UK

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നമ്മുടെ നാട്ടിലെ ഒരു സാധാ മനുഷ്യ കുടുംബത്തോട് ചോദിച്ചു നോക്കൂ അവർ എന്നെങ്കിലും ഇരുപതിനായിരം രൂപ പോയിട്ട് പതിനായിരം രൂപ ഒരുമിച്ചു കണ്ടിട്ടുണ്ടോയെന്ന് . അപ്പോഴാണ് 20,000 രൂപക്ക് മാതാവ് അനുഗ്രഹം വാരിവിതറുന്നുവെന്ന് പറഞ്ഞു സാധാ മനുഷ്യരുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന നിങ്ങളോടെന്ത് പറയാനാണ് …

മാതാവ് എന്നാൽ സ്വന്തം വയർ കെട്ടിമുറുക്കി മക്കളെ ഊട്ടുന്നവളാണ് ….
അല്ലാതെ രൂപയുടെ എണ്ണവും കനവും നോക്കി അനുഗ്രഹം വിതറുന്നവർ മാതാവല്ല കച്ചവടക്കാരാണ് …
ഞങ്ങൾ ക്രിസ്ത്യാനികൾക്കറിയാവുന്ന മാതാവ് മക്കളുടെ വിശപ്പും ദാഹവും മനസിലാക്കുന്നവളാണ് …
കരയുന്നവരുടെ കണ്ണീരൊപ്പുന്നവളാണ് ….

ഞാനൊരു സത്യക്രിസ്ത്യാനിയാണ് , ക്രിസ്ത്യാനിറ്റിയിൽ വളർന്നവളാണ്, അതിനാൽ സാധാ മനുഷ്യരുടെ സാരഥിയായ് , ദൈവിക പുരുഷന്മാരോടുള്ള റെസ്‌പെക്ട് നിലനിർത്തി കൊണ്ടുതന്നെ പറയാം , സഭാനേതാക്കൻമാർ ‌ അവർ ഏതു മതത്തിൽ പെട്ടവരായാലും ഈ ഇരക്കുന്നത് ഭയങ്കര നാണക്കേടു തന്നെയാണ് ….
അതും 9 വർഷത്തോളം സന്യസ്ത ജീവിതം പഠിച്ചിറങ്ങിയെന്നു വാദിക്കുന്ന സന്യസ്തർ, സന്യസ്ത ജീവിതമെന്നാൽ ഇല്ലായ്മയിലും ദൈവത്തെ സ്തുതുക്കുന്നതാണെന്ന് നിങ്ങളിനി എന്ന് മനസിലാക്കും …

ഈ ലോകത്തിലൊരു വീടും ഇന്നേവരെ ഒരു പള്ളിയുടെയും ബലത്തോടെ പണിതുയർക്കപ്പെട്ടിട്ടില്ല സഭാ തലവന്മാരെ…. .
പിന്നെന്തിന് പള്ളികൾ മാത്രം എപ്പോഴും എപ്പോഴും പുതുക്കപ്പെടണം ?

ഈ പണത്തിനായി ഈ ഇരക്കുന്ന സന്യസ്തർ തന്നെ തന്റെ സ്വന്തം കൂടാരം വിട്ടൊന്ന് പച്ച മനുഷ്യരിലേക്കിറങ്ങിയാൽ മനസിലാകും എത്ര വീടുകൾ ഇപ്പോഴും ചോർന്നൊലിക്കുന്നുണ്ടെന്ന് …

എത്ര വീടുകൾ ഇപ്പോഴും പലവിധ ലോണിന്റെ ഭാരം പേറുന്നുണ്ട് എന്ന് …..

എത്ര വീട്ടുടമസ്ഥൻ എന്നും വിഷം മടിയിൽ കരുതി ഉറങ്ങുന്നുണ്ടെന്ന്

ഇതൊക്കെ അറിയണേൽ നിങ്ങൾ ആ മഹ്ബദയിൽ നിന്ന് ഒന്ന് താഴേക്ക് , സാധാരണ മനുഷർക്കിടയിലേക്കിറങ്ങണം …

അല്ലങ്കിൽ തന്നെ നമ്മുടെ കേരത്തിൽ പള്ളികൾക്കെവിടാണ് ക്ഷാമം ?

ഇപ്പോഴും എത്ര വിശ്വാസികൾ വിശ്വാസികളായി തുടരുന്നുണ്ട് എന്ന് നിങ്ങൾക്ക് വല്ല കണക്കുമുണ്ടോ ? നിങ്ങളുടെ പിരിക്കൽ കൂടിയതനുസരിച്ചു നിങ്ങളുടെ മക്കൾ പിരിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുകയാണ് …

ഇനി അതും പോട്ടെ , നിങ്ങൾ പിരിച്ചു പിഴിഞ്ഞെടുത്ത ഏതെങ്കിലും കുഞ്ഞാടുകളൊരിക്കൽ നിങ്ങളുടെ മേധാവിത്വമുള്ള ആശുപത്രികളിൽ ചുമച്ചു കുരച്ചു വന്നുവെന്നിരിക്കട്ടെ, അവരെ ഇൻജെക്ഷൻ വക്കാൻ ക്ലീൻ ചെയ്യുന്ന ഒരു പഞ്ഞി തുണ്ടെങ്കിലും നിങ്ങൾ വെറുതെ കൊടുക്കാറുണ്ടോ ?
ഏതെങ്കിലും കുഞ്ഞാടിന്റെ വീട്ടിൽ ഇന്ന് കാടിയോ പുല്ലോ കിട്ടിയോ എന്ന് നിങ്ങൾ ഉറപ്പു വരുത്താറുണ്ടോ ?
മനുഷ്യാ നീ മണ്ണാകുന്നു എന്ന് ഒപ്പീസുച്ചൊല്ലി ആശീർവദിച്ച ഒരു മൃതശരീരമെങ്കിലും ഫ്രീയായി നിങ്ങൾ മണ്ണിനു വിട്ടുകൊടുക്കാറുണ്ടോ ?

ആരെയും അധിക്ഷേപിച്ചതല്ല, ഒരു മതവും ഒരു മനുഷ്യനേക്കാൾ വലുതല്ലയെന്ന് പറഞ്ഞു വയ്ക്കുന്നു ….

ഷൂസ്ബറി: യുകെ മലയാളികളെ ഞെട്ടിച്ചു ഷൂസ്‌ബറിയിൽ മലയാളി മരണം. ഷൂസ്‌ബെറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ആണ് ഇന്ന് വെളുപ്പിന് മരണമടഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനും ആണ് ഷാജിയുടെ മാതാപിതാക്കൾ . സിനി, സിബു എന്നിവർ സഹോദരി സഹോദരന്മാരാണ്. ഷാജി ഒന്നരവർഷം മുൻപാണ് കുടുംബസമേതം യുകെയിൽ എത്തിയത്. ഏഴും പതിനൊന്നും വയസുള്ള നെവിൻ ഷാജിയും കെവിൻ ഷാജിയുമാണ് ഷാജി ജൂബി ദമ്പതികളുടെ മക്കൾ . ഭാര്യ ജൂബി ഷൂസ്ബറി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.

ഇന്നലെ പതിവുപോലെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ ജോലിക്കെത്തിയതായിരുന്നു നഴ്‌സായ ഷാജി. രാത്രി പന്ത്രണ്ടരയോടെ ഷാജിക്ക് ഉണ്ടായിരുന്ന ബ്രേക്ക് എടുത്തു റസ്റ്റ് റൂമിൽ ഇരിക്കെയാണ് അസ്വസ്ഥത തോന്നിയത്. ഉടനടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഉൾപ്പെടെയുള്ള മലയാളികൾ എത്തുകയും സി പി ർ കൊടുക്കുകയും ചെയ്തു. ആംബുലൻസ് ടീമും സ്ഥലത്തെത്തി. വെറും അഞ്ച് മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം ഷാജി മാത്യുവിനെ കീഴ്‌പ്പെടുത്തിയിരുന്നു.

സംഘടനയിൽ വളരെ സജീവമായിരുന്നു ഷാജിയും കുടുംബവും. എല്ലാവരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു ഷാജിക്ക്. യാക്കോബായ സമുദായ അംഗമാണ് പരേതൻ. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിൽ ആയിരുന്നു ഷാജിയും കുടുംബവും എത്തിയിരുന്നത്.

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തിനെ അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

യൂറോപ്പിലെ ഏറ്റവും മികച്ച പട്ടണത്തിനുള്ള പുരസ്കാരം അയർലൻഡിലെ ഡണ്‍ലേരിയ പട്ടണത്തിന് ലഭിച്ചു. അക്കാദമി ഓഫ് അര്‍ബനിസം പുരസ്‌കാരമാണ് ഡണ്‍ലേരിയ്ക്ക്(Dun laoghaire) ലഭിച്ചത്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലുള്ള ഏറ്റവും മികച്ചതും, നിലനില്‍ക്കുന്നതും, മെച്ചപ്പെട്ടതുമായ പരിതസ്ഥിതിയെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ് നൽകിയിരിക്കുന്നത്. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റ് ടൗണ്‍ 2022 പുരസ്‌കാരം ഏറ്റുവാങ്ങിയത് ഡണ്‍ലേരി-റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സിന്റെ മേയര്‍ മേരി ഹാനഫിന്‍ ആണ്.

ഡണ്‍ലേരിയെ ഈ അവാര്‍ഡിന് അര്‍ഹത നേടിയത് ടൗണിന്റെ നഗര ഗ്രാമങ്ങളെ ബന്ധിപ്പെടുത്തിയുള്ള പ്രോജക്ടുകള്‍, കുളിക്കാനുള്ള ഇടങ്ങള്‍, നടപ്പാതകള്‍, പാര്‍ക്കുകള്‍ എന്നിങ്ങനെ തീരത്തുടനീളമുള്ള പദ്ധതികളിലൂടെയാണ്.ഡണ്‍ലേരിയയിലെ വിജയകരവും,ചെലവ് കുറഞ്ഞതുമായ നഗരവല്‍ക്കരണത്തെ പറ്റിയും ഈ അവാര്‍ഡില്‍ പരാമര്‍ശിച്ചിരുന്നു. നഗരത്തിലെ പ്രധാന തെരുവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ നടപ്പാതവല്‍ക്കരണവും അവാർഡിൽ പരിഗണിക്കപ്പെട്ടു.

അവാര്‍ഡ് നിര്‍ണ്ണയത്തിന് വേണ്ടി ഈ മാസം ആദ്യം അക്കാദമിയുടെ ടീം ഡണ്‍ലേരി സന്ദര്‍ശിച്ചിരുന്നു. കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഫ്രാങ്ക് കുറാനും,മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും, കൗണ്‍സിലര്‍മാരും ലോക്കല്‍ ബിസിനസ്സുകളും, ടൈഡി ടൗണ്‍സ് പ്രതിനിധികളെല്ലാം ചേര്‍ന്ന് അവര്‍ക്ക് വേണ്ടി വാക്കിംഗ് ടൂർ സംഘടിപ്പിച്ചിരുന്നു. ടൂറിൽ ഉൾപ്പെട്ടിരുന്നത് കോസ്റ്റല്‍ മൊബിലിറ്റി സൈക്കിള്‍ റൂട്ട്, ഡണ്‍ലേരി ഹാര്‍ബര്‍, ഡി എല്‍ ആര്‍ ലെക്സിക്കണ്‍ ലൈബ്രറി, ജോര്‍ജ്ജ് പ്ലേസ് സോഷ്യല്‍ ഹൗസിംഗ് എന്നിവയും ബ്ലൂംഫീല്‍ഡ് ഷോപ്പിംഗ് സെന്ററിന് സമീപമുള്ള മര്‍ട്ടില്‍ സ്‌ക്വയര്‍, കോണ്‍വെന്റ് ലെയ്ന്‍ പബ്ലിക് പ്ലാസ എന്നീ പുതിയ പദ്ധതികളൊക്കെയാണ്.

ഗ്ലാസ്‌ഗോയിലെ ഗോവന്‍ഹില്ലിനാണ് 2022ലെ അക്കാദമിയുടെ ഗ്രേറ്റ് നൈബര്‍ഹുഡ് അവാര്‍ഡ് ലഭിച്ചത്. ഗ്രേറ്റ് സ്ട്രീറ്റ് പുരസ്‌കാരം സ്‌കോട്ട്ലന്റിലെ പെര്‍ത്തിലെ മില്‍ സ്ട്രീറ്റിനാണ്. യോര്‍ക്ക്ഷെയറിലെ ഹാലിഫാക്സിലെ പീസ് ഹാളിന് ഗ്രേറ്റ് പ്ലേസ് അവാര്‍ഡാണ് ലഭിച്ചത്. അക്കാദമിയുടെ ഗ്രേറ്റ് സ്ട്രീറ്റ് അവാര്‍ഡ് 2015ല്‍ കോര്‍ക്കിലെ ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റിന് ലഭിക്കുകയുണ്ടായി. ഗ്രേറ്റ് സിറ്റി 2022 അവാര്‍ഡ് ലഭിച്ചത് ഇറ്റലിയിലെ ട്രൈസ്റ്റെയ്ക്കാണ്.

ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത് കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന്റെ സ്മരണയിൽ ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം വര്‍ഷം തോറും നടത്തിവരുന്നു.

ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. ഒൻപതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (9 th London Chembai Music Festival) ഇക്കൊല്ലം നവംബര്‍ 26 ന് 2 മണി മുതല്‍ വിവിധ പരിപാടികളോടെ ക്രോയിഡോണില്‍ അരങ്ങേറുന്നതാണ് . അനുഗ്രഹീത ഗായകന്‍ ശ്രീ രാജേഷ് രാമന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംഗീത മഹോത്സവത്തിൽ സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുന്‍വര്‍ഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു ലണ്ടനിലെ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഈ വര്‍ഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നു.

ശ്രീ ജോസ്ജെയിംസ് (സണ്ണി), ശ്രീ സമ്പത് ആചാര്യ, ശ്രീമതി സ്‌മൃതി സതീഷ്, ശ്രീ അരുൺ ശ്രീനിവാസൻ, ഉപ ഹാർ സ്കൂൾ ഓഫ് മ്യൂസിക്, സിദ്ധി വികാസ് ആര്‍ട്‌സ് അക്കാദമി, ഭജ ഗോവിന്ദം മ്യൂസിക് സ്കൂൾ , ശ്രുതിമനോലയ മ്യൂസിക് സ്‌കൂള്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി തുടങ്ങി യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകള്‍ സംഗീതോത്സവത്തില്‍ സ്വരാഞ്ജലി അര്‍പ്പിക്കും. പ്രശസ്ത മൃദംഗ വിദ്വാന്‍ ബാംഗ്ലൂര്‍ പ്രതാപ്, വയലിന്‍ വിദ്വാന്‍ രതീഷ് കുമാര്‍ മനോഹരന്‍ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാര്‍ച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന ഒൻപതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ ആഘോഷിക്കപ്പെടുന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാര്‍ച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തില്‍ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികള്‍ വിജയകരമാക്കാന്‍ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ സംഗീതോത്സവത്തിനു സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക , Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

യുകെ മലയാളി ബൈക്ക് അപകടത്തില്‍ മരിച്ചു. വെയില്‍സിലെ പെന്‍ിപ്രിഡില്‍ താമസിക്കുന്ന ജിന്റോ എല്‍ദോസ് (33) ആണ് നാട്ടിൽ ദാരുണ മരണം സംഭവിച്ചത്. തങ്കളം ഗ്രീന്‍വാലി ജംഗ്ഷനില്‍ മുണ്ടേക്കുടി സ്വദേശിയാണ് ജിന്റോ. മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മാമോദീസാ ചടങ്ങ് കഴിഞ്ഞ് തിരികെ വരവേ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ കദളിക്കാടിന് സമീപം ജിന്റോ ഓടിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഏകമകന്റെ മാമോദീസ കഴിഞ്ഞു തൊടുപുഴയിലെ ഭാര്യ വീട്ടില്‍ നിന്ന് തങ്കളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞിന്റെ മാമോദീസ നടത്തുന്നതിനായി ജിന്റോയും കുടുംബവും നാട്ടിലെത്തിയത്. കുരുന്നിന്റെ മാമോദിസ ആഘോഷങ്ങളുടെ നിറവില്‍ നില്‍ക്കെ കുടുബങ്ങങ്ങൾക്ക് മുഴുവന്‍ കണ്ണീര്‍ സമ്മാനിച്ചതാണ് ജിന്റോയുടെ മരണവാര്‍ത്ത എത്തിയത്. കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ സംസ്‍കാരം നടത്തി

സ്കോട്ടിഷ് പാർലമെന്റിന് ഏകപക്ഷീയമായി രണ്ടാം ഹിതപരിശോധന നടത്താൻ അധികാരമില്ലെന്ന് യുകെ സുപ്രീം കോടതി വിധിച്ചു. 2014 ലെ ആദ്യ റഫറണ്ടത്തെ തുടർന്ന് രണ്ടാമത്തെ വോട്ട് മുന്നോട്ട് പോകാമോ എന്നതിനെക്കുറിച്ചുള്ള തീരുമാനത്തിനായി ലോർഡ് അഡ്വക്കേറ്റിന്റെ (സ്കോട്ടിഷ് ഗവൺമെന്റിന്റെ മുതിർന്ന നിയമ ഉദ്യോഗസ്ഥൻ) അഭ്യർത്ഥനയ്ക്ക് മറുപടിയായാണ് ഈ വിധി.

നിക്കോള സ്റ്റര്‍ജന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് സുപ്രീംകോടതി. യുകെയില്‍ നിന്നും വേര്‍പിരിക്കാനുള്ള സ്‌കോട്ട്‌ലണ്ട് ഫസ്റ്റ് മിനിസ്റ്ററുടെ നിയമപോരാട്ടമാണ് തിരിച്ചടി നേരിട്ടത് . വെസ്റ്റ്മിന്‍സ്റ്റര്‍ അംഗീകാരം ഇല്ലാതെ ഒരു ഹിതപരിശോധന നടത്താന്‍ ഇവര്‍ക്ക് കഴിയില്ലെന്നാണ് സുപ്രീംകോടതി ഐക്യകണ്‌ഠേന പ്രഖ്യാപിച്ചത്.

എന്നാല്‍ യുകെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു പങ്കാളിത്തമല്ലെന്നാണ് എസ്എന്‍പി നേതാവിന്റെ വാദം. സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടതോടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി നിയമപരമായിരിക്കുമെന്ന് നിക്കോള സമ്മതിച്ചിട്ടുണ്ട്. ജനാധിപത്യം അവഗണിക്കുന്നത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി സുനാകിനോട് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ആവശ്യപ്പെട്ടു. ഒരു ബാലറ്റ് നടത്തുന്നതിന് പ്രധാനമന്ത്രി ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നും ഇവര്‍ പറയുന്നു.

‘എസ്എന്‍പി ഹിതപരിശോധനാ വഴി ഉപേക്ഷിക്കുന്നില്ല, എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഇത് തടയുകയാണ്’, നിക്കോള ആരോപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പ് എസ്എന്‍പി നേരിടുന്നത് സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കിയാകുമെന്നും ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു. 2024-ല്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌കോട്ട്‌ലണ്ടിലെ വോട്ടുകളില്‍ ഭൂരിപക്ഷവും വിഭജനത്തിന് അനുകൂലമായി കണക്കാക്കാമെന്ന് നിക്കോള നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ 2019ല്‍ ഈ ഭൂരിപക്ഷം നേടാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഗ്രീന്‍, ആല്‍ബ വോട്ടുകളും ഈ ഗണത്തില്‍ കണക്കാക്കണമെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുക.

സുപ്രീംകോടതി വിധി വ്യക്തവും, ആധികാരികവുമാണെന്ന് സുനാക് ഹൗസ് ഓഫ് കോമണ്‍സില്‍ വ്യക്തമാക്കി. ‘ഇനി രാഷ്ട്രീയക്കാര്‍ ഒരുമിച്ച് ജോലി ചെയ്യണം, അതാണ് ഈ ഗവണ്‍മെന്റ് അതാണ് ചെയ്യുക’, സുനാക് പറഞ്ഞു. കുറച്ച് നാള്‍ മുന്‍പ് മാത്രം നടന്ന ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കാതെ വീണ്ടുമൊരു ജനാഭിപ്രായം തേടുന്നത് അവസാനിപ്പിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വിശദമാക്കി.

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനം ഡിസംബർ മൂന്നിന് ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും . രൂപതയിലെ എട്ട് റീജിയണുകളിൽനിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ഈ വനിതാ സമ്മേളനത്തിലേക്ക് എത്തും. രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് നടക്കുന്ന സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്യും .

ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 100 പേരടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും . സമ്മേളനത്തിൽ വച്ച് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വനിതാ ഫോറം മുൻഭാരവാഹികളെയും ആദരിക്കും.

രൂപതയിലെ എട്ട് റീജിയണുകളിൽനിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മിഴിവേകും . വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. സഭയുടെ വളർച്ചക്കും സുവിശേഷവത്കരണത്തിനും സ്ത്രീകൾക്ക് ഏറെ ചെയ്യുവാനുണ്ട് എന്ന ദീർഘവീക്ഷണത്തേടെ അഭിവന്ദ്യ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച രൂപത വിമൻസ് ഫോറം ഇന്ന് രൂപതയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങളോടെ ചേർന്ന് പ്രവർത്തിക്കുന്നു.

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സി. ആൻ മരിയ എസ്എച്ച് പ്രാരംഭപ്രാർഥന നയിക്കുകയും റവ .ഡോ. ബാബു പുത്തൻപുരക്കൽ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. വനിതാ ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും .രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വനിതാ ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യുമെന്ന് വനിതാ ഫോറം സെക്രെട്ടറി റോസ് ജിമ്മിച്ചൻ അറിയിച്ചു .

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ടൊയ്‌ലറ്റിൽ പോകാൻ വേണ്ടി മാത്രം സ്യൂട്ടും ടൈയ്യും കെട്ടി പോകുന്നതുപോലാണ് ഇപ്പോൾ സമൂഹത്തിൽ ഇറങ്ങാൻ വേണ്ടി കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ .

അവരുടെ സ്വാതന്ത്രത്തിൽ ഞാൻ എന്തിന് എത്തിനോക്കണം എന്ന് വാദിക്കുന്നവർക്ക് വാദിക്കാം . പക്ഷെ എനിക്ക് പറയാനുള്ളത് നമ്മൾ മനുഷ്യർ പാലിക്കേണ്ട ചില സോഷ്യൽ ക്വാളിറ്റീസുകളുണ്ട് എന്നതതാണ് . അത് മനുഷ്യർക്ക് മാത്രം ഉണ്ടാകേണ്ട ചില സെൻസുകളിൽ ഉൾപ്പെടും .

പാശ്‌ചാത്യ രാജ്യങ്ങളിലെ റോഡ് ട്രാഫിക് നിയമങ്ങളിൽ പ്രധാനമായും പഠിപ്പിക്കുന്നത് കോമ്പറ്റിഷനില്ലാതെ ട്രാഫിക് എങ്ങനെ കൊണ്ടുപോകണമെന്നാണ് . മെയിൻ റോഡിലേക്ക് കയറാൻ സിഗ്‌നലിട്ട് നിൽക്കുന്നവനെ തനിക്ക് മുമ്പേ കടത്തി വിടാനും, റൗണ്ട് അബൗട്ടുകളിൽ തന്റെ ഊഴം വരെ കാത്തുനിൽക്കുവാനുമാണ് . ഒരു സമൂഹത്തിൽ ജീവിക്കുക എന്നാൽ ചില കൊടുക്കൽ വാങ്ങലുകളിൽ നിലനിക്കുന്ന ഒന്നായതിനാൽ , അത് മറ്റുള്ളവർക്കും നിങ്ങൾക്കും ഉപകാരപ്പെടണമെന്നർത്ഥം . So it will work.

ഇതൊക്കെ ഇത്ര വിശദീകരിച്ചു പറയേണ്ട കാര്യമില്ല കാരണം ഇതൊക്കെ മനുഷ്യനുണ്ടായിരിക്കേണ്ട ചില സിമ്പിൾ സെൻസാണ് .

കാരണം നമ്മൾ കാട്ടിൽ ജീവിക്കുമ്പോൾ ജീവിക്കുന്നതുപോലല്ല വീട്ടിൽ ജീവിക്കുന്നത് . അതേപോലെതന്നെ പത്തുപേരടങ്ങുന്ന ഗ്രുപ്പിൽ പെരുമാറുന്നത് പോലല്ല പതിനായിരം പേരടങ്ങുന്ന ഗ്രൂപ്പിൽ പെരുമാറുന്നത് . എല്ലാത്തിനും അതിന്റേതായ നമ്മൾ പാലിക്കേണ്ട റെസ്പോൺസിബിലിറ്റീസ് ഉണ്ട് . So this will work for you and me .

അല്ലാതെ ഇതെന്റെ സ്വകാര്യതയല്ലേ എന്ന് പറഞ്ഞു ടോയ്‌ലെറ്റിലും ബെഡ്റൂമിലും കാണിക്കേണ്ട സ്വകാര്യത പബ്ലിക്കിൽ കാണിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതം നിങ്ങളാൽ ദുരിതപൂർണമാണെന്ന് നിങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യുന്നത് .
If I do something and that only work for me not for you , you will make sure my life is terrible.

ഖത്തറില്‍ ലോകകപ്പ് ആവേശം കത്തി തുടങ്ങിയതു മുതല്‍ പാശ്ചാത്യ മാധ്യമങ്ങളും യൂറോപ്യന്‍ ടീമുകളും വലിയ മനുഷ്യാവകാശ സംരക്ഷകരായി സ്വയം മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഖത്തറിനെ കുറ്റം പറയുന്ന യൂറോപ്യന്‍ രീതിക്കെതിരേ ഫിഫ പ്രസിഡന്റ് തന്നെ മുന്നോട്ടു വരികയും ചെയ്തു. വിജയകരമായി ഉദ്ഘാടന മല്‍സരം പൂര്‍ത്തിയാക്കിയ ഖത്തര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇംഗ്ലണ്ട് ക്യാംപില്‍ നിന്നുമാണ്. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി വണ്‍ ലൗ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ലോകകപ്പ് കളിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന് മഞ്ഞക്കാര്‍ഡോ ചുവപ്പോ കിട്ടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫിഫ കര്‍ശനമായി മുന്നോട്ട് പോയതോടെ പ്രതിഷേധത്തിന് പദ്ധതിയിട്ട പല ടീമുകളും ഇത്തരം നീക്കത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാംപിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയുള്ളവരാണെന്ന അഭിപ്രായക്കാരാണ് പല ആരാധകരും.

വണ്‍ ലൗ ആംബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയാല്‍ തീര്‍ച്ചായും വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഇംഗ്ലണ്ട് ഫുട്‌ബോളിനോട് അറിയിച്ചതായിട്ടാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഖത്തര്‍ ലോകകപ്പിനെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ കിട്ടുന്ന വിഷയങ്ങളെല്ലാം ഖത്തറിനെതിരേ നിരത്തുകയാണ്. എങ്കിലും ആദ്യ മല്‍സരം ഒരു പരാതിക്കും ഇടനല്‍കാതെ നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

ഷൈമോൻ തോട്ടുങ്കൽ

സ്റ്റാഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി . രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും ,പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി , രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . ബൈബിൾ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവർക്കും , മറ്റുള്ളവർക്കും ദൃശ്യമാകുന്നത് .

സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത് .അതുപോലെ തന്നെ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണം . തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും , പ്രവർത്തനനത്തിലും നിഴലിക്കാൻ അത് സഹായകമാകും . കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്റെ വേദികളായി മാറണം . ഉത്‌ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ഇടവക റീജിയണൽ തലങ്ങളിൽ മത്സരിച്ച അയ്യായിരത്തിൽ പരം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽ പരം ആളുകളാണ് രൂപതാ തല മത്സരങ്ങളിൽ പങ്കെടുത്തത് , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വെരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് . ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ. ജോർജ് എട്ടു പറ , റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർ ആന്റണി മാത്യു , എന്നിവർ പ്രസംഗിച്ചു ,പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ജോയിന്റ് കോഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ , മർഫി തോമസ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങളായ സിജി സെബാസ്റ്റ്യൻ , സുദീപ് ജോസഫ് . അനീറ്റ ഫിലിപ്പ് . ജോർജ് പൈലി , ജിമ്മിച്ചൻ ജോർജ് ,നിഷ ജോസ് സെബാസ്റ്റ്യൻ ,ഷാജു ജോസഫ് , തോമസ് കൊട്ടുകാപ്പള്ളി , ടോണി ജോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി

 

RECENT POSTS
Copyright © . All rights reserved