ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടനാട്ടിൽ  1967 -ൽ   നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എം. സി ജോസഫിന്റെ 25-ാം ചരമ വാർഷികവും അനുസ്മരണവും നാളെ നടക്കും. മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം ജില്ലയിൽ ഐഎൻടിയുസി സംഘടന രൂപീകരിക്കാൻ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് , ഡിസിസി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസി കോളനിയുടെ നിർമ്മാണത്തിലും റോഡുകൾ നിർമ്മിക്കുന്നതിലും നേതൃത്വം കൊടുത്തിട്ടുണ്ട്.

നാളെ 29-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പള്ളികുട്ടുമ്മ ഫാത്തിമ മാതാ ദേവാലയത്തിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.

തുടർന്ന് പാരീഷ് ഹാളിൽ പൊതു സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ
ഉത്ഘാടനം ചെയ്യുന്നതും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ Ex. എംഎൽ എ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.

ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കെട്ടിപെടുക്കുന്നതിൽ എം സി ജോസഫ് പ്രധാന പങ്ക് വഹിച്ചു.1922 -ൽ വേഴപ്ര മൂലംകുന്നം തറവാട്ടിൽ ജനിച്ച എം സി ജോസഫ് പാളയംകോട്‌ സെൻറ് സേവിയേഴ്സ് കോളേജിൽ ഉന്നത പഠനം ആരംഭിച്ചു. തുടർന്ന് കൽക്കട്ട സെൻറ് സേവിയേഴ്‌സ് കോളേജിൽ നിന്ന് ഇരട്ട ബിരുദം നേടി. അതിനു ശേഷം കൽക്കട്ടയിൽ നിന്നു തന്നെ നിയമ ബിരുദം നേടി. അമ്പലപ്പുഴയിലും ആലപ്പുഴയിലും അഭിഭാഷക വൃത്തി ആരംഭിച്ചു. തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് കടന്ന അഡ്വക്കേറ്റ് എം സി ജോസഫ് ആലപ്പുഴയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവായിരുന്നു.

ഇതോടൊപ്പം തന്നെ അഡ്വ. എം. സി ജോസഫിന്റെ പത്നിയും എടത്വ പറപ്പള്ളി കുടുംബാംഗവുമായ അന്നമ്മ ജോസഫിന്റെ 5-ാം ചരമവാർഷികവും അദ്ദേഹത്തിൻറെ പിതാവിൻറെ ജേഷ്ഠനായ ഫാ. ജോസഫ് മൂലംകുന്നത്തിന്റെ (മൂലംകുന്നത്ത് അച്ചൻ ) 38-ാം ചരമവാർഷികവും സംയുക്തമായാണ് നടത്തപ്പെടുന്നത്.

തന്റെ ജീവിതകാലം മുഴുവൻ കുട്ടനാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയും കഷ്ടതകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും ജീവിതം സമർപ്പിച്ച മൂലംകുന്നത്ത് വല്ല്യച്ചൻ 1985 ജൂലൈ 29-ാം തീയതിയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്. കുടുംബ സ്വത്തായി കിട്ടിയ വസ്തുവകകൾ പാവങ്ങൾക്കായും സാധു പെൺകുട്ടികളുടെ വിവാഹത്തിനായും ചിലവഴിച്ച അച്ചൻ ആത്മീയ ആചാര്യൻ എന്നതിനൊപ്പം ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. അങ്ങനെയാണ് സ്നേഹവും ത്യാഗവും അർപ്പണമനഭാവവും തന്റെ ജീവിതത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് കുട്ടനാടിന്റെ മക്കൾക്ക് മൂലംകുന്നത്ത് അച്ചൻ തങ്ങളുടെ വല്യച്ചനായി മാറിയത് . 1970 ഡിസംബർ 30 -ന് അഭിവന്ദ്യ മാർ കാളാശ്ശേരി പിതാവിൽ നിന്നാണ് അച്ചൻ വൈദിക പട്ടം സ്വീകരിച്ചത്.