായ ഇടവകകളിലും മിഷനുകളിലും അംഗത്വം ലഭിക്കുകയുള്ളൂ. ഇതിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് കനേഡിയൻ ബിഷപ്പ് മൈക്കിൾ മുൽഹാലിന്റെ പുതിയ നിർദ്ദേശങ്ങൾ. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന അഭ്യർത്ഥനകളുടെ ചുവടുപിടിച്ചാണ് ബിഷപ്പ് മൈക്കിൾ മാറ്റങ്ങൾ മുന്നോട്ടുവച്ചത്. ഇവ നടപ്പാക്കുന്നത് ക്നാനായ സമുദായത്തിന്റെ തനതായ വ്യക്തിത്വത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്ന് സഭാംഗങ്ങൾ കരുതുന്നു. അതിശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നിരിക്കുന്നത്. കോട്ടയം രൂപതയെ പൂർണമായും വിശ്വാസത്തിലെടുത്തു കൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാനും യുകെയിലെ സീറോ മലബാർ സഭാസംവിധാനം, ക്നാനായ തനിമ നിലനിർത്താനുള്ള സഭാംഗങ്ങളുടെ അവകാശത്തെ മാനിക്കണമെന്ന് ആവശ്യപ്പെടാനും ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ ധാരണയായി.

ക്നാനായ സമുദായം ഉദാത്തമായി കരുതുന്ന സ്വവംശ വിവാഹമുൾപ്പെടെയുള്ള കാര്യങ്ങളിൽ ബിഷപ്പ് മൈക്കിൾ കമ്മീഷൻ മാറ്റത്തിന്റെ മാർഗങ്ങൾ അനുവർത്തിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്ന സൂചന വന്നതോടെയാണ് സഭാംഗങ്ങൾക്കിടയിൽ രൂക്ഷമായ പ്രതിഷേധമുണ്ടായത്. ലോകമെമ്പാടും തങ്ങളുടെ പാരമ്പര്യം പരസ്യമായി പ്രഘോഷിക്കുന്ന ക്നാനായ സമുദായത്തിന്റെ ഐക്യം മറ്റു സഭകൾ എന്നും പ്രകീർത്തിച്ചിട്ടുള്ളതാണ്. റോമിനെയും പരിശുദ്ധ സിംഹാസനത്തെയും എന്നും അംഗീകരിച്ച് മുന്നോട്ടു പോകുന്ന സമുദായത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടുകളിൽ ബിർമ്മിങ്ങാമിൽ നടന്ന യോഗത്തിൽ വൈദികരും അൽമായരും വളരെ വികാരപരവും എന്നാൽ തികഞ്ഞ വിവേകപൂർണവും സംയമനത്തോടെയുമുള്ള പ്രതികരണമാണ് നടത്തിയത്. യുകെയിലെ സീറോ മലബാർ നേതൃത്വം ക്നാനായ സഭാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനു വിരുദ്ധമായ നടപടികൾ ഉണ്ടായാൽ രൂപതയുടെ കീഴിൽ നടക്കുന്ന മിഷൻ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും അഭിപ്രായവും യോഗത്തിലുണ്ടായി.

ന്യൂസ് ഡെസ്ക്

കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും.

കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു.

കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.

യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ 3-ാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വരുന്ന ശനിയാഴ്ച ഡെര്‍ബിയില്‍ വച്ചു നടത്തപ്പെടുന്നു. മലയാളികള്‍ക്കായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്റര്‍മീഡിയറ്റിലും അഡ്വാന്‍സ് ക്യാറ്റഗറിയിലുമായി 46 ടീമുകള്‍ ഏറ്റുമുട്ടുന്നു. ഇന്ന് യുകെയില്‍ നടത്തപ്പെടുന്ന മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയില്‍ ആദ്യമായി ഇന്റര്‍മീഡിയറ്റ് ടൂര്‍ണമെന്റുകള്‍ക്ക് തുടക്കം കുറിച്ചത് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ ആണ്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഇന്റര്‍മീഡിയറ്റ് മത്സരങ്ങള്‍ക്ക് ഒപ്പം അഡ്വാന്‍സ് ടീമുകളുടെ മത്സരവും നടക്കുന്നു. യുകെയിലുള്ള മുന്‍നിര താരങ്ങള്‍ ഈ ശനിയാഴ്ച കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ രണ്ട് കാറ്റഗറിയിലുമായി അത്യന്തം ആവേശം നിറഞ്ഞ ഒരു മത്സരമാണ് നടക്കുവാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല. ഇന്റര്‍മീഡിയറ്റില്‍ ആദ്യം രജിസ്‌ട്രേഷന്‍ നടത്തിയ 32 ടീമുകള്‍ക്കാണ് അവസരം ലഭിച്ചത്. അവസാനം വന്ന കുറച്ച് ടീമുകളെ നിരാശപ്പെടുത്തേണ്ടി വന്നു.

ഇടുക്കി ജില്ലാ സംഗമത്തേക്കുറിച്ച് രണ്ട് വാക്കുകള്‍.

ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ആറു വര്‍ഷമായി നാട്ടിലും യുകെയില്‍ ആവശ്യ ഘട്ടങ്ങളിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. നമ്മുടെ നാട്ടില്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 21 ലക്ഷം രൂപയോളം നമ്മുടെ നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ക്രിസ്മസ് ചാരിറ്റി യിലക്ക് 4687 പൗണ്ടാണ് നിങ്ങള്‍ ഏവരും നല്‍കിയത്. നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുവാന്‍ ആവശ്യമാണ്.

ശനിയാഴ്ച 27ന് രാവിലെ കൃത്യം 9.30ന് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. രാവിലെ 10 മണി മുതല്‍ ഇന്റര്‍മീഡിയറ്റ് ടീമിന്റെ കളികള്‍ ആദ്യത്തെ മൂന്ന് ഗ്രൂപ്പുകള്‍ക്ക് തുടങ്ങുന്നതാണ്. നാലാമത്തെ ഗ്രൂപ്പിന്റെ മത്സരങ്ങള്‍ 11.30ന് തന്നെ തുടങ്ങുന്നതാണ്. അതിന് ശേഷം 1 മണിക്ക് ശേഷം അഡ്വാന്‍സ് ടീമിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ഉച്ച ഭക്ഷണം 12 മണിക്ക് ശേഷം ലഭിക്കുന്നതാണ്.

വിജയികള്‍ക്ക് 301,151, 101, 75 കാഷ് പ്രൈസും, ട്രാഫികളും സമ്മാനിക്കുന്നതാണ്. അതോടൊപ്പം കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒരിക്കല്‍ കൂടി എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളേയും ജനുവരി 27ന് ഡെര്‍ബിയിലേക്ക് ഹാര്‍ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്റ്റിന്‍ – 07985656204,
ബാബു – ഛ7730883823
പീറ്റര്‍ – 07713183350

അഡ്രസ്,
Etwall Leisure centre,
Hilton Road,
Derby,
DE65 6HZ

RECENT POSTS
Copyright © . All rights reserved