Uncategorized

ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ നവ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പരിപാടിയായ ചില്‍ഡ്രന്‍സ് ഫെസ്റ്റ് മെയ് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മുപ്പതു മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നടത്തുന്നു. അസോസിയേഷനിലുള്ള എല്ലാ പ്രായ പരിധിയിലുമുള്ള കുട്ടികള്‍ക്കും വിനോദവും വിജ്ഞാനവും പങ്കിടാന്‍ ഉതകുന്ന ഈ പരിപാടി ഉപഹാര്‍ എന്ന സംഘടനയുമായി കൈ കോര്‍ത്ത് സ്റ്റെം സെല്‍ കളക്ഷന് വേണ്ടിയും കൂടി ആസൂത്രണം ചെയ്തിരിക്കുന്നു.

വ്യത്യസ്തവും വിഭിന്നവുമായ ഡികെസിയുടെ ഈ സംരഭം നമ്മുടെ കുട്ടികള്‍ക്ക് ഈ സമ്മര്‍ സമയത്തു മറക്കാനാവാത്ത ഒരു സുദിനം സമ്മാനിക്കും എന്ന വിശ്വാസത്തിലും അത് പോലെ തന്നെ ആപല്‍ഘട്ടങ്ങളില്‍ അന്വേഷിച്ചലയുന്നവര്‍ക്കു നമ്മുടെ സ്റ്റെം സെല്‍ കളക്ഷന്‍ തുണയാകുമെന്ന പ്രത്യാശയിലുമാണ് ഡികെസി ഈ പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

പരിപാടി നടക്കുന്ന വിലാസം

Oakdale Scout Hall
Near St George Church
Darbys Lane
Poole
BH15 3EU

ukkca

ചെല്‍ട്ടണ്‍ഹാം: ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ വീക്ഷിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യു.കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനില്‍ കലാപരിപാടികളുടെ അവതാരകര്‍ ആകുവാന്‍ സുവര്‍ണാവസരം.

രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടണ്‍ഹാമിലെ റേയ്‌സ് കോഴ്‌സ് സെന്ററിലെ അതിബൃഹത്തായ വേദിയില്‍ അവതരിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹൃദ്യമായ വിവരണവും സദസിനെ ആസ്പദമാക്കുന്ന വിധത്തിലുള്ള സംസാര ശൈലിയും ഉള്ളവര്‍ക്ക് കണ്‍വെന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്.

യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി മുഖാന്തിരം പേരുകള്‍ യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ ജൂണ്‍ 10-ന് മുന്‍പായി അറിയിക്കേണ്ടതാണ്. ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര ട്രഷറര്‍, ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് അഡൈ്വസേഴ്‌സ് ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

കലാപരിപാടി അവതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 07975 555184 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

സോജന്‍ ജോസഫ്

കുട്ടനാടിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന ചമ്പക്കുളം. വള്ളം കളിയുടെ നാട്, കലാകായിക മേഖലയില്‍ പ്രശസ്തമായ ചമ്പക്കുളത്തിന്റെ മക്കള്‍ ജന്മനാടിന്റ ഓര്‍മ്മയയും സ്നേഹവും പങ്കുവയ്ക്കുന്നതിനായി ജൂണ്‍ 16-ാം തീയതി വെയില്‍സിലേക്ക് പോകുന്നു. എല്ലാ വര്‍ഷത്തേയും പോലെ തന്നെ ഈ വര്‍ഷവും മൂന്നു ദിവസങ്ങളിലായിട്ടാണ് സംഗമം സംഘടിപ്പിച്ചരിക്കുന്നത്. ആറാം തീയതി നാലു മണിയോടുകൂടി കെഫന്‍ ലീ പാര്‍ക്കില്‍ [Cefn Leo Park, Dolfor, Newtown, Powys SY16 4AJ, Mid Wales ] എത്തിച്ചേരുന്നു.

വിവിധ കലാകായിക പരിപാടികളാണ് ഒരുക്കിരിക്കുന്നത്. കുട്ടനാടിന്റെ തനതായ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നതിനുള്ള എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

.

ദിനേശ് വെള്ളാപ്പിള്ളി

പി .ആര്‍. ഓ. സേവനം യു.കെ

നമ്മുടെ കൊച്ചുകേരളത്തില്‍ നവോത്ഥാന ലക്ഷ്യങ്ങളോടെ പിറവിയെടുത്ത ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശങ്ങള്‍ക്ക് ബ്രിട്ടനില്‍ പുതിയ വഴിത്താര രചിച്ച് ‘സേവനം യുകെ’. ഗുരുദേവന്റെ വിശ്വമാനവികതയുടെ സന്ദേശങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിച്ചാണ് സേവനം യുകെ രണ്ടാം വാര്‍ഷികം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഡെര്‍ബിയിലെ ഹിന്ദു ക്ഷേത്രം ഗീതാഭവന്‍ ഹാളില്‍ അരങ്ങേറിയത്. ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുകെയിലെ പുതിയ സീറോ മലബാര്‍ സഭാ മതബോധന ഡയറക്ടര്‍ ഫാ. ജോയി വയലില്‍ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വേദിയിലേക്ക് ഇരുവരെയും സ്വീകരിച്ചാനയിച്ചത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഫാ. ജോയി വയലിലിനുള്ള സേവനം ഉപഹാരം ഗുരുപ്രസാദ് സ്വാമി കൈമാറി.

ആധുനിക ഭാരതത്തിന്റെ ദാര്‍ശനിക ആത്മീയ മണ്ഡലങ്ങളില്‍ മാനവികതയുടെ ശക്തമായ സ്വരമായിരുന്നു ശ്രീനാരായണ ഗുരു. നാം ഒരേ ചൈതന്യത്തില്‍ നിന്ന് വരുന്നു എന്ന സത്യം മനസിലാക്കി ജീവിക്കണം. പുതിയ കാലത്തെ ജീവിത ശൈലിയില്‍ ശ്രീരാനാരയ ഗുരുദേവന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് ഫാദര്‍ ജോയി വയലില്‍ പറഞ്ഞു.

ഗുരുദേവന്‍ മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സേവനമനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ‘സേവനം യുകെ’. യുകെയിലുള്ള ശ്രീനാരായണീയരുടെ ഒത്തുചേരലിന് വേദിയൊരുക്കിയ സേവനം യുകെയുടെ വാര്‍ഷികാഘോഷം ഇക്കുറി ഒരു ചുവടുകൂടി മുന്നിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ശ്രീനാരായണീയ പ്രസ്ഥാനമായി വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന സേവനം യുകെയുടെ പ്രവര്‍ത്തനപാതയിലെ നാഴികകല്ലായി രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മാറിയെന്നതാണ് യാഥാര്‍ത്ഥ്യം.

ഗുരുവിന്റെ സന്ദേശം ലോകത്തിന് വേണ്ടിയുള്ള മഹിതമായ സന്ദേശമായിരുന്നു. ഗുരുവിനെ ഗുരുദേവനായി സാമൂഹിക പരിഷ്‌കര്‍ത്താവായും വിപ്ലവകാരിയായും നവോത്ഥാന നായകനായും ഒക്കെ നമുക്ക് അനുയോജ്യമായി വ്യാഖ്യാനിക്കാം. പക്ഷെ ഇതു മാത്രമായിരുന്നോ ഗുരു എന്ന് ചിന്തിക്കണം. ലളിതമായ ജീവിതത്തിലൂടെ മഹത്വരമായ ആശയങ്ങള്‍ ലോകത്തിന് സംഭാവന നല്‍കി ലോക നന്മയ്ക്കായി പ്രവര്‍ത്തിച്ച ഗുരുദേവന്റെ പാത ഓരോരുത്തര്‍ക്കും മാതൃകയാണെന്നും ഗുരുപ്രസാദ് സ്വാമി പറഞ്ഞു.

ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍ ശാന്തി ഹവനവും സര്‍വ്വൈശ്വര്യ പൂജയും നടന്നു. കുടുംബങ്ങളുടെ ഐക്യത്തിനും ഐശ്വര്യത്തിനും ലോകസമാധാനത്തിനുമായി ചടങ്ങിനെത്തിയ ഓരോ വ്യക്തിയും അണിനിരന്നു. മികച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ജിസിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഡോ. ബിജുവിന്റെ മകള്‍ക്ക് സേവനം യുകെ അവാര്‍ഡ് സമ്മാനിച്ചു. സഹജീവികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സേവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷികാഘോഷ വേദിയിയില്‍ തുടക്കമായി. സേവനം യുകെ വനിതാ സംഘം ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വീടുകളില്‍ വെക്കാനുള്ള ചാരിറ്റി ബോക്‌സ് ഇതിന്റെ ആദ്യപടിയായി കൈമാറി. സേവനം ഗ്രന്ഥശാലയുടെ പുസ്തകങ്ങളും വേദിയില്‍ വനിതാസംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

വാര്‍ഷികാഘോഷവേദിയില്‍ സേവനം വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും സേവനം ന്യുസ് ലോഗോയുടെ പ്രകാശനവും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി നിര്‍വ്വഹിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഐടി കണ്‍വീനര്‍ ആശിഷ് സാബു, വിശാല്‍, പ്രതീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വാര്‍ഷികാഘോഷങ്ങള്‍ക്ക് രുചിയുടെ മാറ്റേകാന്‍ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. രാജു പപ്പുവിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് മിഡ് ലാന്‍ഡ് ഹിന്ദു കള്‍ച്ചറല്‍ സമാജം അവതരിപ്പിച്ച വാദ്യമേളം ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. വൈകീട്ട് 6 മണിയോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.

സേവനം യുകെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് അവിസ്മരണീയമാക്കി മാറ്റിയ എല്ലാ കുടുംബാംഗങ്ങളോടും ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഗുരുപ്രസാദ് സ്വാമി, ഫാദര്‍ ജോയി വയലില്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് മഹനീയമായ പരിപാടിയിലൂടെ ‘ജാതിമതരഹിത സമൂഹം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജമാണ് കൈവന്നിരിക്കുന്നത്. റേഡിയോ, ന്യൂസ് ചാനല്‍ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ട് പരിസമാപ്തിയിലെത്തിയ സേവനം യുകെ വാര്‍ഷികാഘോഷങ്ങള്‍ അതിന്റെ പൂര്‍ത്തീകരണത്തിനായുള്ള യത്‌നങ്ങളില്‍ മുഴുകും.

സേവനം യുകെ കുടുംബസംഗമം ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയം നാളില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ചതയദിനാഘോഷങ്ങള്‍ സെപ്റ്റംബര്‍ 10, ഞായറാഴ്ച വൂസ്റ്ററില്‍ അരങ്ങേറും.

ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖ മാസാചരണം ആചാരാനുഷ്ടാനങ്ങളോടൊപ്പം 27-ാം തീയതി നടത്തപ്പെടുകയാണ്. ഈ അനുഗ്രഹീത നിമിഷത്തില്‍ ലണ്ടന്‍ മലയാളികള്‍ക്കു തങ്ങളുടെ പ്രിയപ്പെട്ട കലാകാരിയും. എത്തുമ്പോള്‍ ഈ മാസത്തെ സത്സംഗം വളരെയധികം ശ്രദേയമാകുകയാണ്. നര്‍ത്തകി, അഭിനേത്രി എന്നീ നിലകളില്‍ തിളങ്ങിയ കോഴിക്കോട്ടുകാരി. 1992ല്‍ നമ്മെ വിട്ടുപോയ പ്രശസ്ത ചലച്ചിത്രതാരം മോനിഷയുടെ അമ്മ, വളരെ ചെറിയപ്രായത്തില്‍ തന്നെ നൃത്തത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീദേവി, കലാമണ്ഡലം കല്യാണിക്കുട്ടി, കലാമണ്ഡലം ചന്ദ്രിക, ശ്രീ.കേളപ്പന്‍, ശ്രീ. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. മോഹിനിയാട്ടത്തിന്റെ മികവില്‍ ധാരാളം ബഹുമതികള്‍ തേടിയെത്തി. 2002 ല്‍ കര്‍ണ്ണാടക സംഗീത നൃത്യ അക്കാഡമിയുടെ ”കര്‍ണ്ണാടക കലാശ്രീ” ബഹുമതിക്ക് അര്‍ഹയായി.

മലയാള ചലച്ചിത്രങ്ങളിലും കന്നട ചലച്ചിത്രങ്ങളിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ച ശ്രീദേവി ഉണ്ണി, ‘ഋതുഭേദം’ (1987), ‘കുറുപ്പിന്റെ കണക്കുപുസ്തകം’ (1990), ‘കടവ്’ (1991), ‘ഒരു ചെറുപുഞ്ചിരി’ (2000), ‘സഫലം’ (2003) തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. തുടര്‍ന്ന് അല്‍പകാലം രംഗത്തില്ലാതിരുന്ന ശ്രീദേവി ഉണ്ണി, മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങളുടെ സംവിധായകനായിരുന്ന ഹരിഹരന്റെ 2005ല്‍ പുറത്തിറങ്ങിയ ചിത്രമായ ‘മയൂഖ’ത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്.

ശ്രീദേവി ഉണ്ണി, നൃത്തകലയെ പ്രോത്സാഹിപ്പിക്കാന്‍ 1979 ല്‍ ബാഗ്ലൂരില്‍ സ്വന്തമായി രൂപീകരിച്ച ”നൃത്യവേദി” എന്ന നോണ്‍-പ്രോഫിറ്റബിള്‍ ഒര്‍ഗനൈസേഷന്‍ പിന്നീട് മോനിഷയുടെ മരണത്തോടെ 1995 ല്‍ ”മോനിഷ ആര്‍ട്ട്‌സ്’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു, ഇത് ഇന്നൊരു റെജിസ്റ്റേര്‍ഡ് സൊസൈറ്റിയായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഭര്‍ത്താവ് പി.നാരായണന്‍ ഉണ്ണിയോടും മകനോടുമൊപ്പം ബാഗ്ലൂരിലെ ഇന്ദിരാ നഗറില്‍ താമസിക്കുന്നു. കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയാണ് സ്വദേശം.

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം വളരെ വിപുലമായ ചടങ്ങുകളോടെയും, അതോടൊപ്പം പരമ്പരാഗതമായ ആചാരാനുഷ്ടാനങ്ങളോടെ ആണ് ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രാധാന്യം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമായ ഭാഗവതം കിളിപ്പാട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ലണ്ടന്‍ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുകയും, ശ്രീകൃഷ്ണനാമജപവും ഭജനയും,അതിനോടൊപ്പം വൈശാഖമാസാചരണത്തിന്റെ ആവശ്യകതയും അതിലൂടെ നമ്മുടെ ഹൈദവസംസ്‌കാരത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ പ്രാധാന്യം എന്നിവയും. ഈ വൈശാഖമാസാചരണം ലണ്ടണ്‍ മലയാളികള്‍ക്ക് അനുഭവവേദ്യം ആക്കുമെന്ന പ്രീതിക്ഷയുമായി ലണ്ടനിലെ ഓരോ ഹൈന്ദവ വിശ്വാസികളും കാത്തിരിക്കുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ സത്സംഗിനുമായി. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

Suresh Babu 07828137478,

Subhash Sarkara 07519135993

Jayakumar Unnithan 07515918523

Date: 27/05/2017

Venue Details:

West Thornton Community Centre

731-735, London Road, Thornton Heath, Croydon. CR76AU Facebook.com/londonhinduaikyavedi

Email:[email protected]

ജിമ്മി ജോസഫ്

മലയാളത്തിന്റെ ആദ്യ കോടിപതി സംവിധായകന്‍ ശ്രീ വൈശാഖ് നിലവിളക്ക് തെളിച്ചു കൊണ്ട് കലാകേരളം ഗ്ലാസ് ഗോയുടെ നവവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളിഹാളില്‍ 21/5/17 ഞായറാഴ്ച നടത്തപ്പെട്ട ചടങ്ങ് തികച്ചും ലളിതവും സുന്ദരവുമായി.

ഔപചാരിതകള്‍ ഒന്നുമില്ലാതെ തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ചടങ്ങില്‍ കലാകേരളത്തിന്റെ പ്രാരംഭ കാല പ്രവര്‍ത്തകനേതാവും, സജീവ സാന്നിദ്ധ്യവുമായ ബിജി എബ്രാഹത്തിന്റെ സഹോദരന്‍ എബി എബ്രാഹം എന്ന, തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ :
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശ്രീ വെശാഖിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഭാര്യ നീന, കുട്ടികളായ ഇസബെല്ല, ഡേവ് എന്നിവരോടുമൊപ്പം കലാകേരളം കുടുംബവും ചേര്‍ന്നപ്പോള്‍ അതൊരു വേറിട്ട സ്നേഹ സംഗമമായിത്തീര്‍ന്നു.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ക്ഷണനേരം കൊണ്ട് സുഹൃത്തുക്കളാക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യവും, സ്നേഹവും നിറഞ്ഞ പെരുമാറ്റം സദസ്സുമായി പെട്ടന്ന് ഇഴുകിച്ചേരാന്‍ സഹായകമായി. വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഇല്ലെന്നും അഞ്ചു വയസ്സു മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരേയൊരു സ്വപ്നമാണ് ഇവിടെ വരെ എത്തിച്ചതെന്നും അതുകൊണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിരന്തരം പരിശ്രമിക്കണമെന്ന് പുതു തലമുറയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.


പല വിധ പ്രശ്നങ്ങളാലും, മാനസിക പിരിമുറുക്കങ്ങളാലും വലയുന്ന പ്രവാസ ജീവിതത്തിന് സമാശ്വാസം നല്‍കുന്ന ഏറ്റവും നല്ല മരുന്ന് കലയും കലാപ്രവര്‍ത്തനങ്ങളുമാണെന്നും മല്‍സരങ്ങളുടെ അതിര്‍വരമ്പുകള്‍ സ്നേഹവും സൗഹൃദവും മാത്രമായിരിക്കണമെന്നും അവ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടുപോകാന്‍ കലാകേരളം ഗ്ലാസ് ഗോയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

എല്ലാ കലാകേരളം അംഗങ്ങളോടും അവരുടെ കുടുംബത്തോടുമൊപ്പം സംസാരിക്കാനും ഫോട്ടോ എടുക്കാനും സമയം ചിലവഴിച്ച ആ വലിയ കലാകാരന്‍ യാത്ര പറയുമ്പോള്‍
അക്ഷരാര്‍ത്ഥത്തില്‍ കലാകേരളം ഗ്ലാസ് ഗോ ഒരു വൈശാഖ പൗര്‍ണ്ണമിയില്‍ മുങ്ങിപ്പോയിരുന്നു. കലാകേരളത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കം ജൂണ്‍ 4 ന് ചേരുന്ന കുടുംബ സംഗമത്തോടെ ആരംഭിക്കും.

ലോറന്‍സ് പെല്ലിശേരി

ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന നാടക മത്സരം യു.കെ യിലെ നാടക പ്രേമികള്‍ക്കുള്ള സുവര്‍ണ്ണാവസരമായി മാറുന്നു. നാടക മത്സരത്തിനും സംഗീത നിശക്കുമുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ തികഞ്ഞ ആവേശത്തിലാണ്.

കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എ യുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യം വക്കുന്നത്. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലപ്പുറം ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക്, കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജി.എം.എ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ ഹേതു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവരെ 501 പൗണ്ട് ക്യാഷ് അവാര്‍ഡ് കാത്തിരിക്കുന്ന ഈ നാടക മാമാങ്കത്തില്‍ ലണ്ടന്‍ മലയാള നാടക വേദി, ലെസ്റ്റര്‍ സൗപര്‍ണിക, ഹോളി ഫാമിലി പ്രയര്‍ ഫെല്ലോഷിപ്പ് ചിചെസ്റ്റര്‍, റിഥം തിയ്യറ്റേഴ്‌സ് ചെല്‍ട്ടന്‍ഹാം, അക്ഷര തിയ്യറ്റേഴ്‌സ് ഗ്ലോസ്റ്റര്‍ തുടങ്ങിയ നാടക ഗ്രൂപ്പുകളുടെ അഞ്ച് നാടകങ്ങള്‍ രംഗത്തെത്തുന്നു. നാടകമെന്ന കലയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ഇന്ന് ലോകമെങ്ങും നാടക പ്രേമികള്‍ സജീവമാണ്. അതിന്റെ ഭാഗമാകാന്‍ കഴിയുന്നതിലുള്ള കൃതാര്‍ത്ഥതയിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.

കലയുടെ കേളികൊട്ടിനൊപ്പം അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകാനുള്ള ജി.എം.എ യുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യു.കെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നു. ഒന്നാം സമ്മാനമായ 501 പൗണ്ട് ബീ വണ്‍ യു. കെ. ലിമിറ്റഡും രണ്ടാം സമ്മാനമായ 251 പൗണ്ട് അലൈഡ് ഫൈനാന്‍ഷ്യല്‍സും സ്പോണ്‍സര്‍ ചെയ്യുന്നു. മൂന്നാം സമ്മാനമായി 151 പൗണ്ട് സ്പോണ്‍സര്‍ ചെയ്യുന്നത് ടി സി എസ് നഴ്സിംഗ് കണ്‍സള്‍ട്ടന്‍സി ആണ്. മികച്ച സംവിധായകനും മികച്ച അഭിനേതാവിനുമുള്ള സമ്മാനങ്ങള്‍ മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സിയും സ്പോണ്‍സര്‍ ചെയ്യുന്നു.

നാടകത്തിന്റെ തനതായ ആവിഷ്‌ക്കാര ആസ്വാദന അനുഭവം ഉറപ്പു വരുത്തുന്നതിനായി ഗ്ലോസ്റ്റെര്‍ഷെയറിന്റെ നാടകാചാര്യന്‍ റോബി മേക്കരയുടെ നേതൃത്വത്തിലുള്ള സംഘം അക്ഷീണ പ്രയത്നത്തിലാണ്. ഒപ്പം സംഗീതത്തിന്റെ മാസ്മരികതയിലേക്ക് മാടി വിളിക്കുന്നു ജി.എം.എ ഓര്‍ക്കസ്ട്രയിലെ അനുഗ്രഹീത ഗായകര്‍.

മെയ് 27 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്കും സംഗീത നിശക്കും വേദിയാകുന്നത് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാള്‍ ഹൈസ്‌കൂളാണ്. ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ട്രെഷറര്‍ അനില്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു. അതിനു പൂര്‍ണ്ണ പിന്തുണയുമായി ജി.എം.എ കുടുംബം ഒന്നടങ്കം കൈ കോര്‍ക്കുമ്പോള്‍ ജനിച്ച് വളര്‍ന്ന നാടിനോടും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരി ക്കപ്പെടുന്നവരോടുമുള്ള സാന്ത്വനമായി മാറുന്ന ചാരിതാര്‍ഥ്യത്തിലാണ് ഓരോ അംഗങ്ങളും ഒപ്പം ജി.എം.എ യും.

കലയും സംസ്‌കൃതിയും സംഗീതവുമെല്ലാം, കാരുണ്യ സ്പര്‍ശത്തോടെ സമ്മേളിക്കുന്ന ആഘോഷ രാവിലേക്ക് ഏവര്‍ക്കും ജി.എം.എ യുടെ സുസ്വാഗതം.

  1. ബോൺമൗത്ത്‌: മഴവിൽ സംഗീതത്തിന് മഴവില്ലു വിരിയിക്കാൻ അനുഗ്രഹീത പിന്നണി ഗായകൻ മാരായ വിൽ സ്വരാജ് , Dr . ഫഹദ് മുഹമ്മദ് ….. കൂടെ യുകെയിലെ മുപ്പത്തഞ്ചോളം ഗായകരും അണിനിരക്കുന്നു. യുകെയിൽ ആദ്യമായി മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്രി. രവീന്ദ്രൻ മാഷ് അനുസ്മരണവും മഴവിൽ സംഗീത വേദിയിൽ നടക്കും. വിൽ സ്വരാജ് , Dr . ഫഹദ് മുഹമ്മദ് തങ്ങളുടെ പ്രിയ ഗാനങ്ങളിലൂടെ രവീന്ദ്രൻ മാഷ് അനുസ്മരണം നടത്തുന്നു.

ജൂൺ മൂന്നിന് നടക്കുന്ന മഴവിൽ സംഗീത സായാഹ്നത്തിന്റെ ഇത്തവണത്തെ പ്രത്യേകത വിനോദ് നവധാരയുടെ നേതൃത്തിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാകും സംഗീത നിശ അരങ്ങേറുക. ബോൺമൗത്തിലെ കിൻസൺ കമ്യൂണിറ്റി സെന്ററിൽ ഉച്ചക്ക് 3.30 ന് ആരംഭിക്കുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിട്ടുള്ളത്. മഴവിൽ സംഗീതത്തിന്റെ സാരഥികളായ അനീഷ് ജോർജ് ജനറൽ കൺവീനറും ടെസ്മോൾ ജോർജ് പ്രോഗ്രാം കോർഡിനേറ്ററുമായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പത്തിയഞ്ചോളം ഗായകരെക്കൂടാതെ നിരവധി കലാകാരന്മാർ ഒരുക്കുന്ന നൃത്ത നൃത്യങ്ങളും സംഗീത സായാഹ്നത്തിന് നിറപ്പകിട്ടേകും.

കമ്മറ്റി മെംബേർസ് – അനീഷ് ജോർജ് (ജനറൽ കൺവീനർ ) Tessmol ജോർജ് ( പ്രോഗ്രാം കോർഡിനേറ്റർ ) ഡാന്റോ പോൾ മേച്ചേരിൽ , കെ സ് ജോൺസൻ ,ജോർജ് ചാണ്ടി , വിൻസ് ആന്റണി , കോശിയാ ജോസ് , സനിന് സുരേഷ് , ജോസ് ആന്റണി , സിൽവി ജോസ് , സുജു ജോസഫ് , ജിജി ജോൺസൻ , ഉല്ലാസ് ശങ്കരൻ , സൗമ്യ ഉല്ലാസ് , സുനിൽ രവീന്ദ്രൻ , ബിനോയ് മാത്യു , ഷിനു സിറിയക് ,ജോസ് ആന്റോ, സജീ ലൂയിസ് ( ലൂയിസ് കുട്ടി ) സുജ ലൂയിസ്, സജു ചക്കുങ്കൽ, റോബിൻസ് പഴുകയിൽ, സാജൻ ജോസ് , റോമി പീറ്റർ.

 

ലണ്ടൻ∙ മാഞ്ചസ്റ്ററിലെ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവം സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ച് ഐഎസ് അനുകൂലികള്‍. സ്‌ഫോടനം പ്രവചിച്ച് നാലു മണിക്കൂര്‍ മുൻപു രണ്ട് ഐഎസ് അനുകൂലികള്‍ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി. ഇസ്‍ലാമിക് സ്‌റ്റേറ്റ്, മാഞ്ചസ്റ്റര്‍ അരീന തുടങ്ങിയ ടാഗുകള്‍ ഉള്‍പ്പെടുത്തി ‘ഞങ്ങളുടെ ഭീഷണി നിങ്ങള്‍ മറന്നോ?’ എന്ന ചോദ്യമാണ് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നില്‍ ‘ജസ്റ്റ് ടെറര്‍’ എവിടെ കണ്ടാലും അവരെ കൊന്നുകളയുക എന്ന പോസ്റ്ററാണു പ്രസിദ്ധീകരിച്ചത്.

ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. എന്നാല്‍ ടെലഗ്രാമിലും മറ്റു സംവിധാനങ്ങളും ഐഎസ് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘മൊസൂളിലും റാഖയിലും ബ്രിട്ടീഷ് വ്യോമസേന വര്‍ഷിച്ച ബോംബുകള്‍ മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയിരിക്കുന്നു’ എന്നാണു അബ്ദുള്‍ ഹഖ് എന്നയാള്‍ കുറിച്ചിരിക്കുന്നത്. യുകെ ആക്രമണം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പായി ചിലര്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ച സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികള്‍. എന്നാല്‍ ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഐഎസ് തീവ്രവാദ വിഭാഗവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളില്‍ ആക്രമണത്തെ പിന്തുണച്ചുകൊണ്ടും ആഘോഷിച്ചുകൊണ്ടും പോസ്റ്റുകളും ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചില ഉപയോക്താക്കള്‍ ഇത്തരം ആക്രമണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണമെന്ന് ചില ട്വിറ്റര്‍ പോസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് വ്യോമസേന മൊസൂളിലെയും റാക്കയിലെയും കുട്ടികള്‍ക്കുമേല്‍ വര്‍ഷിച്ച ബോംബുകളാണ് മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ചതെന്നാണ് ചില പോസ്റ്റുകള്‍. ചിലര്‍ ഭീഷണി സ്വഭാവമുള്ള ഐഎസ് വീഡിയോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. ഐഎസ് ആണ് ആക്രമണം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രതികരണം നടത്തിയവരെല്ലാം കരുതുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പ്രാദേശിക സമയം രാത്രി 10.30ഓടെ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡിന്റെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനം നടന്നത്. രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരിച്ചവരേയും പരിക്കേറ്റവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 21,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലാണ് സംഗീത പരിപാടി നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചു.

കൊച്ചി: ഡേ കെയറില്‍ പിഞ്ചു കുഞ്ഞിനെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു.  പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് ഒന്നര വയസുള്ള കുട്ടിയെ നടത്തിപ്പുകാരി മർദിച്ചത്.

കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കളാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു.  ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.

20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്‌നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ  ജീവനക്കാരിയും പറയുന്നു. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വീഡിയോ താഴെ .

Copyright © . All rights reserved