UK

ജോഷി സിറിയക്

കൊവെന്‍ട്രി: യുകെയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍ പെട്ട ഗായക സംഘങ്ങളെയും ക്വയര്‍ ഗ്രൂപ്പുകളെയും കോര്‍ത്തിണക്കി ഗര്‍ഷോം ടിവിയും പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് നടത്തിയ എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് റ്റു ദി വേള്‍ഡിന് ആവേശോജ്ജ്വലമായ സമാപനം. തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആദ്യകിരീടം ചൂടിയത് കരോള്‍ ഫോര്‍ ക്രൈസ്റ്റ്, ലിവര്‍പൂള്‍ ആണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയറും, ബര്‍മിങ്ഹാം നോര്‍ത്ത് ഫീല്‍ഡ് ക്വയറും സ്വന്തമാക്കി. നാലാം സ്ഥാനം സൗണ്ട്‌സ് ഓഫ് ബേസിംഗ്സ്റ്റോക്കും ഡിവൈന്‍ വോയ്സ് നോര്‍ത്താംപ്ടനും പങ്കിട്ടു.

ഡിസംബര്‍ 16 ശനിയാഴ്ച വൈകിട്ട് 4 മണിയോടുകൂടി ബര്‍മിങ്ഹാമിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ച കരോള്‍ സന്ധ്യയുടെ ഉദ്ഘാടനം ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. യുകെ ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റെവ.ഡോ. ജോ കുര്യന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ലെസ്റ്റര്‍ സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരി റെവ.ഫാ.ടോം ജേക്കബ്, റെവ. സാമുവേല്‍ തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഗര്‍ഷോം ടിവി മാനേജിങ് ഡയറക്ടര്‍മാരായ ജോമോന്‍ കുന്നേല്‍, ബിനു ജോര്‍ജ്, ലണ്ടന്‍ അസാഫിയന്‍സ് സെക്രട്ടറി സുനീഷ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ദൈവപുത്രന്റെ ജനനത്തിന് സ്വാഗതമോതി ഗായകസംഘങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ തിങ്ങിക്കൂടിയ ആസ്വാദകരുടെ കാതുകള്‍ക്ക് ഇമ്പകരവും കണ്ണുകള്‍ക്ക് കുളിര്‍മഴയുമായി കരോള്‍ ഗാനസന്ധ്യ മാറുകയായിരുന്നു. കരോള്‍ ഗാന മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. ഒന്നാം സമ്മാനാര്‍ഹരായ ലിവര്‍പൂള്‍ കരോള്‍ ഫോര്‍ ക്രൈസ്റ്റ് ടീമിന് ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്ത 1000 പൗണ്ട് ക്യാഷ് അവാര്‍ഡും ലണ്ടന്‍ അസാഫിയന്‍സ് നല്‍കിയ എവര്‍റോളിങ് ട്രോഫിയും ലഭിച്ചു. രണ്ടാം സമ്മാനം നേടിയ ലെസ്റ്റര്‍ ക്വയര്‍, ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്ത 500 പൗണ്ടും എവര്‍റോളിങ് ട്രോഫിയും സ്വന്തമാക്കിയപ്പോള്‍, മൂന്നാമതെത്തിയ നോര്‍ത്ത്ഫീല്‍ഡ് ക്വയര്‍ ബിര്‍മിംഹാമിന് ലവ് ടു കെയര്‍ ഹെല്‍ത്കെയര്‍ ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്ത 250 പൗണ്ടും എവര്‍റോളിങ് ട്രോഫിയും ലഭിച്ചു. വിജയികള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍, റെവ.ഡോ. ജോ കുര്യന്‍, ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. ജോര്‍ജ് തോമസ്, ഫാ.ജിജി, ജോമോന്‍ കുന്നേല്‍, മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസഫിയാന്‍സിന്റെ നേതൃത്വത്തില്‍ 25 ഓളം കലാകാരന്‍മാര്‍ അണിനിരന്ന ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ സംഗീതവിരുന്ന് കരോള്‍ ഗാനസന്ധ്യക്ക് നിറം പകര്‍ന്നു. അസാഫിയന്‍സിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം ‘ബികോസ് ഹി ലിവ്സ്’ന്റെ പ്രകാശനവും വേദിയില്‍ വച്ച് നിര്‍വഹിച്ചു. ജാസ്പര്‍ ജോസഫ്, സ്റ്റീഫന്‍ ഇമ്മാനുവേല്‍, ജോബി വര്‍ഗീസ്, ലിഡിയ ജെനിസ് എന്നിവര്‍ കരോള്‍ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നിര്‍വഹിച്ചു. ഗര്‍ഷോം ടിവിക്കു വേണ്ടി അനില്‍ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവരാണ് അവതാരകരായി എത്തിയത്.

ജോയ് ടു ദി വേള്‍ഡിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ ടീമുകളുടെ പങ്കാളിത്തത്തോടെ 2018 ഡിസംബര്‍ 8 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചതായും ഇത്തവണത്തെ പ്രോഗ്രാം വന്‍ വിജയമാക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഗായകസംഘങ്ങള്‍ക്കും, കാണികളായെത്തിയവര്‍ക്കും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ്, ന്യൂ ഇയറിനോട് അനുബന്ധിച്ചു നടത്തുന്ന വാര്‍ഷിക ചാരിറ്റിയില്‍ യുകെയിലുള്ള സ്‌നേഹമനസ്‌കരുടെ സഹായത്താല്‍ സംഗമം അക്കൗണ്ടിലേക്ക് 2500 പൗണ്ട് എത്തിച്ചേര്‍ന്നിരിക്കുന്നു. ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം നടത്തുന്ന ക്രിസ്മസ് ചാരിറ്റി അവസാന ആഴ്ചകളിലേക്ക് കടക്കുകയാണു. നമ്മളെല്ലാം യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ രണ്ട് കുടുംബങ്ങളെ കൂടി ഓര്‍ക്കണമേ എന്ന് വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു.

നമ്മുടെ ഇവിടുത്തെ ജീവിതാവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബങ്ങള്‍ക്ക് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രിസ്തുമസ് നോയമ്പ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യപ്രവര്‍ത്തി തന്നെ ആയിരിക്കും. ഇടുക്കി ജില്ലാ സംഗമം രണ്ട് നിര്‍ധന കുടുംബങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

തൊടുപുഴ കുമാരമംഗലത്തുള്ള ഒരു കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള്‍ ഇപ്പോഴും കൂടെ വേണം. ഷാജു എന്ന ഇവരുടെ സഹോദരന്‍ ഒരു ജോലിക്ക് പോകാന്‍ സാധിക്കാതെ അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ കഴിക്കുന്നു. ഇവര്‍ക്ക് താമസിക്കുവാന്‍ അടച്ചുറപ്പുള്ള ഒരു വീടോ മറ്റു സൗകര്യമോ ഇല്ല. ടാര്‍പോളിന്‍ മറച്ച ഷെഡില്‍ ആണ് ഇവരുടെ വാസം. ഇവര്‍ക്ക് രണ്ടാള്‍ക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയല്‍ക്കാരുടെയും നല്ല മനുഷ്യരുടേയും സഹായത്താല്‍ ഓരോ ദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ടപ്പെട്ട ഈ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നിങ്ങളുടെ വരുമാനത്തില്‍ നിന്നും ഒരു ചെറു സഹായം ചെയ്താല്‍ യേശുദേവന്റെ പിറവിയുടെ നാളുകളില്‍ നിങളുടെ കുടുബത്തിനും സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ക്രിസ്മസ് ആഘോഷമായി മാറും.

 

ഇടുക്കി നാരകക്കാനത്തുള്ള പൂര്‍ണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുന്‍പ് സ്‌ട്രോക്ക് ഉണ്ടായി കട്ടിലില്‍ പരസഹായത്താല്‍ കഴിയുന്നു. ഈ യുവാവിന് ഒരു സര്‍ജറി നടത്തിയാല്‍ ഒരുപക്ഷേ എഴുന്നേറ്റു നടക്കുവാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില്‍ മരണമടഞ്ഞു. ജ്യേഷ്ഠ സഹോദരന്‍ കൂലിവേല ചെയ്തു ജീവിക്കുവേ തെങ്ങില്‍ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലും.

ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കുംവിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല്‍ കഴിയും വിധം ഉണ്ടായാല്‍ ഈ കുടുംബത്തിന് വലിയ കരുണയും, കടാക്ഷവും ആകും. ബൈബിള്‍ വാക്യം പോലെ, നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ ദൈവ സന്നിധിയില്‍ സ്വര്‍ഗീയ നിക്ഷേപമായി മാറും. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിനേക്കാള്‍ വലിയ ഒരു പുണ്യം വേറെയില്ല.

നിങ്ങള്‍ നല്‍കുന്ന തുക ഈ രണ്ടു കുടുംബങ്ങള്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കുന്നതാണ്. നിങളുടെ ഈ വലിയ സഹായത്തിനു ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം ഇടുക്കിജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക. ചാരിറ്റിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ പീറ്റര്‍ താണോലി 07713 183350, അല്ലങ്കില്‍ മറ്റ്
ഏതെങ്കിലും കമ്മറ്റി മെമ്പര്‍മാരെയോ വിളിക്കാവുന്നതാണ്.

IDUKKIJILLA SANGAMAM
BANK – BARCLAYS ,
ACCOUNT NO – 93633802.
SORT CODE – 20 76 92.

നിങ്ങളാല്‍ കഴിയുന്ന ഒരു സഹായം ഈ കുംടുംബങ്ങള്‍ക്ക് നല്കണമേ എന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി വിനീതമായി അപേക്ഷിക്കുന്നു.

സറേ: ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ മണ്ഡലമായ സറേയില്‍ ഡെന്റിസ്റ്റുകള്‍ എന്‍എച്ച്എസ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ മടിക്കുന്നു. ഡെന്റല്‍ സര്‍വീസ് ബജറ്റില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകല്‍ മൂലമാണ് ഈ പ്രതിഷേധം. സറേയിലെ മൂന്ന് പ്രദേശങ്ങളില്‍ എന്‍എച്ച്എസ് രോഗികള്‍ക്ക ദന്തചികിത്സ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ പകുതിയോളം സര്‍ജറികള്‍ പുതിയ രോഗികളെ സ്വീകരിക്കുന്നില്ല. വര്‍ഷങ്ങളായി കുറഞ്ഞ ബജറ്റിലാണ് തങ്ങള്‍ സേവനം നടത്തി വന്നതെന്നും അവയില്‍ നിന്നാണ് ഇപ്പോള്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തിയിരിക്കുന്നതെന്നുമാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്. 2006ല്‍ ഒരു രോഗിക്ക് 35 പൗണ്ട് എന്നതായിരുന്നു ഫണ്ടിംഗ് ലഭിച്ചിരുന്നത്. അതില്‍ നിന്ന് 7.50 പൗണ്ട് ഇപ്പോള്‍ കുറച്ചിരിക്കുകയാണ്.

കുട്ടികളുടെ ദന്തപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ദന്തക്ഷയത്തിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഇപ്പോള്‍ സൗജന്യ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഓരോ ദിവസവും ശരാശരി 160 കുട്ടികളെ ഈ ദന്തരോഗവുമായി ഡെന്റിസ്റ്റുകള്‍ക്ക് അരികില്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ജനറല്‍ അനസ്‌തേഷ്യ നല്‍കി പല്ലെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 2012നെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ലണ്ടന്‍: വിന്ററില്‍ രോഗബാധകള്‍ നിരീക്ഷിക്കുന്നതിന് സാങ്കേതികതയുടെ സഹായം തേടി എന്‍എച്ച്എസ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. നോറോവൈറസും വിന്ററിനോടനുബന്ധിച്ചുണ്ടാകുന്ന പകര്‍ച്ചവ്യാധികളും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആശുപത്രികളില്‍ എത്ര രോഗികള്‍ പ്രവേശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്ന് നേരത്തേ മനസിലാക്കാന്‍ സാധിക്കും.

അപ്രകാരം ആവശ്യമുള്ള രോഗികള്‍ക്കു വേണ്ടി ശസ്ത്രക്രിയകള്‍ മാറ്റിവെക്കാനും കിടക്കകള്‍ തയ്യാറാക്കിവെക്കാനും സാധിക്കും. 2012ലെ ഒളിമ്പിക്‌സിന്റെ സമയത്ത് രോഗങ്ങള്‍ പ്രവചിക്കാനായി ഈ വിധത്തില്‍ ഡേറ്റ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷം പ്രാദേശികമായുള്ള വിന്റര്‍ ഓപ്പറേഷന്‍ ടീമുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ പ്രവചനങ്ങളും ഇതിനൊപ്പം ചേര്‍ത്താണ് രോഗങ്ങളേക്കുറിച്ചുള്ള പ്രവചനം സാധ്യമാക്കുന്നത്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു. ജിപി പ്രാക്ടീസുകളില്‍ നിന്നും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ നിന്നുമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഡേറ്റ തയ്യാറാക്കുന്നത്. ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ രോഗങ്ങളെക്കുറിച്ച് സൂചന ലഭിക്കുന്നത് ആശുപത്രികള്‍ക്ക് തയ്യാറാകാനുള്ള സമയം നല്‍കും. രോഗികള്‍ നിറഞ്ഞ് വാര്‍ഡുകള്‍ അടക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ലണ്ടന്‍: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രകൃതിക്കിണങ്ങുന്ന രീതി ആവിഷ്‌കരിക്കാന്‍ പദ്ധതി തയ്യാറാക്കിയ കൗണ്‍സിലിന് വാട്ടര്‍ കമ്പനികളുടെ എതിര്‍പ്പ്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സാന്‍ഡ്‌വെല്‍ മെട്രോപോളിറ്റന്‍ കൗണ്‍സിലാണ് മൃതശരീരങ്ങള്‍ അലിയിച്ചു കളയുന്ന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങിയത്. വാട്ടര്‍ ക്രിമേഷന്‍ നടത്തുന്നതിനായി റൗളി റെജിസ് ക്രിമറ്റോറിയത്തില്‍ 3 ലക്ഷം പൗണ്ട് ചെലവ് വരുന്ന റെസ്റ്റോമേറ്റര്‍ സ്ഥാപിക്കാനും കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ആല്‍ക്കലൈന്‍ ഹൈഡ്രോളിക്‌സ് എന്ന രീതിയിലാണ് ഇതിലൂടെ സംസ്‌കാരം നടത്തുന്നത്.

രാസവസ്തുക്കളും ചൂടൂം മര്‍ദ്ദവും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിലൂടെ സംസ്‌കാരം നടത്തുമ്പോള്‍ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരഭാഗങ്ങള്‍ അലിഞ്ഞ് ഇല്ലാതാകുകയും അസ്ഥികള്‍ മാത്രം ശേഷിക്കുകയും ചെയ്യും. പിന്നീട് സാധാരണ ക്രിമേഷനുകളില്‍ ഉപയോഗി്കുന്നതിനേക്കാള്‍ കുറച്ച് ഊര്‍ജ്ജം മാത്രം മതിയാകും ഇത്തരത്തിലുള്ള സംസ്‌കാരത്തിനെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതിനു ശേഷം ബാക്കി വരുന്ന രാസമിശ്രിതം പരിശോധനയ്ക്ക് വിധേയമാക്കുകയും ദോഷകരമല്ലെന്ന് കണ്ടെത്തിയാല്‍ വാട്ടര്‍ സപ്ലൈയിലേക്ക് ഒഴുക്കിക്കളയാനുമാണ് പദ്ധതി.

എന്നാല്‍ ഇതിനെതിരെ സെവേണ്‍ ട്രെന്റ് വാട്ടര്‍ കമ്പനി രംഗത്തെത്തിക്കഴിഞ്ഞു. അവശിഷ്ട ജലം ഒഴുക്കിക്കളയാനുള്ള ട്രേഡ് എഫ്‌ളുവന്റ് ലൈസന്‍സ് നല്‍കണമെന്ന ക്രിമറ്റോറിയത്തിന്റെ അപേക്ഷ കമ്പനി നിരസിക്കുകയായിരുന്നു. ആല്‍ക്കലൈന്‍ ഹൈഡ്രോളിക്‌സ് അവശിഷ്ടങ്ങള്‍ എങ്ങനെ ഒഴുക്കിക്കളയാമെന്ന കാര്യത്തില്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനി.

ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഈ ശവസംസ്‌കാര രീതി നടന്നു വരുന്നുണ്ട്. കനേഡിയന്‍ കമ്പനിയായ അക്വാഗ്രീന്‍ കഴിഞ്ഞ വര്‍ഷം 200 വാട്ടര്‍ ക്രിമേഷനുകള്‍ നടത്തിക്കഴിഞ്ഞു. ഇതിന്റെ അവശിഷ്ടങ്ങള്‍ രണ്ട് തവണ ഫില്‍ട്ടര്‍ ചെയ്ത ശേഷമാണ് ഒന്റാരിയോ വാട്ടര്‍ സപ്ലൈയിലേക്ക് ഒഴുക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.

കവന്‍ട്രിയില്‍ മരണമടഞ്ഞ ജെറ്റ്സി ആന്റണിക്ക് യുകെ മലയാളി സമൂഹം നിറഞ്ഞ കണ്ണുകളോടെ വിട നല്‍കി. ഏറെ നാളുകളായി ക്യാന്‍സറിന്റെ കാഠിന്യത്തില്‍ വലഞ്ഞിരുന്ന ജെറ്റ്‌സിയുടെ മരണം തീരെ അപ്രതീക്ഷിതം ആയിരുന്നില്ലെങ്കിലും രണ്ടു പതിറ്റാണ്ടായി തങ്ങളില്‍ ഒരാളെ പോലും നഷ്ടപ്പെടുന്നത് നേരില്‍ കാണേണ്ടി വരുന്ന നിര്‍ഭാഗ്യം കവന്‍ട്രി മലയാളികളെ ഇതുവരെ തേടി എത്തിയിരുന്നില്ല. അതിനാല്‍ തന്നെ, ഒടുവില്‍, വിധിയുടെ നിയോഗം എന്ന മട്ടില്‍ എത്തിയ മരണത്തെ നിസ്സംഗതയോടെ സ്വീകരിക്കാനും കവന്‍ട്രി മലയാളി സമൂഹത്തിനു കഴിയുമായിരുന്നില്ല.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ജെറ്റ്‌സി മരിച്ച നിമിഷം മുതല്‍ ‘അമ്മ നഷ്ടമായ മൂന്നു കുഞ്ഞുങ്ങള്‍ക്കും തുണയറ്റ കുടുംബനാഥനും ആശ്വാസമായി മലയാളി സമൂഹത്തിന്റെ കരങ്ങളാണ് കൂടെയുണ്ടായിരുന്നത്. ജെറ്റ്‌സി രോഗത്തോട് പോരാടുമ്പോള്‍ താങ്ങായി എത്തിയിരുന്നതും കവന്‍ട്രിയില്‍ പ്രിയ കൂട്ടുകാരികള്‍ തന്നെയായിരുന്നതിനാല്‍ ഇന്നലെ ജെറ്റ്‌സിയുടെ വീട്ടിലും പിന്നീട് സേക്രഡ് ഹാര്‍ട്ട് പള്ളിയിലും മനമിടറാതെ, മിഴി നനയാതെ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ജെറ്റ്‌സിക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ പോലും വിങ്ങിപ്പൊട്ടി മലയാളികളായ സ്ത്രീ സുഹൃത്തുക്കളുടെ ചുമലില്‍ തല ചായ്ക്കുന്ന അസാധാരണ കാഴ്ച മാത്രം മതിയായിരുന്നു ജെറ്റ്‌സിയുടെ വ്യക്തിത്വത്തെ അടുത്തറിയാന്‍. കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജെറ്റ്‌സി സ്‌നേഹം കൊണ്ടും ജോലിയോടുള്ള മമത കൊണ്ടും തങ്ങളെ കീഴ്‌പ്പെടുത്തുക ആയിരുന്നു എന്നാണ് ദുഃഖം പങ്കിട്ടു എത്തിയവരില്‍ ഒരാളായ ഡെബി വ്യക്തമാക്കിയത്.

രോഗം തളര്‍ത്തിക്കൊണ്ടിരുന്നപ്പോഴും, അക്കാര്യം മറ്റുള്ളവരെ അറിയിക്കാതെ, സ്വയം വേദനക്ക് കീഴപ്പെട്ടുകൊണ്ടിരുന്ന ധീരയായിരുന്നു തങ്ങള്‍ അറിയുന്ന ജെറ്റ്‌സിയെന്നാണ് വീട്ടില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ ജെറ്റ്‌സിയുടെ വിയോഗം സാധാരണ നിലയില്‍ ഇത്തരം അവസരങ്ങളില്‍ വികാര വിക്ഷോഭങ്ങള്‍ക്കു വഴിപ്പെടാതിരിക്കുന്ന ബ്രിട്ടീഷ് വംശജരെ പോലും പൊട്ടിക്കരച്ചിലിന്റെ വക്കോളം എത്തിക്കുക ആയിരുന്നു.

ഇന്നലെ രാവിലെ മുതല്‍ ചന്നംപിന്നം പെയ്തു കൊണ്ടിരുന്ന മഴയയെയും കൈകാലുകള്‍ കോച്ചിവലിക്കും വിധം ശക്തമായ തണുപ്പിനെയും അവഗണിച്ചു, എന്തിനേക്കാളും പ്രധാനമാണ് തങ്ങള്‍ക്കു കൂടെപ്പിറപ്പിനെ പോലെ കൂടെയുണ്ടായിരുന്ന ജെറ്റ്സ്സി എന്ന് തെളിയിച്ചാണ് കവന്‍ട്രി ജനസമൂഹം നിരയായി അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേക്കു എത്തിക്കൊണ്ടിരുന്നത്. വീടുകളില്‍ പൊതുദര്‍ശനം സാധാരണ പതിവില്ലെങ്കിലും അയല്‍വാസികള്‍ക്കോ മറ്റോ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ ഒറ്റയ്ക്കും തെറ്റയ്ക്കും എത്തിക്കൊണ്ടിരുന്ന നൂറുകണക്കിനാളുകള്‍ അവസാന യാത്രാ മൊഴി നല്‍കി തുടങ്ങിയായതോടെ മിന്റണ്‍ റോഡ് പരിസരം നിമിഷ നേരം കൊണ്ട് ജനനിബിഢമായി.

മൃതദേഹം വഹിച്ച പേടകം പിന്നീട് തുറന്നു പൊതുദര്‍ശനം ഉണ്ടാകില്ല എന്നതിനാല്‍ മക്കളുടെയും സകല നിയന്ത്രണവും വിട്ടു വിങ്ങി കരഞ്ഞു കൊണ്ടിരുന്ന പ്രിയതമന്‍ തോമസിന്റെയും അന്ത്യ ചുംബന രംഗങ്ങള്‍ ഹൃദയം നുറുക്കുന്ന കാഴ്ചയായി. നാട്ടില്‍ നിന്നെത്തിയ അമ്മയും സഹോദരങ്ങളും മാത്രം അടങ്ങുന്ന കുടുംബ അംഗങ്ങള്‍ മാത്രം അന്ത്യ ചുംബനം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശം ഉണ്ടായെങ്കിലും ഏറെ അടുപ്പമുള്ള പലരും ജെറ്റ്‌സിക്കു മൂര്‍ദ്ധാവില്‍ നറുചുംബനം നല്‍കിയാണ് യാത്രയാക്കിയത്.

മിഴികളില്‍ നിറഞ്ഞ കണ്ണീര്‍ തുള്ളികള്‍ കാഴ്ചകള്‍ മറച്ചു കൊണ്ടിരിക്കെ അന്ത്യ യാത്രക്കുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയിലായി. വെളുത്ത ഗൗണ്‍ അണിഞ്ഞ് ലളിതമായ നിലയില്‍ അലങ്കരിക്കപ്പെട്ട ശവമഞ്ചത്തില്‍ ശാന്ത നിദ്ര പോലെയുള്ള ജെറ്റ്‌സിയുടെ മുഖം പരിചയക്കാരുടെ മുഖങ്ങളില്‍ സങ്കടത്തിന്റെ അലകടലുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. രോഗിയായിരുന്നപ്പോള്‍ പലവട്ടം സന്ദര്‍ശനം നടത്തി ആശ്വാസം പകരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം നിറഞ്ഞ വാക്കുകളിലാണ് വീട്ടിലെ അന്ത്യോപചാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സംസാരിച്ചത്. ഫാ. ജേക്കബ് മാത്യു സഹകാര്‍മ്മികനായ ചടങ്ങുകള്‍ അരമണിക്കൂറിനകം അവസാനിക്കുക ആയിരുന്നു.

തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ജെറ്റ്‌സിക്ക് ഏറെ പ്രിയപ്പെട്ട ദേവാലയമായ സേക്രഡ് ഹേര്‍ട്ടില്‍ എത്തിച്ച ശേഷം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അന്ത്യോപചാര ചടങ്ങുകള്‍ ആരംഭിച്ചു. സീറോ മലബാര്‍ യുകെ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച ചടങ്ങുകളില്‍ രൂപത സെക്രട്ടറി ഫാ ഫാന്‍സുവ പത്തില്‍, ഇടവക വികാരി സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയി. ചടങ്ങുകള്‍ക്കൊടുവില്‍ പാരിഷ് വികാരി ഫാ. ടോണി നോര്‍ട്ടന്‍ ജെറ്റ്‌സിക്ക് ദേവാലയവുമായി ഉണ്ടായിരുന്ന അടുപ്പം വ്യക്തമാക്കിയാണ് സംസാരിച്ചത്. ജെറ്റ്‌സി പതിവായി ദേവാലയത്തില്‍ എത്തിയിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. രോഗനില വഷളായ ദിവസങ്ങളില്‍ പലപ്പോഴും ആശ്വാസമായി ഫാ. ടോണി നോര്‍ട്ടന്‍ ജെസ്റ്റിയെ വീട്ടിലെത്തി ധൈര്യം നല്കാറുണ്ടായിരുന്നു.

ജെറ്റ്‌സിയെ മരണത്തിനു മുന്‍പ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യ നിമിഷങ്ങളില്‍ ഒന്നായി കരുതുന്നുവെന്നും ബിഷപ്പ് ചരമ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ദൈവത്തിനു ഏറെ ഹിതമായവര്‍ നേരത്തെ ജീവിതം അവസാനിപ്പിക്കുമെന്നും ആശ്വാസ വചനമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നാപക യുഹന്നാന്റെയും യേശുവിന്റെയും അല്‍ഫോന്‍സാമ്മയുടെയും ഒക്കെ ചുരുങ്ങിയ ജീവിത കാലയളവുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യത്തിന് സാധൂകരണം നല്‍കിയത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ജെറ്റ്‌സിയും 46 വയസ്സിനുളില്‍ സഹനത്തിന്റെ പടവുകള്‍ ഏറെക്കുറെ പൂര്‍ണമായും പൂര്‍ത്തീകരിച്ചതിനാല്‍ ദൈവഹിതം നിറവേറ്റപ്പെട്ടു എന്ന് കരുതുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ വിയോഗത്തില്‍ ഒറ്റപ്പെട്ടു പോയ ജസ്റ്റിന്‍, ടോണി, അനീറ്റ എന്നിവര്‍ പിതാവ് തോമസുകുട്ടിക്കു ഇരുവശവും ധൈര്യം ഏകാന്‍ എന്ന വിധം പ്രാര്‍ത്ഥന ചടങ്ങുകളില്‍ കൂടെയുണ്ടായിരുന്നു. ചരമോപചാര പ്രസംഗത്തിന് ഒടുവിലായി ജെറ്റ്‌സിയുടെ പ്രിയമകള്‍ അനീറ്റയെ ക്ഷണിക്കപ്പെട്ടപ്പോള്‍ ഏവരുടെയും ഇടനെഞ്ചില്‍ കനംതൂങ്ങിയിരുന്നു. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന മകളെ കുറിച്ചുള്ള വേവലാതികള്‍ ആയിരുന്നു ജെറ്റ്‌സി അവസാന നാളുകളില്‍ പ്രിയപ്പെട്ടവരോട് പങ്കു വച്ചിരുന്നത്.

അമ്മയെ കുറിച്ചുള്ള നിറമുള്ള ഓര്‍മ്മകള്‍ പങ്കു വച്ച അനീറ്റ വാക്കുകളുടെ മുഴുവന്‍ അര്‍ത്ഥവും ശരിയായ രീതിയില്‍ മനസിലാക്കാന്‍ പ്രായം ആയിട്ടില്ലെങ്കിലും അമ്മയായിരിക്കും തന്റെ ശേഷ ജീവിതത്തിലെ വെളിച്ചം എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. തങ്ങളുടെ വീട്ടിലെ എല്ലാമെല്ലാം അമ്മയായിരുന്നു എന്നതും അനീറ്റയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. ജെറ്റ്‌സിയുടെ വക്തിതം പ്രകടമാക്കി തുടര്‍ന്ന് ബന്ധു കൂടിയായ എത്സമ്മയും സംസാരിച്ചു. ഒരു പോരാളിയുടെ ഭാവമായിരുന്നു ജെറ്റ്‌സിക്ക് എന്നാണ് എല്‍സമ്മ വാക്കുകളില്‍ വരച്ചിട്ടത്. രണ്ടു വര്‍ഷത്തിലേറെയായി ക്യാന്‌സറിനോട് നടത്തിയ പോരാട്ടമാണ് എല്‍സമ്മ സൂചിപ്പിച്ചതു.

തുടര്‍ന്ന് കണ്‍ലിയില്‍ ഉള്ള കൗണ്‍സില്‍ സെമിത്തേരിയില്‍ ആറടി മണ്ണിന്റെ അവകാശം തേടിയുള്ള യാത്ര. ഒപ്പം അകമ്പടിയായി കനത്ത മഴയും. ദുഃഖം കനം വയ്ക്കുന്നതിന്റെ സകല ദൃശ്യങ്ങളും ചേര്‍ന്നൊരു അന്ത്യ യാത്ര. പക്ഷെ നൈര്‍മല്യം നിറഞ്ഞ ജീവിതത്തിന്റെ നേര്‍ രൂപം പോലെ ശവപേടകം അടക്കം ചെയ്യാനുള്ള സമയം മുഴുവന്‍ മഴ മാറി നില്‍ക്കുകയും ചെയ്തത് പ്രകൃതി പോലും ജെറ്റ്‌സിക്ക് വേണ്ടി ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുക്കമായിരുന്നു എന്നതിന്റെ സൂചന കൂടിയാകാം. ചെറു പ്രാര്‍ത്ഥനക്കു ശേഷം കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും അടക്കമുള്ളവര്‍ പൂക്കളും കുന്തിരിക്കവും ശവപേടകത്തില്‍ അര്‍പ്പിച്ചതോടെ ജെറ്റ്‌സി മരണമില്ലാത്ത ഓര്‍മ്മയിലേക്ക് യാത്രയായി.
കവന്‍ട്രി കേരള കമ്യുണിറ്റിക് വേണ്ടി ഭാരവാഹികള്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പിന്നീട്ട് പ്രാര്‍ത്ഥന കൂട്ടായ്മകളും വക്തികളും പുഷ്പചക്രം സമര്‍പ്പിച്ചു ജെറ്റ്‌സിയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു. ജെറ്റ്സ്സിയെ നേരിട്ടറിയുന്ന ഒട്ടേറെ പേര്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്ത്യ യാത്ര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

ജോണ്‍സണ്‍ മാത്യൂസ്

ഡഗന്‍ഹാം: ഇസ്രായേലിന്‍ നാഥനായി, വാഴുമേക ദൈവം എന്ന പ്രശസ്തമായ ക്രിസ്ത്യന്‍ ഗാനത്തിന്റെ ശില്‍പിയും രണ്ടായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ചിന്ന ചിന്ന ആസൈ എന്ന എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച തെക്കേ ഇന്ത്യയുടെ സ്വന്തം വാനമ്പാടി മിന്‍മിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ”സ്‌നേഹ സങ്കീര്‍ത്തനം’ എന്ന ഗാനസന്ധ്യ ഡിസംബര്‍ 26-ാം തീയതി വൈകുന്നേരം 6 മണിക്ക് ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷേവ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറുന്നു. ഈ സന്ധ്യയില്‍ ഇവരോടൊപ്പം ക്രിസ്തീയ ആത്മീയ സംഗീത ലോകത്തേക്ക് തനതായ ശൈലിയുമായി കടന്നുവന്ന കെ ജെ നിക്‌സന്‍, ഈശോയിക്ക് വേണ്ടി പാടി തിളങ്ങി വളര്‍ന്നു വരുന്ന കൊച്ചു ഗായികയായ നൈഡന്‍ പീറ്റര്‍, സുനില്‍ കൈതാരം, ബൈജു കൈതാരം തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും.

ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുകയും മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങി സീറ്റുകള്‍ ഉറപ്പുവരുത്തുവാനും സ്വാഗത കമ്മറ്റി ഭാരവാഹികളും, പ്രോഗ്രാം കമ്മറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഹാളിനുള്ളില്‍ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ലഭിക്കുന്നതാണ്.

ലണ്ടന്‍ ഉള്‍പ്പെടെ യുകെയുടെ വിവിധ സ്ഥലങ്ങളിലായി 5 ഷോകള്‍ അരങ്ങേറുന്നതാണ്. പുതുമയാര്‍ന്ന ഈ സംഗീത നിശ ലണ്ടനില്‍ സംഘടിപ്പിക്കുന്നത് പ്രകാശ് ഉമ്മനും, സോണി വര്‍ഗീസും ചേര്‍ന്നാണ്.

സംഗീതത്തിന്റെ സര്‍ഗ്ഗാത്മകത പ്രാര്‍ത്ഥനയില്‍ ലയിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എല്ലാ കലാസ്‌നേഹികളെയും സ്‌നേഹ സങ്കീര്‍ത്തനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രകാശ് ഉമ്മന്‍ – 07786282497
സോണി വര്‍ഗീസ് – 07886973751
റോയി – 07480495628

വേദിയുടെ അഡ്രസ്സ്

Fanshave Community Centre
73, Bermead Road
Dagenham
London
RM 9 5 AR

ട്യൂബ് സ്‌റ്റേഷന്‍
Dagenham Heathway (District Line)

ലണ്ടന്‍: ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ ടാക്‌സി ശൈലിയിലുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിസ് ഗെയ്‌ലിംഗ്. ബസുകള്‍ക്ക് പകരം ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് നടത്തുന്ന സംവിധാനങ്ങളാണ് വേണ്ടതെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ലോര്‍ഡ് പീറ്റര്‍, ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ടെറ്റ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഗെയ്‌ലിംഗ് പറഞ്ഞത്. ഊബര്‍ ശൈലിയിലുള്ള ഒരു ആപ്പ് ഉപയോഗിക്കാനായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നല്‍കിയ നിര്‍ദേശമെന്ന് യോഗത്തിന്റെ മിനുറ്റ്‌സ് വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബസുകള്‍ക്കുള്ള ഫണ്ടിംഗ് 2010 മുതല്‍ 33 ശതമാനം കുറച്ചിരുന്നു. നിരക്കുകള്‍ വര്‍ദ്ധിക്കുകയും യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറയുകയും ചെയ്തു. ഈ ഫണ്ടിംഗ് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ഗെയ്‌ലിംഗ് ആ മാര്‍ഗം നിര്‍ദേശിച്ചത്. എന്നാല്‍ ലേബറും ക്യാംപെയിനര്‍മാരും ട്രേഡ് യൂണിയനുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ ബസ് ഉപേക്ഷിച്ച് ടാക്‌സികളില്‍ യാത്ര ചെയ്യൂ എന്ന് പറയുന്നതിന് തുല്യമാണ് ഈ നിര്‍ദേശമെന്നാണ് ലേബര്‍ പ്രതികരിച്ചത്. ബസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറച്ച ശേഷം ഈ നിര്‍ദേശം നല്‍കുന്നത് ശരിയായ രീതിയല്ലെന്നും ലേബര്‍ കുറ്റപ്പെടുത്തി.

ചെറുപ്പക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും അതുപോലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും കാറുകള്‍ സ്വന്തമായില്ലാത്തവര്‍ക്കും ഇത്തരം ബസുകളാണ് ആശ്രയമെന്ന് ഷാഡോ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു. ബസുകള്‍ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് സംസാരിക്കുന്നതിന് പകരം ജനങ്ങള്‍ ടാക്‌സികളില്‍ സഞ്ചരിക്കാനാണ് ഗെയ്‌ലിംഗ് നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്കല്‍ ബസുകള്‍ക്ക് പകരം ഊബര്‍ വരണമെന്ന് ഗെയ്‌ലിംഗിനല്ലാതെ ആര്‍ക്കും താല്‍പര്യമില്ലെന്നും ആന്‍ഡി മക്‌ഡൊണാള്‍ഡ് പറഞ്ഞു.

ലണ്ടന്‍: ക്രിസ്മസിന് തൊട്ടു മുമ്പത്തെ വെള്ളിയാഴ്ചയായ 22ന് കടുത്ത ഗതാഗത കുരുക്കുകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഫ്രാന്റിക് ഫ്രൈഡേയെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അവസ്ഥയായിരിക്കും ഈ ദിവസമെന്നാണ് മുന്നറിയിപ്പ്. ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പേര്‍ യാത്രകള്‍ നടത്തുന്നതും വീക്കെന്‍ഡും ഒക്കെച്ചേര്‍ന്ന് വെള്ളിയാഴ്ച റോഡുകളില്‍ വാഹനങ്ങള്‍ പെരുകും. ഇത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്ന് ആര്‍എസി മുന്നറിയിപ്പ് നല്‍കുന്നു. വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ ഏറ്റവും രൂക്ഷമായ തിരക്കിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ കഴിവതും യാത്രകള്‍ കുറയ്ക്കണമെന്നാണ് ആര്‍എസി നിര്‍ദേശിക്കുന്നത്.

ക്രിസ്മസ് തലേന്ന് 1.9 മില്യന്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ കണക്കാക്കുന്നത്. എന്നാല്‍ 22-ാം തിയതി വെള്ളിയാഴ്ച അതിലും കൂടുതല്‍ തിരക്കിന് സാധ്യതയുണ്ടത്രേ. 1.25 മില്യന്‍ യാത്രകള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനായി ആളുകള്‍ നടത്തുമ്പോള്‍ അവര്‍ക്കിടയിലൂടെ ജോലി കഴിഞ്ഞ് തിരികെ പോകുന്നവരും ഷോപ്പിംഗിനും മറ്റുമായി ഇറങ്ങുന്നവരും എത്തുമ്പോള്‍ റോഡുകള്‍ തിങ്ങി നിറയും. 17-ാം തിയതിക്കും 24നുമിടയില്‍ 11.5 മില്യന്‍ ഉല്ലാസ യാത്രകള്‍ നടക്കുമെന്നാണ് പ്രവചനം. ക്രിസ്മസിനും ന്യൂഇയറിനുമിടയില്‍ ഇത് 17.5 മില്യന്‍ ആയി ഉയരും.

ഇത്രയും കാറുകള്‍ റോഡില്‍ എത്തുന്നത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്ന് ആര്‍എസി ട്രാഫിക് വക്താവ് റോബ് ഡെന്നീസ് പറഞ്ഞു. ഈ വര്‍ഷത്തെ ഫ്രാന്റിക് ഫ്രൈഡേ 22നാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് പദ്ധതിയിടുന്നവര്‍ ഈ ദിവസം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന വില ഉയര്‍ന്നത് ഈ വിന്ററിലെ യാത്രകള്‍ ചെലവേറിയതാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 3 പൗണ്ട് കൂടുതലാണ് ഓരോ യാത്രകള്‍ക്കും ചെലവാകുന്നത്.

മലയാളം യുകെ ന്യൂസ് ടീം

ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന എന്‍ എച്ച് എസ് ലിസ്റ്റില്‍ ഉള്ള ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം കര്‍ശന നിര്‍ദ്ദേശം നല്കി. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം അറിയിച്ചു. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിക്കേണ്ടതാണ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ക്ക് എതിരെ പരാതി നല്കാന്‍ എന്‍എച്ച്എസ് നെ സമീപിക്കാന്‍ വര്‍ക്ക് ഫോഴ്‌സ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കോഡ് ഓഫ് പ്രാക്ടീസ് എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് ടീം പ്രതിജ്ഞ ബദ്ധമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വോസ്റ്റെക് എന്ന നഴ്സിംഗ് ഏജന്‍സി ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പരസ്യവുമായി മലയാളി നഴ്സുമാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളം യുകെ ന്യൂസ് ടീം എന്‍എച്ച്എസ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

വോസ്റ്റെക് ഉടമ ജോയസ് ജോണിന് 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ട്രാക്റ്റ് ലഭിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍.

‘ഓവര്‍സീസ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാന്‍ ഏതെങ്കിലും ഗവണ്‍മെന്റുകള്‍ തമ്മില്‍ ധാരണ ഉള്ളതായോ ഏതെങ്കിലും ഏജന്‍സിക്ക് അതിന് കോണ്‍ട്രാക്റ്റ് നല്കിയിട്ടുള്ളതായോ അറിവില്ല. വ്യക്തിഗത എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് സ്റ്റാഫിനെ നല്കാന്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് സാധിക്കുകയുള്ളൂ. എന്‍എച്ച്എസില്‍ സ്റ്റാഫിനെ നല്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശങ്കയുള്ളവര്‍ എന്‍എച്ച്എസ് ഫ്രെയിം വര്‍ക്ക് പ്രൊവൈഡര്‍ ആയ എന്‍എച്ച്എസ് കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്’ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ബെത്ത് മേസണ്‍ പറഞ്ഞു.

യുകെയില്‍ തൊഴില്‍ സാദ്ധ്യത അന്വേഷിക്കുന്ന നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ വോസ്റ്റെക് ഏജന്‍സിയുടെ പരസ്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് മലയാളം യുകെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി എന്‍എച്ച്എസിനെ സമീപിച്ചത്.. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് യുകെയില്‍ ജോലിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ IELTS വേണ്ട OET മതി എന്ന വ്യാപകമായ തെറ്റിദ്ധാരണാജനകമായ പ്രചാരണവും ഇവര്‍ കേരളത്തില്‍ നടത്തുന്നു  എന്നതിന്റെ വെളിച്ചത്തില്‍ വര്‍ക്ക് ഫോഴ്‌സ് ടീമിന്റെ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ഐഇ എല്‍ടിഎസ്  ഇല്ലാതെ ഒരാള്‍ക്ക് പോലും കേരളത്തില്‍ നിന്ന് യുകെയില്‍ നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കില്ല എന്നതാണ് വസ്തുത എന്നിരിക്കെ മലയാളി നഴ്സുമാരുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ ശ്രമിക്കുന്നത് എന്ന് വ്യക്തം.

NHS കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ Ipp.nhs.uk എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സൈറ്റിലെ കോണ്ടാക്ട് സെക്ഷനില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇമെയിലിലൂടെ ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെടാവുന്നതാണ്. NHS London Procurement Partnership, 200 Great Dover tSreet, London, SE1 4YB എന്ന ഓഫീസ് അഡ്രസില്‍ പോസ്റ്റല്‍ ആയും ആശയ വിനിമയം നടത്താം. ലണ്ടന്‍ ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0207188 6680 ആണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് 5500 നഴ്‌സുമാരെ എന്‍ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമായി നഴ്‌സുമാരെ എത്തിക്കാനാണ് എന്‍എച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന നഴ്‌സുമാരുടെ സ്‌കില്‍ ഡെവലപ്‌മെന്റിന് ഉതകുന്നതും അതോടൊപ്പം എന്‍എച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം ആണ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രഫസര്‍ ഇയന്‍ കമിംഗ് ആണ് ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് ഉള്ള നഴ്‌സുമാരെ യുകെയില്‍ എത്തിച്ച് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ പൈലറ്റ് സ്‌കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസര്‍ കമിംഗ് പറഞ്ഞിരുന്നു. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്‌കില്‍സ് ഇന്‍ഡ്യയുമാണ് ഇതിലെ പങ്കാളികള്‍. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എന്‍ എം സി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവര്‍ക്ക് മാത്രമേ ഇതു പ്രകാരം യുകെയില്‍ പ്ലേസ്‌മെന്റ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 500 നഴ്‌സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്‌സിംഗ് സ്റ്റാഫ് ഷോര്‍ട്ടേജിനെ കുറിച്ച് എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് നഴ്‌സസ് റിക്രൂട്ട്‌മെന്റ് അല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു.

ഇതൊരു റിക്രൂട്ട്‌മെന്റ് പ്രോഗ്രാം അല്ല. നഴ്‌സുമാര്‍ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവര്‍ ഇവിടെ സേവനം ചെയ്യുമ്പോള്‍ എന്‍എച്ച്എസിന് അതിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ അനുഭവസമ്പത്തുള്ള സ്‌കില്‍ഡ് നഴ്‌സ് ആയി അവര്‍ മടങ്ങും. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയര്‍ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായകമാകും. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പറഞ്ഞു.

യുകെയിലുള്ള നഴ്‌സിംഗ് ഗ്രാജ് വേറ്റുകള്‍ പ്രഫഷന്‍ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോര്‍ട്ടേജ് കാരണം എന്‍ എച്ച് എസ് വന്‍ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവര്‍സീസ് നഴ്‌സുമാരെ തത്കാലികാടിസ്ഥാനത്തില്‍ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നത്.

RECENT POSTS
Copyright © . All rights reserved