ലണ്ടന്‍: എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന കുടിയേറ്റക്കാരില്‍ നിന്നും ഇരട്ടി തുക ഈടാക്കാനുള്ള നിര്‍ദേശം അന്യായമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഈ തീരുമാനം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് പറഞ്ഞു. ഒരു വര്‍ഷം 200 പൗണ്ട് ആവശ്യമുള്ളിടത്ത് 400 പൗണ്ടാണ് ഈടാക്കുന്നത്. കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിവര്‍ഷം 150 പൗണ്ട് ഈടാക്കിയിരുന്നത് 300 പൗണ്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ആരോഗ്യ മേഖലയിലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പരാജയത്തിന്റെ ഭാരം കുടിയേറ്റക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഫീസ് നിരക്ക് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും. പഠനത്തിനോ ജോലിക്കോ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനോ ആയി ബ്രിട്ടനില്‍ ആറുമാസത്തിനു മുകളില്‍ താമസിക്കേണ്ടി വരുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്ക് ബാധകമാകുന്ന വിധത്തിലാണ് പുതിയ നിര്‍ദേശം നടപ്പിലാക്കുക. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികളെ മറികടക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ പുതിയ നയം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് തലവന്‍ സത്ബീര്‍ സിങ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ കണക്ക് പ്രകാരം സര്‍ച്ചാര്‍ജ് നല്‍കുന്നവരുടെ ചികിത്സക്കായി ശരാശരി 470 പൗണ്ടാണ് എന്‍എച്ച്എസ് ഒരു വര്‍ഷം ചെലവഴിക്കുന്നത്.

വര്‍ദ്ധിപ്പിച്ച നിരക്ക് പ്രകാരം വര്‍ഷത്തില്‍ 220 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ പണം എന്‍എച്ച്എസ്സിലേക്കാണ് വന്നുചേരുക. ജനങ്ങള്‍ക്ക് ആവശ്യാനുസൃതം ഉപകരിക്കുന്ന വിധത്തിലാണ് എന്‍എച്ച്എസി നിലകൊള്ളുന്നത്. അതിന് പണം നല്‍കുന്നത് ബ്രിട്ടീഷ് നികുതി ദായകരാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ജെയിംസ് ഒ ഷോഗ്‌നസ്സീന്‍ പറയുന്നു. ദീര്‍ഘകാലമായി കുടിയേറ്റക്കാരായി തുടരുന്നവര്‍ എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനായി സ്വാഗതം ചെയ്യുന്നു. പക്ഷേ നിലനില്‍പ്പിനാവിശ്യമായി ചെറിയ തുക അവര്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടിയേറ്റക്കാരായ ആളുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നല്‍കുന്ന സംഭാവനകളെ നിരാകരിക്കുന്നതാണ് പുതിയ നീക്കമെന്ന് സത്ബീര്‍ സിങ് പ്രതികരിച്ചു.