സ്വന്തം ലേഖകൻ

കൊച്ചി : ക്രിപ്റ്റോ കറൻസിയും അവ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഒരു യാഥാർഥ്യമാണ് അതിനെ അവഗണിക്കുന്നതിനു പകരം ഒരു ആഗോള ചട്ടക്കൂട് ഉണ്ടാക്കി അവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി മോദി കഴിഞ്ഞ ശനിയാഴ്ച ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിപ്‌റ്റോകറൻസി നിയന്ത്രണത്തെക്കുറിച്ച് സംസാരിച്ചത്.

സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ വേഗത ഒരു യാഥാർത്ഥ്യമാണ് – അത് അവഗണിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. പകരം, ദത്തെടുക്കൽ, ജനാധിപത്യവൽക്കരണം , ഏകീകൃത സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും കൊണ്ടുവരിക എന്നതാണ് ഇപ്പോൾ ആവശ്യമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.

അതേസമയം, ഈ നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടക്കൂടുകളും ഒരു രാജ്യത്തിന്റെയോ ഒരു കൂട്ടം രാജ്യങ്ങളുടെയോ ആയിരിക്കരുത്. അതിനാൽ ക്രിപ്‌റ്റോ മാത്രമല്ല, വളർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകൾക്കും ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും ആവശ്യമാന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ G20 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ, ക്രിപ്റ്റോ കറൻസിയുടെ സാമ്പത്തിക സ്ഥിരത , അതിന്റെ വിശാലമായ മാക്രോ ഇക്കണോമിക് പ്രത്യാഘാതങ്ങൾ , വളർന്നുവരുന്ന വിപണികളെയും , വികസ്വര സമ്പദ്‌വ്യവസ്ഥകളെയും എങ്ങനെ സംരക്ഷിക്കാം തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ G 20 യിൽ സമവായത്തിലെത്തിയെന്നും , അതിനായി സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളെ നയിച്ചുകൊണ്ട് ക്രിപ്‌റ്റോ ആസ്തികളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്‌ചകൾ സമ്പുഷ്ടമാക്കുന്ന സെമിനാറുകളും ചർച്ചകളും ഞങ്ങളുടെ പ്രസിഡൻസിയിൽ തുടരുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി ഉപസംഹരിച്ചു.

ക്രിപ്‌റ്റോ അസറ്റുകൾക്കായി ഒരു ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ്‌ മാപ്പ് ഈ മാസം ആദ്യം ഇന്ത്യ പ്രസിഡൻസി നോട്ടായി പുറത്തിറക്കിയിരുന്നു. ജൂലൈയിൽ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (FSB) ക്രിപ്‌റ്റോ അസറ്റുകൾക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂടിനുള്ള നിർദ്ദേശിത മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ, G20 ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ക്രിപ്‌റ്റോ നിയന്ത്രണം ലോകത്തിന്റെ ഒരു ഭാഗത്ത് പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് സമ്മതിച്ചുകൊണ്ട് ആഗോള നയം ആവശ്യമാണെന്നും വിലയിരുത്തിയിരുന്നു.

പല രാജ്യങ്ങളും ഡോളറിനെ ഒഴിവാക്കിയുള്ള ബിസ്സിനസ്സ് സാധ്യതകളെ ഉപയോഗപ്പെടുത്തി തുടങ്ങിയതും,  ക്രിപ്റ്റോ കറൻസികളെ ഉദ്യോഗിക കറസികളായി അംഗീകരിച്ചു തുടങ്ങിയതും , ഓരോ രാജ്യവും അവരവരുടെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് തുടങ്ങിയതും ഒക്കെ ക്രിപ്റ്റോ കറൻസിക്ക് വേണ്ടി ഒരു പൊതു നയം കൊണ്ടുവരേണ്ട സാഹചര്യത്തിലേക്കാണ് ലോക രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്.

ഒരു ആഗോള ചട്ടക്കൂടിൽ അധിഷ്‌ഠിതമായ നിയമങ്ങളും , നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതോട് കൂടി ഒരു രാജ്യത്തിനും നേരിട്ട് നിയന്ത്രണമില്ലാത്ത വികേന്ത്രീകൃത നാണയം എന്ന യാഥാർഥ്യം ലോകത്ത് നിലവിൽ വരുകയും അങ്ങനെ ക്രിപ്റ്റോ കറൻസികൾക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ സ്വീകാര്യതയും , സാധ്യതയും ലഭിക്കുമെന്നാണ് ബിസ്സിനസ് ലോകം വിലയിരുത്തുന്നത്.