സ്വന്തം ലേഖകന്‍
വെയില്‍സ്: യുക്മയുടെ പ്രമുഖ റീജിയനുകളില്‍ ഒന്നായ വെയില്‍സില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 02.00 മണിക്ക് റീജിയണല്‍ കായികമേളയ്ക്ക് വിസില്‍ മുഴങ്ങും. സ്വാന്‍സി മലയാളി അസോസിയേഷന്‍ ആതിഥ്യമരുളുന്ന റീജിയണല്‍ കായിക മേള നടക്കുന്നത് പോണ്ടര്‍ഡാവെ ക്വാഡ് ഗില്ലം പാര്‍ക്കില്‍ വച്ചാണ്. വെയില്‍സ് റീജിയനിലെ കായിക താരങ്ങള്‍ക്ക് തങ്ങളുടെ കരുത്തും മികവും തെളിയിക്കാനുള്ള മികച്ച അവസരമായാണ് കായികമേള സംഘടിപ്പിക്കുന്നത്.
വെയില്‍സ് റീജിയനിലെ കരുത്തരായ അസോസിയേഷനുകളായ സ്വാന്‍സി മലയാളി അസോസിയേഷന്‍, വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍, കാര്‍ഡിഫ് മലയാളി അസോസിയേഷന്‍, അബരീസ്വിത്ത് മലയാളി അസോസിയേഷന്‍ എന്നീ അസോസിയേഷനുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും
ശനിയാഴ്ച നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് യുക്മ നാഷണല്‍ കായിക മേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ഒപ്പം വിജയികള്‍ക്ക് റീജിയണല്‍ തലത്തില്‍ മെഡലുകള്‍ സമ്മാനിക്കുന്നതുമാണ്.
യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസ്, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ്, ട്രഷറര്‍ ബെന്നി അഗസ്റ്റിന്‍, നാഷണല്‍ കമ്മറ്റിയംഗം ജോസഫ് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കായിക മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കായികമേള വിജയകരമായി നടപ്പിലാക്കാന്‍ തങ്ങളുടെ അസോസിയേഷനുകളില്‍ നിന്നും പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്നും റീജിയണല്‍ കമ്മറ്റി അഭ്യര്‍ഥിച്ചു.
കായിക മേള നടക്കുന്ന സ്റ്റേഡിയത്തിന്‍റെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.
Coed Gwilym Park,
Pontardawe Road,
Swansea SA6 5NX
കവന്‍ട്രി, സൗത്ത്ഹാള്‍, ഓക്സ്ഫോര്‍ഡ് എന്നിവടങ്ങളിലായി ജൂണ്‍പതിനാലിനും പതിനഞ്ചിനുമായി നടക്കുന്ന റീജ്യണല്‍ യോഗങ്ങളില്‍ സമീക്ഷയുടെ എല്ലാ അംഗങ്ങളും ഭാരവാഹികളും പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് സമീക്ഷ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്ക് കവന്‍ട്രി ഇന്ത്യന്‍ കമ്മ്യുണിറ്റി സെന്ററിലും, ആറ് മണിക്ക് സൗത്ത് ഹാള്‍ ടൗണ്‍ ഹാളിലുമാണ് റീജിയണല്‍ യോഗങ്ങള്‍ നടക്കുന്നത്.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ദേശീയ സെക്രട്ടറി സ: ഹര്‍സെവ് ബെയിന്‍സ് മൂന്ന് യോഗങ്ങള്‍ക്കും നേതൃത്വം നല്‍കും. യു.കെയില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ.സി ,ഐഡബ്ള്യുഎ, സമീക്ഷ എന്നിവയടക്കമുള്ള സാംസ്‌കാരിക സംഘടനകള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ട ഭാവി പരിപാടികളെ കുറിച്ച് എം.എ ബേബി വിശദീകരിക്കും.
ജോസഫ് കനേഷ്യസ്
മൂന്നാമത് ചേര്‍ത്തല സംഗമത്തിന് പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് മുഖ്യാതിഥിയാകും. മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന പഞ്ചാര മണലിന്റെ മക്കള്‍ ജന്മനാടിന്റെ മധുര സ്മരണകളുമായി ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്ററിലെ ബ്രാഡ് വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ മൂന്നാമത് ചേര്‍ത്തല സംഗമത്തിനായി ഒന്നിച്ചു കൂടും. സ്‌കൂള്‍, കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മകളും നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്‌സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ച് അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ്.
ബെറ്റര്‍ ഫ്രെയിംസിന്റെ ബാനറില്‍ യുകെയില്‍ വിജയകരമായി സംഗീത പര്യടനം നടത്തുന്ന അനുഗ്രഹീത ഗായകന്‍ വില്‍സ്വരാജ് ആണ് ഇത്തവണത്തെ മുഖ്യാതിഥി. ബോണ്‍മൗത്തിലും ബ്രിസ്റ്റൊളിലും വില്‍സ്വരാജിന്റെ മധുര സംഗീതം നിറഞ്ഞു ഒഴുകുകയായിരുന്നു. യുകെയിലെ സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഇതിനോടകം വില്‍സ്വരാജ് ഇടം നേടി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വേദികള്‍ ലഭിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. സാധാരണ ക്കാരില്‍ സാധാരണക്കാരനായ ഈ എളിയ കലാകാരനെ യുകെ മലയാളികള്‍ ഹൃദയം നിറഞ്ഞു സ്വീകരിച്ചിരിക്കുകയാണ്. ജൂണ്‍ 23ന് കവെന്‍ട്രിയില്‍ നടക്കുന്ന പരിപാടിക്ക് വന്‍ സ്വീകരണം ആണ് ലഭിക്കുന്നത്. ഇതിനോടകം ഫേസ് ബുക്ക് ലൈവ് വിഡിയോയും മറ്റും കണ്ടവര്‍ ഈ അനുഗ്രഹീത ഗായകന്റെ സ്വരമാധുര്യം നേരിട്ടു അനുഭവിക്കുവാന്‍ കൊവെന്‍ട്രിയില്‍ ഒഴുകിയെത്തുമെന്നാണ് സഘാടകരായ ബെറ്റര്‍ ഫ്രെയിംസ് വിശ്വസിക്കുന്നത്.
‘വില്‍സ്വരാജ് യേശുദാസ് ആലപിച്ച ശാസ്ത്രീയ/അര്‍ദ്ധശാസ്ത്രീയ ഗാനങ്ങള്‍ ആലപിക്കുന്നത് വളരെ അനായാസമായാണ്. ഇത്രയും അനായാസമായി ആ ഗാനങ്ങള്‍ അതിന്റെ ഒറിജിനാലിറ്റി ചോര്‍ന്ന് പോകാതെ നിഷ്പ്രയാസം ആലപിക്കുന്ന വേറൊരു ഗായകന്‍ മലയാളത്തില്‍ കാണുകയില്ല. ഇത് കൊവെന്‍ട്രിയിലെ പരിപാടി സഘടിപ്പിക്കുന്ന ഗായകന്‍ ഹരീഷ് പാലായുടെ വാക്കുകളാണ്. ഹരി മുരളീരവം കട്ടിലില്‍ കിടന്നു കൊണ്ട് അനായാസമായി പാടിയപ്പോളായിരുന്നു വില്‍സ്വരാജ് എന്ന അതുല്യ പ്രതിഭയെ സോഷ്യല്‍ മീഡിയ നെഞ്ചിലേറ്റിയത്. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളിലും ആല്‍ബങ്ങളിലുമായി നൂറു കണക്കിന് മനോഹര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. യുകെ മലയാളികള്‍ ഇറക്കിയ ഓര്‍മ്മയില്‍ ഒരോണം എന്ന ആല്‍ബത്തിലെ മുഖ്യ ഗായകനും അദ്ദേഹമായിരുന്നു. വില്‍സ്വരാജ് എത്തുന്നതോടെ സംഗമം അവിസ്മരണീയമായ ഒരു കലാവേദി ആക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ചേര്‍ത്തല സ്വദേശികള്‍. എല്ലാ ചേര്‍ത്തല നിവാസികളെയും മൂന്നാമത് സംഗമത്തിലേക്കു ഹൃദയ പൂര്‍വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ജെഗി ജോസഫ്
സംഗീതത്തിന്റെ ആനന്ദനടനത്തില്‍ ആറാടിച്ച് വില്‍സ്വരാജും സംഘവും സംഘടിപ്പിച്ച സംഗീതസന്ധ്യ യുകെയിലെ സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകനായ വില്‍സ്വരാജ് യുകെയുടെ മണ്ണിലെത്തിയത്. മലയാളികളുടെ അഭിമാനമായ ഗാനഗന്ധര്‍വ്വന്റെ സംഗീത രീതികളോട് താദാത്മ്യം പ്രാപിക്കുന്ന സ്വരമാധുരിയുമായി വില്‍സ്വരാജ് ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ സദസ്സ് അക്ഷരാര്‍ത്ഥത്തില്‍ ആ രാഗമാധുരിയില്‍ ലയിച്ചു ചേര്‍ന്നു.

വില്‍സ്വരാജിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ യുക്മ സ്റ്റാര്‍ സിങ്ങര്‍ ജേതാവ് അനുചന്ദ്ര, സ്റ്റീഫന്‍ ദേവസിയുടെ കുശ് ലോഷ് സംഗീത സന്ധ്യയുടെ ജേതാവ് സന്ദീപ്, വില്‍സ്വരാജിനെ പോലും വിസ്മയിപ്പിച്ച കെന്റില്‍ നിന്നുള്ള കൊച്ചുമിടുക്കി ഹെലന്‍ റോബര്‍ട്ട്, അലന്‍, ബ്രയാന്‍, പവിത്ര, മഴവില്‍ സംഗീതത്തിന്റെ ജീവാത്മാവും പരമാത്മാവുമായി മാറിയ അനീഷ്, ടെസ തുടങ്ങിയവരും ബ്രിസ്റ്റോള്‍ ഗാനസന്ധ്യയില്‍ ഗാനങ്ങള്‍ ആലപിച്ചു.

ബ്രിസ്റ്റോള്‍ മലയാളി സമൂഹത്തിന്റെ ആത്മാവിഷ്‌കാരമായി ഈ ഗാനസന്ധ്യ മാറുകയായിരുന്നു. വൈകുന്നേരം ആറു മണിയോടെയാണ് ബ്രിസ്റ്റോള്‍ ഗാനസന്ധ്യക്ക് തുടക്കമായത്. പ്രോഗ്രാമിന്റെ മുഖ്യ സ്പോണ്‍സറായ ഇന്‍ഫിനിറ്റി ഫിനാന്‍സിയേഴ്സ് ഡയറക്ടര്‍ ജെഗി ജോസഫ് വില്‍സ്വരാജിനെ വേദിയിലേക്ക് ആനയിച്ചു. യേശുദാസിന്റെ സഹയാത്രികനായ പ്രശസ്ത സംഗീതജ്ഞന്‍ രാജഗോപാല്‍ കോങ്ങാട് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഗാനസന്ധ്യയ്ക്ക് വില്‍സ്വരാജ് തുടക്കം കുറിച്ചത്. ‘ഈശോ’ എന്ന ആല്‍ബത്തിലെ ‘യഹോവ തന്‍ ആലയത്തില്‍’ എന്ന ഗാനത്തോടെയാണ് അദ്ദേഹം കാണികളുടെ ഹൃദയത്തിലേക്ക് രാഗമാധുരി പകര്‍ന്നു നല്‍കിയത്.
കേട്ടത് മധുരം, കേള്‍ക്കാത്തത് മധുരതരം എന്ന വിശേഷണമായിരുന്നു ഓരോ ഗാനവും ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കിയത്. കീബോര്‍ഡ് വായിച്ച മിഥുന്‍ ഉള്‍പ്പെടെ കാണികളെ കൈയ്യിലെടുക്കാന്‍ വൈദഗ്ധ്യം കാട്ടി. ശുദ്ധ സംഗീതത്തെ ഇഷ്ടപ്പെടുന്ന ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഒരു അവസരമായി ഗാനസന്ധ്യ. വില്‍സ്വരാജിലൂടെ തുടക്കമിട്ട ഭാവസാന്ദ്രമായ ഗാനങ്ങള്‍ മറ്റ് ഗായകരിലൂടെ പുതിയ ഉയരങ്ങളിലെത്തി. മികവാര്‍ന്ന ശബ്ദം കൊണ്ട് സദസിനെ വിസ്മയിച്ച് എല്ലാ പാട്ടുകളും മനോഹരമായി ആലപിച്ച ഗായകര്‍ മനോഹരമായ നിമിഷങ്ങളാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിച്ചത്.

ബ്രിസ്റ്റോളിലെ പ്രശസ്ത അവതാരകന്‍ അനില്‍ മാത്യു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതരണമികവ് പ്രകടിപ്പിച്ച് പരിപാടി കൂടുതല്‍ ആസ്വാദ്യമാക്കി. ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നടേപ്പള്ളി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. രാജേഷ് പൂപ്പാറ നന്ദി അറിയിച്ചു. ബെറ്റര്‍ ഫ്രെയിംസ് യുകെയുടെ വെബ്സൈറ്റിന്റെ ഉത്ഘാടനം സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. വളരെ കാലമായി തനിക്ക് പരിചയമുള്ള വില്‍സ്വരാജ് അനുഗ്രഹീതനായ കലാകാരനാണെന്നും നമുക്ക് ലഭിച്ച അനുഗ്രഹമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബ്രിസ്റ്റോളിലെ മലയാളികളുടെ അകത്തളങ്ങളെ അലങ്കരിക്കുന്ന ബെറ്റര്‍ ഫ്രെയിംസിന് യുകെയില്‍ ഇനിയുള്ള വഴിത്താരകളും ഭംഗിയുള്ളതാകട്ടെ എന്നും ഫാ. പോള്‍ വെട്ടിക്കാട്ട് ആശംസിച്ചു.

രാത്രി പത്തരയോടെയാണ് പരിപാടി അവസാനിച്ചത്. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് പരിപാടി അരങ്ങേറിയത്. ശബ്ദവും വെളിച്ചവും സിനോയും, അനിലും ചേര്‍ന്ന് കൈകാര്യം ചെയ്തപ്പോള്‍ കീ ബോര്‍ഡ് മിഥുന്‍, ഗിത്താര്‍ സാബു ജോസ്, ഡ്രംസ് ഗണേഷ് കുബ്ലെ, തബല സന്ദീപ് പോപാക്ടര്‍ എന്നിവര്‍ കൈകാര്യം ചെയ്തു. പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തത് യുകെയിലെ പ്രഗല്‍ഭരായ മോര്‍ട്ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.
പങ്കെടുക്കാന്‍ സാധിക്കാതെയിരുന്നവര്‍ക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചു കൊണ്ട് വില്‍സ്വരാജിന്റെ സംഗീത നിശ യുകെയിലെ മറ്റു സ്ഥലങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ്. ജൂണ്‍ 23ന് കവന്‍ട്രി, ന്യൂകാസില്‍, സിന്റന്‍, ഹോര്‍ഷം, ഗ്ലോസ്റ്റര്‍ഷെയര്‍ എന്നിവടങ്ങളില്‍ വില്‍സ്വരാജ് സംഗീത നിശ അരങ്ങേറും.
ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് അവരുടെ ഏറ്റവും പുതിയ മോഡലായ സ്ട്രീറ്റ് ട്രിപ്പിള്‍ എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില 8.50 ലക്ഷം രൂപയാണ്. 765 സിസി എന്‍ജിനുള്ള ട്രിപ്പിള്‍ എസ് ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ശ്രേണിയിലെ ബേസ് മോഡല്‍ ബൈക്കാണ്.
166 കിലോഗ്രാം ഭാരമുള്ള ട്രിപ്പിള്‍ എസ് ഈ ക്ലാസിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ്. കമ്പനിയുടെ മുന്‍ ബൈക്ക് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ജിനില്‍ 80 പാര്‍ട്ട്‌സുകള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ബൈക്കിന്റെ പെര്‍ഫോമന്‍സിനെ വര്‍ദ്ധിപ്പിക്കുന്നതാണ്. മുന്‍ മോഡലുകളെക്കാള്‍ 30 ശതമാനം അധികം ടോര്‍ക്ക് പവര്‍ ഉത്പാദിപ്പിക്കാന്‍ പുതുക്കിയ എന്‍ജിന് സാധിക്കും. രണ്ട് റൈഡിംഗ് മോഡുകളില്‍ ഓടിക്കാന്‍ കഴിയുന്ന ബൈക്കിന് എബിഎസ് ബ്രേക്കിംഗ് സിസ്റ്റവുമുണ്ട്. ചുവപ്പ്, കറുപ്പ് കളറുകളിലായിരിക്കും ഈ ബൈക്ക് വിപണിയില്‍ ലഭ്യമാകുക.

അഞ്ച് വിഭാഗങ്ങളിലായി 16 മോഡല്‍ ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ ബോണ്‍വില്ലെ മോഡലാണ് ട്രയംഫ് ഏറ്റവും ഒടുവില്‍ കേരളാ വിപണിയില്‍ അവതരിപ്പിച്ചത്. സ്ട്രീറ്റ് ട്രിപ്പിള്‍ എസ് കവാസാക്കി സി900, ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നീ വാഹനങ്ങളുടെ വിഭാഗത്തില്‍ വരുന്ന സൂപ്പര്‍ ബൈക്കാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ട്രയംഫ് ബൈക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. അടുത്ത വര്‍ഷം മനേസര്‍ പ്ലാന്റില്‍നിന്ന് 1200 യൂണിറ്റ് ബൈക്കുകള്‍ ഉല്പാദിപ്പിക്കാനാണ് ട്രയംഫ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷം 200 മുതല്‍ 300 ബൈക്കുകള്‍ വരെ വില്പ്പനയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ബിനോയി ജോസഫ്
മലയാളികൾക്ക് അഭിമാനമായി ഗ്രിംസ് ബിയിലെ മലയാളി സമൂഹം.. ലോകത്തിന്റെ വേദനകളും ആവശ്യങ്ങളും അവരറിയുന്നു.. അത് സ്വന്തം ജീവിതത്തിരക്കിനിടയിൽ അവർ മറക്കുന്നില്ല.. അവരുടെ മനസുകൾ ഉരുവിടുന്നത് സ്നേഹത്തിന്റെ മന്ത്രങ്ങൾ.. ഐക്യത്തോടെ, ലക്ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ആത്മാർത്ഥത ഇവർക്ക് എന്നും മുതൽകൂട്ട് .. നിസ്വാർത്ഥമായ സേവന പ്രവർത്തനത്തിന് അവർ എന്നും തയ്യാർ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രിംസ് ബിയിലെ മലയാളികൾക്ക് എന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.. തങ്ങൾ ജീവിക്കുന്ന സംസ്കാരത്തിൽ അലിഞ്ഞു ചേരാനുള്ള അപൂർവ്വ അവസരങ്ങൾ ഇവർ പാഴാക്കാറേയില്ല.. നേതൃത്വം നല്കാൻ ഡോ. പ്രീതാ തോമസ്.. പൂർണ പിന്തുണയുമായി മറ്റു മലയാളി കുടുംബങ്ങളും..

ചാരിറ്റി വിഭാഗത്തിൽ ഈ വർഷം മലയാളം യുകെയുടെ എക്സൽ അവാർഡ് നേടിയ ഡോ. പ്രീതാ തോമസിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഗ്രിംസ് ബിയിൽ ചാരിറ്റി ഇവൻറ് സംഘടിപ്പിച്ചത്. മലയാളം യുകെ യംഗ് അംബാസഡർ ഓഫ് ചാരിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട നിത്യാ ബാലചന്ദ്രയും പൂർണ പിന്തുണയുമായി ഇവൻറിലുണ്ടായിരുന്നു. ഡോ. സുചിത്ര മേനോനായിരുന്നു മാസ്റ്റർ ഓഫ് സെറമണീസ്. ആഫ്റ്റർ നൂൺ ടീ വിത്ത് ഇൻഡ്യൻ ഫ്യൂഷൻ എന്നു പേരിട്ട ഇവൻറിൽ നിന്ന് ലഭിക്കുന്ന ഫണ്ട് യുണിസെഫിന് കൈമാറും. സിറിയയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി ഈ തുക വിനിയോഗിക്കും. മലയാളി കുടുംബങ്ങളോടൊപ്പം മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഇവൻറിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിയിൽ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരിൽ ഭൂരിപക്ഷവും. യുകെയിലേക്ക് കുടിയേറിയവരുടെ ഈ ജീവകാരുണ്യ പ്രവർത്തനം ഇംഗ്ലീഷ് സമൂഹത്തിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് ഇതിൽ പങ്കെടുത്തവർ പറഞ്ഞു.

മൂന്നു മണിക്കൂർ നീണ്ടചാരിറ്റി ഇവന്റ് ഗ്രിംസ് ബിയിലെ ഹംബർ റോയൽ ഹോട്ടലിൽ ഇന്നലെ ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 മുതൽ 6.30 വരെ ആണ് നടന്നത്. സംഗീതവും നൃത്തവുമായി കലാകാരികളും കലാകാരന്മാരും സ്റ്റേജിൽ നിറഞ്ഞു. ഭരതനാട്യവും മോഹിനിയാട്ടവും കേരളത്തനിമയിൽ സദസിൽ അവതരിപ്പിക്കപ്പെട്ടു. ബോളിവുഡ് ഡാൻസും മലയാളം, ഹിന്ദി ഗാനങ്ങളും സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.





അബ്രാഹാം എൻ. അബ്രാഹാം, അമ്പിളി സെബാസ്റ്റ്യൻ, പൂജാ ബാലചന്ദ്ര, കവിതാ തര്യൻ, നക്ഷത്ര ബാലചന്ദ്ര, മെറീന ലിയോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, റിച്ചി മാത്യൂസ്, ഷാരോൺ തോമസ്, ഈവാ മരിയ കുരിയാക്കോസ്, മുരളികൃഷ്ണൻ, നിഷാ ചന്ദ്രശേഖർ, സുവിദ്യാ രാജേന്ദ്രൻ, അഭിഷേക് രാംപാൽ, നെൽസൺ ബിജു എന്നിവർ വിവിധ പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ് ട്രൂപ്പായ ദി ഫാമിലി ടൈസ് ഗാനങ്ങൾ ആലപിച്ചു. ജെയ്ൻ ഫോസ്റ്റർ സ്മിത്ത് യൂണിസെഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഇടുക്കിയിലെ പൗരപ്രമുഖര്‍ ഒത്തുകൂടി. ഇടുക്കിയിലെ ഡാം വ്യൂ റിസോര്‍ട്ടിലായിരുന്നു സമ്മേളനം നടന്നത്. രാജു തോമസ് പൂവത്തേല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാത്യു മത്തായി തെക്കേമല, ജോയ് വര്‍ഗീസ്, കുത്താനാപിള്ളി, ചെറുതോണി മാര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കുട്ടായി, ജോസ് കുഴികണ്ടം, ബാബു ജോസഫ്, ഔസേഫച്ചന്‍ ഇടകുളത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടില്‍ നിന്നും വിട്ട് വിദേശത്ത് താമസിക്കുമ്പോളും നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കാണിക്കുന്ന നല്ലമനസിനെ എല്ലാവരും പ്രശംസിച്ചു.

മറുപടി പറഞ്ഞ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് ജീവിതത്തില്‍ ഞങ്ങള്‍ അനുഭവിച്ച പട്ടിണിയും കഷ്ട്ടപ്പാടുകളുമാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ടോം കൂട്ടിച്ചേര്‍ത്തു. മലയാളം യുകെ യുടെ അവാര്‍ഡും ഇടുക്കി ചാരിറ്റിക്ക് ലഭിച്ചിരുന്നു.

ദിനേശ് വെള്ളാപ്പള്ളില്‍
ബ്രിസ്റ്റോള്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നു പുകള്‍പെറ്റ ബ്രിട്ടന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ സംഗീത സൗഹൃദത്തിന്റെ ‘സ്വരരാഗ സന്ധ്യ’യ്ക്ക് തിരിതെളിയും. മലയാള സംഗീതത്തിന്റെ രാജശില്പിയായ സംഗീത ചക്രവര്‍ത്തി പരവൂര്‍ ജി ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ ആദ്യമായി നടക്കുന്ന ‘സ്വരരാഗസന്ധ്യ’യില്‍ മുപ്പതില്‍പരം ഗായകര്‍ പങ്കെടുക്കും.
ജൂണ്‍ 10 ശനിയാഴ്ച പകല്‍ 4 മണിക്ക് സെന്റ് ജോര്‍ജ് കമ്മ്യൂണിറ്റി സെന്ററില്‍ (BS 227 XF) ആരംഭിക്കുന്ന സംഗീത വിരുന്ന് രാത്രി 10 മണിക്ക് സമാപിക്കും. ഗാനഗന്ധര്‍വന്‍ പത്മശ്രീ ഡോക്ടര്‍ കെ.ജെ. യേശുദാസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറിയും ഗായകനുമായ പി. എസ് രാജഗോപാല്‍ കോങ്ങാട് അധ്യക്ഷത വഹിക്കുന്ന സ്വരരാഗ സന്ധ്യ സമ്മേളനം ‘മലയാളം സാംസ്‌കാരിക സമിതി (മാസ്സ്) യുകെ ഓര്‍ഗനൈസര്‍ സുധാകരന്‍ പാലാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
കലാഹാംഷെയര്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, ബ്രിസ്റ്റോള്‍ സണ്‍ മ്യൂസിക് ഡയറക്ടര്‍ ജോസ് ജെയിംസ് (സണ്ണിസര്‍) ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ (LMR) ജെറീഷ് കുര്യന്‍, അക്ഷര ഗ്രന്ഥാലയം ഡയറക്ടര്‍ അജിത് പാലിയത്ത്, എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള എന്നിവര്‍ ദേവരാജന്‍ മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്യും ശ്രീമതി ഡിഷാടോമി സ്വാഗതവും മാര്‍ട്ടിന്‍ ചാക്കു കൃതജ്ഞതയും പറയും.
അമ്പിലിന്‍ റോയ്, അമിബിച്ചു, ബ്രീസ് ജയേഷ്, ആഗ്നസ് ലാലു, സാനിയ സജി, ഗ്ലോറിയ ഗ്രോമിക്കോ, ജ്വാലാ റോസ് വിന്‍സന്റ്, മേഘാ ബോബി, സിയാഹ്ന ഷിബു എന്നീ ഒന്‍പത് കുരുന്നു പ്രതിഭകള്‍ ആലപിക്കുന്ന പ്രാര്‍ത്ഥനാ സംഗീതത്തോടെ സ്വരരാഗസന്ധ്യ സമാരംഭിക്കും. കുമാരി തുഷാര സതീശന്‍, അഞ്ജു അനില്‍, അല്‍ക്കാഷാ ഷാജി, ആഷ്‌ലി ടോമി, ജോന്നാ ജോര്‍ജ്ജ്, സോണാ ടോമി എന്നിവരുടെ നൃത്തനൃത്ത്യങ്ങള്‍ സംഗീത സായാഹ്നത്തിന് ചാരുലത പകരും. കുമാരി സിമി സിറിയക്ക് അവതാരകയാകും.
പി എസ് രാജഗോപാല്‍, ഷിബു സെബാസ്റ്റ്യന്‍, അനീഷ് മാത്യൂ, മാര്‍ട്ടിന്‍ ചാക്കോ, ജെയിംസ് ചാണ്ടി, ജിജോ ജേക്കബ്, ബിജു എബ്രഹാം, അനില്‍ തോമസ്, ഡാന്‍ ഡാനിയേല്‍, ബിനു ചാക്കോ, ഡിഷാ ടോമി, ആലീസ് വിന്‍സന്റ്, മായാ ജയേഷ് എന്നിവര്‍ ചേര്‍ന്ന് രൂപ കൊടുത്ത് ‘സ്വരരാഗസന്ധ്യ’ സംഗീത പ്രേമികള്‍ക്കായി എല്ലാവര്‍ഷവും മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചു.
വിശദ വിവരത്തിന് 07490393949 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
St. George Community Centre
Western Supermare
BS 22 7XF
ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക യോഗം ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹോട്ടലില്‍ വച്ച് നടന്നു. കഴിഞ്ഞ ദിവസം നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മരണയ്ക്ക് മുന്നില്‍ മൗനം ആദരിച്ചതിനു ശേഷം കണ്‍വീനര്‍ ടി.ഹരിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ മേയര്‍, കൗണ്‍സിലര്‍മാര്‍, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഓഐസിസിയുടെ പ്രതിനിധികള്‍, നേതാക്കന്മാര്‍ പങ്കെടുത്തു. ലൈറ്റന്‍ മേയറും മലയാളിയുമായ ഫിലിപ്പ് അബ്രഹാമിനെ യോഗത്തില്‍ കണ്‍വീനര്‍ ടി. ഹരിദാസ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ജോയിന്റ് കണ്‍വീനര്‍ കെ.കെ.മോഹന്‍ദാസ് സ്വാഗതമാശംസിച്ച യോഗത്തില്‍ മുന്‍ മേയറും ഇപ്പോഴത്തെ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് മലയാളി സമൂഹത്തില്‍ ഓ ഐ സി സി യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നി പറഞ്ഞു. തങ്ങളുടെ ഭാഗത്തു നിന്നുള്ള പൂര്‍ണ സഹായവും അവര്‍ വാഗ്ദാനം ചെയ്തു.ന്യൂഹാം കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍ ഓഐസിസി കൗണ്‍സിലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറണമെന്നും ആനുകൂല്യങ്ങള്‍ വിവിധ തലത്തില്‍ പ്രയോജനപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ചു.

ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി. ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനം ആവശ്യമായ മേഖലകളില്‍ ഓ ഐ സി സി മുന്‍കൈയെടുത്തു സന്ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. കൂടുതല്‍ ആളുകളെ ചേര്‍ത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും തീരുമാനമായി. ചടങ്ങില്‍ ബേബിക്കുട്ടി ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുജു ഡാനിയല്‍, കല്ലമ്പലം ബിജു,അന്‍സാര്‍ അലി സുനു ദത്ത്, സുനില്‍ രവീന്ദ്രന്‍, ബിനോ ഫിലിപ്പ്, കെ എസ് ജോണ്‍സണ്‍, ജവഹര്‍, മഹേഷ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. സുമലാല്‍ നന്ദി രേഖപ്പെടുത്തി
സിപിഎം കേന്ദ്ര സെക്രട്ടറി സീതാറാം യെച്ചൂരിയെക്കെതിരെ സംഘപരിവാര്‍ സംഘടന നടത്തിയ അക്രമത്തില്‍ സമീക്ഷ സെന്‍ട്രല്‍ കമ്മറ്റി അപലപിച്ചു. മോദി ഭരണം മൂന്നു വര്‍ഷക്കാലമായി തുടരുന്ന അവസരത്തില്‍ ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറുകയാണെന്നും ഭരണഘടന വിഭാവന ചെയ്യുന്ന അവകാശ സംരക്ഷണം, സ്വതന്ത്രമായ ആശയ പ്രചരണത്തിനുമെതിരെ ഭയങ്കര കടന്നുകയറ്റമാണിതെന്നും സംഘടന വ്യക്തമാക്കി. ഇതു ഇന്ത്യയുടെ അഖണ്ഡതയ്ക്കും സമാധാനത്തിനും വലിയ തടസ്സമായി ഈ സംഘടനകള്‍ വളര്‍ന്നുവരുമെന്നും സമീക്ഷ വിലയിരുത്തി. കേരളം പോലുള്ള ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അമിത് ഷാ പോലുള്ള ദേശീയ നേതാക്കള്‍ വരുകയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കിയ ഇടതുപക്ഷ രീതികളാണ് വേണ്ടതെന്നും സമീക്ഷ കൂട്ടിച്ചേര്‍ത്തു. സമീക്ഷയുടെ ഭാരവാഹികളായ ജയപ്രകാശും രാജേഷ് ചെറിയാനും പത്രകുറിപ്പിലൂടെ അറിയിച്ചതാണിത്.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെയാകെ നാണക്കേടിലാഴ്ത്തി എകെ ജി ഭവനില്‍ യെച്ചൂരിയ്ക്ക് നേരെ ആക്രമണം നടന്നത്. എകെജി ഭവനില്‍ അകത്ത് കയറിയുള്ള ആക്രമണത്തില്‍ യെച്ചൂരി താഴെ വീണു. നാല് ഹിന്ദുസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ എകെജി ഭവനിലേക്ക് ഇരച്ചുകയറിയത്.പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനായി എത്തിയപ്പോഴാണ് ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്. സംഘപരിവാര്‍ ഗുണ്ടായിസത്തിന് മുന്നില്‍ മുട്ടുകുനിക്കില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനെതിരെ ലണ്ടനില്‍ അടക്കം പ്രതിഷേധം ശക്തമാകുകയാണ്.