Uncategorized

ന്യൂസ് ഡെസ്ക്

ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയിൽതന്നെ പൂർണ്ണമായി വികസിപ്പിച്ചെടുത്ത 55 അടി നീളമുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. 5,000 കിലോമീറ്ററുകൾ ഇതിന് ആക്രമണ പരിധിയുണ്ട്. ചൈനയും ഏഷ്യ മുഴുവനും  യൂറോപ്പിന്റെ ഭാഗങ്ങളും ആഫ്രിക്കയും  മിസൈലിന്റെ പരിധിയിൽ വരും. ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് ഒറീസയിലെ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ്. ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം നടന്നത്. 1500 കിലോഗ്രാം ഭാരം മിസൈലിന് വഹിക്കാനാകും.

പ്രകോപനമുണ്ടായാൽ ചൈനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഉടൻ തന്നെ പ്രഹരിക്കാൻ ശേഷി ഉള്ള പോർമുനയാണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അവസരത്തിൽ നടന്ന പരീക്ഷണം ചൈന ഗൗരവമായാണ് കാണുന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിലേക്ക് ഈ വർഷം തന്നെ ഈ മിസൈൽ ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. അതോടെ ഇന്റർ കോണ്ടിനെന്റെൽ ബാലിസ്റ്റിക് മിസൈലുകൾ ഉള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബിൽ ഇന്ത്യയും അംഗമാകും. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ നിലവിൽ ഈ ക്ലബിൽ ഉണ്ട്.

സാജു ജോസഫ്

പ്രവാസജീവിതത്തിന്റെ സുഖ ദുഃഖങ്ങള്‍ക്കിടയിലും ജന്മനാട്ടില്‍ പലവിധ കാരണങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ തങ്ങളാലാവുന്ന വിധത്തിലെല്ലാം നമ്മളില്‍ പലരും സഹായിക്കാറുണ്ട്. ആ ലക്ഷ്യവുമായി ഇന്നു യുകെയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ചാരിറ്റികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ് വോക്കിങ്ങില്‍ നിന്നുള്ള ഒരു പറ്റം സുമനസ്സുകള്‍. വര്‍ഷത്തില്‍ ഒരു വീട് എന്ന ലക്ഷ്യവുമായി 2017 കേരളപ്പിറവി ദിനത്തില്‍ മാഗ്‌നവിഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ജോയ് സ് ജെയിംസ് ഉദ്ഘാടനം നിര്‍വഹിച്ച ‘പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റ്’ ഇതിനകം വോക്കിങ്ങിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല യു കെ മുഴുവനിലും തരംഗമായി മാറിക്കഴിഞ്ഞു.

2018 നവംബര്‍ മാസത്തോടെ കേരളത്തിലെ അനുയോജ്യനായ ഒരു വ്യക്തിക്ക് ഒരു വീട് നിര്‍മ്മിച്ചുനല്‍കുക എന്നതാണ് പ്രഥമ ലക്ഷ്യം. കേരളത്തിന് പുറത്തുള്ള മറ്റു പ്രവാസി സംഘടനകളുടെ മാര്‍ഗ്ഗം പിന്തുടര്‍ന്നുകൊണ്ട് ഹാബിറ്റാറ്റ് ഗ്രൂപ്പ് പോലുള്ള സര്‍ക്കാര്‍ അംഗീകൃത എജന്‍സികള്‍ വഴി ആയിരിക്കും പ്രോജക്ടുകളുടെ സാക്ഷാല്‍ക്കാരം. ഇതിലേക്കുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. യുകെയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഈ ചാരിറ്റിയില്‍ അംഗങ്ങള്‍ ആകാവുന്നതാണ്.

എല്ലാ അംഗങ്ങള്‍ക്കും തങ്ങള്‍ക്ക് യോഗ്യരെന്ന് തോന്നുന്ന ഓരോ വ്യക്തികളെ ഗുണഭോക്താക്കളായി നിര്‍ദ്ദേശിക്കാവുന്നതാണ്. മറ്റു യോഗ്യതാ പരിശോധനകള്‍ക്കും റഫറന്‍സുകള്‍ക്കും ശേഷം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികളില്‍ നിന്നും നറുക്കിട്ട് അന്തിമ ഗുണഭോക്താവിനെ കണ്ടുപിടിക്കും. ബാധ്യതകള്‍ ഒന്നും ഇല്ലാതെ കുറഞ്ഞത് രണ്ടു സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടാവുക എന്നതാണ് അടിസ്ഥാന യോഗ്യത.

പ്രസ്തുത സംരംഭത്തില്‍ അംഗങ്ങള്‍ ആകുവാന്‍ ആഗ്രഹമുള്ളവര്‍ക്ക് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ വഴിയോ ഒറ്റത്തുക വഴിയോ തങ്ങളുടെ സംഭാവനകള്‍ നല്‍കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

BARCLAYS BANK, SORT CODE : 20-11-43, ACCOUNT NO. 43006131
Email : [email protected]
Contacts: 07588844565, 07722915166, 07745334143, 07939262702.

ന്യൂസ് ഡെസ്ക്

നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യവും സഭാ പാരമ്പര്യവും പേറുന്ന കേരള കത്തോലിക്ക സഭയിലെ പ്രമുഖ രൂപതയായ കോട്ടയം രൂപതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്‍ ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്‍റെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും രൂപതാ നേതൃത്വം പുറത്ത് വിട്ടിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി സമുദായം നിഷ്കര്‍ഷയോടെ പാലിച്ച് പോന്നിരുന്ന ആചാര അനുഷ്ഠാനങ്ങളിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് റിപ്പോര്‍ട്ടിനെ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ ക്നാനായ ദേവാലയങ്ങളിലെ അംഗത്വത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളില്‍ നിന്നാണ് കനേഡിയന്‍ ബിഷപ്പായ മൈക്കല്‍ മുല്‍ഹാലിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. കേരളത്തിലെയും അമേരിക്കയിലെയും ഇടവകകളില്‍ സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ അടുത്തിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വളരെയധികം ആശങ്കകളും ആശയക്കുഴപ്പങ്ങളും ആണ് റിപ്പോര്‍ട്ട് സംബന്ധിച്ച് സമുദായാംഗങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ളത്. സമുദായം ജീവന് തുല്യം പ്രാധാന്യം നല്‍കി കാത്ത് സൂക്ഷിച്ചിരുന്ന സ്വവംശ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതായിട്ടാണ് സൂചനകള്‍.

വരും നാളുകളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും എതിര്‍പ്പുകള്‍ക്കും ഈ റിപ്പോര്‍ട്ട് കാരണമാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ റിപ്പോര്‍ട്ടിന് എതിരെ രംഗത്ത് വന്നു കഴിഞ്ഞ സ്ഥിതിക്ക് ഇത് ഏറെക്കുറെ പ്രകടമായിക്കഴിഞ്ഞു. യുകെയിലെ ക്നാനായ മിഷന്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഇപ്പോള്‍ തന്നെ തടയിട്ടു കഴിഞ്ഞ സ്ഥിതിയാണ്. ഈ കാര്യത്തില്‍ കുറെയേറെ മുന്നോട്ട് പോയിക്കഴിഞ്ഞ യുകെയിലെ ക്നാനായക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ വളരെ അസ്വസ്ഥരാണ്. തങ്ങളുടെ അമര്‍ഷം സമുദായ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞ ഇവര്‍ പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കോട്ടം തട്ടുന്ന ഒരു നിലപാടിനും കൂട്ട് നില്‍ക്കില്ല എന്നും വ്യക്തമാക്കി കഴിഞ്ഞു.

ഇത്തരം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രതികരണം ഏത് രീതിയില്‍ ആയിരിക്കും എന്നതാണ് യുകെയിലെ ക്നാനായക്കാര്‍ ഉറ്റു നോക്കുന്നത്. ക്നാനായ മിഷനുകള്‍ ക്നാനായക്കാര്‍ക്ക് മാത്രമാണ് എന്ന് പറയുകയും ഓറിയന്റല്‍ ചര്‍ച്ച് റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും ചെയ്യുമോ എന്നതാണ് മറ്റൊരു ആശങ്ക. യുകെകെസിഎയുടെ ഒരു അസാധാരണ പൊതുയോഗം ഈ ശനിയാഴ്ച ഉച്ചയ്ക്ക് യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കും പ്രഖ്യപനങ്ങള്‍ക്കും ആണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.

എന്തായാലും വരും ദിവസങ്ങള്‍ സീറോ മലബാര്‍ സഭയെ സംബന്ധിച്ചും ക്നാനായ സമുദായത്തെ സംബന്ധിച്ചും വളരെ പ്രാധാന്യം അര്‍ഹിക്കുന്നവ ആയിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ജെഗി ജോസഫ്

പുതുവര്‍ഷത്തിന്റെ ആദ്യ പാദത്തിലേക്ക് എല്ലാവരും കടന്നുകഴിഞ്ഞു. ആഘോഷത്തിന്റെ സുഗന്ധം മനസ്സുകളില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു. പ്രതീക്ഷയുടെ ഈ നിമിഷത്തില്‍ ആഘോഷത്തിന്റെ പുതിയ ഊര്‍ജ്ജം പകര്‍ന്നുനല്‍കാന്‍ യുബിഎംഎ ഒരുങ്ങുകയാണ്. യുബിഎംഎ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഈ ശനിയാഴ്ചയാണ് അരങ്ങേറുന്നത്. വെസ്റ്റ്ബെറി ഓണ്‍ട്രിയത്തിലെ ന്യൂമാന്‍ഹാളില്‍ വൈകീട്ട് നാലുമണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ആവശ്യമായ ഒരുക്കങ്ങളെല്ലാം സംഘാടകര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലെ ആഘോഷങ്ങളെ കവച്ചുവെയ്ക്കുന്ന ഗംഭീരമായ ആഘോഷപരിപാടികളാണ് അരങ്ങിലെത്തുന്നത്.

ശ്രീമതി ജിഷ മധു പഠിപ്പിക്കുന്ന യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മനോഹരമായ നൃത്ത പരിപാടികളും, മുതിര്‍ന്നവരുടെ സ്‌കിറ്റും, കരോള്‍ ഗാനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ മികച്ചതാക്കി തീര്‍ക്കാനും പങ്കെടുക്കുന്നവരുടെ മനസ്സുകളില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിക്കാനുമുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.

ആഘോഷപരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എല്ലാവര്‍ക്കും ഡ്രസ് കോഡും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി സാരിയും, പുരുഷന്മാര്‍ക്ക് സ്യൂട്ടുമാണ് വേഷം. ബ്രിസ്റ്റോള്‍ ഫുഡ് ബാങ്ക് ചാരിറ്റിയുടെ ഭാഗമായി ഫുഡ് കളക്ഷനും നടത്തുന്നുണ്ട്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ജാക്സണ്‍ ചിറയില്‍ ,ബിജു തോമസ്, ബിന്‍സി ജെയ്, ബീന മെജോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മറ്റി മികച്ച ഒരുക്കമാണ് നടത്തിയിരിക്കുന്നത്.പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാന്‍, സെക്രട്ടറി ബിജു പപ്പാരില്‍ എന്നിവര്‍ അറിയിച്ചു. ഏവരും കാത്തിരിക്കുന്നു ഒരു നല്ല സായാഹ്നത്തിനായി.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നു. 2016-17 ൽ രാജി വച്ചത് 33,000 നഴ്സുമാരാണ്. വിന്റർ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകൾ ആവശ്യത്തിനു സ്റ്റാഫ് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുകയാണ്. പത്തിൽ ഓരോ നഴ്സുവീതം ഓരോ വർഷവും 1 എൻഎച്ച്എസ് വിടുകയാണ്. ബ്രിട്ടണിലെ ഹോസ്പിറ്റലുകളിലെ സ്റ്റാഫ് ഷോർട്ടേജ് ദിനം പ്രതി മൂർച്ഛിക്കുകയാണ്. 2016-17ൽ പുതിയതായി എൻഎച്ച്എസിൽ ചേർന്ന നഴ്സുമാരെക്കാൾ 3000 ൽ ഏറെ നഴ്സുമാരാണ് വിട്ടു പോയത്. 2012-13 ലെ കൊഴിഞ്ഞുപോകലുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

എൻഎച്ച്എസ് ഇംഗ്ലണ്ടിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം പുതിയ സ്റ്റാഫുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്ന് ഹെഡ് ഓഫ് റോയൽ കോളജ് ഓഫ് നഴ്സിംങ്ങ് ജാനറ്റ് ഡേവിസ് . പറഞ്ഞു. പുതിയ തലമുറ നഴ്സുമാർ മുന്നോട്ടുവരുന്നില്ല എന്നതും നിലവിലുള്ള അനുഭവ സമ്പത്തുള്ള നഴ്സുമാർ മനം മടുത്ത് മറ്റു ജോലി തേടി പോകുന്നതും ഗവൺമെന്റ് ഗൗരവത്തോടെ കാണണമെന്ന് അവർ പറഞ്ഞു. സെപ്റ്റംബർ 2017 ലെ കണക്കനുസരിച്ച് ജോലി രാജി വച്ച നഴ്സുമാരിൽ 6976 പേർ (21%) എൻഎച്ച്എസിലെ റിട്ടയർമെന്റ് പരിധിയായ 55 വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ 17,207 പേർ 40 വയസിനു താഴെയുള്ളവരാണ്.

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് നഴ്സുമാരുടെ കൊഴിഞ്ഞു പോകലിന് ഒരു പ്രധാന കാരണമാണ്. വർഷങ്ങളായി എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പള വർദ്ധനയ്ക്ക് ക്യാപ് ഏർപ്പെടുത്തിയിരിക്കുന്നതും പ്രതിസന്ധി വഷളാക്കി. വിന്റർ ക്രൈസിസിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകളിൽ സ്റ്റാഫ് ഷോർട്ടേജ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശത്തിനെതിരെ കനത്ത വിമർശനമുയരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്തവർക്ക് നിലവിലുള്ള നീല പാസ്പോർട്ട് തന്നെ തുടരും. വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവരെ തൊഴിൽ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് പ്രത്യേക നിറമുള്ള പാസ്പോർട്ട് നല്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് പ്രവാസികളടക്കമുള്ളവർ പറയുന്നു.

ഓറഞ്ച് പാസ്പോർട്ട് ഉള്ളവർ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർ, ആണെന്നതിന്റെ പരസ്യപ്പെടുത്തലാണെന്നും അതിനാൽ തന്നെ അങ്ങനെയുള്ളവർ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിവേചനത്തിന് ഇരയാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഓറഞ്ച് പാസ്പോർട്ടിൽ അവസാന പേജിൽ യാതൊരു വിവരങ്ങളും രേഖപ്പെടുത്തില്ല എന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഓറഞ്ച് പാസ്പോർട്ടിൽ അഡ്രസും ഇമിഗ്രേഷൻ സ്റ്റാറ്റസും ഉണ്ടാവില്ല. 18 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്. ഇനി മുതൽ ഇമിഗ്രേഷൻ ക്ലിയറൻസ് സ്റ്റാമ്പ് ചെയ്യുന്നതിനു പകരം ആ കാറ്റഗറിയിൽ വരുന്നവർക്ക് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. നിലവിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ബ്ളു പാസ്പോർട്ട് ഹോൾഡേഴ്സിന് അത് കാലാവധി കഴിഞ്ഞ് പുതുക്കുന്ന സമയത്ത് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക.

ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്നത്. 69 ബില്യൺ ഡോളറാണ് 2015ലെ കണക്കനുസരിച്ച് വിദേശ ഇന്ത്യൻ തൊഴിലാളികൾ മാതൃരാജ്യത്തേയ്ക്ക് അയച്ചത്. മൈഗ്രൻറ് വർക്കേഴ്സിൽ 20 ൽ ഒരാൾ ഇന്ത്യാക്കാരനാണ്. വിദേശത്ത് നടക്കുന്നതിനേക്കാൾ ഏറെ തൊഴിൽ ചൂഷണം രാജ്യത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്നാണ് കടുത്ത വിമർശനം ഉയരുന്നത്. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്. ഈ പരിഷ്കാരം പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്നതെന്ന് ഓക്സ്ഫാം ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. പുതിയ പാസ്പോർട്ട് പരിഷ്കാര നിർദ്ദേശം സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂട്ടാനും വിവേചനം വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയുന്നു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പറ്റാത്ത ഭരണകൂടം വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഇന്ത്യാക്കാരനിൽ ഓറഞ്ച് പാസ്പോർട്ട് അടിച്ചേൽപ്പിക്കുന്നതിന്റെ ധാർമ്മികത മനസിലാകുന്നില്ലെന്ന് ഇവർ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങും നല്കാനാവാത്ത ഗവൺമെന്റിന് പൗരന്മാരെ അതിന്റെ പേരിൽ തന്നെ വേർതിരിക്കാൻ എന്തവകാശമാണ് ഉള്ളതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.  നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് പുതിയ പാസ്പോർട്ട് പ്രിൻറ് തയ്യാറാക്കുന്നത്.

ന്യൂസ് ഡെസ്ക്

ഗൾഫ് മേഖലയിൽ നിലനില്ക്കുന്ന സംഘർഷം വർദ്ധിപ്പിച്ചു കൊണ്ട് ഖത്തറും യുഎഇയും വീണ്ടും ഇടയുന്നു. ഖത്തറിന്റെ ഫൈറ്റർ ജെറ്റുകൾ യുഎഇ ഫ്ളൈറ്റുകളെ തടഞ്ഞു എന്നതാണ് പുതിയ സംഭവ വികാസം. തടഞ്ഞത് പാസഞ്ചർ ഫ്ളൈറ്റുകളെയാണെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. തടയപ്പെട്ടതിൽ ഒന്ന് എമിറേറ്റ്സ് ഫ്ളൈറ്റ് ആണ് എന്ന് അധികൃതർ വെളിപ്പെടുത്തി. ഖത്തർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ ആരോപിച്ചു. ബഹ്റിനു പറക്കുകയായിരുന്ന ഫ്ളൈറ്റുകളാണ് തടയപ്പെട്ടതായി പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത് ആണെന്നും തികച്ചും തെറ്റാണെന്നും ഖത്തർ പ്രതികരിച്ചു.

വ്യോമ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് ഖത്തറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ മിലിട്ടറി ജെറ്റുകൾ ഖത്തറിന്റെ വ്യോമാതിർത്തിക്കുള്ളിൽ പരിധി ലംഘിച്ച് കയറുന്നതായി ഖത്തർ യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് ഈയിടെ പരാതി ഉന്നയിച്ചിരുന്നു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ സഹോദരൻ അബ്ദുള്ള ബിൻ അലി അൽ താനി, തന്നെ അബുദാബിയിൽ തടഞ്ഞു വച്ചിരിക്കുകയാണെന്ന് അറിയിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് യു എ ഇ യും ഖത്തറും തമ്മിൽ വ്യോമമേഖലയിൽ സംഘർഷം ഉടലെടുത്തത്.

യുഎഇ, സൗദി അറേബ്യ, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം കഴിഞ്ഞ വർഷം നിർത്തി വച്ചിരുന്നു. ഭീകരപ്രവർത്തനത്തിന് ഖത്തർ സാമ്പത്തിക സഹായം നല്കുന്നു എന്ന് ആരോപിച്ചായിരുന്നു അത്. ഇറാനുമായി ഖത്തർ അടുക്കുന്നതിലും ഈ രാജ്യങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായും, പ്രവാസി മലയാളികളെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസന പദ്ധതിയിലെ പ്രധാന പങ്കാളികളാക്കി മാറ്റാനും ലക്‌ഷ്യം വച്ച് ആരംഭിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ജനുവരി12,13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ തന്നെയായിരുന്നു ലോക കേരള സഭയുടെ ആദ്യ സമ്മേളനവും നടന്നത്. കേരള സര്‍ക്കാരിനെ പ്രവാസി മലയാളികളുമായി നേരിട്ട് ബന്ധിപ്പിച്ച് കൊണ്ട് നടത്തിയ ഈ സമ്മേളനം ലോകമെങ്ങുമുള്ള പ്രവാസികളില്‍ വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

യുകെയില്‍ നിന്ന് അഞ്ച് മലയാളികള്‍ക്കാണ് ലോക കേരള സഭയില്‍ പ്രതിനിധികളും ക്ഷനിതാക്കളും ആകാന്‍  ഭാഗ്യം ലഭിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ കണ്‍വീനറുമായ ടി. ഹരിദാസ്‌, പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രതിനിധിയുമായ കാര്‍മല്‍ മിറാന്‍ഡ, ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷ യുകെയുടെ വൈസ് പ്രസിഡണ്ടും ബിബിസിയില്‍ മുന്‍മാധ്യമ പ്രവര്‍ത്തകനുമായ രാജേഷ്‌ കൃഷ്ണ, എഴുത്തുകാരനായ മനു പിള്ള എന്നിവരെ പ്രതിനിധികളായും സാമൂഹ്യ പ്രവര്‍ത്തകയും ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറുമായ രേഖ ബാബുമോനെ പ്രത്യേക ക്ഷണിതാവായും ആദ്യ ലോക കേരള സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള സര്‍ക്കാര്‍ ആണ് ഇവരെ നോമിനേറ്റ് ചെയ്തത്. ഇതില്‍ തന്നെ ടി. ഹരിദാസ് പിന്നീട് സഭയെ നിയന്ത്രിക്കുന്ന ഏഴംഗ പ്രസീഡിയത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കാര്‍മല്‍ മിറാന്‍ഡ, രാജേഷ്‌ കൃഷ്ണ, ടി. ഹരിദാസ്‌, മനു പിള്ള, രേഖ ബാബുമോന്‍

എന്നാല്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇവരെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് കൊണ്ട് യുകെയിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്ന് രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. യുകെയില്‍ ഉള്ള മലയാളികളായ സാമൂഹിക പ്രവര്‍ത്തകരെയും ബിസിനസുകാരെയും അപമാനിച്ച് നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടല്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ രണ്ട് പേരെ വ്യക്തിപരമായി അപമാനിച്ച് കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ഈ പോര്‍ട്ടല്‍ രംഗത്ത് എത്തിയത്.

ലോക കേരള സഭ എന്നത് സര്‍ക്കാര്‍ പണം മുടക്കാനുള്ള ഒരു വെള്ളാനയാണ് എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത എഴുതിയ പോര്‍ട്ടല്‍ ഇന്ന് ആരോപിച്ചിരിക്കുന്നത് അര്‍ഹതയില്ലാത്തവര്‍ ആണ് ലോക കേരള സഭയില്‍ യുകെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ്. യുകെയില്‍ നിന്ന് ഇടതു പക്ഷ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ കാര്‍മല്‍ മിറാന്‍ഡ ഒഴികെയുള്ള രണ്ട് പേര്‍ മന്ത്രിമാര്‍ യുകെയിലെത്തുമ്പോള്‍ സ്വീകരണം നല്‍കിയതും കൊണ്ട് നടന്നതും വഴിയാണ് പ്രതിനിധികളായത് എന്ന ആരോപണമാണ് പോര്‍ട്ടല്‍ ഉന്നയിച്ചത്.

ഷാജന്‍ സ്കറിയ, കെ ആര്‍ ഷൈജുമോന്‍

ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍, കവന്‍ട്രിയില്‍ താമസിക്കുന്ന കെ ആര്‍ ഷൈജുമോന്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പോര്‍ട്ടലില്‍ ആണ് ഗുരുതരമായ ഈ ആക്ഷേപം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെയിലെ ഒരു പ്രമുഖ ബിസിനസുകാരന് എതിരെ നുണക്കഥകള്‍ എഴുതി പ്രചരിപ്പിച്ചതിന് വന്‍തുക പിഴയായി നല്‍കേണ്ടി വന്ന് മാസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് ഇവര്‍ വീണ്ടും വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

യുകെയിലും കേരളത്തിലും ഉള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇടയില്‍ കനത്ത പ്രതിഷേധം ആണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. പോര്‍ട്ടലിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം കേരളത്തിലും യുകെയിലും ഉള്ള ഇവരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും വരെ യുകെയിലെ ഇടത് പക്ഷ പ്രവര്‍ത്തകര്‍ ആലോചിച്ച് കഴിഞ്ഞു.

മന്ത്രിമാരുടെയും നേതാക്കളുടെയും ഇടയില്‍ എനിക്ക് ഉള്ള സ്വാധീനം ഇത്ര വലുതാണ്‌ എന്ന് ഒരു മഞ്ഞ പത്രം വഴി അറിയേണ്ടതില്ലെന്നും അതിനാല്‍ തന്നെ വിലകുറഞ്ഞ ഈ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും ഇപ്പോള്‍ കേരളത്തിലുള്ള രാജേഷ്‌ കൃഷ്ണ മലയാളം യുകെ പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍ തന്നെക്കുറിച്ച് പറഞ്ഞതിലുപരി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതയെക്കുറിച്ച് എഴുതിയതില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ഇത്തരം നിലപാടുകള്‍ തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നും രാജേഷ്‌ കൃഷ്ണ അറിയിച്ചു. യുകെയിലെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ വേണ്ട പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജേഷ്‌ പറഞ്ഞു.

രേഖ ബാബുമോനെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും ലഭ്യമായില്ല.

ന്യൂസ് ഡെസ്ക്.

തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ ഗാഢനിദ്ര പലർക്കും ഒരു ദിവാസ്വപ്നമാണ്. സോഷ്യൽ മീഡിയയുടെയും ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളുടെയും അതിപ്രസരം മൂലം മനുഷ്യന്റെ ദിനചര്യകൾ തകിടം മറിഞ്ഞു. സുഖപ്രദമായ രാത്രി ഉറക്കം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുവാൻ സഹായകമാണ്. പ്രഭാതത്തിൽ ഉന്മേഷത്തോടെ ഉണരാനും ഏവരും ആഗ്രഹിക്കുന്നു. നമ്മുടെ അനുദിന ജീവിതം അച്ചടക്ക പൂർണവും നിയന്ത്രിതവുമാക്കാൻ കഴിഞ്ഞാൽ ഉറക്കമില്ലായ്മയുടെ ദോഷഫലങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.

സുഖനിദ്ര മാനസിക ആരോഗ്യത്തിനും ആത്മവിശ്വാസ വർദ്ധനവിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ശരാശരി എട്ടുമണിക്കൂർ ഉറക്കം മനുഷ്യന് ആവശ്യമാണ്. ചിലർക്ക് അതിലേറെയും ചുരുക്കം ആളുകൾക്ക് അതിൽ കുറവും ആകാം. ദിന-രാത്രി കാല  ശീലങ്ങൾ വേണ്ട രീതിയിൽ ക്രമീകരിക്കുന്നത് ആരോഗ്യകരമായ ഉറക്കത്തിന് നല്ലതാണ് എന്ന് സ്ളീപ് എക്സ്പെർട്ട് ക്രിസ്റ്റബെൽ മജെന്തി പറയുന്നു.

പകൽ സമയത്തെ വ്യായാമം രാത്രി ഉറക്കത്തെ പരിപോഷിപ്പിക്കും. അമിത ഊർജം ശരീരത്തിൽ ഉണ്ടായാൽ അത് നിങ്ങളെ ഉറങ്ങാൻ അനുവദിക്കില്ല. ശരിയായ വ്യായാമം ശരീരത്തിലെ ബയോകെമിക്കൽസിനെ നിയന്ത്രിക്കുകയും അതുമൂലം സമ്മർദ്ദവും ഉത്കണ്ഠയും കുറയുകയും ചെയ്യും. ദിവസം മുഴുവൻ വീട്ടിൽ തന്നെ ചിലവഴിക്കുന്നത് നന്നല്ല. പുറത്തിറങ്ങി സൂര്യപ്രകാശം ഏറ്റാൽ നമ്മുടെ ശരീരത്തിലെ മെലാറ്റോണിന്റെ അളവ് വർദ്ധിപ്പിക്കും. സിർകാർഡിയൻ റിഥം നിയന്ത്രിക്കുന്ന ഹോർമോൺ ആണ് മെലാറ്റോണിൻ. പകൽ സമയത്ത് ഉറക്കം തൂങ്ങുന്നത് സിർകാർഡിയൻ റിഥത്തെ തടസപ്പെടുത്തും. പക്ഷേ നിയന്ത്രിക്കാനാവാത്ത രീതിയിൽ ഉറക്കം വരുകയാണെങ്കിൽ ഉറങ്ങാം, പക്ഷേ 20 മിനുട്ടിൽ കൂടുതൽ ആവരുത്.

പകൽ സമയത്ത് ബെഡ് റൂമിൽ നിന്നും അകന്നു നിൽക്കുന്നതാണ് രാത്രി ഉറക്കത്തിന് നല്ലത്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ അത് ബെഡ് റൂമിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ആറു മണിക്കൂറിന് ഉള്ളിൽ കഫെയിൻ ഒഴിവാക്കണം. പാൽ ഉൾപ്പെടുന്നതോ കഫെയിൻ ഇല്ലാത്തതോ ആയ പാനീയങ്ങൾ കുടിക്കുന്നത് ദോഷമുണ്ടാക്കില്ല. പകൽ സമയത്ത് ഉറക്കം വരാതിരിക്കാൻ കഫെയിൻ അടങ്ങിയ ഡ്രിങ്ക്സ് ഉപയോഗിക്കുന്നവർ നേരത്തെ ഉറങ്ങാൻ ശ്രമിക്കുകയോ നിദ്രയെ തടസപ്പെടുത്തുന്ന മറ്റു കാര്യങ്ങൾ ക്രമീകരിക്കുകയോ ചെയ്യേണ്ടതാണ്.

ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ഏതാനും മണിക്കൂറുകൾ നിദ്രയെ സ്വാധീനിക്കുന്നതാണ്. ആ മണിക്കൂറുകളിൽ ശരീരം ശാന്തമാകുകയും ഉറക്കത്തിനായി തയ്യാറെടുക്കുകയും ചെയ്യപ്പെടണം. ഉറങ്ങാൻ പോവുന്നതിന് മുമ്പുള്ള മൂന്നു മണിക്കൂറുകളിൽ അമിതമായി ഭക്ഷണം കഴിക്കരുത്. പകൽ സമയത്തെ ഊർജ നഷ്ടത്തെ പരിഹരിക്കുകയും ഊർജം ക്രമീകരിക്കുകയും ചെയ്യുന്ന സമയത്ത് ഭക്ഷണത്തിന്റെ ദഹനപ്രക്രിയയ്ക്കായി ആ ഊർജം വിനിയോഗിക്കപ്പെടുന്നത് അഭിലഷണീയമല്ല.

വികാരപരമായ സംഭാഷണങ്ങൾ മൂലമുണ്ടാകുന്ന ചിന്തകൾ നിങ്ങളുടെ മനസിൽ നിറഞ്ഞാൽ അത് ഉറക്കം നഷ്ടപ്പെടുത്തും. ആരെങ്കിലും അങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ തുനിഞ്ഞാൽ അവരെ നിരുത്സാഹപ്പെടുത്തുകയും ഇതല്ല അതിനു പറ്റിയ സമയമെന്ന് പറഞ്ഞു മനസിലാക്കാനും ശ്രമിക്കുക. ഉറങ്ങുന്നതിന് മുമ്പ് അതിനായി ശരീരത്തെ തയ്യാറാക്കണം. ചെറുചൂടുള്ള വെള്ളത്തിലുള്ള സ്നാനം, മാനസിക വ്യായാമങ്ങൾ, അല്പ സമയം നീളുന്ന വായന, ചെറിയ രീതിയിലുള്ള യോഗ എന്നിവയെല്ലാം ഒരു സുഖനിദ്രയ്ക്കായി ശരീരത്തെ ഒരുക്കും.

മോഡേൺ ബെഡ്റൂമുകൾ നിദ്രയെ സ്വാധീനിക്കുന്നു. മിക്കവയും ആരോഗ്യകരമായ നിദ്രയെ തടസപ്പെടുത്തുന്നവയാണ്. ഉറങ്ങാനുള്ള അന്തരീക്ഷം മെച്ചപ്പെടുത്തിയാൽ നല്ല ഉറക്കം ലഭിക്കും. ശാന്തവും തണുപ്പുള്ളതും ഇരുട്ടുള്ളതുമായ അന്തരീക്ഷമാണ് ബെഡ് റൂമിൽ ഉണ്ടാവേണ്ടത്. ശബ്ദവും വെളിച്ചവും കടന്നു വരുന്നതാണ് ബെഡ് റൂം എങ്കിൽ കട്ടിയുള്ള കർട്ടൻ ഇടുകയും ഇയർ പ്ലഗുകൾ, ഐ മാസ്ക് എന്നിവ ഉപയോഗിക്കുകയും ചെയ്യണം.

നഗ്നരായി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് മജെന്തി പറയുന്നു. ശരീര താപനില ക്രമീകരിക്കുന്നതിന് ഇതു സഹായകമാണ്. ഉറങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ താപനില 16നും 18 നും ഇടയിൽ ആയിരിക്കുന്നതാണ്. കോൾഡ് ഫീറ്റ് ഉള്ളവർ സോക്സ് ധരിച്ച് ഉറങ്ങുന്നത് നല്ലതാണ്. ഉറക്കം ലഭിക്കാതെ കിടക്കുമ്പോൾ രാത്രിയിൽ സമയം ഇടയ്ക്കിടെ നോക്കുന്നത് ഒട്ടും സഹായകരമല്ല. ഇത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ഉറക്കത്തെ നഷ്ടപ്പെടുത്തുകയും ചെയ്യും. മനസിൽ നല്ല ചിന്തകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഉറക്കത്തെ ത്വരിതപ്പെടുത്തും.

ഷുഗറിന്റെ അംശം കുറവുള്ളതും പോഷകാംശം ശരിയായ അളവിൽ അടങ്ങിയതുമായ ആഹാരം കഴിക്കുന്ന മുതിർന്നവർക്ക് ശരിയായ ഉറക്കം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉറങ്ങുന്നതിന് മുമ്പ് തയ്യാറാക്കി വച്ചാൽ അത് ഉറക്കം കൂടുതൽ ലഭിക്കാൻ സഹായിക്കും. അവയെക്കുറിച്ച് ഓർത്ത് ഉണ്ടാക്കുന്ന സമ്മർദ്ദവും ഉത്കണ്ഠയും ഇതിനാൽ കുറയ്ക്കാൻ കഴിയും.

ജോണ്‍സണ്‍ മാത്യൂസ്

ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ക്രിസ്തുമസ്, പുതുവത്സര ആഘോഷം ”പിറവി” ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം നാല് മണിക്ക് 100ല്‍ പരം സ്ത്രീകളെയും പെണ്‍കുട്ടികളെയും അണിനിരത്തി ഗുജറാത്തി പരമ്പരാഗത ഫോക്ക് ഡാന്‍സായ ദാണ്ടിയ നൃത്തത്തോട് ആരംഭിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി രാജീവ് തോമസ് വിശിഷ്ടാതിഥികള്‍ക്കും ക്രിസ്തുമസ് പാപ്പയായ അലന്‍ തോമസിനും സദസിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് സോനു സിറിയക്ക് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തയ്യാറാക്കിയ ക്രിസ്തുമസ് ട്രീയിലെ നക്ഷത്ര വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശേഷം മര്‍ത്തോമ്മാ സഭയുടെ മുന്‍ മണ്ഡലാംഗവും പ്രശസ്ത വാഗ്മിയുമായ ഷാബു വര്‍ഗ്ഗീസ് ക്രിസ്തുമസ് ദൂത് നല്‍കി.

ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസ്തുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച് കൈ കോര്‍ക്കുമ്പോളാണ് ക്രിസ്തുമസ് അതിന്റെ പരിപൂര്‍ണതയില്‍ എത്തുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുല്‍ക്കൂട് മത്സരത്തില്‍ ജെ ഡി ഡ്രൈവിംഗ് സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് പ്രസിഡന്റ് നല്‍കുകയുണ്ടായി.

തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നുവന്ന മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നുചെന്ന എല്ലാ മലയാളി ഭവനങ്ങങളിലെ അംഗങ്ങള്‍ക്കും പിറവിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് ജോജി കോട്ടക്കല്‍ നന്ദി അറിയിക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി ലിന്‍സി അജിത്ത്, ട്രഷറര്‍ മനോജ് ജോണ്‍സന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമയബന്ധിതമായി യോഗം ജൂലി മനോജ് നിയന്ത്രിച്ചു.

യുവജന പ്രതിനിധികളായ ആഗ്ന, സ്‌നേഹ, അലീന എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊച്ചു പെണ്‍കുട്ടികള്‍ അവതരിപ്പിച്ച അതീവ ഹൃദ്യവും നയന മനോഹരവുമായ മെഴുകുതിരി നൃത്തത്തോടെ പിറവിക്ക് ആരംഭം കുറിച്ചു. 70ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച ‘പിറവി’ നൃത്ത സംഗീത ശില്‍പവും ക്രിസ്തുമസ് പാപ്പാമാരുടെ നൃത്തവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി ക്രിസ്ത്യന്‍ നൃത്തരൂപമായ മാര്‍ഗ്ഗംകളിയും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ് ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവയാല്‍ പിറവി കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു സജി കുമാര്‍ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സ് സദസിനെ ഇളക്കി മറിച്ചു.

പിറവി വന്‍ വിജയമാക്കി തീര്‍ക്കുവാനായി അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും പ്രോഗ്രാം കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം ജെറി, സാം, ജസ്റ്റിന്‍, തോമസ്, സണ്ണി, ബൈജു എന്നിവരുടെ നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ അംഗങ്ങളും അതിഥികളും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിലും കാതിലും കരളിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് പിറവിയെന്ന് അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved