Uncategorized
ജയൻ ഇടപ്പാൾ

സൗത്താംപ്ടൺ: സമീക്ഷ ദേശീയ സമ്മേളനം സെപ്റ്റംബർ 7, 8 തീയതികളിൽ ലണ്ടൻ, വെംബ്ലിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി സമീക്ഷയുടെ വിവിധ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു വരുകയാണ്. പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനുമായി സൗത്താംപ്ടനും പോര്ടസ്മോതും സംയുക്തമായി സമീക്ഷയുടെ പുതിയ ബ്രാഞ്ച് രൂപികരിച്ചു. ജൂലൈ 16 ന്, സമീക്ഷയുടെ കേന്ദ്ര കമ്മിറ്റി അംഗവും, സമീക്ഷ ഹീത്രു ബ്രാഞ്ച് സെക്രട്ടറിയുമായ ശ്രീ.ബിനോജ് ജോൺ ഉത്‌ഘാടനം ചെയ്തു. ഉത്‌ഘാടനയോഗത്തിൽ സമീക്ഷ യുകെയുടെ ദേശീയ സെക്രട്ടറി ശ്രീമതി. സ്വപ്നപ്രവീണും, ജോയിന്റ് സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും ഓൺലൈനിൽ പങ്കെടുത്തു. ഉത്‌ഘാടനയോഗത്തിൽ, സമീക്ഷ ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേന്ദ്ര കമ്മിറ്റി അംഗവും, സമീക്ഷ ഹീത്രു ബ്രാഞ്ച് പ്രസിഡന്റുമായ ശ്രീ. മോൻസി അവതരിപ്പിച്ചു. പ്രസ്‌തുത യോഗത്തിൽ, സമീക്ഷ പൂൾ ബ്രാഞ്ച് പ്രസിഡന്റ് ശ്രീ. പോളി മാഞ്ഞൂരാൻ പൂളിൽ നടന്ന ദേശീയ സമ്മേളനത്തെ കുറിച്ചും സമീക്ഷ പൂൾ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും സദസ്സിനോട് വിശദീകരിച്ചു.

സമീക്ഷയുടെ ദേശീയ സമ്മേളനം, ഭാവിപരിപാടികൾ,പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിനായി ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ശ്രീ. മിഥുൻ, വൈസ് പ്രസിഡന്റ്: ശ്രീ. സാബു, സെക്രട്ടറി: ശ്രീ. രഞ്ജീഷ്, ജോയിന്റ് സെക്രട്ടറി: ശ്രീ. റൈനോൾഡ്, ട്രെഷറർ: ശ്രീ. ജോസഫ്.

സമീക്ഷ ദേശീയ സമിതിക്കു വേണ്ടി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ച ശ്രീ. സ്വപ്നപ്രവീൺ കലാസാംസ്കാരിക സംഘടനകൾ നേരിടുന്ന വെല്ലുവിളികളെയും ആനുകാലിക പ്രശ്നങ്ങൾ സംഘടനപരമായി തന്നെ ഏറ്റെടുക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. ബ്രിട്ടന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കലാസാംസ്കാരിക സംഘടന നടത്തുന്ന ദ്വിദിന ദേശീയ സമ്മേളനം വൻവിജയമാക്കുന്നതിനും സെപ്റ്റംബർ 7 ന് നടക്കുന്ന പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്യാൻ എത്തുന്ന കേരളനിയമസഭാ സാമാജികനും കേരളനിയമസഭയിലെ ഇടതുപക്ഷത്തിന്റെ പ്രമുഖവാഗ്മിയും ആയ ശ്രീ. അഡ്വ.എം.സ്വരാജിന്റെ പ്രസംഗം ശ്രവിക്കാനും ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് വ്യക്തത നൽകി, മലയാളമനസാക്ഷിയോട് നിരന്തരം സംവാദിക്കുന്ന പ്രമുഖ സാംസ്‌കാരിക നായകൻ ശ്രീ. സുനിൽ പി ഇളയിടം നയിക്കുന്ന സാംസ്‌കാരിക സെമിനാറിലേക്കും മുഴുവൻ പ്രവർത്തകരെയും സ്വാഗതം ചെയ്തുകൊണ്ട് ബ്രാഞ്ച് രൂപീകരണ യോഗത്തെ സമീക്ഷ ദേശീയ ജോയിന്റ് സെക്രട്ടറിയും, ദേശീയ സമ്മേളന സ്വാഗതസംഘം ഭാരവാഹിയുമായ ശ്രീ. ദിനേശ് വെള്ളാപ്പള്ളി അഭിസംബോധന ചെയ്തു.

പൂളിൽ വെച്ച് നടന്ന സമീക്ഷയുടെ ദേശീയ സമ്മേളനത്തിന് ശേഷം നമ്മെ വിട്ടു പിരിഞ്ഞ കലാസാംസ്കാരിക പ്രവർത്തകർക്ക് അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ യോഗത്തിൽ,സമീക്ഷ കേന്ദ്ര കമ്മിറ്റി അംഗവും,പൂൾ ബ്രാഞ്ചിന്റെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ശ്രീ. പ്രസാദ് ഒഴാക്കൽ സ്വാഗതവും ശ്രീ. നോബിൾ മാത്യു നന്ദിയും പറഞ്ഞു.

കോസ്മോപോളിറ്റൻ ക്ലബിൻെറ സമ്മർ ഫെസ്റ്റിവലിൽ നൂറിലധികം പേര് പങ്കെടുത്തു . കഴിഞ്ഞ ജൂലൈ പതിമൂന്നിന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ വിറ്റ് ചർച്ചിലെ വിറ്റ് ചർച്ച്‌ ഗ്രീൻഫീൽഡ്‌പാർക്കിലാണ് സമ്മർ ഫെസ്റ്റിവലിൽ നടന്നത് . കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങൾ ഗ്രീൻഫീൽഡ്‌പാർക്കിൽ അരങ്ങേറി . മത്സരത്തിൽ പങ്കെടുത്തവർക്ക് സെപ്തംബർ പതിനഞ്ചിലെ ഓണാഘോഷത്തിൽവച്ച് സമ്മാനം വിതരണം ചെയ്യും .


സമ്മർഫെസ്റിവലിനോടനുബന്ധിച്ചു കോസ്മോപോളിറ്റൻ ക്ലബിൻെറ ഫുഡ്‌സ്‌റ്റാളും പ്രവർത്തിച്ചിരുന്നു . യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് നിരവധി സന്നദ്ധ സേവന , കല , കായിക , പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു .

വാല്‍ത്സിങ്ങാം: പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യു കെ യിലേക്ക് മാതൃനിർദ്ദേശത്തിൽ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിൽ സീറോ മലബാർ സഭ നടത്തുന്ന മൂന്നാമത് തീർത്ഥാടനത്തിൽ വൻ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. അതിനാലെ തന്നെ ഗതാഗത അസൌകര്യങ്ങൾ ഒഴിവാക്കുന്നതിനായി തീർത്ഥാടനത്തിനു എത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്സ് നല്കുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് കോൾചെസ്റ്ററിലെ തീർത്ഥാടന സംഘാടക സമിതി പ്രത്യേകം അഭ്യർത്ഥിച്ചു.

തീർത്ഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്റെ തൊട്ടടുത്ത സ്ഥലത്തായി (ആറേക്കർ) വിസ്തൃതമായ സൗജന്യ പാർക്കിംഗ് സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഘാടകര് തയ്യാറാക്കിയിട്ടുള്ള കോച്ച് പാർക്കിങ്ങിലേക്കുള്ള റൂട്ട് മാപ്പ് കോച്ചിൽ വരുന്നവർ പാലിക്കണം. ഗതാഗത നിർദ്ദേശങ്ങളുമായി റോഡരികിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സഹായവും നിർദ്ദേശവുമായി വോളണ്ടിൻയേഴ്‌സും വഴിയിൽ ഉണ്ടായിരിക്കും.

പരിസരം മലീമസമാക്കാതെ ഓരോ തീർത്ഥാടകരും ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുക. മരുന്നുകൾ അവരവരുടെ കൈവശം കരുതുവാൻ മറക്കരുത്. തീർത്ഥാടകർക്കായി പ്രാഥമിക ചികിത്സക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു.

തീർത്ഥാടന പ്രദക്ഷിണത്തിൽ മരിയ പുണ്യ ഗീതങ്ങൾ ആലപിച്ചും, പരിശുദ്ധ ജപമാല സമർപ്പിച്ചും, ഭയ ഭക്തി ബഹുമാനത്തോടെ മറ്റുള്ള തീർത്ഥാടകർക്ക് മാതൃകയും, പ്രോത്സാഹനവുമായി താന്താങ്ങളുടെ ഗ്രൂപ്പുകളിൽ ചിട്ടയോടെ നടന്നു നീങ്ങേണ്ടതാണ്. നിരകൾ വിഘടിക്കാതെയും, വേറിട്ട കൂട്ടമായി മാറാതിരിക്കുവാനും അതാതു കമ്മ്യുനിട്ടികൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. മുത്തുക്കുടകൾ ഉള്ളവർ കൊണ്ടുവന്നാൽ തീർത്ഥാടനം കൂടുതൽ വർണ്ണാഭമാക്കാവുന്നതാണ്.

സ്വാദിഷ്ടമായ ചൂടൻ ഭക്ഷണങ്ങൾ ചാപ്പൽ പരിസരത്തു തയ്യാറാക്കിയിരിക്കുന്ന ഫുഡ്‌ സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യക്കുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏവർക്കും താമസം അധികം വരുത്താതെ ഭക്ഷണം നൽകുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ 9:00 മണി മുതൽ11:00 മണി വരെ ആരാധനയും സ്തുതിപ്പും തുടർന്ന് 11:00 മുതൽ 12:00 മണി വരെ പ്രമുഖ ധ്യാന ഗുരു ഫാ. ജോർജ്ജ് പനക്കൽ മരിയൻ പ്രഘോഷണവും നടത്തും. ഉച്ചക്ക് 12:00 മുതൽ 12:45 മണിവരെ കുട്ടികളെ അടിമ വെക്കുന്നതിനും, ഭക്ഷണത്തിനായുള്ള ഇടവേളയുമാണ്. കുട്ടികളെ അടിമ വെക്കുവാൻ ആഗ്രഹിക്കുന്നവർ വോളണ്ടിയെഴ്സിൽ നിന്നും കൂപ്പണ്‍ മുൻ കൂട്ടി വാങ്ങിയ ശേഷം നിർദ്ദേശങ്ങൾക്ക് അനുസൃതമായി ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.

തുടർന്ന് 12:45 ന് ആമുഖ പ്രാര്‍ത്ഥനയും തുടർന്ന് മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, മരിയ ഭക്തര്‍ തീര്‍ത്ഥാടനം ആരംഭിക്കും.

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യ കാർമികനായി മാർ സ്രാമ്പിക്കൽ പിതാവ് നേതൃത്വം വഹിക്കും. വികാരി ജനറാളുമാരോടൊപ്പം യു കെ യുടെ നാനാ ഭാഗത്ത് നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും.

യു കെ യിലെ മുഴുവൻ മാതൃ ഭക്തരും ശനിയാഴ്ച തീർത്ഥാടനത്തിൽ അണി നിരക്കുമ്പോൾ വാല്‍ത്സിങ്ങാം മലയാള മാതൃ സ്തോത്രങ്ങളാൽ മുഖരിതമാവും.

തീർത്ഥാടനത്തിൽ പങ്കു ചേരുന്നവർ ഈ തീർത്ഥാടന ദൗത്യം അനുഗ്രഹ പൂരിതമാകുവാൻ മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരുവാൻ തോമസ് പാറക്കണ്ടത്തിൽ, ഫാ ജോസ് അന്ത്യാംകുളം എന്നിവർ പ്രത്യേകം നിഷ്കർഷിച്ചു.

സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയോത്സവത്തിനു അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായതായി തീർത്ഥാടനത്തിനു നേതൃത്വം നല്കുന്ന ആതിഥേയരായ ഈസ്റ്റ്‌ ആംഗ്ലിയായിലെ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റി അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

ആമസോണിലൂടെയുള്ള സ്റ്റാബ് – പ്രൂഫ് വെസ്റ്റുകളുടെ വിൽപ്പനയിൽ ഉള്ള വർദ്ധന, യുകെയിലെ നഗരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകൾ ആണ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെയും, വെയിൽസിലേയും കൊലപാതക നിരക്ക് 10 വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ കത്തി ഉപയോഗിച്ചുള്ള കൊലപാതക ശ്രമങ്ങൾ നാൽപതിനായിരത്തോളം ആണ്.അതുകൊണ്ടുത ന്നെ യുവാക്കളും, രാത്രിയിൽ നിശാക്ലബ്ബിലെ പാർട്ടികളിൽ പങ്കെടുക്കുന്നവരും മറ്റും സ്റ്റാബ് – പ്രൂഫ് വെസ്റ്റുകൾ ധരിക്കുന്നു.

ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതും, ധരിക്കുന്നതും നിയമവിരുദ്ധമല്ല. ആമസോണിലൂടെ 15 പൗണ്ടിന് ഇത്തരം വസ്ത്രങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലുള്ള വർധനയാണ് ആശങ്ക ഉളവാക്കുന്നത്. മാതാപിതാക്കൾ സ്വന്തം മക്കളുടെ സുരക്ഷയ്ക്കായി ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. ഇത് വാങ്ങിയവരിൽ, ജോർജിയാനാ എന്നൊരു സ്ത്രീ എഴുതിയ റിവ്യൂയിൽ, സ്വന്തം മകന് അടിക്കടി ഉണ്ടാകുന്ന ഭീഷണികൾ മൂലമാണ് ഇത് വാങ്ങിയതെന്ന് രേഖപ്പെടുത്തുന്നു. ഇത് മാനസിക ധൈര്യം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

ചുറ്റുപാടും നടക്കുന്ന അപകടങ്ങളെ കുറിച്ചുള്ള ഭീതി മൂലമാണ് 15 വയസ്സുകാരനായ മകന് മാതാപിതാക്കൾ ഇത് സമ്മാനിച്ചത്. ഇത്തരം വസ്ത്രങ്ങൾ ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതമാണെന്ന് മറ്റൊരു ഉപഭോക്താവ് രേഖപ്പെടുത്തി.

എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അപകടങ്ങൾ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കു എന്ന് യുവാക്കളുടെ ചാരിറ്റി ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ മാത്രമല്ല, നിശാ ക്ലബ്ബുകളിലെ ജീവനക്കാരും മറ്റും ഇത് വാങ്ങി ധരിക്കുന്നുണ്ട്. സ്വന്തം ജീവനെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം വസ്ത്രങ്ങൾ വാങ്ങിക്കുന്നതിന് എല്ലാവരെയും പ്രേരിപ്പിക്കുന്നത്.

 

ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടകളുടെ ഭാഗമായ ടിക്കെറ്റ് വില്‍പ്പനയുടെ ഉത്ഘാടനം പ്രസിഡണ്ട്‌ ഇ ജെ കുരൃാക്കോസ് ലിമയുടെ മുന്‍ ജോനിന്റ്റ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ ആന്‍റോ ജോസിനു അദ്ദേഹത്തിന്റെ ബെര്‍ക്കിന്‍ ഹെഡിലെ വീട്ടിലെത്തി നല്‍കികൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു .


ഇന്നു നടന്ന ചടങ്ങില്‍ ലിമ എക്സികൂട്ടിവ് അംഗങ്ങളും സീനിയര്‍ മെമ്പറന്‍മാരും സന്നിഹിതരായിരുന്നു. .ചടങ്ങില്‍ വച്ച് സജി ജോണിനും , റൊണാള്‍ഡ്‌ തോണ്ടിക്കല്‍, സിന്‍ഷോ മാത്യു , ജോര്‍ജ് കിഴക്കേക്കര, എന്നി ലിമയുടെ ആദൃകാല പ്രവര്‍ത്തകര്‍ക്കും എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ടിക്കറ്റുകള്‍ നല്‍കി


ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റെമ്പര്‍ 21ാം തിയതി ശനിയാഴ്ച വിസ്ട്ടോന്‍ ടൌണ്‍ ഹാളില്‍ വച്ചാണ് നടക്കുന്നത്. ഇതിലേക്കായി ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നതെന്നു സെക്രെട്ടറി എല്‍ദോ സണ്ണി പറഞ്ഞു .ഈ കല, കായിക മമാങ്കത്തിലേക്ക് എല്ല മലയാളി സുഹുര്‍ത്തുക്കളെയും ക്ഷണിക്കുന്നു .
,ലിമക്ക് വേണ്ടി PRO ഹരികുമാര്‍ ഗോപാലന്‍ .

ബർമിംങ്ങ്ഹാം:- നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിടേജിന്റെ ആഭിമുഖ്യത്തിൽ സംസ്കൃതി 2019 ജൂലൈ 6 ശനിയാഴ്ച ബർമ്മിങ്ഹാം ബാലാജി ക്ഷേത്ര സമുച്ചയത്തിലുള്ള വിവിധ സാംസ്കാരിക വേദികളിൽ വച്ച് വിപുലമായ രീതിയിൽ വൻ ജനാവലിയെ സാക്ഷിയാക്കി നടത്തപ്പെട്ടു. രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു 9 മണിയോടെ രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സാരാർത്ഥികൾ ചെസ്റ്റ് നമ്പർ കൈപ്പറ്റി. ഹൈന്ദവദർശനത്തിലൂന്നിയുള്ള കലാമാമാങ്കത്തിൽ യു കെ യിലെ ഹൈന്ദവ സമാജങ്ങളുടെ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. കലാമത്സരങ്ങളിൽ സബ് ജൂനിയർ,ജൂനിയർ,സീനിയർ എന്നി തലങ്ങളിലായി നൃത്തം,സംഗീതം,ചിത്രരചന,കഥാരചന,പ്രസംഗം,,തിരുവാതിര,ഭജന,ലഘുനാടകം, ചലചിത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ വളരെ വാശിയേറിയ മത്സരങ്ങളാണ് നടന്നത്. രാവിലെ 10 മണിക്കാരംഭിച്ച മത്സരങ്ങൾ മത്സരാർത്ഥികളുടെ ബാഹുല്യം കാരണം രാത്രി 8 മണിവരെ നീണ്ടുനിന്നു. ഓരോ ഇനവും ഉന്നതനിലവാരം പുലർത്തുന്നതായിരുന്നു. വിധികകർത്താക്കളായി യു കെ യിലെ നൃത്താദ്ധ്യപികര്‍ ദീപാ നായര്‍ , ആരതി അരുണ്‍ എന്നിവർ കലാമേളയിലുടനീളം സന്നിഹിതരായിരുന്നു.


മത്സരങ്ങൾക്ക്ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി നമുക്കേവർക്കും സുപരിചിതനായ ശ്രീ രാജമാണിക്യം IAS പങ്കെടുത്തു . ഉത്ഘാടന പ്രസംഗത്തിൽ കലാമേളകൾ നടത്തേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. ശ്രീ പ്രശാന്ത് രവി സ്വാഗതം ആശംസിച്ചു . പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ കഴിവ്തെളിയിച്ച ഒരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുകയും ആദരിക്കുകയും എന്നുള്ളതാണ് സംസ്കൃതിയുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ചെയർമാൻ ശ്രീ. ഗോപകുമാർ വ്യക്തമാക്കി. നാഷണല്‍ കൗണ്‍സിലിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ശ്രീ. സുരേഷ് ശങ്കരന്‍കുട്ടി വിശദമാക്കി. സമ്മേളനന്തരം വിജയികൾക്കും ,കലാ പ്രതിഭ, കലാ തിലകം, പ്രശസ്തിപത്രം, ഫലകം എന്നിവ നല്കി ആദരിച്ചു. സംസ്കൃതി – 2019 ൽ വന്നുചേർന്ന എല്ലാവർക്കും ശ്രീ. അഭിലാഷ് ബാബു നന്ദിപ്രകാശിപ്പിച്ചു . അടുത്ത വർഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരും പരസ്പരം നന്ദിചൊല്ലിപ്പിരിഞ്ഞു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാമത് വാൽസിങ്ങാം തീർത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും.

പരിശുദ്ധ അമ്മയുടെ സന്നിധേയത്തിൽ തങ്ങളുടെ പ്രാർത്ഥനയും, മാതൃ ഭക്തിയും സ്നേഹവും പ്രകടമാക്കുവാനായി മലയാളി മാതൃ ഭക്തർ നീക്കി വെച്ചിരിക്കുന്ന ഈ സുദിനം പൂർണ്ണമായി മാതൃ സമക്ഷത്തിലായിരിക്കുവാനും പ്രാർത്ഥനയിൽ നിറയുവാനും ഏവരും രാവിലെ തന്നെ എത്തുവാൻ ശ്രമിക്കണമെന്ന് മാർ സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.തുടർന്ന് മരിയൻ പ്രഘോഷണ പ്രസംഗം പ്രമുഖ ധ്യാന ഗുരുവും, ഡിവൈൻ റിട്രീറ് സെന്റർ ഡയറക്ടറുമായ ഫാ. ജോർജ്ജ് പനക്കൽ വീ സി നടത്തും.

മരിയൻ പ്രഘോഷണത്തിനു ശേഷം കുട്ടികളെ അടിമ വെക്കുന്നതിനും തുടർന്ന് ഭക്ഷണത്തിനുള്ള ഇടവേളയുമാണ്. 12:45 നു മരിയൻ ത്യജേർത്ഥാടനം ആരംഭിക്കും. ഉച്ച കഴിഞ്ഞു 2:45 നു മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ സമൂഹ ബലി അർപ്പിക്കും. വികാരി ജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ.ജോർജ്ജ് ചേലക്കൽ, ഫാ.ജിനോ അരീക്കാട്ട് എന്നിവരോടൊപ്പം യു കെ യുടെ വിവിധ ഭാഗങ്ങളിലായി അജപാലന ശുശ്രുഷ നിർവ്വഹിക്കുന്ന സീറോ മലബാർ വൈദികരും സഹകാർമ്മികരാവും.

മാതൃ ഭക്തർക്കായിമിതമായ നിരക്കിൽ സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതാണ്.

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിനായി മാതൃ ഭക്തർ ഏവരും ജൂലൈ 20 നു പ്രാർത്ഥിച്ചൊരുങ്ങി തീർത്ഥാടനത്തിൽ പങ്കു ചേരുവാനും മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാനും തോമസ് പാറക്കണ്ടത്തിൽ അച്ചൻ, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവർ ഏവരെയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL

Invitation

മലയാളം യുകെ ന്യൂസ് ബ്യുറോ

ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതുമായി വിശേഷിപ്പിച്ച യുകെ അംബാസഡർ കിം ഡാരോച്ച് രാജിവെച്ചു. വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകളിൽ നിന്നുയർന്ന വൻ വിവാദങ്ങൾ അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. വൈറ്റ് ഹൗസ് ഭിന്നിച്ചതാണെന്നും പ്രവർത്തനരഹിതമാണന്നും വിവരിച്ച് കിം അയച്ച മെയിലുകൾ ചോർന്നത് യുകെയിലും യുഎസിലും വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ട്രംപിനെ വിമർശിച്ച യുകെ അംബാസഡറിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് തെരേസ മേ അറിയിച്ചപ്പോൾ കിം ഒരു വിഡ്ഢി ആണെന്നും അദ്ദേഹം വേണ്ടുംപോലെ യുകെയെ സേവിച്ചിട്ടില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. കിം ഡാരോച്ചിന്റെ രാജി ഒരു രാഷ്ട്രീയ അശാന്തിയിലേക്കാണ് ബ്രിട്ടനെ നയിക്കുന്നത്.

താൻ പ്രധാനമന്ത്രിയായാൽ കിമ്മിന് അംബാസഡർ ആയി തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബോറിസ് ജോൺസൺ ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ പറയുകയുണ്ടായി. ബോറിസിന്റെയും പിന്തുണ നഷ്ടമായതോടെ രാജി തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് കിം അറിയിച്ചു. മുന്നോട്ട് അംബാസഡർ ആയി തുടരാൻ അസാധ്യമാണെന്നും അതിനാൽ രാജിവെക്കുകയാണെന്നും കിം തന്റെ രാജിക്കത്തിൽ പറയുന്നു.ട്വിറ്ററിലൂടെ ട്രംപ് തന്റെ രോക്ഷം പ്രകടിപ്പിച്ചു. കുറച്ചു ദിവസമായി നീണ്ടുനിന്ന ഒരു പ്രതിസന്ധിക്ക് വിരാമമായെങ്കിലും കുറ്റവാളിയെ കണ്ടെത്തുക എന്ന പ്രശ്നം മുന്നിൽ നിൽക്കുന്നു. കിം രാജിവെച്ചെങ്കിലും ചോർന്ന ഇമെയിലുകൾ സൃഷ്‌ടിച്ച ഭീതി ഇപ്പോഴും നിലനിൽക്കുന്നു.ഇനിയും കൂടുതൽ മെയിലുകൾ ചോർന്നേക്കാം എന്ന് വിദേശകാര്യാലയത്തിലെ സർ സൈമൺ മക്‌ഡൊണാൾഡ് അറിയിച്ചു. സ്റ്റാഫ് മീറ്റിംഗിൽ സൈമൺ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾ പരിഭ്രാന്തരായി ഇരിക്കുകയാണ്. ഞങ്ങളുടെ ഔദ്യോഗിക ജീവിതവും ഇതിലൂടെ പരീക്ഷിക്കപ്പെടുകയാണ്. കുറ്റവാളിയെ എത്രയുംവേഗം കണ്ടുപിടിക്കുവാൻ നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” തെരേസ മേയും ജെറമി ഹണ്ടും ഒക്കെ കിമ്മിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഒപ്പം കിം രാജ്യത്തിനുവേണ്ടി ചെയ്ത എല്ലാ സേവനങ്ങൾക്കും സൈമൺ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

ബോറിസ് ജോൺസന്റെ അഭിപ്രായത്തെ വിമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ പറഞ്ഞു “ഒരു തരത്തിൽ ബോറിസ് കിമ്മിനെ ചതിക്കുകയായിരുന്നു.” അതേസമയം കിമ്മിന് തന്റെ സ്ഥാനത്തുതന്നെ തുടരാമെന്ന് ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ ഹണ്ട് പറയുകയുണ്ടായി. യുഎസുമായി നല്ല ബന്ധം പുലർത്തണമെന്ന് ജോൺസണും അതിൽ അഭിപ്രായപ്പെട്ടിരുന്നു. അലൻ ഡങ്കൻ ബിബിസിയോട് ഇപ്രകാരം പറഞ്ഞു. ” കോമൺസിലെ പലർക്കും ബോറിസ് ചെയ്തതിനോട് എതിർപ്പും വെറുപ്പുമുണ്ട്. കിമ്മിനെ ബോറിസ് പിന്തുണയ്ക്കാത്തത് രാജ്യത്തോടുള്ള അദേഹത്തിന്റെ താല്പര്യത്തെ വ്യകതമായി കാട്ടിത്തരുന്നു.” കിമ്മിന്റെ രാജിയിൽ തെരേസ മേയും ജെറമി ഹണ്ടും ഖേദം പ്രകടിപ്പിച്ചു. “കിം രാജ്യത്തിനുവേണ്ടി ഒരുപാട് സേവനം ചെയ്തു. വളരെയധികം നന്ദിയുണ്ട്.”മേ അറിയിച്ചു.”എപ്പോഴൊക്കെ ഞാൻ വാഷിംഗ്‌ടണ്ണിൽ പോയിട്ടുണ്ടോ, അപ്പോഴെല്ലാം കിം തന്റെ പ്രവർത്തന ശൈലി കൊണ്ട് എന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട്.”ജെറമി ഹണ്ട് പറയുകയുണ്ടായി. കിമ്മിനെ പിന്തുണയ്ക്കാത്ത ബോറിസിന്റെ നിലപാടിനെ മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാൻഡും കുറ്റപ്പെടുത്തി. ഇതുപോലൊരു സംഭവം ഇതുവരെ നടന്നിട്ടില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും യുഎസും യുകെയും തമ്മിലുള്ള ശക്തമായ ബന്ധം ഒരു വ്യക്തിക്ക് മേലെയാണെന്നും സൈമൺ മക്‌ഡൊണാൾഡ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിലൂടെ യുഎസ് – യുകെ ബന്ധം എന്താകുമെന്നും കിമ്മിന്റെ രാജി ബ്രിട്ടനിൽ രാഷ്ട്രീയ അശാന്തിക്ക് വഴിയൊരുക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു.

വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ച് , ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ചു കൊണ്ട് അയച്ച ഈമൈലുകൾ ചോർന്നത് പല വിവാദങ്ങൾക്കും തിരികൊളുത്തി. ഡാരോച്ചിന്റെ ഈ അഭിപ്രായത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. തെരേസ മേയും തന്റെ അഭിപ്രായം രേഖപ്പെടുത്തി. കിം ഡാരോച്ചിനെ പൂർണ വിശ്വാസം ഉണ്ടെന്നും എന്നാൽ യുഎസിനെ പറ്റിയുള്ള അദേഹത്തിന്റെ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്നും മേ അറിയിച്ചു. ഒരു ക്രിമിനൽ അന്വേഷണം വേണമെന്ന് മുതിർന്ന കൺസേർവേറ്റിവ് പാർട്ടി എംപി പോലീസിനോട് ആവശ്യപ്പെട്ടു. സത്യസന്ധമായ അഭിപ്രായങ്ങൾ നൽകുക എന്നതാണ് അംബാസഡറുടെ കടമയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ” ഈ ചോർന്ന ഇമെയിലുകൾ അസ്വീകാര്യമായവയാണ്. ഈ മെയിലുകൾ തീർത്തും അംഗീകരിക്കാൻ കഴിയാത്തവയാണെന്ന് ട്രംപ് ഭരണകൂടത്തെ അറിയിക്കാൻ ഞങ്ങൾ ശ്രമിച്ചു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശകാര്യ കമ്മിറ്റി ചെയർമാൻ ടോം ടുഗൻഡ്ഹാറ്റ് ഇപ്രകാരം അറിയിച്ചു ” ഈ പ്രശ്നത്തിൽ ഒരു അന്വേഷണം നടത്താൻ വേണ്ടി കമ്മീഷണർ ക്രീസിഡ ഡിക്കിന് കത്തെഴുതിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്, ചോർന്ന മെയിലിന്റെ ഉറവിടം കണ്ടെത്തണം എന്നും അവരോട് ആവശ്യപ്പെട്ടു.” ഒരു അന്വേഷണം ആവശ്യമാണെന്ന് വിദേശ കാര്യാലയ മന്ത്രി സർ അലൻ ഡങ്കനും അഭിപ്രായപ്പെട്ടു. ഈ ചോർച്ച അധാർമ്മികവും ദേശസ്നേഹമില്ലാത്തതുമാണെന്നും ഇമെയിലുകൾ പുറത്തുവിടുന്നവർ യുകെയും യുഎസും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നുവെന്നും വാണിജ്യ സെക്രട്ടറി ലിയാം ഫോക്സ് ബിബിസിയോട് പറഞ്ഞു. “കുറ്റവാളിയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.ഇത്തരത്തിൽ ഉള്ള ആളുകൾക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടായിരിക്കുകയില്ല” ഫോക്സ് കൂട്ടിച്ചേർത്തു.

ലേബർ പാർട്ടി ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി കിമ്മിനെ അനുകൂലിച്ച് സംസാരിച്ചു.കിം സത്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയതെന്നും അത് അദേഹത്തിന്റെ ജോലിയാണെന്നും അവർ പറഞ്ഞു. എന്നാൽ യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം ഇപ്രകാരം ആയിരുന്നു “ഞങ്ങൾ ആരും കിമ്മിന്റെ ആരാധകരല്ല, കിം യുകെയെ വേണ്ടുംപോലെ സേവിച്ചിട്ടില്ല”. ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായാൽ കിമ്മിനെ പോലുള്ള ആളുകൾ ഉണ്ടാവില്ലെന്ന് ബ്രെക്സിറ്റ്‌ പാർട്ടി ലീഡർ നിഗെൽ ഫരാഗ്, ബിബിസി റേഡിയോ 4 പ്രോഗ്രാമിൽ പങ്കെടുക്കവേ അഭിപ്രായപ്പെടുകയുണ്ടായി.

 

ജന്മനാ ലഭിക്കുന്ന കലാ സംഗീത വാസനകള്‍ ഒരു അനുഗ്രവും ഭാഗ്യവുമാണ്. ആ കഴിവിനെ യോജിച്ച ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് അനിവാര്യമായ കാര്യം. യുകെ മലയാളികള്‍ക്കിടയില്‍ നൃത്തത്തില്‍ അഭിരുചിയുള്ളവരെ കലയുടെ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കുന്ന നൃത്താധ്യാപിക ജിഷ ടീച്ചര്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന വ്യക്തിയാണ്.

ജിഷ സംഗീത നൃത്ത്യ കലാ അക്കാഡമിയില്‍ ജിഷ ടീച്ചറുടെ ശിക്ഷണത്തില്‍ നൂറുകണക്കിന് കുട്ടികളാണ് കലയുടെ മാസ്മരിക ലോകത്ത് ചുവടുവെയ്ക്കുന്നത്. നൃത്തകലാ ലോകത്ത് തന്റെതായ പ്രതിഭ തെളിയിച്ച ജിഷ ടീച്ചറുടെ എല്ലാ ശിഷ്യരും ഒരുമിച്ച് ചേര്‍ന്ന് യുകെയില്‍ അവിസ്മരണീയമായ നൃത്തവിരുന്ന് ഒരുക്കുകയാണ്. നൂപുര ധ്വനി എന്നപേരില്‍ ഒരുക്കുന്ന ഈ കലാമാമാങ്കം ജൂലൈ 7, ഞായറാഴ്ച ന്യൂപോര്‍ട്ടില്‍ അരങ്ങേറും. ന്യൂപോര്‍ട്ട് റോഗ്മോണ്ട് സ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 9 മണി വരെയാണ് നൂപുര ധ്വനി അരങ്ങേറുക.

കലാമണ്ഡലത്തില്‍ നിന്നും നൃത്തം അഭ്യസിച്ച ജിഷ ടീച്ചര്‍ യുകെയിലെ വിവിധ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. യുബിഎംഎ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ടീച്ചര്‍ കൂടിയാണ് ജിഷ. സ്വിന്‍ഡന്‍, ബാത്ത്, കാര്‍ഡിഫ്, ന്യൂപോര്‍ട്ട് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ജിഷ സംഗീത നൃത്ത്യ കലാ അക്കാഡമിയ്ക്ക് യുകെയില്‍ വിവിധ ഇടങ്ങളിലായി ഏകദേശം 13 ഓളം സെന്ററുകളുണ്ട്. ഈ നൃത്ത കേന്ദ്രങ്ങളില്‍ നിന്നുമുള്ള മികച്ച ശിഷ്യരാണ് വേദിയില്‍ കലാവിരുന്ന് ഒരുക്കുന്നത്. കര്‍ണാട്ടിക് മ്യൂസിക്കും, ഡാന്‍സും ഒത്തുചേരുന്ന മനോഹരമായ കലാപരിപാടിയാണ് നുപര ധ്വനിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വേദിയില്‍ മികച്ച നാടന്‍ ഭക്ഷണവും ലഭ്യമായിരിക്കും. വര്‍ണ്ണോജ്ജ്വലമായ നൃത്തവിരുന്നിന് മിതമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 07896224567

നൂപുര ധ്വനി വേദി:

Rougemount school

Malpas road

Newptort NP20 6QB

RECENT POSTS
Copyright © . All rights reserved