UK

ടോം ജോസ് തടിയംപാട്

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും ,പട്ടിണികിടക്കുന്നവരും ആരും സഹായത്തിനില്ലാത്ത മാതാപിതാക്കൾക്കും ,അനാഥരായ കുട്ടികൾക്കും ആശ്രയമായി കഴിഞ്ഞ 27 വർഷമായി ജീവിതം ഉഴിഞ്ഞുവച്ച ഇടുക്കി ,പടമുഖം,സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ വി സി രാജുവിനു ലിവർപൂൾ പൗരാവലിയുടെ നേതൃത്വത്തിൽ ലിവർപൂൾ സെന്റ് ജിൽസ് ഹാളിൽവച്ച് ജൂലൈ മാസം 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നൽകുന്നു .സ്വികരണ സമ്മേളനത്തിൽ ലിവർപൂൾ മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ ആശംസകൾ അറിയിച്ചു സംസാരിക്കും. ഈ പരിപാടി ഒരു വിജയമാക്കിതീർക്കാൻ എല്ലാ മനുഷ്യ സ്നേഹികളെയും സ്വീകരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ബ്രദർ രാജു യുണൈറ്റഡ് കിങ്‌ഡം ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മത് കൺവെഷനിൽ പങ്കെടുക്കാനും അവരുടെ ആദരവ് ഏറ്റുവാങ്ങാനുമാണ് യു കെ യിൽ എത്തിയത്.
സ്വീകരണ പരിപാടികൾക്ക് ,തമ്പി ജോസ് ,സാബു ഫിലിപ്പ് ,ലിമ പ്രസിഡണ്ട് ജോയ് ആഗസ്തി ,അനൂപ് അലക്സ് ,എബ്രഹാം നംബനത്തേൽ ,ആന്റോ ജോസ് , ടോം ജോസ് തടിയംപാട് എന്നിവർ നേതൃത്വം കൊടുക്കും
.
2016 നവംബർ മാസത്തിൽ യുകെയിലെ ബന്ധുക്കളുടെ ക്ഷണം സ്വീകരിച്ചു ബ്രദർ വി ,സി , രാജു യു കെ സന്ദർശിച്ചപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സെന്റ്റ്‌ പോള്‍ പള്ളിഹാളില്‍ വച്ച് സ്വീകരണം നൽകുകയും ഞങ്ങൾ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു ,.

പടമുഖത്തെ സ്നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ എത്തിച്ചതിൽ വലിയ ത്യഗമാണ് ബ്രദർ രാജു സഹിച്ചത് . ഇന്ന് ഏകദേശം 400 ൽ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവർത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു സമാധാനപരമായി ഈ ലോകത്തോട് വിടപറഞ്ഞത് .

ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദർ രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി യു തോമസ്‌ എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് . .
പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്‍റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വർഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകാർ ഭക്ഷണ സാധനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .

ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്‍റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ദേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് ..

കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപകരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു .

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

St Giles Centre
132 Aintree Lane
Aintree
Liverpool
L10 8LE

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മോർട്ട്ഗേജ് നിരക്കുകൾ പരിധിവിട്ടുയരുകയാണ്. രണ്ട് വർഷത്തെ ഫിക്സഡ് ഡീലിന്റെ ശരാശരി പലിശ നിരക്ക് ഇപ്പോൾ 6.63% ആണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 20-ലെ ഉയർന്ന നിരക്കായ 6.65% ത്തിനേക്കാൾ അല്പം കുറവാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കുകളിൽ ഉണ്ടാകുന്ന മാറ്റവും കാരണം മോർട്ട്ഗേജ് ചെലവുകൾ അടുത്തിടെ കുതിച്ചുയരുകയാണ്.

സംഭവം ചർച്ച ചെയ്യാനായി മോർട്ട്ഗേജ് ലെൻഡർമാരുമായി എം പിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. വായ്പയെടുക്കുന്നവർ നേരിടുന്ന മോർട്ട്ഗേജ് സമ്മർദ്ദം, തിരിച്ചടവിൽ പിന്നോക്കം നിൽക്കുന്ന ആളുകളോടുള്ള പ്രതികരണം, യുകെ ഭവന വിപണിയിലെ ആഘാതം തുടങ്ങിയവ ചർച്ച ചെയ്യും. ബാങ്ക്, ബിൽഡിംഗ് സൊസൈറ്റി മേധാവികൾ ട്രഷറി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. ഇപ്പോഴത്തെ ശരാശരി നിരക്ക് 6.65% മറികടക്കുകയാണെങ്കിൽ, അത് 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കുമെന്ന് സാമ്പത്തിക വിവര സേവനമായ മണിഫാക്ട്സ് പറയുന്നു. 15 വർഷം മുമ്പ് മോർട്ട്ഗേജ് നിരക്കുകൾ 7% എത്തിയിരുന്നു.

മോര്‍ട്ട്‌ഗേജ് നിരക്കുകൾ ഉയരുന്നത് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നു. മോര്‍ട്ട്‌ഗേജ് കൃത്യമായി അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും അതുകൊണ്ടു തന്നെ പലരും മാനം രക്ഷിക്കാന്‍, വ്യക്തിപരമായ പല ആവശ്യങ്ങളും ഉപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് അടവിനുള്ള തുക കണ്ടെത്തുകയാണ്. ചിലര്‍ വീട് വില്‍ക്കുന്ന കാര്യം പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് അടവു തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടകയും വര്‍ദ്ധിച്ചേക്കും എന്നതിനാല്‍, സ്വന്തമായി വീടുള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി അമിത വാടകയും നല്‍കേണ്ടി വന്നേക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബെർമിങ്‌ഹാമിൽ നിലനിൽക്കുന്ന ഒരു ക്രിസ്ത്യൻ പള്ളി പൊളിച്ച് 14 പുതിയ അപ്പാർട്ട്മെന്റുകൾ പണിയുവാൻ ഉള്ള തീരുമാനം കൗൺസിൽ കൈകൊണ്ടിരിക്കുകയാണ്. ബിയർവുഡിലെ സാൻഡൺ റോഡിലുള്ള സാൻഡൺ മെത്തഡിസ്റ്റ് ചർച്ച് 2021 ജനുവരി മുതൽ ആളുകൾ കുറവായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പള്ളി തകർത്ത് 11 രണ്ട്- ബെഡ്റൂം ഫ്ലാറ്റുകളും, 3 സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റുകളുമാക്കി മാറ്റാനുള്ള പദ്ധതികൾക്ക് പിന്നിൽ മോസ്ലി ആസ്ഥാനമായുള്ള ഡെവലപ്പർ ഡീർലൈൻ ലിമിറ്റഡാണ്. ഓരോ അപ്പാർട്ട്മെന്റിനും പാർക്കിംഗ് സ്ഥലങ്ങളും ഉണ്ടാകുമെന്നാണ് നിലവിലുള്ള പദ്ധതി സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം തന്നെ ഈ അപ്പാർട്ട്മെന്റുകൾ പണിയുവാനുള്ള പ്ലാൻ ബെർമിങ്ഹാം കൗൺസിലിന് സമർപ്പിച്ചെങ്കിലും, കഴിഞ്ഞ ജൂലൈ 7 നാണ് ഇതിനുള്ള അനുമതി കൗൺസിൽ നൽകിയത്. അപ്പാർട്ട്മെന്റുകളുടെ പിൻഭാഗത്ത് കുറച്ചു സ്ഥലം പൊതു ഗാർഡനായും ഉണ്ടാകും.

എന്നാൽ പള്ളി പൊളിച്ച് ഫ്ലാറ്റുകൾ പണിയുവാൻ ഉള്ള തീരുമാനം നിരവധി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിൽ ഏഴ് പേരോളം കൗൺസിലിന്റെ തീരുമാനത്തിനെ എതിർത്ത് കത്ത് എഴുതിയിട്ടുണ്ട്. പള്ളി ദൈവത്തിന്റെ ഭവനമാണെന്നും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ടെന്നും പ്രതിഷേധകരിൽ ഒരാൾ വ്യക്തമാക്കി. പള്ളിക്ക് ഒരു സാമൂഹ്യ മൂല്യമുണ്ടെന്നും, പള്ളി തകർക്കുന്നതോടെ അത് നഷ്ടമാകുമെന്നും മറ്റൊരാൾ വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ കൗൺസിൽ തീരുമാനം എന്താകുമെന്നുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഏകദേശം 1700 വിമാന സർവീസുകൾ ഈസി ജെറ്റ് റദ്ദാക്കി. ഒട്ടേറെ യാത്രക്കാരുടെ അവധിക്കാല യാത്രകളെ വിമാന സർവീസുകൾ റദ്ദാക്കിയത് പ്രതികൂലമായി ബാധിക്കും. മുടങ്ങുന്ന വിമാന സർവീസുകളിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മലയാളികളാണ് അവധിക്കാലത്ത് തങ്ങളുടെ യാത്രയ്ക്കായി ഈസി ജെറ്റിനെ ആശ്രയിക്കുന്നത്.

വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം പ്രശ്നം നേരിട്ട 95 ശതമാനം യാത്രക്കാരും മറ്റു വിമാനങ്ങളിലേയ്ക്ക് റീബുക്ക് ചെയ്തതായി ഈസി ജെറ്റ് അറിയിച്ചു. റഷ്യ- ഉക്രയിൻ സംഘർഷത്തെ തുടർന്ന് ഉക്രയിന്റെ വ്യോമാതിർത്തി അടച്ചത് വിമാനങ്ങൾ തടസ്സപ്പെടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വേനൽ അവധിക്കാലത്ത് എല്ലാ വിമാന കമ്പനികളും കടുത്ത വെല്ലുവിളികളെ നേരിടുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു.

യൂറോപ്പിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കും വിമാനങ്ങൾ റദ്ദാക്കുന്നതിന് കാരണമാകുന്നുണ്ട്. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണഗതിയിലാകാൻ വളരെ സമയം എടുത്തിരുന്നു. പലപ്പോഴും ജീവനക്കാരുടെ കുറവും യുകെയിലെ വിമാനത്താവളങ്ങളിൽ നീണ്ട ക്യൂവിനും വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്കും വഴി വച്ചിരുന്നു. 2022 -ൽ മാത്രം മൂന്നിലൊന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾ വൈകിയതായാണ് കണക്കുകൾ. യൂറോപ്പിലുടനീളം ഫ്ലൈറ്റുകൾ നിയന്ത്രിക്കുന്ന യുറോ കണ്ട്രോളർ ഈ വേനൽ അവധിക്കാലത്ത് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം ഉണ്ടാവുകയാണെങ്കിൽ അത് വൻതോതിൽ വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്ക് വഴിവെക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗ്ലൗസെസ്റ്റർഷയറിൽ വിദ്യാർത്ഥി അധ്യാപകനെ കുത്തിപരിക്കേൽപ്പിച്ചു. ട്യൂക്‌സ്‌ബറി സെക്കൻഡറി സ്‌കൂളിൽ ആണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയെ ഗ്ലൗസെസ്റ്റർഷയർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് ആഷ്‌ചർച്ച് റോഡിലുള്ള സ്‌കൂൾ പൂട്ടിയിരിക്കുകയാണ്. സംഭവം ഗുരുതരമാണെന്ന് പ്രധാന അധ്യാപിക കത്ലീൻ പറഞ്ഞു. എന്നാൽ എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിലാണ് നിലവിൽ ലോക്ക്ഡൗൺ തുടരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

മൂന്ന് ആംബുലൻസുകളും രണ്ട് ഓപ്പറേഷൻ ഓഫീസർമാരെയും സംഭവസ്ഥലത്തേക്ക് അയച്ചതായി സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസ് വക്താവ് പറഞ്ഞു. അധ്യാപകനെ ഗ്ലൗസെസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളെ ആശ്വസിപ്പിക്കാൻ പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസർമാർ സ്കൂളിൽ തുടരുന്നുണ്ട്.


വിദ്യാർത്ഥി അധ്യാപകനെ കുത്തിപരിക്കേൽപിച്ചു എന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ എംപി ട്വീറ്റ് ചെയ്തു. ഇത് വളരെ സങ്കടകരവും ആശങ്കാജനകവുമായ സംഭവമാണെന്ന് ട്യൂക്‌സ്‌ബറിയുടെ എംപി ലോറൻസ് റോബർട്ട്‌സൺ പറഞ്ഞു. സ്കൂളിലോ സമൂഹത്തിലോ ആയുധങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോം ജോസ് തടിയംപാട്

ചരിത്രത്തിൽ ഇന്നോളം കാണാത്ത ജനപ്രവാഹമാണ് കഴിഞ്ഞ ശനിയാഴ്ച യുണൈറ്റഡ് കിങ്‌ഡം
ക്നാനായ കാത്തലിക് അസോസിയേഷൻ യു.കെ.കെ.സി.എ നടത്തിയ ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കാൻ വാർവിക്ക്ക്ഷയറിലെ സ്റ്റോൺലി പാർക്കിലേക്ക് ഒഴുകിയെത്തിയത് .


ഏകദേശം ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ ഉള്ള ജനസമൂഹമാണ് കോച്ചുകളും സ്വകാര്യ വാഹനങ്ങളിലുമായി യൂ കെ യുടെ വിവിധഭാഗങ്ങളിൽ നിന്നും സമ്മേളന നഗറിൽ എത്തിയത്. ..ചടങ്ങിന്റെ ഉൽഘാടനം കൺസെർവേറ്റിവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും എം പി യുമായ, മിസ്റ്റർ ,ലീ, ആൻഡേഴ്സൺ മെനോറ വിളക്കുകൊളുത്തി സെട്രൽ കമ്മറ്റി അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികൾക്കും ഒപ്പം നിർവഹിച്ചു .ഉത്ഘാടന പ്രസംഗത്തിൽ കൺസെർവേറ്റിവ് പാർട്ടിയും പ്രധാനമന്ത്രി ഋഷി സുനക്കും ന്യൂന പക്ഷങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു പറഞ്ഞു ..യോഗത്തിനു യു.കെ.കെ.സി.എ പ്രസിഡണ്ട് സിബി കണ്ടത്തിൽ അധ്യക്ഷം വഹിച്ചു .അധ്യക്ഷപ്രസംഗത്തിൽ ക്നാനായ സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ യു.കെ.കെ.സി.എ ശക്തമായ നിലപാടെടുക്കുമെന്നു ഉറക്കെ പ്രഖ്യപിച്ചു .

പ്രധാന അതിഥിയായി അമേരിക്കയിൽ നിന്നും എത്തിയ ഫാദർ ജോബി പാറക്കൽചെരുവിൽ ഇന്ന് ലോകത്തിലെ മുഴുവൻ ക്നാനായക്കാരുടെയും തലപ്പള്ളിയായി യു.കെ.കെ.സി.എ എന്ന പ്രസ്ഥാനം വളർന്നുകഴിഞ്ഞെന്നു പറഞ്ഞു . ലോകത്തിനു മുഴുവൻ മാതൃകയായ പ്രവർത്തനമാണ് യു.കെ.കെ.സി.എ യുടേത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .ദൈവം അൽമായനായ മോശയെയാണ് തന്റെ ജനത്തെ നയിക്കാൻ തെരെഞ്ഞെടുത്തതെന്നും അല്ലാതെ എന്നെപ്പോലെ കുപ്പായമിട്ട അഹറോനെയല്ല എന്നും പറഞ്ഞപ്പോൾ ദിഗന്തംഭേദിക്കുന്ന ഹർഷാരവമാണ് ഹാളിൽ മുഴങ്ങിയത് .

ഇടുക്കി , പടംമുഖ൦ സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ വി സി രാജുവിനെ യു.കെ.കെ.സി.എ ആദരിച്ചു രണ്ടരലക്ഷം രൂപയുടെ ചെക്കും അദ്ദേഹത്തിനു കൈമാറി .യു.കെ.കെ.സി.എ സെക്രട്ടറി സിറിൽ പനങ്കാല യോഗത്തിനു സ്വാഗതം ആശംസിച്ചു . സമ്മേളനന്തരം നടന്ന വിവിധ കലാപരിപാടികൾ ഉന്നതമായ കലാമൂല്യങ്ങൾ ഉയർത്തുന്നവയായിരുന്നു യു.കെ.കെ.സി.എ യുടെ 51 യൂണിറ്റുകളിൽ നിന്നായി ഒഴുക്കിയെത്തിയ അബാലവൃത്തം ജനങ്ങൾ അതിമനോഹരമായ വസ്ത്ര ധാരണത്തിലും വിവിധങ്ങളായ കാല സൃഷ്ട്ടികൾ ഒരുക്കികൊണ്ടും നടത്തിയ റാലി കണ്ടുനിന്ന എല്ലാവരുടെയും കണ്ണഞ്ചിപ്പിച്ചു .കുടിയേറ്റ ചരിത്രത്തിന്റെ സ്മരണകൾ അയവിറക്കികൊണ്ടു നിർമിച്ച കലാസൃഷ്ട്ടികളും ക്നായി തോമയുടെ രൂപവും കൃസ്തുവിന്റെ പീഡാനുഭവറും കൂറ്റൻ പായ്കപ്പലും റാലിക്കു കൊഴുപ്പേകി മുൻവർഷങ്ങളിൽ കണ്ടിരുന്നതുപോലെ അഭിവന്ദ്യരുടെ ഒരു തിരക്കും സമ്മേളനവേദിയിൽ കാണാനില്ലായിരുന്നു ..പ്രതിസന്ധി ഘട്ടത്തിൽ ധീരമായ യു.കെ.കെ.സി.എ യെ നയിച്ച ബിജു ജോർജ് മാങ്കൂട്ടത്തിൽ സമ്മേളത്തിൽ ശ്രദേയമായ സാന്നിധ്യമായിരുന്നു . ഇത്രവലിയ ഒരു ജനക്കൂട്ടത്തിനു ഭക്ഷണം ഒരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു കാരണം അവരുടെ പ്രതീക്ഷക്കും അതീതമായിരുന്നു ജനപ്രവാഹം എന്ന് പറയേണ്ടിയിരിക്കുന്നു.

ലിവർപൂളിൽ നിന്നും ഒരു വലിയ ജനസമൂഹമാണ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയത് ലിവർപൂൾ അവതരിപ്പിച്ച റാലിയിൽ മലയാളികളുടെ തനിമയാർന്ന എല്ലാ സാംസ്‌കാരിക പൈതൃകങ്ങളും ഒരുക്കിയിരുന്നു .

കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും നേരിൽ കണക്കുന്നതിനും സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി സമ്മേളനഹാളും പരിസരവും മാറി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക മലയാളി കൂട്ടായ്‌മ്മയായ സർഗ്ഗം സ്റ്റീവനേജ് കായിക രംഗത്തും ചുവടുവെക്കുന്നു. കാൽപന്തുകളിയുടെ മുഴുവൻ ചാതുര്യവും മാസ്മരികതയും വിരിയുന്ന 7s ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കികൊണ്ടാണ് സർഗ്ഗം സ്റ്റീവനേജ് കായികരംഗത്തേക്കു കടന്നു വരുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന പതിനാറു മലയാളി ടീമുകൾക്ക് അവസരം നൽകുന്ന പ്രഥമ സർഗ്ഗം 7s ഫുട്ബോൾ ഫുടബോൾ മാമാങ്കത്തിൽ ഫുട്‍ബോൾ കളിയുടെ ഈറ്റില്ലമായ യു കെ യിൽ കാല്പന്തുകൊണ്ട് മാന്ത്രികജാലം കാണിക്കുന്ന പടക്കുതിരകളെ അണിനിരത്തി യു കെ യുടെ നാനാ ഭാഗങ്ങളിൽ വിജയക്കൊടി പാറിച്ച മലയാളി ടീമുകൾ അണിനിരക്കുമ്പോൾ, അവർക്ക് ഫുൾ സ്റ്റോപ്പിടുന്ന പ്രതിരോധ നിരകളുടെ വൻ താര നിരയും, ഗോൾവലയത്തിലേക്കു ഏതു നിമിഷവും വെടി ഉതിർക്കുവാൻ കഴിയുന്ന കളിക്കാരെയും അണി നിരത്തി കിരീടം ചൂടാനൊരുങ്ങി എത്തുന്ന ടീമുകൾ മറുവശത്തും അണിനിരക്കുമ്പോൾ മത്സര വേദിയെ പ്രകമ്പനം കൊള്ളിച്ചു ആവേശ ഭരിതമാക്കും.

ഒന്നാം സമ്മാനം 1111 പൗണ്ടും,രണ്ടാം സമ്മാനം 555 പൗണ്ടും വിജയികൾക്ക് നൽകുമ്പോൾ മൂന്നാം സമ്മാനമായി ട്രോഫിയും സമ്മാനിക്കുന്ന വാശിയേറിയ ടൂർണമെന്റിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ 250 പൗണ്ട് നൽകി ടീം രെജിസ്റ്റർ ചെയ്യുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.

നൂറു കണക്കിന് കായിക പ്രേമികളും,കാൽപന്തുകളിയുടെ ജ്വരം പിടിച്ച കാണികളും തിങ്ങി നിറയുന്ന
ഹാർട്ട്ഫോർഡ്ഷയറിൽ മികച്ച ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ ഒരുക്കുന്ന സർഗ്ഗം 7s ഫുട്‍ബോൾ മാമാങ്കത്തിൽ സ്പോൺസേർസാകാൻ ആഗ്രഹിക്കുന്നവരും, മത്സരത്തിൽ മാറ്റുരക്കുവാൻ ആഗ്രഹിക്കുന്ന ടീമുകളും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

ലൈജോൺ കാവുങ്കൽ: 07883226679
ജിന്റോ മാവറ: 07741972600
ജോയി ഇരിമ്പൻ: 07809877980

ന്യൂസ് ഡെസ്ക് മലയാളം യുകെ

2021ൽ ചാരിറ്റിക്കായി മൗണ്ടൈൻ ബൈക്കിങ്ങ് നടത്തിയ യു കെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ റൂട്ട് 66 വീണ്ടുമെത്തുന്നു. ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് പുതിയ ദൗത്യമാണ്. നാളെ ജൂലൈ 9 ഞായറാഴ് അഞ്ചുപേരടങ്ങിയ സംഘം സ്കോട്ട്‌ലൻഡ്, വെയിൽസ് , ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഏറ്റവും ഉയരമുള്ള പർവതങ്ങൾ 24 മണിക്കൂറിനുള്ളിൽ കീഴടക്കുകയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.

തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന തുക ഇന്ത്യയിലെ അനാഥരും മാനസിക വൈകല്യമുള്ളവരും താമസിക്കുന്ന കേന്ദ്രങ്ങളിലേയ്ക്ക് സംഭാവനയായി നൽകുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.

റൂട്ട് 66 ന്റെ ബാനറിൽ അഞ്ചുപേരാണ് ചാരിറ്റിക്ക് വേണ്ടിയുള്ള ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോൾ മാളിയേക്കൽ, ആൻസൺ, ബെർമിംഗ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നം എന്നിവരാണ് 5 അംഗ സംഘത്തിലുള്ളത് .

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും . സിബിൻ ഡേറ്റ അനലിസ്റ്റ് ആയും സിറിൽ നേഴ്സായും ആണ് ജോലി ചെയ്യുന്നത്.

ബെർമിംഗ്ഹാമിൽ താമസിക്കുന്ന ചങ്ങനാശ്ശേരി കുട്ടനാട് സ്വദേശിയായ ജിമ്മി മൂലംകുന്നത്തിന്റെയും അനുമോൾ ജിമ്മിയുടെയും മൂത്ത മകനായ ജിയോ ജിമ്മി മൂലംകുന്നം ബാങ്കിംഗ് ഓപ്പറേറ്റർ അനലിസ്റ്റ് ആയി ആണ് ജോലി ചെയ്യുന്നത് . സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന പോളി മാളിയക്കലിന്റെയും ബിന്ദു പോളിയുടെയും മകനായ ഡോൺ പോളി മാളിയക്കൽ എയർപോർട്ട് മാനേജ്മെന്റിലാണ് ജോലി ചെയ്യുന്നത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജെയ്‌സൺ ആന്റണിയുടെയും ആലീസ് ജെയ്‌സന്റെയും മകനായ ആൻസൺ പൈനാടത്ത് നേഴ്സിങ് സ്റ്റുഡൻറ് ആണ് .

സമൂഹത്തിനുവേണ്ടിയുള്ള സൽപ്രവർത്തിക്കായി ഉത്തമ മാതൃകയായിരിക്കുന്ന ഈ ചെറുപ്പക്കാരുടെ ഉദ്യമത്തിന് വൻ സ്വീകാര്യതയാണ് യുകെ മലയാളികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നമ്മളാൽ കഴിയുന്ന രീതിയിൽ സംഭാവനകൾ നൽകി ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന് മലയാളം യുകെ ന്യൂസ് അഭ്യർത്ഥിക്കുകയാണ്.

നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നൽകാൻ താത്പര്യപ്പെടുന്നു.
https://gofund.me/d9b54c12

പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്ന കോതമംഗലം …. യാക്കോബായ സുറിയാനി സഭയുടെ പുണ്യ പുരുഷൻ പരിശുദ്ധ മാർ ബസേലിയോസ് ബാവാ കബറടങ്ങിയ കോതമംഗലം… പരശുരാമൻ കേരളത്തിൽ ഏറ്റവും അവസാനം സ്ഥാപിച്ച തൃക്കാരിയൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്ന കോതമംഗലം…..എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥാപിതമായ ആദ്യ മുസ്ലിം ദേവാലയമായ മേതല മൂഹിയുദ്ധീൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന കോതമംഗലം …. ഭൂതങ്ങൾ ചിറകെട്ടിയ ഭൂതത്താൻകെട്ടു സ്ഥിതി ചെയ്യുന്ന കോതമംഗലം… ലാലേട്ടൻ പുലി മുരുകനായി നിറഞ്ഞാടിയ പൂയകുട്ടി വനപ്രദേശം സ്ഥിതിചെയ്യുന്ന കോതമംഗലം…

സുഗന്ധവ്യഞ്ജനങ്ങളുടെയും മലയോര ഉൽപന്നങ്ങളുടെയും വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമായിരുന്ന പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഹൈറേഞ്ചിന്റെ പ്രവേശന കവാടവുമായ കോതമംഗലം ….

എൽദോസ്, ബേസിൽ നാമധാരികളുടെ സ്വന്തം കോതമംഗലം… കേരള സ്കൂൾ കായിക മേളകളിൽ ഒട്ടനവധി ചരിത്ര മുഘുർത്തങ്ങൾ എഴുതി ചേർത്ത സ്പോർട്സ് ചാമ്പ്യന്മാരുടെ സെന്റ് ജോർജ്, മാർ ബേസിൽ, മാതിരപിള്ളി സ്കൂളുകളുടെ കോതമംഗലം. ഒരു പക്ഷെ, ലോകത്തിൽ ഒരു ചെറിയ പ്രദേശത്ത് ഏറ്റവും അധികം ഫർണിച്ചർ കടകളുള്ള നെല്ലികുഴി സ്ഥിതിചെയ്യുന്ന കോതമംഗലം..

ഇന്ത്യയിലെ ആദ്യ സാക്ഷരതാ പഞ്ചായത്തായ പോത്താനിക്കാട് സ്ഥിതി ചെയ്യുന്ന കോതമംഗലം.. കേരളത്തിലെ ആദ്യകാലത്തെ ആറു എൻജിനീയർ കോളേജുകളിൽ ഒന്നായ മാർ അത്തനേഷ്യസ് എൻജിനിയറിങ്ങ് കോളേജ് സ്ഥിതി ചെയ്യുന്ന കോതമംഗലം..

തട്ടേക്കാട് പക്ഷി സങ്കേതം, എറണാകുളത്തിന് കറന്റ് നൽകുന്ന ഇടമലയാർ ഡാം, എറണാകുളത്തിന് കുടി വെള്ളം കൊടുക്കുന്ന ഭൂതാത്താൻ കെട്ട് ഡാം, കേരളത്തിലെ ഏറ്റവും ഉയരമുള്ള തുക്കുപാലങ്ങളിൽ ഒന്നായ ഇഞ്ചത്തൊട്ടി തൂക്കുപ്പാലം … ഇടുക്കിയുടെ മലമടക്കുകളിൽ നിന്നു കുത്തിയൊലിച്ചെത്തുന്ന പെരിയാർ സ്വച്ഛതയിൽ അലിയുന്നയിടം, അങ്ങനെ ചരിത്രപരവും ആത്മീയവും സാസ്കാരികവും കായികവും വിദ്യഭ്യാസപരവും സുന്ദരവുമായ അനവധി സവിശേഷതകൾ നിറഞ്ഞ നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കവളങ്ങാട്, കീരംപാറ, വടാട്ടുപാറ, കുട്ടമ്പുഴ, ഇടമലക്കുടി പഞ്ചയത്തുകൾ ചേർന്ന കോതമംഗലം എന്ന ദേശം… ആ ദേശത്തു നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവർ ജൂലൈ മാസം എട്ടാം തീയതി ബർമ്മിങ്ങാമിൽ ഒത്തു ചേരുന്നു… പരസ്പരം അറിയാത്തവർക്ക് തമ്മിൽ തമ്മിൽ അറിയുവാനും… പരസ്പരം അറിയുന്നവർക്ക് ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കാനും ഒരു സ്നേഹ കൂട്ടായ്മ… ഒരോ കോതമഗലംകാർക്കും സ്വാഗതം.

ലണ്ടനില്‍ ഈ മാസം എട്ടിന് ഇന്ത്യ വിരുദ്ധ റാലിയുമായി ഖാലിസ്താന്‍. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നിലാണ് പ്രതിഷേധ റാലിക്ക് ആഹാനം ചെയ്തിരിക്കുന്നത്. ‘കില്‍ ഇന്ത്യ’ എന്ന പേരില്‍ പോസ്റ്ററും ഖാലിസ്താന്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്വിറ്ററിലൂടെയാണ് പ്രതിഷേധ റാലിക്കുള്ള പ്രചാരണം നടത്തുന്നത്.

നിരവധി അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം നടക്കുന്നത്. ഓരോ അക്കൗണ്ടിനും പത്തില്‍ താഴെ ഫോളോവേഴ്‌സുമുണ്ട്. 2023 ജൂണിലാണ് ഈ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അക്കൗണ്ടുകള്‍ വഴി പോസ്റ്റര്‍ പ്രചാരണം തുടങ്ങിയത്. ”ഖാലിസ്താന്‍, ‘കില്‍ ഇന്ത്യ’ റാലീസ് 8 ജൂലായ് ടു ചലഞ്ച് ഇന്ത്യന്‍ ഹാന്‍ഡ് ഇന്‍ അസ്സാസിനേഷണ്‍ ഓഫ് നിജ്ജാര്‍’ എന്ന ഹാഷ് ടാഗോടെയാണ് പ്രചാരണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ടാഗ് ചെയ്തിട്ടുണ്ട്.

ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു ജൂലായ് എട്ടിന് മുന്നില്‍ 12.30ന് ‘ഖാലിസ്താന്‍ ്രഫീഡം റാലി’ ക്ക് ആഹ്വാനം ചെയ്തിരിക്കുന്ന പോസ്റ്ററില്‍ യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയുടെയും ബിര്‍മിംഗ്ഹാമിലെ കോണ്‍സല്‍ ജനറല്‍ ഡോ.ശശാങ്ക്് വിക്രമിന്റെ ചിത്രയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാന്‍കൂവറില്‍ ഖാലിസ്താന്‍ നേതാവായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയാളികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ രണ്ട് ഉദ്യോഗസ്ഥരുടെ ചിത്രം പ്രചരിപ്പിക്കുന്നത്. ലണ്ടനിലെ ‘ഇന്ത്യന്‍ എംബസി’ കോണ്‍സുല്‍ ജനറല്‍ എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം.

ഖാലിസ്താന്‍ നേതാവും ഭീകരനുമായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചും പഞ്ചാബിന് വിമോചനം ആവശ്യപ്പെട്ടും യു.എസ്., യുകെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങളിലെമ്പാടുമുള്ള ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് മുന്നില്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.എസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റീസ് ജനറല്‍ കൗണ്‍സില്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു.

ലണ്ടന് പുറമേ കാനഡ, യു.എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ ചിത്രങ്ങളുമായും പ്രതിഷേധ പോസ്റ്ററുകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യ ചൊവ്വാഴ്ച കനേഡിയന്‍ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മാക്കെയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീവച്ച സംഭവമുണ്ടായത്. നയതന്ത്ര പ്രതിനിധികളെ അപായപ്പെടുത്താനുള്ള നീക്കമാണ് ഖാലിസ്താന്‍ അനുകൂലികള്‍ നടത്തുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.

Copyright © . All rights reserved