ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.

വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുക. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നത്.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളിലായാണ് കൊണ്ടുപോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്കാരം.

ഒരാഴ്ച മുന്‍പായിരുന്നു മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പൊലീസ് ഫ്യുണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്.

കഴിഞ്ഞ ഡിസംബര്‍ 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില്‍ വച്ച് ഭര്‍ത്താവ് സാജു അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.

ഷോള്‍ അല്ലെങ്കില്‍ കയറായിരിക്കണം കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.