തീപാറുന്ന ബാഡ്മിൻറൺ മത്സരങ്ങൾക്ക് സംഘാടകരായി FOP …ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ.. രണ്ടാമത് എഫ്.ഒ .പി എവറോളിംഗ് ട്രോഫിക്കായി ആവേശകരമായ ആൾ യുകെ മലയാളി ബാഡ്മിൻ്റൺ ടൂർണമെൻറിന് പ്രസ്റ്റൺ വേദിയാവുന്നു .. ജൂൺ 17 ന് പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ ..FOP ഒന്നാമത് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം 42 ടീമുകൾ പങ്കെടുത്ത ആവേശ പോരാട്ടമായിരുന്നു കഴിഞ്ഞവർഷം നടന്നത് എങ്കിൽ ‘ഈ വർഷം രണ്ടാമത് എഫ്.ഒപി എവറോളിംഗ് ട്രോഫിക്കായി 48 ടീമുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.
യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ .. യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്. ജൂൺ 17 ശനിയാഴ്ച 17/06/23. രാവിലെ 9 മുതൽ 6 വരെയാണ് മൽസരം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും. £501 രണ്ടാം സ്ഥാനം നേടുന്നവർക്ക് £301 മൂന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് £101. നൽകുന്നതായിരിക്കും ..FOP രണ്ടാം എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ..ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് .ബിജു മൈക്കിൾ .ബിജു സൈമൺ . ബെന്നി ചാക്കോ എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ ബിജു സൈമൺ : 07891590901, സിന്നി ജേക്കബ് : 07414449497, ബെന്നി ചാക്കോ : 07865119729
ബാർകോഡ് സ്കാൻ ചെയ്തും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
പോർടസ്മോത്തിൽ വെച്ച് 11/06/23 ഞായറാഴ്ച നടന്ന ഓൾ യുകെ T-20 ക്രിക്കറ്റ് ടൂർണമെന്റിൽ അതികായൻകന്മാരായ എൽ.ജി.ആറിനെ ഞെട്ടിച്ചു കൊണ്ട് തുടക്കക്കാരായ ബെക്സില് സ്‌ട്രൈക്കേഴ്‌സ് കിരീടം ചൂടി . ക്യാപ്റ്റൻ സ്‌മിബിന്റെ കീഴിൽ വാശിയോടെ കളിച്ച സ്‌ട്രൈക്കേഴ്‌സ് എല്ലാ മത്സരങ്ങളിലും ആധിപത്യത്തോടെ ഉള്ള വിജയത്തിന് ഒടുവിൽ ആണ് ഇദംപ്രഥമായി കിരീടത്തിൽ മുത്തം ഇട്ടത്. വാശിയേറിയ ഫൈനലിൽ നിലവിലെ കരുത്തരായ എൽ.ജി.ആർ ലണ്ടനെ ആണ് ബെസ്കിൽ സ്‌ട്രൈക്കേഴ്‌സ് 26 റൺസിന് മലർത്തിയടിച്ചത് .
മത്സരത്തിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്ട്രൈക്കേഴ്സിലെ തന്നെ ജിബിൻ മിറാൻഡ ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാനും അസ്ഫാക് മികച്ച ബൗളർ ആയും തിരഞ്ഞെടുത്തത് ടീമിന്റെ കരുത്ത് വിളിച്ചു പറയുന്നതായിരുന്നു സൊലാന്റ് റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് സംഘാടനത്തിൽ മികച്ചു നിന്നു . ടൂർണമെന്റിന്റെ കോ-ഓർഡിനേറ്റർ ശ്രീ ബിനീഷും , ക്ലബ് ചെയർമാനായ ഡിക്സ്ണും നേതൃത്വം നൽകിയാണ് ഒരുക്കങ്ങൾ ഭംഗിയാക്കിയത്. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും കൈമാറി. സ്ട്രൈക്കേഴ്സിന് വേണ്ടി ക്യാപ്റ്റൻ സ്മിബിനും ടീം ഉടമ ശ്രീ എഡ്വിൻ ജോസും മറ്റു കളിക്കാരും ചേർന്ന് സമ്മാനങ്ങൾ എറ്റു വാങ്ങി.
അനീഷ് ജോർജ്
ലണ്ടൻ: യുകെ മലയാളികൾ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം സംഗീതത്തിന്റെ മാന്ത്രിക സ്പർശനം കൊണ്ട് കാണികളെ ആവേശഭരിതരാക്കി വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷം ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ അനുഭവമാണ് സമ്മാനിച്ചത്. മഴവിൽ സംഗീതമെന്ന പേരിന്റെ സൗന്ദര്യം പോലെ മഴവിൽ വർണ്ണങ്ങൾ ചാലിച്ച് കുളിർമഴയായി തുടങ്ങി പെരുമഴയായി പെയ്തിറങ്ങിയ സംഗീത-നൃത്ത പരിപാടിയായിരുന്നു മഴവിൽ സംഗീതത്തിൻറെ പത്താം വാർഷികാഘോഷം കാണികൾക്ക് സമ്മാനിച്ചത്.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ അവതരിപ്പിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിനപ്പുറമാണ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തിയത്. ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ വെളിയിൽ നിന്നും ആളുകൾക്ക് പരിപാടികൾ കാണേണ്ടി വന്നു.
ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ എത്തിയപ്പോൾ യുകെ മലയാളികൾക്ക് ഏറ്റവും വലിയ കലാവിരുന്നായി മഴവിൽ സംഗീതം മാറുകയാണുണ്ടായത്.
യുകെയിലെ അറിയപ്പെടുന്ന അനുഗ്രഹീതരായ പഴയ ഗായകരോടും നർത്തകരോടുമൊപ്പം പുതിയതായി യുകെയിലെത്തിയ മികച്ച ഗായകരും നർത്തകരും കൂടി ചേർന്നപ്പോൾ കാണികൾക്ക് കണ്ണിനും കാതിനും മനോഹാരിത നൽകിയ അപ്രതീക്ഷിതവും അത്ഭുതപൂർവവുമായ കലാവിരുന്നാണ് മഴവിൽ സംഗീതം സമ്മാനിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ സംഗീതത്തിന്റെയും നൃത്തരൂപങ്ങളുടെയും വൈഭവം സന്നിവേശിപ്പിച്ചുകൊണ്ടുള്ള വർണ്ണാഭമായ പരിപാടികളുടെ നേർസാക്ഷ്യമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുവാനായി കഴിഞ്ഞതിന് സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. ഈ ആഘോഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞ ഓരോരുത്തരും സന്തോഷഭരിതരായി നിറഞ്ഞ മനസ്സോടെ കൃതാർത്ഥതയോടെയാണ് മടങ്ങിയത്. ഹർഷാരവത്തോടെയാണ് ഓരോ ഗാനങ്ങളും നൃത്തരൂപങ്ങളും നിറഞ്ഞു തുളുമ്പിയ സദസ്സ് മുഴുവനും സ്വീകരിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയപ്പോൾ അനുഗ്രഹീത ഗായകരം നർത്തകരും ചേർന്ന് അസുലഭമായ കലയുടെ മുഹൂർത്തങ്ങളാണ് കാണികൾക്ക് നൽകിയത്.
മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ഷിനു സിറിയക് , പ്രേംജിത് തോമസ് , ഉല്ലാസ് ശങ്കരൻ , റോബിൻസ് പഴുക്കയിൽ, പദ്മരാജ്, സൗമ്യ ഉല്ലാസ് , ഷീല വിവേകാനന്ദ്, ജിജി ജോൺസൻ , സിൽവി ജോസ് , തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ ഈ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പദ്മരാജ്, ബ്രൈറ്റ് എന്നിവരും മഴവിൽ സംഗീതത്തിന്റെ വിജയത്തിന് മികവാർന്ന സംഭാവനയാണ് നൽകിയത്.
മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് മുഖ്യ സംഘാടകരിലൊരാളും സാമൂഹ്യപ്രവർത്തകനുമായ ഡാന്റോ പോൾ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി എത്തിയ ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയർമാനുമായ എസ് ശ്രീകുമാർ, ബ്രാഡ്ലി സ്റ്റോക്ക് മുൻമേയറും ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം ചെയർമാനുമായ ടോം ആദിത്യ, ലോക കേരളസഭ മെമ്പറും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ്, യുക്മ മുൻ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവരോടൊപ്പം മഴവിൽ സംഗീതത്തിന്റെ പ്രധാന അമരക്കാരായ അനീഷ് ജോർജും ടെസ്സ ജോർജും ചേർന്ന് ഭദ്രദീപം തെളിച്ച് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
യുകെയിലെ ബിസിനസ് രംഗത്തെ നിസ്തുലമായ പ്രവർത്തന മികവിന് മലബാർ ഫുഡ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഷംജിത്ത് മലബാറിന് മഴവിൽ സംഗീതത്തിന്റെ ഉപഹാരം നൽകി വേദിയിൽ ആദരിച്ചു. കഴിഞ്ഞ പത്തുവർഷമായി യുകെയിൽ മലയാളി സമൂഹത്തിൽ സംഗീതത്തിന് നൽകിയ അവിസ്മരണീയ സംഭാവനകളെ മാനിച്ച് ബോൺമോത്ത് ക്രൈസ്റ്റ് ചർച്ച് പൂൾ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രത്യേക ഉപഹാരങ്ങൾ വേദിയിൽ വെച്ച് അനീഷ് ജോർജിനും ടെസ്സ ജോർജിനും നൽകിയും ആദരിച്ചു.
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയം തീർത്തത് .
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ അടിപൊളി ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകർക്ക് നവ്യാനുഭവം സമ്മാനിച്ചത്. മലയാള ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ, ശ്രാവൺ റാത്തോട് എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്തമായ ഗാനങ്ങളും നിരവധി ഗായകർ വേദിയിൽ ആലപിച്ചു.
കളർ മീഡിയ എൽ ഇ ഡി വാൾ പുതുപുത്തൻ സാങ്കേതികവിദ്യയോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ കാണികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ, റോണി ജോർജ്, ബിജു മൂന്നാനപ്പള്ളി, മനു പോൾ എന്നിവർ ക്യാമറയും ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് ഡെസിഗ്നേജ് ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.
മഴവിൽ സംഗീതത്തിന്റെ അമരക്കാരായ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് കുറ്റമറ്റ സംഘാടക മികവിൽ സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതിശയകരമായ കലാവൈഭവങ്ങൾ സൃഷ്ടിച്ച സമ്പൂർണ്ണ നൃത്ത സംഗീത മാമാങ്കമായി മാറിയ മാസ്മരികമായ സായാഹ്നമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷീകാഘോഷം യുകെ മലയാളികൾക്ക് നൽകിയത്.
ജോഷി സിറിയക്
യുകെയിലുടനീളമുള്ള, വടംവലി പ്രേമികളും കായിക പ്രേമികളും ഒറ്റനോക്കുന്ന, സഹൃദയ വടംവലി2023 ജൂലൈ രണ്ടിന്, കെൻറ്റിലെ ടെൺ ബ്രിഡ്ജ്, സാക്ക് വില്ലേ സ്കൂൾ അങ്കണത്തിൽ നടക്കും..
യുകെയിലെ കായിക പ്രേമികൾക്ക്, വടംവലി മത്സരവും, വള്ളംകളി മത്സരവും, ക്രിക്കറ്റ് ടൂർണമെന്റ്ഉം, സമ്മാനിച്ച, സഹൃദയ ദി വെസ്റ്റ് കെന്റ് കേരളത്തിന്റെ ആറാമത് വടംവലി മത്സരമാണ് നടക്കുന്നത്.
ഒന്നാം സമ്മാനം 1001 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 601 പൗണ്ട് ട്രോഫിയും , മൂന്നാം സമ്മാനം 401 പൗണ്ട് ട്രോഫിയും, നാലാം സമ്മാനം 201പൗണ്ട് ട്രോഫിയും അഞ്ചു മുതൽ 8 വരെയുള്ള എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസ് ട്രോഫിയുo സമ്മാനമായി നൽകുന്നു.
കേരളത്തനിമയുള്ള നാടൻ ഭക്ഷണവും, അതി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. യുകെയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ വടംവലി മാമാങ്കത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ജൂൺ 20ന് മുൻപായി 07958236786, 0757700662, 07448368127 എന്നീ ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടുക. പരിപാടികളുടെ വിജയത്തിനായി, സഹൃദയ പ്രസിഡന്റ് ശ്രീ സാജു മാത്യുവിന്റെയും, സെക്രട്ടറി ശ്രീ നിയാസ് മൂത്തേടത്ത് പുരയ്ക്കലിനെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
മെയ് 28നു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച പ്രതിഭാ കേശവന് യുകെയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളും സഖാക്കളും കണ്ണീരോടെ യാത്രാമൊഴിയേകി. കേംബ്രിഡ്‌ജ് ക്യൂയ് വില്ലേജ് ഹാളില്‍ പൊതുദർശനത്തിലും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിലും പ്രതിഭയുടെ സഹോദരിയുൾപ്പെടെ അടുത്ത ബന്ധുക്കളും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.
ശ്രീ നാരായണ ധർമ്മ സംഘം . സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റി, കേംബ്രിഡ്‌ജ് മലയാളി അസ്സോസിയേഷൻ , കേംബ്രിഡ്‌ജ് കേരള കൾച്ചറൽ അസോസിയേഷൻ ,കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവർത്തകരുടെയും സഹകരണത്തോടെയാണ് കൈരളി യുകെ ചടങ്ങു സംഘടിപ്പിച്ചത്. ഒരു ഭിന്നതകൾക്കും ഇടം കൊടുക്കാതെ ഒത്തൊരുമയോടെ ഈ സംഘടനകൾ പ്രതിഭയുടെ മരണാനന്തരം ഉള്ള രേഖകൾ ശരിയാക്കുവാനും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ മാതൃകാപരമായി ഏറ്റെടുത്തു നടത്തി.
കേംബ്രിഡ്‌ജ് ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ നഴ്‌സായിരുന്ന പ്രതിഭ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്‌ജ് യൂണിറ്റ് പ്രസിഡന്റുമായിരുന്നു .
പ്രതിഭയുടെ സഹപ്രവർത്തകരും വിവിധ സംഘടനാപ്രതിനിധികളും പ്രതിഭയെ ചടങ്ങിൽ അനുസ്മരിച്ചു സംസാരിച്ചു . പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധയും സഹജീവികളോടുള്ള കരുണയും സേവനതല്പരതയും ശ്ലാഘനീയമാണെന്നു അനുസ്മരണ യോഗത്തിൽ എല്ലാവരും എടുത്തുപറഞ്ഞു.
ജൂൺ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെയാണ് പ്രതിഭയുടെ അന്തിമ ദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി അവസരം ഒരുക്കിയിരുന്നത്. കൈരളി യുകെ നാഷണൽ കമ്മിറ്റി അംഗം ജെറി വല്യറ ചടങ്ങുകൾ നിയന്ത്രിച്ചു.
ശ്രീനാരായണ ധർമ്മ സംഘം ചടങ്ങിൽ യുകെ പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. പ്രതിഭയെ അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടി കൈരളി യുകെ പ്രസിഡന്റ് പ്രിയരാജൻ സംസാരിച്ചു. പ്രതിഭയുടെ ജീവിതവും സാമൂഹ്യപ്രവർത്തനങ്ങളും അനുസ്മരിച്ച പ്രിയ അകാലത്തിലുള്ള ഈ വേർപാട് പ്രതിഭയുടെ കുടുംബത്തെപ്പോലെ കൈരളിയ്ക്കും നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞു.
അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) നു വേണ്ടി രാജേഷ് ചെറിയാൻ പ്രിയ സഖാവിനു അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
റെവ. ഫാദർ John Mihn പ്രാർത്ഥനകൾക്കും അന്ത്യോപചാര പ്രാർത്ഥനകൾ ചൊല്ലി. തുടർന്ന് ശ്രീ നാരായണ ധർമ്മ സംഘം പ്രവർത്തകർ പ്രതിഭയ്ക്ക് യാത്രാമൊഴിയേകി. പ്രതിഭയ്ക്ക് പ്രിയപ്പെട്ട ലാൽസലാം വിളിച്ചാണ് പ്രിയ സഖാക്കൾ അന്തിമ വിട നൽകിയത്.
തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ കൈരളിയുടെ കേംബ്രിഡ്‌ജ് യുണിറ്റ് അംഗവും പ്രതിഭയുടെ പ്രിയ സുഹൃത്തുമായിരുന്ന രഞ്ജിനി ചെല്ലപ്പൻ സ്വാഗതം ആശംസിച്ചു. ആഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി സംസാരിച്ച ലിസ ഡൺലപ് , ദീപ ചെറിയാൻ എന്നിവർ പ്രതിഭയുടെ ജോലിയിലെ ആത്മാർത്ഥതയും സ്നേഹത്തോടെയുള്ള പെരുമാറ്റവും അനുസ്മരിച്ചു.
തുടർന്ന് സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ജോജോ ജോസഫ് , കേംബ്രിഡ്‌ജ് മലയാളി അസ്സോസിയേഷനുവേണ്ടി മഞ്ജു ടോം , കൈരളി യുകെ നാഷണൽ കമ്മിറ്റിയിൽ പ്രതിഭയോടൊപ്പം പ്രവർത്തിച്ച എൽദോ പോൾ , ലിനു വർഗ്ഗീസ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജ. സെക്രട്ടറി ലിയോസ് പോൾ , കേംബ്രിഡ്‌ജ് കേരള കൾച്ചറൽ അസോസിയേഷൻ പ്രതിനിധി റോബിൻ കുര്യാക്കോസ് , കുമരകം കൂട്ടായ്മ പ്രതിനിധി ജോമോൻ കുമരകം , പ്രതിഭ പ്രസിഡന്റ് ആയ കൈരളി യുകെ കേംബ്രിഡ്‌ജ് ബ്രാഞ്ച് സെക്രട്ടറി വിജേഷ് കൃഷ്ണൻകുട്ടി എന്നിവർ പ്രതിഭയെ അനുസ്മരിച്ചു സംസാരിച്ചു. യുകെ യിൽ പുതിയതായി എത്തിയ സമയത്തു ഒരു അത്യാവശ്യ ഘട്ടത്തിൽ തനിക്കു താങ്ങായിനിന്നു സഹായിച്ച പ്രതിഭയുടെ കരുണയും സഹായിക്കാനുള്ള മനസ്സും സ്വന്തം അനുഭവത്തിലൂടെ ഷഹാന വിവരിച്ചു.
പ്രതിഭയുടെ ബന്ധുവും നാട്ടുകാരനുമായ പ്രമോദ് കുമരകം പ്രതിഭയുമായുള്ള പരിചയവും , ബാല്യകാലവും പ്രതിഭയുടെ എളിമയെയും അവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു.
പ്രതിഭ ഏറ്റെടുക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്ത സൽപ്രവർത്തികൾ കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതിഭയോടൊപ്പം പ്രവർത്തിച്ചവർ ഉറപ്പുനല്കി.
പ്രതിഭയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോയി. കുമരകത്തുള്ള സ്വവസതിയിൽ ഞായറാഴ്ച പ്രതിഭയുടെ അന്തിമ കർമ്മങ്ങൾ നടന്നു
മാഞ്ചസ്റ്റർ : ഇന്നലെ ഉച്ചക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യേണ്ട കൊല്ലം സ്വദേശിയായ യുവതി വിമാനത്തില്‍ കയറിയില്ല. പകരം യുകെയില്‍ എത്തി ചതിക്കപ്പെടുക ആയിരുന്നു എന്ന് പരാതിപ്പെട്ട് പോലീസിനെ വിളിക്കുക ആയിരുന്നു. യുവതി ആരോപിക്കും പ്രകാരം 18 ലക്ഷം രൂപയാണ് അവര്‍ മലയാളി ഇടനിലക്കാര്‍ അടക്കമുള്ള ഏജന്റുമാര്‍ക്ക് യുകെ വിസയ്ക്കായി നല്‍കിയത്. ഇതില്‍ ക്രൂവില്‍ താമസിക്കുന്ന ഒരു ഇടനിലക്കാരന്റെ പേരാണ് യുവതി പ്രധാനമായും ആരോപണത്തില്‍ എടുത്തിടുന്നത്. എന്നാല്‍ താനല്ല, മറ്റു ചിലരാണ് പണം കൈപ്പറ്റിയതെന്നു ക്രൂവിലെ ഇടനിലക്കാരനായ മലയാളിയും പറയുന്നു.
ഏതായാലും മുടക്കിയ പണം പൂര്‍ണമായും മടക്കി കിട്ടാതെ താന്‍ യുകെയില്‍ നിന്നും വിമാനം കയറില്ല എന്ന ഉറച്ച നിലപാടിലാണ് യുവതി. വാക്കേറ്റം മുറുകിയതോടെ പോലീസ് എത്തിയപ്പോള്‍ താന്‍ യുവതിയെ സഹായിക്കാന്‍ എത്തിയ വ്യക്തിയാണ് എന്നാണ് ഏജന്റിന്റെ ഇടനിലക്കാരന്‍ നിലപാട് എടുത്തത്. ഇതോടെ ഇയാളെ വീട്ടിലേക്ക് മടങ്ങാന്‍ പോലീസ് അനുവദിക്കുകയും ചെയ്തു. ഇതോടെ യുവതി എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് മലയാളികളായ പൊതു പ്രവർത്തകർ യുവതിയെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
കാര്യമായ തരത്തില്‍ ഇംഗ്ലീഷ് പോലും കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവതിയെ ഇംഗ്ലണ്ടില്‍ എത്തിച്ചത് മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണ് എന്ന് വ്യക്തമാക്കി എയര്‍പോര്‍ട്ടില്‍ നിന്നും യുവതി സഹായം തേടി യുകെയില്‍ പലരെയും ബന്ധപ്പെട്ടതോടെ ഹോം ഓഫിസിലും പരാതി എത്തിക്കഴിഞ്ഞു. യുകെയില്‍ റിക്രൂട്ടിങ് മാഫിയയുടെ ചതിയില്‍ എത്തിയ നൂറുകണക്കിന് മലയാളികള്‍ ഉയര്‍ത്തുന്ന പരാതികള്‍ പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് എയര്‍പോര്‍ട്ട് സംഭവം തെളിയിക്കുന്നത്.
ഇതേത്തുടര്‍ന്നു മാഞ്ചസ്റ്ററിലെ മലയാളി സംഘടന പ്രവര്‍ത്തകര്‍, സമീക്ഷ യുകെ എന്നിവരൊക്കെ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തി. തുടർന്ന് യുവതിയെ യുകെയില്‍ എത്തിക്കാന്‍ കൂട്ട് നിന്ന ഏജന്റിനും ഇടനിലക്കാര്‍ക്കും യുവതി ഏതാനും ദിവസം ഷാഡോ ഷിഫ്റ്റ് ചെയ്ത ഇപ്സ്വിച്ചിലെ കെയര്‍ ഹോമിനും എതിരെ പരാതി പ്രവാഹം ഉണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ ഇപ്സ്വിച്ചിലെ കെയര്‍ ഹോമിലേക്ക് നീതി തേടി അനേകം ഫോണ്‍ കോളുകളാണ് എത്തിയത്. ഈ സന്ദേശങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കാന്‍ കഴിയാതെ പോയതോടെ കെയര്‍ ഹോമിന് എതിരെ സി ക്യൂ സിയിലേക്കും പരാതി എത്തിയിട്ടുണ്ട്.
നാട്ടിലേക്ക് തിരികെ പോവുകയാണെങ്കിൽ യുവതിക്ക് പണം നല്‍കാം എന്ന വാഗ്ദാനം നല്‍കിയ ഇടനിലക്കാരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മധ്യസ്ഥ ചര്‍ച്ചക്ക് ശേഷമാണു യുവതി എയര്‍പോര്‍ട്ടില്‍ എത്തിയത്. മണിക്കൂറുകള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകളില്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള പൊതു പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. യുവതിയെ യുകെയില്‍ എത്തിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ക്രൂവിലെ ഇടനിലക്കാരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോഴും നാടകീയമായി അയാളുടെ ഭാര്യ കയ്യില്‍ കിട്ടിയ സ്വര്‍ണവുമായാണ് യുവതിയെ സമീപിച്ചത്. എന്നാല്‍ എനിക്ക് നിങ്ങളുടെ സ്വര്‍ണമൊന്നും ആവശ്യമില്ല എന്നാണ് യുവതി നിലപാട് എടുത്തത്. ഇതോടെ എങ്ങനെയും യുവതിയുടെ പണം അക്കൗണ്ടില്‍ എത്തിക്കാം എന്ന വാഗ്ദാനമാണ് ഇടനിലക്കാരന്‍ നല്‍കിയത്.
ഇയാള്‍ വാങ്ങാത്ത പണത്തിനു ഇയാള്‍ എന്തിനു ഉത്തരവാദി ആകണം എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തല്‍ക്കാലം ഇടനിലക്കാരന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇയാള്‍ പറഞ്ഞത് പ്രകാരം പണം അക്കൗണ്ടില്‍ എത്താതായതോടെയാണ് വിമാന യാത്ര പോലും ഉപേക്ഷിച്ച് യുവതി ഉറച്ച നിലപാട് എടുത്തതും.
എങ്ങനെയും പണം മടക്കി നല്‍കി പ്രശ്‌നം അവസാനിപ്പിക്കണമെന്നു ഇന്നലെ ഒട്ടറെ യുകെ മലയാളികള്‍ ഇടനിലക്കാരനോട് വ്യക്തിപരമായി ആവശ്യപ്പെട്ടതോടെ ഇയാള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. ഇന്ന് പത്തു ലക്ഷം രൂപ എങ്ങനെയും യുവതിക്ക് കൈമാറും എന്ന നിലപാടിലേക്കാണ് ഇയാള്‍ വൈകുന്നേരത്തോടെ എത്തിയിരിക്കുന്നത്. എന്നാല്‍ പണം കയ്യില്‍ എത്താതെ ഒരാള്‍ നല്‍കുന്ന വാക്കും വിശ്വസിക്കാന്‍ താന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലേക്ക് നീങ്ങുകയാണ് യുവതിയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മടമ്പം: മടമ്പം ലൂർദ് ഫൊറോനാപള്ളി ഇടവകാംഗമായ മുല്ലൂർ എം. പി. ജോയി (75) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: കൊട്ടൂർ വയൽ പൂവത്തുംമൂട്ടിൽ കുടുംബാംഗം ചിന്നമ്മ ജോയി, മക്കൾ : മനേഷ് ഫിലിപ്പ് (യുകെ), മിനി അഭിലാഷ് (യുകെ), സിമി റോബിൻ (ഓസ്ട്രേലിയ, നിമി ഷൈജു (യുകെ). മരുമക്കൾ : ബെറ്റി മനേഷ് (യുകെ), അഭിലാഷ് നന്ദിക്കാട് (യുകെ), റോബിൻ മാവേലി പുത്തൻപുരയിൽ (ഓസ്ട്രേലിയ), ഷൈജു ഓരത്ത് (യുകെ ) . സഹോദരങ്ങൾ: ചാണ്ടി, ഫാ. ജേക്കബ് മുല്ലൂർ, അബ്രഹാം, മേരി, ആനിയമ്മ (യുകെ), സാലി (തിരുവനന്തപുരം).
മിനി അഭിലാഷിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഭാര്യയെ വധിക്കാൻ ശ്രമിച്ച യുകെ മലയാളിക്ക് ഇരുപത് മാസം തടവ് വിധിച്ച് കോടതി. ഡോണി വര്‍ഗീസ് എന്ന 37കാരനാണ് ഭാര്യയെ രണ്ടു തവണ കൊല്ലാന്‍ ശ്രമം നടത്തിയത്. രണ്ട് പ്രാവശ്യമാണ് ഭാര്യക്ക് നേരെ ഡോണി വധശ്രമം നടത്തിയത്. ഡോണിയുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും സഹിക്കാന്‍ കഴിയുന്നതിന് അപ്പുറമായപ്പോള്‍ സഹോദരനുമായി വിവാഹമോചനത്തെ കുറിച്ച് വീഡിയോ കോളില്‍ സംസാരിക്കവേയാണ് ആദ്യ ശ്രമം നടന്നത്. ഇതു കേട്ടു വന്ന ഡോണി ‘നീ കണ്ടോ നിന്റെ സഹോദരിയെ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’ എന്ന് അതേ വീഡിയോ കോളില്‍ സഹോദരനോട് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.
പത്തു വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ഡോണിയ്ക്കും ഭാര്യയ്ക്കും രണ്ടു മക്കളും ഉണ്ട്. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ മുറുകിയതോടെ രണ്ടു ദിവസങ്ങളിലായാണ് കൊലപാതക ശ്രമം നടത്തിയത്. മെയ് 14ന് നടന്ന ഒരു സംഭവത്തില്‍ ഡോണി ഒരു കുപ്പിയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അന്ന് വീടിന്റെ പുറകു വശം വഴി ഓടി രക്ഷപ്പെടുകയും ഒളിച്ചു നിന്നുമാണ് ജീവന്‍ കാത്തത്. അതിനു തൊട്ടു തലേദിവസം മെയ് 13ന്, ഭാര്യയ്ക്ക് സുഹൃത്തുക്കള്‍ ഉള്ളത് ഇഷ്ടപ്പെടാത്തതിനെ ചൊല്ലി നടന്ന വാഗ്വാദത്തിനൊടുവില്‍ ഒരു കടയില്‍ വച്ചാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്.
തലേദിവസം ഫ്‌ളാറ്റിലുള്ളവരുമായി ഭാര്യ സംസാരിക്കുന്നത് കണ്ട ഡോണി ഇക്കാര്യം ചോദിക്കുകയും കടയിലേക്ക് പോകുവാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തര്‍ക്കിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഷോപ്പില്‍ വച്ച് ആക്രമിക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയ ഭാര്യ തൊട്ടടുത്ത ദിവസം വിവാഹമോചനത്തെ കുറിച്ച് കുടുംബാംഗങ്ങളോട് സൂചിപ്പിക്കവേ വീണ്ടും കൊലപാതക ശ്രമം അരങ്ങേറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നങ്ങളും ആക്രമണവും എല്ലാം ഏറെ ഭയത്തോടെ സഹോദരനോട് തുറന്നു പറയവേ അതു കേട്ടു മുറിയിലേക്ക് കടന്നു വരികയായിരുന്നു ഡോണി.
സൂം വീഡിയോ കോളില്‍ വീട്ടുകാര്‍ എല്ലാം കണ്ടു നില്‍ക്കവേയാണ് ഡോണി പിന്നില്‍ നിന്ന് വരികയും ഭാര്യയെ കൊല്ലാന്‍ ഒരുങ്ങുകയും ചെയ്തത്. തുടര്‍ന്ന് ‘നീ കണ്ടോ നിന്റെ സഹോദരിയെ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്’ എന്ന് പറഞ്ഞു കൊണ്ട് ഭാര്യയുടെ അടിച്ചു വീഴ്ത്ത് ദേഹത്ത് കയറിയിരുന്ന് വീണ്ടും വീണ്ടും മുഖത്ത് അടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ആയിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്നായിരുന്നു അപ്പോള്‍ ഡോണിയുടെ ഭാര്യ വിചാരിച്ചിരുന്നത്. അതേ സമയം ഇതെല്ലാം വീഡിയോ കോളില്‍ കണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ നിലവിളിക്കുകയായിരുന്നു സഹോദരന്‍.
അയാളില്‍ നിന്നും വീടിനു പുറത്തേക്ക് രക്ഷപ്പെട്ടോടിയ ഭാര്യ ഒളിച്ചു നില്‍ക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ആയിരുന്നു. തുടര്‍ന്ന് പൊലീസ് ഡോണിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഭാര്യയെ കുറ്റപ്പെടുത്തി സംസാരിച്ച ഡോണിയെ വീഡിയോ കോളിലെ ദൃശ്യങ്ങള്‍ തെളിവായി കാണിച്ചപ്പോള്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ രണ്ടു മക്കളെ ഓര്‍ത്തും ഏതെങ്കിലും ഒരു നിമിഷം സംഭവിച്ച തെറ്റിദ്ധാരണ മൂലവും ഭര്‍ത്താവ് ചെയ്ത കുറ്റം ക്ഷമിക്കുവാന്‍ താന്‍ തയ്യാറാണെന്നു ഭാര്യ കോടതിയെ അറിയിക്കുകയും ചെയ്തു.
എങ്കിലും ഭാര്യയുടെ നിലപാട് കണക്കിലെടുക്കുമ്പോഴും അയാള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ആദ്യം ഭാര്യയെ കുറ്റക്കാരിയാക്കാനായിരുന്നു ഡോണി നിലപാട് എടുത്തത്. അതുകൊണ്ടു തന്നെ ഇനിയും ഇയാള്‍ ഗാര്‍ഹിക പീഡനങ്ങളില്‍ ഏര്‍പ്പെടാനുള്ള ഉയര്‍ന്ന സാധ്യതയുണ്ടെന്ന് പ്രോബേഷന്‍ സര്‍വ്വീസ് കണ്ടെത്തി. ആ റിപ്പോര്‍ട്ട് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്ന് കോടതി വിലയിരുത്തി.
താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്താപം ഉണ്ടെന്നും മതവിശ്വാസത്തിലൂടെ തനിക്ക് മാറ്റം വന്നുവെന്നും മാത്രമല്ല, ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തനിക്ക് മനസിലായെന്നും ഡോണി കോടതിയെ അറിയിച്ചു. ടാക്‌സി ഡ്രൈവറാകും മുമ്പ് ഒരു ബിസിനസ് കോഴ്‌സ് പഠിച്ച ഡോണിയുടെ തൊഴില്‍ വൈദഗ്ധ്യവും കോടതി വിലയിരുത്തി. തുടര്‍ന്ന് 20 മാസത്തെ തടവാണ് ജഡ്ജി വിധിച്ചത്.
ലണ്ടൻ: യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിച്ച യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നായ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷവും നൃത്ത സംഗീതരാവും ജൂൺ 10 ശനിയാഴ്ച 3 പി എം മുതൽ ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ അരങ്ങേറുന്നു. ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകൾ ആണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത് .
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.
ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ,ശ്രാവൻ റാത്തോട് -എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.
യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.
അനീഷ് ജോർജ്ജ്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ടെസ്സ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നത്.
ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH
കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Danto Paul: 07551 192309
Sunil Raveendran:07427105530.
കുടിയേറ്റം എന്നും ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്. യുകെ രാഷ്ട്രീയത്തിൽ ഒരു പ്രധാന വിഷയമാണ്. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇതിനുണ്ടുതാനും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവരുന്ന വരുന്ന വാർത്തകൾ അനുസരിച്ചു മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അത്ര ആശാവഹമല്ല എന്ന് പറയാതെ വയ്യ.
പതിനായിരത്തിലേക്ക് കുടിയേറ്റം കുറയ്ക്കും എന്ന വാക്ക് പറഞ്ഞാണ് കഴിഞ്ഞ തവണ തീവ്ര വലതുപക്ഷക്കാർ വോട്ട് പിടിച്ചത്. എന്നാൽ കോവിഡ് പോലുള്ള മഹാമാരിയിൽ പലതും മാറിമറിഞ്ഞു. യുകെ യൂറോപ്പ്യൻ യൂണിയൻ വിട്ടെങ്കിലും കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ സൂചിക കാണിച്ചപ്പോൾ അത് കുറക്കാൻ തന്നെ ഉള്ള നിയമ ഭേദഗതിക്കാണ് യുകെ ഇപ്പോൾ മുൻകൈ എടുക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് അധികൃതരുടെ പരിഗണനയിൽ ഉള്ളത്. മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എല്‍ ആര്‍ ലഭിക്കുന്നതിന് യു കെ യില്‍ തുടര്‍ച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വര്‍ഷം എന്നതില്‍ നിന്നും എട്ടുവര്‍ഷമായി ഉയർത്തുക എന്ന കുറുക്കു വഴിയാണ് ഇപ്പോൾ നോക്കുന്നത്. അതുമാത്രമല്ല, ഐ എല്‍ ആര്‍ അല്ലെങ്കിൽ പി ആർ ലഭിക്കണമെങ്കില്‍ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും യു കെയില്‍ ജോലി ചെയ്തതായോ സ്‌കൂള്‍ പഠനം നടത്തിയതായും തെളിയിക്കണം.
അതിനു പുറമെ അപേക്ഷിക്കുന്നതിന് മുന്‍പുള്ള പത്ത് വർഷത്തെ കാലയളവിൽ ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയില്‍ നിന്നുള്ള ഇളവും ഇല്ലാതെയാക്കും.
കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രഥമ പരിഗണന എന്ന് പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു ചുവടുപിടിച്ചാണ് ഇപ്പോൾ വരുത്തുന്ന ഭേദഗതികൾ. കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ ഒരു ചര്‍ച്ചയും ഋഷി സുനക് മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിന്’ മുന്‍പായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയും എന്നത്. ഇതിനായി ഫ്രാൻസുമായി ഒരു കരാർ തന്നെ യുകെ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. നല്ലൊരു തുകയും ഇതിനായി യുകെ സർക്കാർ ഫ്രാൻസിന് കൈമാറി കഴിഞ്ഞു.
ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയത്. അത് ലഭിച്ചിട്ടുള്ളവർ രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരാണെന്നും ഹോം ഓഫീസ് പറയുകയുണ്ടായി. യു കെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യു കെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ആലോചിക്കുന്നു വാർത്തക്കുള്ള മറുപടി എന്ന നിലക്കാണ് വ്ക്താവിന്റെ മറുപടി എന്നാണ് ഡെയിലി മെയിൽ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കുടിയേറ്റ നിയമങ്ങളിൽ മാറ്റം വന്നാൽ ഉണ്ടാകുന്ന നഷ്ട്ടം മലയാളികൾക്കാണ്. കാരണം നഴ്സുമാരായി യുകെയിൽ എത്തിയവർ കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും എന്ന് സാരം. എന്നാൽ ഇത്രയയധികം നഴ്‌സ് ക്ഷാമം അനുഭവിക്കുന്ന ആരോഗ്യ മേഖലയെ ഒഴിവാക്കുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടിവരും.