ഹ്രസ്വ സന്ദർശനത്തിന് യുകെയിൽ എത്തിയ എറണാകുളം പാർലമെന്റ് അംഗവും യുവ കോൺഗ്രസ് നേതാവുമായ ഹൈബി ഈഡൻ എംപിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) നോർത്താംറ്റണിലും മാഞ്ചസ്റ്ററിലും ഗംഭീര സ്വീകരണമൊരുക്കി. IOC (UK) കേരള ചാപ്റ്റർ പ്രവർത്തകർ മഞ്ചസ്റ്ററിലും യൂത്ത് വിംഗ് പ്രവർത്തകർ നോർത്താംപ്റ്റണിലുമായണ് സ്വീകരണചടങ്ങുകൾ സംഘടുപ്പിച്ചത്.
വിദ്യാർത്ഥികളുമായി സംവേധിക്കാൻക്കാൻ സാധിക്കുന്നത് അത്യധികം സന്തോഷസകരമാണന്നും യുകെയിലെ തന്റെ ഹ്രസ്വസന്ദർശന വേളയിൽ കേരളത്തിൽ നിന്നുൽപ്പെടെയുള്ള വിദ്യാർത്ഥി സമൂഹവുമായി ഇടപഴകാൻ സാധിച്ച അനുഭവങ്ങളും ഹൈബി ഈഡൻ പങ്കുവെച്ചു.
നോർത്താംറ്റണിലും മാഞ്ചസ്റ്ററിലുമായി നടന്ന ചടങ്ങുകൾക്ക് IOC (UK) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, യൂത്ത് വിംഗിനെ പ്രതിനിധീകരിച്ച് അഖിൽ ബേസിൽ രാജു, ജോൺ സേവ്യർ എന്നിവർ നേതൃത്വം നൽകി. അനുബന്ധമായി നടന്ന ചർച്ചകളിൽ സോണി ചാക്കോ, ബേബി ലൂക്കോസ്, ആൽവിൻ, ആൽബർട്ട്, നിഖിൽ, പ്രബിൻ ബാഹുല്യൻ, പ്രിറ്റു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഹൈബി ഈഡനും IOC (UK) പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്ചയിൽ, സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ, 2024 ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവ സജീവ ചർച്ച വിഷയങ്ങളായി.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പിണറായി സർക്കാർ പടച്ചു വിട്ട കള്ളകേസുകളിലും അറസ്റ്റിലുമുള്ള പ്രവാസിസമൂഹത്തിന്റെ പ്രതിഷേധം എംപിയെ IOC പ്രവർത്തകർ അറിയിച്ചു.
2024 ലോക് സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നേരിട്ടും സോഷ്യൽ മീഡിയ പ്ലാറ്റഫോം ഉൾപ്പെടെയുള്ള സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തിയും IOC (UK) യുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന കർമ പദ്ധതി ഹൈബി ഈഡൻ എംപിക്ക് ഭാരവാഹികൾ വിശദീകരിച്ചു.
NSU അഖിലേന്ത്യ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ വഹിച്ചിരുന്ന ഹൈബി ഈഡൻ എംപി യുമായിട്ടുള്ള കൂടിക്കാഴ്ച വിദ്യാർത്ഥികളിൽ വലിയ ആവേശമാണ് ഉളവാക്കിയത്. അടുത്ത സെപ്റ്റംബർ മുതൽ IOC (UK) യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന ഉറപ്പും നൽകിയാണ് ഹൈബി ഈഡൻ മടങ്ങിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ പതിനേഴുവർഷം നേഴ്‌സായി സേവനമനുഷ്ഠിച്ച ഏലിയാമ്മ ഇട്ടി (69) അന്തരിച്ചു. ഇംഗ്ലണ്ടിലെ മിൽട്ടൻ കെയിൻസിൽ വച്ചായിരുന്നു മരണം. ഏലിയാമ്മ കോട്ടയം അമയന്നൂർ പാറയിലായ വള്ളികാട്ടിൽ (തേമ്പള്ളിൽ) കുടുംബാംഗമാണ്. ഭർത്താവ് വർഗീസ് ഇട്ടി (കുഞ്ഞുമോൻ) കോന്നി കുളത്തുങ്കലായ പനമൂട്ടിൽ കുടുംബാംഗമാണ്. മകൻ കെവിൽ മിൽട്ടൻ കെയിൻസിൽ ആണ് താമസം. മരുമകൾ: ഫ്രൻസി കൂനുപറമ്പിൽ കുറിച്ചി.
മൂന്ന് വർഷം മുമ്പ് നേഴ്‌സിങ് സർവീസിൽ നിന്ന് വിരമിച്ച ഏലിയാമ്മ ഭർത്താവിനൊപ്പം മിൽട്ടൻ കെയിൻസിൽ മകന്റെ വസതിയിൽ ആയിരുന്നു താമസം. യുകെയിൽ ആദ്യകാലത്ത് കുടിയേറിയ മലയാളി കുടുംബങ്ങളിൽ ഒന്നാണ് വർഗീസ് ഇട്ടിയുടേത്. സംസ്കാരം വെള്ളിയാഴ്ച 2 -ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തിൽ നടക്കും.
ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജൂണിലെ ഉയർന്ന താപനില മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും പ്രാണികളുടെയും സസ്യങ്ങളുടെയും വളർച്ചയ്ക്ക് തടസമായെന്നും റിപ്പോർട്ട്. ഉയർന്ന താപനില കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണോയെന്ന് ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കും. ചൂട് കൂടിയ പ്രദേശങ്ങളിൽ ജല ഉപയോഗം 25% കൂടിയതായി വാട്ടർ യു കെ അറിയിച്ചു. ജൂണിൽ താപനില 32.2 ഡിഗ്രി സെൽഷ്യസിൽ എത്തി, ചൂട് വളരെ നീണ്ടുനിന്നു.
“ഈ വർഷത്തിൽ നദികളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് ചൂടും വരൾച്ചയും അനുഭവപ്പെടുമ്പോൾ നദികളെ ബാധിക്കും.” ആംഗ്ലിംഗ് ട്രസ്റ്റിൽ നിന്നുള്ള മാർക്ക് ഓവൻ പറഞ്ഞു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ റിവർ വെയറിൽ സീ ട്രൗട്ട് ചത്തതായി കണ്ടെത്തി. നദികളിലെ ജലനിരപ്പ് കുറയുന്നതിനാൽ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് മരണങ്ങൾക്ക് കാരണം. കാറുകളിൽ നിന്നും ലോറികളിൽ നിന്നുമുള്ള ഉണക്കിയ മാലിന്യങ്ങൾ നദികളിലേക്ക് തള്ളുന്നതും മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതൽ മത്സ്യങ്ങൾ ഇപ്പോൾ ചത്തതായി പരിസ്ഥിതി ഏജൻസി അറിയിച്ചു.
ഓർക്കിഡുകൾ ഉൾപ്പെടെയുള്ള പല പൂച്ചെടികളും ഉയർന്ന താപനിലയിൽ വാടിപ്പോകും. വരണ്ട കാലാവസ്ഥ ജലവിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ചൂട് തുടരുകയാണെങ്കിൽ വിതരണം തടസപ്പെടാൻ സാധ്യത ഏറെയാണ്. ലളിതമായ പ്രവർത്തനങ്ങളിലൂടെ കടുത്ത ചൂടിന്റെ ആഘാതങ്ങളെ ചെറുക്കാൻ ആളുകൾക്ക് കഴിയും. പൂന്തോട്ടത്തിലോ മുറ്റത്തോ ഉള്ള ഒരു പാത്രം വെച്ചാൽ അത് പ്രാണികൾക്കോ കിളികൾക്കോ ഉപകാരപ്പെടും. കൂടാതെ, നീളമുള്ള പുല്ല് വളർത്തുന്നത് ചൂടുള്ള കാലാവസ്ഥയിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ആവാസ വ്യവസ്ഥ നൽകുന്നു.
ലണ്ടൻ: എറണാകുളം പാർലിമെന്ററി മണ്ഡലത്തിൽ നിന്നുള്ള എംപി യും, മുൻ എൻ എസ് യു ഐ പ്രസിഡണ്ടും, സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങളിൽ ശ്രദ്ധേയനുമായ ഹൈബി ഈഡൻ എംപി ക്കു ലണ്ടനിൽ ഐഒസി സ്വീകരണം നൽകി. ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കർമ്മം തഥവസരത്തിൽ ഹൈബി ഈഡൻ നിർവ്വഹിച്ചു. ലണ്ടനിൽ ഹൃസ്യ സന്ദർശനെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണൽ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്‌ഘാടനം രമ്യാ ഹരിദാസ് എംപി നിർവ്വഹിക്കുകയും ചെയ്തതിന്റെ തുടർച്ചയായിട്ടാണ് ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡൻ നടത്തിയത്.
‘യുവത്വം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിസ്സംഗതയാണെന്നും,യുവജനങ്ങൾ തങ്ങളുടെ കടമയും, ഉത്തരവാദിത്വവും അവഗണിക്കുമ്പോൾ, സമൂഹവും രാജ്യവും അവരിൽ അർപ്പിക്കുന്ന പ്രതീക്ഷ അസ്തമിക്കുകയും, രാജ്യം അനാസ്ഥതയുടെ പാതയിലേക്ക് നീങ്ങുന്ന അപകടകരമായ സ്ഥിതി വിശേഷം സംജാതമാകുകയും ചെയ്യുമെന്ന്’ ഹൈബി ഈഡൻ ലോഗോ പ്രകാശനം ചെയ്ത ചടങ്ങിൽ ഓർമ്മിപ്പിച്ചു.
ഐഒസി (യു കെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയൽ, മുതിർന്ന നേതാവ് ബേബികുട്ടി ജോർജ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോൺ പീറ്റർ, ജിതിൻ വി തോമസ്, സുബിൻ റോയ്, അർഷാദ് ഇഫ്തിഖാറുദ്ധീൻ, സ്റ്റീഫൻ റോയ് എന്നിവർ സ്വീകരണത്തിലും, ലോഗോ പ്രകാശന വേളയിലും സംബന്ധിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ, 2024 ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക് പ്രധാന ചർച്ചാ വിഷയമായി. യുകെയിൽ ഐഒസി യുടെ നേതൃത്വത്തിൽ പദ്ധതിയിട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെപ്പറ്റി സുജു ഡാനിയേലും, ബേബികുട്ടി ജോർജും ഹൈബി ഈഡൻ എംപിക്ക് വിശദീകരിച്ചു നൽകി.
‘യുവജനങ്ങൾ കുടുതൽ ആവേശത്തോടെ പ്രചരണ രംഗത്തു വരേണ്ടതിന്റെ ആവശ്യകത ഹൈബി ഈഡൻ എംപി ഓർമ്മപ്പെടുത്തുകയും, സെപ്റ്റംബറിൽ ഐഒസി രൂപംകൊടുക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ലോഗോ പ്രകാശനത്തിന് സമയം കണ്ടെത്തി സഹകരിച്ച ഹൈബി ഈഡന് തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.
ബർമിംഗ്ഹാം: ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജിലെ പൂർവ്വ വിദ്യാർഥികൾ ഇന്ന് (1/7/2023) ബർമിംഗ്ഹാമിൽ വച്ചു സംഗമം നടത്തി. ഷോയ് കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം പ്രൊ: ലത മുത്തുസ്വാമി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അനുരാധ് സുധാകരൻ സ്വാഗത പ്രസംഗം നടത്തി. പുതു തലമുറയും ലഹരിയും എന്ന വിഷയത്തിൽ ടെസ്സി. സി സ്കറിയ പ്രബന്ധം അവതരിപ്പിച്ചു. ഇന്നത്തെ കൂട്ടായ്മയിൽ അടുത്ത വർഷത്തെ ഓക്സ്‌ഫോർഡ് സംഗമം 2024 ജൂൺ 29/30 തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. 2023 ഓഗസ്റ്റ് 12 ന് മുവാറ്റുപുഴയിൽ വച്ചു നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ കാര്യ പരിപാടികൾ ചർച്ച ചെയ്തു. കലാലയ ജീവിതത്തിലെ അനുഭവങ്ങൾ എല്ലാവരും വീണ്ടും പങ്കുവച്ചത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു വീണ്ടും വരുംവർഷത്തിൽ കാണാം എന്ന ശുഭ പ്രതീക്ഷയിൽ സംഗമം അവസാനിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാല്പതു വയസ് കഴിഞ്ഞവർക്ക് ഇനി വീട്ടിലിരുന്നു തന്നെ ഹെൽത്ത് ടെസ്റ്റ് നടത്താം. ഹൃദ്രോഗവും അമിതവണ്ണവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധന 40 മുതൽ 74 വയസ് വരെ പ്രായമുള്ളവർക്കായി അടുത്ത സ്പ്രിംഗ് മുതൽ ആരംഭിക്കും. ഡിജിറ്റൽ എൻഎച്ച്എസ് ആരോഗ്യ പരിശോധനയിൽ ഒരു ഓൺലൈൻ ആരോഗ്യ ചോദ്യാവലിയും ഉൾപ്പെടുന്നു. ഇതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ പത്തു ലക്ഷം പരിശോധനകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരം പരിശോധനകളിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ-സാമൂഹ്യ സംരക്ഷണ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ വളരെ ലളിതമായി പരിശോധനകൾ നടത്താനും ഡോക്ടർമാരിൽ നിന്ന് ഉപദേശം തേടാനും പുതിയ ഡിജിറ്റൽ ചെക്ക്-അപ്പിലൂടെ സാധിക്കും.
ശരീരഭാരം, ഉയരം, ഭക്ഷണക്രമം, മദ്യപാനം, വ്യായാമത്തിന്റെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ വിലയിരുത്തൽ ഉണ്ടാവും. ആവശ്യമെങ്കിൽ രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും പരിശോധിക്കാൻ ആവശ്യപ്പെടും. ടെസ്റ്റിന്റെ ഫലങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.
ഓൺലൈൻ ചോദ്യാവലി ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയാണ് ലഭിക്കുക. ആദ്യ നാല് വർഷത്തിനുള്ളിൽ 400 ഓളം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ പുതിയ ഡിജിറ്റൽ പരിശോധന സഹായിക്കുമെന്ന് സർക്കാർ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് ഇന്നലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചത്. അതിൽ പ്രധാനപ്പെട്ടത് തദ്ദേശീയരായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും അപ്രന്റീസ്ഷിപ്പിലൂടെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളാണ്. 2031 ആകുമ്പോൾ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞത്.
സർക്കാർ പ്രഖ്യാപിച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും ഡോക്ടർമാർക്കും എൻഎച്ച്എസിൽ അവസരങ്ങൾ കുറയും. എൻഎച്ച്സിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് കാര്യത്തിൽ സ്വയം പര്യാപ്തതയാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്. യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സ്കിൽഡ് വർക്കർമാരിൽ ഭൂരിഭാഗവും വിദേശ രാജ്യത്ത് നിന്നുള്ളവരാണെന്നതും അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യക്കാരാണെന്നും ഓക്സ്ഫോർഡ് സർവകലാശാലയിൽ നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി മൂന്ന് ലക്ഷം ജീവനക്കാരെ കൂടി ഉടനെ റിക്രൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മലയാളി നേഴ്സുമാർക്ക് യുകെയിൽ അവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതൊഴിച്ചാൽ എൻഎച്ച്എസ്സിന്റെ പുനർജീവനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു പദ്ധതികൾ ദീർഘകാലടിസ്ഥാനത്തിൽ ഫലം ചെയ്യുന്നവയാണ്. 5 വർഷത്തെ മെഡിക്കൽ ബിരുദങ്ങൾ ഒരു വർഷം കുറച്ച് നാലുവർഷം ആക്കും എന്നു തുടങ്ങിയ പല പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് എൻ എച്ച്സിലെ ജോലി സാധ്യത കുറയ്ക്കും.
വെസ്റ്റ് യോർക് ഷെയറിലെ വെയക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രഥമ ഫുട്ബോൾ മത്സരത്തിന് വിജയകരമായ സമാപനം. ജൂൺ 24-ാം തീയതി ശനിയാഴ്ച ലീഡ്‌സിലെ മികച്ച ഫുട്ബോൾ ഗ്രൗണ്ടുകളിൽ ഒന്നായ വെസ്റ്റ് റൈഡിങ് ഫുട്ബോൾ ക്ലബ്ബിൻറെ മൈതാനത്താണ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.
പ്രൊഫഷണൽ സമീപനങ്ങൾ കൊണ്ടും, സമയനിഷ്ടത കൊണ്ടും ശ്രദ്ധേയമായ മത്സരത്തിൽ വിവിധ ടീമുകൾ കാൽപന്തുകളിയിൽ വിസ്മയങ്ങൾ തീർത്തു. മുൻ നിശ്ചയപ്രകാരം കൃത്യം പത്തരയോടെ ആരംഭിച്ച മത്സരങ്ങൾ വെയ്ക് ഫീൽഡ് കൗൺസിൽ അംഗമായ സാമൻന്താ ഹാർവെ ഉദ്ഘാടനം ചെയ്തു. കലാശ പോരാട്ടത്തിനായി ഫൈനലിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള നോർത്തേൺ എഫ്സിയും, ഈസ്റ്റ് ഹാമ് എഫ്സിയുമാണ്. പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളുടെ കപ്പ് ഉയർത്തിയത് നോർത്തേൺ എഫ് സി ആണ് .
സെമിഫൈനൽ വരെ എത്തിയ മറ്റ് ടീമുകൾ ബറീഷ് ബേർസ്റ്റും റോസ് പെറ്റൽസും ആണ് . ഫൈനലിൽ വിജയികളായ നോർത്തേൺ എഫ്സിയ്ക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് പ്രസിഡന്റ് ജിമ്മി ദേവസി കുട്ടി അണിയിച്ചു. ലെഫ് ലൈൻ പ്രോഡക്റ്റിന്റെ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ദീപു മാത്യു ക്യാഷ് അവാർഡായ 750 പൗണ്ട് കൈമാറിയപ്പോൾ വെയ്ക്ക്ഫീൽഡ് വാരിയേഴ്സ് ഭാരവാഹി സെനോ മാത്യു മെഡൽ അണിയിച്ച് വിജയികളെ ആദരിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ ഈസ്റ്റ് ഹാമ് എഫ് സിക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് സെക്രട്ടറി അജിത് സുകുമാരൻ സമ്മാനിച്ചപ്പോൾ , ക്യാഷ് അവാർഡ് ട്രഷറർ രാഘവേന്ദ്രൻ നായർ നൽകി. ജെറിൻ ജെയിംസ് വിജയികളെ മെഡൽ അണിയിച്ച് അനുമോദിച്ചു. മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട നോർത്തേൺ എഫ് സി യുടെ ആഷിക് ആൻറണിക്ക് പി.ആർ.ഒ സജേഷ് കെ .എസ് മെഡൽ സമ്മാനിച്ചു. ഏറ്റവും അധികം ഗോളുകൾ നേടിയ റോസ് പേറ്റേഴ്സിന്റെ ജെഫിൻ ജെസീന്തയ്ക്ക് എ എസ് എം പ്ലമ്പേഴ്സിന്റെ ഉടമ അലക്സ് സെബാസ്റ്റ്യനും മികച്ച കളിക്കാരനുള്ള മെഡൽ സാൻറ്റോ മാത്യുവും സമ്മാനിച്ചു. റഫറികൾക്കുള്ള ഉപഹാരം മിനിമോൾ ജോജിയും ലക്ഷ്മി സജേഷും കൈമാറി.
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഫേക്ക് ഫേക്ക് ഫേക്ക് …എവിടെ നോക്കിയാലും ഫേക്ക് …
കളർ അടിച്ച മുടി …
ഒട്ടിച്ചു വച്ച കൺ പീലികൾ ….
ടാറ്റു അടിച്ച പിരികങ്ങൾ , ശരീരങ്ങൾ …. മരുന്നുകൾ കുത്തിനിറച്ചു വീർപ്പിച്ച ചുണ്ടുകൾ …പ്ലാസ്റ്റിക് കുത്തിനിറച്ച ശരീര ഭാഗങ്ങൾ …ഫിൽറ്റർ ഇട്ട ഫോട്ടോകൾ …. പെയിന്റടിച്ച മുഖങ്ങൾ …സ്നേഹം നിറച്ചഭിനയിക്കുന്ന ബന്ധങ്ങൾ , ഫേക്ക് ആയ ചിന്തകൾ പടുത്തുയർത്തുന്ന ഫേക്ക് കെട്ടിടസമുച്ഛയങ്ങൾ , ഫേക്ക് ചികിത്സകൾ…ലഹരികളിലുയരുന്ന ഫെയ്ക്കായ സന്തോഷങ്ങൾ അങ്ങനെ ആകെമൊത്തം ഫേക്ക് ആയി മാറിയിരിക്കുന്നു നമ്മുടെ ലോകം …
മരുന്ന് കുത്തിവച്ച ഇറച്ചിമുതൽ ,മരുന്നടിച്ചതും , ലാബിൽ വളർത്തി പാക്കറ്റിലാക്കിയതുമായ ഫേക്ക് ഫുഡടിച്ചു ഫുഡടിച്ചു മത്തുപിടിച്ച നമ്മളിന്ന് ആകെമൊത്തം മുഴുവൻ ഫേക്ക് ആയി മാറിയിരിക്കുന്നു ….
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ സ്വഭാവഗതികൾ മാറ്റാനുള്ള കഴിവുണ്ട് എന്ന് ഞാൻ ആണയിട്ടു പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവർ അറിയണം . വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മൾ കഴിക്കുന്ന ഭക്ഷണം അതെന്തുമായികൊള്ളട്ടെ , അത് നമ്മുടെ ഉള്ളിൽ കടന്നു കഴിയുമ്പോൾ അത് നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറി അത് നമ്മളാകുന്നു . അതുകൊണ്ടാണ് അത്ലറ്റ്സിന് ഇന്ന ഭക്ഷണം, രോഗിക്ക് ഇന്ന ഭക്ഷണം , മോഡലുകൾക്ക് ഇന്ന ഭക്ഷണം എന്ന് നിശ്ചയിച്ചിരിക്കുന്നത് .
ഇതൊക്കെ ഇവിടെ പറയാൻ കാരണം , ഈ ലോകത്തെന്തു നടന്നാലും അതിനി വസ്ത്രമായിക്കൊള്ളട്ടെ , ബിക്കിനി ആയിക്കൊള്ളട്ടെ , ലിവിങ് ടുഗതർ ആയിക്കൊള്ളട്ടെ …എല്ലാം കറങ്ങി തിരിഞ്ഞു അവസാനം വന്നവസാനിക്കുന്നത് നമ്മുടെ നാട്ടിൽ ആയതിനാൽ നമ്മൾ വളരെയധികം ഭയപ്പെടേണ്ടിയിരിക്കുന്നു . പ്രകൃതിയെന്ന ദൈവം മനുഷ്യന് ആസ്വദിച്ചു ഉല്ലസിച്ചു ജീവിക്കാൻ തന്ന പത്തറുപത് വർഷങ്ങൾ നമ്മൾ സ്വാതന്ത്രത്തിലേക്കും സമ്പത്തു നേടുന്നതിലേക്കും മാത്രമായി ഒരുക്കി കളയുന്നു.
ഒന്ന് നോക്കിയാൽ പെണ്ണ് വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുന്നതിൽ കാര്യങ്ങൾ ഇല്ലാതില്ല . കാരണം പെണ്ണിനെ ഏതൊക്കെ രീതിയിൽ മൂല്യച്യുതി ചെയ്യാമോ അങ്ങനെയെല്ലം ചെയ്ത് അറമാതിച്ചാനന്ദിച്ചവരാണ് നമ്മുടെ ആൺ സമൂഹം . ഇന്നും അതിനൊരു കുറവും തെറ്റിയിട്ടില്ല , സ്വന്തം വീട്ടിൽനിന്നും കരുതൽ തേടി വന്നവളെ തലതമ്മിൽ കൂട്ടിയടിപ്പിച്ചു കരയിച്ചു വീട്ടിൽ കയറ്റുന്ന ആചാരം ഇന്നലെയും നടന്നു . മക്കൾക്കായി മാത്രം വിവാഹബന്ധം തുടർന്ന് തല്ലോടലുകൾ ഏറ്റുവാങ്ങുന്ന മാതാപിതാക്കളും മക്കൾക്ക് നൽകുന്ന പാഠങ്ങൾ അത്ര നല്ലതൊന്നുമല്ല . ഇത് കണ്ടു വളരുന്ന മക്കളും പെണ്ണിനെ ശകാരിച്ചു അടക്കിനിർത്തുന്നതാണ് ശരിയെന്ന് കരുതി നാളെ ഇത് തന്നെ ആവർത്തിക്കുന്നു .
എന്നിരുന്നാലും ഈ കൊട്ടിഘോഷിക്കുന്ന അവിവാഹിത ജീവിതം നമ്മളിൽ പലരും കയ്യടിച്ചു പ്രോൽത്സാഹിപ്പിക്കുമ്പോൾ നമ്മൾ മറന്നു പോകുന്ന ചില മാനുഷീക മൂല്യങ്ങൾ ഉണ്ട് . ഇതിൽ പെണ്ണിനെ മാനിക്കാത്ത ഒരു സുഹൃത്തായി കണ്ടു കൂടെനിൽക്കാത്ത ആണുങ്ങളും….
അതുപോലെ തന്നെ ആണിനെ മാനിക്കാത്ത , എന്റെ ജോലി , എന്റെ പദവി, എന്റെ ശരീരം എന്ന് മാത്രം ചിന്തിച്ചു മക്കളെ പ്രസവിക്കാനും പാലൂട്ടിവളർത്താനും , ജോലിയെ ബാധിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ആഗ്രഹിക്കുന്ന സ്ത്രീകളും നമ്മൾ അറിയാതെ നമ്മുടെ ഭാവിയിലേക്കായി വരുത്തി വെക്കുന്ന വിനകൾ ധാരാളമുണ്ട്.
കാരണം മേൽ പറഞ്ഞത് പോലെ ഇനി വരാനിരിക്കുന്നത് ഫേക്ക് കുഞ്ഞുങ്ങളാണ്, കല്യാണം കഴിക്കാത്തവർക്കും, മക്കളെ പ്രസവിക്കാനും പാലൂട്ടി വളർത്താനും , ഭക്ഷണം കൊടുത്തു പരിപാലിക്കാനും നേരമില്ലാത്ത പെണ്ണിനും , പെണ്ണിനെ കിട്ടാത്ത ആണിനുമായി ഇന്റലിജന്റ് ടെക്നോളജി വളർത്തിയെടുക്കുന്ന ഒട്ടനേകം ഫേക്ക് കുഞ്ഞുങ്ങൾ വിവിധ ലാബുകളിൽ വിരിയാൻ നമ്മുടെ ഓർഡർ കാത്തുകിടക്കുന്നുണ്ട് .
റിയാലിറ്റി ഇഷ്ടപ്പെടാത്ത ഫാന്റസിയിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന നമ്മളിനി ഓരോരുത്തരും കുഞ്ഞുങ്ങളെ അവനവനു ഇഷ്ടമുള്ള സ്വഭാവത്തിൽ, ഇഷ്ടമുള്ള രൂപത്തിൽ, ഇഷ്ടമുള്ള സ്വഭാവത്തിൽ നിർമ്മിക്കും. ഇങ്ങനെ നിർമ്മിക്കുന്ന എല്ലാവരും നമ്മളിലെപോലെ ഈശ്വര ചിന്തയും നന്മയും നല്ലതും മാത്രം ചിന്തിക്കുന്നവരായിരിക്കില്ല . ലാബുകളിൽ വളരുന്ന കുഞ്ഞുങ്ങളിൽ പരസ്പരം പോരാടി വിജയിക്കാനുള്ള പലതരം വിഷം കയറ്റി വിടുന്നതിലൂടെ , ഏറ്റവും ഭീകരമാം വിധം മനുഷ്യവംശത്തെ നശിപ്പിക്കാൻ ഉഗ്ര ശേഷിയുള്ള മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ഫേക്ക് കുഞ്ഞുങ്ങൾ ഇനി ഭാവിയിൽ ഓരോ ലാബുകളിലും നമുക്കായി വിരിയും, നമുക്കായി അവർ പരസ്പരം പൊരുതും മനുഷ്യകുലം നശിക്കും ….
അതിനാൽ ഇന്ന് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള നമ്മൾക്ക് പരസ്പരം മേധാവിത്വമോ, പകയോ, വാശിയോ, സമ്പത്ത് നേടാനുള്ള ഓട്ടമോ ആവശ്യമില്ല . നമ്മുടെ പച്ചയായ മനുഷ്യ ചോരയും നീരുമുള്ള കുഞ്ഞുങ്ങൾ നാളെ ജനിക്കണമെങ്കിൽ, അപ്പന്റയും അമ്മയുടെയും കരുതലിൽ ഒന്നിച്ചു വളർന്നു ജീവിക്കുന്ന ഒരു സമൂഹം നമുക്കുണ്ടാകണമെങ്കിൽ നമുക്കിനി അധികം സമയമില്ല ….സ്നേഹിച്ചും സഹകരിച്ചും ജീവിതം ആസ്വദിക്കുക ….
മനുഷ്യ കാൽപ്പാടുകൾ ഇല്ലാതെ വരുന്ന ആ നാരകീയമായ ലോകം വിദൂരമല്ല….
സ്റ്റീവനേജ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലത്തൂർ എംപിയും, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-കലാ രംഗങ്ങളിലെ യുവ പ്രതിഭയുമായ രമ്യാ ഹാരിദാസ് എംപി ക്ക് സെന്റ് നിക്കോളാസ് ഹാളിൽ വെച്ച് ഉജ്ജ്വല സ്വീകരണം നൽകി. സ്റ്റീവനേജിൽ എത്തിച്ചേർന്ന രമ്യാ ഹരിദാസ് എംപി യെ സ്വീകരണ വേദിയുടെ കവാടത്തിൽ വെച്ച് പ്രാഗ്രാം കൺവീനർ മനോജ് ജോൺ ബൊക്കെ നൽകിക്കൊണ്ട് സ്വീകരിച്ചു.
മണിപ്പൂരിൽ ബിജെപി ഭരണ കക്ഷിയുടെ ഒത്താശയോടെ നടത്തുന്ന കലാപങ്ങളിലും, വംശീയ നരഹത്യകളിലും ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടും, സമാധാനം വീണ്ടെടുക്കുന്നതിനുമായി മൗന പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ യോഗത്തിലേക്ക് ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്ത ജോയി ഇരിമ്പൻ രമ്യാ ഹരിദാസ് എംപി യെ വേദിക്കു പരിചയപ്പെടുത്തുകയും ചെയ്തു.
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ പാളയം പ്രദീപ്, സോജി കുരിക്കാട്ടുകുന്നേൽ,സാബു ഡാനിയേൽ, ആദർശ് പീതാംബരൻ, ജിമ്മി പുല്ലോളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിമ്പോസിയത്തിനു രമ്യാ ഹരിദാസ് എംപി നേതൃത്വം നൽകി.
മാതൃ രാഷ്ട്രത്തിന്റെ മനോഹാരിതയും ഒത്തൊരുമയും മഴവില്ലിന് സമാനമാണെന്നും,വ്യത്യസ്തമായ വർണ്ണങ്ങൾ ചേർത്തു നിർത്തുന്ന ആ വർണ്ണ വിന്യാസമാണ് മഴവില്ലിന്റെ മനോഹാരിത എന്നും, വൈവിദ്ധ്യങ്ങളായ മത-സാമുദായിക-ഭാഷ-ഭക്ഷണ-വേഷ സംസ്കാരങ്ങൾ ചേർത്തു നയിക്കുന്നതിലാണ് ഭാരതം അതിന്റെ സമ്പന്നമായ സംസ്ക്കാരവും സ്നേഹവും കെട്ടുറപ്പും ഉറപ്പാക്കുവാൻ കഴിയുകഎന്നും പറഞ്ഞു. അത്തരം ഒരുമയുടെയുടെയും, വികസനത്തിന്റെയും പാതയിൽ കുതിച്ചുയരുവാനും, ഇന്ന് മറ്റു രാജ്യങ്ങൾക്കു മുമ്പിൽ ശിരസ്സുയർത്തി നിൽക്കുവാനും കഴിയുന്നത് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണെന്നും രമ്യ പറഞ്ഞു. രമ്യാ ഹരിദാസ് പ്രസംഗങ്ങൾക്കിടയിൽ നടത്തിയ തന്റെ അനുഗ്രഹീതവും സ്വതസിദ്ധവുമായ ശ്രവണസുന്ദര ഗാനാലാപനത്താൽ വേദി കീഴടക്കി.
സുജു ഡാനിയേൽ നടത്തിയ പ്രസംഗത്തിൽ ‘വർഗ്ഗീയ ധ്രുവീകരണവും,സംഘ പരിവാർ നടത്തുന്ന കലാപങ്ങളും, പൊതു മുതൽ സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തിച്ചു നൽകുന്ന ബിജെപി ഭരണവും, രാജ്യത്തെ നശിപ്പിക്കുമ്പോൾ അതിനെതിരെ പൊരുതുവാനും, ജനങ്ങളെ ഏകോപിച്ചു നയിക്കുവാനും കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ അനിവാര്യതയും പ്രസക്തിയുമാണ് ഭാരത ജോഡോ യാത്രയിലും രാജ്യത്തടുത്തടുത്തു നടന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചതെന്നും പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചകളിൽ സജൻ സെബാസ്റ്റ്യൻ, മെർലി ബാബു, റെജി എബ്രഹാം, സുബിൻ, അനൂപ്, അജി തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു രമ്യാ ഹരിദാസ് എംപി മറുപടി നൽകി.
കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ പിണറായി സർക്കാർ കള്ളക്കേസ്സെടുത്തു അറസ്റ്റു ചെയ്തതിൽ ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ പ്രതിഷേധം അറിയിക്കുകയും സുധാകരന് ഐക്യദാർഢ്യം വാഗ്ദാനം ചെയ്തും സംസാരിച്ച അപ്പച്ചൻ കണ്ണഞ്ചിറ നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.
രമ്യ ഹരിദാസിനുള്ള സ്നേഹോപഹാരം മനോജ് ജോൺ സമ്മാനിച്ചു. സാംസൺ ജോസഫ്, മെൽവിൻ അഗസ്റ്റിൻ, തങ്കച്ചൻ ഫിലിപ്പ്, അജിമോൻ സെബാസ്റ്റ്യൻ, ഷിജി കുര്യാക്കോട്, ജിനേഷ് ജോർജ്ജ്, റോയീസ് ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹ വിരുന്നിനു ശേഷം പരിപാടികൾ സമാപിച്ചു.