Uncategorized

ലെസ്റ്റർ: യു കെ യിലെ ആല്മീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ ലെസ്റ്റർ സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ‘ഓണോത്സവം 2019 ‘ പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സിൽ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും STFSC ലെസ്റ്ററിന്റെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

 

പതിറ്റാണ്ടുകളായി ലെസ്റ്റർ പാർലിമെന്റ് പ്രതിനിധിയായും, ബ്രിട്ടീഷ് രാഷ്ട്രീയ-സാമൂഹ്യ-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കകുകയും, ന്യുന പക്ഷ വിഭാഗത്തിനായി ശക്തമായ നിലപാടുണർത്തുകയും ചെയ്തുപോരുന്ന കീത്ത് വാസ് M P, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളുമായ മോൺ.ജോർജ്ജ് ചേലക്കൽ എന്നിവർ STFSC ന്റെ ഓണോത്സവത്തിൽ മുഖ്യാതിഥികളായി പങ്കു ചേർന്നു.

ഓണാഘോഷങ്ങളിൽ ഇന്ത്യയിലും ബ്രിട്ടനിലുമായി പങ്കെടുക്കുവാൻ ലഭിച്ച അവസരങ്ങളിൽ ഹൃദയത്തിൽ തട്ടിയ ആനന്ദവും, അസൂയാവഹമായ ഒത്തൊരുമയും, അവാച്യമായ സംസ്കാരിക സമ്പന്നതയും, മലയാള മനസ്സുകളിലെ സ്നേഹോഷ്മളതയും മറ്റെല്ലാ ആഘോഷങ്ങളെക്കാളും വേറിട്ടതായും, അർത്ഥപൂർണ്ണമായ അനുഭവവുമായതും കീത്ത് വാസ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ ഓർമ്മിച്ചു.സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംശിക്കുന്നതായും കീത്ത് വാസ് പറഞ്ഞു.

ദേശീയ സ്നേഹവും സാഹോദര്യവും തത്വസംഹിതകളിൽ അന്തർ ലയിച്ചിരിക്കുന്ന നന്മയുടെ പര്യായങ്ങളായ ഓണം പോലുള്ള ആഘോഷങ്ങൾ അവാച്യമായ സ്നേഹത്തിന്റെ നീരുറവയാണെന്നും കാലഘട്ടത്തിൽ പ്രതീക്ഷയും സ്വപ്നങ്ങളും നൽകുന്ന നേരിന്റെയും നെറിവിന്റെയും ഒരുത്സവമാണിതെന്നും ജോർജ് ചേലക്കൽ അച്ചൻ അനുസ്മരിച്ചു. ആല്മീയ വിശ്വാസത്തിന്റെ കുടക്കീഴിൽ നിന്ന് കൊണ്ട് സാംസ്കാരിക തലത്തിലും സാമൂഹിക തലത്തിലും പ്രതിബദ്ധത പുലർത്തുകയും ദേശീയ സ്നേഹത്തോടൊപ്പം സാഹോദര്യ മൈത്രിപുലർത്തുകയും ചെയ്യുന്ന നന്മയുടെ പ്രവർത്തനങ്ങൾ STFSC ൽ നിന്നും കൂടുതലായി പ്രതീക്ഷിക്കുന്നതായും ജോർജ്ജ് അച്ചൻ അഭിപ്രായപ്പെട്ടു.

ക്ലബംഗങ്ങൾ തന്നെ പാകം ചെയ്ത കേരളത്തനിമയിൽ സമ്പന്നവും വിഭവ സമൃദ്ധവും ഏറെ ആസ്വദിക്കുകയും ചെയ്ത ഓണ സദ്യ ഏവരുടെയും രുചികൂട്ടായത് ഈ ആഘോഷത്തിലെ ഹൈലൈറ്റായി.

ക്ലബ്ബിലെ വനിതാംഗങ്ങൾ ചേർന്ന് മനോഹരമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട്‌ നാന്ദി കുറിച്ച ‘ഓണോത്സവം -2019’ ആഘോഷം കൊട്ടും കൊരവയും, ആർപ്പു വിളികളുമായി എഴുന്നള്ളിയെത്തിയ മഹാബലിയുടെ ആഗമനത്തോടെ ആവേശഭരിമായി. അഞ്ജലിറ്റ ജോസഫ് ഈശ്വര ഗാനം ആലപിച്ചുകൊണ്ട് ആഘോഷത്തിന് ആല്മീയ നിറവ് പകർന്നു. ആഘോഷത്തിലേക്ക് വിശിഷ്‌ടാതിഥികൾക്കും, ക്ലബ്ബ് അംഗങ്ങൾക്കും ഹൃദ്യമായ സ്വാഗതം എൽന സ്റ്റാൻലി ആശംശിച്ചു. വിശിഷ്‌ടാതിഥികളുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിനും, സന്ദേശങ്ങൾക്കും കൂടാതെ ആഘോഷം വർണ്ണാഭമാക്കിയ ഓരോ വ്യക്തികൾക്കും ലിയോൺ ജോർജ്ജ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.

മാവേലി മന്നനെ വരവേൽക്കാൻ ചെണ്ടമേളവും, മുത്തുക്കുടകളും, താലപ്പൊലിയുമായി നടത്തിയ സ്വീകരണവും ആഘോഷവും STFSC കുടുംബാംഗങ്ങൾക്ക് ഉത്സവ പ്രതീതിയുണർത്തുകയായിരുന്നു.

മാവേലി മന്നനോടൊപ്പം വിശിഷ്‌ടാഥിതികളും ചേർന്നു നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ഗംഭീരമായ തുടക്കമായി. ലിയോ സുബിൻ ബൊക്കെ നൽകി മുഖ്യാതിഥിയായ കീത്ത് വാസ് എംപിയെ സ്വീകരിച്ചു. ടോയൽ ടോജോ നൽകിയ ഓണ സന്ദേശം അനുസ്‌മൃതികളുണർത്തുന്നതും, ഹൃദ്യവുമായി.

തുടർന്ന് അരങ്ങേറിയ കലാ വിരുന്നിൽ STFSC കുട്ടികളും അംഗങ്ങളും ചേർന്നു അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികച്ച കലാ പരിപാടികളും, ഓണക്കളികളും ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ മികവുറ്റതാക്കിയ അവതരണങ്ങൾ, കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിച്ച വിവിധ ഗ്രൂപ്പ്‌ ഡാന്‍സുകള്‍, നാടോടി നൃത്തം, ഓണ പാട്ട്, തിരുവാതിര, നാടൻ പാട്ട് ഡാൻസ്
എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.

കോവൻട്രി മേളപ്പെരുമയുടെ കലാകാർ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷത്തെ വർണ്ണാഭമാക്കി. ശിങ്കാരിമേളത്തിന്റെ താളപ്പെരുമ സമ്മാനിച്ച ആവേശത്തിന്റെ പിരിമുറുക്കവും, നൃത്ത-താളങ്ങളുടെ ചുവടുവെപ്പുകളും ഏവരെയും ആനന്ദലഹരിയിൽ ആറാടിച്ചു.

സുബിൻ തോമസ്, സന്തോഷ് മാത്യു, ഷിബു, ജോമി ജോൺ, ജോബി എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു. സ്റ്റാൻലി പൈമ്പിള്ളി (ലൈഫ് ലൈൻ), പ്രിൻസ് (ഒക്കിനാവൻ ഷോരൻ റിയു, കരാട്ടെ ) എന്നിവർ പ്രായോജകരായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ടിന് അഭിലാഷ് പോളും, ഓണ സദ്യക്കു ജോസഫ് ജോസ്, അബ്രാഹം ജോസ്, വിജയ്, ബിറ്റോ, ജിജി എന്നിവരും നേതൃത്വം നൽകി.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കായിക മത്സരങ്ങൾക്കുള്ള ഉപഹാരങ്ങൾ കീത്ത് വാസ് വിതരണം ചെയ്തു. വൈകുന്നേരം ഒമ്പതര മണിയോടെ ഗംഭീരമായ ഓണോത്സവം സമാപിച്ചു.

ഹരികുമാർ പി.കെ.

മാഞ്ചസ്റ്റർ:- യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു. മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെന്ററിൽ രാവിലെ 11ന് പൂക്കളമിട്ട് ആരംഭിച്ച പരിപാടികൾ യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എം.എം.സി.എ പ്രസിഡന്റ് അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബിജു. പി. മാണി സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, മുൻ എം.എം.സി.എ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ. ഉതുപ്പ്, ജോബി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലയളവിലെ പ്രവർത്ത റിപ്പോർട്ട് സെക്രട്ടറി ജനീഷ് കുരുവിളയും, വരവ് ചിലവു കണക്കുകൾ ട്രഷറർ സാബു ചാക്കോയും അവതരിപ്പിച്ചു, പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങി.

യുകെയിൽ നിന്നും യുഎസിലേക്ക് കുടിയേറുന്ന മുൻ എം.എം.സി.എ പ്രസിഡൻറ് റെജി മഠത്തിലേട്ടിനെയും കുടുംബത്തിനെയും അവർ എം.എം.സി.എയ്ക്ക് നൽകിയ സംഭാവനകളുടെ പേരിൽ എം.എം.സി.എ കുടുംബാംഗങ്ങൾ ആദരിച്ചു.

രാവിലെ കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങൾ നടന്നിരുന്നു. തുടർന്ന് പരമ്പരാഗത രീതിയിൽ നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയിൽ ഏകദേശം മുന്നൂറ്റി അൻപതോളം പേർ പങ്കുചേർന്നു. ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിലുള്ള വാളണ്ടിയർമാരായിരുന്നു സദ്യയ്ക്ക് നേതൃത്വം നല്കിയത്.

തുടർന്ന് നടന്ന കലാപരിപാടികൾക്ക് അനേഖാ അലക്സ്, ആഷ്ലി ജോസ് തുടങ്ങിയവർ അവതാരകരായി തിളങ്ങി. കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും ആട്ടവും പാട്ടുമായി വിവിധ കലാപരിപാടികൾ ഇടതടവില്ലാതെ വേദിയിൽ നിറഞ്ഞാടി. തിരുവാതിരയും, എം.എം.സി.എ ഡാൻസ് സ്കൂളിലേയും മറ്റ് കുട്ടികളുടെയും മുതിർന്നവരുടേയും പരിപാടികൾക്കൊടുവിൽ V4U മ്യൂസിക് ബാൻറിലെ ഷിബു, ഷാജു ഉതുപ്പ്, അനൂപ് തുടങ്ങിയവർ നേതൃത്വം കൊടുത്ത ഗാനമേളയ്ക്ക് ശേഷം രാത്രി 9 മണിയോടെ പരിപാടികൾ അവസാനിച്ചു.

എം.എം.സി.എയുടെ ഓണാഘോഷ പരിപാടികൾക്ക് ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങളായ ഹരികുമാർ പി.കെ., ആഷൻ പോൾ, മോനച്ചൻ ആന്റണി, റോയ് ജോർജ്, ജോബി മാത്യു, ജോബി രാജു എന്നിവർ നേതൃത്വം നൽകി. എം.എം.സി.എയുടെ ഓണാഘോഷ പരിപാടികൾ വിജയമാക്കുവാൻ സഹായിച്ച എല്ലാവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

അഭിലാഷ് മാത്യു
പതിനൊന്നാമത് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (*ELMA*) ഓണോഘാഷ പരിപാടി വിപുലമായി ആഘോഷിച്ചു.
കേരളത്തിൽ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടൻ മലയാളി നിവാസികളുടെ പതിനൊന്നാമത് ഓണോഘാഷം റോംഫോർഡിൽ വെച്ച്‌ വിപുലമായി നടത്തപ്പെട്ടു. രണ്ട് ദിവസത്തെ ക്യാമ്പായി ആണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത് . ഒന്നാം ദിവസം സ്പോട്സും രണ്ടാം ദിവസം തിരുവാതിര കളിയും വിഭവ സമൃദ്ധമായ സദ്യയും കൂടാതെ പ്രസ്തുത ചടങ്ങിൽ സ്പോട്സ് ഡേയിലെ വിജയികൾക്ക് സമ്മാനദാനം നൽകി അഭിനന്ദിക്കുകയും  ചെയ്കയുണ്ടായി
പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌   ലൂക്കോസ്  അലക്സ് സ്വാഗതം ആശംസിച്ചു സെക്രട്ടറി സാജൻ പടിക്കമ്യാലിൽ  റിപ്പോർട്ട്  വായിക്കുകയും ട്രഷറർ ജോമോൻ നന്ദി പറയുകയും ചെയ്തു ഇത്തരം കുടി ചേരലുകൾ നാടിന്റെ  നന്മക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തിൽ ബാസ്റ്റിൻ മാളിയാക്കൽ അഭ്യർത്ഥിച്ചു . പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി .റജി വട്ടംപാറയിൽ പ്രസിഡന്റായും  അഭിലാഷ് മാത്യുവിനെ സെക്രട്ടറിയായും  ട്രഷറർ ആയി റോബിൻ കുറുപ്പാമടത്തേയും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു. കൂടാതെ
സ്വപ്ന സാം വൈസ് പ്രസിഡന്റ്, ജിൻസൻ മാളിയേക്കൽ ജോയിന്റ് സെക്രട്ടറി, ഷിജു മാത്യു പ്രോഗ്രാം കോർഡിനേറ്റർ
സാബു മാത്യു പ്രാലടിയിൽ അഡ്വൈസറായും  തെരെഞ്ഞെടുത്തു
എൽമയുടെ ഭാവിപരിപാടികൾ വൻ വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സാന്നിധ്യവും  സഹകരണവും  നൽകണമെന്ന് പ്രസിഡന്റ് റജി സെക്രട്ടറി , അഭിലാഷ് ട്രെഷറർ റോബിൻ എന്നിവർ അഭ്യർത്ഥിച്ചു.
*ELMA 2019 – 2021 Execute Committee*
*President*:- Reji Vattamparayil
*Secretary*:- Abhilash Mathew Vazhayil
*Treasurer*:- Robin Kuruppamadam
*Vice President*:- Swapna Sam
*Joint Secretary*:- Jinson Maliekaldevassy
*Programme Coordinator*:- Shiju Mathew
*Advisor*:- Sabu Mathew
 

2007ലും 2011ലും നടത്തിയ കിലുക്കം (ഓൾ യുകെ മലയാളി ഡാൻസ് കോമ്പറ്റീഷൻസ് )
പ്രോഗ്രാമുകളോടെ യുകെ- യിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും ശ്രദ്ധയാകർഷിച്ചുകൊണ്ടു മുൻനിരയിൽ സ്ഥാനം പിടിച്ച മലയാളി അസോസിയേഷൻ പ്രസ്റ്റൻ (MAP)വീണ്ടുമിതാ മറ്റൊരു സംരംഭത്തിന് കളമൊരുക്കുന്നു.
മലയാളി അസോസിയേഷൻ പ്രസ്റ്റണിന്റെ പതിനാറാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി യുകെ മലയാളി ബാഡ്മിന്റൺ പ്രേമികൾക്കായി ”ഓൾ യുകെ മലയാളി മെൻസ് ഇന്റെർമീഡിയറ്റ് ബാഡ്മിന്റൺ ഡബിൾ‍സ്‌ ടൂർണമെന്റ് – പൂരം 2019 ”സംഘടിപ്പിക്കുന്നു.
വടക്കൻ യുകെയിലെ ഈ മാസ്മരിക പോരാട്ടത്തിന് അത്യാധുനിക മികവോടു കൂടിയുള്ള പ്രസ്റ്റൻ കോളേജ്‌ ഇൻഡോർ കോർട്ട് കൾ 2019 ഒക്ടോബർ 5- ആം തീയതി രാവിലെ ഒൻപതുമണിയോട് സജ്ജമാകുമ്പോൾ നിരവധി പ്രാദേശിക ബാഡ്മിന്റൺ മത്സരങ്ങൾ നടത്തി പ്രാഗത്ഭ്യം തെളിയിച്ച MAP യുടെ സ്പോർട്സ് കമ്മറ്റി ടൂർണമെന്റിനു മേൽനോട്ടം വഹിക്കുന്നു.
32 ടീമുകൾ മാറ്റുരക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യപാദം 4 ഗ്രൂപ്പുകളിലായി round-robin ശൈലിയിൽ നടത്തപ്പെടുന്നു! വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യങ്ങളും, കേറ്ററിംഗ് ക്രമീകരണങ്ങളും സംഘാടകർ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു. സമ്മാനാർഹരാകുന്നവർക്ക് യഥാക്രമം വിജയികൾക്ക് £250 + ട്രോഫി, റണ്ണേഴ്‌സ് അപ്പ് £150 + ട്രോഫി, മൂന്നാം സ്ഥാനം £100 + ട്രോഫി, നാലാം സ്ഥാനം £50 + ട്രോഫി കാത്തിരിക്കുന്ന ഈ ടൂർണമെന്റിന്റെ എൻട്രി ഫീ ഒരു ടീമിന് £30 ആയിരിക്കും
പരിചയസമ്പന്നതയും, അർപ്പണബോധവും മുതൽക്കൂട്ടായുള്ള മലയാളി അസോസിയേഷൻ പ്രെസ്റ്റന്റെ (MAP)നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ മാമാങ്കത്തിലേക്കു എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

ടൂർണമെന്റിന്റെ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക (ഷൈൻ ജോർജ് : 07727258403 , ബിനു സോമരാജ് :07828303288 , പ്രിയൻ പീറ്റർ:07725989295).

 

ടൂർണമെന്റ് വേദി:
Preston college
St Vincents Road,
Fulwood,
Preston PR2 8UR

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ പ്രളയ സഹായമായി യു കെ മലയാളികളില്‍നിന്നും ശേഖരിച്ച 3174 പൗണ്ട് ( 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നല്‍കാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കമ്മറ്റി തീരുമാനിച്ചിരുന്നത് . അതില്‍ കവളപ്പാറയിലെയും ഇടുക്കിയിലെയും ശനിയാഴ്ച സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ തുകകള്‍ വിതരണം ചെയ്തു .വയനാട്ടിലെ ഉടന്‍ നല്‍കുമെന്നു അറിയിക്കുന്നു . .
കവളപ്പാറയില്‍ നല്‍കിയ സഹായം മൂന്ന് കുടുംബങ്ങള്‍ക്ക് വീതിച്ചു ബഹുമാനപ്പെട്ട പോത്തുകല്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ കരുണാകരന്‍ പിള്ള കൈമാറി . വസന്ത 50000 രൂപ ,സീന 50000 രൂപ,അല്ലി ജെനിഷ് 25000 എന്നിങ്ങനെയാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ടുമായി ആലോചിച്ചാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത് .അവിടെ പണം എത്തിച്ചുകൊടുക്കുവാന്‍ സഹായിച്ചത് ബെര്‍മിങ്ങമില്‍ താമസിക്കുന്ന സുനില്‍ മേനോന്റെ ഭാരൃപിതാവ് നിലബൂര്‍ സ്വദേശി വാസുദേവന്‍‌ നായരാണ് ,അദേഹവും പരിപാടിയില്‍ പങ്കെടുത്തു. ഇടുക്കിയില്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട ഇടുക്കി, മഞ്ഞപ്പാറ സ്വദേശി മാനുവല്‍ ആക്കതോട്ടിയില്‍ , കൃാന്‍സര്‍ രോഗിയായ തടിയംമ്പാട്് സ്വദേശി ബേബി പുളിക്കല്‍ എന്നിവര്‍ക്ക് 14000 രൂപ വീതം സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ ഇന്നലെ കൈമാറി . പ്രളയവുമായി ബന്ധപ്പെട്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്‍റെ സഹായം ഇതുവരെ ആവശൃപ്പെട്ട എല്ലാവര്ക്കും ചെറുതെങ്കിലും സഹായം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സന്തോഷമുണ്ട് .ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങളെ സഹായിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ഇതില്‍ ഞങ്ങള്‍ ഏറ്റവുകൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കേറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ്‌ സിബു ജോസഫ്‌, സെക്രെട്ടെറി ജോം മാക്കില്‍ ,ട്രെഷര്‍ ലെനോ ജോസഫ്‌ മനോജ്‌ മാത്യു ,അബു വടക്കന്‍ ,എന്നിവരോടാണ് . . അവര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ 800 പൗണ്ടാണ് നാട്ടില്‍ വേദന അനുഭവിക്കുന്ന മനുഷൃരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്കു നല്‍കിയത്. .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ, സ്ഥലകാല വൃതൃാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത് .

കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു . ഞങ്ങൾ ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഞങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങള്‍ നല്‍കിയ അംഗികാരമായി ഞങള്‍ ഇതിനെ കാണുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്‌, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്., ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങ്ങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ടോം ജോസ് തടിയംമ്പാട്

ലിയോസ് പോൾ

കഴിഞ്ഞ പത്തു വർഷക്കാലമായി യുകെ മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് പുരോഗമന ചിന്തയുടെയും, ജനാധിപത്യ ബോധത്തിന്റെയും പുത്തൻ ഉണർവ്വ് സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌ക്കാരിക പ്രവർത്തനം കാഴ്ച വെക്കുന്ന ചേതന യുകെ, 2019ൽ അതിന്റെ പത്താമത് പ്രവർത്തന വർഷത്തിലേക്ക് കടക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോട് കൂടി പത്താം വാർഷികം കൊണ്ടാടാനാണ് ചേതന UK എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ആദ്യ ഘട്ടം എന്ന നിലയിൽ, വരുന്ന സെപ്റ്റംബർ 21 ശനിയാഴ്ച വൈകിട്ട് നാലിന് ഓക്സ്‌ഫോഡിലെ നോർത്തവേ ചർച്ച് ഹാളിൽ (12 Sutton Road, Marston,Oxford,OX3 9RB) ചേതന യുകെ പ്രസിഡന്റ് ശ്രീ. സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ വച്ച് പത്താം വാർഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ജനറൽ സെക്രട്ടറി ഹർസേവ്‌ ബൈൻസ് നിർവഹിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിലെ മികച്ച പ്രഭാഷകനും , ചിന്തകനും, ഗ്രന്ഥകാരനും, അദ്ധ്യാപകനുമായ ഡോ.സുനിൽ പി ഇളയിടം “ജനാധിപത്യം,അകവും പുറവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.വൈജ്ഞാനികമായ ഉള്ളടക്കത്തോട് കൂടിയ സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഓക്‌സ്‌ഫോർഡിലെ മിടുക്കരായ കലാകാരന്മാരും കലാകാരികളും അണി നിരക്കുന്ന കലാ പ്രകടനങ്ങൾ അരങ്ങേറും.തുടർന്ന്, സ്നേഹവിരുന്നോടു കൂടി പത്താം വാർഷിക ആഘോഷത്തിൻ്റെ ഉത്‌ഘാടന പരിപാടി രാത്രി 9.30 ന് സമാപിക്കും.

വിഞ്ജാനപ്രദമായ സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടർന്നുള്ള കലാസന്ധ്യയിലേക്കും എല്ലാ നല്ലവരായ നാട്ടുകാരെയും,സുഹൃത്തുക്കളെയും, സഹോദരീസഹോദരന്മാരെയും ചേതന യുകെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു,ക്ഷണിക്കുന്നു.
വേദിയുടെ വിലാസം:
North Way Church Hall
12 Sutton Road
Marston,Oxford

OX3 9RB.

 

എടത്വ: ഒരുകാലത്ത് കലാലയ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിഞ്ഞവർ വീണ്ടും ഒന്നിച്ചു .പല നിറങ്ങളിലുള്ള കൊടികൾ പാറിക്കളിച്ച കലാലയം വീണ്ടും അപൂർവമായ സംഗമത്തിന് വേദിയായി. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും  വീണ്ടും ഒന്നിച്ചപ്പോൾ  കലാലയ അങ്കണം മറ്റൊരു  ചരിത്ര സംഭവത്തിന്  കൂടി സാക്ഷിയായി .

എടത്വ സെന്റ് അലോഷ്യസ് കോളേജ് ഫോര്‍മര്‍ യൂണിയന്‍ മെംബേര്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആണ് കുടുംബ  സംഗമവും ഓണാഘോഷവും  സംഘടിപ്പിച്ചത്.

1965 മുതല്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉള്ള എടത്വ സെന്റ് അലോഷ്യസ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയനുകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാക്കളുടെ പ്രഥമ സംഗമത്തിനൊപ്പം കലാലയത്തില്‍ നിന്ന് വിരമിച്ച അധ്യാപകരും അനധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു. എഫ്.യു.എം.എഫ്. പ്രസിഡന്റ് ടോമി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.പ്രമുഖ സംവിധായകന്‍ പ്രൊഫ.ശിവപ്രസാദ് കവിയൂര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബ സംഗമത്തിന്റെ ഉത്ഘാടനം സംവിധായകന്‍ വിജി തമ്പിയും, ലോഗോ പ്രകാശനം ഡോ.സാം കടമ്മനിട്ടയും  നിര്‍വ്വഹിച്ചു.

മുൻ പ്രിൻസിപ്പാൾ പ്രൊഫ.ഫാദർ ചെറിയാൻ തലക്കുളം മുഖ്യ സന്ദേശം നല്കി.ചങ്ങനാശേരി ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ.ജോച്ചൻ ജോസഫ് നിർവഹിച്ചു.ആനന്ദൻ നമ്പൂതിരി പട്ടമന , വി.ഗോപകമാർ, അജയി കുറുപ്പ് , പ്രശാന്ത് പുതുക്കരി, സെബാസ്റ്റ്യൻ കട്ടപ്പുറം ,സുനിൽ മാത്യൂ, ടോം കോട്ടയ്ക്കകം, ഫാൻസിമോൾ ബാബു, കെ.ആർ.ഗോപകുമാർ., അലൈവി പി .ടി ,റിബി വർഗ്ഗീസ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി,പ്രൊഫ. അന്ത്രയോസ് ജോസഫ്,മുൻ പ്രിൻസിപ്പാൾ ജോർജ് ജോസഫ്, പ്രൊഫ.ജോസഫ് കുര്യൻ  പ്രൊഫ. റോസമ്മ തോമസ്, പ്രൊഫ.പി.വി. ജറോം,അലൻ കുര്യാക്കോസ് ,ഷൈനി തോമസ്, റാംസെ ജെ.ടി, സോണൽ നെറോണാ,ജയൻ ജോസഫ് , തോമസ്കുട്ടി മാത്യൂ,സന്തോഷ് തോമസ്, എം.ജെ. വർഗീസ്, അസ്ഗർ അലി, ബി.രമേശ് കുമാർ,ഡോ.ജോൺസൺ വി. ഇടിക്കുള, മോഹനന്‍ തമ്പി, ടിജിൻ ജോസഫ്,അജോ ആന്റണി  എന്നിവർ പ്രസംഗിച്ചു.

പിന്നണി ഗായകന്‍ പ്രശാന്ത് പുതുക്കരിയും സംഘവും  ഗാനമേളയും മിമിക്‌സ് പരേഡും അവതരിപ്പിച്ചു.കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കി.വള്ള സദ്യയും നടന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥികൾ, പ്രിന്‍സിപ്പല്‍മാർ, അധ്യാപക-അനദ്ധ്യാപക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍, ഗ്ലോബല്‍ അലുമ്‌നി അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കോളേജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സമ്മേളനം 2020 ല്‍ നടത്തുമെന്ന് സംഘാടകർ പറഞ്ഞു.

സ്റ്റോക്ക് ഓൺ ട്രെന്റ്:  സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ (SMA) സ്റ്റോക്ക് ഓൺ ട്രെന്റ് ഓണനിലാവ് 2019 എന്ന തങ്ങളുടെ ഓണാഘോഷ പരിപാടി സ്റ്റേജ് ഷോയുടെ അകമ്പടിയോടെ ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 11 മണി മുതൽ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തപ്പെടുന്ന എസ് എം എ ഓണനിലാവിന്റെ ഏറ്റവും ആകർഷകമായ ഇനം.
“മലയാള ടെലിവിഷൻ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സർക്കസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ശ്രീ അനൂപ് പാലാ, ഏഷ്യാനെറ്റിലെ മ്യൂസിക്‌ ഇന്ത്യ, സ്കൂൾ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോൾ, അമൃതാ ടിവി യുടെ ട്രൂപ്പ് വിന്നർ ആയ അറാഫത് കടവിൽ തുടങ്ങിയവർ പങ്കെടുക്കുന്ന `ഓണം പൊന്നോണം´ സ്റ്റേജ് പ്രോഗ്രാം ആണ്.
അതോടൊപ്പം എസ് എം എ ഡാൻസ് സ്കൂൾ കലാകാരികളുടെ നയന മനോഹരമായ നൃത്ത പരിപാടികളും എസ് എം എ കലാകാരൻ മാരുടെ കലാപരിപാടികളും ഓണത്തിന്റെ സാംസകാരിക തനിമ ഉയർത്തി പിടിക്കുന്ന തിരുവാതിര, പുലികളി, ചെണ്ട മേളം, മാവേലിയെ സ്വീകരിക്കൽ തുടങ്ങി അനവധി പരിപാടികളോടെ നടക്കുന്ന എസ് എം എ ഓണനിലാവിനായുള്ള കാത്തിരിപ്പിലാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികൾ ഒന്നടക്കം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സിറിൽ മാഞ്ഞൂരാൻ 07958675140
ദേവസ്യ ജോൺ 07583881770
ജിജോ ജോസഫ് 07809740138

മോളി ക്ളീറ്റസ്സ്

ലണ്ടൻ: ഗിൽഫോർഡിലെ അമ്മമാർ ചേർന്ന് രൂപം നൽകിയ അയൽക്കൂട്ടം എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വർണ്ണ ശബളിമയാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായ ആഘോഷം സംഘടിപ്പിച്ചത് ജേക്കബ്‌സ് വെൽ ഹാളിലായിരുന്നു. മീര രാജനും ജിഷ ബോബിയും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകി ആരംഭിച്ച ആഘോഷപരിപാടികളുടെ ഉദ്ഘാടനസമ്മേളനത്തിൽ യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരള ഗവൺമെൻറ് മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും ഗിൽഫോർഡ് നിവാസിയുമായ സി എ ജോസഫ് മുഖ്യാതിഥിയായിരുന്നു.

സി എ ജോസഫിനൊപ്പം അയൽക്കൂട്ടത്തിന്റെ സംഘാടകരും ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹവും സമാധാനവും ഉണ്ടായിരുന്ന സമത്വസുന്ദരമായ ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നതിനായി പ്രവാസി മലയാളികൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിൽ പോലും പല ആളുകളിൽ നിന്നും എതിർപ്പുകളും നിസ്സഹകരണവും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും അയൽക്കൂട്ടത്തിന്റെ സംഘാടകർ കഴിഞ്ഞ ഒരു വർഷമായി ഗിൽഫോർഡിലെ കുട്ടികൾക്കായി നടത്തിവന്നിരുന്ന മലയാളം ക്ലാസ്സ് മാതൃകാപരമാണെന്നും കെട്ടുറപ്പുള്ള ഒരു സംഘടന സംവിധാനമായി സാമൂഹികപ്രതിബദ്ധതയോടെ കൂടുതൽ നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്യുവാനും അയൽക്കൂട്ടം എന്ന ഈ കൂട്ടായ്മക്ക് കഴിയട്ടെയെന്നും സി എ ജോസഫ് തന്റെ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഫാൻസി നിക്‌സൺ സ്വാഗതം ആശംസിച്ചു.

 

 

മാവേലിയായി പ്രത്യക്ഷപ്പെട്ട ബിനോദ് ജോസഫ് തന്റെ പ്രജകൾക്കായി അനുഗ്രഹ പ്രഭാഷണം നടത്തിയതിനോടൊപ്പം ഗിൽഫോർഡിലെ റോയൽ സാറേ ഹോസ്പിറ്റലിലേക്ക് നവാഗതരായി കടന്നുവന്ന നഴ്സുമാർക്ക് പൂക്കൾ നൽകി സ്വാഗതമേകി.

മോളി ക്ലീറ്റസ് , ഫാൻസി നിക്സൺ എന്നിവരുടെ നേതൃത്വത്തിൽ എട്ട് വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവ് പുലർത്തി. നിമിഷ എബിൻ,ആതിര സനു എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണം തീം ഡാൻസും ഏറെ ആകർഷണീയം ആയിരുന്നു. ഇസ്സ ആൻറണി, എലിസബത്ത് വിനോദ്, കിങ്ങിണി ബോബി എന്നിവർ ചേർന്ന് അവതരിപ്പിച്ച നാടോടി നൃത്തം തിരുവോണത്തിന്റെ ഓർമ്മകൾ എല്ലാവർക്കും സമ്മാനിച്ചു. കെവിൻ ക്ലീറ്റസ് ,ജേക്കബ് വിനോദ് , ഗീവർ ഷിജു എന്നിവർ ചേർന്ന ടീം നയിച്ച വള്ളംകളിയും കാണികൾക്ക് മനോഹരമായ ദ്രശ്യാനുഭവമാണ് നൽകിയത്.

തുടർന്ന് വനിതകൾക്കും പുരുഷന്മാർക്കും ആയി പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ എല്ലാവരും ആവേശപൂർവ്വമാണ് പങ്കെടുത്തത് . വാശിയേറിയ വനിതകളുടെ വടംവലി മത്സരത്തിൽ ആതിര സനു നയിച്ച ടീം ആണ് വിജയിച്ചത് . അത്യധികം വാശിയേറിയ പുരുഷന്മാർ പങ്കെടുത്ത വടം വലി മത്സരത്തിൽ ജോയൽ ജോസഫ് നയിച്ച ടീമിനെ പരാജയപ്പെടുത്തി ജെസ് വിൻ ജോസഫ് നേതൃത്വം നൽകിയ ടീം ജേതാക്കളായി.

വിനോദകരമായ കസേരകളി മത്സരങ്ങളിലും കുട്ടികളും വനിതകളും ആഹ്ലാദത്തോടും സന്തോഷത്തോടെയൂമാണ് പങ്കെടുത്തത് . കുട്ടികളുടെ മത്സരത്തിൽ കെവിൻ ക്ലീറ്റസ് വിജയിച്ചപ്പോൾ വനിതകളുടെ കസേരകളി മത്സരത്തിൽ സിംന വിജയിയായി.തുടർന്ന് നടന്ന പരമ്പരാഗതരീതിയിലുള്ള ഇരുപത്തിയാറ് ഇനങ്ങളോടുകൂടിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരത്വമുണർത്തി.

ഭക്ഷണത്തിനുശേഷം കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന കലാപരിപാടികൾ എല്ലാം വേറിട്ട മികവു പുലർത്തി. ഫാൻസി നിക്‌സൺ, ലക്ഷ്മി ഗോപി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് സദസ്സ് ഒന്നടങ്കം നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചപ്പോൾ ഗായകരായ നിക്‌സൺ ആൻറണി , സജി ജേക്കബ്, ജിൻസി ഷിജു, ചിന്നു ജോർജ്ജ് എന്നിവരുടെ ഹൃദ്യമായ ഗാനാലാപനങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. കൊച്ചു നർത്തകരായ ഇവ ആൻറണി,ജോണി ബോബി, കിങ്ങിണി ബോബി, സ്റ്റീഫൻ നിക്‌സൺ, കെവിൻ ക്‌ളീറ്റസ് , എലിസബത്ത് ബിനോദ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തങ്ങൾ ഏവരുടെയും ഹർഷാരവം ഏറ്റുവാങ്ങിയപ്പോൾ കൊച്ചു ഗായകൻ ബേസിൽ ഷിജു ആലപിച്ച ഗാനം ഏറെ ആസ്വാദ്യകരവും ആയിരുന്നു.

യുകെ മലയാളികൾ അഞ്ചുവർഷം മുൻപ് പുറത്തിറക്കിയ ‘ഓർമ്മയിൽ ഒരു ഓണം’എന്ന ആൽബത്തിനു വേണ്ടി സി എ ജോസഫ് രചിച്ച് കനേഷ്യസ് അത്തിപ്പൊഴി സംഗീതം നൽകി ഹരീഷ് പാല ആലപിച്ച് യൂട്യൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഓണപ്പാട്ടും മുഖ്യ അതിഥിയായി എത്തിയ സി എ ജോസഫ് ആലപിച്ചപ്പോൾ എല്ലാവരും നാട്ടിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേർന്ന് ആഘോഷിച്ച തിരുവോണദിനത്തിന്റെ ഓർമ്മയുണർത്തി.

യുവനർത്തകരായ ആൻറണി എബ്രഹാം,ഗോപി ശ്രീറാം, പാസ്‌ക്കൽ ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച അടിപൊളി നൃത്തം കാണികളെ വിസ്മയ ഭരിതരാക്കി. ജിൻസി ഷിജു, ജിനി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് സദസ്സിനെ ഇളക്കിമറിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്തമുഴുവനാളുകളെയും ഉൾപ്പെടുത്തി അവതരിപ്പിച്ച സുംബാ ഡാൻസും ചാച്ചാ ഡാൻസും ഏവർക്കും നവ്യമായ അനുഭവമായിരുന്നു. ദേശഭക്തി നിറവിൽ ചിട്ടപ്പെടുത്തി ഗീവർ ഷിജു, ജോയൽ ബോബി, സാറാ സജി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തം കാണികൾ മുഴുവൻ ആദരവോടെ എഴുന്നേറ്റുനിന്നാണ് ആസ്വദിച്ചത്.

ആഘോഷപരിപാടികളുടെ വിജയത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ശ്രീലക്ഷ്മി പവൻ, ചിന്നു ജോർജ്, സാറ സജി എന്നിവർ അവതാരകരായി തിളങ്ങി. ഫാൻസി നിക്സൺ, മോളി ക്ലീറ്റസ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയി സംഘടിപ്പിച്ച അവിസ്മരണീയമായ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് ബിനി സജി, മാഗി പാസ്ക്കൽ, സ്നേഹ ശോഭൻ, ജിഷ ബോബി, സജി ജേക്കബ് , ക്ലീറ്റസ് സ്റ്റീഫൻ, ബോബി ഫിലിപ്പ് , ഷിജു മത്തായി എന്നിവരാണ്.മോളി ക്ലീറ്റസിന്റെ നന്ദി പ്രകാശനത്തോടെ ഓണാഘോഷ പരിപാടികൾ പര്യവസാനിച്ചു.

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറയിപ്പിനെത്തുടര്‍ന്ന് അതീവ ജാഗ്രത. ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍ ബോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി കരസേന അറിയിച്ചു. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സൈന്യത്തിന്‍റെ മുന്നറിയിപ്പ്. അതിനിടെ, എട്ട് ലഷ്ക്കറെ തയിബ ഭീകരര്‍ ജമ്മു കശ്മീരിലെ സോപോറില്‍ പിടിയിലായി. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മാതൃകയില്‍ കടല്‍ കടന്ന് ഭീകരര്‍ എത്തിയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം. ദക്ഷിണേന്ത്യയിലും ജമ്മുമേഖലയിലുമാണ് ആക്രമണ സാധ്യതയുള്ളത്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതായി കരസേന ദക്ഷിണ മേഖല കമാന്‍ഡിങ് ചീഫ്‌ അറിയിച്ചു.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനോടുള്ള പ്രതികാരമായി പാക്കിസ്ഥാന്‍ വന്‍നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇതിനിടെയാണ് പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ മസൂദ് അസഹ്റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പാകിസ്ഥാന്‍റെ നടപടിയെന്നാണ് സംശയം. ജമ്മു–സിയാല്‍കോട്ട്, രാജസ്ഥാന്‍ അതിര്‍ത്തികളിലെ പാകിസ്ഥാന്‍റെ അധിക സൈനിക വിന്യാസം ജാഗ്രതയോടെ കാണണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഒാഗസ്റ്റ് ആദ്യവാരം കുപ്‍വാരയിലെ കെരന്‍ മേഖലയില്‍ നുഴഞ്ഞകയറ്റത്തിന് പാക് സൈന്യവും ഭീകരരും നടത്തിയ ശ്രം തകര്‍ത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല.

RECENT POSTS
Copyright © . All rights reserved