ആഷ്ഫോർഡ് :- കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 15-ാമത് ഓണാഘോഷം (പൂരം -2019) ഈ മാസം 21-ാം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ ആഷ്‌ഫോർഡ് നോർട്ടൻ നാച്ച്‌ബുൾ (norton knatchbull school) സ്കൂൾ ഓഡിറ്റോറിയത്തിൽ (മാവേലി നഗർ ) വച്ച് സമുചിതമായി ആഘോഷിക്കുന്നു.
രാവിലെ 9:30 ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം -2019 ന് തുടക്കം കുറിക്കും. ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ( പ്രസിഡന്റ്), ആൻസി സാം( വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കൽ ( സെക്രട്ടറി), സുബിൻ തോമസ് ( ജോയിന്റ് സെക്രട്ടറി), ജോസ് കാതുക്കടാൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകും. മാവേലി, വിവിധ പ്രച്ഛന്നവേഷധാരികൾ, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കലാരൂപങ്ങൾ, ചെണ്ട മേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.
തുടർന്ന് നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും ഉൾപ്പെടുത്തി മൂന്ന് തലമുറയെ ഒരേവേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ്, എന്നിവയ്ക്ക് ശേഷം കുട്ടികളുടെയും, പുരുഷന്മാരുടെയും, സ്ത്രീകളുടെയും വാശിയേറിയ വടം വലി മത്സരവും, തൂശനിലയിൽ വിളമ്പികൊണ്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
ഉച്ചകഴിഞ്ഞു 2:30ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, ലൗട്ടൻ (loughton ) മുൻ മേയറുമായ ഫിലിപ്പ് എബ്രഹാം മുഖ്യാതിഥി ആയിരിക്കും. ശേഷം 3:30 ന് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയും, ഇപ്പോഴത്തെ പ്രസിഡന്റുമായ സജികുമാർ ഗോപാലൻ രചിച്ചു ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകിയ അവതരണഗാനം, സൗമ്യ ജിബി, ജസിന്ത ജോമി എന്നിവർ ചിട്ടപ്പെടുത്തി അൻപതോളം കലാകാരന്മാരും, കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോടെ പൂരം -2019 ന് തിരശ്ശീല ഉയരുന്നു.
തിരുവാതിര, ബംഗറ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ പൂരം -2019 കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസ് അറിയിച്ചു.
എവിടെയും കനകവിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയിൽ നിന്ന് സെപ്റ്റംബർ 21 ശനിയാഴ്ച അരങ്ങിലെത്തുന്നു.
മനസിനും, കണ്ണിനും, കരളിനും കുളിരേകുന്ന ദൃശ്യ-ശ്രാവ്യ വിഭവങ്ങളുമായി ആഷ് ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.
ഈ മഹാ ദിനത്തിലേക്ക് കലാ സ്നേഹികളായ മുഴുവനാളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം,
The Norton Knatchbull school
Hythe road
Ashford kent
TN 240 QJ
ജാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി ജോൺ വടക്കേടത്തു പറമ്പിൽ പൊലീസ് കസ്റ്റഡിയിലെയും ജയിലിലെയും ദുരിതങ്ങളെക്കുറിച്ചു പറയുന്നു
‘‘മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. നെഞ്ചുവേദന എടുക്കുന്നുവെന്നും ആശുപത്രിയിലെത്തിക്കണമെന്നും മരിച്ചു പോകുമെന്നും കരഞ്ഞു പറഞ്ഞപ്പോൾ പനിക്കുള്ള ഗുളിക മാത്രമാണു നൽകിയത്. പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന എന്നെ ചികിത്സിച്ചത് ജയിലിലെ കംപൗണ്ടറായിരുന്നു. ജയിലിൽ നിന്നു 2 മിനിറ്റ് യാത്ര മാത്രമേ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ, ആശുപത്രിയിലെത്തിക്കാതെ എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നല്ലവനായ ജയിലർ ഇടപെട്ടതിനാലാണു ഞാൻ രക്ഷപ്പെട്ടത്.
ഭഗൽപുർ രൂപതയുടെ കീഴിലുള്ള രാജധ മിഷനിൽ ഒന്നര വർഷമായി ഞാൻ വൈദികനാണ്. 2010ൽ ആണു മിഷൻ സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കർ സ്ഥലം വാങ്ങിയത്. ഒന്നര മാസം മുൻപ്, ചിലർ ഇവിടെ എത്തി മതിൽ തകർത്തു. ഈ സമയം പ്രധാന വികാരിയും അസി. വികാരിയും അവധിയിലായിരുന്നു. മതിൽ തകർത്തവരുടെ ഭാഷ എനിക്കറിയില്ല. സ്ഥലം വിട്ടുതരില്ലെന്നും നിർമാണം നടത്താൻ അനുവദിക്കില്ലെന്നുമൊക്കെ അവർ ഉച്ചത്തിൽ പറഞ്ഞു. തൊട്ടു പിന്നാലെ ഇവർ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനിൽ എനിക്കെതിരെ പരാതി നൽകി. പൊലീസ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഭാഷ അറിയാത്തതിനാൽ, ഇടവകാംഗങ്ങളായ ജാർഖണ്ഡ് സ്വദേശികൾ മുന്ന ഹസ്ത, ചാർളി എന്നിവരുമൊത്താണു സ്റ്റേഷനിലെത്തിയത്. സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടി. ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു കേസെടുത്തില്ല.
ഈ മാസം 3 ന് അവിടത്തെ പ്രധാന മാധ്യമത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ഞാൻ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വാർത്ത. ആറാം തീയതി രാവിലെ കുർബാനയ്ക്കു ശേഷം പുറത്തിറങ്ങുമ്പോൾ പൊലീസ് വന്നു. ഗൊദ്ദ ജില്ലയിലെ എസ്പിയുടെ മുന്നിലെത്തണമെന്നും എസ്പിക്കു സംസാരിക്കണമെന്നും പറഞ്ഞു. ഞാനും മുന്നയും കൂടി പൊലീസുകാർക്കൊപ്പം പോയി. ദേവദാദ് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ 8 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ ഞങ്ങളിരുവരെയും സ്റ്റേഷനിലിരുത്തി. തുടർന്ന് എസ്പി ഓഫിസിലെത്തിച്ചു.
പ്രവേശന കവാടത്തിൽ വച്ചു കൈവിലങ്ങ് അണിയിച്ച്, കറുത്ത തുണി കൊണ്ടു തലകൾ മൂടിയ ശേഷമാണ് എസ്പിയുടെ മുന്നിലെത്തിച്ചത്. എസ്പി, മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി. മതപരിവർത്തനത്തിന്റെ പേരിൽ 2 പേരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞു. കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകർത്താൻ എസ്പി മാധ്യമങ്ങൾക്ക് അവസരമൊരുക്കി.
പൊലീസുകാർ ഞങ്ങളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, ജയിലിൽ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാൻഡ് ചെയ്തു. ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടർ എത്തി എന്റെ തുടയിൽ വേദനസംഹാരി കുത്തിവച്ചു. കുഴഞ്ഞു വീണു. ഞായറാഴ്ചയായപ്പോൾ നില വഷളായി. എന്നിട്ടും എന്നെ ആശുപത്രിയിലെത്തിക്കാൻ ഇവർ തയാറായില്ല.
ജയിലർ മുണ്ട സാഹിബ് ഇടപെട്ടാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർ എന്നെ അഡ്മിറ്റ് ചെയ്തു. ഞാൻ ഛർദിച്ച് അവശനായി. പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കാനായിരുന്നു എസ്പിയുടെ നീക്കം. തിങ്കളാഴ്ച വൈകിട്ട് ജാമ്യം ലഭിച്ചു. ലാൽമട്ടിയയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണിപ്പോൾ. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്താനാണ് ആലോചന.
ഇതേ ആശുപത്രിയിൽ 2 വർഷം മുൻപാണ് എന്റെ ശരീരത്തിൽ പേസ് മേക്കർ ഘടിപ്പിച്ചത്. യാത്ര ചെയ്യാൻ കഴിയുന്ന സ്ഥിതിയെത്തുമ്പോൾ കൊച്ചിയിൽ എത്തിക്കാമെന്നു ഭഗൽപുർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ അറിയിച്ചിട്ടുണ്ട്. ഒരു പാട് പേർ എന്റെ മോചനത്തിനായി പ്രവർത്തിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എന്നോടൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്…’’ (തൊടുപുഴ വെട്ടിമറ്റത്ത് യോഹന്നാൻ–മേരി ദമ്പതികളുടെ മകനാണു ഫാ. ബിനോയി ജോൺ.)
ലെസ്റ്റർ: യു കെ യിലെ ആല്മീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ‘ഓണോത്സവം 2019 ‘ പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സിൽ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും STFSC ലെസ്റ്ററിന്റെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.
പതിറ്റാണ്ടുകളായി ലെസ്റ്റർ പാർലിമെന്റ് പ്രതിനിധിയായും, ബ്രിട്ടീഷ് രാഷ്ട്രീയ-സാമൂഹ്യ-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കകുകയും, ന്യുന പക്ഷ വിഭാഗത്തിനായി ശക്തമായ നിലപാടുണർത്തുകയും ചെയ്തുപോരുന്ന കീത്ത് വാസ് M P, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളുമായ മോൺ.ജോർജ്ജ് ചേലക്കൽ എന്നിവർ STFSC ന്റെ ഓണോത്സവത്തിൽ മുഖ്യാതിഥികളായി പങ്കു ചേർന്നു.
ഓണാഘോഷങ്ങളിൽ ഇന്ത്യയിലും ബ്രിട്ടനിലുമായി പങ്കെടുക്കുവാൻ ലഭിച്ച അവസരങ്ങളിൽ ഹൃദയത്തിൽ തട്ടിയ ആനന്ദവും, അസൂയാവഹമായ ഒത്തൊരുമയും, അവാച്യമായ സംസ്കാരിക സമ്പന്നതയും, മലയാള മനസ്സുകളിലെ സ്നേഹോഷ്മളതയും മറ്റെല്ലാ ആഘോഷങ്ങളെക്കാളും വേറിട്ടതായും, അർത്ഥപൂർണ്ണമായ അനുഭവവുമായതും കീത്ത് വാസ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിച്ചു.സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംശിക്കുന്നതായും കീത്ത് വാസ് പറഞ്ഞു.
ദേശീയ സ്നേഹവും സാഹോദര്യവും തത്വസംഹിതകളിൽ അന്തർ ലയിച്ചിരിക്കുന്ന നന്മയുടെ പര്യായങ്ങളായ ഓണം പോലുള്ള ആഘോഷങ്ങൾ അവാച്യമായ സ്നേഹത്തിന്റെ നീരുറവയാണെന്നും കാലഘട്ടത്തിൽ പ്രതീക്ഷയും സ്വപ്നങ്ങളും നൽകുന്ന നേരിന്റെയും നെറിവിന്റെയും ഒരുത്സവമാണിതെന്നും ജോർജ് ചേലക്കൽ അച്ചൻ അനുസ്മരിച്ചു. ആല്മീയ വിശ്വാസത്തിന്റെ കുടക്കീഴിൽ നിന്ന് കൊണ്ട് സാംസ്കാരിക തലത്തിലും സാമൂഹിക തലത്തിലും പ്രതിബദ്ധത പുലർത്തുകയും ദേശീയ സ്നേഹത്തോടൊപ്പം സാഹോദര്യ മൈത്രിപുലർത്തുകയും ചെയ്യുന്ന നന്മയുടെ പ്രവർത്തനങ്ങൾ STFSC ൽ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നതായും ജോർജ്ജ് അച്ചൻ അഭിപ്രായപ്പെട്ടു.
ക്ലബംഗങ്ങൾ തന്നെ പാകം ചെയ്ത കേരളത്തനിമയിൽ സമ്പന്നവും വിഭവ സമൃദ്ധവും ഏറെ ആസ്വദിക്കുകയും ചെയ്ത ഓണ സദ്യ ഏവരുടെയും രുചികൂട്ടായത് ഈ ആഘോഷത്തിലെ ഹൈലൈറ്റായി.
ക്ലബ്ബിലെ വനിതാംഗങ്ങൾ ചേർന്ന് മനോഹരമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട് നാന്ദി കുറിച്ച ‘ഓണോത്സവം -2019’ ആഘോഷം കൊട്ടും കൊരവയും, ആർപ്പു വിളികളുമായി എഴുന്നള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി. അഞ്ജലിറ്റ ജോസഫ് ഈശ്വര ഗാനം ആലപിച്ചുകൊണ്ട് ആഘോഷത്തിന് ആല്മീയ നിറവ് പകർന്നു. ആഘോഷത്തിലേക്ക് വിശിഷ്‌ടാതിഥികൾക്കും, ക്ലബ്ബ് അംഗങ്ങൾക്കും ഹൃദ്യമായ സ്വാഗതം എൽന സ്റ്റാൻലി ആശംശിച്ചു. വിശിഷ്‌ടാതിഥികളുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിനും, സന്ദേശങ്ങൾക്കും കൂടാതെ ആഘോഷം വർണ്ണാഭമാക്കിയ ഓരോ വ്യക്തികൾക്കും ലിയോൺ ജോർജ്ജ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.
മാവേലി മന്നനെ വരവേൽക്കാൻ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയുമായി നടത്തിയ സ്വീകരണവും ആഘോഷവും STFSC കുടുംബാംഗങ്ങൾക്ക് ഉത്സവ പ്രതീതിയുണർത്തുകയായിരുന്നു.
മാവേലി മന്നനോടൊപ്പം വിശിഷ്‌ടാഥിതികളും ചേർന്നു നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ഗംഭീരമായ തുടക്കമായി. ലിയോ സുബിൻ ബൊക്കെ നൽകി മുഖ്യാതിഥിയായ കീത്ത് വാസ് എംപിയെ സ്വീകരിച്ചു. ടോയൽ ടോജോ നൽകിയ ഓണ സന്ദേശം അനുസ്‌മൃതികളുണർത്തുന്നതും, ഹൃദ്യവുമായി.
തുടർന്ന് അരങ്ങേറിയ കലാ വിരുന്നിൽ STFSC കുട്ടികളും അംഗങ്ങളും ചേർന്നു അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ മികവുറ്റതാക്കിയ അവതരണങ്ങൾ, കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, നാടോടി നൃത്തം, ഓണ പാട്ട്, തിരുവാതിര, നാടൻ പാട്ട് ഡാൻസ്
എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.
കോവൻട്രി മേളപ്പെരുമയുടെ കലാകാർ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തെ വർണ്ണാഭമാക്കി. ശിങ്കാരിമേളത്തിന്റെ താളപ്പെരുമ സമ്മാനിച്ച ആവേശത്തിന്റെ പിരിമുറുക്കവും, നൃത്ത-താളങ്ങളുടെ ചുവടുവെപ്പുകളും ഏവരെയും ആനന്ദലഹരിയിൽ ആറാടിച്ചു.
സുബിൻ തോമസ്, സന്തോഷ് മാത്യു, ഷിബു, ജോമി ജോൺ, ജോബി എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു. സ്റ്റാൻലി പൈമ്പിള്ളി (ലൈഫ് ലൈൻ), പ്രിൻസ് (ഒക്കിനാവൻ ഷോരൻ റിയു, കരാട്ടെ ) എന്നിവർ പ്രായോജകരായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ടിന് അഭിലാഷ് പോളും, ഓണ സദ്യക്കു ജോസഫ് ജോസ്, അബ്രാഹം ജോസ്, വിജയ്, ബിറ്റോ, ജിജി എന്നിവരും നേതൃത്വം നൽകി.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങൾക്കുള്ള ഉപഹാരങ്ങൾ കീത്ത് വാസ് വിതരണം ചെയ്തു. വൈകുന്നേരം ഒമ്പതര മണിയോടെ ഗംഭീരമായ ഓണോത്സവം സമാപിച്ചു.
ഹരികുമാർ പി.കെ.
മാഞ്ചസ്റ്റർ:- യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു. മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെന്ററിൽ രാവിലെ 11ന് പൂക്കളമിട്ട് ആരംഭിച്ച പരിപാടികൾ യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എം.എം.സി.എ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബിജു. പി. മാണി സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, മുൻ എം.എം.സി.എ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ. ഉതുപ്പ്, ജോബി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലയളവിലെ പ്രവർത്ത റിപ്പോർട്ട് സെക്രട്ടറി ജനീഷ് കുരുവിളയും, വരവ് ചിലവു കണക്കുകൾ ട്രഷറർ സാബു ചാക്കോയും അവതരിപ്പിച്ചു, പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങി.
യുകെയിൽ നിന്നും യുഎസിലേക്ക് കുടിയേറുന്ന മുൻ എം.എം.സി.എ പ്രസിഡൻറ് റെജി മഠത്തിലേട്ടിനെയും കുടുംബത്തിനെയും അവർ എം.എം.സി.എയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ എം.എം.സി.എ കുടുംബാംഗങ്ങൾ ആദരിച്ചു.
രാവിലെ കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങൾ നടന്നിരുന്നു. തുടർന്ന് പരമ്പരാഗത രീതിയിൽ നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയിൽ ഏകദേശം മുന്നൂറ്റി അൻപതോളം പേർ പങ്കുചേർന്നു. ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിലുള്ള വാളണ്ടിയർമാരായിരുന്നു സദ്യയ്ക്ക് നേതൃത്വം നല്കിയത്.
എം.എം.സി.എയുടെ ഓണാഘോഷ പരിപാടികൾക്ക് ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങളായ ഹരികുമാർ പി.കെ., ആഷൻ പോൾ, മോനച്ചൻ ആന്റണി, റോയ് ജോർജ്, ജോബി മാത്യു, ജോബി രാജു എന്നിവർ നേതൃത്വം നൽകി. എം.എം.സി.എയുടെ ഓണാഘോഷ പരിപാടികൾ വിജയമാക്കുവാൻ സഹായിച്ച എല്ലാവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.
2007ലും 2011ലും നടത്തിയ കിലുക്കം (ഓൾ യുകെ മലയാളി ഡാൻസ് കോമ്പറ്റീഷൻസ് )
പ്രോഗ്രാമുകളോടെ യുകെ- യിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ശ്രദ്ധയാകർഷിച്ചുകൊണ്ടു മുൻനിരയിൽ സ്ഥാനം പിടിച്ച മലയാളി അസോസിയേഷൻ പ്രസ്റ്റൻ (MAP)വീണ്ടുമിതാ മറ്റൊരു സംരംഭത്തിന് കളമൊരുക്കുന്നു.
മലയാളി അസോസിയേഷൻ പ്രസ്റ്റണിന്റെ പതിനാറാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി യുകെ മലയാളി ബാഡ്മിന്റൺ പ്രേമികൾക്കായി ”ഓൾ യുകെ മലയാളി മെൻസ് ഇന്റെർമീഡിയറ്റ് ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് – പൂരം 2019 ”സംഘടിപ്പിക്കുന്നു.
വടക്കൻ യുകെയിലെ ഈ മാസ്മരിക പോരാട്ടത്തിന് അത്യാധുനിക മികവോടു കൂടിയുള്ള പ്രസ്റ്റൻ കോളേജ് ഇൻഡോർ കോർട്ട് കൾ 2019 ഒക്ടോബർ 5- ആം തീയതി രാവിലെ ഒൻപതുമണിയോട് സജ്ജമാകുമ്പോൾ നിരവധി പ്രാദേശിക ബാഡ്മിന്റൺ മത്സരങ്ങൾ നടത്തി പ്രാഗത്ഭ്യം തെളിയിച്ച MAP യുടെ സ്പോർട്സ് കമ്മറ്റി ടൂർണമെന്റിനു മേൽനോട്ടം വഹിക്കുന്നു.
32 ടീമുകൾ മാറ്റുരക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യപാദം 4 ഗ്രൂപ്പുകളിലായി round-robin ശൈലിയിൽ നടത്തപ്പെടുന്നു! വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യങ്ങളും, കേറ്ററിംഗ് ക്രമീകരണങ്ങളും സംഘാടകർ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. സമ്മാനാർഹരാകുന്നവർക്ക് യഥാക്രമം വിജയികൾക്ക് £250 + ട്രോഫി, റണ്ണേഴ്‌സ് അപ്പ് £150 + ട്രോഫി, മൂന്നാം സ്ഥാനം £100 + ട്രോഫി, നാലാം സ്ഥാനം £50 + ട്രോഫി കാത്തിരിക്കുന്ന ഈ ടൂർണമെന്റിന്റെ എൻട്രി ഫീ ഒരു ടീമിന് £30 ആയിരിക്കും
പരിചയസമ്പന്നതയും, അർപ്പണബോധവും മുതൽക്കൂട്ടായുള്ള മലയാളി അസോസിയേഷൻ പ്രെസ്റ്റന്റെ (MAP)നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മാമാങ്കത്തിലേക്കു എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സഹർഷം സ്വാഗതം ചെയ്യുന്നു.
ടൂർണമെന്റിന്റെ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക (ഷൈൻ ജോർജ് : 07727258403 , ബിനു സോമരാജ് :07828303288 , പ്രിയൻ പീറ്റർ:07725989295).
ടൂർണമെന്റ് വേദി:
Preston college
St Vincents Road,
Fulwood,
Preston PR2 8UR
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് ( 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നല്‍കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിരുന്നത് . അതില്‍ കവളപ്പാറയിലെയും ഇടുക്കിയിലെയും ശനിയാഴ്ച സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ തുകകള്‍ വിതരണം ചെയ്തു .വയനാട്ടിലെ ഉടന്‍ നല്‍കുമെന്നു അറിയിക്കുന്നു . .
കവളപ്പാറയില്‍ നല്‍കിയ സഹായം മൂന്ന് കുടുംബങ്ങള്‍ക്ക് വീതിച്ചു ബഹുമാനപ്പെട്ട പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട് കരുണാകരന്‍ പിള്ള കൈമാറി . വസന്ത 50000 രൂപ ,സീന 50000 രൂപ,അല്ലി ജെനിഷ് 25000 എന്നിങ്ങനെയാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ടുമായി ആലോചിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത് .അവിടെ പണം എത്തിച്ചുകൊടുക്കുവാന്‍ സഹായിച്ചത് ബെര്‍മിങ്ങമില്‍ താമസിക്കുന്ന സുനില്‍ മേനോന്റെ ഭാരൃപിതാവ് നിലബൂര്‍ സ്വദേശി വാസുദേവന്‍ നായരാണ് ,അദേഹവും പരിപാടിയില്‍ പങ്കെടുത്തു. ഇടുക്കിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഇടുക്കി, മഞ്ഞപ്പാറ സ്വദേശി മാനുവല്‍ ആക്കതോട്ടിയില്‍ , കൃാന്‍സര്‍ രോഗിയായ തടിയംമ്പാട്് സ്വദേശി ബേബി പുളിക്കല്‍ എന്നിവര്‍ക്ക് 14000 രൂപ വീതം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇന്നലെ കൈമാറി . പ്രളയവുമായി ബന്ധപ്പെട്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ സഹായം ഇതുവരെ ആവശൃപ്പെട്ട എല്ലാവര്ക്കും ചെറുതെങ്കിലും സഹായം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട് .ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങളെ സഹായിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.
ഇതില്‍ ഞങ്ങള്‍ ഏറ്റവുകൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കേറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് സിബു ജോസഫ്, സെക്രെട്ടെറി ജോം മാക്കില്‍ ,ട്രെഷര്‍ ലെനോ ജോസഫ് മനോജ് മാത്യു ,അബു വടക്കന്‍ ,എന്നിവരോടാണ് . . അവര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ 800 പൗണ്ടാണ് നാട്ടില്‍ വേദന അനുഭവിക്കുന്ന മനുഷൃരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്കു നല്‍കിയത്. .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ, സ്ഥലകാല വൃതൃാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത് .
കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു . ഞങ്ങൾ ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഞങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങള്‍ നല്‍കിയ അംഗികാരമായി ഞങള്‍ ഇതിനെ കാണുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്., ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങ്ങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ടോം ജോസ് തടിയംമ്പാട്
ലിയോസ് പോൾ
കഴിഞ്ഞ പത്തു വർഷക്കാലമായി യുകെ മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് പുരോഗമന ചിന്തയുടെയും, ജനാധിപത്യ ബോധത്തിന്റെയും പുത്തൻ ഉണർവ്വ് സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌ക്കാരിക പ്രവർത്തനം കാഴ്ച വെക്കുന്ന ചേതന യുകെ, 2019ൽ അതിന്റെ പത്താമത് പ്രവർത്തന വർഷത്തിലേക്ക് കടക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോട് കൂടി പത്താം വാർഷികം കൊണ്ടാടാനാണ് ചേതന UK എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ആദ്യ ഘട്ടം എന്ന നിലയിൽ, വരുന്ന സെപ്റ്റംബർ 21 ശനിയാഴ്ച വൈകിട്ട് നാലിന് ഓക്സ്‌ഫോഡിലെ നോർത്തവേ ചർച്ച് ഹാളിൽ (12 Sutton Road, Marston,Oxford,OX3 9RB) ചേതന യുകെ പ്രസിഡന്റ് ശ്രീ. സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ വച്ച് പത്താം വാർഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ജനറൽ സെക്രട്ടറി ഹർസേവ് ബൈൻസ് നിർവഹിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിലെ മികച്ച പ്രഭാഷകനും , ചിന്തകനും, ഗ്രന്ഥകാരനും, അദ്ധ്യാപകനുമായ ഡോ.സുനിൽ പി ഇളയിടം “ജനാധിപത്യം,അകവും പുറവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.വൈജ്ഞാനികമായ ഉള്ളടക്കത്തോട് കൂടിയ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഓക്‌സ്‌ഫോർഡിലെ മിടുക്കരായ കലാകാരന്മാരും കലാകാരികളും അണി നിരക്കുന്ന കലാ പ്രകടനങ്ങൾ അരങ്ങേറും.തുടർന്ന്, സ്നേഹവിരുന്നോടു കൂടി പത്താം വാർഷിക ആഘോഷത്തിൻ്റെ ഉത്‌ഘാടന പരിപാടി രാത്രി 9.30 ന് സമാപിക്കും.
വിഞ്ജാനപ്രദമായ സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടർന്നുള്ള കലാസന്ധ്യയിലേക്കും എല്ലാ നല്ലവരായ നാട്ടുകാരെയും,സുഹൃത്തുക്കളെയും, സഹോദരീസഹോദരന്മാരെയും ചേതന യുകെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു,ക്ഷണിക്കുന്നു.
വേദിയുടെ വിലാസം:
North Way Church Hall
12 Sutton Road
Marston,Oxford
OX3 9RB.
എടത്വ: ഒരുകാലത്ത് കലാലയ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിഞ്ഞവർ വീണ്ടും ഒന്നിച്ചു .പല നിറങ്ങളിലുള്ള കൊടികൾ പാറിക്കളിച്ച കലാലയം വീണ്ടും അപൂർവമായ സംഗമത്തിന് വേദിയായി. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും വീണ്ടും ഒന്നിച്ചപ്പോൾ കലാലയ അങ്കണം മറ്റൊരു ചരിത്ര സംഭവത്തിന് കൂടി സാക്ഷിയായി .
എടത്വ സെന്റ് അലോഷ്യസ് കോളേജ് ഫോര്മര് യൂണിയന് മെംബേര്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആണ് കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചത്.
1965 മുതല്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉള്ള എടത്വ സെന്റ് അലോഷ്യസ് കോളേജിലെ സ്റ്റുഡന്റ്സ് യൂണിയനുകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാക്കളുടെ പ്രഥമ സംഗമത്തിനൊപ്പം കലാലയത്തില്‍ നിന്ന് വിരമിച്ച അധ്യാപകരും അനധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു. എഫ്.യു.എം.എഫ്. പ്രസിഡന്റ് ടോമി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.പ്രമുഖ സംവിധായകന് പ്രൊഫ.ശിവപ്രസാദ് കവിയൂര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബ സംഗമത്തിന്റെ ഉത്ഘാടനം സംവിധായകന് വിജി തമ്പിയും, ലോഗോ പ്രകാശനം ഡോ.സാം കടമ്മനിട്ടയും നിര്‍വ്വഹിച്ചു.
മുൻ പ്രിൻസിപ്പാൾ പ്രൊഫ.ഫാദർ ചെറിയാൻ തലക്കുളം മുഖ്യ സന്ദേശം നല്‍കി.ചങ്ങനാശേരി ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ.ജോച്ചൻ ജോസഫ് നിർവഹിച്ചു.ആനന്ദൻ നമ്പൂതിരി പട്ടമന , വി.ഗോപകമാർ, അജയി കുറുപ്പ് , പ്രശാന്ത് പുതുക്കരി, സെബാസ്റ്റ്യൻ കട്ടപ്പുറം ,സുനിൽ മാത്യൂ, ടോം കോട്ടയ്ക്കകം, ഫാൻസിമോൾ ബാബു, കെ.ആർ.ഗോപകുമാർ., അലൈവി പി .ടി ,റിബി വർഗ്ഗീസ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി,പ്രൊഫ. അന്ത്രയോസ് ജോസഫ്,മുൻ പ്രിൻസിപ്പാൾ ജോർജ് ജോസഫ്, പ്രൊഫ.ജോസഫ് കുര്യൻ പ്രൊഫ. റോസമ്മ തോമസ്, പ്രൊഫ.പി.വി. ജറോം,അലൻ കുര്യാക്കോസ് ,ഷൈനി തോമസ്, റാംസെ ജെ.ടി, സോണൽ നെറോണാ,ജയൻ ജോസഫ് , തോമസ്കുട്ടി മാത്യൂ,സന്തോഷ് തോമസ്, എം.ജെ. വർഗീസ്, അസ്ഗർ അലി, ബി.രമേശ് കുമാർ,ഡോ.ജോൺസൺ വി. ഇടിക്കുള, മോഹനന് തമ്പി, ടിജിൻ ജോസഫ്,അജോ ആന്റണി എന്നിവർ പ്രസംഗിച്ചു.
പിന്നണി ഗായകന് പ്രശാന്ത് പുതുക്കരിയും സംഘവും ഗാനമേളയും മിമിക്സ് പരേഡും അവതരിപ്പിച്ചു.കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കി.വള്ള സദ്യയും നടന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥികൾ, പ്രിന്‍സിപ്പല്‍മാർ, അധ്യാപക-അനദ്ധ്യാപക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍, ഗ്ലോബല്‍ അലുമ്നി അസോസിയേഷന് പ്രവര്‍ത്തകര്‍, കോളേജ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സമ്മേളനം 2020 ല്‍ നടത്തുമെന്ന് സംഘാടകർ പറഞ്ഞു.