അവിശ്വസനീയമായത് സംഭവിച്ചതിന്റെ ആവേശത്തിലായിരുന്നു അവര്‍ ബര്‍മിംഗ്ഹാമില്‍ ഞായറാഴ്ച ഒത്തു കൂടിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് മലയാളികള്‍ ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്നത് തുടങ്ങും മുന്‍പ് തന്നെ പ്രവര്‍ത്തന മികവ് കാണിച്ച ഒരു ജീവകാരുണ്യ സംരഭത്തിന്റെ ഔദ്യോഗികമായ തുടക്കം കാണുവാന്‍ വേണ്ടി ആയിരുന്നു. അവയവ ദാന സന്ദേശം ജീവിത വ്രതമാക്കിയ റവ. ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രസ്ഥാനങ്ങള്‍ക്ക് ആകെ തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബനഫാക്റ്റേര്‍സ് ഫോറം യുകെയുടെ ഔദ്യോഗിക തുടക്കമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍മിംഗ് ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ നടന്നത്.
ബര്‍മിംഗ് ഹാം ഹേര്‍ട്ട്ലാന്റ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ജോര്‍ജ്ജ് എന്ന മനുഷ്യസ്നേഹിയായ യുവാവിന്‍റെ മനസ്സില്‍ തോന്നിയ ആശയം സുഹൃത്തും മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗവുമായ ജിമ്മി മൂലംകുന്നേലുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയതിന്റെ ബാക്കിപത്രം ആയിരുന്നു ഞായറാഴ്ച നടന്ന ചാരിറ്റി കറി നൈറ്റും കലാപരിപാടികളും. ഇവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഇരുപത്തിയഞ്ച് ഡയാലിസിസ് മെഷീനുകള്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളിലേക്ക് സൗജന്യമായി ലഭിക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഓരോ ആശുപത്രികള്‍ വീതം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഈ ആശയം പ്രാവര്‍ത്തികമായതിനെ തുടര്‍ന്ന് നിര്‍ദ്ധനരായ അഞ്ച് കിഡ്നി രോഗികള്‍ക്ക് കിഡ്നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട ധനസമാഹരണം നടത്തുവാന്‍ കൂടി ആയിരുന്നു ഇരുപത്തിയഞ്ചാം തീയതി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. നിരവധി കലാപരിപാടികളും രുചികരമായ ഭക്ഷണവും ഉള്‍പ്പെടെയുള്ള മനോഹരമായ ഒരു സായാഹ്നത്തിലേക്ക് യുകെ മലയാളികളെ ക്ഷണിച്ച് കൊണ്ടാണ് സംഘാടകര്‍ ധനസമാഹാരണത്തിനുള്ള ശ്രമം നടത്തിയത്. വന്‍ ജന പങ്കാളിത്തത്തോടെ ഈ സംരംഭം പൂര്‍ണ്ണ വിജയത്തില്‍ എത്തിച്ചേര്‍ന്നു.
കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ യുകെ വിഭാഗം കോര്‍ഡിനേറ്ററും ഉപഹാര്‍ ചാരിറ്റിയുടെ ട്രസ്റ്റിയും ആയ ഡോ. സോജി അലക്സിന്‍റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു യോഗം ആരംഭിച്ചത്. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കമ്മറ്റിയംഗം ജിമ്മി മൂലംകുന്നേല്‍ യോഗത്തില്‍ സ്വാഗതമാശംസിച്ചു. ഹണ്ടിംഗ്ടന്‍ കൗണ്‍സിലര്‍ ലീഡോ ജോര്‍ജ്ജ്, മുന്‍ യുക്മ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു, പ്രിന്‍സ് ജോര്‍ജ്ജ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി പ്രസിഡണ്ട് ജോ ഐപ്പ്, വാല്‍സാല്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ടാന്‍സി പാലാട്ടി, കേരള കലാവേദി ഭാരവാഹി മാര്‍ട്ടിന്‍ കെ ജോസ്, എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹി ജോണ്‍സണ്‍ മാളിയേക്കല്‍, സട്ടന്‍ കോള്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, കവന്ട്രി മലയാളി കമ്മ്യൂണിറ്റി ഭാരവാഹി ജോര്‍ജ്ജ്കുട്ടി, ബര്‍മിംഗ്ഹാം ഹിന്ദു സമാജം ഭാരവാഹി സജീഷ് ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ബിസിഎംസി മുന്‍ പ്രസിഡണ്ട് ജിബി ജോര്‍ജ്ജ്, രാജീവ് ജോണ്‍ തുടങ്ങിയവര്‍ ചേര്‍ന്നവതരിപ്പിച്ച ഫാ. ഡേവിസ് ചിറമേലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സ്കിറ്റ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. കലാപരിപാടികളില്‍ മനസ്സ് നിറഞ്ഞവര്‍ രുചികരമായ ഭക്ഷണവും ആസ്വദിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയും നല്‍കി മടങ്ങിയപ്പോള്‍ പ്രതീക്ഷയുടെ തിരി തെളിയുന്നത് കേരളത്തിലെ അഞ്ച് നിര്‍ധന രോഗികളുടെ കുടുംബങ്ങള്‍ക്കാണ്.
ജെപി മറയൂര്‍
സമീക്ഷ യു.കെയുടെ പൂള്‍-ബോണ്‍മൗത്ത് ഭാരവാഹികളായി പോളി മാഞ്ഞുരാന്‍ പ്രസിഡന്റ് ആയും, പ്രസാദ് ഒഴായ്ക്കല്‍ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പൂള്‍-ബോണ്‍മൗത്ത് പ്രദേശത്ത് സംഘടിപ്പിച്ച സമീക്ഷയുടെ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളെ സംബന്ധിച്ച് മേല്‍കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചാപ്റ്റര്‍ യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. സമീക്ഷയുടെ ദേശീയ സമിതി അംഗമാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ: പ്രസാദ്. മുന്‍ സി.പി.എം അംഗവും സജീവ ഇടത് പക്ഷ പ്രവര്‍ത്തകനുമായിരുന്ന പോളി മാഞ്ഞൂരാനാണ് പ്രസിഡന്റ്.
പൂള്‍-ബോണ്‍മൗത്ത് പ്രദേശത്തെ മലയാളികള്‍ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന എല്ലാ പിന്തുണയും പ്രോത്സാഹനവും ഭാവിയിലും ഉണ്ടാകണം എന്ന് പ്രസിഡന്റ് പോളി മാഞ്ഞൂരാന്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ സമിതി തീരുമാനിക്കുന്ന പരിപാടികള്‍ക്ക് പുറമെ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലയ്ക്ക് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ വേണ്ട പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഏറ്റെടുക്കും.
മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഐഡബ്ല്യുഎഎഫ്.ഐസിയുടെ മുദ്രാവാക്യങ്ങളും തങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും എന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി പ്രാസാദ് ഒഴയ്ക്കല്‍ പറഞ്ഞു.
ഭാരവാഹികളുടെ പൂര്‍ണ്ണ ലിസ്റ്റ് ചുവടെ
പ്രസിഡന്റ് – പോളി മാഞ്ഞൂരാന്‍
വൈസ് പ്രസഡിഡന്റ് -ജിജു നായര്‍
സെക്രട്ടറി -പ്രസാദ് ഒഴയ്ക്കല്‍
ജോയിന്റ് സെക്രട്ടറി -ലീനാ നോബിള്‍
ട്രെഷറര്‍ -റജി കുഞ്ഞാപ്പി
സെക്രട്ടറിയറ്റ് മെംബര്‍ -ജിബു കൂര്‍പ്പിള്ളില്‍
അനീഷ്
യു കെയില്‍ നിന്നും നഴ്‌സ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടന്‍ സമൂഹം മുന്‍പോട്ട്. യുകെയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശമായ ടോണ്ടനില്‍ വസിക്കുന്ന മലയാളികളാണ് നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. യുകെയില്‍ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ടോണ്ടന്‍ മലയാളി സമൂഹത്തിന് രാഷ്ട്രീയ സമരപോരാട്ടങ്ങളുടെയോ മതത്തിന്റെ വേലിക്കെട്ടിന്റെയോ കഥകളൊന്നും ഇവിടെ പറയാനില്ല. പക്ഷെ അന്ധത അഭിനയിക്കുന്ന അധികാരവര്‍ഗ്ഗത്തിന്റെ ചൂഷണത്തിന് നേരെ കണ്ണടക്കുവാനും നിലനില്‍പിനുവേണ്ടി മിനിമം വേതനത്തിനായ് ഒരുപറ്റം കാവല്‍മാലാഖാമാര്‍ അവരുടെ വര്‍ഗത്തിനായ് നടത്തുന്ന അവകാശ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാതെ മൗനം പാലിച്ചു മുന്നോട്ടു പോകുവാനോ ശീലിച്ചിട്ടില്ല എന്നതാണ് പറയാനുള്ളത്. അതുതന്നെയാണ് ടോണ്ടന്‍ സമൂഹത്തെ യുകെയില്‍ വേറിട്ട് നിര്‍ത്തുന്നതും.
കേരളത്തില്‍ ആതുരസേവനത്തിന്റെ കാവല്‍ഭടന്മാരായ UNA ( United Nurses Association ) നഴ്‌സിംഗ് സമൂഹത്തിനുവേണ്ടി നടത്തുന്ന നേരിന്റെ സമരം കത്തിപ്പടരുമ്പോള്‍, നഴ്‌സുമാര്‍ക്കു വലിയ അംഗീകാരവും ശമ്പളവും ലഭിക്കുന്ന യുകെയില്‍ ഇത്തരം ആശയപ്പോരാട്ടങ്ങളുടെ പ്രസക്തി എന്താണെന്നു ചിന്തിച്ചേക്കാം. ഇന്നലെകളുടെ യാതനകള്‍ താണ്ടി ഒരുപാടു മുന്നോട്ടു പോയെങ്കിലും വന്നവഴി മറക്കുവാനോ, തന്റെ സഹജീവികള്‍ പിറന്ന മണ്ണില്‍ നേരിടുന്ന അവഗണന ഇപ്പോള്‍ നമ്മുടെ പ്രശ്‌നമല്ല എന്നുകരുതി സ്വാര്‍ത്ഥതയോടെ മുന്നോട്ടു പോകുവാന്‍ ടോണ്ടന്‍ മലയാളി സമൂഹത്തിനു കഴിയില്ല എന്നതാണ് ഈ കൂട്ടായ്മ ഉയര്‍ത്തുന്ന ആശയത്തിന്റെ ഇന്നത്തെ പ്രസക്തി.
കേരളത്തിലെ അധികാര വടംവലികളും, മതവും, സാമൂഹിക സംവിധാനവുമെല്ലാം നമുക്ക് മാറ്റിവെക്കാം. നഴ്‌സിംഗ് സമൂഹത്തിന്റെ കലാകാലങ്ങളായിട്ടുള്ള അവരുടെ രോദനം കേള്‍ക്കാനോ, അവരുടെ കണ്ണീരൊപ്പാനോ ശ്രമിക്കാതെ, അവര്‍ക്കുനേരെ മുഖം തിരിച്ചുകൊണ്ടുള്ള ഈ പ്രവണത ഇനി നീതികരിക്കാവുന്നതല്ല. ഈ സമരപോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള കരുത്തു ഇക്കാലമത്രയും അധികാര രാഷ്ട്രീയ സംവിധാനത്തിനുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ നവസമൂഹമാധ്യമങ്ങളുടെ ഇക്കാലത്തു കാര്യങ്ങള്‍ മാറിമറയുകയാണ്. നീതിക്കുവേണ്ടി, നിലനില്പിനുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മാനവികതയുടെ ഈ കാറ്റിനെ ഒരു കൊടുങ്കാറ്റാക്കി മാറ്റുവാന്‍ സാധിക്കും എന്നാരും വിസ്മരിച്ചുകൂടാ. ടോണ്ടന്‍ സമൂഹം യുകെയില്‍ അതിനുള്ള ചെറിയ തുടക്കം മാത്രം. വേണ്ടി വന്നാല്‍ നാട്ടില്‍ പോയി സമരത്തില്‍ ഒരു കൈത്താങ്ങു നല്‍കാനും തയ്യാറെടുപ്പിനൊരുങ്ങുകയാണ് ടോണ്ടന്‍ മലയാളികള്‍
ദിനേശ് വെള്ളാപ്പള്ളിയില്‍, പി ആര്‍ ഒ
കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാന നായകനും ആരെന്നതിന് ഒരുത്തരമേ ഉള്ളൂ ശ്രീനാരായണ ഗുരുദേവന്‍. ശ്രീനാരായണീയരെ സംബന്ധിച്ച് ഗുരുദേവന്റെ ജന്മദിനം ഒരു അവിസ്മരണീയമായ സുദിനമാണ്. അതിനാല്‍ തന്നെ സേവനം യുകെ 163-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം വൂസ്റ്ററില്‍ സെപ്തംബര്‍ 10ന് ഗംഭീരമായി കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗ്ലോസ്റ്ററില്‍ നടന്ന യോഗത്തില്‍ സേവനം യുകെയുടെ വരും കാല പ്രവര്‍ത്തനങ്ങളും ശ്രീനാരയണ ഗുരുജയന്തി ആഘോഷവും ചര്‍ച്ച ചെയ്തു. ജയന്തി ആഘോഷത്തില്‍ നാട്ടില്‍ നിന്നും കലാരാഷ്ട്രീയസാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിപുലമായ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
വൂസ്റ്ററില്‍ സെപ്തംബര്‍ 10ന് നടക്കുന്ന 163-ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് വേണു ചാലക്കുടി കണ്‍വീനര്‍ ആയി 101 അംഗങ്ങളുടെ സ്വാഗത സംഘം രൂപീകരിച്ചിരിക്കുകയാണ്. ഗുരുദേവ ജയന്തി ആഘോഷത്തിനായി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ആശയം ശ്രീനാരയണീയരിലേക്കെത്തിക്കാന്‍ സേവനം യുകെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു.
അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും താഴ്ന്ന ജാതിക്കാര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്ന ആദരണീയനായ ഗുരുവിലേക്ക് ഉയര്‍ന്ന മഹാത്മാവാണ് അദ്ദേഹം. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് ഇന്ന് നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന സ്വാതന്ത്ര്യങ്ങള്‍ പലതും.
നീണ്ട 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി ജിവതം വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ച ഗുരുദേവന്റെ പാതയില്‍ ഏവരേയും മുന്നോട്ട് നയിക്കാന്‍ സേവനം യുകെ ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തിവരുന്നത്. തങ്ങളുടെ പ്രവര്‍ത്തന മികവുകളാണ് സേവനം യുകെയുടെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയ്ക്കും നിദാനം.
ഇനിയുള്ള ദിവസങ്ങള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കാണ് സംഘം നീക്കിവച്ചിരിക്കുന്നത്. മുത്തുക്കുടയുടെയും അമ്മന്‍കുടത്തിന്റേയും ശിങ്കാരി മേളത്തിന്റെയും സാന്നിധ്യത്തില്‍ വലിയ ഘോഷയാത്രയാണ് ഇക്കുറി ഒരുക്കുന്നത്. ഏവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ബൈജു പാലക്കല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിച്ചു.
വോക്കിങ് കാരുണ്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളരെക്കുറിച്ച് ബ്രിട്ടനിലെ എല്ലാ മലയാളികളും ഇതിനോടകം അറിഞ്ഞുകാണുമല്ലോ. കഴിഞ്ഞ ആറ് വര്‍ഷമായി ഓരോ മാസവും കേരളത്തിലെ ഒരു കുടുംബത്തിന് അല്ലെങ്കില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന് വോക്കിങ് കാരുണ്യ അതിന്റെ സഹായഹസ്തം നീട്ടുകയാണ്. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ച് അതില്‍നിന്നും ഏറ്റവും അര്‍ഹതപ്പെട്ടവരെ വോക്കിങ് കാരുണ്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ആ മാസത്തെ സഹായ വിതരണത്തിനായി തെരഞ്ഞെടുക്കുന്നു. യുകെയിലെ നല്ലവരായ സന്മനസ്സും സാമൂഹിക പ്രതിബദ്ധതയും ഉള്ള മലയാളികളും വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസും നല്‍കുന്ന സംഭാവനകളില്‍ നിന്നാണ് ഈ സഹായം ഓരോ മാസവും നല്കുന്നത്.
ഈ മാസത്തിലെ സഹായം നല്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്ത് ചെറ്റപ്പാലം എന്ന സ്ഥലത്തു താമസിക്കുന്ന 54 വയസ്സുള്ള വടക്കേത്ത് വീട്ടില്‍ ജോസിനെയാണ്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഭാര്യയും, മകളും, മകനും അടങ്ങുന്ന കുടുംബത്തെ വളരെ സന്തോഷമായി പുലര്‍ത്തി പോന്നതാണ് കെട്ടുപണിക്കാരനായ ജോസ്. പെട്ടെന്നാണ് വിധി ആ കുടുംബത്തിന്റെമേല്‍ താണ്ഡവമാടുന്നത്. രണ്ടുവര്‍ഷം മുന്‍പ് ഒരുദിവസം രാവിലെ പണിക്കുപോയ ജോസ് സഞ്ചരിച്ച ഓട്ടോ മറിഞ്ഞ് ജോസിന്റെ നടുവിന് സാരമായ പരിക്കുപറ്റി. ഒരുവശം തളര്‍ന്നു കിടപ്പായി അദ്ദേഹം. അഞ്ചുസെന്റ് സ്ഥലവും ഒരു ചെറിയവീടും മാത്രമാണ് ആ കുടുംബത്തിന്റെ സ്വത്ത്. നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇന്നുവരെയും ചികിത്സ നടത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് വടിയുടെ സഹായത്തോടെ എണീറ്റ് നില്‍ക്കാന്‍ പറ്റും. ഭാര്യയുടെ സഹായത്തോടെ മാത്രമേ നടക്കാന്‍ പറ്റൂ.
ബികോം അവസാനവര്‍ഷം പഠിക്കുന്ന മകള്‍, പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍, ജീവിതച്ചെലവിനും മരുന്നിനും വേണ്ടിവരുന്ന പൈസ, എല്ലാമായി ആ കുടുംബം ഒത്തിരി കഷ്ടത അനുഭവിക്കുകയാണ്. വോക്കിങ് കാരുണ്യയെക്കുറിച്ച് അറിഞ്ഞ ജോസ് നമ്മുടെ സഹായം തേടിയിരിക്കുകയാണ്. ആ കുടുംബത്തിനുവേണ്ടി വോക്കിങ് കാരുണ്യ നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുകയാണ്. നിങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ.
പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത് പണിക്കുപോയി കുടുംബം നോക്കാനാണ് ജോസിന്റെ ആഗ്രഹം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. പ്രിയമുള്ളവരേ ജോസിനെയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസുള്ള സുഹൃത്തുക്കള്‍ ജൂലൈ പതിനഞ്ചിന് മുമ്പായി വോക്കിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
സജീവ് സെബാസ്റ്റ്യന്‍
നിരവധി വ്യത്യസ്തമായി പ്രവര്‍ത്തങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നു കേരളാ ക്ലബ് നനീട്ടന്‍ എല്ലാ വര്‍ഷവും ഓണത്തിനോടനുബന്ധിച്ചു നടത്തുന്ന ഓള്‍ UK ചീട്ടുകളി മത്സരം ഈ ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളുടെ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും ചേര്‍ന്ന് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ കെറ്റെറിങ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബന്‍ ജോണ്‍ അതോടൊപ്പം യു കെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
മുന്‍ വര്‍ഷകളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫിയും പൂവന്‍ താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത് കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്കു ആവേശം പകരാന്‍ ഈ വര്‍ഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു. വീഡിയോ കോംപെറ്റീഷനിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ലഭിക്കുക ഒന്നാമത് എത്തുന്ന ആള്‍ക്ക് കേരളാ ക്ലബ് നനീട്ടന്‍ നല്‍കുന്ന £51 ലഭിക്കും രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്‌കോ റമ്മി ബോയ്‌സ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും യു കെ യിലെ ചീട്ടുകളി പ്രേമികളെ ഏവര്‍ക്കും മത്സരത്തിന് മുന്‍പ് പരിചയപെടുവാന്‍ ഒരവസരം സൃഷ്ടിക്കുക എന്നതാണ്മ ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോ മൊബൈലില്‍ അല്ലെങ്കില്‍ ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തു ഞങ്ങള്‍ക്കോ അതോ ഗ്ലാസ്‌കോ റമ്മി ബോയ്‌സ് ആരംഭിച്ചശേഷം മാഞ്ചസ്റ്റര്‍ സെവന്‍സ് അവരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ഇപ്പോള്‍ കേരളാ ക്ലബ് നനീട്ടന്‍ ഉപയോഗിക്കുന്ന യു കെ യിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലേക്കോ അതോ താഴെ കാണുന്ന ഏതെങ്കിലും വാട്‌സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക. യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയുംകേരള ക്ലബ് നനീട്ടനു വേണ്ടി പ്രസിഡന്റ് ജോബി ഐത്തില്‍ ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ് .
ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ജിറ്റോ ജോണ്‍ 07405193061,ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 സിബു ജോസഫ് 07869016878, സെന്‍സ് ജോസ് കൈതവേലില്‍ 07809450568
മലയാള സിനിമയ്ക്ക് യൂറോപ്പില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. മലയാള സിനിമാ രംഗത്ത് നിന്നും അന്‍പതോളം താരങ്ങള്‍ പങ്കെടുത്ത ചടങ്ങ് യൂറോപ്പ്യന്‍ മലയാളികള്‍ക്ക് മറ്റൊരു മറക്കാനാവാത്ത അനുഭവമായി മാറി. മലയാള സിനിമാ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ ഇതിഹാസ താരമായ അനില്‍ കപൂര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് പ്രോഗ്രാമിന്‍റെ മികവ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
നിവിന്‍ പോളി, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങി നിരവധി താരങ്ങള്‍ ആദരിക്കപ്പെട്ട ചടങ്ങില്‍ യുകെയില്‍ നിന്നും ആദരവിന് പാത്രമായത് വളര്‍ന്ന് വരുന്ന യുകെ ബിസിനസ്സുകാരനായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. മികച്ച ക്യാഷ് ബാക്ക് സ്കീമുകള്‍ അവതരിപ്പിച്ചതിലൂടെ യുകെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളുടെ മനസ്സില്‍ പതിഞ്ഞ പേരായ ബീ വണ്‍, ബീ ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍. യുകെ മലയാളികള്‍ക്ക് ഇടയിലെ മികച്ച ബിസിനസ് സംരഭകരെ അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കുക എന്ന ആനന്ദ് ടിവിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ അവാര്‍ഡിന് അര്‍ഹനായത്. ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂര്‍ ആണ് സുഭാഷ് ജോര്‍ജ്ജിനുള്ള അവാര്‍ഡ് സമ്മാനിച്ചത്.
ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഭാഷിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച പുരസ്കാരമാണ് ആനന്ദ് ടിവിയുടെ യംഗ് ബിസിനസ്സ് മാന്‍ അവാര്‍ഡ്. മെയ് മാസത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ പത്രം നല്‍കുന്ന മികച്ച ബിസിനസ്സ് സംരംഭകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡിന് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ അര്‍ഹനായിരുന്നു. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ വൈശാഖ് ആയിരുന്നു ഈ പുരസ്കാരം സമ്മാനിച്ചത്.
കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ ലഭിച്ച അംഗീകാരം. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫ്യൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.
യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ് ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.
യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.
എബിന്‍ ബേബി, പിആര്‍ഒ
യുക്മ സ്‌പോര്‍ട്‌സ് മീറ്റില്‍ എസ്എംഎയ്ക്ക് മികച്ച് നേട്ടം. കഴിഞ്ഞ ദിവസം ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലിഷര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന നൂറില്‍പരം അസോസിയേഷനുകള്‍ അംഗങ്ങളായിട്ടുള്ള യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റു പ്രമുഖ അസോസിയേഷനുകളെയും പിന്‍തള്ളിക്കൊണ്ടാണ് എന്നും യൂകെയിലെ മറ്റുഅസോസിയേഷനുകള്‍ക്കു മാതൃക ആയിട്ടുള്ള സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റ കരുത്തുറ്റ പടക്കുതിരകള്‍ മൂന്നു വക്തിഗത ചാംപ്യന്‍ഷിപ്പോടെ നാഷണല്‍ ചാംപ്യന്‍ഷിപ് പട്ടം കരസ്ഥാമാക്കിയത്. റയാന്‍ ജോബി, അനീഷ വിനു, ഷാരോണ്‍ ടെറന്‍സ് എന്നിവരാണ് വക്തിഗത ചാംപ്യന്‍ഷിപ് സ്വന്തമാക്കിയത്.
ആഞ്ചലീന സിബി, സിയന്ന സോണി, നികിത സിബി, നോയല്‍ സിബി, അസോസിയേഷന്‍ പ്രസിഡന്റ് വിനു ഹോര്‍മിസ് എന്നിവരാണ് വിവിധ മത്സരങ്ങളില്‍ പ്രധാനമായും വിജയികളായത്. മത്സരങ്ങളില്‍ പങ്കടുക്കുകയും വിജയിക്കുകയും ചെയ്തവരോടുള്ള നന്ദി ഈയവസരത്തില്‍ എസ് എം എ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ് എന്നിവര്‍ അറിയിച്ചു.
സുധാകരന്‍ പാലാ, സുജിത് തിരുവല്ല
ടോണ്ടന്‍ (സോമര്‍സെറ്റ്): മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അതുവഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ട് രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതിയുടെ (MASS) പ്രഥമ യൂണിറ്റ് മാസ് ടോണ്ടന്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പുകള്‍പെറ്റ യുകെയില്‍ സൗത്ത് വെസ്റ്റിന്റെ പൂന്തോട്ട നഗരിയെന്ന് വിശേഷിപ്പിക്കുന്ന ടോണ്ടനില്‍ ചരിത്രത്തില്‍ ഇടം നേടുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുകൊണ്ട് റംസാന്‍ ആഘോഷരാവിന് തിരിതെളിക്കുന്നു.
ഓണം, ക്രിസ്മസ്, ന്യൂഇയര്‍, വിഷു, ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ മലയാളിക്ക് അന്യമല്ല. എന്നാല്‍ സ്വാതന്ത്ര്യദിനം, കേരളപ്പിറവി എന്നിവ ഗംഭീരമായി ആഘോഷിച്ചത് തികച്ചും വ്യത്യസ്തവും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതുമായിരുന്നു. ചരിത്രപ്രസിദ്ധമായ ടോണ്ടന്‍ കാര്‍ണിവലില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായമായി. സ്വന്തം ക്രിക്കറ്റ് ടീം, മാസ്‌കെയര്‍ മൊമന്റ്‌സ് (നഴ്‌സിംഗ് ഏജന്‍സി), ഷോര്‍ട്ട് ഫിലിം, IELTS പരിശീലനം, മലയാളം ക്ലാസ്, സംഗീത-സാഹിത്യ ചര്‍ച്ചാക്ലാസുകള്‍ എന്നിങ്ങനെ ഒരുപിടി കാര്യങ്ങള്‍ക്ക് തുടക്കമിടാനും വന്‍ വിജയത്തിലെത്തിക്കാനും കഴിഞ്ഞു.
മാനവ സംസ്‌കാരത്തിന്റെ ആത്മാവ് മതമൈത്രിയിലാണെന്ന് കണ്ടറിഞ്ഞ മാസ് ടോണ്ടന്‍ ത്യാഗോജ്ജ്വലമായ നോമ്പിന്റെ പുണ്യദിനം റംസാന്‍ ആഘോഷിക്കുമ്പോള്‍ യുകെ മലയാളി സമൂഹത്തിനാകെ ഉള്‍പ്പുളകം നല്കുന്ന ചരിത്ര നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. ജൂണ്‍ 28 ബുധനാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷ പരിപാടികള്‍ മാസ് യുകെ രക്ഷാധികാരിയും ഗായകനുമായ രജഗോപാല്‍ കോങ്ങാട് ഉദ്ഘാടനം ചെയ്യും.
മാസ് ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അബ്ദുള്‍ റൗഫ് ലൈമാന്‍ റംസാന്‍ ദിന സന്ദേശം നല്കും. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, ട്രഷറര്‍ സെബാസ്റ്റിയന്‍ കുര്യാടന്‍, പിആര്‍ഒ സുജിത് സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. എച്ച്ആര്‍ മാനേജര്‍ നിസാര്‍ മന്‍സില്‍ സ്വാഗതവും ഐടി സെക്രട്ടറി ദ്വിതീഷ് ടി. പിള്ള കൃതജ്ഞതയും പറയും.
ആഘോഷത്തിന് മാറ്റ് കൂട്ടുവാന്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങിലെത്തും. മാപ്പിളപ്പാട്ട്, ഒപ്പന, ഡാന്‍സ്, സ്‌കിറ്റ്, ഗാനമേള എന്നിവ പരിപാടികള്‍ക്ക് പുതുമ പകരും. ആഘോഷ പരിപാടികള്‍ക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇഫ്താര്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാസിന്റെ ആഘോഷം -വിനോദം കോഓര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ് പറഞ്ഞു. ഇഫ്താര്‍ വിരുന്നിലും ആഘോഷ പരിപാടികളിലും ജാതിമതഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്നും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ജെഫിന്‍ ജേക്കബ് അറിയിച്ചു.
പ്രമുഖ ഇടത് സാംസ്‌കാരിക പ്രസ്ഥാനമായ സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശീയ സമിതി അംഗീകാരം നല്‍കി. ഇടത് സാംസകാരിക സംഘടന സ്വീകരിക്കേണ്ട നയസമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതനായി കവന്‍ട്രിയില്‍ കഴിഞ്ഞ പതിഞ്ചാം തീയതി സമീക്ഷ ദേശീയ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം എ.ഐ.സി നേതൃത്വം വിളിച്ചിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഎം ബ്യുറോ അംഗവുമായ സ:എം.എ.ബേബി, എ.ഐ.സി സെക്രട്ടറി സ: ഹര്‍സേവ് ബെയിന്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരുവരുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയത്.
ഭാഷ, സാഹിത്യം, സാംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളിലും, യു.കെയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി കുടുംബങ്ങളിലെ കുട്ടികളുമായിയുള്ള തലമുറകളുടെ അന്തരം കുറക്കാനും ഉതകുന്ന വാര്‍ഷിക പരിപാടികളില്‍ യു.കെയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള കലാ-സാംസ്‌കാരിക നായകന്മാരുടെ നിര്‍ദ്ദേഹങ്ങളും ഉള്‍പ്പെടുത്തിട്ടുണ്ട്. ഈസ്റ്റ്ഹമില്‍ നടന്ന ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ ശ്രീ: മുരളി വെട്ടത്ത്, മുരുകേഷ് പനയറ, സുരേഷ് മണമ്പൂര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിട്ടിരുന്നു.
സമീക്ഷയുടെ 21 അംഗ ദേശീയ സമിതിയും 8 അംഗ സെക്രട്ടറിയറ്റ് രൂപീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ഒരാളെ കൂടി സെക്രട്ടറിയറ്റിലേയ്ക്ക് വൈകാതെ കോപ്റ്റ് ചെയ്യും. സമീക്ഷയുടെ എല്ലാ ചാപ്റ്ററുകളും യു.കെയുടെ എല്ലാ പ്രാദേശിക ലൈബ്രറികള്‍ക്കും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങളും, മലയാള സാഹിത്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളും സംഭാവനായി നല്‍കും. സമീക്ഷ ദേശീയ സമിതി ഒരുക്കുന്ന ഇടശ്ശേരി കവിതയായ ‘പൂതപ്പാട്ടിന്റെ’ പരിശീലനം നല്ല നിലയില്‍ പുരോഗമിക്കുന്നു.
യു.കെ മലയാളികള്‍ക്ക് ഇടയില്‍ മതേതര സമൂഹം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പൊതു വേദി എന്ന ലക്ഷ്യത്തില്‍ എത്താനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരികരിച്ചതായി ദേശിയ ഭാരവാഹികളായ സഖാക്കള്‍ രാജേഷ് ചെറിയാന്‍, എസ്.എസ്. പ്രകാശ് എന്നിവര്‍ അറിയിച്ചു.