സ്വന്തം ലേഖകന്‍
യുകെകെസിഎ സ്വാന്സീ യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് തങ്കച്ചന് കനകാലയത്തിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ പ്രസിഡന്റ് ആയി സജിമോന് സ്റ്റീഫന്‍ മലയമുണ്ടയ്ക്കലിനെയും സെക്രട്ടറിയായി ജിജു ഫിലിപ്പ് നിരപ്പിലിനെയും ട്രഷറര്‍ ആയി ബൈജു ജേക്കബ് പള്ളിപ്പറമ്പിലിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് ആയി സജി ജോണ് തടത്തില്, ജോയിന്റ് സെക്രട്ടറി ആയി സജി ജോണ് മലയമുണ്ടയ്ക്കല്, ജോയിന്റ് ട്രഷറര്‍ ആയി ഷൈനി ബിജു, കള്ച്ചറല് കോര്ഡിനേറ്റര് ആയി ബിന്ദു ബൈജു, യുകെകെസിഎ വിമന്സ് ഫോറം റെപ്രസന്റെറ്റീവ്സ് ആയി ആലീസ് ജോസഫ്, ടെസ്സി ജിജോ, കെസിവൈഎല് ഡയറക്ടര്മാരായി ജിജോ ജോയ്, ജോര്സിയ സജി എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ആയ തങ്കച്ചന് കനകാലയം അഡ്വൈസര് ആയി തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തില് ജിജോ ജോയ് വാര്ഷിക റിപ്പോര്ട്ടും സജി ജോണ് തടത്തില് വാര്ഷിക കണക്കും അവതരിപ്പിച്ചു. യുകെകെസിവൈഎല് പ്രസിഡന്റ് ജോണ് സജി മലയമുണ്ടയ്ക്കല് പുതിയ ഭാരവാഹികള്ക്ക് ആശംസ അറിയിച്ചു. സ്പിരിച്വല്‍ ഡയറക്ടര്സ് ആയ ഫാ. സിറില് തടത്തിലും ഫാ. സജി അപ്പോഴിപറമ്പിലും പുതിയ ഭാരവാഹികള്ക്ക് ആശംസകള് നേര്ന്നു.

തുടര്‍ന്ന് കെസിവൈഎല് ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള് സമാപിച്ചു.
ന്യൂസ് ഡെസ്ക്
ഇന്ത്യയും ഫിലിപ്പൈന്സും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് 5500 നഴ്സുമാരെ എൻ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്മെൻറ് ഡ്രൈവിൻറെ ഭാഗമായല്ല എന്ന് വ്യക്തമായി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി നഴ്സുമാരെ എത്തിക്കാനാണ് എൻഎച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന നഴ്സുമാരുടെ സ്കിൽ ഡെവലപ്മെൻറിന് ഉതകുന്നതും അതോടൊപ്പം എൻഎച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം ആണ് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രഫസർ ഇയൻ കമിംഗ് ഇക്കാര്യം ബ്രിട്ടീഷ് പാർലമെൻറിൻറെ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്ന് ഉള്ള നഴ്സുമാരെ യുകെയിൽ എത്തിച്ച് ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമിൻറെ പൈലറ്റ് സ്കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസർ കമിംഗ് പറഞ്ഞു. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്കിൽസ് ഇൻഡ്യയുമാണ് ഇതിലെ പങ്കാളികൾ. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റൽ മാനേജ്മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എൻ എം സി നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവർക്ക് മാത്രമേ ഇതു പ്രകാരം യുകെയിൽ പ്ലേസ്മെൻറ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 നഴ്സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്സിംഗ് സ്റ്റാഫ് ഷോർട്ടേജിനെ കുറിച്ച് എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നല്കിയ മറുപടിയിൽ ഇപ്പോൾ നടപ്പാക്കുന്നത് നഴ്സസ് റിക്രൂട്ട്മെൻറ് അല്ല എന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കി.
“ഇതൊരു റിക്രൂട്ട്മെന്റ് പ്രോഗ്രാം അല്ല. നഴ്സുമാർ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവർ ഇവിടെ സേവനം ചെയ്യുമ്പോൾ എൻഎച്ച്എസിന് അതിൻറെ പ്രയോജനം ലഭിക്കും. കൂടുതൽ അനുഭവസമ്പത്തുള്ള സ്കിൽഡ് നഴ്സ് ആയി അവർ മടങ്ങും”. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൻറെ ഗ്ലോബൽ എൻഗേജ്മെന്റ് ഡയറക്ടർ പ്രഫസർ ജെഡ് ബേൺ പറഞ്ഞു. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയർ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായിക്കുമെന്ന് പ്രഫസർ ബേൺ കൂട്ടിച്ചേർത്തു. യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.

പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി മെയില് ഇന്ത്യന്‍ എജന്റുമാരുടെ ചതിയെക്കുറിച്ച് നല്‍കുന്ന മുന്നറിയിപ്പ്
ഈ പദ്ധതി പ്രകാരം യുകെയില്‍ സേവനം ചെയ്യാന് എത്തുന്ന നഴ്സുമാര് അവരുടെ കോണ്ട്രാക്റ്റ് തീരുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് തന്നെ തിരികെ മടങ്ങണം. വസ്തുത ഇങ്ങനെ ആയിരിക്കെ ഇത് ഞങ്ങള്ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് എന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി ഓണ്‍ലൈന്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോസ്റ്റെക് പോലുള്ള ഏജന്സികള് നഴ്സുമാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്ത്തിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. യുകെയില്‍ നിലവില് ഒഴിവുകളും റിക്രൂട്ട് മെന്റും നടക്കുന്നുണ്ടെങ്കിലും നിങ്ങള് എന്‍എച്ച്എസ് നിഷ്കര്ഷിച്ചിരിക്കുന്ന നിബന്ധനകള് കൃത്യമായി മനസ്സിലാക്കി വേണം അപേക്ഷിക്കാന്.

നിലവില് ഒരു പൈസ പോലും ഫീസ് ഈടാക്കാതെ വേണം റിക്രൂട്ട്മെന്റുകള് നടത്താന് എന്ന കര്ശന നിബന്ധന എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പണം ചോദിക്കുന്ന ഏജന്സികളുടെ വലയില് പെട്ട് പോകാതിരിക്കാന് ശ്രദ്ധിക്കുക. മറ്റുള്ളവരെ കൂടി ബോധവത്കരിക്കാന് ഈ വാര്ത്ത പരമാവധി ഷെയര്‍ ചെയ്യുക.
വൈക്കം : വോകിംഗ് കാരുണ്യയുടെ അറുപത്തിരണ്ടാമത് സഹായമായ അന്‍പതിനായിരം രൂപ തോമസിന് കൈമാറി. ചെമ്പ് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മാമ്പള്ളി വോകിംഗ് കാരുണ്യ ട്രസ്റ്റി ജോഗിമോന്‍ ജോസഫിന്റെ സാനിദ്ധ്യത്തില്‍ യുകെയിലെ നല്ലവരായ സുഹൃത്തുക്കള്‍ വോകിംഗ് കാരുണ്യയോട് കൂടി സമാഹരിച്ച അന്‍പതിനായിരം രൂപ തോമസിന്റെ ഭവനത്തില്‍ വച്ച് കൈമാറി.
ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ് ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുന്ന തോമസ്, വാതം പ്രമേഹം എന്നീ രോഗങ്ങളാല്‍ വലയുന്ന ഭാര്യ, ഭര്‍ത്താവ് നഷ്ടപ്പെട്ട മകള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം അത്താണി ഇന്നീ വൃദ്ധനും രോഗിയുമായ തോമസാണ്. പള്ളിയടിച്ചുവാരുന്നതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്താലാണ് ഈ കുടുംബം ഇന്ന് മുന്നോട്ടു പോകുന്നത്. വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് തോമസും കുടുംബവും അന്തിയുറങ്ങുന്നത്.
ഒരു മാസത്തെ മരുന്നിനുതന്നെ തോമസിനും ഭാര്യയ്ക്കുമായി ഏകദേശം എണ്ണായിരം രൂപയോളം ചിലവാകുന്നുണ്ട്. പല മാസങ്ങളിലും പൈസയില്ലാത്തതിനാല്‍ മരുന്നുകള്‍ വാങ്ങാറില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. നാട്ടുകാരുടെയും പള്ളിക്കാരുടെയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ചെമ്പ് പള്ളിയിലെ വികാരി അച്ഛന്റെ അപേക്ഷ പ്രകാരമാണ് വോകിംഗ് കാരുണ്യ അറുപത്തി രണ്ടാമത് സഹായം തോമസിന് കൊടുക്കുവാന്‍ തീരുമാനിച്ചത്. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നിസീമമായ നന്ദി അറിയിക്കുന്നു.
വിപിന്‍ വാസുദേവന്‍
ബ്രിസ്റ്റോളിലെ ആര്‍ദ്ര കലാകേന്ദ്രയുടെ നേതൃത്വത്തില്‍ നവംബര്‍ 25ന് ഇന്ത്യന്‍ ഡാന്‍സ് നൈറ്റായ നൃത്ത സന്ധ്യ ഗംഭീരമായി അരങ്ങേറി. ഈ പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത് മുതല്‍ ബ്രിസ്റ്റോളുകാര്‍ ഇതില്‍ പങ്കെടുക്കുന്നതിനായി നാളുകള്‍ എണ്ണി കാത്തിരിക്കുകയായിരുന്നു. അതിനാണിപ്പോള്‍ ഫലപ്രദമായ സമാപ്തിയുണ്ടായിരിക്കുന്നത്. പരിപാടിയൂടെ അവതാരകനായി എത്തിയ അനില്‍ മാത്യുവിന്റെ അവതരണം ശ്രദ്ധനേടി. യുകെയിലെ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുകെ കുടിയേറ്റക്കാരും എന്തിനേറെ ഇംഗ്ലീഷുകാര്‍ വരെ നൃത്തസന്ധ്യ കണ്ട് ആസ്വദിക്കാനെത്തിയിരുന്നു. പരിപാടിയുടെ ഉദ്ഘാടനം മലയാളസിനിമയിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറായ ശങ്കറാണ് നിര്‍വഹിച്ചത്.

ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവാണ് പരിപാടിക്ക് അധ്യക്ഷത വഹിച്ചത്. നേഹ ദേവലാല്‍ പരിപാടിക്ക് പ്രാര്‍ത്ഥന ആലപിച്ചു. ഡോ. റാണി സെബാസ്റ്റ്യന്‍ സ്വാഗതപ്രസംഗം നിര്‍വഹിച്ചു. കുച്ചിപ്പുടി പോലുള്ള ക്ലാസിക്കല്‍ ഇന്ത്യന്‍ നൃത്തനൃത്ത്യങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പരിപാടി അരങ്ങേിയത്. ഇതിന് പുറമെ മറ്റ് നൃത്തരൂപങ്ങളും വേദിയെ സമ്പന്നമാക്കിയിരുന്നു. ഓരോ നൃത്ത ഇനത്തിന്റെയും മൗലികത കാത്ത് സൂക്ഷിച്ച് കൊണ്ടാണ് ഇവ കാണികളെ ആസ്വാദനത്തിന്റെ ഉന്നത സോപാനങ്ങളിലേക്ക് നയിച്ചത്. ഇവിടെ പഠിക്കുന്ന കുട്ടികള്‍ മണിപ്പൂരി നൃത്തം മുതല്‍ സിനിമാറ്റിക് ഡാന്‍സ് വരെയുള്ള വ്യത്യസ്തമായ ഇനങ്ങള്‍ പരീക്ഷിച്ചായിരുന്നു ജനത്തെ കൈയിലെടുത്തത്. സിബി മാത്യുവിന്റെ ഗാനാലാപനം പരിപാടിക്ക് മാറ്റ് കൂട്ടി.

നൃത്തപഠനത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയ വിദ്യാര്‍ത്ഥിനികളുടെ കലാപ്രകടനങ്ങള്‍ കലാസന്ധ്യയോടനുബന്ധിച്ച് അരങ്ങേറിയിരുന്നു. കഴിഞ്ഞ വര്‍ഷം നൃത്തം പഠിച്ചവര്‍ മുതല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നൃത്തം പഠിക്കുന്നവര്‍ വരെ വേദിയില്‍ തങ്ങളുടെ കലാനിപുണത പ്രദര്‍ശിപ്പിച്ചിരുന്നു.
ചെറിയ കുട്ടികള്‍ അവതരിപ്പിച്ച പരമ്പരാഗത നാടന്‍ നൃത്തവും മുതിര്‍ന്ന കുട്ടികളുടെ സംഘം അവതരിപ്പിച്ച രാജസ്ഥാനി നൃത്തവും പരിപാടിക്ക് മാറ്റ് കൂട്ടി. പരിപാടിയുടെ അവസാനം സദസ്സിന് ” മംഗളം” അര്‍പ്പിക്കാനായി ഈ കുട്ടികളെല്ലാവരും കൂടി സദസ്സിലെത്തുകയും ചെയ്തിരുന്നു. ആര്‍ദ്ര കലാകേന്ദ്രയുടെ സ്ഥാപകയായ സൗമ്യ വിപിന്‍ നന്ദിപ്രകടനം നടത്തിയതോടെ ചടങ്ങിന് വിരാമമായി. ബ്രിസ്റ്റോളിലെ പ്രശസ്തമായ രജനി സൂപ്പര്‍ സ്റ്റോര്‍ നടത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് രാജ് ദമ്പതികള്‍ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാ മെമന്റോ നല്‍കി ആദരിച്ചു.

സൗമ്യ വിപിനാണ് 2008 മുതല്‍ ബ്രിസ്റ്റോളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ നൃത്ത വിദ്യാലയത്തിന്റെ സ്ഥാപക. അടുത്തിടെ കേരള സ്റ്റേറ്റ് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ നൃത്ത പ്രതിഭ കലാമണ്ഡലം മോഹന തുളസിയുടെ ശിഷ്യയാണിവര്‍. നിരവധി പേരെ നൃത്ത രംഗത്തേക്ക് ചുവട് വയ്ക്കാന്‍ ഈ വിദ്യാലയം വഴികാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് ഈ കലാകേന്ദ്രയില്‍ ഇത്തരത്തിലുള്ള ഒരു നൃത്ത സന്ധ്യ നടന്നതെന്ന പ്രത്യേകതയുണ്ട്.

കുറ്റമറ്റ രീതിയില്‍ കോ-ഓഡിനേറ്റ് ചെയ്ത പരിപാടിയായിരുന്നു ഇതെന്ന് എടുത്ത് പറയേണ്ടുന്ന കാര്യമാണ്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും വളരെ നല്ല അഭിപ്രായമായിരുന്നു പുറപ്പെടുവിച്ചത്. ഈ പ്രോഗ്രാമിന് ലൈറ്റും സൗണ്ടുമേകിയത് ജിജി ലൂക്കോസാണ്. വീഡിയോ, ഫോട്ടോ കവറേജ് പ്രദാനം ചെയ്തത് ബെറ്റര്‍ ഫ്രെയിംസാണ്. സ്റ്റേജും ഹാളും ഡെക്കറേറ്റ് ചെയ്തത് യുകെയിലെ പ്രശസ്തമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്രിസ്റ്റോളിലെ 4എം ഇവന്റ്‌സാണ്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം ലഘുഭക്ഷണം നല്‍കിയിരുന്നു

ബിനോയി ജോസഫ്
ആ അമ്മ ഫേസ്ബുക്കിൽ കുറിച്ചു… എൻറെ കുഞ്ഞിന് ഒരു ഹൃദയം ആവശ്യമുണ്ട്… മറ്റൊരു കുരുന്നു ജീവൻ നഷ്ടപ്പെടുമ്പോൾ ആണ് എൻറെ ജീവൻറെ ജീവനായ മാലാഖയ്ക്ക് വേണ്ടിയുള്ള എൻറെ കാത്തിരിപ്പ് സഫലമാകുക എന്നോർക്കുമ്പോൾ ഹൃദയം തകരുന്നു… ലഭിക്കുന്നത് അമൂല്യമായ ദാനമാണ്… വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത വിധം സന്തോഷം തരുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു… എൻറെ ഈ കാത്തിരിപ്പിൻറെ സന്ദേശം ലോകം മുഴുവനും എത്തട്ടെ… ചാർലി ഞങ്ങൾക്ക് അത്രമാത്രം വിലപ്പെട്ടതാണ്. ഞങ്ങളുടെ ചാർലി തീർച്ചയായും ഒരു ജീവിതം അർഹിക്കുന്നു… എൻറെ സന്ദേശം കാണുന്നവർ തീർച്ചയായും എന്നെ സഹായിക്കുമെന്ന ശുഭ പ്രതീക്ഷ എനിയ്ക്കുണ്ട്…
ആ അമ്മയുടെ കാത്തിരിപ്പ് സഫലമായി. എട്ട് ആഴ്ച മാത്രം പ്രായമുള്ള ചാർലിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചു. യുകെയിൽ അവയവത്തിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റിൽ ഉള്ള ഏറ്റവും പ്രായം കുറഞ്ഞ ചാർലി എന്ന കുരുന്നിന് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി ഡോക്ടർമാർ നടത്തി. പകുതി മാത്രമുള്ള ഹൃദയവുമായാണ് ചാർലി എന്ന ആൺകുട്ടി ജനിച്ചത്. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയിൽ ജനിച്ച ചാർലി ഡുത്ത് വൈറ്റ് ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിൽ ഒൻപതു മണിക്കൂർ നീണ്ട ട്രാൻസ് പ്ലാൻറ് സർജറിയ്ക്ക് വിധേയനായി. തൻറെ ചാർലിക്ക് രണ്ടാമതൊരു ജന്മം നല്കിയതിന് അമ്മ ട്രേസി റൈറ്റ് ഹൃദയം ദാനം ചെയ്ത കുടുംബത്തിന് നന്ദിയുടെ നറുമലരുകൾ അർപ്പിച്ചു. “ഞാൻ അവരോട് എന്നും കൃതജ്ഞതയുള്ളവൾ ആയിരിക്കും”. ട്രേസി പറയുന്നു.
നവംബർ ആദ്യമാണ് ചാർലിയക്ക് ഹൃദയം ആവശ്യമുണ്ടെന്ന് ഉള്ള അപ്പീൽ പുറപ്പെടുവിച്ചത്. തങ്ങളുടെ ഹൃദയം തകരുന്ന വേദനയിലും മറ്റൊരു കുഞ്ഞിനെ ഭാവിക്കായി ഹൃദയം ദാനം നല്കിയ കുടുംബത്തിൻറെ ഉദാത്തമായ മാതൃകയ്ക്കു മുമ്പിൽ നന്ദിയോടെ തല കുനിക്കുകയാണ് ട്രേസി റൈറ്റ് എന്ന അമ്മ. ആറ് പൗണ്ട് 5 ഔൺസ് തൂക്കവുമായി ജനിച്ച ചാർലി ജനിച്ചതിൻറെ മൂന്നാം ദിനം തന്നെ ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫെർമറിയിൽ ഓപ്പൺ ഹാർട്ട് സർജറിയ്ക്ക് വിധേയനായിരുന്നു. പുതുവൽസരത്തിൽ ഹോസ്പിറ്റൽ വിടാൻ ഒരുങ്ങുകയാണ് മിടുക്കനായ ചാർലി.
ന്യൂസ് ഡെസ്ക്
ക്രിസ്തുവും മഗ്ദലനമറിയവും തമ്മിലുള്ള സൗഹൃദത്തിൻറെ കഥ പറയുന്ന ഹോളിവുഡ് സിനിമ മേരി മാഗ്ദലിൻ റിലീസിനായി ഒരുങ്ങുന്നു. ക്രിസ്തുവെന്ന് നേരിട്ട് പരാമർശിക്കാതെ ദൈവവുമായി വളരെ അടുപ്പമുള്ള പ്രവാചകനെയാണ് സിനിമ ലോകത്തിനു കാണിച്ചു തരുന്നത്. ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള സൗഹൃദത്തിന്റെ തലങ്ങൾ ചർച്ച ചെയ്യുന്ന മറ്റൊരു സിനിമയായി ഇത് മാറുമെന്ന് കരുതുന്നു. മേരി മഗ്ദലിൻറെ കാഴ്ചപ്പാടിൽ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ദൈവപുത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാചകനൊപ്പം സൗഹൃദം പങ്കിടുന്ന മേരി മഗ്ദലീന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്നതാണ് സിനിമ. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ വൈകാരിക തലത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകൾ പ്രതിപാദിക്കുന്ന സിനിമയാണ് മേരി മാഗ്ദലിൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രിസ്തുവും മാഗ്ദലന മറിയവും തമ്മിലുള്ള പ്രണയത്തിൻറെ സൂചന നല്കിയ ഡാവിഞ്ചി കോഡ് എന്ന വിവാദ സിനിമ ലോകവ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏറ്റവും ലോക ശ്രദ്ധ നേടിയതും അതിലുപരി തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ കഥാപാത്രമായാണ് മേരി മാഗ്ദലിൻ അഭ്രപാളികളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. യഥാസ്ഥിതിക കുടുംബത്തിൻറെ ബന്ധനത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ക്രിസ്തു നയിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമായ കരിസ്മാറ്റിക് മൂവ്മെന്റിൽ പങ്കാളിയാവുകയാണ് മേരി മാഗ് ദലിൻ. ക്രിസ്തു മേരി മഗ്ദലിനു മാമ്മോദീസ നല്കുന്നതും അപ്പസ്തോലനായ പീറ്റർ ആ പ്രവൃത്തിയോട് പ്രതികരിക്കുന്ന രീതിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ക്രിസ്തുവിൻറെ കാലടികളെ പിന്തുടരുന്ന മാഗ്ദലിനോട് നീ സ്നേഹിക്കുന്ന ക്രിസ്തുവിനെ നഷ്ടപ്പെടുന്ന നിമിഷങ്ങൾക്കായി കരുതിയിരിക്കാൻ ക്രിസ്തുവിന്റെ അമ്മയായ മേരി മുന്നറിയിപ്പ് നല്കുന്നുണ്ട്. ക്രിസ്തുവിൻറെ ദൗത്യവും തൻറെ ആത്മീയതയും മനസിൽ സൂക്ഷിച്ചു കൊണ്ട് ക്രിസ്തുവിൽ അഭയം തേടുന്ന മേരി മഗ്ദലീനെയും സിനിമയിൽ കാണാം.
ചിവേറ്റൽ എലിഫോർ ആണ് പീറ്ററിൻറെ വേഷം കൈകാര്യം ചെയ്യുന്നത്. ഗാരേത്ത് ഡേവിസ് ആണ് മേരി മഗ്ദലിൻ സംവിധാനം ചെയ്തിരിക്കുന്നത്. ഹെലൻ എഡ്മഡ് സണിൻറെയും ഫിലിപ്പാ ഗോസ് ലെറ്റിൻറെയും കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ രൂപപ്പെട്ടിരിക്കുന്നത്. യൂദാസായി തഹർ രഹീമും ജോസഫായി റയൻ കൂറും അഭിനയിച്ചിരിക്കുന്നു. മേരി മാഗ് ദലിൻ മാർച്ച് 16ന് യുകെയിൽ റിലീസ് ചെയ്യും. അമേരിക്കയിൽ മാർച്ച് 30 ന് പ്രദർശനം തുടങ്ങും.
ഉപ്‌സാല: വെബ്ക്യാമിനു മുന്നില്‍ കൗമാരക്കാരായ കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗിക ചേഷ്ടകള്‍ ചെയ്യിച്ച 42കാരന് സ്വീഡനില്‍ ജയില്‍ ശിക്ഷ. കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് ബ്യോണ്‍ സാംസ്‌റ്റോം എന്ന ഇയാള്‍ ഓണ്‍ലൈന്‍ ലൈംഗികതയ്ക്ക് ഉപയോഗിച്ചത്. ഇരകളാക്കപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. സ്വീഡനിലെ ഉപ്പ്‌സാല കോടതി ഇയാള്‍ നടത്തിയത് ഓണ്‍ലൈന്‍ ബലാല്‍സംഗമാണെന്ന് നിരീക്ഷിച്ചു.
2015നും 2017 ആദ്യമാസങ്ങള്‍ക്കുമിടയില്‍ 27 പ്രായപൂര്‍ത്തിയാകാത്ത ഇരകളെ ഈ വിധത്തില്‍ ഇയാള്‍ ഉപയോഗിച്ചു. 26 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് ഈ വിധത്തില്‍ ഉപയോഗിച്ചത്. ഇവരുടെ നഗ്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇരകളെ നേരിട്ടി കണ്ടിട്ടില്ലെങ്കിലും ഇയാള്‍ ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തിയുള്ള ലൈംഗികതയ്ക്കും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
ആദ്യമായാണ് ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് സ്വീഡനില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. ലൈംഗികബന്ധമുണ്ടായില്ലെങ്കിലും അതിനു സമാനമായ ചൂഷണം നടന്നിട്ടുണ്ടെങ്കില്‍ ബലാല്‍സംഗമായി പരിഗണിക്കുന്നതാണ് സ്വീഡനിലെ നിയമം. ചൂഷണം നടന്ന സമയത്ത് ഇരകളെല്ലാം 15 വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. സാംസ്റ്റോം ബലാല്‍സംഗക്കുറ്റം നിഷേധിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും 10 വര്‍ഷം തടവിന് വിധിക്കുകയുമായിരുന്നു. ഇരകളുടെ ലൈംഗിക വീഡിയോകള്‍ സൂക്ഷിച്ചതിനുള്ള കുറ്റവും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
കൊച്ചി : കേരള പോലീസിന് അഭിമാനമായ ഒരു പൊലീസ്സുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . കേരളം കൊടുംങ്കാറ്റിലും , പേമാരിയിലും , കടല്‍ ക്ഷോഭത്തിലും പെട്ട് ഉഴലുന്ന അവസരത്തില്‍ ഈ പോലീസ് ഉദ്യോഗസ്ഥനെപ്പറ്റിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ആഞ്ഞടിക്കുമ്പോള്‍ പ്രതിരോധത്തിനായി കേരള പോലീസ് സുസ്സജ്ജമാണ്. പ്രകൃതിക്ഷോഭത്തെ നിയന്ത്രിക്കാനാവില്ലെങ്കിലും സാധാരണക്കാരില്‍ അതുണ്ടാക്കുന്ന ആഘാതത്തെ ചെറുക്കാനുള്ള കഠിന പരിശ്രമം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു.
അത്തരം ഒരു പോലീസുകാരന്റെ കാഴ്ച്ചയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. കൊച്ചി ചെല്ലാനത്ത് വീടുകളിലേക്ക് കടലിരച്ച് കയറിയപ്പോള്‍ ഒറ്റപ്പെട്ട് പോയ വൃദ്ധനെ തന്റെ ജീവന്‍ പണയംവച്ച് പോലീസുകാന്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങിയാല്‍ വൃദ്ധന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനസിലാക്കിയ പോലീസുകാരന്‍ അദ്ദേഹത്തെ തന്റെ പുറത്ത് കയറ്റി കൊണ്ടുപോവുകയായിരുന്നു. പോലീസ്സുകാരന്റെ സഹായവാഗ്ദാനം നിരസിച്ച വൃദ്ധനെ കാര്യങ്ങളുടെ ഗൗരവം മനസിലാക്കികൊടുത്തശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്നത്.
നമ്മുടെ പോലീസുകാരെ കുറ്റം പറയാനും അവരുടെ അനാസ്ഥയെപ്പറ്റി പറയാനും ഇവിടെ എല്ലാവരുമുണ്ട്. എന്നാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ആപത്തിൽ പെടുന്നവരെ സഹായിക്കാൻ അവർ കാണിക്കുന്ന മനസ്സ് ആരും കാണുന്നില്ല എന്നതാണ് സത്യം. ഇത് എല്ലാവരും കാണണം… ആ പോലീസുകാരന് ഒരു ബിഗ് സല്യൂട്ട്. ഇതുപോലെയുള്ള പോലീസ്സുകാരാണ് നാടിനാവശ്യാം.
ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരണത്തിനു കീഴടങ്ങി. ബര്‍മിംഗ്ഹാമിലെ നെഷേല്സ് കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹക്കീം ഹുസൈന്‍ (ഏഴ്) ആണ് ദാരുണമായ രീതിയില്‍ മരണമടഞ്ഞത്.
ഞായറാഴ്ച രാവിലെ ഏഴു മുപ്പതിന് ആയിരുന്നു ഹക്കീമിനെ മരിച്ചനിലയില്‍ വീടിനു മുന്‍പിലെ ഗാര്‍ഡനില്‍ കണ്ടെത്തിയത്. കാലത്തെ ഏഴരയോടെ എമര്‍ജന്‍സി കാള്‍ ലഭിച്ചതനുസരിച്ച് ഹക്കീമിന്റെ വീട്ടിലെത്തിയ ആംബുലന്‍സ് സര്‍വീസുകാര്‍ ആണ് ഹക്കീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക് സംഘം എത്തുന്നതിനും ഏറെ മുന്‍പ് തന്നെ ഹക്കീം മരണപ്പെട്ടിരുന്നതായ് വെസ്റ്റ് മിഡ് ലാണ്ട്സ് ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്ത തണുപ്പു മൂലം ശരീരോഷ്മാവ് കുറഞ്ഞ് ഹൈപോതെര്‍മിയ എന്ന അവസ്ഥ ഉണ്ടായതാണ് ഹക്കീമിന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശരീരോഷ്മാവ് ക്രമാതീതമായ് താഴ്ന്നതിനെ തുടര്‍ന്നുള്ള കാര്‍ഡിയാക് അറസ്റ്റ് മൂലമാണ് ഹക്കീം മരണത്തിനു കീഴടങ്ങിയത് എന്ന് കരുതപ്പെടുന്നു. ഹക്കീമിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു.

ഹക്കീം എങ്ങനെയാണു വീടിനു പുറത്തെ കൊടും തണുപ്പില്‍ ചെലവഴിക്കേണ്ടി വന്നത് എന്നത് വ്യക്തമല്ല. ഹക്കീമിന്റെ അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (56) താമസിച്ചിരുന്ന വീടിനു മുന്‍പിലാണ് സംഭവം നടന്നത്. ഹക്കീമിന്റെ അമ്മ ലോറ ഹീത്തും ഹക്കീമും രണ്ടാഴ്ച മുന്‍പാണ് അമ്മാവന്റെ വീട്ടിലെത്തിയത്. ഹക്കീമിന്റെ മരണത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മരണകാരണമായേക്കാവുന്ന രീതിയില്‍ കുട്ടിയെ അവഗണിച്ചു എന്നതാണ് ഇപ്പോള്‍ അവരുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം. കൂടുതല്‍ അന്വോഷനങ്ങള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂ.

ഹക്കീമിന്റെ അമ്മ ലോറ സൂദ് (ഇടത്ത്), അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (വലത്)
പഠനത്തിലും കളിയിലും ഒക്കെ മിടുക്കനായിരുന്ന ഹക്കീമിന്റെ മരണം സഹപാഠികളെയും ബന്ധുക്കളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ഹക്കീമിന്റെ വേര്‍പാട് മൂലം ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് ഉണ്ടായ ആഘാതം കുറയ്കുന്നതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഹക്കീം പഠിച്ചിരുന്ന നെയ്ഷേല്‍സ് പ്രൈമറി സ്കൂള്‍ ഹെഡ് ടീച്ചര്‍ ജുലി റൈറ്റ് അറിയിച്ചു.
മികച്ച ഭാവി ഉണ്ടായിരുന്ന മിടുക്കനായ കുട്ടിയായിരുന്നു ഹക്കീമെന്ന് ഹക്കീമിന്റെ ആന്‍റിയായ അരൂസ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് ഹക്കീമിന്റെ പിതാവ് ആകെ തകര്‍ന്നിരിക്കുകയാണെന്നും അവന്‍റെ കളിചിരികള്‍ നിലച്ചെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നതായും ഇവര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ഒരാഴ്ച ആയിരുന്നു ഇംഗ്ലണ്ടില്‍ കടന്നു പോയത്. വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരാനും സാദ്ധ്യതയുണ്ട്.
സഖറിയ പുത്തന്‍കളം
ബര്‍മിങ്ങ്ഹാം: പ്രൗഢഗംഭീരമായ സദസ്സ്, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം, മികവാര്‍ന്ന കലാപരിപാടികള്‍ എന്നിവയാല്‍ സമ്പുഷ്ടമായ യുകെകെസിഎ കലാമേളയും പ്രഥമ അവാര്‍ഡ് നൈറ്റും മ്യൂസിക്കല്‍ നൈറ്റും ക്‌നാനായക്കാര്‍ ശരിക്കും ആസ്വദിച്ചു. യുകെകെസിഎ ഇദംപ്രഥമമായി റിലീസ് ചെയ്ത ”കിനായി ഗീതങ്ങള്‍” എന്ന സി ഡി പ്രകാശനവും അവാര്‍ഡ് നൈറ്റിനൊപ്പം നടന്നു.

ബര്‍മിങ്ങ്ഹാമിലെ ബഥേല്‍ സെന്ററില്‍ ഏഴ് വേദികളിലായിട്ടാണ് കലാമേള നടത്തപ്പെട്ടത്. രാവിലെ 9.30ന് ആരംഭിച്ച കലാമേളയില്‍ നാനൂറിലധികം കലാപ്രതിഭകളാണ് വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തത്. ഓരോ കലാപരിപാടി കഴിയുമ്പോഴും ജഡ്ജിംഗ് കമ്മിറ്റികള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൃത്യം നാലരയ്ക്ക് കലാമത്സരങ്ങള്‍ പൂര്‍ണമായും പര്യവസാനിച്ചു.
തുടര്‍ന്ന് നടന്ന അവാര്‍ഡ് നൈറ്റ് സൂര്യ ഫെസ്റ്റിവല്‍ സ്റ്റേജ് ഷോയിലൂടെ ലോകപ്രശസ്തനായ സൂര്യ കൃഷ്ണമൂര്‍ത്തി അവാര്‍ഡ് നൈറ്റ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് പ്രഥമ യുകെകെസിഎ അവാര്‍ഡുകള്‍ നല്‍കി.

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാടിനും കമ്മിറ്റ്‌മെന്റ് അവാര്‍ഡ് യുകെകെസിഎയുടെ പ്രഥമ സ്പിരിച്വല്‍ അഡൈ്വസര്‍ ആയ ഫാ. സിറിയക് മറ്റത്തിലിനും സമ്മാനിച്ചു. സി.വി.ക്യു വെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് നേടിയ അലന്‍ തോമസ് പൊക്കത്തേല്‍, ജി.സി.എസ്.ഇ പരീക്ഷയില്‍ മികവ് നേടിയ ജെന്‍ ഫിലിപ്പ്‌സ്, ഉപന്യാസ മത്സര വിജയികളായ മാത്യൂ പുളിക്ക തൊട്ടിയില്‍, സരിതാ ജിന്‍സ്, ബിജു നംമ്പത്തേല്‍, ഇടവക സന്ദര്‍ശന വിജയികളായ സോണ ബെന്നി മാവേലില്‍ (43) ഇടവകകള്‍), റെയ്ച്ചല്‍ അഭിലാഷ് (32 ഇടവകകള്‍) മൈലാടുംപാറ, അലീന രാമച്ചനാട് (19 ഇടവകകള്‍) എന്നിവരെയും തുടര്‍ച്ചയായി ആറ് തവണ ബാഡ്മിന്റണ്‍ വിജയികളായ സിബു- അനീഷ്, വടംവലി ജേതാക്കളായ കവന്‍ട്രി ആന്‍ഡ് പാര്‍വിക്ക് ഷെയര്‍ യൂണിറ്റ് ആപ്തവാക്യ വിജയി ജെയിന്‍ സ്റ്റീഫന്‍, യുകെകെസിഎ സ്‌പെഷ്യല്‍ ഹോണേഴ്‌സ് അവാര്‍ഡിന് മേരി ചൊള്ളമ്പേലും അര്‍ഹയായി. ഗ്രാറ്റിറ്റിയൂഡ് അവാര്‍ഡിന് അനലൈഡ് ഗ്രൂപ്പും ശ്രീകുമാര്‍ ആനന്ദ് ടിവിയും സ്റ്റീഫന്‍ ചാണ്ടിയും അര്‍ഹരായി.
കഴിഞ്ഞ 17 വര്‍ഷങ്ങളില്‍ യുകെകെസിഎയുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കിയ യുകെകെസിഎ മുന്‍ ഭാരവാഹികളെ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കണ്‍വെന്‍ഷന്‍ ടിക്കറ്റ്‌സ് ഏറ്റവുമാദ്യം വിറ്റഴിച്ച യൂണിറ്റിനുള്ള അവാര്‍ഡ് കെറ്ററിങ്ങ് യൂണിറ്റ് അര്‍ഹമായി.
മികച്ച റീജിയണല്‍ ആയി ലണ്ടന്‍ റീജിയണും നോര്‍ത്ത് ഈസ്റ്റ് റീജിയനും മികച്ച യൂണിറ്റുകളായി ബര്‍മിങ്ങ്ഹാം യൂണിറ്റും ബ്രിസ്‌റ്റോള്‍ യൂണിറ്റും തിരഞ്ഞെടുത്തു.
സിങ്ങ് വിത്ത് എം ജി മത്സരത്തിലെ വിജയികളെ എം ജി ശ്രീകുമാര്‍ പ്രഖ്യാപിച്ചു. സ്മിതാ തോട്ടം വിജയിയും ലെക്‌സി ടോജോ സ്‌പെഷ്യല്‍ അവാര്‍ഡും നേടി.
പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.