യുകെ മലയാളിയായ രാജുവിനെ പേടിക്കാതെ ഒരു മൃഗവും ഇന്ന് കാടുകളിലില്ല. അത് ആഫ്രിക്കൻ കൊലകൊല്ലി കാട്ടു പോത്തു ആയാൽ പോലും. 84 മീറ്റർ അകലെനിന്നും ഒറ്റഷോട്ടിൽ ഒത്ത വലിപ്പമുള്ള ഒരു സിംഹത്തെ വരെ വെടിവെച്ചിട ഒരു മലയാളിയാണ് രാജു എന്ന യുകെ വാറുണ്ണി.

ഓരോ മൃഗത്തിനുമായി പ്രത്യേകം പ്രത്യേകം രാജു കരുതിവച്ചിരിക്കുന്നത് പന്ത്രണ്ടോളം റൈഫിളുകളാണ്. നായാട്ട് ജീവിതത്തിൻ്റെ ഭാഗമാക്കിയ ഈ വേട്ടക്കാരൻ്റെ തോക്കു ശേഖരത്തിൽ ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ എയർ ഗണ്ണുകൾ മുതൽ കിളികളേയും മുയലിനേയും വെടിവക്കാനുള്ള ഷോട്ട് ഗൺ കാട്ടിലെ വമ്പന്മാരെ വെടിവച്ചിടുന്ന 300, 375 റൈഫിളുകൾവരെയുണ്ട്.

500 പൗണ്ട് മുതൽ 4000 പൗണ്ടും അതിനു മുകളിലും വിലയുള്ള തോക്കുകളുണ്ട് രാജുവിൻ്റെ കൈയ്യിൽ. ഓരോന്നും ഉപയോഗിക്കേണ്ട സന്ദർഭവും രീതികളും നിയമങ്ങളും നീയന്ത്രണങ്ങളും ഈ വേടക്കാരന് സ്വന്തം ഉള്ളംകൈപോലെ മനപാഠം! ഒരു രാജ്യത്ത്നിന്നും മറ്റൊരു രാജ്യത്തേക്ക് തോക്കുകൾ കൊണ്ടുപോകുന്നതിൻ്റെ നൂലമാലകളും ആവേശത്തോടെ രാജു വിശദീകരിക്കും.

ഫയർ ആം സർട്ടിഫിക്കറ്റ്, ലോക്കറിൽ സൂക്ഷിക്കേണ്ട കാട്രിഡ്ജുകൾ, ലൈസൻസ് നടപടി ക്രമങ്ങൾ, കൈവശം സൂക്ഷിക്കാവുന്ന വെടിയുണ്ടകളുടെ എണ്ണം എന്നിങ്ങനെ യുകെയിലെ നിയമ വിധേയമായ നായാട്ടിൻ്റെ എല്ലാ വശങ്ങളും രാജുവിൻ്റെ കൈയ്യിൽ ഭദ്രം.

ഇതുവരെ വെടിവച്ചിടതിൽ ഏറ്റവും വലിയ മൃഗമേതെന്ന് ചോദിച്ചാൽ രാജുവിൻ്റെ ഉത്തരം ജിറാഫ് എന്നാണ്. സൗത്താഫ്രിക്കൻ പര്യടനത്തിലാണ് ആഫ്രിക്കൻ സിംഹവും കാട്ടുപോത്തും രാജുവിൻ്റെ ഉന്നത്തിന് മുന്നിൽ വീണത്. എന്നാൽ വേട്ടക്കാരൻ്റെ വീരകഥകൾക്കപ്പുറം മനുഷ്യനും മൃഗങ്ങളും പ്രകൃതിയുമായുള്ള അഗാധമായ ബന്ധത്തിൻ്റെ കഥയും രാജുവിന് പറയാനുണ്ട്.

വേട്ടക്കാർ പലപ്പോഴും അനധികൃതമായി കാട്ടിൽ കടന്നുകയറി വംശനാശത്തിൻ്റെ വക്കിലുള്ള ജീവികളെ കൊന്ന് അവയെ വിപണികളിലെത്തുക്കുന്ന വില്ലന്മാരാണ് പൊതുബോധത്തിൽ. എന്നാൽ ഒരു ടെറിട്ടറിയിൽ എണ്ണം കൂടുമ്പോഴും പ്രായം കൂടി ഇര തേടാവാത്ത നിലയിലും മൃഗങ്ങൾ എത്തിപ്പെടുന്ന വിഷമാവസ്ഥകളിൽ മനുഷ്യൻ നടത്തുന്ന പോസിറ്റീവായ ഇടപെടലായാണ് രാജു നായാട്ടിനെ വിശേഷിപ്പിക്കുക.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാകുമ്പോൾ നിയമവിധേയമായ നായാട്ടിലൂടെ അത് പഴയപോലെ ആക്കിയെടുക്കാൻ വേട്ടക്കാരൻ വേണം. ഒപ്പം ഇര തേടാനാവാതെ നാട്ടിലിറങ്ങുന്ന പ്രായം ചെന്ന മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ കൂടിവരുമ്പോഴും നായാട്ടുകാരൻ്റെ സാന്നിധ്യം അനിവാര്യമാണെന്ന് രാജു ഓർമ്മിപ്പിക്കുന്നു.ഇരുപത്തഞ്ചോളം മൃഗങ്ങളെ നായാട്ടിൻ്റെ ഓർമ്മയ്ക്കായി സ്റ്റഫ് ചെയ്തു വക്കാനുള്ള ഒരുക്കത്തിലാണ് രാജു.

ഉള്ളിൽ ഒരു നായാട്ടുകാരൻ ഉറങ്ങിക്കിടക്കുന്നവർക്കും കാടിൻ്റെ വന്യത നിറഞ്ഞ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്കുമായി രാജുവിൻ്റെ കൈയ്യിൽ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒപ്പം ലൈസൻസ് എടുക്കുന്നതിൻ്റേയും ഉത്തരവാദിത്തത്തോടെ വേട്ടയാടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അങ്കമാലിക്കാരനായ ക്രുവിൽ താമസിക്കുന്ന രാജു എല്ലാം വിശദമായി പറഞ്ഞു തരും.

സ്വന്തം അനുഭവങ്ങൾ വിവരക്കുമ്പോഴും ഭീതിയോടെയും രോമാഞ്ചത്തോടെ അത് കേട്ടിരിക്കുന്ന നമ്മൾ കാണുന്നത് രാജുവിൻ്റെ കണ്ണുകളിൽ മിന്നുന്നത് കാടിൻ്റെ മടിത്തട്ടിൽ ഏകാഗ്രതയോടെ വേട്ട മൃഗത്തിനായി കാത്തിരിക്കുന്ന വേട്ടക്കാരൻ്റെ ജാഗ്രതയാണ്.