കണ്ണൂർ∙ എകെജിയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വി.ടി.ബൽറാമിനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ.എം.ഷാജി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുതെന്നും ഷാജി പരിഹസിച്ചു.
ബൽറാമിനെ അനുകൂലിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതിനു പിന്നാലെയാണ് കെ.എം.ഷാജിയും പിന്തുണ അറിയിച്ചത്. ബൽറാമിന്റെ പരാമർശത്തോടു യോജിപ്പില്ലെന്നും എകെജിയെ എന്നല്ല, ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബൽറാമിന്റെ പരാമർശം തെറ്റാണെന്നും കോൺഗ്രസിന്റെ നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും വ്യക്തമാക്കി. ബൽറാമിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, അദ്ദേഹത്തിനെതിരെ നടക്കുന്നതു ഫാഷിസത്തിന്റെ വികൃതമുഖമാണെന്നുമാണ് മുസ്‍ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീർ അഭിപ്രായപ്പെട്ടത്.
കെ.എം.ഷാജിയുടെ കുറിപ്പിൽനിന്ന്:
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും മോർഫിങ്ങും മതനിന്ദയും വ്യാജ ആരോപണങ്ങളും ആവിഷ്കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മതവിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ എകെജിയെ വിമർശിക്കരുത്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്കാരമാണ്. എന്നാൽ എകെജിയെ തൊട്ടുകളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യും.
എകെജിയെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ത്യാഗോജ്വല രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തിന്റെ പ്രണയത്തിന്റെയോ വിവാഹ മോചനത്തിന്റെയോ അടിസ്ഥാനത്തിലല്ല. പരിദേവനം കൊള്ളാം. പക്ഷെ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈയൊരു തിരിച്ചറിവ് മാധ്യമ-സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇടതുപക്ഷക്കാരനും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ കേരള രാഷ്ട്രീയം ഇവ്വിധം വ്യാജ ആരോപണങ്ങളാൽ മലിനമാകുമായിരുന്നില്ല.
കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ ‘ഇതാ നിങ്ങളുടെ മാലിന്യം’ എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ചു നിക്ഷേപിച്ചിരിക്കുന്നു. അതുകണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണ്. ആവിഷ്കാരം ഞങ്ങളുടെ മാത്രം പ്രിവിലേജാണ്, നിങ്ങളുടേതല്ല. വി.ടി.ബൽറാം ടി.പി.ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്.
ന്യൂസ് ഡെസ്ക്.
ബ്രിട്ടൺ തണുത്തുറയുമ്പോൾ ഓസ്ട്രേലിയ ചൂടിൽ ഉരുകുകയാണ്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഇന്നലെ 47 ഡിഗ്രി ആയിരുന്നു താപനില. 1939 നുശേഷം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ ചൂടാണ് സിഡ്‌നിയിൽ അനുഭവപ്പെട്ടത്. അർദ്ധനഗ്നരായും ബിക്കിനിയിലും ജനങ്ങൾ ബീച്ചുകളിൽ തടിച്ചു കൂടി. സൂര്യസ്നാനം നടത്തിയും തിരകളിൽ കളിച്ചുല്ലസിച്ചും കുട്ടികളും മുതിർന്നവരും ചൂട് ആഘോഷിക്കുകയാണ്. സൺ ക്രീം ഉപയോഗിക്കണമെന്ന് ജനങ്ങളോട് ഓസ്ട്രേലിയൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

താപനില കൂടുതൽ ഉയരുന്നതോടെ കാട്ടുതീ പൊട്ടിപ്പുറപ്പെടുമെന്ന എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സിഡ്നിയിലും പരിസരപ്രദേശങ്ങളിലും പൂർണമായും ഫയർബാൻ ഏർപ്പെടുത്തിയിരിക്കുകയാണ്. 56 മൈൽ വരെ വേഗതയിൽ കാറ്റുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിച്ചിട്ടുണ്ട്. ഹീറ്റ് സ്ട്രോക്ക്, ഓസോൺ രശ്മികൾ എന്നിവയിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ ജനങ്ങൾ സ്വയം സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച വരെയും നിലവിലെ കടുത്ത ചൂട് തുടരാനാണ് സാധ്യത.




ന്യൂസ് ഡെസ്ക്
ഹൈ എനർജി പ്രോട്ടോൺ ബീം ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സ യുകെയിൽ ഉടൻ ലഭ്യമാകും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആണ് ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാവുന്നത്. ഈ വർഷം ഓഗസ്റ്റ് മുതൽ ഇവിടെ ക്യാൻസർ രോഗികൾക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോൺ ബീം ചികിത്സ നല്കിത്തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാൻസറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പ്രോട്ടോൺ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എൻഎച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്.
മാഞ്ചസ്റ്ററിലെ പ്രോട്ടോൺ ബീം ട്രീറ്റ്മെന്റ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മെഡിസിന്റെയും ഫിസിക്സിന്റെയും അനന്ത സാധ്യതകൾ ഒത്തുചേരുന്ന പുതിയ ചികിത്സാരീതി യുകെയിൽ തുടങ്ങുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമായി മാറും. പ്രായം കുറഞ്ഞ രോഗികൾക്ക് പ്രോട്ടോൺ ബീം ചികിത്സ നിലവിലെ മറ്റു മാർഗങ്ങളെക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന സെല്ലുകൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ പ്രോട്ടോൺ ബീം മൂലം ഉണ്ടാവുകയില്ല. പുതിയ പ്രോട്ടോൺ ബീം സെൻററുകൾക്കായി യുകെ ഗവൺമെൻറ് 250 മില്ല്യൺ പൗണ്ട് നല്കിയിട്ടുണ്ട്. ബാക്കി തുക ഫണ്ട് റെയിസിംഗ് വഴിയാണ് കണ്ടെത്തിയത്.
ക്യാൻസറിനുള്ള റേഡിയോ തെറാപ്പിയിൽ ബീം ട്യൂമറിനുള്ളിലൂടെ കടന്ന് പോകുമ്പോൾ അതിന് ചുറ്റുമുള്ള സെല്ലുകൾക്ക് ദോഷകരമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പ്രോട്ടോൺ ബീം ഇതിലും ചെറുതായതിനാൽ ട്യൂമറിനെ കടന്നു പോകുന്നില്ല. അതിനാൽത്തന്നെ മറ്റു ടിഷ്യൂവിന് ദോഷകരമാവില്ല. ആറ്റത്തിന്റെ ന്യൂക്ലിയസിൽ നിന്ന് സെക്കന്റിൽ100,000 മൈൽ സ്പീഡിൽ പുറപ്പെടുന്ന പ്രോട്ടോണാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അത്യധികം സൂക്ഷ്മതയോടെ ഈ പ്രോട്ടോണിനെ സൈക്ലോട്രോൺ എന്ന ആക്സിലറേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. പ്രോട്ടോണിന്റെ കുറഞ്ഞ എനർജിയുള്ള ബീം ഉപയോഗിച്ചുള്ള ചികിത്സ നിലവിൽ യുകെയിലെ വിറാലിലുള്ള ക്ലാറ്റർ ബ്രിഡ്ജ് ക്യാൻസർ സെന്ററിൽ ലഭ്യമാണ്. കണ്ണിനുണ്ടാകുന്ന വിവിധതരം ക്യാൻസറുകൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.
രാജേഷ് ജോസഫ്
അവനവന് ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് നന്മക്കായി ഭവിക്കണം. ലോകത്തിലെ ഏത് സംഭവങ്ങളോടും തന്റേതായ രീതിയിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്ന ഒരേ ഒരു ജനത കേരളത്തില്‍ ജനിച്ച മലയാളികളാണ്. ഈ ഭൂമിമലയാളത്തിലുള്ള ഏതൊരു കാര്യത്തെക്കുറിച്ചും കണ്ണും പൂട്ടി അഭിപ്രായം പറയുന്നവരുടെ സമൂഹം. തങ്ങള്‍ക്ക് അറിവില്ലാത്ത സംഭവങ്ങളെപ്പറ്റി വാചാലരാകുന്ന അനവധി സുഹൃത്തുക്കളെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. ഒന്നും അറിയില്ലെങ്കിലും പ്രസ്തുത വിഷയത്തില്‍ താന്‍ പുലിക്ക് സമനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ആപത്തിലേക്കാണ് വഴി നടത്തുന്നത്.
എസ്എസ്എല്‍സി പരീക്ഷക്ക് ശേഷം ഒരു പുസ്തകവും കൈ കൊണ്ട് തൊട്ട്തീണ്ടാത്ത വ്യക്തി നമ്മുടെയൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ ആധികാരികമായി സംസാരിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും കണ്ണ് തള്ളിപ്പോയ അവസ്ഥയാണ് നമ്മില്‍ പലര്‍ക്കും. പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിക്കുന്നവരുടെ ഏറ്റവും വലിയ ഗുണമായി നാം കാണുന്നത് അവര്‍ക്ക് വ്യക്തമായി അറിവുള്ള, ബോധ്യമുള്ള കാര്യങ്ങളില്‍ മാത്രമേ അവരുടെ അഭിപ്രായം പ്രകടമാക്കുകയുള്ളു എന്നുള്ള വസ്തുതയാണ്. എന്നാല്‍ നമ്മള്‍ മലയാളികളാകട്ടെ വിശ്വസനീയമായ രീതിയില്‍ ഉദാഹരണ സഹിതം മറ്റുള്ളവരെയോ നമ്മെത്തന്നെയോ വഴി തെറ്റിച്ചുകൊണ്ടിരിക്കുന്നു. ഈ പുതുവത്സരത്തില്‍ അറിയാവുന്ന, ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ വാ പൂട്ടി മൗനമായി ശ്രദ്ധിക്കാം. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. 
അടുത്തിടെ വായിച്ച പുസ്തകത്തിലെ കഥ ഇവിടെ വിവരിക്കാം. കള്ളന്‍ സന്യാസിയുടെ ഭവനത്തില്‍ മോഷണത്തിനായി എത്തി. മോഷണശേഷം പിടികൂടിയ കള്ളനോട് സന്യാസി ചോദിച്ചു. നീ ചെയ്യുന്ന പ്രവൃത്തിയേക്കുറിച്ച് നിനക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കില്‍ മോഷണ മുതലുമായി പൊയ്‌ക്കൊള്ളുക. തല്‍ക്കാലം കള്ളന്‍ രക്ഷപ്പെട്ടുവെങ്കിലും ഒരാഴ്ചക്ക് ശേഷം തിരികെയെത്തി പറഞ്ഞു, താങ്കള്‍ എന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. പൂര്‍ണ്ണ ബോധ്യത്തോടെ മോഷണം ചെയ്യാന്‍ എന്റെ മനസും ശരീരവും അനുവദിക്കുന്നില്ല.
ഈ പുതുവത്സരത്തില്‍ അറിയാവുന്ന, പൂര്‍ണ്ണമായ ബോധ്യമുള്ള കാര്യങ്ങള്‍ക്കായി വാ തുറക്കാം. മറിച്ചാണെങ്കില്‍ ശ്രദ്ധയോടെ ചെവിയോര്‍ക്കാം. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

രാജേഷ് ജോസഫ്
ന്യൂസ് ഡെസ്ക്
യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ ഗ്രൂപ്പ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം. ഹോളിഡേ ഇന്നിന്റെ മെനുവിലാണ് ഹോളി കൗ കറി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വില 15.75 പൗണ്ടാണ്. റൈസും നാൻ ബ്രെഡും ചട്നിയും ഹോളി കൗ കറിയോടൊപ്പം സേർവ് ചെയ്യുമെന്നു മെനുവിൽ പറയുന്നു. ഹോളി കൗ എന്ന ബ്രാൻഡ് നെയിമുള്ള കമ്പനിയാണ് ഹോളിഡേ ഇന്നിന് കറി സോസ് സപ്ളെ ചെയ്യുന്നത്.
പശുവിനെ പരിശുദ്ധമായി ആരാധിക്കുന്ന ഹിന്ദുക്കളെ അപമാനിക്കുന്നതാണ് കറിയുടെ പേരെന്ന് പരാതി ഉന്നയിച്ച ഹിന്ദു മത പുരോഹിതനായ ദിൽപേഷ് കൊട്ടേച്ച പറയുന്നു. കറി സോസ് പായ്ക്കറ്റിന്റെ പുറത്ത് പശുവിന്റെ തലയുടെ പടവും കൊടുത്തിട്ടുണ്ട്. ഇത് കമ്പനിയുടെ ട്രേഡ് മാർക്ക് സിംബൽ ആണ്. ലെസ്റ്ററിലെ ഒരു ഹോളിഡേ ഇന്നിലാണ് താൻ ഹോളി കൗ കറി കണ്ടത് എന്ന് 44 കാരനായ ദിൽപേഷ് പറഞ്ഞു. ഹോളിഡേ ഇൻ സ്റ്റാഫിനോട് പരാതി പറഞ്ഞെങ്കിലും അവർ അതിനെ തമാശയായി കണ്ട് ചിരിച്ചു തള്ളുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഹോളിഡേ ഇൻ ഈ കറി മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്നും ക്ഷമാപണം നടത്തണമെന്നും ദിൽപേഷ് ആവശ്യപ്പെട്ടു.
ഹോളിഡേ ഇന്നിന് കറി സപ്ളെ ചെയ്യുന്ന ഹോളി കൗ കമ്പനി ഉടമ ബ്രിട്ടനിലെ ഹിന്ദു സമുദായത്തിൽ പെട്ട ആളാണ്. ഫാമിലി ബിസിനസായി നടത്തുന്ന ഹോളി കൗ കമ്പനിയുടെ ഉടമ അനു ശർമ്മയാണ്. കമ്പനിയുടെ ബ്രാൻഡ് നെയിം ആർക്കെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ ഖേദിക്കുന്നതായി അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് .
ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ന് വൈകുന്നേരമാണ് യൂണിവേഴ്സിറ്റിയുടെ മാത്സ് ബിൽഡിംഗിന് തീ പിടിച്ചത്. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിസ്റ്റോൾ സിറ്റി ഏരിയ പുകയിൽ മൂടി. ഫയർഫോഴ്സും എമർജൻസി വിഭാഗങ്ങളും രംഗത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അറുപത് അംഗ ഫയർഫോഴ്സ് സംഘമാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. വാട്ടർ ജെറ്റിംഗ് നടത്തുന്നതിനായി ഹെലികോപ്ടർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
വിൽസ് മെമ്മോറിയൽ ടവർ ഏരിയയിൽ ഉള്ള ഫ്രൈ ബിൽഡിംഗ് 33 മില്യൺ പൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടയിൽ ആണ് അഗ്നിക്കിരയായത്. ഇത് ഗ്രേഡ് 2 ലിസ്റ്റിൽ വരുന്ന ബിൽഡിംഗ് ആണ്. വരുന്ന സ്പ്രിംഗ് ടേമിൽ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കുന്നതിനായുള്ള രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരുന്നത്. ആരും തീപിടുത്ത സമയത്ത് ബിൽഡിംഗിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ റോഡുകൾ അടച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണെന്ന് യൂണിവേഴ്സിറ്റി ട്വീറ്റ് ചെയ്തു.
പ്രവാസികൾക്ക് ആഘോഷം എന്നും ഒരുമിക്കലിന്റെ സന്തോഷമാണ്. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളെ അയവിറക്കി കൊണ്ട് കുടുംബങ്ങൾ ഒത്തുകൂടി സന്തോഷം പങ്ക് വയ്ക്കുന്നു. മഞ്ഞു പെയ്തിറങ്ങുന്ന ജനുവരിയിൽ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ മടിത്തട്ടിൽ ആഘോഷത്തിമിർപ്പ്. കേരള കൾച്ചറൽ അസോസിയേഷന്റെ സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം 2018 ജനുവരി 6 ശനിയാഴ്ച വൈകീട്ട് അഞ്ചര മുതൽ ട്രെന്റ് വെയിൽ ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഗാനമേള, ആഘോഷത്തിമിർപ്പിനെ കോരിത്തരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ അരങ്ങേറുന്നതാണ്.
സ്നേഹവിരുന്നോട് കൂടിയ ഈ പരിപാടിയിലേക്ക് സ്റ്റോക്ക് ഓൺ ട്രെൻഡിലെ മുഴുവൻ മലയാളികളെയും കെസിഎ ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.
വേദി:
JUBILEE HALL
TRENTVALE
ST46PZ
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ് സോബിച്ചൻ കോശി: 07934667075
സെക്രട്ടറി ബിന്ദു സുരേഷ്: 07791068175
വാർത്ത: സോബിച്ചൻ കോശി

സ്വന്തം വിവാഹത്തിന് വൈകിയെത്തുന്ന വധൂ വരന്മാര്‍ ഇനി മുതല്‍ ജാഗ്രത പാലിക്കുക. താമസിച്ചെത്തിയാല്‍ ഇനി ഫൈന്‍ അടക്കേണ്ടി വരിക നൂറ് പൗണ്ട് ആയിരിക്കും. ബെയര്‍സ്റ്റെഡ് ഹോളി ക്രോസ്സ് ഇടവക വികാരി റവ. ജോണ്‍ കോര്‍ബിന്‍ ആണ് ഇങ്ങനെയൊരു നിയമം തന്‍റെ ഇടവകയില്‍ നടപ്പിലാക്കിയിരിക്കുന്നത്. വധൂ വരന്മാര്‍ താമസിച്ച് വരുന്നത് മൂലം പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് റവ. ജോണ്‍ പറയുന്നത്.
വിവാഹ ചടങ്ങുകള്‍ മനോഹരമായി നടത്താന്‍ ശ്രമിച്ച് കാത്തിരിക്കുന്ന പള്ളിയിലെ സ്റ്റാഫിന് ഈ തുക നല്‍കുമെന്നും റവ. ജോണ്‍ വ്യക്തമാക്കി. വിവാഹ ചടങ്ങിന് പള്ളി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ തുക വാങ്ങി വയ്ക്കുമെന്നും വരനോ വധുവോ 20 മിനിറ്റില്‍ കൂടുതല്‍ താമസിച്ചാല്‍ ഈ തുക തിരികെ ലഭിക്കില്ലെന്നും എന്നാല്‍ ട്രാഫിക് കുരുക്ക് പോലുള്ള ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ ഈ നിയമം ബാധകമാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ആഫ്രിക്കയിലെ ഒരു പള്ളി സന്ദര്‍ശിച്ചപ്പോള്‍ ആണ് ഇങ്ങനെ ഒരു ആശയം തനിക്ക് ലഭിച്ചതെന്ന് റവ. ജോണ്‍ പറയുന്നു. ഇവിടെ വധുവോ വരനോ താമസിച്ചെത്തിയാല്‍ പരസ്പരം നഷ്ട പരിഹാരം നല്‍കുന്ന രീതി നിലവിലുണ്ട്. ഇത് കണ്ടപ്പോഴാണ് തന്‍റെ ഇടവകയില്‍ ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കാം എന്ന് ചിന്തിച്ചത്. പലപ്പോഴും യാതൊരു പ്രതിഫലവും വാങ്ങാതെ വിവാഹ ശുശ്രൂഷകളില്‍ സഹായിക്കുന്ന തന്റെ പള്ളിയിലെ സ്റ്റാഫിന് വധൂ വരന്മാര്‍ താമസിച്ചെത്തുന്നത് മൂലമുണ്ടാകുന്ന വിഷമം ഒഴിവാക്കാന്‍ പുതിയ നിയമം സഹായകരമാകുമെന്ന് കരുതിയതായും റവ. ജോണ്‍ പറയുന്നു.
താന്‍ വികാരി ആയി സേവനം ചെയ്യുന്ന സെന്റ്. മേരി ദി വിര്‍ജിന്‍ ചര്‍ച്ച്, തോണ്‍ഹാമിലെക്കും ഈ നിയമം കൊണ്ട് വരാന്‍ പോകുന്നുവെന്ന് പറഞ്ഞ ഇദ്ദേഹം ഈ തീരുമാനം നടപ്പിലാക്കിയ ശേഷം നടന്ന പന്ത്രണ്ട് വിവാഹങ്ങളില്‍ ഒന്നിന് മാത്രമാണ് ഡിപ്പോസിറ്റ് തുക തിരിച്ച് കൊടുക്കേണ്ടി വന്നതെന്നും അറിയിച്ചു.
ന്യൂസ് ഡെസ്ക്.
പോലീസിന് പ്രവേശനം നിഷേധിച്ച് നിയമവിരുദ്ധമായി ബിസിനസും കുറ്റകൃത്യങ്ങളും നടത്താൻ സ്വയം നിയന്ത്രിത ഏരിയ നടപ്പാക്കിയ മാഫിയ സംഘത്തിനെതിരെ ബ്രിട്ടീഷ് പോലീസ് നടപടി. നോട്ടിങ്ങാമിലാണ് ഗുണ്ടാസംഘം പോലീസിന് സ്ട്രീറ്റിലേയ്ക്ക് പ്രവേശനം നിഷേധിച്ചത്. ഹൈസൻ ഗ്രീനിലുള്ള മിനി മാർക്കറ്റിൽ റെയ്ഡ് നടത്താൻ എത്തിയ പോലീസിനെയും കൗൺസിൽ ഉദ്യോഗസ്ഥരെയും മാഫിയ തടഞ്ഞു. ഇത് കുർദ്ദിഷ് സ്ട്രീറ്റാണ്, പോലീസിന് ഇവിടെ പ്രവേശനമില്ലെന്ന് മാഫിയ സംഘം അറിയിക്കുകയായിരുന്നു. ഇല്ലീഗൽ സിഗരറ്റിന്റെ വില്പന, മയക്കുമരുന്നു വില്പന, ഹ്യൂമൻ ട്രാഫിക്കിംഗ് എന്നിവ നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്.
ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നതിനായി പോലീസിന് പ്രതിഫലവും മാഫിയ സംഘം ഓഫർ ചെയ്തു. മാസപ്പടിയായി 5000 പൗണ്ട് നല്കാമെന്നാണ് വാഗ്ദാനം നല്കിയത്. അവരുടെ ഉപാധി ഒന്നു മാത്രം, പോലീസ് കുർദ്ദിഷ് സ്ട്രീറ്റിലെ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. പോലീസും കൗൺസിൽ നിന്നുള്ള ട്രേഡിംഗ് സ്റ്റാൻഡാർഡും നടത്തിയ റെയ്ഡിൽ 36,640 പൗണ്ടിന്റെ ടുബാക്കോ പിടികൂടി. സിഗരറ്റ് വില്പന നടത്തുന്നതിനായി മാഫിയ സംഘം അടിമയാക്കി വച്ചിരുന്ന ഒരു അഭയാർത്ഥിയെയും പോലീസ് റെയ്ഡിൽ കണ്ടെത്തി. ഹൈസൻ ഗ്രീനിലെ എല്ലാ ഷോപ്പുകളും കുർദ്ദിഷ് മാഫിയ സംഘമാണ് നിയന്ത്രിച്ചിരുന്നത്.
രഹസ്യമായി നിർമ്മിച്ച അറകളിലാണ് സിഗരറ്റ് സൂക്ഷിച്ചിരുന്നത്. പോലീസിന് പ്രവേശനം നിഷേധിക്കുന്ന ഒരു സ്ഥലവും ഈ രാജ്യത്ത് ഇല്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ നോട്ടിങ്ങാം ഡിസ്ട്രിക്ട് ജഡ്ജ്, മിനി മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലുള്ളവര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ യാത്ര പോലീസ് തടഞ്ഞതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വൈദികരടക്കമുള്ളവര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കുരിശ് പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം ഇറക്കിയിരുന്നു.മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ഇവിടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നതാണ്. സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടയുകയും തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സഭയുടെ ഇടയലേഖനം.