യുകെയിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃനിര. ഇക്കഴിഞ്ഞ ശനിയാഴ്ച പൂളിലെ സെന്റ് എഡ്വേര്‍ഡ്സ് സ്കൂളില്‍ നടന്ന ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്ത കാലഘട്ടത്തിലേക്ക് ഉള്ള സാരഥികളുടെ തെരഞ്ഞെടുപ്പ് നടന്നത്. പൊതു സമ്മേളനത്തിന് ശേഷം നടന്ന വിഷുക്കണി ദര്‍ശനത്തോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മനോഹരമായ ഈസ്റ്റര്‍ സ്കിറ്റ് അവതരിപ്പിച്ചു.
അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറുകയുണ്ടായി. കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്ക് നിസ്തുല പങ്ക് വഹിച്ചിട്ടുള്ള മനോജ് കുമാര്‍ പിള്ളയെ ആണ് പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തത്. ജിജി പൊന്നാട്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സിജോ തോമസ് ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട് ആയി മഞ്ജു റെജിയും ജോയിന്‍റ് സെക്രട്ടറി ആയി സോണി കുര്യനും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
രാജു അറയ്ക്കല്‍, ബിനോയ് ഈരത്തറ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളാണ്. ഷാജി ചരമേല്‍, ബെന്നി ഏലിയാസ് എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ ആറു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മനോജ് കുമാര്‍ പിള്ള അഭ്യര്‍ത്ഥിച്ചു.
മൂന്നാമത് യു.കെ കണ്ണൂര്‍ സംഗമം ഈ വര്‍ഷവും സമുചിതമായി നടത്തുന്നതിനു വേണ്ടിയുള്ള പുതിയ കമ്മറ്റിക്കായുള്ള യോഗം 2017 മെയ് 6-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ബര്‍മിങ്ങ്ഹാമില്‍ വച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ മാഞ്ചസ്റ്ററിലും ബര്‍മിങ്ങ്ഹാമിലും വച്ചു നടത്തിയ യു.കെ. കണ്ണൂര്‍ സംഗമത്തിന് ലഭിച്ച സ്വീകാര്യതയാണ് തുടര്‍ന്നും സംഗമം നടത്തിക്കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നും സംഘാടകര്‍ അറിയിക്കുന്നു.
മൂന്നാം കണ്ണൂര്‍ സംഗമത്തിന്റെ സ്ഥലവും തീയതിയും മറ്റു സംഘടനാവിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടിയുള്ള യോഗത്തിലേയ്ക്ക് പങ്കെടുക്കുവാന്‍ എല്ലാ കണ്ണൂര്‍ നിവാസികളേയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിക്കുന്നു.
യോഗഹാളിന്റെ മേല്‍വിലാസം
Corpus Christ R C Church
139 Albert Road, Birmingham
B33 8 UB
സ്കിൽഡ് മൈഗ്രേഷൻ യുകെയുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ്. മലയാളം യുകെ പ്രൊമോട്ട് ചെയ്ത ഇ പെറ്റീഷനോട് ഗവൺമെന്റ് പ്രതികരിച്ചു. ടയർ 2 വിസയിൽ ജോലി ചെയ്യുന്ന നഴ്സുമാർ സെറ്റിൽമെൻറിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞ ശമ്പളം 35,000 പൗണ്ട് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ഭാവിയിൽ നഴ്സുമാരെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ നിന്ന് മാറ്റിയാലും സെറ്റിൽമെൻറ് സമയത്ത് അവർക്ക് ഇളവ് ലഭിക്കും. മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റി എന്ന സ്വതന്ത്ര ചുമതലയുള്ള ബോഡിയുടെ നിർദ്ദേശ പ്രകാരമാണ് നിലവിൽ 35,000 പൗണ്ട് എന്ന മിനിമം ശമ്പള പരിധി സെറ്റിൽമെൻറിന് ഏർപ്പെടുത്തിയിരുന്നത്. ആനന്ദ് കുമാർ എന്ന ഫിസിയോ തെറാപ്പിസ്റ്റ് ആരംഭിച്ച പെറ്റീഷന് വിപുലമായ പബ്ളിസിറ്റി നല്കാനും നിരവധി രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണത്തിന് വൻ പ്രചാരം നല്കാനും മലയാളം യുകെ ന്യൂസ് ടീം നടപടികൾ സ്വീകരിച്ചിരുന്നു. ഇ പെറ്റീഷൻറെ ലിങ്കും മലയാളം യുകെ നിരവധി തവണ പ്രസിദ്ധീകരിച്ചിരുന്നു. 10,000 ഓൺലൈൻ ഒപ്പുകൾ ലഭിക്കുമ്പോളാണ് ഗവൺമെൻറ് പ്രതികരിക്കുന്നത്. നിലവിൽ 13,000ലേറെ ഒപ്പുകൾ ലഭിച്ചു കഴിഞ്ഞു.
ന്യൂസ് പബ്ളിഷിംഗിൽ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസിൻറെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് ഈ പെറ്റീഷൻറെ വിജയം. നിരവധി മലയാളികൾ ഈ പെറ്റീഷനിൽ മലയാളം യുകെ ന്യൂസിലെ ലിങ്ക് വഴി ഒപ്പു വയ്ക്കുകയും തങ്ങളുടെ ജോലി സ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട ലിങ്ക് ഷെയർ ചെയ്ത് നല്കുകയും ചെയ്തിരുന്നു. മലയാളം യുകെ നല്കിയ പിന്തുണയ്ക്കു ഇപെറ്റീഷനു തുടക്കമിട്ട ബർമിങ്ങാമിൽ ജോലി ചെയ്യുന്ന ആനന്ദ് കുമാർ നന്ദി അറിയിച്ചു. സെറ്റിൽമെന്റിന് അപേക്ഷിക്കുമ്പോൾ ഹോം ഓഫീസ് അപേക്ഷ നിരസിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന നിരവധി മലയാളി നഴ്സുമാർക്ക് ഈ നയം മാറ്റം ആശ്വാസമാകും. നെറ്റ് മൈഗ്രേഷനിൽ കുറവ് വരുത്താൻ ശ്രമിക്കുന്നതിനോടൊപ്പം വിദഗ്ദരായ വർക്ക് ഫോഴ്സിനെ രാജ്യത്ത് സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഗവൺമെന്റ് എന്ന് പ്രതികരണത്തിൽ പറയുന്നു. 100,000 ഒപ്പുകൾ ലഭിച്ചാൽ ഈ പെറ്റീഷനേക്കുറിച്ച് പാർലമെൻറിൽ ചർച്ച നടക്കും. കുറഞ്ഞ ശമ്പളം 35,000 പൗണ്ട് ഉണ്ടെങ്കിൽ മാത്രമേ പി.ആറിന് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുകയുള്ളൂ എന്ന നിയമത്തിൽ ഇളവ് വേണമെന്നാണ് പെറ്റീഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. മലയാളികൾ അടക്കം നിരവധി പേർക്ക് ഈ ശമ്പള പരിധി നിയമം മൂലം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നിരവധി പേർക്ക് പി.ആർ അപേക്ഷകൾ നിരസിക്കപ്പെടുന്ന സാഹചര്യവും ഇതുമൂലം സംജാതമായി.
NHS അടക്കമുള്ള പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് തുടക്ക ശമ്പളം ഇപ്പോഴും വളരെ കുറവാണ്. നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകം. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഈ കുറഞ്ഞ ശമ്പള പരിധി നിയമം ഹോം ഓഫീസ് നടപ്പിലാക്കിയത്. ഓവർ ടൈം, അലവൻസ്, ബോണസ് അടക്കം പലർക്കും 35,000 പൗണ്ടിനു മുകളിൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇത്രയും അടിസ്ഥാന ശമ്പളം വേണമെന്ന ഹോം ഓഫീസിൻറെ കടുംപിടുത്തം ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തിരുന്നവർ കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരം ലക്ഷ്യമാക്കി യുകെയിലേക്ക് ചേക്കേറിയപ്പോൾ ഇങ്ങനെ ഒരു നിയമ മാറ്റം മുന്നിൽ കണ്ടിരുന്നില്ല. നാട്ടിലേയ്ക്കു തിരിച്ചു പോകേണ്ടി വരുന്ന അവസ്ഥ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യൻ കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു.
ഗവൺമെൻറിന്റെ പ്രതികരണത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ (മൈക്ക) പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 22 ന് പെല്‍സാല്‍ഹാളില്‍ വച്ച് നടത്തി. ഗ്രെയിസ് മെലഡിയോസ് ഒരുക്കിയ സംഗീത സായാഹ്നമായിരുന്നു ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. വൈകിട്ട് ആറുമണിക്ക്ഗാനമേള ആരംഭിച്ചു. പരിപാടികള്‍ക്കിടയില്‍ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു. യുക്മ കലാ/കായിക മേളകളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പൊതു യോഗത്തില്‍ വച്ച് താഴെ പറയുന്നവരെ 2017/ 19ലേക്ക് ഉള്ള ഭാരവാഹികള്‍ ആയി തെര ഞ്ഞെടുത്തു.
New committee members _2017-19
President – Tancy Palatty Vice president – Cicily Vincent Secretary – Sunitha George Joint secretary – Vincy Bincent Tresurer- Noble Other committee members Santhosh, Suraj, George, Byju , Thomas External auditors Rojan & Roy
മാഞ്ചസ്റ്റര്‍: വിവിധങ്ങളായ കലാപരിപാടികളും ഗാനമേളയും ആയി നടന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ പ്രൗഢോജ്വലമായി. സെയില്‍ മൂര്‍ കമ്യൂണിറ്റി സെന്ററില്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. ദിവ്യബലിയെ തുടര്‍ന്ന് ഉപഹാറിന്റെ നേതൃത്വത്തില്‍ ജെയിംസ് ജോസിനായുള്ള സ്റ്റംസെല്‍ സ്വാബ് കളക്ഷന്‍ നടന്നു.
ഇതേ തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി.
ബെന്നി ഓള്‍ഡാം നയിച്ച ഗാനമേളയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ ആഘോഷപരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായി.
പരിപാടികളെ തുടര്‍ന്ന് വിളമ്പിയ വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.
മത സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ നേതൃത്ത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം ലിവര്‍പൂള്‍, വിസ്റ്റെന്‍ ടൗണ്‍ഹാളില്‍ നടന്ന വിഷു, ഈസ്റ്റര്‍, ആഘോഷം പുതുമകള്‍ കൊണ്ട് നിറഞ്ഞുനിന്നു. അമ്മന്കുടമായിരുന്നു പുതുമകള്‍ക്ക് ആക്കം കൂട്ടിയത്.
വൈകുന്നേരം 7 മണിക്ക് നിലവിളക്ക് കൊളുത്തികൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത് , പിന്നീട് കുട്ടികളെ മനോഹരമായി ഒരുക്കിയിരുന്ന വിഷുക്കണി കാണിക്കുകയും വിഷു കൈനീട്ടം നല്കുകയും ചെയ്തു. ആഘോഷത്തിനു സ്വാഗതം ആശംസിച്ചുകൊണ്ട് ലിമയുടെ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന് സംസാരിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് പ്രസിഡണ്ട് ഷിജോ വര്‍ഗീസ് സംസാരിച്ചു. ലിമയുടെ ഈസ്റ്റര്‍ വിഷു സന്ദേശം ടോം ജോസ് തടിയംപാട് നല്‍കി.
ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈസ്റ്ററിനെയും വിഷുവിനെയും സമിന്വയിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കൂടിച്ചേരല്‍ നടന്നത്. അതിനു നേതൃത്വം കൊടുത്ത ലിമയുടെ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്റെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി പ്രശംസയര്‍ഹിക്കുന്നു.
കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികളെ സന്തോഷത്തില്‍ ആറാടിച്ചു. പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബിജു മഞ്ചു ദമ്പതികള്‍ക്കും പുതിയതായി വിവാഹിതരായ രണ്ടു ദമ്പതികളെയും യോഗത്തില്‍ അനുമോദിച്ചു.
രുചികരഭക്ഷണമാണ് പരിപാടിയോടനുബന്ധിച്ച് വേദിയില്‍ വിളമ്പിയത്. ലിവര്‍പൂളിലെ സ്പൈസ് ഗാര്‍ഡനാണ് ഭക്ഷണം വിതരണം ചെയ്തത്.
ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍നിന്നു വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് ലിമ ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലിമ ട്രഷറര്‍ ജോസ് മാത്യു നന്ദി അറിയിച്ചു.
മലയാളം യുകെയുടെ ഡയറക്ടറും യുക്മ മുന്‍ ദേശീയ ട്രഷററുമായ ഷാജി തോമസിന്റെ ഭാര്യാ ആന്‍സി ഷാജിയുടെ സഹോദരന് തോമസ് പി സി, പാണ്ടിയാലയില്‍ (73 വയസ്സ്)നിര്യാതനായി. ഒരു മാസമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന തോമസ് ഇന്നലെ വൈകിട്ട് ആണ് നിര്യാതനായത്. രോഗ വിവരമറിഞ്ഞു നാട്ടിലെത്തിയിരുന്ന ഷാജി തോമസിന്റെ ഭാര്യ ആന്‍സി ഷാജി ഉള്‍പ്പെടെയുള്ള ബന്ധുമിത്രാദികള്‍ മരണസമയത്ത് അരികില്‍ ഉണ്ടായിരുന്നു.
ബിജു, അനി, വിനീത എന്നിവരാണ് മക്കള്‍. മക്കള്‍ മൂന്നു പേരും കുവൈറ്റിലാണ് ജോലി നോക്കുന്നത്. ഭാര്യ മേരി തോമസ്.
ആന്‍സി ഷാജിയെക്കൂടാതെ മേരി ലൂക്കോസ്, മോളി ഫിലിപ്പ്, എന്നീ രണ്ട് സഹോദരിമാരും സഹോദരന്മാരായി ലൂക്കോസ്, സൈമണ്‍ എന്നിവരും കൂടിയുണ്ട്. സംസ്കാരം നാളെ (തിങ്കള്‍) വൈകുന്നേരം മൂന്ന് മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ നടക്കും.
പി സി തോമസിന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
അയര്‍ക്കുന്നം മറ്റക്കര സംഗമത്തില്‍ പങ്കെടുക്കുന്നതിനായി യുകെ യില്‍ എത്തുന്ന കോട്ടയം പാര്‍ലമെന്റ് അംഗവും, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് ചെയര്‍മാനും ആയ ജോസ് കെ. മാണി ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തില്‍ സ്വീകരണം നല്കുന്നു. ഈ മാസം 30 ഞായറാഴ്ച രാവിലെ 11 മണിക്ക് കവന്‍ട്രി സേക്രഡ് ഹാര്‍ട്ട് പാരിഷ് ഹാളില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടിയിലും മറ്റു പോഷക സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന നേതാക്കന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും.
സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളില്‍ മികച്ച പാര്‍ലമെന്റേറിയനായും പാര്‍ലമെന്റില്‍ മലയാളികളുടെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഊര്‍ജസ്വലനും വികസന സ്വപ്നങ്ങള്‍ക്ക് ജീവന് കൊടുക്കുന്ന കാര്യത്തില്‍ കര്‍മ്മനിരതനുമായ ജോസ് കെ. മാണിയുടെ യുകെ സന്ദര്‍ശനം യുകെയിലെമ്പാടുമുള്ള കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും, കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവാസികളിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായി യുകെയിലെത്തുന്ന ജോസ് കെ. മാണി എംപിയെ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹീത്രൂ വിമാനത്താവളത്തില്‍ സ്വീകരിക്കും.
പാലാ എന്ന ഒരേ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ 50 കൊല്ലം തുടര്‍ച്ചയായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ എം മാണി, പി ജെ ജോസഫ് തുടങ്ങി നേതാക്കന്മാര് നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്ന കര്‍ഷക പ്രസ്ഥാനത്തിലും പോഷക സംഘടനകളിലും ഉന്നത നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഒരു പറ്റം നേതാക്കന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമടക്കം ആയിരക്കണക്കിന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യുകെയുടെ മണ്ണില്‍ ഇപ്പോഴും കേരളാ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിനെ സ്വന്തം നെഞ്ചിലേറ്റി ജീവിക്കുന്നു.
കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാന്‍, യുകെ യിലെമ്പാടുമുള്ള മുഴുവന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും കോര്‍ത്തിണക്കി ഇപ്പോള്‍ നിലവിലുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തവും ജനകീയവുമായ ഒരു പ്രവാസി സംഘടനയാക്കാനുള്ള ശ്രമത്തിനും ജോസ് കെ. മാണിയുടെ സാന്നിധ്യത്തില്‍ ആലോചിക്കും.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ മണ്ഡലത്തില്‍ വികസന വിസ്മയം തീര്‍ക്കുന്ന ജോസ് കെ മാണി എംപി യുടെ കഴിഞ്ഞ കാല വികസന പദ്ധതികള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും. യുകെയില്‍ താമസിക്കുന്ന തന്റെ മണ്ഡലത്തിലെ പ്രവാസികളായ ജനങ്ങളെ നേരിട്ട് കാണുന്നതിനും എംപി താല്പര്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ തന്റെ ഹ്രസ്വ സന്ദര്‍ശത്തിനിടയില്‍ ഈ മാസം 30ന് ഉച്ചക്ക് മുന്‍പായി മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്കായി കവന്‍ട്രി യില്‍ എംപിയെ കാണുന്നതിനായുള്ള അവസരം ലഭിക്കുന്നതാണ്. താല്പര്യമുള്ളവര് [email protected] എന്ന ഈമെയിലില്‍ മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണ്.
പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍ ( 07828704378), സി എ ജോസഫ് (07846747602), മാനുവല്‍ മാത്യു (07737812369), ജോര്‍ജ് കുട്ടി എണ്ണ പ്ലാശേരില്‍ (07886865779), സോജി ടി മാത്യു, ബെന്നി അമ്പാട്ട്, ജിജോ അരയത്തു, ജിജി വരിക്കാശ്ശേരി, ബിനു മുപ്രാപ്പള്ളില്‍, ജോയി വള്ളോംകോട്ട് എന്നിവര്‍ അറിയിക്കുന്നു.
ചെല്‍ട്ടന്‍ഹാം: പ്രൗഢഗംഭീരമായ രാജകീയ ഭംഗിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബില്‍ യുകെസിഎയുടെ 16ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി 75 ദിനങ്ങള്‍ മാത്രം. യുകെകെസിഎയിലെ ക്‌നാനായ സമുദായത്തിന്റെ ശക്തിപ്രകടനമാകുന്ന യുകെസിഎ കണ്‍വന്‍ഷന്‍ പങ്കെടുക്കുവാന്‍ യൂണിറ്റുകള്‍ തയ്യാറായികഴിഞ്ഞു.
ശതകോടീശ്വരരും ലോകപ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന ലോകത്തിലെ പ്രധാന കുതിരയോട്ട വേദികളിലൊന്നായ ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബില്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ നടത്തപ്പെടുമ്പോള്‍ ഇത്തവണ റാലി മത്സരത്തില്‍ ആര് മുത്തമിടുമെന്ന് ഉറ്റു നോക്കുകയാണ് ഓരോ ക്നാനായക്കാരനും. വിശ്വോത്തര വേദിയില്‍ റാലി മത്സരത്തില്‍ കപ്പില്‍ മുത്തമിടാന്‍ ഓരോ യൂണിറ്റുകളും വാശിയേറിയ മത്സരത്തിനു തയ്യാറെടുക്കുകയാണ്. മൂന്ന് കാറ്റഗറിയിലായാണ് റാലി മത്സരം നടത്തപ്പെടുന്നത്.
യുകെകെസിഎ കണ്‍വന്‍ഷന്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ മെയ് 7നു മുന്‍പായി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബിജു മടക്കകുഴി ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ ചാത്തന്‍കളം, ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ലണ്ടന്‍; മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗം കാല്വിന് പൂവത്തൂരിന് ശെമ്മാശപട്ടം നല്കുന്നു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 7 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് ശെമ്മാശപട്ടം നല്‍കും.
യുകെയില്‍ കുടിയേറിയ ഓര്‍ത്തഡോക്സ് വിശ്വാസികളില്‍ ആദ്യമായിവൈദികവൃത്തിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് കാല്വിന്. ലിസ്ബണിലെ ഫോര്ട്ട്ഹില് കോളേജില്‍ പഠനത്തിനു ശേഷം ലണ്ടന്‍ ഗ്രീന്‍വിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദവും നേടിയതിനു ശേഷമാണ് കാല്വിന് വൈദിക സെമിനാരിയില്‍ ചേര്‍ന്നത്.
ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന അടൂര്‍ ഇളമണ്ണൂര്‍ പൂവത്തൂര്‍ വീട്ടില്‍ ജെയ്സണ്‍ തോമസ് പൂവത്തൂരിന്റെയും ലിനിയുടെയും മകനാണ് കാല്വിന്. സഹോദരി റിമ. അടൂര്‍ കടമ്പനാട് ഭദ്രാസനത്തിലെ ഇളമണ്ണൂര്‍ സെന്റ് തോമസ് പള്ളിയായിരുന്നു ഇവരുടെ മാതൃഇടവക. മലങ്കര ഓര്‍ത്തഡോക്സ് സഭ ആദ്യമായിട്ടാണ് യുകെയില്‍ ശെമ്മാശപട്ട സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നത്.