ഷിബു മാത്യൂ

നീണ്ട പതിമൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിനോടും കീത്തിലി ക്രൈസ്തവ സമൂഹത്തിനോടും യാത്ര പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച കീത്തിലിയിലെ ക്രൈസ്തവ സമൂഹത്തിനായി കാനൻ മൈക്കിൾ മക്രീഡി തൻ്റെ അവസാനത്തെ ദിവ്യബലി അർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കീത്തിലിയിൽ സ്ഥിരതാമസമാക്കിയ നൂറ് കണക്കിന് ക്രൈസ്തവരാണ് ദിവ്യബലിയിൽ പങ്ക് കൊണ്ടത്. അടുത്ത കാലത്ത് കർത്താവിൽ നിദ്രപ്രാപിച്ച തൻ്റെ പ്രിയ മാതാവിൻ്റെ ഓർമ്മയ്ക്ക് മുമ്പിലായിരുന്നു കാനൻ മൈക്കിൾ ദിവ്യബലി ആരംഭിച്ചത്.

ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ വെച്ച് കീത്തിലിയിലെ വിവിധ ക്രൈസ്തവ സമൂഹത്തിൻ്റെ പ്രതിനിധികൾ കാനൻ മൈക്കിളിന് ആശംസകളർപ്പിച്ചു. ആശംസാ പ്രസംഗങ്ങളിൽ പറഞ്ഞ പല വാക്കുകളും കരളലിയിപ്പിക്കുന്നതായിരുന്നു. കാനൻ മൈക്കിളിൻ്റെ കണ്ണുകളും നിറഞ്ഞു കവിയുന്ന കാഴ്ചയാണ് അൽത്താരയിൽ കണ്ടത്. സ്നേഹത്തിൻ്റെ വാങ്ങൽ കൊടുക്കലിൻ്റെ ദൃഷ്ടാന്തമായിരുന്നു ദേവാലയത്തിൽ നടന്നത്. തുടർന്ന് സെൻ്റ് ആൻസ് കാത്തലിക് പ്രൈമറി സ്കൂൾ ഹാളിൽ ആഘോഷമായ യാത്രയയപ്പ് സമ്മേളനം നടന്നു. മലയാളികൾ ഉൾപ്പെടെ നൂറ് കണിക്കിനാളുകളാണ് സ്നേഹവിരുന്നിൽ പങ്കെടുത്ത്. കാനൻ മൈക്കിളിനെ എത്രമാത്രം കീത്തിലി ക്രൈസ്തവ സമൂഹം സ്നേഹിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് സ്കൂൾ ഹാളിൽ കണ്ടത്.

രണ്ടായിരത്തി പത്തിലാണ് കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൻ്റെ വികാരിയായി ചുമതലയേക്കുന്നത്. അന്നത്തെ വികാരിയായിരുന്ന ഫാ. ഷോൺ ഗില്ലികൻ സ്ഥലം മാറി പോകുന്ന ഒഴിവിലേയ്ക്കാണ് കാനൻ മൈക്കിൾ മക്രീഡിയെത്തുന്നത്. രണ്ടായിരത്തി രണ്ട് മുതൽ കീത്തിലിയിൽ മലയാളികൾ എത്തി തുടങ്ങിയിരുന്നു. അന്ന് മുതൽ മലയാളികൾക്കാശ്രയമായി നിലകൊണ്ടത് സെൻ്റ് ആൻസ് ദേവാലയമായിരുന്നു. ഫാ. ഷോൺ കീത്തിലി മലയാളികളെ സഹായിച്ചതിന് കൈയ്യും കണക്കുമില്ല. പിൻഗാമിയായി എത്തിയ കാനൻ മൈക്കിളും ഫാ. ഷോണിൻ്റെ പാത പിൻതുടർന്നു. കേരളത്തിൽ നിന്നെത്തിയ മലയാളികൾക്ക് ഗ്രഹാതുരത്വം ഒട്ടും നഷ്ടപ്പെടുത്താതെ ഈ രണ്ടു വൈദികരും മലയാളികളെ കാത്ത് സൂക്ഷിച്ചു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ പൂർണ്ണമായും അവർ നിറവേറ്റികൊടുത്തു. മലയാളികളുടെ കുട്ടികൾക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടുന്നതിനും, താമസിക്കാൻ വീടുകൾ വാടകയ്ക്ക് കിട്ടുന്നതിനും കൂടാതെ ബ്രിട്ടീഷ് പാസ്പോർട്ട്, വർക് പെർമിറ്റ്, പുതിയ ജോലി കിട്ടുന്നതിനുള്ള റഫറൻസ്, സ്വന്തമായി യു കെയിൽ വീട് വാങ്ങുന്നതിനുള്ള റഫറൻസ് തുടങ്ങിയ നിരവധിയായ കാര്യങ്ങൾ യാതൊരു മുൻപരിചയവുമില്ലാത്ത മലയാളികൾക്ക് നടത്തി കൊടുത്ത് അവരെ തങ്ങളോടൊപ്പം ചേർത്തുനിർത്തി.

ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അൽഫോൻസാമ്മയുടെ ഛായാചിത്രം രണ്ടായിരത്തിപ്പത്തിൽ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചതും കാനൻ മൈക്കിൾ മക്രീഡിയാണ്. അന്ന് മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ എല്ലാ വർഷവും ലാറ്റിൻ റൈറ്റിൽ മലയാളികൾക്കായി സെൻ്റ് ആൻസ് ദേവാലയത്തിൽ ആഘോഷിച്ചു വരുന്നു. ഈ വർഷം ജൂലൈ മുപ്പതിന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സെൻ്റ് ആൻസ് ദേവാലയത്തിൽ പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൻ്റെ മുമ്പിൽ കീത്തിലി മലയാളികൾ പാടിയ വിശുദ്ധ അൽഫോൻസാമ്മയോടുള്ള സ്തുതിപ്പ് ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ കഴിഞ്ഞ പതിമൂന്ന് വർഷമായി സെൻ്റ് ആൻസ് ദേവാലയത്തിൽ നടക്കുന്ന ക്രിസ്തുമസ് തിരുകർമ്മങ്ങളുടെ സിംഹള ഭാഗങ്ങളും മലയാളത്തനിമയിലാണ് നടക്കുന്നത്. കേരളത്തനിമയിലുള്ള പുൽക്കൂടും നക്ഷത്രങ്ങളുമൊക്കെ പാശ്ചാത്യരുടെ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു.

വിശുദ്ധ വാരാഘോഷങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച്കളിൽ മലയാളത്തിലും ഇംഗ്ലീഷിലും സംയുക്തമായി കുരിശിൻ്റെ വഴിയും അതേ തുടർന്ന് കഞ്ഞിയും പയറും മലയാളതനിമയിൽ ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുകയും ചെയ്തിരുന്നു. നൂറ് കണക്കിന് പാശ്ചാത്യരായ വിശ്വാസികളാണ് ഈ തിരുകർമ്മങ്ങളിൽ മലയാളികളോടൊപ്പം പങ്ക് ചേർന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായതിന് ശേഷം ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങൾ സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും സെൻ്റ് മേരീസ് ആൻഡ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ ചർച്ച് ലീഡ്സിലേയ്ക്ക് മാറ്റപ്പെട്ടു.


യൂറോപ്പിലെ മിക്ക ദേവാലയങ്ങളും വിശ്വാസികളുടെ കുറവ് കൊണ്ട് പൂട്ടിപ്പോകുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. അതിൽ നിന്നും വളരെ വിഭിന്നമാണ് കീത്തിലി സെൻ്റ് ആൻസ് ചർച്ച്. എണ്ണൂറിലധികം ആളുകൾക്ക് ഒരുമിച്ചിരിന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുന്ന ദേവാലയം ഞായറാഴ്ച്കളിൽ തിങ്ങിനിറയുന്ന കാഴ്ച്ചയാണിപ്പോൾ. ഒരു യൂണിവേഴ്സൽ ചർച്ച് എന്നാണ് പൊതുവേ സെൻ്റ് ആൻസ് ചർച്ചിനെ അറിയപ്പെടുന്നത്. വിവിധ ഭാഷകളിൽ നിന്നായി ഇരുപതിൽപ്പരം കുട്ടികളാണ് വിശുദ്ധ കുർബാനയിൽ അൽത്താര ശുശ്രൂഷകളായി പങ്കെടുക്കുന്നത്.

ജാതി മത ഭാഷ സംസ്കാര കളർ വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ച് നിർത്തിയ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും പുതിയ മേഖലയിലേയ്ക്ക് യാത്രയാകുന്ന കാനൻ മൈക്കിൾ മക്രീഡിയോട് കീത്തിലി സമൂഹം ഒന്നായി പറഞ്ഞു.
Canon, We Miss you!!!