UK

ലൂട്ടണില്‍ പുതിയതായി നിര്‍മ്മിച്ച ഗുരുനാനാക്ക് ഗുരുദ്വാരയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ബ്രിട്ടീഷ് രാജാവ് ചാള്‍സ്. രാജാവിന്റെ ബെഡ്‌ഫോര്‍ഡ്ഷയര്‍ പട്ടണത്തിലേക്കുള്ള ഏകദിന സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഈ പരിപാടി.നീലയും ചാരനിറവും കലര്‍ന്ന കള്ളികള്‍ ഉള്ള വെളുത്ത സിക്ക് തലപ്പാവ് ധരിച്ചാണ് രാജാവ് ഈ ചടങ്ങില്‍ പങ്കെടുത്തത്. മാത്രമല്ല, അതിഥികളെ സ്വീകരിക്കാന്‍ ഹസ്തദാനം ഒഴിവാക്കി ചാള്‍സ് സ്വീകരിച്ച അഭിവാദ്യ രീതിയായ കൈകൂപ്പി നമസ്‌തേ പറഞ്ഞായിരുന്നു അവിടെയുള്ളവരുമായി രാജാവ് ഇടപഴകിയത്. സന്നദ്ധ പ്രവര്‍ത്തകരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. പ്രാര്‍ത്ഥനാ ഹോളില്‍ എത്തിയ അദ്ദേഹത്തിനെ ഷാള്‍ അണിയിക്കുകയും ചെയ്തു.

സിക്ക് സമിതിയിലെ അംഗമായ പ്രൊഫസ്സര്‍ ഗുര്‍ച്ച് റാന്‍ഡാവ രാജാവിനെ ഗുരുദ്വാരയിലേക്ക് സ്വീകരിച്ചാനയിച്ചു. ലൂട്ടണിലെ സിക്ക് സൂപ്പ് കിച്ചന്‍ സ്റ്റാന്‍ഡും രാജാവ് സന്ദര്‍ശിച്ചു. ഭക്ഷ്യക്ഷാമം, പ്രാദേശിക സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് അദ്ദേഹം സന്നദ്ധസേവകരുമായി സംസാരിക്കുകയും ചെയ്തു. സിക്ക് സ്‌കൂള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായും സംസാരിച്ച രാജാവ് അവിടെ പഞ്ചാബിയും പരമ്പരാഗത സംഗീതവും പഠിക്കുന്ന വിദ്യാര്‍ത്ഥികളൂമായും ആശയവിനിമയം നടത്തുകയുണ്ടായി.

ഗുരുദ്വാര സന്ദര്‍ശനത്തിനു മുന്‍പായി ബെഡ്‌ഫോര്‍ഡ്ഷയര്‍ ലോര്‍ഡ് ലെഫ്റ്റനന്റ് സുസന്‍ ലൗസാഡയേയും ലൂട്ടണ്‍ മേയറേയും കൗണ്‍സിലര്‍ സമീര സല്ലെമിനേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങളുടെയും തദ്ദേശ സംഘടനകളുടെയും സാന്നിദ്ധ്യത്തില്‍ ടൗണ്‍ഹാളില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച നടന്നത്. ലൂട്ടണ്‍ ഡാര്‍ട്ട് സന്ദര്‍ശിച്ച രാജാവ് അടുത്തവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഷട്ടിലില്‍ സവാരി ചെയ്യുകയും ചെയ്തു. ഡയറക്ട് എയര്‍- റെയില്‍ ട്രാന്‍സിറ്റ് എന്ന ഡാര്‍ട്ട് ഡ്രൈവര്‍ ഇല്ലാത്ത 2.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള, ഡ്രൈവര്‍ ഇല്ലാത്ത റെയില്‍ ഗതാഗത സംവിധാനമാണ്. ലൂട്ടണ്‍ എയര്‍പോര്‍ട്ട് പാര്‍ക്ക്‌വേ സ്റ്റേഷനില്‍ നിന്നും എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ ഇത് 3 മിനിറ്റ് കൊണ്ട് ഓടിയെത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡെന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ്.

കാനഡയിലെ സ്റ്റേറ്റുകളായ ന്യൂഫൗണ്ട്ലാൻഡിലെയും, ലാബ്രഡോറിലെയും ആശുപത്രികളിലെ നേഴ്സുമാരുടെ ഒഴിവുകൾ നികത്താനാണ് ഈ റിക്രൂട്ട്മെന്റുമായി ഗവൺമെൻറ് മുന്നോട്ടു വന്നിരിക്കുന്നത് . നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ബാംഗ്ലൂരിലാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ന്യൂഫൗണ്ട്ലാൻഡിലെയും ലാബ്രഡോറിലെയും ഗവൺമെൻറ് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഉടൻതന്നെ ബാംഗ്ലൂരിൽ എത്തിച്ചേരും. കർണാടകയിൽ പ്രശസ്തമായ ഒട്ടേറെ നേഴ്സിംഗ് സ്കൂളുകൾ ഉള്ളതാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് നടത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബിഎസ്സി നേഴ്സുമാർ ആദ്യപടിയായി തങ്ങളുടെ വിശദമായ ബയോഡേറ്റ മതിയായ തെളിവുകൾ ഉൾപ്പെടെ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇമെയിൽ അയക്കണം. തൊഴിലിനോടുള്ള ആഭിമുഖ്യവും എന്തുകൊണ്ട്  കാനഡയിലെ ന്യൂഫൗണ്ട്ലാൻഡും ലാബ്രഡോറും ജോലി സ്ഥലമായി തിരഞ്ഞെടുക്കുന്നു എന്ന കാര്യത്തെ ആസ്പദമാക്കി ഒരു ചെറു വിവരണവും ഉൾപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇന്റർവ്യൂ ബാംഗളൂരിൽ ആയിരിക്കും എന്ന് അവർ കൃത്യമായി പറയുന്നു.

കാനഡയെ കുറിച്ചും പ്രസ്തുത സ്ഥലങ്ങളെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കുന്നത്  ഇൻറർവ്യൂ നന്നായി അഭിമുഖീകരിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുക.

@GovNL and @IPGS_GovNL

ലിങ്ക് അഡ്രസ്സ് താഴെ കൊടുക്കുന്നു.

https://www.gov.nl.ca/releases/2022/exec/1103n02/

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒന്നരവർഷം മുമ്പ് മാത്രമാണ് ഷാജി മാത്യു യുകെയിലെത്തിയത്. എന്നാൽ ഈ സമയം കൊണ്ട് തന്നെ അദ്ദേഹം നല്ല സുഹൃത് വലയം സൃഷ്ടിക്കുകയും സുഹൃത്തുക്കളുടെ മനസ്സിൽ കുടിയേറുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സുഹൃത്ത് ഷാജി മാത്യുവിന് യാത്രാമൊഴിയേകാൻ ഇന്നലെ എത്തിച്ചേർന്നത്. ഇന്നലെ ഞായറാഴ്ച 12. 15 മുതൽ 2. 30 വരെയാണ് യുകെയിലെ പ്രിയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷാജി മാത്യുവിന് യാത്രാമൊഴിയേകാനുള്ള പൊതുദർശനത്തിനായി സമയം ക്രമീകരിച്ചിരുന്നത്. ഔവർ ലേഡി ഓഫ് ദ റോസ്മേരി ആൻഡ് സെന്റ് ലൂക്കിലാണ് പൊതുദർശനം നടത്തിയത് .

യാക്കോബായ സഭയിലെ അഭിവന്ദ്യ തിരുമേനി പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒട്ടേറെ വൈദിക പ്രമുഖരും ഷാജി മാത്യുവിന്റെ ഭാര്യ ജൂബിയെയും മക്കളെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഷൂസ്ബറി ഹോസ്പിറ്റലിലെ നേഴ്സായ ഭാര്യ ജൂബിയെയും എട്ടും പതിനൊന്നും വയസ്സുള്ള നെവിൻ ഷാജിയേയും കെവിൻ ഷാജിയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

നവംബർ 26-ാം തീയതിയാണ് ഷൂസ് ബറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത്. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിയിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനുമാണ് ഷാജിയുടെ മാതാപിതാക്കൾ .

ഷാജി മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യുകെയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ കുടുംബത്തിന് അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫോട്ടോ കടപ്പാട് : രഞ്ജിൻ വി സ്ക്വയർ ടിവി

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

അതുല്യമായ ദൈവിക നല്‍വരങ്ങളുടെ ഓർമ്മകളെ അയവിറക്കുവാൻ ഒരു ശീതകാലം – നക്ഷത്രങ്ങളുടെയും വെൺ നിലാവിന്റെയും അകമ്പടിയിൽ പൊൻ തേജസിൽ അടുത്ത് വരുന്ന അനുഭവം. സന്തോഷത്തിന്റെ അനുഭവം ആണ് ഓർമ്മയിൽ ആദ്യം കടന്നുവരുന്നതെങ്കിൽ അതിനുമപ്പുറം ഒരു ത്യാഗത്തിന്റെ അനുഭവം മനസ്സിൽ ഇടം നേടിയില്ലെങ്കിൽ ആദ്യാനുഭവത്തിന് എന്ത് പ്രസക്തി. ഒത്തിരി ഒത്തിരി കാര്യങ്ങളിൽ ആണ് ഈ ക്രിസ്തുമസ് ഓരോരുത്തർക്കും അനുഭവങ്ങൾ നൽകുന്നത് . എന്നാൽ ഒരു കാര്യം മാത്രം പങ്കുവയ്ക്കട്ടെ .

ദൈവം നമുക്ക് നൽകിയ വലിയ ധനം ആണ് സ്നേഹം . സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും നാം ആഗ്രഹിക്കാറുണ്ട്. അതിൻറെ അർത്ഥപൂർണ്ണമായ തലം ആണ് സ്നേഹാഗ്‌നിയിൽ നിറയുക അല്ലെങ്കിൽ സ്നേഹാഗ്‌നിയിൽ എരിയുക. ഒരു ഉദാഹരണം രണ്ട് വ്യക്തികൾ യെരുശലേമിൽ നിന്ന് എമ്മാവൂസിലേക്ക് പോകുകയായിരുന്നു. അവരുടെ അന്തരംഗം അഗ്നിയാൽ ചൂടുപിടിച്ചു. ലൂക്കോസ് 24 : 32 കാരണം ദൈവ സാന്നിധ്യം അഥവാ ദൈവ സംസർഗ്ഗം .

ഒരു ക്രിസ്തുമസ് കാലയളവ് നൽകുന്ന പ്രതീതിയും മറ്റൊന്നല്ല. തണുത്തുറഞ്ഞ ഹൃദയ അവസ്ഥകളെ ആത്മാവിൽ ചൂട് പിടിപ്പിച്ച് ചാരത്തിൽ നിന്ന് കനലിലേക്കുള്ള യാത്ര – പ്രചോദനം, പരിവർത്തനം, ഇവ അല്ലേ ക്രിസ്തുമസ് .

നല്ല വർഷം നല്ല ഫലം കായ്ക്കണം. ഒരു നല്ല വൃക്ഷത്തിനും ചീത്തഫലം കായ്ക്കുവാൻ കഴിയുന്നതല്ല. അങ്ങനെ ആയാൽ അതിനെ വെട്ടി തീയിൽ ഇടും . മത്തായി 7: 12 – 20 . ഇതാണ് യാഥാർത്ഥ്യം എങ്കിൽ നമ്മുടെ അവസ്ഥ എന്താകും. വൃക്ഷത്തെ ഫലം കൊണ്ട് അറിയാം എന്നല്ലേ പ്രമാണം. ഇത്രയും നാളും നാം വളർന്നു . എന്ത് ഫലം ആണ് നൽകുവാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ ക്രിസ്തുമസും നമുക്ക് തരുന്ന അവസരം ക്രിസ്തുവിൽ ജനിക്കുവാനാണ്. ക്രിസ്തുവിൽ വളരുവാനാണ്. ക്രൈസ്തവ ഫലങ്ങൾ നൽകുവാനാണ്. അന്തരംഗം തണുത്തുവോ ചോദിക്കൂ നമ്മോട് തന്നെ. ക്രിസ്തുവിലുള്ള സ്നേഹം നമ്മെ ചൂടുപിടിപ്പിക്കട്ടെ. ക്രിസ്തു പറയുന്നത് എന്നോട് അനുകൂലം അല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു.

ക്രിസ്തുമസ് നമ്മെ വിളിക്കുന്നത് ഏദനിലേക്കുള്ള ഒരു യാത്രയ്ക്കായാണ് . ദൈവപുത്രൻ ത്യാഗത്തിലൂടെ മനുഷ്യനായി അവതരിച്ച് നമ്മെ ദൈവതുല്യരാക്കുവാൻ ഈ ത്യാഗം ഒരു സമ്മാനമായി നാം സ്വീകരിക്കുന്നു. എന്നാൽ ഈ വലിയ സമ്മാനം നാം വിസ്മരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടാണ് നാം ആഘോഷങ്ങളിൽ തൃപ്തരാകുന്നത്.

മത്തായി 1: 22 കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് പേർ വിളിക്കും. ഇതാണ് മുൻ പ്രസ്താവിച്ച സമ്മാനം ദൈവ സമ്മാനം – ദൈവ സമ്മാനം. കരുതലിന്റെ സമ്മാനം . രക്ഷയുടെ സമ്മാനം.

ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. ഇങ്ങനെ നാം ക്രിസ്തുവിലായി അനേകർക്ക് ഈ സമ്മാനം എത്തിച്ചു കൊടുക്കുവാൻ ഈ ക്രിസ്തുമസ് ആഹ്വാനം ചെയ്യുന്നു. നീ അകത്തേക്ക് വരൂ . എനിക്ക് ലഭിച്ച സമ്മാനം നിനക്കായ് തരുന്നു. നിൻറെ വേദനയുടെ പരിഹാരകൻ , നിന്റെ നിരാശയുടെ ആശ്വാസകൻ, നിന്റെ രോഗത്തിന്റെ വൈദ്യൻ, നിന്റെ പാപത്തിന്റെ മോചകൻ . ഇതൊക്കെയാണ് എനിക്ക് ലഭിച്ച സമ്മാനം, എനിക്ക് നൽകുവാനുള്ളതും . കുഞ്ഞേ അകത്ത് വരൂ . ഈ സമ്മാനം നിനക്കുള്ളതാണ്.

സ്നേഹത്തോടെ ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . മലയാളിയുടെ സാംസ്‌കാരിക തനിമയും , ക്രൈസ്തവ സ്ത്രീ കൂട്ടായ്മയുടെ കരുത്തും , സാഹോദര്യവും , കൂട്ടായ്മയും വിളിച്ചോതി യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സ്ത്രീ സംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം ബർമിംഗ് ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമായി രണ്ടായിരത്തിൽ പരം വനിതകൾ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായ മെത്രാൻ മാർ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്തു . രാവിലെ സി . ആൻ മരിയ എസ് എച്ചിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ റെവ. ഡോ വർഗീസ് പുത്തൻപുര , ഡോ മേരി മക്കോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു . സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .

ദൈവിക പദ്ധതിയുടെ പൂർത്തീകരണമാണ് ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം . ഈ കുടിയേറ്റത്തിൽ സ്ത്രീകൾക്ക് നിർണ്ണായകമായ പങ്കാണുള്ളത് . സൗന്ദര്യം പൂർണ്ണത പ്രാപിക്കുന്നത് വിശുദ്ധിയിൽ ആണ് വിശുദ്ധി എന്നത് ദൈവത്തിന്റെ പേരാണ് .വിശുദ്ധി സ്വന്തമാക്കുന്നവർ ദൈവത്തെ സ്വന്തമാക്കുന്നു . അതുകൊണ്ടാണ് ദൈവം സമ്പൂർണ്ണ സൗന്ദര്യമാണെന്ന് പറയുക , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറഞ്ഞത് കൊണ്ടാണ് ഒരു സൃഷ്ടി ആയ മറിയം സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണം മാർ സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെലൂസ് മാരായ വെരി റെവ ഫാ. ജോർജ് ചേലക്കൽ , വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് , വിമൻസ് ഫോറം കമ്മീഷൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ ,സി കുസുമം എസ് എച്ച് . പ്രസിഡന്റ് ഡോ . ഷിൻസി മാത്യു ,എന്നിവർ പ്രസംഗിച്ചു .വിശുദ്ധ കുർബാനയർപ്പണത്തിനു ശേഷം വിവിധ റീജിയനുകളുടെ നേതുത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി . ചടങ്ങിനോടനുബന്ധിച്ച് വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു .

വിമൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ . ഷിൻസി മാത്യു, വൈസ് പ്രസിഡന്റ് ജൈസമ്മ ആഗസ്തി സെക്രെട്ടറി റോസ് ജിമ്മിച്ചൻ , ജോയിന്റ് സെക്രട്ടറി ജിൻസി വെളുത്തേപ്പിള്ളി , ട്രെഷറർ ഷിനി സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം രൂപത എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും , കൗൺസിലേഴ്സിന്റെയും നേതൃത്വത്തിൽ ഉള്ള വിവിവിധ കമ്മറ്റികൾ ആണ് പരിപാടികൾ ഏകോപിപ്പിച്ചത് . മഞ്ജു സി പള്ളം , റീന , രശ്മി മനു എന്നിവർ വളരെ മനോഹരമായി പരിപാടി ആങ്കർ ചെയ്തതും ഏറെ ആകർഷകമായി .

ലിവർപൂൾ/ വിരാൾ: യുകെ മലയാളികൾക്ക് ഇത് ദുഃഖത്തിന്റെ നാളുകൾ. ലിവർപൂളിനടുത്തു ബെർക്കൻ ഹെഡ്‌ ,റോക്ക് ഫെറിയിൽ  താമസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്ന വിചിൻ വർഗ്ഗീസ്സ് (23) എന്ന യുവാവിനെയാണ്  ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ടത്.

സംഭവം ഇങ്ങനെ. ഇന്നലെ വൈകീട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു പരേതനായ വിചിൻ വർഗ്ഗീസ്സ് താമസിച്ചിരുന്നത്. ലിവർപൂളിൽ നിന്നും ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചിരുന്നത്.  ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകീട്ടോടെ ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു.

ആറ് മണിയോടെ ആണ് പുറത്തുപോയ മലയാളികൾ തിരിച്ചുവരുന്നത്. കൂട്ടുകാരൻ എന്തെടുക്കുന്നു എന്നറിയാനായി കതകിൽ തട്ടിയത്. എന്നാൽ കതക് അടച്ചിട്ടില്ലായിരുന്നു. കതകു തുറന്നു നോക്കിയ മലയാളി സുഹൃത്തുക്കൾ കണ്ടത് മരിച്ചു കിടക്കുന്ന വിചിൻ വർഗ്ഗീസ്സിനെയാണ്‌ എന്നാണ് അറിയുന്നത്.

ഉടൻ തന്നെ ആംബുലൻസ് സർവീസ്, പോലീസ് എന്നിവർ എത്തി. ഫ്ലാറ്റ് കോർണർ ചെയ്യുകയും ചെയ്തു. പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് പുറംലോകമറിയുന്നത്.

പുറത്തുവരുന്ന വിവരമനുസരിച്ചു മലയാളി സ്ഥാപനം വഴി കെയറർ ആയായിട്ടാണ് വിചിൻ വർഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലി ചെയ്തിരുന്ന സ്ഥാപനം സ്ഥിരജോലി വാഗ്‌ദാനം ചെയ്തിരുന്നു എന്നും ആ ജോലി ലഭിക്കുന്നതുമായി ഏജൻസിയുമായി ചില തർക്കങ്ങൾ ഉടലെടുത്തു എന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. എന്തായാലും റൂമിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.

എന്നിരുന്നാലും സംഭവം നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.

വിചിൻ വർഗ്ഗീസ്സിന്റെ അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ബിർമിംഗ്ഹാം .ഡിസംബർ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൻെറ ഒരുക്കങ്ങൾ ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്നു. റവ. ഫാ. ജോസ് അഞ്ചാനിക്കൽ അച്ചൻെറ നേതൃത്വത്തിലും വുമൺസ് ഫോറത്തിൻെറ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൻെറ സംഘാടകരും ഇതിൽ സഹകരിച്ചുകൊണ്ടാണ് പരിപാടികൾ പുരോഗമിക്കുന്നത്. രൂപതയിലെ എട്ട് റീജിയണുകളിൽനിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ഈ വനിതാ സമ്മേളനത്തിലേക്ക് എത്തും. രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് നടക്കുന്ന സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്യും .

ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 100 പേരടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും . സമ്മേളനത്തിൽ വച്ച് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വനിതാ ഫോറം മുൻഭാരവാഹികളെയും ആദരിക്കും.

രൂപതയിലെ എട്ട് റീജിയണുകളിൽനിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മിഴിവേകും . വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. സഭയുടെ വളർച്ചക്കും സുവിശേഷവത്കരണത്തിനും സ്ത്രീകൾക്ക് ഏറെ ചെയ്യുവാനുണ്ട് എന്ന ദീർഘവീക്ഷണത്തേടെ അഭിവന്ദ്യ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച രൂപത വിമൻസ് ഫോറം ഇന്ന് രൂപതയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങളോടെ ചേർന്ന് പ്രവർത്തിക്കുന്നു.

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സി. ആൻ മരിയ എസ്എച്ച് പ്രാരംഭപ്രാർഥന നയിക്കുകയും റവ .ഡോ. ബാബു പുത്തൻപുരക്കൽ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. വനിതാ ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും .രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വനിതാ ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യുമെന്ന് വനിതാ ഫോറം സെക്രട്ടറി റോസ് ജിമ്മിച്ചൻ അറിയിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും
ലണ്ടന്‍ സന്ദര്‍ശനത്തിന് ചെലവായത് 43.14 ലക്ഷം രൂപ. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനില്‍ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്.

വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ഒക്ടോബര്‍ എട്ടുമുതല്‍ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ നാലുമുതലായിരുന്നു സന്ദര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന്‍ കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി എസ്.ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്.

സ്‌കോട്ട്‌ലന്റ് തലസ്ഥാനമായ എഡിന്‍ബ്രയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്. ഫെറി റോഡ് പ്രദേശത്ത് രാത്രി ജോലി കഴിഞ്ഞു ബസ് കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണില്‍ ജോര്‍ജ് ആണു അക്രമിക്കപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചെങ്കിലും ബിനു മാറി പോകുവാന്‍ ശ്രമിച്ചു, പിന്നീട് അവര്‍ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. മുഖത്ത് പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരില്‍ ഒരാള്‍ ബിനുവിന്റെ ബാഗ് എടുത്ത് ഓടി. ഇത് കണ്ട് ഓടി കൂടിയ നാട്ടുകാരാണു പോലീസിനെയും ആംബുലന്‍സും വിളിച്ചത്. തുടര്‍ന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കള്‍ എത്തുകയും പോലീസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി താന്‍ ജോലി ചെയ്യുന്ന പ്രദേശത്ത് നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത് ബിനു ഞെട്ടലോടെയാണു പുറം ലോകത്തോട് പറഞ്ഞത്. പൊതുവേ വംശീയ അക്രമണങ്ങള്‍ കുറവുള്ള സ്‌കോട്‌ലന്റില്‍ ഇത്തരം അക്രമണങ്ങള്‍ കൂടി വരുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നു. അടുത്തയിടയില്‍ ഏഷ്യന്‍ വംശജരുടെയും വിദ്യാര്‍ത്ഥികളുടെയും വരവ് കൂടിയത് തദ്ദേശിയരില്‍ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഈ സാഹചര്യത്തില്‍ കഴിവതും രാത്രി കാലങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവര്‍ സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍ മനസ്സിലാക്കുകയും ഒഴിവാക്കുകയും,ഏതെങ്കിലും ആക്രമണങ്ങള്‍ നേരിട്ടാല്‍ അത് പോലീസില്‍ അറിയിക്കുകയും വേണം.

ലണ്ടൻ/ സസ്സെക്സ് : വളരെയേറെ പ്രതീക്ഷകളോടെ ഒരു നഴ്‌സായി യുകെയിൽ എത്തിയ നിമ്യ മാത്യു.  എത്തിയിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിമ്യ മാത്യൂസ് (34) മരണമടഞ്ഞു എന്ന ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്‌സിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി എത്തിയ മലയാളി യുവതിയാണ് പരേതയായ നിമ്യ മാത്യൂസ്.

ബെക്സ്ഹിൽ എൻഎച്ച്എസ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനകളെത്തുടർന്ന് തലയിൽ ട്യൂമർ കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ഇന്ന് ഉച്ചയോടെ  മരണമടയുകയായിരുന്നു.

മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും  അടങ്ങുന്നതാണ്യു കുടുംബം. ഇവർ യുകെയിൽ എത്തിയിട്ട് അധികം ആയില്ല എന്നാണ് പുറത്തുവരുന്ന വിവരം.  ഏതാനും സുഹൃത്തുക്കൾ മാത്രമാണ് ലിജോയ്ക്കും മകനും ആശ്വാസമായി അടുത്തുള്ളത്.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാത്രമേ അറിയുകയുള്ളൂ. നിമ്യ മാത്യൂസിന്റെ  അകാല വേർപാടിൽ ദുഃഖിതരായിരിക്കുന്ന ബന്ധുമിത്രാതികളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതയായ നിമ്യ മാത്യൂസിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

 

Copyright © . All rights reserved