UK

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിംഗ് :- ഒക്ടോബർ 19-ാം തീയതി അകാലത്തിൽ മരണമടഞ്ഞ മാർട്ടിന ചാക്കോയ്ക്ക് യുകെ മലയാളികളുടെ യാത്രാമൊഴി. മാർട്ടിനയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചതുപോലെ രാവിലെ 10 മണി മുതൽ മാർട്ടിനയുടെ ഭൗതിക ശരീരത്തിൻറെ പൊതുദർശനം ആരംഭിച്ചു. ഉറ്റവരും ബന്ധുക്കളുമാണ് ഈ സമയത്ത് അന്തിമോപചാരം അർപ്പിച്ചത്. മാർട്ടിനയുടെ ഭർത്താവ് അനീഷിന്റെയും മക്കളായ നേഹയുടെയും ഒലീവിയയുടെയും ദുഃഖം എല്ലാ യുകെ മലയാളികളുടെയും വേദനയായി മാറുന്ന രംഗങ്ങളാണ് സംസ്കാര ചടങ്ങുകളിൽ സാക്ഷ്യം വഹിച്ചത്. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ലെസ്റ്റർ ഇടവക വികാരിയും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാളുമായ മോൺസിഞ്ഞോർ ജോർജ് ചേലക്കൽ അച്ചനാണ് നേതൃത്വം നൽകിയത് .

സാമൂഹിക പ്രതിബദ്ധതയുള്ള വിശ്വാസത്തിൽ അടിയുറച്ച നല്ല ഒരു വ്യക്തിത്വമായിരുന്നു മാർട്ടിനയുടേതെന്ന് തൻറെ അനുശോചന പ്രസംഗത്തിൽ മോൺസിഞ്ഞോർ ജോർജ് ചേലക്കൽ അച്ചൻ പറഞ്ഞു. മാർട്ടിനയുടെ അഞ്ചു സഹോദരങ്ങളും യുകെയിൽ തന്നെയുണ്ട്. മാർട്ടിന എല്ലാവർക്കും മാതൃകയായിരുന്നു. കുടുംബത്തെ ഒരുമയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ മുഖ്യ കണ്ണി മാർട്ടിന ആയിരുന്നു . അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിൽ വിങ്ങിപൊട്ടുന്ന മാർട്ടിനിയുടെ സഹോദരിമാരെയും സഹോദരന്റെയും ദുഃഖം വാക്കുകൾക്ക് അതീതമായിരുന്നു. അടുത്തിടെ മാത്രം യുകെയിലെത്തി തിരിച്ചുപോയ മാർട്ടിനയുടെ മാതാപിതാക്കൾ തങ്ങളുടെ പ്രിയമകളെ ഒരു നോക്കു കാണാൻ എമർജൻസി വിസയ്ക്കായി ശ്രമിച്ചെങ്കിലും വിധി അനുവദിച്ചില്ല .

പള്ളിയിൽ വച്ച് നടന്ന കുർബാനയ്ക്കും മൃതസംസ്കാര ശുശ്രൂഷകൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് നേതൃത്വം നൽകിയത്. കുർബാനയ്ക്ക് ശേഷം നടന്ന അനുശോചന പ്രസംഗങ്ങളിൽ നിഴലിച്ചു നിന്നത് വിവിധ മേഖലകളിൽ മാർട്ടിന നടത്തിയ ഇടപെടലുകളുടെയും സേവനങ്ങളുടെയും നേർക്കാഴ്ചകളായിരുന്നു. അനീഷ് തന്റെ പ്രിയതമയ്ക്ക് അന്ത്യ യാത്രാമൊഴി നൽകി സംസാരിച്ചപ്പോൾ തങ്ങളുടെ ഒപ്പം എല്ലാ ചടങ്ങുകളിലും പരിപാടികളിലും മുന്നിൽ നിൽക്കുന്ന മാർട്ടിനയുടെ മുഖമായിരുന്നു എല്ലാവരുടെയും മനസ്സിൽ . മക്കളായ നേഹയും ഒലീവിയയും വിങ്ങലോടെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അനുസ്മരിച്ചത് ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു.

2.30 തോടെ ഭൗതികശരീരം സെമിത്തേരിയിൽ അടക്കം ചെയ്തു. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. മരിച്ചടക്ക് ചടങ്ങിനുപരിയായി തങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിന്റെ വേദന തളം കെട്ടിക്കിടക്കുന്ന അന്തരീക്ഷമായിരുന്നു എവിടെയും.

വെറും 40 -മത്തെ വയസ്സിൽ മരണമടഞ്ഞ മാർട്ടിനയുടെ വിയോഗം ഉൾക്കൊള്ളാൻ ഇതുവരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആയിട്ടില്ല. മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന.

കെറ്ററിംഗ്‌ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും.

മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ  ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ജോസ് നാ സാബു സെബാസ്റ്റ്യൻ

കൊല്ലത്തെ മകളെ പീഡിപ്പിച്ച ക്രൂരനായ അച്ഛനെക്കുറിച്ചുള്ള വാർത്തകൾ ചൂടുള്ള തലക്കെട്ടുകളോടെ പലേടത്തും വിറ്റഴിക്കപ്പെടുകയാണ് . ചില തലക്കെട്ടുകൾ കാണേണ്ടത് തന്നെയാണ്, രോമാഞ്ചം തോന്നും. വായിക്കാൻ തോന്നും . വായിച്ചാൽ പിന്നെ ആ വായിച്ചതിന്റെ ആലസ്യതയിൽ ചിലർ മുഴുകാൻ തുടങ്ങും. പിന്നെ പലർക്കും പലവിധ ഐഡിയകൾ മനസ്സിൽ രൂപപെടുകയായി, ആഗ്രഹസാഫല്യത്തിനായി വഴി തിരയുകയായി .

വിവരണത്തിൽ വാസ്തവമുണ്ടോ ഇല്ലയോ എന്നറിഞ്ഞുകൂടാ എങ്കിലും ഒരമ്മ സ്വന്തം കൊച്ചിന്റെ അപ്പൻ അവളെ പീഡിപ്പിച്ചുവെന്ന കഥ വളരെ വർണാഭമായി മീഡിയകളിൽ വന്നു വരച്ചുകാട്ടുമ്പോൾ അതിന്റെ ആവശ്യം ഉണ്ടോ എന്ന് നമ്മൾ ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു എന്നോർമപ്പെടുത്താനുള്ള ചെറിയൊരു കുറിപ്പാണിത് .

ഇനി ഒരുപക്ഷെ ആ ‘അമ്മ പറഞ്ഞതിൽ സത്യമുണ്ടെന്ന് കരുതുക …എങ്കിലും നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ നമ്മുടെ കുഞ്ഞിനുണ്ടായ ഒരു ദുരനുഭവം പ്രത്യേകിച്ചു ലൈംഗിക പീഡനങ്ങൾ ഒരു മീഡിയകളിലും വിവരിക്കേണ്ട കാര്യമില്ല എന്നുതന്നെയാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് .

നമ്മുടെ വീട്ടിലെ കുട്ടിക്കേറ്റ ഒരു ആഘാതം , അത് ആരിൽ നിന്നായിക്കൊള്ളട്ടെ അതൊരമ്മ മാത്രം അറിഞ്ഞാലും മതി . അച്ഛൻ പൊലും അറിയേണ്ട കാര്യമില്ല എന്ന് സാരം . എന്നതിനർത്ഥം പല വഴി മെസ്സേജ് പാസ് ചെയ്യുന്നത് ആ കുട്ടിയുടെ മാനസിക ആഘാതം കൂട്ടുക മാത്രമേ ചെയ്യൂ . അതിനാൽ കുട്ടിയെ സമൂഹത്തിന് മുമ്പിലിട്ടു , ആർത്തിയോടെ കൊത്താൻ നോക്കുന്ന മീഡിയക്കാരുടെ മുമ്പിലിട്ടു വലിച്ചിഴക്കുന്നതിന് മുമ്പ് ഒരമ്മക്ക് /മാതാപിതാക്കൾക്ക് തന്റെ സ്വന്തം കുട്ടിക്കായ് മറ്റു പലതും ചെയ്തു തീർക്കാനുണ്ട് . നോക്കാം …

ഒന്നാമതായി കുട്ടിയെ കരയാൻ അനുവദിക്കുക, അല്ലാതെ ആ സമയത്തു അയ്യോ മോളെ കരയല്ലേ എന്ന് പറയുകയോ , കുട്ടിയോട് ഉച്ചത്തിൽ സംസാരിക്കുകയോ , കൂടുതൽ കാര്യങ്ങളെക്കുറിച്ചു ആരായുകയോ ചെയ്യരുത്‌ . കുട്ടി കരഞ്ഞു തീർക്കാൻ സമയമെടുക്കും, അതിനനുവദിക്കുക .

2021 മാർച്ചിൽ അവസാനിച്ച ചില സർവേകൾ പ്രകാരം മിക്ക ലൈംഗികാതിക്രമങ്ങളും ഇരയ്ക്ക് അറിയാവുന്ന ഒരാളായിരിക്കും നടത്തുന്നത്. ഇത് ഒരു പങ്കാളിയോ മുൻ പങ്കാളിയോ ബന്ധുവോ സുഹൃത്തോ സഹപ്രവർത്തകനോ ആരും ആകാം. ആക്രമണം പലയിടത്തും സംഭവിക്കാമെങ്കിലും സാധാരണയായി ഇരയുടെ വീട്ടിലോ കുറ്റവാളിയുടെ (ആക്രമണം നടത്തുന്ന വ്യക്തി) വീട്ടിലോ ആയിരിക്കും നടക്കാറു പതിവ് .

ഇനി നിങ്ങൾ സഹായത്തിനായി എവിടെ പോകുന്നു എന്നത് നിങ്ങളുടെ പ്രദേശത്ത് ലഭ്യമായതും നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതും എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. വിദഗ്‌ധ വൈദ്യ പരിചരണം, ലൈംഗിക അതിക്രമ പിന്തുണ, ഫോറൻസിക് മെഡിക്കൽ പരിശോധന ഇവയെല്ലാം അതിൽ ഉൾപെടുന്നവയാണ് .

ഇനി ഒരു കാരണവശാൽ ഇതൊന്നും നിങ്ങൾ നടത്താൻ തീരുമാനിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ ആദ്യത്തെ കോൾ ഒരു ലൈംഗിക ആക്രമണ റഫറൽ കേന്ദ്രമോ (Sexual Assault Referral Centres (SARC)), സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേശകനോ (Independent Sexual Violence Adviser (ISVA )) ഇനി അതും ഇല്ലെങ്കിൽ ഒരു ജില്ലാ കളക്ടറോ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ കാര്യങ്ങൾ അയല്പക്കകാരോ ചാനലുകാരോ ഒന്നും അറിയേണ്ട ഒരു ആവശ്യവുമില്ല . അത് കാര്യങ്ങളും നിങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയെ ചെയ്യുകയുള്ളൂ .

കൂടാതെ നിങ്ങൾക്ക് ആവശ്യമുള്ള പിന്തുണ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു നല്ല സുഹൃത്ത്, അടുത്തറിയാവുന്ന ഒരു ബന്ധു അല്ലെങ്കിൽ അദ്ധ്യാപകനെ പോലെ നിങ്ങൾ വിശ്വസിക്കുന്ന ആരോടെങ്കിലും നിങ്ങൾ ഇത് പറയുന്നത് നിങ്ങളുടെ മനസിന്റെ വ്യാകുലത കുറയ്ക്കാൻ സഹായകരമാകും .

ചിലപ്പോൾ നിങ്ങൾക്ക് സംഭവിച്ചതിനെക്കുറിച്ചൊക്കെ ഒന്നൂടെ ചിന്തിക്കാൻ സമയം വേണ്ടി വന്നേക്കാം. എന്നിരുന്നാലും, എന്തെങ്കിലും പരിക്കുകൾക്ക് പറ്റിയിട്ടുണ്ടെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടാൻ കാലതാമസം ഉണ്ടാകരുത് . കാരണം സംഭവിച്ച അക്രമത്തിൽ ചിലപ്പോൾ നിങ്ങൾക്ക് ( മുതിർന്ന ഒരാൾ ആണെങ്കിൽ )ഗർഭധാരണമോ അല്ലെങ്കിൽ ( കുട്ടികൾക്ക് / മുതിർന്നവർക്ക് ) ലൈംഗികമായി പകരുന്ന പലവിധ അണുബാധകൾ STD , അതായത് ലൈംഗിക പരമായ പലവിധ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട് .

ഇനി നടന്ന കുറ്റകൃത്യം കൂടുതലായി അന്വേഷിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എത്രയും വേഗമൊരു ഫോറൻസിക് വൈദ്യപരിശോധന നടത്തുന്നതാണ് നല്ലത്. (കേസ് കോടതിയിൽ പോയാൽ ഉപയോഗപ്രദമായ തെളിവുകൾ നൽകാൻ ഇതിന് കഴിയും). അതിനാൽ ലൈംഗികാതിക്രമത്തിന് ശേഷം ഉടനടി നിങ്ങൾ ഇട്ടിരുന്ന വസ്ത്രങ്ങൾ കഴുകുകയോ മാറ്റുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക. കാരണം ആക്രമണത്തെക്കുറിച്ച് നിങ്ങൾ പിന്നീട് എപ്പോളെങ്കിലും പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ ഇതിലൂടെ പ്രധാനപ്പെട്ട ചില ഫോറൻസിക് തെളിവുകൾ നശിച്ചേക്കാം.

ഫോറൻസിക് വൈദ്യപരിശോധന വേണോ എന്ന് നിങ്ങൾക്ക് ഏത് ഘട്ടത്തിലും തീരുമാനിക്കാം. എന്നിരുന്നാലും, ഇത് എത്രയും വേഗം നടക്കുന്നുവോ അത്രയും കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള സാധ്യത കൂടുതലാണ്. 7 ദിവസത്തിലേറെ മുമ്പാണ് ആക്രമണം നടന്നതെങ്കിൽ, ഫോറൻസിക് മെഡിക്കൽ പരിശോധനയെക്കുറിച്ച് ലൈംഗിക ആക്രമണ റഫറൽ കേന്ദ്രത്തിൽ (SARC-) നിന്നോ പോലീസിൽ നിന്നോ ഉപദേശം തേടുന്നത് മൂല്യവത്താണ്.

ഫോറൻസിക് മെഡിക്കൽ പരിശോധന സാധാരണയായി ഒരു ലൈംഗിക ആക്രമണ റഫറൽ കേന്ദ്രത്തിലോ അല്ലെങ്കിൽ ഒരു പോലീസ് സ്യൂട്ടിലോ നടക്കുന്നു. ലൈംഗികാതിക്രമ ഫോറൻസിക് മെഡിസിനിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടറോ നഴ്സോ ആയിരിക്കും സാധാരണ ഈ പരിശോധന നടത്തുന്നത്.

ഇവിടെ ഡോക്ടറോ നഴ്സോ പ്രസക്തമായ ആരോഗ്യ ചോദ്യങ്ങൾ ചോദിക്കും – ഉദാഹരണത്തിന്, ആക്രമണത്തെക്കുറിച്ചോ സമീപകാല ലൈംഗിക പ്രവർത്തനത്തെക്കുറിച്ചോ. നിങ്ങൾ ചുംബിച്ചതോ സ്പർശിച്ചതോ അല്ലെങ്കിൽ ലൈംഗിക ഭാഗങ്ങളിലെ ചില സ്രവങ്ങൾ പോലുള്ള സാമ്പിളുകൾ അവർ എടുക്കും. ആക്രമണത്തെക്കുറിച്ച് നിങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് അവർ മൂത്രത്തിന്റെയും രക്തത്തിന്റെയും സാമ്പിളുകളും ഇടയ്ക്കിടെ മുടിയും എടുക്കും, കൂടാതെ ചില വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമവർ സൂക്ഷിക്കുകയും ചെയ്യും.

ഇനി പോലീസിനെ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് നിങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിൽ, ശേഖരിക്കുന്ന ആ ഫോറൻസിക് മെഡിക്കൽ തെളിവുകൾ നിങ്ങൾ ആക്രമണം റിപ്പോർട്ട് ചെയ്യണോ എന്ന് ഒരു തീരുമാനമേടിക്കുന്ന സമയം വരെ ലൈംഗിക ആക്രമണ റഫറൽ കേന്ദ്രം സൂക്ഷിക്കും.

നിങ്ങൾ ഇനി ഇത് ഒരുപക്ഷെ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, ആക്രമണത്തെക്കുറിച്ച് ലൈംഗികാതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതിൽ നിങ്ങളെ ഫോറൻസിക് മെഡിക്കൽ പരിശോധന നടത്തുകയും എന്താണ് സംഭവിച്ചതെന്ന് ഒരു പ്രസ്താവന നടത്തുകയും ചെയ്യും. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ പോലീസ് ക്രൗൺസിൽ പ്രോസിക്യൂഷൻ സർവീസിന് കൈമാറും, പിന്നീട് കേസ് വിചാരണ വേണമോ വേണ്ടയോ എന്നവർ തീരുമാനിക്കുകയും നിങ്ങളോട് ഓരോ ഘട്ടത്തിലും എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുകയും സഹായിക്കുകയും ചെയ്യും.

ഇനി എല്ലാ കേസുകളും ഇരയ്ക്ക്‌ താല്പര്യമില്ല എങ്കിൽ പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല . ഉദാഹരണത്തിന് ഒരു പോലീസ് ഉദ്യോസ്ഥൻ നിങ്ങളുടെ ഒരു ബന്ധുവോ സുഹൃത്തോ ആയിരിക്കാം. പക്ഷെ ആക്രമണത്തെ കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യതാൽ അവർക്ക് നിങ്ങളെയൊരു വൈദ്യ പരിചരണത്തിനോ ഫോറൻസിക് മെഡിക്കൽ പരിശോധന നടത്താനോ ഒക്കെ സഹായിക്കാവുന്നതാണ് . ഇതിനോട് അനുബന്ധിച്ചുള്ള അന്വേഷണങ്ങളോ പ്രോസിക്യൂഷനോ, അല്ലെങ്കിൽ നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായ അപകടത്തിന് സാധ്യതയുണ്ടെന്ന ആശങ്കയോ ഒന്നും ഇല്ലങ്കിൽ ഒരു കാരണവശാലും നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് സേവനങ്ങളുമായി അവർ പങ്കിടില്ല.

ലൈംഗികാതിക്രമത്തിന് വിധേയരായ ആളുകളെ സഹായിക്കാൻ ചില ലൈംഗിക ആക്രമണ റഫറൽ കേന്ദ്രങ്ങളോ സന്നദ്ധ സംഘടനകളിലോ പ്രത്യേകം പരിശീലനം ലഭിച്ച ഉപദേശകരോ നമുക്ക് ലഭ്യമാണ്. ഈ സ്വതന്ത്ര ലൈംഗിക അതിക്രമ ഉപദേഷ്ടാക്കൾക്ക് Independent Sexual Violence Adviser (ISVA )ഇരകൾക്ക് ആവശ്യമായ മറ്റ് പിന്തുണാ സേവനങ്ങളിലേക്ക് ആക്‌സസ് നേടാൻ നിങ്ങളെ സഹായിക്കാനാകും

അതിനാൽ കുട്ടികൾ / അല്ലെങ്കിൽ മുതിർന്നവർ ഏതെങ്കിലും തരത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന സേവനങ്ങൾ പലതുണ്ട് ചില അത്യാവശ്യ നമ്പറുകൾ , താത്കാലിക അഭയ കേന്ദ്രങ്ങൾ ഒക്കെ നമുക്ക് ലഭ്യമാണ് . ( ഈ വിവരങ്ങൾ കൂടുതലായി ജില്ലാതല അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്കിന്റെ അവസാനം രേഖപെടുത്തിയിട്ടുണ്ട് ).

ഇത്രയുമൊക്കെ കാര്യങ്ങൾ പരിക്കേറ്റ സ്വന്തം കുഞ്ഞിനായി ചെയ്യാൻ കിടക്കുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ മീഡിയകൾക്ക് കടിച്ചുകീറാൻ ഇട്ടു കൊടുക്കാതിരിക്കാം . അത് പ്രതിയോടുള്ള ഒരു താത്കാലിക പ്രതിരോധം തീർക്കാൻ മാത്രമേ ഉപകരിക്കു … നാട്ടുകാർ വായിച്ചു പറഞ്ഞു മറക്കും . ഉന്തിന്റെ കൂടെ തള്ളുകൂടി കൊടുക്കാതെ കുഞ്ഞിന്റെ മനസിനെ ഉണങ്ങാൻ അനുവദിക്കൂ …

 

ലൂക്കോസ്  അലക്സ്

ഉഴവിന്റെ നാടായ ഉഴവൂരിൽ നിന്നും ഉന്നത പഠനത്തിനും ഉന്നത ജീവിത നിലവാരത്തിനുമായി യുകെയുടെ നാനാഭാഗങ്ങളിൽ പതിറ്റാണ്ടുകളായി കുടിയേറിയ വരും. ഇന്നലെകളിൽ കുടിയേറിയവരുമായ ഉഴവൂർകാരുടെ സ്നേഹ സംഗമത്തിന്റെ മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കെറ്ററിങ്ങിൽ അരങ്ങേറിയത്.

2019- കൊവൻറി ഉഴവൂർ സംഗമത്തിനുശേഷം കോവിഡ് മഹാമാരി മൂലം പലതവണ മാറ്റിവെച്ച് ഏകദേശം 40,000 പൗണ്ട് ചെലവിൽ കെറ്ററിങ്ങിൽ അരങ്ങേറിയപ്പോൾ ഉഴവൂർ സംഗമത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും പ്രൗഢഗംഭീരമായ ഒരു സംഗമ വേദിയായിരുന്നു ഈ വർഷത്തെ ഉഴവൂർ സംഗമം.

പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും അയൽക്കാരെയും വളരെ നാൾ കൂടി ഒരുമിച്ച് കണ്ടപ്പോളുള്ള കൗതുകവും സ്നേഹവും പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ശൈശവത്തിൽ നിന്നും കൗമാരത്തിലേക്കും കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കും, യൗവനത്തിൽ നിന്ന് വാർദ്ധക്യത്തിലേക്കുമുള്ള പലരുടെയും പരിണാമം കൗതുകപൂർവ്വം വീക്ഷിക്കാനും ഈ സംഗമം വേദിയായി.

വെള്ളിയാഴ്ച്ച വൈകിട്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ് സ്റ്റീഫൻ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

ശനിയാഴ്ച രാവിലെ വടംവലി മത്സരത്തിനുശേഷം ഉഴവൂരിൽ നിന്നുള്ള മാതാപിതാക്കൾ ഭദ്രദീപം തെളിച്ച് പൊതുസമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ഉഴവൂർ ഗ്രാമത്തിൻറെ തിളങ്ങുന്ന ഓർമ്മകൾ അയവിറക്കി കുട്ടികളും മുതിർന്നവരും അണിയിച്ചൊരുക്കിയ കലാകായിക മത്സരങ്ങൾ ഏവർക്കും ആവേശവും ആനന്ദവും പകർന്നു. കലാഭവൻ നൈസിന്റെ ശിക്ഷണത്തിനുള്ള വെൽക്കം ഡാൻസും, പ്രോഗ്രാം അവതാരകരായി എത്തിയ മനോജും ഷിൻസനും അരങ്ങ് തകർത്തു. ഹൈടെക് ദൃശ്യ മാധ്യമവും ഹൈടെക് സൗണ്ട് സിസ്റ്റവും ഡിജെ നൈറ്റിനും ഗാനമേളക്കും എല്ലാ പ്രോഗ്രാമുകൾക്കും മികവേകി.


കേരളക്കരയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ, ഉഴവൂർ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീമാൻ തങ്കച്ചൻ കെ എം, ഫാദർ മനു കോന്തനാനിക്കൽ എന്നിവർ യുകെ ഉഴവൂർ സംഗമത്തിന് അണിനിരന്നപ്പോൾ ഉഴവൂർ സംഗമത്തിന് വീണ്ടും ഉണർവ് പകർന്നു. അളിയൻമാരുടെ പ്രതിനിധിയായി ശ്രീ ബെന്നി മാവേലിൽ തദവസരത്തിൽ ഏവർക്കും ആശംസകൾ നേർന്നു.

നല്ല താമസസൗകര്യവും, വിഭവസമൃദ്ധമായ ഭക്ഷണവും, കലാകായിക മേളയും, എല്ലാം ഒത്തുചേർന്നപ്പോൾ ഈ വർഷത്തെ ഉഴവൂർ സംഗമം മറക്കാനാവാത്ത ഒരു അനുഭവമായി പങ്കെടുത്ത എല്ലാവരുടെയും ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

പ്രവാസി സംഗമങ്ങളുടെ സംഗമം എന്ന് വിശേഷിപ്പിക്കുന്ന ഉഴവൂർ സംഗമത്തിന്റെ ഈ വർഷത്തെ ചീഫ് കോഡിനേറ്റർ ശ്രീ.ബിജു തോമസ് കൊച്ചികുന്നേലിന്റേയും, ചെയർമാൻ ജോസ് വടക്കേക്കരയുടെയും, കോഡിനേറ്റേഴ്സ് ആയ ബിനു മുടീക്കുന്നേൽ, സ്റ്റീഫൻ തറയ്ക്കനാൽ, ഷിൻസൺ വഞ്ചിത്താനം, ജോമി കിഴക്കേപുറം, അജോ ജോസഫ് കാട്ടിൽ എന്നിവരും ഏരിയ കോഡിനേറ്റേഴ്സ് ആയ മനോജ് ആലക്കൽ, ലൂക്കോസ് താഴത്തുകണ്ടത്തിൽ, ലോബോ വെട്ടുകല്ലേൽ, ജോണി മലേമുണ്ടക്കൽ, സ്റ്റീഫൻ തെരുവത്ത്, ഷിൻസൺ കവുങ്ങുംപാറയിൽ, സ്റ്റീഫൻ കല്ലടയിൽ, സിബു കളരിക്കൽ, മാത്യു സ്റ്റീഫൻ കുന്നപള്ളിയിൽ, സോണിസ് അനാലിപാറ എന്നിവരുടെയും മൂന്നുവർഷത്തെ പ്രയത്നത്തിന്റെ സാക്ഷാത്കാരമാണ് ഈ വർഷത്തെ കെറ്ററിംഗിലെ ഉഴവൂർ സംഗമം.

2023ലെ ഉഴവൂർ സംഗമം ഇതിലും കെങ്കേമമായി കൊണ്ടാടുവാൻ ഷെഫീൽഡിലെ ഉഴവൂർ കൂട്ടുകാർക്ക് കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ട് ഞായറാഴ്ച ഉച്ചയോടെ എല്ലാവരും പിരിഞ്ഞു.

 

വേഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ് നടത്തുന്ന വാർഷിക കൺവൻഷൻ ഒക്ടോബർ 28നും 29 നും വൈകിട്ട്‌ 6:30മണി മുതൽ 9 മണി വരെയും. യുത്ത്‌ സെമിനാർ ശനിയാഴ്ച ഉച്ചക്ക് 3മണി മുതൽ 5 മണി വരെയും വാറ്റ്ഫോർഡിൽ. സുവിശേഷകൻ, ഉണർവ്വ് പ്രാസംഗികനും, ട്രിനിറ്റി എ.ജി. ചർച്ചിന്റെ പാസ്റ്റർ പ്രിൻസ്‌ തൊമസ്‌, ജമ്മു & കാഷ്മീർ വാറ്റ്ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

യുത്ത്‌ സെമിനാർ പാസ്റ്റർ ജെസ്വിൻ ജെയിംസ്‌ ബേബി, ബ്രിസ്റ്റൊൾ, യുകെ , നയിക്കുന്നത് യുത്ത്‌ സെമിനാർ
ശനിയാഴ്ച ഉച്ചക്ക് 3മണി മുതൽ 5 മണി നടത്തുന്നു വാറ്റ്ഫോർഡിൽ. കൃത്യം 6.30 നു പ്രാർത്ഥിച്ചു ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത് HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാർത്ഥനയോടു കടന്നു വരിക, ദൈവ വചനം കേൾക്കുക, ആത്മീയ അനുഗ്രഹം പ്രാപിക്കുക…. ഫ്രീ പാർക്കിംഗ് ഉണ്ടായിരിക്കും.

Further details please contact Pastor Johnson George #07852304150 www.wbpfwatford.co.uk, Email:[email protected]

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അപ്രതീക്ഷിത മരണത്തിനു കീഴടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീന മാത്യുവിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈമാസം 27ന് നടക്കും. ചാക്കോ മാത്യു (ജെയിംസ്) – എല്‍സി മാത്യു ദമ്പതികളുടെ ഇളയ മകള്‍ ജീന മാത്യു ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.

27ന് രാവിലെ 10.30 മുതല്‍ ബെഡ്‌ഫോര്‍ഡിലെ ക്രൈസ്റ്റ് ദി കിങ് ചര്‍ച്ചിലാണ് പൊതുദര്‍ശന ചടങ്ങുകളും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കുക. ശേഷം 12 മണിയോടെ വൂട്ടന്‍ സെമിട്രിയില്‍ സംസ്‌കാരവും നടക്കും.

യു ട്യൂബ് ലൈവ് സ്ട്രീമിങിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തോമസ് ചാക്കോ 

ലണ്ടൻ : നോട്ട് നിരോധനത്തിലൂടെ ഞങ്ങൾ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കി എന്ന് വിശ്വസിപ്പിച്ച്  ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കി ഭരണത്തിൽ കയറിയ ബി ജെ പി ഗുജറാത്ത് ഭരണം പിടിക്കാൻ പുതിയ ജാതി രാഷ്ട്രീയ തന്ത്രം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു. ഹിന്ദു ജാതി രാഷ്ട്രീയം ഏറ്റവും കുടുതൽ തലയ്ക്ക് പിടിച്ച ജനതയുള്ള ഗുജറാത്തും ആം ആദ്മി പാർട്ടിയുടെ വരവോട് കൂടി നഷ്‌ടപ്പെടുമോ എന്ന ഭയം ബിജെപി കേന്ദ്രങ്ങളെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു .

പതിവ് വർഗ്ഗീയ കലാപങ്ങളോ , വ്യാജ തീവ്രവാദി ആക്രമണങ്ങളോ നടത്തി ഹിന്ദു വോട്ടുകൾ എങ്ങനെ നേടാം എന്ന ആലോചനയിലായിരുന്നു ബിജെപി നേതൃത്വം. എന്നാൽ വർഗീയ കലാപങ്ങളെ എങ്ങനെ നേരിടണമെന്ന് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആം ആദ്മി പാർട്ടി ഗുജറാത്ത് ജനതയെ പരിശീലിപ്പിച്ചതുകൊണ്ട് ഇനിയും ആ തന്ത്രം ഏൽക്കില്ല എന്ന് ബിജെപി തിരിച്ചറിഞ്ഞു.

പകരം ഇന്ത്യൻ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ഫോട്ടോ മാറ്റി പകരം സവർക്കറുടെയും  ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പതിപ്പിച്ച്, ഹിന്ദു വർഗ്ഗീയതയെ ഉപയോഗപ്പെടുത്തി ഗുജറാത്ത് നേടുവാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു ബി ജെ പി . എന്നാൽ ഈ കപട രാഷ്ട്രീയ നീക്കം നേരത്തേ തിരിച്ചറിഞ്ഞ അംബേദ്‌കർ ഭക്തനും ഐ ഐ ടി ബിരുദധാരിയുമായ അരവിന്ദ് കെജ്‍രിവാൾ എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ തകർത്തു കളഞ്ഞു ബിജെപിയുടെ ഈ വർഗ്ഗീയ ധ്രുവീകരണ നീക്കത്തെ.

ബി ജെ പി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെ ഫോട്ടോ നിലനിർത്തികൊണ്ട്, മുസ്‌ളീം രാഷ്ട്രമായ ഇൻഡോനേഷ്യ ചെയ്തതു പോലെ ഐശ്യര്യ ദേവതകളായ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതി കഴിഞ്ഞു . ഇന്നലെ വരെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിച്ചിരുന്നത് ബിജെപി ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആം ആദ്മി പാർട്ടിയായി മാറുന്ന ബുദ്ധിപരമായ നീക്കം തന്നെയാണ് കെജ്‍രിവാൾ നടത്തിയത്.

 

എന്നാൽ ബി ജെ പിയുടെ ഹിന്ദു വോട്ട് ഏകീകരണ തന്ത്രങ്ങളായ ബീഫ് നിരോധനം , സൗജന്യ അയോധ്യാ യാത്ര , ഡെൽഹിയിലെ ഹിന്ദു -മുസ്ലിം ലഹളകൾ മുതലായവയിൽ ഒന്നും തട്ടി വീഴാതെ ബിജെപിക്കെതിരെ തന്ത്രപൂർവ്വം വളരുന്ന കേജ്‍രിവാളിനെതിരെ കേരളത്തിലും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. കെജ്രിവാളിന്റെ നിലപാടുകളോട് പലപ്പോഴും ആദ്യം വൈകാരികമായി നിലപാടുകൾ എടുക്കുന്ന മലയാളികൾക്ക് വടക്കേ ഇന്ത്യക്കാരന്റെ ചിന്താ രീതി മനസിലായി വരുവാൻ അൽപം സമയമെടുക്കും എന്നതാണ് സത്യം .

കപട നോട്ട് നിരോധനം നടത്തി കൈയ്യടി നേടിയതുപോലെ ഈ പ്രശ്നത്തിൽ ബി ജെ പിയെ കുഴപ്പത്തിൽ ആക്കാൻ കെജ്‌രിവാൾ സ്വീകരിച്ച രാഷ്ട്രീയ അടവാണ് ഇതെന്ന് മനസ്സിലാക്കി വരാൻ മലയാളി ഇനിയും കാത്തിരിക്കണം. വടക്കേ ഇൻഡിയിലെ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും കെജ്‌രിവാളിൻ്റെ ഈ നിലപാട് നല്ലതുപോലെ മനസ്സിലായി കഴിഞ്ഞു. അതുകൊണ്ടാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി ശരവേഗത്തിൽ വളർന്നു പന്തലിക്കുന്നതും.

ബിജെപിയെ എങ്ങനെ നേരിടണമെന്നും, അവരുടെ വോട്ട് ബാങ്കുകളിൽ എങ്ങനെ വിള്ളൽ വീഴ്ത്തണമെന്നും, അതിൽ വിള്ളൽ വീഴ്ത്താതെ ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ലെന്നും മനസ്സിലാക്കി, ബിജെപിക്കെതിരെ ശരിയായ  തുറുപ്പ് ചീട്ടുകൾ ഇറക്കി രാഷ്ട്രീയം കളിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ബുദ്ധിപരമായ ഈ  നീക്കത്തിന് മുൻപിൽ  ബിജെപി ഒരിക്കൽ കൂടി അടിപതറി എന്ന് നിസംശയം പറയേണ്ടി വരും .

അതോടൊപ്പം  ഹിന്ദു – മുസ്‌ലിം ധ്രുവീകരണം എന്ന രാഷ്ട്രീയ തന്ത്രത്തെ ബുദ്ധിപൂർവ്വവും വിവേകപൂവ്വവും നേരിടുന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ വോട്ട് നേടാൻ മറ്റ് വഴികൾ കണ്ടെത്താൻ പാടുപെടുന്ന ബിജെപിയെയാണ് ഇന്ന് ഗുജറാത്ത് ജനത കാണുന്നത് . എന്തായാലും ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ അരവിന്ദ് കെജ്‍രിവാൾ എന്ന നേതാവ് രാഷ്ട്രീയമായി വളർന്നു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത് .

ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ അയല്‍രാജ്യമായ അയര്‍ലണ്ടിലും ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നു.

അയര്‍ലണ്ടിലെ ഭരണമുന്നണിയിലെ ധാരണകള്‍ അനുസരിച്ച് ഡിസംബര്‍ 15ന് ഇപ്പോഴത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് ഡെയിലില്‍ ( ഐറിഷ് പാര്‍ലമെന്റ് ) ചേരുന്ന സമ്മേളനത്തില്‍ അന്ന് തന്നെ ഇന്ത്യന്‍ വംശജനായ ലിയോ വരദ്കറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇത് രണ്ടാം തവണയാണ് ലിയോ വരദ്കര്‍ എത്തുക.

1960 കളില്‍ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മുംബൈക്കാരനായ ഇന്ത്യന്‍ ഡോക്ടര്‍ അശോക് വരദ്ക്കറുടെയും അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള നഴ്സായ ബ്രിട്ടനില്‍ ജോലി ചെയ്ത മിറിയത്തിന്റെയും മകനായാണ് ലിയോ ജനിച്ചത്. ബ്രിട്ടനിലെ പരിചയവും പ്രണയവും ലിയോയുടെ രക്ഷിതാക്കളെ മിറിയത്തിന്റെ നാടായ അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയിരുന്നു. അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 ലാണ് ഡബ്ലിനിലെ റോട്ടുണ്ടാ ആശുപത്രിയില്‍ ലിയോ വരദ്ക്കര്‍ ജനിച്ചത്.

ട്രിനിറ്റി കോളജില്‍ നിന്ന് 2003 യില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വരദ്ക്കര്‍ മുംബൈയില്‍ പ്രശസ്തമായ കെഇഎം ആശുപത്രിയിലാണ് പ്രവര്‍ത്തി പരിചയം നേടിയത് . മുന്‍നിര രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ 1999 യില്‍ ബ്‌ളാഞ്ചഡ്‌സ് ടൗണില്‍ നിന്നും കൗണ്‍സിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കര്‍ 2003ല്‍ പാര്‍ലമെന്റില്‍ എത്തുകയും 2017ല്‍ അയര്‍ലണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വരദ്കറുടെ പാര്‍ട്ടിയായ ഫിനഗേലിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ,ധാരണയുണ്ടാക്കി ഭരണം തുടരുകയായിരുന്നു.

ആദ്യ രണ്ടര കൊല്ലം കഴിയുമ്പോള്‍ മിഹോള്‍ മാര്‍ട്ടിന്‍ സ്ഥാനം ഒഴിയണമെന്ന വ്യവസ്ഥയാണ് ഡിസംബര്‍ 15 ന് പാലിക്കപ്പെടുക.അതോടെ ഫിനഗേല്‍ നേതാവെന്ന നിലയില്‍ ലിയോ വരദ്കര്‍ വീണ്ടും പ്രധാനമന്ത്രിയാകും. 2015-ല്‍ അയര്‍ലണ്ടിലെ ദേശിയ വാര്‍ത്താ ചാനലിന് കൊടുത്ത അഭിമുഖത്തിലൂടെ താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ലിയോ വരദ്കര്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഫറണ്ടത്തിനും കാരണമായി.

ലോകമെമ്പാടും സമത്വത്തിന്റെ പ്രതീകമായി ലിയോ വരദ്കറെ ചിത്രീകരിക്കാന്‍ ഈ സംഭവം ഇടയാക്കി.തൊട്ടു പിന്നാലെ ആ പകിട്ടിലാണ് ലിയോ ദേശീയ നേതാവായി ഉയര്‍ന്നത്. 2008 മുതല്‍ 2011 വരെ നീണ്ടു നിന്ന ഐറിഷ് സാമ്പത്തിക പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടു നിന്നവരില്‍ ഒരാള്‍ ലിയോ വരദ്കറാണ്.എങ്കിലും സ്വവര്‍ഗാനുരാഗികള്‍ക്കും,ഗര്‍ഭ ചിദ്ര -പ്രൊ ചോയിസ് വാദികള്‍ക്കും അദ്ദേഹം നല്‍കുന്ന പിന്തുണ കാരണം പരമ്പരാഗത ക്രൈസ്തവ വിശ്വാസികള്‍ക്ക് ലിയോ വരദ്കറെ അത്ര പഥ്യമല്ല.

അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനസംഖ്യയില്‍ അടുത്ത കാലത്തായി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലിയോ കൈകാര്യം ചെയ്യുന്ന എന്റര്‍പ്രൈസ്,ഇന്നോവേഷന്‍,ട്രേഡ് വകുപ്പുകള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ കണ്ടെത്താനുള്ള ഏറെ പദ്ധതികള്‍ രൂപപ്പെടുത്തിയതാണ് മുന്‍ കാലങ്ങളെക്കാള്‍ തൊഴില്‍ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായത്. ആശയ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാണ് ലിയോ വരദ്കര്‍. അത് കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരും ലിയോ വരദ്കറെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്.

സീറോമലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾ കലോത്സവത്തിനായി ആതിഥേയർ ആയ ന്യൂപോർട്ട് സെന്റ് ജോസഫ് സ് പ്രോപോസ്ഡ് മിഷൻ അവസാനഘട്ട ഒരുക്കത്തിൽ ആണ് . പള്ളി കമ്മറ്റിയുടെനേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു . ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോവിഡാനന്തരം, സമൂഹ മാധ്യമങ്ങളിൽക്കൂടെയല്ലാതെ നടക്കുന്ന ആദ്യത്തെ കലോത്സവം ആയതിനാൽ അത്യന്തം ആവേശത്തോടെ ആണ് മത്സരാർത്ഥികളും മാതാപിതാക്കളും കലോത്സവത്തെ ഉറ്റുനോക്കുന്നത്.

രാവിലെ 9.30 യോടെ സൈന്റ്റ് ജൂലിയൻസ് സ്കൂളിലെ മെയിൻ ഹാളിൽ ആരംഭിക്കുന്ന ബൈബിൾ പ്രതിഷ്ഠയോടെ കലാമത്സരങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് ഒൻപതു സ്റ്റേജുകളിലായി വിവിധ മത്സരങ്ങൾ നടത്തപ്പെടും. വെകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സമ്മാനദാനത്തോടെ കലോത്സവം സമാപിക്കും. എട്ടോളം മിഷനുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ ആണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ തനിനാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

സെന്റ് ജോസഫ്‌സ് മിഷന്റെ നേതൃത്വത്തിൽ , വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 29 ന് സെന്റ് ജൂലിയൻ സ്കൂൾ ഹാളിലേക്ക് ക്ഷണിക്കുന്നതായി ന്യൂപോർട്ട് പള്ളി ട്രസ്റ്റിമാരായ റെജിമോൻ വെള്ളച്ചാലിൽ , പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു . കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലോത്സവ കോർഡിനേറ്റേഴ്‌സ് ആയ ജോഷിതോമസ് (07888689427 ,ന്യൂപോർട്ട്) തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

കൂട്ടായി കൂടെ ചേർത്തു നടത്തും ഈശോ എന്ന ഗാനം ആലപിച്ച് ശ്രദ്ധേയ ആയിരിക്കുകയാണ് വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള ആഷ്‌ലി അലക്സ് മണ്ണത്താലിൽ. പ്രായത്തിൽ കവിഞ്ഞ പക്വതയും, സ്വര മാധുര്യവുമുള്ള മനോഹരമായ ഗാനത്തിലൂടെ ഭാവിയുടെ വാഗ്ദാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് ആഷ്‌ലി തൻറെ ആൽബത്തിലൂടെ . ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഗായക സംഘാംഗമായ ആഷ്‌ലി ഇതിനോടകം യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമായ ബൈബിൾ കലോത്സവം ഉൾപ്പെടെയുള്ള വേദികളിൽ ഗാനമാലപിച്ച് കൈയ്യടി നേടിയിട്ടുണ്ട് .

വൈക്കം,  കുടവെച്ചൂർ മണ്ണത്താനിയിൽ കുടുംബാംഗമായ അലക്സിന്റെയും ബിന്ദുവിന്റെയും ഇളയ മകളായ ആഷ്‌ലി വെയ്ക്ക്ഫീൽഡ് സെൻറ് തോമസ് ബെക്കറ്റ് കാത്തലിക് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആഷ്ലിയുടെ സഹോദരി അഞ്ജലി എ ലെവലിന് ലീഡ്സ് നോട്ടർഡാം കാത്തലിക് കോളജിലെ ആദ്യവർഷ വിദ്യാർഥിനിയാണ്.

ആഷ്‌ലി ആലപിച്ച സംഗീത ആൽബത്തിന് വരികളും സംഗീതവും നൽകിയിരിക്കുന്നത് വെസ്റ്റ് യോർക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ഷിജോ തോമസ് ഇലഞ്ഞിക്കൽ ആണ്. ഷിജോയുടെ മിനി കഥകൾ വിശേഷ അവസരങ്ങളിൽ മലയാളം യുകെ വായനക്കാരുടെ ഇഷ്ട വിഭവമാണ്, ക്യാമറ കൈകാര്യം ചെയ്തത് അലക്സ് തരകൻ, അസോസിയേറ്റ് ഡയറക്ടർ റോയി നെല്ലിക്കുന്നേൽ, ഓർക്കസ്ട്ര ജസിൻ ജോൺ , സ്റ്റുഡിയോ – ശ്രീ മീഡിയാ സ്വരമാധുരിയിലൂടെ യുകെ മലയാളികളെ കൈയ്യിലെടുത്ത ആഷ്‌ലയുടെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസിന്‍റെ സഹോദരന്‍ മേമന ഫ്രാന്‍സിസ് ഫ്രാന്‍സിസ് (60) നിര്യാതനായി. പരേതരായ എം ഒ ഫ്രാൻസിസിന്റെയും മറിയകുട്ടി ഫ്രാൻസിസിന്റെയും മകനും റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനുമായ ഫ്രാന്‍സിസ് കോതമംഗലം കുണിഞ്ഞി ഇടവകാംഗമാണ്. ഇന്നലെ വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയാണ് ഉണ്ടായത്.

സംസ്കാരചടങ്ങുകള്‍  വ്യാഴാഴ്ച (27/10/2022) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കുണിഞ്ഞി സെന്റ്‌ ആന്റണീസ് ദേവാലയത്തില്‍ നടക്കും.  റോയിയുടെയും കുടുംബാംഗങ്ങളുടെയും വ്യസനത്തില്‍ മലയാളം യുകെ ന്യൂസ് ടീമും പങ്ക് ചേരുന്നു.

 

RECENT POSTS
Copyright © . All rights reserved