മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മിശ്ര സംസ്‌കാര മാതൃക പരാജയമാണെന്ന് സിറ്റിസണ്‍ഷിപ്പ് മന്ത്രി അലന്‍ റ്റഡ്ജ്. കുടിയേറ്റക്കാരില്‍ 25 ശതമാനം ആളുകള്‍ക്കും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യവും ലിബറലുമായ മൂല്യങ്ങള്‍ സംരക്ഷിക്കാനായി ഇംഗ്ലീഷ് ഭാഷാ പരീക്ഷ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും റ്റഡ്ജ് സൂചന നല്‍കി. മിശ്ര സംസ്‌കാരം വിജയകരമായി പിന്തുടരാന്‍ കഴിയുന്നുണ്ടെങ്കിലും ഉദ്ഗ്രഥനത്തിന്റെ കാര്യത്തില്‍ ചില പരാജയങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ടേണ്‍ബുള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. മിശ്രസംസ്‌കാരമെന്നത് ദൈവദത്തമല്ലെന്നും അതുകൊണ്ടുതന്നെ അതിന് ഒഴികഴിവുകള്‍ ഇല്ലെന്നും റ്റഡ്ജ് വ്യക്തമാക്കി.
മുന്‍കാലങ്ങളിലുണ്ടായിരുന്നകതുപോലെയുള്ള ഏകീകരണം ഇപ്പോള്‍ സാധ്യമാകുന്നില്ല എന്നതിന് തെളിവുകള്‍ ഏറെയുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ബാഹ്യഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നുണ്ട്. തന്റെ സ്വന്തം നഗരമായ മെല്‍ബണില്‍ പോലും ആഫ്രിക്കന്‍, സുഡാനീസ് ഗ്യാംഗുകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ ഡാന്‍ഡെനോംഗ് പ്രദേശത്ത് കുറ്റകൃത്യങ്ങളില്‍ കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2016ലെ സെന്‍സസ് അനുസരിച്ച് ഈ പ്രദേശത്തെ ജനസംഖ്യയില്‍ 64 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഈ പ്രദേശത്തെ വെറും 30 ശതമാനം ആളുകള്‍ മാത്രമാണ് വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത്. 24 ശതമാനം കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നതേയില്ല. 2011ലെ സെന്‍സസില്‍ ഇത് 19 ശതമാനമായിരുന്നു. ദേശീയതലത്തില്‍ നോക്കിയാല്‍ ഇംഗ്ലീഷ് സംസാരഭാഷയായ ഓസ്‌ട്രേലിയക്കാരുടെ എണ്ണം 73 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2011ല്‍ ഇത് 77 ശതമാനമായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ സിറ്റിസിണ്‍ഷിപ്പ് ആക്ടില്‍ ഭേദഗതികള്‍ വരുത്തണമെന്നും പുതുതായി രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ഭാഷാ പരീക്ഷകള്‍ക്ക് വിധേയരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പതിനാറുകാരനായ ബ്രാന്‍ഡന്‍ മാര്‍ഷല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്‍ എന്ന പദവിയിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ 7 അടി 4 ഇഞ്ച് ഉയരമുള്ള മാര്‍ഷല്‍ കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ഇഞ്ച് വളര്‍ന്നു. എന്നാല്‍ ഇവന്റെ വളര്‍ച്ച ഇനിയും നിലച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ വിഭാഗത്തില്‍ ഏറ്റവും ഉയരക്കാരനെന്ന റെക്കോര്‍ഡിന് ഉടമയായ ബ്രോക് ബ്രൗണ്‍ 20 വയസ് പിന്നിട്ടതോടെയാണ് ബ്രാന്‍ഡന്‍ മാര്‍ഷല്‍ ഉയരത്തില്‍ ഒന്നാം സ്ഥാനത്തേക്ക് വരുന്നത്. വലിയ പൊക്കമൊക്കെയുണ്ടെങ്കിലും സുഹൃത്തുക്കള്‍ ഇവനെ വിളിക്കുന്നത് ടൈനി എന്നാണ്.
ഈ ഉയരക്കൂടുതല്‍ അവന്റെ സ്വപ്‌നമായ വെല്‍ഷ് ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗത്വം ലഭിക്കുന്നതിന് സഹായിച്ചു. മകന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നത് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നാണ് അമ്മയായ ലിന്‍ ക്വെല്‍ച്ച് പറയുന്നത്. അവന്‍ എത്ര ഉയരത്തിലെത്തുമെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. സാധാരണക്കാര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്ലായിടത്തും ബ്രാന്‍ഡന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. മേല്‍ക്കൂരകള്‍, സീലിംഗുകള്‍, വാതിലുകള്‍ എല്ലായിടത്തും ഈ ഉയരം ബ്രാന്‍ഡന് വെല്ലുവിളിയാണ്.
ഇപ്പോള്‍ ഒരു സൂപ്പര്‍ കിംഗ് ബെഡാണ് അവന്‍ ഉപയോഗിക്കുന്നത്. ഇനി ഒരു എട്ട് അടി നീളമുള്ള ബെഡ് അവനായി പ്രത്യേകം തയ്യാറാക്കണമെന്നും അമ്മ പറയുന്നു. തെരുവില്‍ മകനുമായി നടക്കാനിറങ്ങിയാല്‍ ജനങ്ങള്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കുകൂട്ടും. കഴിഞ്ഞ വര്‍ഷം 6 അടി 11 ഇഞ്ച് ഉയരമെത്തിയപ്പോളാണ് സഫോള്‍ക്കിലെ സെന്റ് എഡ്മണ്ടില്‍ താമസിക്കുന്ന ബ്രാന്‍ഡന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവന്റെ വളര്‍ച്ചയുടെ രഹസ്യത്തെക്കുറിച്ച് അറിയാന്‍ ഡോക്ടര്‍മാര്‍ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും അതിന്റെ രഹസ്യം മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.
ലണ്ടന്‍: യൂറോപ്യന്‍ വ്യോമമേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപഗ്രഹ സഹായത്തോടെയുള്ള പദ്ധതി വരുന്നു. ഇതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍മര്‍സാറ്റ് കമ്പനിയും കൈകോര്‍ക്കും. ഐറിസ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് സുരക്ഷിതമായ പാതകളിലൂടെ വിമാനങ്ങളെ നയിക്കാനുള്ള ശേഷി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ വിഎച്ച്എഫ് റേഡിയോ വോയ്‌സ് മെസേജുകളിലൂടെയാണ് നിയന്ത്രണം സാധ്യമാക്കുന്നത്. സമീപഭാവിയില്‍ തന്നെ ഇത് പരമാവധി ശേഷിയിലെത്തുമെന്നാണ് കരുതുന്നത്.
വരും ദശകങ്ങളില്‍ വ്യോമഗതാഗതം വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ ശക്തവും ആധുനികവുമായ സാങ്കേതിക വിദ്യകള്‍ നിയന്ത്രണത്തിനായി ആവശ്യമായി വരും. പ്രതിവര്‍ഷം 5 ശതമാനം എന്ന നിരക്കിലാണ് ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത്. യൂറോപ്യന്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്നതും പുതിയ രീതികള്‍ തേടാനുള്ള പ്രേരണയായിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐറിസ് കൂടുതലായി ഉപയോഗിച്ച് തുടങ്ങും.
എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും കോക്പിറ്റിനുമിടയിലെ സന്ദേശങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കുക, സഞ്ചാരപഥത്തിന്റെ ഫോര്‍ ഡയമെന്‍ഷണല്‍ മാനേജ്‌മെന്റ് സാധ്യമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഗ്രഹ സഹായത്തോടെയുള്ള ഗതാഗതം സാധ്യമാകുന്നതിലൂടെ കൂടുതല്‍ കൃത്യതയുള്ള നിയന്ത്രണം നേടാന്‍ കഴിയുമെന്നാണ് ഇന്‍മര്‍സാറ്റ് അറിയിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ഐറിസില്‍ ഗവേഷണങ്ങള്‍ നടന്നു വരികയായിരുന്നു. ചെറിയ പരീക്ഷണ വിമാനങ്ങളില്‍ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്.
അടുത്ത ഘട്ടമായി കൂടുതല്‍ വിമാനങ്ങളില്‍ ഈ സാങ്കേതികത ഉപയോഗിക്കും. ഇതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഇന്‍മര്‍സാറ്റുമായി 42 മില്യന്‍ യൂറോയുടെ കരാറിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്‍മര്‍സാറ്റിന്റെ എല്‍-ബാന്‍ഡ് ഉപഗ്രഹ നെറ്റ്‌വര്‍ക്കിലൂടെയായിരിക്കും സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുക. ഇത് വിജയകരമായാല്‍ 2020 മുതല്‍ ഐറിസ് വ്യാപകമായി ഉപയോഗിക്കാനാണ് പദ്ധതി.
ലോകശക്തിയെന്ന പദവിയിലേക്കുള്ള പാതയിലാണ് ഇന്ത്യ നീങ്ങുന്നതെന്ന് പെന്റഗണ്‍ ഇന്റലിജന്‍സ് തലവന്‍. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായ ലഫ്റ്റനന്റ് ജനറല്‍ റോബര്‍ട്ട് ആഷ്‌ലിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മൂന്നില്‍ മുന്നറിയിപ്പിന്റെ രൂപത്തിലാണ് ആഷ്‌ലി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സൈനികശേഷി ഈ പദവിയിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായകമാണെന്ന് ന്യൂഡല്‍ഹിക്ക് വ്യക്തമായി അറിയാമെന്ന് ആഷ്‌ലി പറയുന്നു. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച ആദ്യത്തെ ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. ഈ ശ്രേണിയിലെ രണ്ടാമത്തെ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഘാത് ഈ വര്‍ഷം നാവികസേനയ്ക്ക് സ്വന്തമാകും. ഏഷ്യയിലെമ്പാടുമുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സംരക്ഷിക്കുന്നതിനുള്ള വലിയ ശ്രമങ്ങളും ഇന്ത്യ നടത്തി വരികയാണെന്നും ആഷ്‌ലി വ്യക്തമാക്കി.
നിയന്ത്രണ രേഖയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ സാവധാനം വര്‍ദ്ധിച്ചു വരികയാണ്. ഡോക്ലാം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധത്തിലും പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. ഇത് ഇരു വശത്തെയും സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഈ സംഘര്‍ഷങ്ങള്‍ 2018ലും തുടരുമെന്നും ആഷ്‌ലി വ്യക്തമാക്കി.
എനര്‍ജി ബില്ലുകള്‍ക്ക് പരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ എനര്‍ജി കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ എനര്‍ജി കമ്പനികള്‍ നിയമത്തെ പോലും ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വീടുകളിലെ ഊര്‍ജോപഭോഗം കുറച്ചുകൊണ്ട് പരമാവധി ചെലവ് കുറയ്ക്കുക എന്നത് മാത്രമാണ് സാധാരണക്കാര്‍ക്ക് മുന്നിലുള്ള മാര്‍ഗം. പരിസ്ഥിതിയോടിണങ്ങുന്ന രീതികള്‍ അനുവര്‍ത്തിക്കുക എന്നതാണ് ഇതില്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമെങ്കിലും അത് അല്പം ബുദ്ധിമുട്ടുള്ളതാണെന്നതും അംഗീകരിക്കാതെ തരമില്ല. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പല വസ്തുക്കളും ഊര്‍ജ്ജോപയോഗത്തിലെ ഹരിത മാര്‍ഗം തേടുന്നതിന് സഹായകമാകുന്ന വിധത്തിലുള്ളവയാണ്.
പരിസ്ഥിതിക്കും നമ്മുടെ പോക്കറ്റിനും ഇണങ്ങുന്ന വിധത്തിലുള്ളവയാണ് പല സ്മാര്‍ട്ട് ഉപകരണങ്ങളും. സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റ് മുതല്‍ ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നത് വരെയുള്ള പല മാര്‍ഗങ്ങളുമുണ്ട്. അവയില്‍ എട്ട് മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
1. ഗ്രീന്‍ പവറിലേക്ക് മാറുക
ഇക്കോ ഫ്രണ്ട്‌ലി എനര്‍ജി പ്രൊവൈഡര്‍മാരുടെ സേവനം തേടാവുന്നതാണ്. പ്യുവര്‍ പ്ലാനെറ്റ് പോലെയുള്ള കമ്പനികള്‍ ചെലവു കുറഞ്ഞതും ഹരിത സ്രോതസുകളില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. 100 ശതമാനം കാര്‍ബണ്‍ വിമുക്ത എനര്‍ജിയാണ് ഇവരുടെ വാഗ്ദാനം. 400 പൗണ്ട് വരെ എനര്‍ജി ബില്ലുകളില്‍ ലാഭിക്കാന്‍ ഇത്തരം കമ്പനികളുടെ സേവനം തേടുന്നതിലൂടെ കഴിയും.
2. ബള്‍ബുകള്‍ മാറ്റുക
സാധാരണ ഫിലമെന്റ് ബള്‍ബുകളാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. വില കുറവായതിനാല്‍ ആളുകള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും ആത്യന്തികമായി നഷ്ടം വരുത്തുന്നവയാണ് ഇവ. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശം ലഭിക്കുമെന്ന് മാത്രമല്ല ഇവയുടെ ആയുസ് കൂടുതലുമാണ്.
3. പ്ലഗ്ഗുകള്‍ ഓഫ് ചെയ്ത് വെയ്ക്കുക
ഉപകരങ്ങള്‍ പ്ലഗ് ചെയ്ത് ഓണ്‍ ചെയ്ത് സ്റ്റാന്‍ഡ്‌ബൈയില്‍ ഇടുന്നത് ഏറെ വൈദ്യുതി പാഴാക്കുന്ന രീതിയാണ്. ടിവികളും ഗെയിം കണ്‍സോളുകളും ഈ വിധത്തില്‍ ഒരു വര്‍ഷം 45 മുതല്‍ 80 പൗണ്ട് വരെ പാഴാക്കാറുണ്ട്. സ്മാര്‍ട്ട് പ്ലഗുകള്‍ ഉപയോഗിക്കുന്നതിലൂടെ ഈ പാഴ്‌ചെലവ് ഒരു പരിധി വരെ ഒഴിവാക്കാനാകും. അയണുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ മറക്കുന്നതു പോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ കഴിയും.
4. പരിസ്ഥിതി സൗഹൃദ ബെഡ്ഡിംഗുകള്‍ ഉപയോഗിക്കുക
ഗൂസ് തൂവലുകളാണ് ലക്ഷ്വറി ബെഡിംഗുകളില്‍ സാധാരണ ഉപയോഗിക്കാറുള്ളത്. ഇത്തരം ബെഡിംഗുകള്‍ ചൂടുള്ളവയായതിനാല്‍ ഹീറ്റിംഗിലൂടെയുള്ള ഊര്‍ജ്ജ നഷ്ടം കുറയ്ക്കാനാകും. ലക്ഷ്വറി ബെഡുകളുടെ വില താങ്ങാനാകാത്തവര്‍ക്ക് പെറ്റ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്ത് തയ്യാറാക്കുന്ന മൃദുവായ പദാര്‍ത്ഥം ഉപയോഗിക്കുന്ന ബെഡുകളും ലഭ്യമാണ്.
5. വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും പരമാവധി ശേഷിയില്‍ ഉപയോഗിക്കുക
വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും പരമാവധി നിറച്ച് ഉപയോഗിക്കുന്നത് ഇവയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കുറയ്ക്കും. അതു മാത്രമല്ല വസ്ത്രങ്ങള്‍ പുറത്ത് ഉണക്കുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ലോഡ് തുണികള്‍ ഉണക്കുമ്പോള്‍ ശരാശരി വാഷിംഗ് മെഷീനുകള്‍ 7.27 പൗണ്ട് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തു വിടുന്നുണ്ട്.
6. ഹീറ്റിംഗ് സ്മാര്‍ട്ട് ആക്കുക
റൂം ഹീറ്റിംഗിനായി സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളിലൂടെ നിയന്ത്രിക്കാവുന്നവയായതിനാല്‍ ഹീറ്റിംഗ് ബില്ലില്‍ 130 പൗണ്ട് വരെ ലാഭമുണ്ടാക്കും.
7. കംപോസ്റ്റര്‍ സ്ഥാപിക്കുക
റീസൈക്ലിംഗില്‍ ബ്രിട്ടീഷുകാര്‍ ഒരു പരിധി വരെ സാക്ഷരരാണെങ്കിലും ജൈവ മാലിന്യത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പം അവരെ വിട്ടുമാറിയിട്ടില്ല. ഒരു കംപോസ്റ്റര്‍ സ്ഥാപിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാകും. ലാന്‍ഡ്ഫില്ലിനായി കൊണ്ടുപോകുന്ന മാലിന്യത്തില്‍ 50 ശതമാനം കുറവ് വരുത്താനും ഇത് സഹായിക്കും.
8. ഗ്രീന്‍ അല്ലെങ്കില്‍ ഹരിതമാകുക
ഗ്രീന്‍ അല്ലെങ്കില്‍ ഹരിതമാകുക എന്ന് പറഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലെത്തണമെങ്കില്‍ ഒരു ചെടിയെങ്കിലുംനട്ടേ തീരൂ. എങ്കില്‍ അത് എന്തുകൊണ്ട് വീടിനുള്ളിലായിക്കൂടാ? കാര്‍ബണ്‍ ഡയോക്‌സൈഡിനെയും ദോഷകരമായ വാതകങ്ങളെയും വലിച്ചെടുക്കുന്ന ചെടികള്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് ഒരു നല്ല ശീലമാണ്. ഇതിനായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ഏറെ ലഭ്യമാണ്. പച്ചക്കറികള്‍ വളര്‍ത്തിയാല്‍ അവയിലൂടെ അടുക്കള ബില്ലിലും ലാഭമുണ്ടാക്കാം.
യുകെയിലെ അതുല്യ പ്രതിഭകള്‍ പങ്കെടുക്കുന്ന ‘സമര്‍പ്പണ 2018’, മാര്‍ച്ച് 10ന് ബര്‍മിംഗ്ഹാമില്‍ അരങ്ങേറുന്നു. 2016-ല്‍ ആരംഭിച്ച ഈ ‘നൃത്ത-സംഗീത’ സമന്വയം തുടര്‍ച്ചയായി ഇത് മൂന്നാമത്തെ പ്രാവശ്യമാണ് നടക്കുവാന്‍ പോകുന്നത്. ബര്‍മിംഗ്ഹാമിലെ സംഗീതാധ്യാപികയും നര്‍ത്തകിയുമായ ആരതി അരുണിന്റെ നേതൃത്വത്തില്‍, ബ്രിട്ടനിലെ ഇന്ത്യന്‍ നൃത്ത – സംഗീത രംഗത്ത് നിന്നും അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് കലാകാരന്മാരും കലാകാരികളുമാണ് സമര്‍പ്പണ 2018 നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഹിതേന്‍ മിസ്ട്രി, ദിവ്യാ ഉണ്ണികൃഷ്ണന്‍ എന്നീ പ്രഗത്ഭരായ നര്‍ത്തകരും നൃത്താധ്യാപകരും ആണ് സമര്‍പ്പണയിലെ മറ്റ് നര്‍ത്തകര്‍.
ഹീതേന്‍ ഭരതനാട്യവും ദിവ്യ മോഹിനിയാട്ടവും അവതരിപ്പിക്കുമ്പോള്‍ ആരതി അരുണ്‍ കുച്ചിപ്പുടിയാണ് അവതരിപ്പിക്കുന്നത്. ഗായകരില്‍ പ്രമുഖര്‍ – ബ്രയന്‍ എബ്രഹാം, അലന്‍ ആന്റണി, ഡോ. ഷെറിന്‍ ജോസ് പയ്യപ്പള്ളില്‍, ഡോ. സവിതാമേനോന്‍, ജെം പിപ്‌സ്, വാറന്‍ ഹെയ്‌സ് എന്നിവരാണ്. ഇവരെ കൂടാതെ അന്ന ജിമ്മി, സെയിറ ജിജോ, ലെക്സി എബ്രഹാം, അഷ്‌നി ഷിജു, ബെനിറ്റ ബിജോ, എയ്ഞ്ചൽ ബിഞ്ചു, അനുഗ്രഹ ബിഞ്ചു, ലെവോൺ ടോം, ഫ്രയ സാജു എന്നീ കൊച്ചു ഗായികാഗായകന്‍മാരും സമര്‍പ്പണയില്‍ അണിനിരക്കുന്നുണ്ട്.
പ്രശസ്ത നര്‍ത്തകിയും അവതാരികയുമായ ദീപാ നായര്‍, കലാസാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആനി പാലിയത്ത് എന്നിവരാണ് സമര്‍പ്പണയുടെ അവതാരകമാര്‍ (ആങ്കറിങ്ങ്). ഇവര്‍ രണ്ടുപേരും ഒരുപാട് കലാസാഹിത്യ പരിപാടികളില്‍, ആങ്കറിങ്ങിലൂടെ കാണികളുടെ മനം കവര്‍ന്നവരാണ്. സമര്‍പ്പണയുടെ ടിക്കറ്റുകളിലൂടെ ലഭിക്കുന്ന പണം സൂരജ് പാലാക്കാരന്റെ ‘സത്കര്‍മ്മ’ (ആദിവാസികളുടെ ക്ഷേമത്തിനായി പ്രര്‍ത്തിക്കുന്ന ട്രസ്റ്റ്) എന്ന ട്രസ്റ്റിനാണ് കൈമാറുന്നത്.
ഇതോടൊപ്പം തന്നെ ചെന്നൈയില്‍ വയലിന്‍ പഠിക്കുന്ന ഒരു സംഗീത വിദ്യാര്‍ത്ഥിക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. പ്രോഗ്രാം കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്‌സ് – അരുണ്‍ കുമാര്‍, ലിറ്റി ജിജോ, ബിന്‍ജു ജേക്കബ്, തേജോ എബ്രഹാം എന്നിവരാണ്. താനിയ മുത്തുപാറക്കുന്നേല്‍ എന്ന യുവനര്‍ത്തകിയുടെ നേതൃത്വത്തിലുള്ള സിനിമാറ്റിക് ഡാന്‍സും സമര്‍പ്പണയ്ക്ക് മാറ്റ് കൂട്ടുന്നു. പ്രസ്‌തുത പരിപാടി ഗർഷോം ടി വി സംപ്രേഷണം ചെയ്‌ത് യുകെ മലയാളികളുടെ സ്വീകരണമുറികളിൽ ‘സമര്‍പ്പണ 2018’ എത്തിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്.
അഡ്രസ്
The Auditorium Hall, St. MAry’s Church,
Hobs Meadow, Solihull, B92 8 PN
സമയം മാര്‍ച്ച് 10 – ഉച്ചയ്ക്ക് 2.00 മണി മുതല്‍ 6.00 മണി വരെ
ന്യൂസ് ഡെസ്ക്
കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വൻ അഗ്നിബാധ. മദർ ആൻഡ് ബേബി യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്. വൽസ് ഗ്രേവ് സൈറ്റിലെ ബിൽഡിംഗിന്റെ മുകളിലെ നിലയിൽ നിന്നാണ് പുക ഉയരുന്നത്. മറ്റേണിറ്റി യൂണിറ്റിലെ ബോയിലർ റൂമിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. മറ്റേണിറ്റി വാർഡ് അടിയന്തിരമായി ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. സ്പെഷ്യൽ ആംബുലൻസ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഹൈഡ്രോളിക് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഫയർ സർവീസ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. രാവിലെ ഒൻപതു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ആർക്കെങ്കിലും തീപിടുത്തത്തിൽ പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ വെസ്റ്റ് വിംഗിലാണ് അഗ്നിബാധയുണ്ടായത് എന്ന് ഹോസ്പിറ്റൽ സ്റ്റേറ്റ്മെൻറിൽ അറിയിച്ചു. കുറെ രോഗികളെ അഗ്നിബാധയുണ്ടായ ബിൽഡിംഗിൽ നിന്ന് സുരക്ഷിതമായ മറ്റു ഭാഗങ്ങളിലേയ്ക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.
ശിലായുഗത്തിലെ കല്ലുകൊണ്ടുള്ളഉപകരണങ്ങളില്‍ നിന്നും ഇന്നത്തെ സ്മാര്‍ട്ട്ഫോണുകളുടെ കണ്ടുപിടിത്തത്തില്‍ വരെമനുഷ്യനെ നയിച്ചത്അവന്റെ മസ്തിഷ്‌കവും ശാസ്ത്രവും ഒത്തുചേര്‍ന്നപ്പോഴായിരുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹത്തില്‍ ശാസ്ത്ര അവബോധം കുറഞ്ഞ് വരികയും പകരം വിഡ്ഢിത്തം വിളമ്പുന്ന വാട്‌സാപ്പ് വിജ്ഞാനത്തെആശ്രയിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. തീവ്രമായ മത, ജാതി,ദേശീയതയും വിഭജിച്ചു ഭരിക്കുകയെന്ന ഫാസിസ്റ്റ് അജണ്ടയും ഇന്‍ഡ്യയില്‍ആഴത്തില്‍ പടരുന്നു. ‘ഹോര്‍മോണ്‍’ കുത്തിവെച്ച കോഴിയുടെ ഭീകരതയും പ്രമേഹം മാറാന്‍ പഴങ്ങള്‍മാത്രം കഴിച്ചാല്‍ മതിയെന്നുള്ള വാര്‍ത്തകളും, പോളിയോ, റൂബെല്ലാ വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങളും, പരിണാമശാസ്ത്രം അംഗീകരിക്കാത്ത മന്ത്രിയും തന്ത്രിയുമൊക്കെ നവമാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ മനുഷ്യരാശിക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ സയന്‍സ് വിസ്മരിക്കപ്പെടുകയാണ്.
പ്രത്യേകിച്ച്, കേരളത്തില്‍ ഇതിന്റെ അനുരണനങ്ങള്‍ വളരെ കൂടുതലാണ്. നമ്മള്‍, യുകെ മലയാളികള്‍ എല്ലാവരും നാട്ടിലുള്ള മാതാപിതാക്കളുടെയും മറ്റ് ബന്ധുമിത്രാദികളുടെയും ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍, നവമാധ്യമങ്ങളില്‍ പങ്ക്വെക്കപ്പെടുമ്പോള്‍, സ്വാഭാവികമായും നമ്മുടെ ആശങ്കകള്‍ വര്‍ദ്ധിക്കുകയും സത്യമെന്തെന്ന് അറിയാതെ നാം ഉഴലുകയും ചെയ്യുന്നു.
സ്‌കൂളിലും കോളജിലുംനാം ശാസ്ത്രം പഠിക്കുന്നു. ശരി തന്നെ. പക്ഷെ, ശാസ്ത്ര അവബോധം നമ്മളിലുണ്ടെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ച്ചയായും നമുക്ക്സാധിക്കും. ഭാഗ്യവശാല്‍, യു കെമലയാളികളുടെയിടയില്‍ ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത ഇവ പ്രചരിപ്പിക്കാനായി എസ്സെന്‍സ് എന്ന സംഘടന ഇപ്പോള്‍ നിലവിലുണ്ട്.
സംഘടനയുടെ നിലവിലെ പരിപാടികളുടെ ഭാഗമായി കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്രസാഹിത്യത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടുകയും ചെയ്ത പ്രൊ.രവിചന്ദ്രന്‍ സി. യുകെ സന്ദര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കാനും അദ്ദേഹത്തോട് സംവദിക്കാനും യുകെ മലയാളികളെ എസ്സെന്‍സ് യു കെ സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ലണ്ടനിലും മാഞ്ചസ്റ്ററിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വേദികളുടെ വിശദവിവരങ്ങള്‍ താമസിയാതെ അറിയിക്കുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക..
ഡിജോ സേവ്യര്‍ – 07702 873539
രാജേഷ് രാമന്‍ – 07874 002934
സന്തോഷ് റോയ് – 074155 00102
ന്യൂസ് ഡെസ്ക്
M1 മോട്ടോർവേ അപകടത്തിൽ ട്രക്ക് ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നോട്ടിങ്ങാമിലെ സിറിയക് ജോസഫിന്റെയടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ വിചാരണ തുടരുകയാണ്. ഡ്രൈവർ റിസാർഡ് മസിയേക്ക്, 31 മദ്യപിച്ച് ട്രക്ക് ഓടിച്ചതാണ് അപകടത്തിന്റെ കാരണമെന്ന് കോടതി നിരീക്ഷിച്ചു. അനുവദനീയമായതിനേക്കാൾ ഇരട്ടി ആൽക്കഹോൾ ഡ്രൈവർ ഉപയോഗിച്ചിരുന്നു. അതിനു ശേഷം മോട്ടോർവേയുടെ സ്ളോ ലെയിനിൽ ട്രക്ക് നിർത്തിയിട്ടു. സിറിയക്ക് ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കാതെ വലത്തേയ്ക്ക് ദിശ മാറ്റി മിഡിൽ ലെയിനിലേയ്ക്ക് കയറാൻ ശ്രമിക്കുമ്പോൾ പുറകിൽ നിന്ന് വന്ന് മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ വാഗ് സ്റ്റാഫ്, 54 ഹാൻഡ്സ് ഫ്രീ കോളിൽ ആയിരുന്നു. കൂടാതെ ട്രക്ക് ക്രൂസ് കൺട്രോളിൽ ആണ് ഓടിച്ചിരുന്നത്. ഇയാൾ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഈ ഡ്രൈവറുടെ മേൽ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല.
2017 ആഗസ്റ്റ് 26ന് രാവിലെ 2.57 നാണ് ബ്രിട്ടൺ കണ്ട ഏറ്റവും വലിയ മോട്ടോർ വേ അപകടം നടന്നത്. ന്യൂ പോർട്ട് പാഗ്നലിനടുത്താണ് അപകടം ഉണ്ടായത്. 11 ഇന്ത്യൻ ടൂറിസ്റ്റുകളുമായി നോട്ടിങ്ങാമിൽ നിന്ന് ലണ്ടനിലേയ്ക്ക് പോകുമ്പോഴാണ് മിനി ബസ് അപകടത്തിൽ പെട്ടത്. ഡിസ്നി ലാൻഡ് പാരീസിലേയ്ക്കു പോവാനാണ് സംഘം പുറപ്പെട്ടത്. സിറിയക്ക് ജോസഫടക്കം ആറു പുരുഷന്മാരും രണ്ടു സ്ത്രീകളും അപകടത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നാലു പേർ ആഴ്ചകളോളം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇതിൽ നാലു വയസുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടിരുന്നു.
പോളിഷുകാരനായ മസിയേക്ക് ഹാർഡ് ഷോൾഡറുണ്ടായിട്ടും അവിടെ ട്രക്ക് നിറുത്താതെ സ്ളോ ലെയിനിലാണ് പാർക്ക് ചെയ്തത്. ആൽക്കഹോൾ ഉപയോഗിച്ചിരുന്നതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. തന്റെ ബോധം നശിച്ചിരുന്നെന്നും അപകടമാണ് തന്നെ ഉണർത്തിയതെന്നും ഇയാൾ കോടതിയെ അറിയിച്ചു. റെഡിങ്ങിലെ ക്രൗൺ കോർട്ടിൽ വിചാരണ തുടരുകയാണ്.
ന്യൂസ് ഡെസ്ക്
മേജർ ഇൻസിഡന്റിനെ തുടർന്ന് സാലിസ്ബറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നത് MI6 ഇരട്ട ചാരനായ റഷ്യൻ പൗരൻ. ബിബിസിയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. മുൻ റഷ്യൻ കേണലായ സെർജി സ്ക്രിപാലിനെ സാലീസ്ബറിയിലെ ഷോപ്പിംഗ് ഏരിയയിലെ ബെഞ്ചിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. റഷ്യയിൽ 13 വർഷം ജയിലിൽ കഴിഞ്ഞ സെർജി സ്ക്രിപാൽ 66 കാരനാണ്. ഇപ്പോൾ ബ്രിട്ടീഷ് ഫോറിൻ ഇന്റലിജൻസ് ഏജൻസിയായ MI6 നു വേണ്ടി ചാരപ്രവർത്തനം നടത്തി വരുന്നതായാണ് റിപ്പോർട്ട്. സാലിസ്ബറിയിൽ താമസക്കാരനായ ഇയാൾ ഇരട്ട ചാരനാണ്. സെർജി റഷ്യയ്ക്കും ചാരപ്രവർത്തനത്തിലൂടെ രഹസ്യവിവരങ്ങൾ കൈമാറിയിരുന്നു. 1990 മുതൽ സെർജി വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസിയ്ക്ക് നല്കിയിരുന്നു. 100,000 ഡോളർ ഇതിന് പ്രതിഫലമായി സെർജിക്ക് ലഭിച്ചു. 10 അമേരിക്കൻ ചാരന്മാരെ കൈമാറിയതിനു പകരമായി മോസ്കോയിൽ നിന്ന് വിട്ടയച്ച നാല് തടവുകാരിൽ ഒരാളാണ് സെർജി. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ പാർട്ണറാണെന്ന് അറിയുന്നു. റേഡിയേഷൻ, കെമിക്കൽ എക്സ്പേർട്ടുകൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു.
മലയാളം യുകെ ന്യൂസ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച ന്യൂസ് ചുവടെ ചേർക്കുന്നു.
സാലിസ് ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചു. ആക്സിഡൻറ് ആൻഡ് എമർജൻസി ഇന്നു രാവിലെ അടിയന്തിരമായി അടച്ചു. ഇന്നലെ രാത്രി സിറ്റിയിൽ നടന്ന മെഡിക്കൽ എമർജൻസിയുമായി ബന്ധപ്പെട്ടാണ് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചത്. അടിയന്തിരമായി ഹോസ്പിറ്റലിലേയ്ക്ക് ഫയർഫോഴ്സ് യൂണിറ്റിനെ അധികൃതർ വിളിച്ചു വരുത്തി. ഇൻസിഡൻറ് റെസ്പോൺസ് വിഭാഗത്തിൽ പെട്ട രണ്ടു ആംബുലൻസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തി.
ഇന്നലെ രണ്ടു പേർ മാൾട്ടിംഗ് സ് ഷോപ്പിംഗ് സെൻററിൽ കുഴഞ്ഞു വീണിരുന്നു. അജ്ഞാത വസ്തുവിൽ നിന്നുള്ള റിയാക്ഷൻ മൂലമാണ് ഇവർ കുഴഞ്ഞു വീണത്. ഇവരെ ഉടൻ തന്നെ സാലിസ് ബറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ഹെറോയിനേക്കാൾ 50-100 മടങ്ങ് ശക്തിയുള്ള മയക്കുമരുന്നായ ഫെൻറാനിൽ സമ്പർക്കം മൂലമാണ് ഇവരെ ഹോസ് പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് കരുതുന്നു. ഒരു ഗ്രീൻ ടെൻറ് ഒരുക്കി ഫയർഫോഴ്സ് അടിയന്തിര ഡീകൻറാമിനേഷൻ നടത്തി. ഹോസ്പിറ്റലിലേയ്ക്ക് എത്തിക്കൊണ്ടിരുന്നവരെ സെക്യൂരിറ്റി വഴി തിരിച്ച് വിട്ടു. എൻട്രൻസിലേയ്ക്കുള്ള പ്രവേശനം പൂർണമായും ബാരിയർ കെട്ടി നിരോധിച്ചിരുന്നു. പത്തിൽ താഴെ ആളുകളെ ഈ സംഭവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തിയതായി ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിച്ചു.
ഇന്നലെ വൈകുന്നേരം 4.15 നാണ് മാൾട്ടിംഗ്സ് ഷോപ്പിംഗ് സെന്ററിൽ ഒരു പുരുഷനും ഒരു സ്ത്രീയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. ഇവർ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിലാണെന്ന് വിൽഷയർ പോലീസ് അറിയിച്ചു. സാലിസ്ബറിയിലെ മറ്റു പല സ്ഥലങ്ങളിലും ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കോർഡൺ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഏജൻസികൾ സംയുക്തമായി അന്വേഷണം തുടരുകയാണ്. ഹോസ്പിറ്റൽ രാവിലെ 11.20 ന് വീണ്ടും തുറന്നു.