UK

കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ലണ്ടനിലെ ബുല്‍ഫന്‍ എസ്റ്റേറ്റിലാണ് സംഭവം. പോര്‍ഷെയും എരിയല്‍ ആറ്റവുമുള്‍പ്പെടെയുള്ള അഞ്ച് ആഡംബര കാറുകളാണ് മോഷ്ടിക്കപ്പെട്ടത്. 700,000 പൗണ്ട് (ഏഴു കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന കാറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 11നാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ടു മെഴ്സിഡിസ് ബെന്‍സും രണ്ടു പോര്‍ഷെയും റേസിങ് കാറായ ഏരിയല്‍ ആറ്റവുമാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ 4.44 നാണ് മോഷണം നടന്നത്. ഒരു മെഴ്സിഡിസ് മെയ്ബാക്ക് പിടിച്ചെടുക്കാനായെങ്കിലും മറ്റു നാലു കാറുകള്‍ക്കായി എസ്സെക്സ് പൊലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

സംഭവത്തിന്റെ സിസിടിവി ദൃശ്യം എസ്സെക്സ് പൊലീസ് ട്വിറ്ററിലൂടെ പങ്കുവച്ചു. സംശയകരമായ രീതിയിൽ നിങ്ങൾ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെടുന്നു.

ഡിസംബര്‍ 14ന് രാത്രി പത്തിന് ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നും ഒരു വിമാനം പറന്നുയരും. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരിക്കും അത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തുമ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70 അടി നീളമുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്തു വച്ച് വിക്ഷേപിക്കും.

ക്യൂബ് ആകൃതിയിലുള്ള ക്യൂബ് സാറ്റുകളെ ഭ്രമണ പഥത്തിലെത്തിക്കുകയാണ് ലോഞ്ചര്‍വണ്‍ റോക്കറ്റിന്റെ ലക്ഷ്യം.പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോയ കോസ്മിക് ഗേളിന്റെ ബഹിരാകാശ താവളത്തില്‍ നിന്നുള്ള യാത്രയാണ് ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമാവുക. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരിക്കും അത്. യൂറോപ്പിലെ ആദ്യത്തെ വ്യാവസായിക വിക്ഷേപണം വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആദ്യ രാജ്യാന്തര തലത്തിലുള്ള വിക്ഷേപണം തുടങ്ങിയ നേട്ടങ്ങളും ഇതുവഴി കോസ്മിക് ഗേളിന്റെ യാത്ര സ്വന്തമാക്കും.

ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന് വേണ്ടിയാണ് ക്യൂബ് സാറ്റുകളെ വെര്‍ജിന്‍ ഓര്‍ബിറ്റ് ഭ്രമണപഥത്തിലെത്തിക്കുന്നത്. കരയിലും സമുദ്രത്തിലും നിരീക്ഷണം നടത്താനാണ് ക്യൂബ് സാറ്റുകളെ ഉപയോഗിക്കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കോണ്‍വാള്‍ ബഹിരാകാശതാവളത്തിന് കഴിഞ്ഞ മാസമാണ് ഓപറേഷന്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെയാണ് കോണ്‍വാള്‍ ബഹിരാകാശ താവളം വഴി വിക്ഷേപണം നടത്തുന്നത് സാധ്യമായത്.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ബഹിരാകാശ താവളത്തിലേക്ക് ലോഞ്ചര്‍വണ്‍ റോക്കറ്റിനെ എത്തിച്ചിരുന്നു. കലിഫോര്‍ണിയയില്‍ നിന്നും സൈനിക വിമാനത്തിലാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ കോണ്‍വാളിലേക്ക് എത്തിച്ചത്. സാധാരണ വിമാനങ്ങള്‍ പറന്നുയരുന്ന പോലെയാണ് ലോഞ്ചര്‍വണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. പ്രത്യേകം നിര്‍മിച്ച ബോയിങ് 747 വിമാനമായ കോസ്മിക് ഗേളാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ 35,000 അടി ഉയരം വരെ എത്തിക്കുന്നത്.

കോസ്മിക് ഗേളിന്റെ മധ്യ ഭാഗത്താണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ ഘടിപ്പിക്കുക. രണ്ട് ഘട്ടങ്ങളുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്ത് 35,000 അടി ഉയരത്തില്‍ വച്ച് കോസ്മിക് ഗേളില്‍ നിന്നും വേര്‍പെടുന്നു. ഇതിന് പിന്നാലെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് മുന്നോട്ട് കുതിച്ച് സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നതാണ് പദ്ധതി. ഇതിനിടെ 35,000 അടി വരെ റോക്കറ്റിനെ എത്തിക്കുന്ന കോസ്മിക് ഗേള്‍ സാധാരണ വിമാനം പോലെ കോണ്‍വാള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

റിച്ചര്‍ഡ് ബ്രാന്‍സനിന്റെ വെര്‍ജിന്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ബഹിരാകാശ കമ്പനിയാണ് വെര്‍ജിന്‍ ഓര്‍ബിറ്റ്. 2017 സ്ഥാപിച്ച വെര്‍ജിന്‍ ഓര്‍ബിറ്റ് ഇതിനകം അമേരിക്കന്‍ ബഹിരാകാശ സേനക്കു വേണ്ടിയുള്ള ദൗത്യങ്ങളടക്കം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോണ്‍വാള്‍ താവളത്തിന് പുറമേ രണ്ട് ബഹിരാകാശ താവളങ്ങളുടെ പണി കൂടി ബ്രിട്ടനില്‍ പുരോഗമിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ കൊടുംതണുപ്പും സ്നോയും ജന ജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിന്‍ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടര്‍ന്ന് 143 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി.ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് സൂചന.

ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്. നൂറുകണക്കിന് യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും വേണ്ടിവന്നു.മഞ്ഞിലുറഞ്ഞ വിമാനങ്ങളെ ഡി ഫോസ്റ്റ് ചെയ്യാന്‍ കമ്പനികള്‍ പാടുപെട്ടു. പലര്‍ക്കും സമയത്ത് വിമാനങ്ങളിലെ ഐസ് നീക്കുന്നതിന് കഴിഞ്ഞില്ല. ഇതോടെയാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അറിയിച്ചു. അതിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചത്തെ 69 വിമാനങ്ങളും 74 ഇന്‍ബൗണ്ട് ഫ്ളൈറ്റുകളുമാണ് റദ്ദാക്കിയതെന്ന് ഡി എ എ സ്ഥിരീകരിച്ചു.ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്ത ഡസനിലേറെ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്.

വാരാന്ത്യത്തില്‍ യാത്ര ചെയ്യേണ്ടവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിന് മുമ്പ് എയര്‍ലൈനുമായി ചെക്ക് ഇന്‍ ചെയ്യണമെന്ന് എയര്‍പോര്‍ട്ട് നിര്‍ദ്ദേശിച്ചു.വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ എയര്‍പോര്‍ട്ട് ക്ഷമാപണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചു.

വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ താപനില -3സിയിലെത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയുമുണ്ടായി.വെള്ളിയാഴ്ച രാജ്യത്താകെ സ്നോയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചവരെ ഇത് തുടരുമെന്നാണ് പ്രവചനം.

ഡബ്ലിന്‍ എയര്‍പോര്‍ട്ട്, ഫീനിക്സ് പാര്‍ക്ക് എന്നിവിടങ്ങളില്‍ 0.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.കോര്‍ക്കിലെ ഷെര്‍ക്കിന്‍ ഐലന്റിലാണ് ഏറ്റവും കൂടിയ 7.2 സി. താപനില രേഖപ്പെടുത്തിയത്.

അയര്‍ലണ്ട് ശരിക്കും കൊടും തണുപ്പിന്റെ പിടിയിലായെന്നും സാഹചര്യങ്ങള്‍ കൂടുതല്‍ അപകടകരമായേക്കാമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.പൂജ്യത്തിന് താഴെയുള്ള നിരവധി ദിനരാത്രങ്ങളാണ് അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്. തീരദേശ ജില്ലകളില്‍ ആലിപ്പഴം, മഞ്ഞ്, സ്നോ എന്നിവയ്ക്കും സാധ്യതയുണ്ട്.

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ എല്ലാ കൗണ്ടികളും യെല്ലോ അലേര്‍ട്ടിലാണ്.  നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്‍ട്രിം, ഡൗണ്‍, ടൈറോണ്‍, ഡെറി എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചവരെ മഞ്ഞ് വീഴ്ച മുന്‍നിര്‍ത്തി യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 7 റോസ്‌കോമണിലെ മൗണ്ട് ഡിലോണില്‍ രേഖപ്പെടുത്തി.
രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില -5സി മുതല്‍ -1ഇ വരെയായിരിക്കുമെന്നാണ് കരുതുന്നത്.

ബ്രിട്ടനിലെ കാലാവസ്ഥ അതിന്റെ ഏറ്റവും വലിയ ഫ്രീസിങ് നിലയിലേക്ക് ഓരോ ദിവസവും കടന്നുപോകുന്നു. എല്ലാവരുടെയും ചങ്കിടിപ്പ് കൂട്ടി മൈനസ് 9 ലേക്ക്. അടുത്ത ഏഴ് ദിവസത്തേക്ക് എന്നുള്ള മെറ്റ് ഓഫീസിന്റെ പ്രവചനം. കൂടെ കൂടെ ചെറിയ രീതിയിൽ മഞ്ഞും കൂടി…. ഇത്തരം കാലാവസ്ഥ മുൻപും വന്നിട്ടുണ്ട്. ഇവിടെയുള്ള ഇംഗ്ലീഷുകാരും മലയാളികളും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുകെയിൽ നിലനിക്കുന്ന വിലക്കയറ്റം ആണ് എല്ലാവരുടെയും ആശങ്കകളെ ഇരട്ടിയാക്കുന്നു.

ഗ്യാസ് ആൻഡ് ഇലെക്ട്രിസിറ്റി ആണ് ഇവിടുത്തെ വില്ലൻ. യുക്രൈൻ റഷ്യ യുദ്ധം മുൻപെങ്ങും ഇല്ലാത്തതുപോലെ ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. മുൻ വർഷങ്ങളിൽ ഒരു 150-180  പൗണ്ട് ആണ് വിന്റർ സമയത്തു ഒരു നാല് കിടക്കകളുള്ള വീടിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 350 – 450 പൗണ്ടായി ഉയർന്നിരിക്കുന്നു മുൻകാലങ്ങളിലേതുപോലെ ഹീറ്റിങ് നിലനിർത്തുവാൻ. ഈ ഒരു ഒറ്റ കാരണത്താൽ തന്നെ പല മലയാളികളും ഹീറ്റിംഗ് തന്നെ കുറക്കുന്ന സാഹചര്യം നിലനിൽക്കെ ആണ് അങ്ങനെ ചെയ്യുന്നതിലെ അപകടം നിങ്ങളെ അറിയിക്കുവാൻ മലയാളം യുകെ ആഗ്രഹിക്കുന്നത്.

നിങ്ങളുടെ വീട്ടിലെ ഹീറ്റിങ് ഓഫ് ചെയ്തു ഇരിക്കുകയായാണോ ബില്ല് ലാഭിക്കാൻ? എങ്കിൽ നിങ്ങൾ നടന്നടുക്കുന്നത് നിങ്ങളുടെ തന്നെ മരണത്തിലേന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. എല്ലാമറിയുന്നവരാണ് എന്ന ചിന്ത മാറ്റി എത്രയാണ് നിങ്ങളുടെ വീട്ടിലെ ലിവിങ് റൂമിൽ വേണ്ട ചൂട്, അതുമല്ല കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ എത്ര എന്നിവയെല്ലാം അറിഞ്ഞിരിക്കുന്നത് നമുക്ക് മുകരുത്തൽ എടുക്കുന്നതുപോലെ തന്നെ ബില്ലുകൾ നിയന്ത്രിക്കുന്നതിനും സാധിക്കും എന്നറിയുക.  പുതുതായി എത്തിയവർ  വിദ്യാർത്ഥികൾ, നഴ്സുമാർ എന്നിവർ അറിയാതെ പോകരുത്.

ആദ്യമായി എങ്ങനെ ഹീറ്റിങ് ഉപയോഗം കുറക്കുന്നതിനെപ്പറ്റി. എയർ സോഴ്സ് ഹീറ്റിംഗ് പമ്പ് പലരും നിർദ്ദേശിക്കാറുണ്ട്. 7000 മുതൽ 13000 പൗണ്ട് വരെ ചിലവാകും. ഒരുത്തരുടേയും ഉപയോഗത്തിന്റെ തോത്, വീടിന്റെ വലിപ്പം എന്നിവ അനുസരിച്ചു ഹീറ്റ് പാമ്പിന്റെ വിലയിൽ മാറ്റം ഉണ്ടാകും.  വർഷം 1500 പൗണ്ട് വരെ ലഭിക്കാമെന്ന് വിദഗ്ദ്ധർ. എന്നാൽ ഇലക്ട്രിക്ക് സ്റ്റോറേജ് ഹീറ്റർ സംവിധാനം മാറ്റുമ്പോൾ മാത്രമാണ് ഈ ലാഭം. അതേസമയം ഒരു ജി റേറ്റഡ്‌ ഓയിൽ ബോയിലർ ആണെകിൽ ചെലവ് കൂടുമെന്ന് കണക്കു നിരത്തി വിദഗ്ദ്ധർ സമർത്ഥിക്കുന്നു. അതിനേക്കാളുപരി സ്ഥാപിക്കുന്നതിന് പുറത്തു മതിയായ സ്ഥലം, പ്ലാനിങ് പെർമിഷൻ എന്നിവ വേണ്ടിവരും.

നിങ്ങളുടെ ബോയിലറുകൾ കൃത്യമായി സർവീസ് ചെയ്‌താൽ തീർച്ചയായും ബില്ല് കുറക്കാൻ സാധിക്കും. വീടിന്റെ ഇൻസുലേഷൻ, നല്ല  ഡബിൾ ഗ്ലെയിസ് വിൻഡോസ് എന്നിവ.

ഒരു വീടിന്റെ ഉള്ളിലെ താപനില എത്രയായിരിക്കണം. ഒരു വീട്ടിൽ ഏറ്റവും കുറഞ്ഞത് ഒൻപത് മണിക്കൂർ എങ്കിലും ഹീറ്റിംഗ് ഇടണം. ലിവിങ് റൂമിൽ 18 മുതൽ 21 ഡിഗ്രി ആണ് യുകെയിൽ വേണ്ടത്. എന്നാൽ ബെഡ്‌റൂമിൽ അത് 18 ഡിഗ്രിയോ അതിൽ താഴെയോ ആണ് നിലനിർത്തേണ്ടത്. ഇത് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. പത്തു ഡിഗ്രി ആണ് റൂമിലെ താപനില എങ്കിൽ നിങ്ങൾ ഹീറ്റിംഗ് ഇടുന്നില്ല എന്നാണ്. ഇത് നിങ്ങളുടെ ജീവനെ  തന്നെ അപകടത്തിലാക്കും എന്ന് ജെയിംസ് എന്ന ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കുഞ്ഞു കുട്ടികൾ ഉള്ള വീടുകൾ താപനില 16 ഡിഗ്രി മുതൽ 20 ഡിഗ്രി വരെ നിജപ്പെടുത്തേണ്ടതാണ്.

കാരണം ഇതാണ് സാധാരണയായി ശരീരോഷ്മാവ് 37 ഡിഗ്രി അടുത്താണ്. റൂമിലെ താപനില പത്തു ഡിഗ്രി ആണ് എങ്കിൽ നിങ്ങളുടെ വിരലുകളെ ശ്രദ്ധിച്ചാൽ മതി. അവ ചുവക്കുവാൻ തുടങ്ങുന്നു. അതോടെ കൂടുതൽ രക്തം വിരലുകളിൽ സ്റ്റോർ ചെയ്യപ്പെടുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്.

ഇങ്ങനെ ശരീരത്തിലെ താപനില നിലനിർത്തുവാനുള്ള ശ്രമം നടക്കുമ്പോൾ ഹാർട്ട് റേറ്റ്, പ്രഷർ എന്നിവ ക്രമാതീതമായി ഉയരുകയും രക്തം കൂടുതൽ കട്ടിയുള്ളതായി തീരുന്നതോടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറഞ്ഞു തരേണ്ടതില്ല. ആരോഗ്യവാനായ ഒരാൾക്ക് മൈനസ് 50 ഡിഗ്രി വരെ കഴിയാം അതിനു വേണ്ടുന്ന സംരക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച്. എന്നാൽ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു നാം അറിഞ്ഞിയ്ക്കുക ഇത്തരം റിസ്ക് എടുക്കുമ്പോൾ.

മറ്റൊന്നാണ് കൊണ്ടെൻസേഷൻ. ഹാഫ് ലോക്ക് വിൻഡോ,exhaust ഫാൻ ഉപയോഗം എന്നിവ കണ്ടെൻസേഷൻ കുറക്കാൻ സാധിക്കും. വിൻഡോയിൽ കാണുന്ന പനിപ്പ് തുടച്ചുകളയുന്നതും ഹീറ്റിങ് നിലനിർത്താനും ബില്ല് കുറക്കുവാനും സഹായിക്കുന്നു. ചെറിയ ചൂടിൽ എല്ലാ സമയവും ഓണാക്കിയിടുക എന്ന അവസ്ഥ കാര്യമായി സഹായിക്കുന്നില്ല.

എല്ലാറ്റിനുമുപരിയായി നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. ആരോഗ്യമുണ്ടെങ്കിൽ  മാത്രമേ പണി എടുക്കാൻ സാധിക്കു എന്ന അടിസ്ഥാന തത്വം ഓർക്കുക. ഏഴ് ദിവസവും ജോലി ചെയ്യുന്നവർ ടേക്ക് എവേ ഭക്ഷണവും കഴിച്ചു ജോലി സ്ഥലത്തു തന്നെ കുളിച്ചിട്ടുപോകുന്ന ആൾക്കാരും ഉണ്ട്. ഒരാൾ പറഞ്ഞത് രാവിലെ തന്നെ ഓൾ ഡേ ടിക്കറ്റ് എടുത്തു ബസിൽ സഞ്ചരിക്കുന്നു എന്ന്. ഹീറ്റിങ് ബില്ലോ വളരെ തുച്ഛം…. ഇതൊന്നും മലയാളിക്ക് സാധിക്കുമോ ? അറിയില്ല… ഒന്നുണ്ട് ഈ പ്രതിസന്ധിയും കടന്നുപോകും…

 

ബിർമിംഗ്ഹാം: . യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ അഞ്ചാം സീസൺ ഡിസംബർ 10 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, അനുഗ്രഹീത ഗായകൻ റവ. ഫാ. വിത്സൺ മേച്ചേരിൽ, യുവഗായകനും ഗിറ്റാറിസ്റ്റുമായ വില്യം ഐസക്ക്, ഗായിക ഡെൽസി നൈനാൻ, പ്രീതി സന്തോഷ് എന്നിവർ പങ്കെടുക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ്‌ സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്‌കൂളിൽ വച്ച് സംഘടിപ്പിക്കുന്ന കരോൾ സന്ധ്യയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചു ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേൾഡിന്റെ നാലാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് രണ്ടാം സ്ഥാനവും കവൻട്രി വർഷിപ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ജോയ് ടു ദി വേൾഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണിൽ ആരംഭിച്ച ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വർഷവും നടക്കും. ഉച്ചക്ക് പന്ത്രണ്ടു മണിയോടുകൂടി ആരംഭിക്കുന്ന കോണ്ടെസ്റ്റ് പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും.

ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ്‌ ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉൾക്കൊള്ളും. കുട്ടികൾക്കും മുതിർന്നവർക്കുമായി അന്നേദിവസം ഉച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.

പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT

ഈ ശനിയാഴ്ച (10/12/2022), ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തുന്ന “ജോയിടു ദി വേൾഡ്” എന്ന കരോൾ കോമ്പറ്റീഷൻ പരിപാടിയിലാണ് കൈരളി യുകെ ബ്ലഡ് ക്യാൻസർ രോഗികൾക്കു വേണ്ടി സ്റ്റെം സെൽ ഡോണറിനെ കണ്ടുപിടിക്കുന്നതിനായി സന്നദ്ധ സംഘടനയായ ഡി.കെ.എം.എസുമായി യോജിച്ചു സ്വാബ് കളക്ഷൻ നടത്തുന്നത്. യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക്‌ കാൻസർ ഭേദമാക്കുവാൻ മൂല കോശ ചിക്ത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. രോഗിയുടെ ജനിതകത്തോട്‌ ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണം കൈരളി ഏറ്റെടുത്തത്.

ബിർമിങ്ഹാമിലെ കിംഗ് എഡ്വേർഡ് VI ഫൈവ് വേസ്‌ സ്കൂളിൽ വെച്ച് ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെ ആണ് സ്റ്റെംസെൽ ഡ്രൈവ്‌ സംഘടിപ്പിക്കുന്നത്. ബിർമിംഗ്ഹാമിൽ ഇത് രണ്ടാം തവണയാണ് കൈരളി യുകെ സ്റ്റെം സെൽ ഡ്രൈവ് നടത്തുന്നത്. ബിർമ്മിങ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നവംബർ 12 ശനിയാഴ്‌ച നടത്തിയ പരിശോധനയിൽ 300 ഓളം പേരിൽ നിന്നും സാമ്പിൾ ശേഖരിച്ചിരുന്നു. ആദ്യത്തെ പരിപാടിയുടെ വിജയത്തിന് ശേഷം യൂറോപ്പിൽ നിന്നുമുള്ള നിരവധി സാമൂഹിക പ്രവർത്തകർ കൈരളി യുകെയ്‌ക്കു പിന്തുണ അറിയിച്ചിരുന്നു. ദേശീയ തലത്തിൽ ഇത് ഏറ്റെടുത്തു നടത്താൻ ആണ് നിലവിൽ കൈരളി യുകെ ഉദ്ദേശിച്ചിരിക്കുന്നത്.

ബ്ലഡ് ക്യാൻസർ എന്ന രോഗത്തെ ഭാവിയിൽ മനുഷ്യരാശിക്ക് തുടച്ചുനീക്കുവാൻ ഉതകുന്ന ഈ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ നിങ്ങളെ എല്ലാവരെയും കൈരളി യുകെ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് കൈരളി യുകെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക – https://fb.me/e/3aUHd1iem

 

കലിയുഗവരദൻ ധർമ്മശാസ്താവിന്റെ ചൈതന്യം നിറയുന്ന ഈ വർഷത്തെ അയ്യപ്പപൂജ ബിർമിങ്ങാഹാം ഹിന്ദു സമാജത്തിന്റെ അഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബാലാജി സന്നിധിയിൽ നടക്കും. താലപ്പൊലി,വിളക്ക് പൂജ, പടിപൂജ അയ്യപ്പ ഭജന അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ നൂറാമത് വാർഷികം ഈ വരുന്ന ഒരു വർഷക്കാലം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. യുകെ യിലെ ആഘോഷത്തിനു തുടക്കം കുറിച്ചതിന് ശേഷമുള്ള ആദ്യത്തെ അയ്യപ്പൂജയാണ് ബർമിങ് ഹാം ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ ബാലാജി സന്നിധിയിൽ നടക്കുന്നത്. എല്ലാ അയ്യപ്പഭക്തരെയും ഈ പുണ്യദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭീമ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ലീന ശ്രീകുമാർ 07817640428
വിമൽ -07983363996
സുമേഷ് -07886772782.

സർവീസ് മേഖല ഒന്നാകെ സമരത്തിലേക്ക് നീങ്ങുന്ന ബ്രിട്ടനിൽ ക്രിസ്മസ് കാലം യാത്രാദുരിതങ്ങളുടെയും കാലമാകും. ഇപ്പോൾ തന്നെ റെയിൽ ജീവനക്കാർ സമരത്തിലായതോടെ ആഭ്യന്തര യാത്രകൾ അവതാളത്തിലാണ്. ഇതിനൊപ്പമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരപ്രഖ്യാപനം. പാസ്പോർട്ട് കൺട്രോൾ സ്റ്റാഫും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായ നടത്തുന്ന സമരം വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കും.

ഗാട്ട്വിക്ക്, ഹീത്രൂ, മാഞ്ചസ്റ്റർ, ബർമിങ്ങാം, ഗ്ലാസ്കോ, കാഡിഫ് എന്നീ പ്രമുഖ വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് സ്റ്റാഫാണ് ശമ്പള വർധന ആവശ്യപ്പെട്ട് ഡിസംബർ 23 മുതൽ പുതുവൽസര ഈവ് വരെയുള്ള ദിവസങ്ങളിൽ പല ഘട്ടങ്ങളിലായി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകൾ അവധിയാഘോഷത്തിനായി ഏറെ യാത്രചെയ്യുന്ന ഈ ദിവസങ്ങളിൽ ബോർഡർ ഫോഴ്സ് നടത്തുന്ന സമരം വിമാനത്താവളങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വിവരണാതീതമാകും. മണിക്കൂറുകൾ കാത്തുനിന്നാലും വിമാനത്താവളത്തിൽനിന്നും പുറത്തുവരാനാകാത്ത സാഹചര്യമാകും യാത്രക്കാർക്ക് ഉണ്ടാകുക. സെക്യൂരിറ്റി ചെക്കിനായി വിമാനത്താവളങ്ങളുടെ പുറത്തേക്കുവരെ യാത്രക്കാരുടെ ക്യൂ നീളും.

കോവിഡ് കാലത്തിനു ശേഷം ഒരുവിഭാഗം ജീവനക്കാർ നടത്തിയ സമരം ഹീത്രൂവിലുൾപ്പെട പല വിമാനത്താവളങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധിക്ക് ബ്രിട്ടൻ സാക്ഷ്യം വഹിച്ചതാണ്. അതിനേക്കാൾ ദുഷ്കരമായ സാഹചര്യമാകും പാസ്പോർട്ട് കൺട്രോൾ സ്റ്റാഫിന്റെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമരംമൂലം ഉണ്ടാകുക.

കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടത്തിയ ഗുരുപൂർണ്ണിമ സദസ്സിൽ വച്ച് സാനുമാഷിന്റെ സമ്പൂർണ്ണ കൃതികൾ യൂറോപ്പിലെ വായനക്കാർക്ക്‌ പരിചയപ്പെടുത്തി.കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ.ടി.എം തോമസ്സ്‌ ഐസക്ക്‌,ഡോ പി.എസ്‌ ശ്രീകല എന്നിവർ പങ്കെടുത്തു. കൈരളി യു.കെയ്ക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകളായ ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവർ പരിപാടിയിൽ പങ്കുചേർന്ന് മാഷിന്റെ സമ്പൂർണ്ണ കൃതികൾക്ക് ആശംസകളർപ്പിച്ചു.

നമ്മുടെ തനതായ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിനെപ്പറ്റിയും അവ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാനുമാഷ് സംസാരിച്ചു. ഭരണാധികാരികകേന്ദ്രങ്ങൾ സംസ്കാരവൽക്കരിക്കുന്നതിനായി നിരന്തരം സാഹിത്യത്തിലൂടെയും മറ്റു കലകളിലൂടെയും നാം ശ്രമിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് പലതരത്തിലുള്ള ദുഷ് സ്വാധീനങ്ങൾ നമ്മുടെ ചിന്തയെയും പൈതൃകത്തെയും ബാധിച്ചിട്ടുണ്ട് എന്നും വാമനജയന്തി പോലുള്ള, നമ്മുടെ വീക്ഷണങ്ങളെ പിന്നിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെ നടക്കുന്ന ഘട്ടത്തിൽ ഇന്നിന്റെ പഠനങ്ങളിലൂടെയും സാഹിത്യത്തിലൂടെയും നിരന്തരം നവീകരിക്കാനും സംസ്കാരവൽക്കരിക്കാനുമുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാരാജാസ് കോളേജിലെ സാനു മാഷിന്റെ സാന്നിധ്യത്തെപ്പറ്റിയും മാഷിന്റെ പുസ്തകങ്ങളുടെ വായനാനുഭവങ്ങളെ പറ്റിയുമുള്ള ഓർമ്മകൾ ഡോ.ടി.എം തോമസ് ഐസക്ക്‌ പങ്കുവച്ചു. നവകേരളം ഒരു ജ്ഞാന സമൂഹമായിരിക്കണമെന്നും അത്തരമൊരു സമൂഹത്തിന്റെ നിർമ്മിതിക്ക് നാം പരിശ്രമിക്കേണ്ടതുണ്ടെന്നും നോളജ് മിഷൻ ഡയറക്ടറും സാനു മാഷിന്റെ ശിഷ്യ കൂടിയായ ഡോ.പി.എസ്സ്. ശ്രീകല അഭിപ്രായപ്പെട്ടു. അത്തരം ഒരു സമൂഹത്തിന്റെ നിർമ്മിതിക്ക് വൈജ്ഞാനിക സാഹിത്യത്തിന് സാനുമാഷ് സംഭാവന ചെയ്ത അമൂല്യഅക്ഷര സമ്പത്തുകൾ വരും തലമുറകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട് എന്നും ശ്രീകല ടീച്ചർ പറഞ്ഞു. സാനു മാഷിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കാനും സംരക്ഷിക്കാനും കൂടുതൽ സാഹിത്യസ്നേഹികളിലേക്കെത്തിക്കാനുമുള്ള ഉദ്യമത്തിനു തുടക്കം കുറിച്ച സമൂഹ് കൊച്ചി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയെപ്പറ്റിയും മാഷിന്റെ സമ്പൂർണ്ണ കൃതിയുടെ ഓരോ വാല്യങ്ങളുടെ പ്രത്യേകതകളെ കുറിച്ചും സമ്മൂഹ് ഭാരവാഹിയും മാഷിന്റെ ശിഷ്യനുമായ കൃഷ്ണദാസ് സംസാരിച്ചു.

യൂറോപ്പിലെ വിവിധസാംസ്കാരികസംഘടനകളുടെ പ്രതിനിധികൾ സാനുമാഷിന്റെ സമ്പൂർണ്ണകൃതിക്ക് ആശംസകൾ നേർന്നു. ബിജി ഗോപാലകൃഷ്ണൻ (ക്രാന്തി അയർലൻഡ്), ശിവഹരി നന്ദകുമാർ (സംസ്‌കാര ജർമ്മനി), രമ്യ കൊരട്ടി (യുവധാര മാൾട്ട), നിയാസ് സി ഐ (രക്തപുഷ്പങ്ങൾ ഇറ്റലി), ലിജിമോൻ മനയിൽ (കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്), മധു ഷൺമുഖം (കൈരളി യു.കെ) എന്നിവർ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സാഹിത്യരാഷ്ട്രീയ ആനുകാലികവിഷയങ്ങളെ പ്രതി സാനു മാഷിന്റെ അഭിപ്രായങ്ങൾ ചോദ്യോത്തരവേളയിൽ ചോദിക്കാനുള്ള അവസരവും കാണികൾക്ക് ലഭിച്ചു.കൈരളി യുകെ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഐശ്വര്യ അലൻ യൂറോപ്പിന്റെ പല ഭാഗങ്ങളിലെ പ്രവാസികളെ കോർത്തിണക്കി ഇത്തരമൊരു സാഹിത്യസദസ്സ് സംഘടിപ്പിക്കാൻ സഹകരിച്ച ഏവർക്കും കൃതജ്ഞത അറിയിച്ചു. ശിഷ്യന്മാരുടെ സാന്നിധ്യം കൊണ്ട് ഒരു ക്ലാസ്സ്‌ മുറി പോലെ ഗൃഹാതുരമായ ഗുരുപൂർണ്ണിമ സദസ്സ് തൊണ്ണൂറ്റിയാറാം വയസ്സിന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാഗുരുവിന് ആയുരാരോഗ്യങ്ങൾ നേർന്നു.

പരിപാടിയുടെ റെക്കോർഡിങ് കാണുവാനുള്ള ലിങ്ക് – https://fb.watch/hf-4x9HZyo/

ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണ് അതു പ്രചരിപ്പിക്കേണ്ടത് ഓരോ ശ്രീനാരായണിയന്റെയും കടമ കൂടിയാണ്. ശ്രീനാരായണ ഗുരു മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാര നിർദ്ദേശങ്ങളാണ് സമൂഹത്തിനു പകർന്നു നൽകിയിട്ടുള്ളത്. മാനവരാശിക്ക് ഗുരു നൽകിയിട്ടുള്ള മഹാമന്ത്രമാണ് “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്നത്. ഈ മഹാമന്ത്രം ജനം ഏറ്റെടുക്കുകയും പരസ്പര സ്നേഹത്തിലധിഷ്ഠിതമായ അതിരുകളില്ലാത്ത ഏകലോകം സംജാതമാവുകയും ചെയ്യുമ്പോൾ മാത്രമാണ് ഗുരുദർശനം പൂർണമായും നടപ്പാവുകയുള്ളൂ.

ഡിസംബർ 10ന് വൈകുന്നേരം 6 മണി മുതൽ ന്യൂപോർട്ടിലെ ഡഫ്രിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ സേവനം യുകെയുടെ വെയിൽസ് യൂണിറ്റിനു തിരി തെളിയുകയാണ്. എല്ലാ ശ്രീനാരായണീയരെയും കുടുംബസമേതം ഈ സമ്മേളനത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു. ഗുരുദേവൻ അരുളിയ പോലെ *സംഘടിച്ചു ശക്തരാകുക* സൂര്യൻ അസ്‌തമിക്കാത്ത ഈ സാമ്രാജ്യത്തിൽ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ നമുക്ക് ഒരേ മനസോടെ കൈ കോർക്കാം.

Venue:-
Duffryn Community Centre
Newport, NP10 8TE

കൂടുതൽ വിവരങ്ങൾക്ക്.

ജനീഷ് ശിവദാസ് : 07448451478
രാജീവ് സുധാകരൻ :07889505733,
അനീഷ് കോടനാട് : 07760901782.

 

 

 

 

Copyright © . All rights reserved