ലണ്ടന്‍: ന്യൂപൗണ്ട് കോമണില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. അപകടത്തില്‍പ്പെട്ട മസ്ദ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പരിക്കേറ്റവരില്‍ അഞ്ച് വയസ്സുകാരന്റെ നില അതീവ ഗുരുതരമാണ്. മരിച്ച കുട്ടിയുടെ സഹോദരനാണ് പരിക്കേറ്റത്. കുട്ടിയെ ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിസ്‌ബോറോ ഗ്രീനിന് അടുത്ത് ന്യൂപൗണ്ടിലാണ് അപകടമുണ്ടായത്. മസ്ദ കാര്‍ ഓടിച്ചിരുന്നയാളുടെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. മുന്‍സീറ്റിലിരിക്കുകയായിരുന്ന ഇയാളുടെ ഭാര്യയുടെ കാലിന് സാരമായ പരിക്കുണ്ട്. ഇവരെയും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുള്‍സ്‌ബോറോ സ്വദേശികളാണ് ഇവര്‍.
മസ്ദയില്‍ ഇടിച്ച വോക്‌സ്‌ഹോള്‍ കോഴ്‌സ കാറിന്റെ ഡ്രൈവര്‍, 36 കാരനായ പുള്‍സ്‌ബോറോ സ്വദേശിക്കും നെഞ്ചിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ വര്‍ത്തിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് മുമ്പ് ഈ കാറുകള്‍ കണ്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ യുകെയിലെ മലയാളികളെ പ്രതിനിധീകരിച്ച് അഞ്ചുപേര്‍ പങ്കെടുക്കും. നാലുപേര്‍ സഭയില്‍ പ്രതിനിധികളായും ഒരാള്‍ പ്രത്യേക ക്ഷണിതാവായുമാണ് പങ്കെടുക്കുന്നത്.
പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ് പ്രതിനിധിയുമായ കാര്‍മല്‍ മിരാണ്ട, ബിബിസിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷയുടെ വൈസ് പ്രസിഡണ്ടുമായ രാജേഷ് കൃഷ്ണ, ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ പ്രസിഡന്റുമായ ടി ഹരിദാസ്, പ്രശസ്ത എഴുത്തുകാരനായ മനു സി പിള്ള എന്നിവരാണ് പ്രതിനിധികള്‍. ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ചറല്‍ എന്ജിനീയരും സാമൂഹ്യ പ്രവര്‍ത്തകയുമായ രേഖാ ബാബുമോനാണ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്. ഇവരെയെല്ലാം സർക്കാർ നോമിനേറ്റ് ചെയ്യുകയായിരുന്നു.
ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ ഒരു സ്ഥിരം സംവിധാനമായിരിക്കും. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാകും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍.
ഇന്ത്യന്‍ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെ സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. സഭയിലുരുത്തിരിയുന്ന നിര്‍ദേശങ്ങളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രസാങ്കേതിക, സാമൂഹ്യ, കലാരംഗങ്ങളില്‍ പ്രഗത്ഭരായ മലയാളികള്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരം വിശിഷ്ട വ്യക്തികളെ സഭയിലേക്ക് പ്രത്യേകം ക്ഷണിക്കും. ലോക നിലവാരത്തിലേക്കുയര്‍ന്ന മലയാളികളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാന്‍ ലോക കേരള സഭ വേദിയാകണം, പ്രവാസികളില്‍നിന്ന് ഇന്‍വെസ്റ്റ്‌മെന്റ് തേടുക എന്നതിനപ്പുറം ഇതര രാജ്യങ്ങളിലെ വികസന മാതൃകകളും സാങ്കേതിക മുന്നേറ്റങ്ങളും പകര്‍ത്താനുള്ള അവസരമായി ഇതിനെ വിനിയോഗിക്കാനാണ് നീക്കം. ലോക കേരള സഭയുടെ ആദ്യ യോഗം ചേര്‍ന്ന് കഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും.
കൊച്ചി: പ്രേതബാധയുളള വീട്ടിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രമുഖ നടി ലെന. പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിംഗിനായി തെരെഞ്ഞടുത്ത ബംഗ്ലാവ് യഥാര്‍ഥത്തില്‍ പ്രേതബാധയുള്ള വീടായി തോന്നിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ ബംഗ്ലാവായിരുന്നു ആദം ജോണിന്റെ ഷൂട്ടിംഗിനായി തെരെഞ്ഞെടുത്തത്.
പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് ബംഗ്ലാവിന്റെ ഉടമസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതായി ലെന പറയുന്നു. നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നതായും ലെന പറയുന്നു.
ഒരുപക്ഷേ ഒറ്റയ്ക്ക് ആ നിലവറയ്ക്കുള്ളിലിരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അഭിനയിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ് ഒരു ധൈര്യമൊക്കെ തോന്നും ലെന പറയുന്നു. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ലെന്നും അഭിമുഖത്തില്‍ ലെന കൂട്ടിച്ചേര്‍ത്തു.
ഓരോ ഹിന്ദുവിനും വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് മകരസംക്രമദിവസം. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്നാനങ്ങള്‍ക്കും ഉചിതമായ കാലമാണു ഉത്തരായനം. ഈ മണ്ണിലും ഹൈന്ദവതയുടെ ആചാരാനുഷ്ഠാനങ്ങളെ പുതുതലമുറക്കും പകര്‍ന്നു നല്‍കുന്നതില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ്. ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദുസമാജത്തിന്റെ ഈ വര്‍ഷത്തെ മകരവിളക്കും അയ്യപ്പപൂജയും ജനുവരി 14 ന് ഞായറാഴ്ച്ച 3 മണിമുതല്‍ സ്‌കെയ്ന്‍സ് ഹില്‍ മില്ലേനിയം സെന്റില്‍ വെച്ചു നടക്കും.
ശ്രീ രാകേഷ് ത്യാഗരാജന്‍ (സൗത്താംപ്റ്റണ്‍) മുഖ്യകാര്‍മികത്വം വഹിക്കും. ലണ്ടന്‍ ഹിന്ദുഐക്യവേദി, കെന്റ് ഹിന്ദു സമാജ0, ഹാംപ്‌ഷെയര്‍ ആന്‍ഡ് വെസ്റ്റ് സസ്സെക്‌സ് ഹിന്ദു സമാജം, സൗത്താംപ്ടണ്‍ ഹിന്ദു സമാജം, ഡോര്‍സെറ്റ് ഹിന്ദുസമാജം എന്നിവര്‍ പങ്കാളികളാകും. യു.കെ യിലെ പ്രമുഖകലാകാരന്‍മാര്‍ പങ്കെടുക്കുന്ന അയ്യപ്പനാമസങ്കീര്‍ത്തനം, ശ്രീ കണ്ണന്‍ രാമചന്ദ്രന്‍ (L.H.A) പ്രേത്യേക പ്രഭാഷണം എന്നിവ ഈ വര്‍ഷത്തെ അയ്യപ്പപൂജക്കു മാറ്റുകൂട്ടും.സമാജം പ്രസിഡന്റ് ശ്രീസുജിത് സ്വാഗതവും, സെക്രട്ടറി ശ്രീ ഗംഗാപ്രസാദ് നന്ദിയും പ്രകാശിപ്പിക്കും. ദീപാരാധനയ്ക്ക് ശേഷം പ്രേത്യേക അന്നദാനവും ഉണ്ടാകും. നമ്മുടെ നാട്ടിലെപോലെ കഞ്ഞിയും പുഴുക്കും പ്രേത്യേകമായ് തയ്യാറാക്കി നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Gangaprasad: 07466396725, Sujith Nair:07412570160, Sunil Natarajan: 07425168638,
Suma Sunil: 07872030485
Acharyan: Rajesh Thiagarajan,Southampton.
Venue: Scaynes Hill Millennium centre, Lewes Road, West Sussex, RH17 7PG.
Sunday ,14 January 2018, 2PM to 8PM
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ തോപ്രാംകുടി അസീസി സന്തോഷ് ഭവന് (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്ക് 1570 പൗണ്ട് ലഭിച്ചു. നാട്ടിലെ പാവപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ഞങ്ങള്‍ നടത്തുന്ന ഈ എളിയ പ്രവര്‍ത്തനത്തെ നിരന്തരം സഹായിക്കുന്ന നിങ്ങളോരുത്തരോടും ഇടുക്കി ചാരിറ്റി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു..
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോകുന്ന 2017 അഭിമാനകരമായ വര്‍ഷമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 5200 പൗണ്ട് നല്‍കി നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്. തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും കിഡ്‌നി രോഗ ബാധിതനായിരുന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും 1025 പൗണ്ട് വീതം നല്‍കി സഹായിച്ചു. അതുപോലെ മുളകുവള്ളി ബോയ്‌സ്‌കോ എന്ന കുട്ടികളുടെ സ്ഥാപനത്തിന് 1200 പൗണ്ടും കൂടാതെ ടിവിയും പ്രിന്ററും വാങ്ങി നല്‍കി. ഇപ്പോള്‍ തോപ്രംകുടിയിലെ അസീസി സന്തോഷ് ഭവനിനു (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1570 പൗണ്ട് എന്നിങ്ങനെയാണ് സഹായങ്ങള്‍ നല്‍കിയത്
കഴിഞ്ഞ വര്‍ഷം യുകെയിലെ വളരെ പ്രസിദ്ധമായ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെ ഇടുക്കി ചാരിറ്റിയുടെ സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനത്തിന് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുകയുണ്ടായി. പുലിമുരുകന്റെ ഡയറക്ടര്‍ വൈശാഖാണ് അവര്‍ഡ് സമ്മാനിച്ചത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ, സ്ഥലകാല വ്യത്യാസങ്ങളില്ല. എല്ലാവരെയും മനുഷ്യരായി കണ്ട് സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2004ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് ശേഖരിച്ച് കേരള മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.
കഴിഞ്ഞ വര്‍ഷം നാട്ടില്‍പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടിസ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് തോപ്രാംകുടി അസീസി സന്തോഷ് ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ യുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുകയായിരുന്നു. ഈ മാസം അവസാനം നാട്ടില്‍പോകുന്ന മാര്‍ട്ടിന്റെ കൈവശം ചെക്ക് കൊടുത്തുവിടും. മാര്‍ട്ടിന്‍ നാട്ടില്‍ ചെന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ചെക്ക് സിസ്റ്ററിനു കൈമാറും.
ഞങ്ങള്‍ ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെക്കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ലണ്ടന്‍: പണമടച്ചില്ലെങ്കില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കില്ലെന്ന സ്‌കൂള്‍ നിലപാടിനെതിരെ മാതാപിതാക്കള്‍. ഉപകരണങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ 6 പൗണ്ട് വീതം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ടിപ്ടണിലുള്ള വെനസ്ബറി ഓക്ക് അക്കാഡമിയാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പണം സംഭാവനയായി നല്‍കാനാണ് അക്കാഡമി പേരന്റ്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാത്ത കുട്ടികള്‍ക്ക് ഈ ഉപകരണങ്ങളില്‍ യാതൊരു വിധ അവകാശവും ഉണ്ടാകില്ല. ഈ നീക്കം കുട്ടികളെ സാമ്പത്തികവും സാമൂഹികവുമായുള്ള വിവേചനത്തിന് ഇരയാക്കുമെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ രക്ഷിതാക്കള്‍ പറഞ്ഞു. നോ പേ, നോ പ്ലേ സ്‌കീം എന്നാണ് സ്‌കൂളിന്റെ പദ്ധതിയെ രക്ഷിതാക്കള്‍ വിശേഷിപ്പിക്കുന്നത്.
പണമടച്ചവരും അല്ലാത്തവരുമായ രക്ഷിതാക്കള്‍ ഈ പദ്ധതിക്ക് എതിരാണ്. അതുകൊണ്ടുതന്നെ ഇത് നിര്‍ത്തലാക്കണമെന്നും പെറ്റീഷന്‍ ആവശ്യപ്പെടുന്നു. അതേ സമയം ഈ പദ്ധതി പേരന്റ് കൗണ്‍സില്‍ തുടങ്ങി വെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ മരിയ ബുള്‍ എക്‌സ്പ്രസ് ആന്‍ഡ് സ്റ്റാര്‍ ദിനപ്പത്രത്തോട് പ്രതികരിച്ചത്.
ലണ്ടന്‍: വിന്റര്‍ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്ന ലേബര്‍ ആവശ്യത്തിന് ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരം. എതിര്‍ വോട്ടുകളില്ലാതെയാണ് നോണ്‍ ബൈന്‍ഡിംഗ് പ്രമേയത്തിന് സഭ അംഗീകാരം നല്‍കിയത്. റദ്ദാക്കിയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ ഹെല്‍ത്ത് സര്‍വീസിന് ഫണ്ടുകള്‍ കൂടുതലായി അനുവദിക്കുന്നത് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. 55,000 ശസ്ത്രക്രിയകളാണ് വിന്റര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി മാറ്റിവെച്ചത്.
ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും ഒന്നിലേറെത്തവണ രോഗികളോട് ഖേദപ്രകടനം നടത്തേണ്ടി വന്നിരുന്നു. ലേബര്‍ നീക്കത്തില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വിപ്പ് നല്‍കിയിരുന്നെങ്കിലും പ്രമേയം പാസാകുകയായിരുന്നു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയമായതിനാല്‍ ഇതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയില്ല. എങ്കിലും സര്‍ക്കാരിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്ന സംഭവമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഈ പ്രമേയം പാസായതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കോമണ്‍സില്‍ അറിയിക്കാനുളള സമ്മര്‍ദ്ദവും ഹണ്ടിനു മേല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വിന്റര്‍ ക്രൈസിസ് പ്രവചിക്കാനോ തടയാനോ കഴിയില്ലെന്ന കണ്‍സര്‍വേറ്റീവ് വാദത്തെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് ചര്‍ച്ചയില്‍ വിമര്‍ശിച്ചു. വിന്റര്‍ ക്രൈസിസ് ഈ സമയത്തിന്റെ മാത്രം പ്രത്യേകതയല്ല. വര്‍ഷം മുഴുവന്‍ നീളുന്ന ഫണ്ടിംഗ് പ്രതിസന്ധിയുടെയും സോഷ്യല്‍ കെയര്‍ പ്രതിസന്ധിയുടെയും ആരോഗ്യ അസമത്വത്തിന്റെയും ജീവനക്കാരുടെ ക്ഷാമത്തിന്റെയും ആകെത്തുകയാണെന്നും സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ഇതിന് ഉത്തരവാദികളെന്നും ആഷ്‌വര്‍ത്ത് ആരോപിച്ചു.
ജെറമി ഹണ്ട് ഇപ്പോഴും അധികാരത്തില്‍ തുടരുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഹണ്ടിനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിക്കു പോലും ആരോഗ്യ സെക്രട്ടറിക്കു മേല്‍ വിശ്വാസമില്ലെന്നാണ് കരുതാനാകുന്നതെന്നും കോമണ്‍സ് പ്രസംഗത്തില്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.
ലണ്ടന്‍: സംശയം തോന്നുന്നവര്‍ക്കു നേരെയുള്ള പോലീസ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അടുത്തിടെയായി വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ വ്യക്തമാക്കിയത്. ജനങ്ങളെ തെരുവില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന ഈ രീതി വിവാദമുണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയെന്ന നിലയില്‍ ഇത് പ്രയോഗിച്ചേ മതിയാകൂ എന്ന് മേയര്‍ പറഞ്ഞു.
കത്തി ഉപയോഗിച്ചും ആസിഡ് ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും കൊള്ളയും കൊലപാതകവും വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ നാല് യുവാക്കള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാകില്ലെന്നാണ് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ ഖാന്‍ പറയുന്നു. ബ്രിട്ടനില്‍ ആകമാനം വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അത്. 2018ന്റെ ആദ്യ ദിനങ്ങള്‍ കുറ്റകൃത്യങ്ങളുടേതായിരുന്നു.
ലണ്ടനില്‍ മാത്രമല്ല, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലും കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മെട്രോപോളിറ്റന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് മേയര്‍ സൂചന നല്‍കിയത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലും സംശയമുള്ളവരെ ലക്ഷ്യമിട്ടുമായിരിക്കും നടത്തുകയെന്നായിരുന്നു 2016ല്‍ സാദിഖ് ഖാന്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം.
കത്തി ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ജൂണിലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മേയര്‍ ആദ്യം നടപ്പിലാക്കിയത്. ഇതിനെ ആംബര്‍ റൂഡ് പിന്‍തുണക്കുകയും മെറ്റ് പോലീസ് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ലണ്ടനിലെ പോലീസുകാര്‍ക്ക് ശരീരത്ത് ധരിക്കാവുന്ന ക്യാമറകള്‍ നല്‍കുകയും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു.
ന്യൂസ് ഡെസ്ക്
ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാൻ വെൽഷ് ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. കുട്ടികളെ അടിക്കുന്നതുപോലുള്ള ശിക്ഷാരീതികൾ മാതാപിതാക്കളോ കെയറർമാരോ നടപ്പാക്കുന്നത് നിയമം മൂലം നിരോധിക്കാനാണ് നീക്കം. സ്കോട്ട്ലണ്ടിലും അയർലണ്ടിലും ഈ നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. മിനിസ്റ്റർ ഫോർ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയർ ഹു ഇറാൻക ഡേവിസ് ആണ് കൺസൽട്ടേഷൻ പ്രോസസ് ഇന്ന് പ്രഖ്യാപിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിതത്തിലെ ഏറ്റവും തുടക്കത്തിന്റെ നിമിഷങ്ങൾ നല്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
2018 ൽ നിയമം നടപ്പാക്കാനാണ് പദ്ധതിയെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ കാൽവിൻ ജോൺസ് പറഞ്ഞു. അസംബ്ലിയിൽ പാസായിക്കഴിഞ്ഞാൽ കുട്ടികളെ അടിക്കുന്നതും ശാരീരികമായി ശിക്ഷിക്കുന്നതും നിയമ വിരുദ്ധമാകും. ഫലപ്രദമായ മറ്റു മാർഗങ്ങളിലൂടെ കുട്ടികളെ ശരിയായ ശിക്ഷണം നല്കി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞു. ലോകത്തിലെ 52 രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്. വെയിൽസിന്റെ മാതൃക പിന്തുടർന്ന് ഇംഗ്ലണ്ടിലും നിയമം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ഏറിവരികയാണ്.
ബെന്നി തെരുവൻകുന്നേൽ
സാമൂഹ്യ ബന്ധങ്ങളില്‍ ഏറ്റവും ശക്തമായത് കുടുംബബന്ധമാണ്. ഏതൊരു മനുഷ്യസമൂഹത്തിന്റെയും അടിസ്ഥാനം കുടുംബമാണ്. ആരോഗ്യകരമായ കുടുംബസംവിധാനങ്ങൾ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളുന്നു. സുദൃഢമായ കുടുംബ ബന്ധങ്ങള്‍ സമൂഹത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇപ്പോൾ നാം ചുരുങ്ങി ചുരുങ്ങി നമ്മിലേക്ക് തന്നെ ഒതുങ്ങുന്ന കാലം …….. കൂട്ട് കുടുംബം എന്ന ഒന്ന് നമ്മില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു..
തമ്മില്‍ കണ്ടാല്‍ അറിയാത്ത പുതിയ തലമുറക്കാര്‍ ………….. പ്രവാസികളുടെ ഒരു ഗതികേട് എന്ന് ഇതിനെ കരുതാം..
കുടുംബജീവിതം മനസ്സിന് ആനന്ദവും സംതൃപ്തിയും സമാധാനവും നല്‍കുന്നതാകണം. എന്നാൽ പ്രവാസജീവിതത്തിൽ ബന്ധങ്ങൾ പണത്തിന് വഴിമാറികൊടുക്കുന്ന സാഹചര്യം.. സാഹചര്യങ്ങളുടെ സമ്മർദ്ദം നമ്മളെ മാറ്റുന്നു എന്നത് മറ്റൊരുകാര്യം… അതിനാല്‍ കിട്ടുന്ന ചുരുങ്ങിയ സമയങ്ങളിൽ ഗൗരവത്തിന്റെ മൂര്‍ച്ചയേറിയ ബന്ധങ്ങള്‍ക്ക് പകരം സ്‌നേഹത്തിലും കാരുണ്യത്തിലും സഹകരണത്തിലുമധിഷ്ഠിതമായ നല്ല ബന്ധങ്ങള്‍ കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടാകുമ്പോൾ കുടുംബങ്ങൾ ഇമ്പമുള്ളതാകുന്നു.
കൂടിച്ചേരലുകള്‍ കുടുംബ ബന്ധങ്ങളളെ ചേര്‍ക്കുന്നു ..മനസ്സുകളെ അടുപ്പിക്കുന്നു… രക്തബന്ധങ്ങളെ തിരിച്ചറിയുന്നു…
നീണ്ട വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് വീണു കിട്ടുന്ന ഏറ്റവും വലിയ അവസരങ്ങൾ ആണ് കുടുംബകൂട്ടായ്‌മകൾ. കൂട്ടുകുടുംബത്തില്‍ കിട്ടിയിരുന്ന സന്തോഷം ഇപ്പോഴത്തെ അണുകുടുംബത്തില്‍ ഇല്ല എന്നുള്ളത് സത്യമാണ്. ഇങ്ങിനെയുള്ള കൂട്ടായ്മകള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു. ജീവിതത്തെ അഭിമുഖീകരിക്കുവാനുള്ള പുതിയ ഊര്‍ജം അത് നല്‍കുന്നുണ്ട്. കൂട്ടായ്മകൾക്ക് സ്‌നേഹത്തിന്റെ നിറവും, കരുണയുടെ തലോടലും, പരിഗണനയുടെ ചൂടും ലഭിക്കുമ്പോള്‍ അത് മനുഷ്യന് സുഖമുള്ളതാകുന്നതോടൊപ്പം ആ സുഖം അവന്റെ കുടുംബത്തിലേക്കും വ്യാപരിക്കുന്നു എന്നുള്ളത് ഒരു വസ്തുത.
ജീവിത തിരക്കിനിടയിലും എല്ലാവരും കൂടി ഇമ്പമുള്ള ഒരു കുടുംബമാക്കിയ ഞാവള്ളി കുടുംബക്കാരുടെ ആദ്യ കുടുംബകൂട്ടായ്‌മ എന്ന ഉദ്യമം കഴിഞ്ഞ വർഷം ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍ വിജയത്തിലെത്തിച്ചപ്പോൾ വിരിഞ്ഞത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, സഹനത്തിന്റെയും പുതുമലരുകൾ ആയിരുന്നു… ഞാവള്ളി കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 30 കുടുംബങ്ങളാണ് രണ്ടാമത് പൂളിൽ വെച്ച് ഈ വരുന്ന ഫെബ്രുവരി പത്തിന് നടക്കുന്ന സമ്മേളനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്നത്.
നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന കൂട്ടുകുടുബം എന്ന സമ്പ്രദായം നിലനിൽക്കുബോൾ ഉണ്ടായിരുന്ന ഒരു ഊഷ്‌മളത തിരിച്ചുകൊണ്ടുവരുവാൻ ഇത്തരം കൂടിച്ചേരലുകൾ വഴിയൊരുക്കുകയും സ്വന്തക്കാരെ കുട്ടികൾക്ക് തിരിച്ചറിയുവാനും ഉള്ള ഒരു നല്ല അവസരമായി ഉപയോഗിക്കുമ്പോൾ കൂട്ടായ്‌മ അതിന്റെ ഉദ്ദേശ്യത്തിലെത്തുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും കൂടുതല്‍ പരിചയപ്പെടുന്നതിനുമായി ഒരുക്കിയിരിക്കുന്ന രണ്ടാമത് സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 1996 ല്‍ പാലായില്‍ സ്ഥാപിതമായ ഞാവള്ളി കുടുംബ കൂട്ടായ്മ എല്ലാ വര്‍ഷവും വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഏറെ ശ്രദ്ധ നേടുന്നു. ഇതുവരെ ഈ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ സാധിക്കാത്ത ഞാവള്ളി കുടുംബത്തിലെ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടുവാൻ ഇതിന്റെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
Dr. ജോൺ രക്ഷാധികാരിയായ കമ്മിറ്റിയിൽ ബിജു ജെയിംസ് -പ്രസിഡന്റ്, ബെന്നി ചാക്കോ -സെക്രട്ടറി, സതീഷ് സ്കറിയ- ട്രെഷറർ, സിൻലെറ്റ് മാത്യു- വൈസ് പ്രസിഡന്റ്, സാജി ജോസ്- ജോയിന്റ് സെക്രട്ടറി, തോമസ് ജോർജ് -കൾച്ചറൽ സെക്രട്ടറി, ജീന ജോബ് -പ്രോഗ്രാം കോഓർഡിനേറ്റർ എന്നിവർക്കൊപ്പം മാത്യു അലക്സാണ്ടർ, സക്കറിയ തോമസ്, ബോണി മാത്യു, സീമ സതീഷ് എന്നീ കമ്മറ്റി അംഗങ്ങളും ഒത്തുചേർന്ന് രണ്ടാമത് കുടുംകൂട്ടായ്മ വിജയിപ്പിക്കുവാനുള്ള പ്രയാണത്തിൽ ആണ്…
ബിജു ജെയിംസ് -പ്രസിഡന്റ്- 07969704924
ബെന്നി ചാക്കോ -സെക്രട്ടറി- 07398717843
സതീഷ് സ്കറിയ- ട്രെഷറർ – 07538406263
10th of February 2018,
St. Bernerdette Church, Ensbury Park, 46 Draycott Road, BH10 5AR.