ടോം ജോസ് തടിയംപാട്
തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പാലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠന് അന്തിയുറങ്ങാന്‍ ഒരു വീടുപണിത് നല്‍കുന്നതിനു വേണ്ടിയും, വിധവയും രോഗികളായ മൂന്ന് മക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതില്‍ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകള്‍ക്കും വീടു പണിയുന്നതിനും സഹായം നല്‍കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ഈ ചാരിറ്റി നടത്തുന്നത്. മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ വീഡിയോ ഞങ്ങള്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ പിരിക്കുന്ന പണം സബ് കളക്ടര്‍ ഡോക്ടര്‍ രേണുക രാജിനെ ഏല്‍പ്പിക്കുമെന്ന് അറിയിക്കുന്നു.
മണികണ്ഠന് വേണ്ടി യു.കെയിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526) ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. ലഭിക്കുന്ന പണം ഇവര്‍ക്ക് മുന്നുപേര്‍ക്കുമായി നല്‍ക്കും എന്നറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു.കെയില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004ലുണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വെള്ളപൊക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖ്യമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ലാ കളക്ടറെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഇതുവരെ 70 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയ്ക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.
ഞങ്ങള്‍ ഇതുവരെ സൂതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
”ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”
കൂടുതല്‍ വിവരങ്ങള്‍ക്ക്;
സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.
റെജി നന്തികാട്ട് ( പി. ആർ. ഒ , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )
ബാസിൽഡൺ : 2019 ഏപ്രിൽ 20 ശനിയാഴ്ച ബാസിൽഡണിലെ ദി ജെയിംസ് ഹോൺസ്‌ബി സ്കൂളിൽ വച്ച് നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പുതിയ കമ്മറ്റിയുടെ ആദ്യ യോഗത്തിൽ റീജിയണൽ പ്രസിഡണ്ട് ബാബു മങ്കുഴി അദ്ധ്യക്ഷത വഹിച്ചു . റീജിയണൽ സെക്രട്ടറി സിബി ജോസഫ് യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു . തന്റെ ആശംസ പ്രസംഗത്തിൽ കഴിഞ്ഞ 10 വർഷമായി പിന്തുടരുന്ന ഐക്യവും ഒത്തൊരുമയുമാണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കെട്ടുറപ്പിന് കാരണമെന്നും , ആ ഐക്യവും ഒത്തൊരുമയും ശക്തമാക്കാൻ ഈ കമ്മറ്റിയും ശ്രമിക്കുമെന്നും , മുൻ സെക്രട്ടറിയും നിലവിലെ നാഷണൽ എക്സിക്യൂട്ടിവ് അംഗവുമായ ജോജോ തെരുവന്റെ ഏകോപന ശൈലി പിന്തുടരാനാണ് താനും ആഗ്രഹിക്കുന്നതെന്നും പുതിയ സെക്രട്ടറി ശ്രീ : സിബി ജോസഫ് അറിയിച്ചു . റീജിയന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് സ്വാർത്ഥ ലാഭേച്ഛ ഇല്ലാതെ , കക്ഷി – രാഷ്ട്രീയ പ്രേരിതമല്ലാതെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് ബാബു മങ്കുഴി റീജിയന്റെ പുതിയ പ്രവർത്തന വർഷത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു .
ഒറ്റക്കെട്ടായുള്ള റീജിയന്റെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ മുമ്പോട്ട് കൊണ്ടുപോകണമെന്നും , യുക്മ നാഷണൽ കമ്മിയുടെ പ്രഖ്യാപിത പരിപാടികൾ യഥാക്രമം റീജിയണൽ തലത്തിലും നടപ്പിൽ വരുത്തണമെന്നും കമ്മിറ്റിയിൽ തീരുമാനമായി . യുക്മ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ , എല്ലാവരെയും ഉൾക്കൊള്ളുക എന്ന യുക്മയുടെ പ്രഖ്യാപിത ലക്ഷ്യം മുൻ നിർത്തി , ഈസ്റ്റ് ആംഗ്ലിയ റീജിയനെ കർമ്മപഥത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന പരിചയസമ്പന്നരെയും, അഭ്യുദയകാംക്ഷികളെയും ചേർത്തുകൊണ്ട് വേണം ഈസ്റ്റ് ആംഗ്ലിയ റീജിയൻ മുമ്പോട്ട് പോകേണ്ടത് എന്ന ആശയം യോഗത്തിൽ അംഗീകരിക്കപ്പെട്ടു. റീജിയണൽ സ്പോർട്ട്സ് മീറ്റ് , റീജിയണൽ കലാമേള എന്നിവ ഭംഗിയായി നടത്തുവാനും , റീജിയനോട് സഹകരിക്കാൻ താല്പര്യപ്പെടുന്ന ഇതര അസോസിയേഷനുകളെ റീജിയന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും കമ്മിറ്റി ചർച്ച ചെയ്തു.
റീജിയന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും , വിപുലപ്പെടുത്തുന്നതിനും പരിചയ സമ്പന്നരായ മുൻ യുക്മ ഭാരവാഹികളെ ഉത്തരവാദിത്തങ്ങൾ നൽകി കമ്മിറ്റിയോട് ചേർക്കാൻ യോഗത്തിൽ തീരുമാനമായി . ഇപ്രകാരം മുൻ നാഷണൽ പ്രസിഡണ്ട് അഡ്വ : ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ , മുൻ നാഷണൽ സെക്രട്ടറി ബാലസജീവ് കുമാർ , മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ , മുൻ നാഷണൽ കമ്മിറ്റി അംഗം കുഞ്ഞുമോൻ ജോബ് , മുൻ റീജിയണൽ ട്രെഷറർ ഷാജി വർഗ്ഗീസ് എന്നിവരെ റീജിയന്റെ ഉപദേശക സമിതി അംഗങ്ങളായി യോഗം തിരഞ്ഞെടുത്തു .
യുക്മ എന്ന ലാഭേച്ഛ ഇല്ലാതെ , ജാതി – മത – രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി , യുകെ മലയാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ട സംഘടനയുടെ ദേശീയ ഇലക്ഷനുമായി ബന്ധപ്പെട്ടും , അതിനു ശേഷം നാഷണൽ കമ്മിറ്റി എടുത്ത നിലപാടുകളും സംഘടനക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത കുറയുവാൻ കാരണമായെന്ന് ഈസ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റി നിരീക്ഷിച്ചു.
സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ പദവിയെ അസാധുവാക്കികൊണ്ട് , തോറ്റ സ്ഥാനാർത്ഥിയെ റീജിയണൽ പ്രസിഡണ്ടായി നിയോഗിക്കാനുള്ള നാഷണൽ ഭാരവാഹികളുടെ തീരുമാനം റീജിയനുകളുടെ പരമാധികാരത്തിൽ ഉള്ള കടന്നുകയറ്റമാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
സമാന സാഹചര്യത്തിൽ തർക്കം നിലനിൽക്കുന്ന സൗത്ത് വെസ്റ്റ് റീജിയണിലെ നാഷണൽ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ നടപടിയെടുക്കാത്തത് തുല്യനീതി നടപ്പിൽ വരുത്തുന്നതിനുള്ള വീഴ്ചയാണെന്നും യോഗം വിലയിരുത്തി. യുക്മയെ കൂടുതൽ ജനകീയമാക്കുന്നതിന് പകരം പൊതുസമൂഹത്തിൽ നിന്ന് അകറ്റുന്ന ഇതുപോലെയുള്ള വെട്ടിനിരത്തൽ നടപടികളെ പൂർണ്ണമായും തള്ളിക്കളയുവാനും ഈസ്റ്റ് ആംഗ്ലിയ പ്രഥമ റീജിയണൽ കമ്മിറ്റി തീരുമാനമെടുത്തു .
യുക്മയുടെ പ്രവർത്തനപരിപാടികളിലും , ചാരിറ്റി പ്രവർത്തനങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനം തുടരുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ യുക്മ എന്ന ജനകീയ കൂട്ടായ്മക്ക് വേണ്ടി നിലകൊള്ളുമെന്നും , എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ട്രഷറർ അജു ജേക്കബ് പ്രസ്താവിച്ചു.
ജസ്റ്റിന്‍ ഏബ്രഹാം
ഹൈറേഞ്ചും, ലോ റേഞ്ചും ഉള്‍പ്പെട്ട ഇടുക്കി ജില്ല. ഹൈറേഞ്ചിന്റെ മനോഹാരിതയും, മൊട്ടക്കുന്നുകളും, താഴ്‌വാരങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസയും ലോകഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച്ച് ഡാം ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്‌കാരവും ഒത്തു ചേര്‍ന്ന ഇടുക്കി ജില്ലയിലെ മക്കളുടെ സ്‌നേഹകൂട്ടായ്മക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. യുകെയിലെ അറിയപ്പെടുന്ന സംഘടനയും, യുകെയിലുള്ള ഇടുക്കിക്കാരുടെ അഭിമാനമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്‌നേഹക്കൂട്ടായ്മ മെയ് മാസം നാലാം തീയതി വുള്‍വര്‍ഹാംപ്ടണില്‍ വെച്ച് രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്നു.
ഇടുക്കി ജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹക്കൂട്ടായ്മ എല്ലാ വര്‍ഷവും ഭംഗിയായി നടത്തി വരുന്നതും യുകെയിലും ജന്‍മ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിനും, ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതിലും, ഇതില്‍ മതവും, രാഷ്ട്രീയവും നോക്കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതില്‍ ഇടുക്കി ജില്ലയില്‍ വിവിധ മത, രാഷ്ടിയ നേത്വത്തിന്റെ പ്രശംസക്ക് കാരണമാകുവാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്. മെയ് നാലിന് നടക്കുന്ന ഈ സ്‌നേഹ കൂട്ടായ്മക്ക് നിരവധി ജനപ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.
കണ്‍വീനര്‍ ബാബു തോമസിന്റെ നേത്യത്തിലുള്ള ഈ വര്‍ഷത്തെ കമ്മറ്റിയുടെ കൂട്ടായ പ്രവര്‍ത്തന ഫലമായി ഇടുക്കി ജില്ലാ സംഗമം എന്ന സ്‌നേഹ കൂട്ടായ്മയെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുവാന്‍ സാധിച്ചു. ഈ വര്‍ഷം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 8250 പൗണ്ടാണ് ലഭിച്ചത്. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്തില്‍ ഈ വര്‍ഷം മൂന്ന് വീടുകള്‍ നാട്ടില്‍ പണിത് കൊണ്ടു ഇരിക്കുകയും കഴിഞ്ഞ വര്‍ഷം പണി തുടങ്ങിയ ഒരു വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാകുകയും ചെയ്തു കഴിഞ്ഞു. ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്തില്‍ നടത്തി വരുന്ന ഓള്‍ യുകെ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ യു കെയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. അതാത് വര്‍ഷങ്ങളില്‍ തിരെഞ്ഞ് എടുത്ത കമ്മറ്റിക്കാരുടെയും, മറ്റ് അംഗങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനഫലമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വിജയങ്ങള്‍ക്ക് എല്ലാം കാരണം.
ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ. അന്നേ ദിവസം മുതിര്‍ന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങള്‍ എത്തിക്കുക വഴി, ക്യാന്‍സര്‍ റിസേര്‍ച്ചിന് ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും
മെയ് നാലിനു നടക്കുന്ന ഈ സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമര്‍ഥമായ ഭക്ഷണങ്ങള്‍ യു കെയിലെ പ്രശസ്തമായ കേറ്ററിങ്ങ് സ്ഥാപനമായ ചിന്നാസ് കേറ്ററിംങ്ങ് നോട്ടിങ്ങ്ഹാം നമ്മള്‍ക്കായി ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങള്‍ ഒരോരുത്തരെയും വുള്‍വര്‍ഹാംപ്ടണിലെയ്ക്ക് സ്വാഗതം ചെയ്യുന്നു.
ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്‌നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവര്‍ തമ്മില്‍ കുശലം പറയുന്നതിന്നും,നമ്മുടെ കുട്ടികളുടെ കലാ – കായിക കഴിവുകള്‍ പ്രാല്‍സാഹിപ്പിക്കാനുമുള്ള ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരാന്‍ ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി നിങ്ങള്‍ ഏവരെയും ക്ഷണിക്കുന്നൂ.
വേദിയുടെ അഡ്രസ്,
community centre –
Woodcross Lane
Bliston,
Wolverhampton.
BIRMINGHAM
WV14 9BW.
സജി തെക്കേക്കര
ഓക്‌സ്‌ഫോര്‍ഡിലെ ആദ്യകാലത്തെ ഒരേയൊരു സംഘടന, സംഘടനാ പ്രവര്‍ത്തനത്തില്‍ വിജയകരമായി 14 വര്‍ഷങ്ങള്‍ പിന്നിട്ട ഓക്സ്മാസ്, അംഗബലം കൊണ്ടും സംഘടനാ പ്രവര്‍ത്തങ്ങള്‍കൊണ്ടും യുകെയിലെ ഏറ്റവും വലിയ സംഘടനകളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസിന്റെ ഈസ്റ്റര്‍ വിഷു ആഘോഷംനിറഞ്ഞ സദസില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സെക്രട്ടറി സജി തെക്കേക്കര സ്വാഗതവും, രക്ഷാധികാരി പ്രമോദ് കുമരകം ഈസ്റ്റര്‍ വിഷു സന്ദേശവും, പോള്‍ ആന്റണി, പ്രിന്‍സി വര്‍ഗീസ് എന്നിവര്‍ ആശംസകളും, വര്‍ഗീസ് ജോണ്‍ നന്ദിയും അറിയിച്ചു.
പുതിയതായി സമാജത്തില്‍ അംഗങ്ങളായവരെ ഓക്സ്മാസിന്റെ സ്‌നേഹവലയത്തിലേക്കു സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പൈതൃകത്തെയും വരും തലമുറയിലേക്കു കൈമാറുന്നതിനും ഓക്സ്മാസിന്റെ ആഘോഷങ്ങള്‍ സഹായകമാകട്ടെ എന്ന് സെക്രട്ടറിയും നമ്മുടെ സമൂഹത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയും ഭാവി പരിപാടികളെ കുറിച്ചും പ്രസിഡന്റ് സൂചിപ്പിക്കുകയും കൂടാതെ വളരെ നല്ല ഈസ്റ്റര്‍ വിഷു സന്ദേശം രക്ഷാധികാരി പ്രമോദ് കുമരകം നല്‍കുകയും ചെയ്യുകയുണ്ടായി. കലാപരിപാടികളുടെ വിജയ.ത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവരുന്ന ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്സ് രൂപേഷ് ജോണ്‍, ജിനിതാ നൈജോ, സോണിയ സന്തോഷ് എന്നിവരെ പൊതുയോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന താളമേളലയ സന്ധ്യ ഏവര്‍ക്കും ആനന്ദം പകരുന്നതായിരുന്നു. സമാജ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത സംഗീത നര്‍മ്മ പരിപാടികള്‍ അക്ഷരാര്‍ത്ഥത്തില്‍ സദസിനെ വിസ്മയം കൊള്ളിച്ചു. പ്രൊഫഷണല്‍ ഗ്രൂപ്പുകളെ വെല്ലുന്ന രീതിയില്‍ ഡാന്‍സുകള്‍ അവതരിപ്പിച്ച ഓക്സ്മാസിലെ കുട്ടികളെയും മുതിര്‍ന്നവരെയും എത്ര അനുമോദിച്ചാലും മതിയാവില്ല. അവരോടുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ അംഗങ്ങളുടെ സംഘ ബോധത്തില്‍ പരസ്പര സഹകരണത്തില്‍ യുകെയിലെ വലിയ സമാജങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസ് വേറെ ഒരു സഘടനകളുടെയും പിന്‍ബലമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
സമാജ അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഒന്നുമാത്രമാണ് ഓക്സ്മാസിന്റെ പ്രവര്‍ത്തന വിജയമെന്ന് ഒരിക്കല്‍ കൂടി ഈസ്റ്റര്‍ വിഷു ആഘോഷം തെളിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്. ജൂണ്‍ 22ന് ഓണാഘോഷത്തിന്റെ മുന്നോടിയായി ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന OXMAS SPORTSDAY & BARBECUEല്‍ കൂടുതല്‍ കരുത്തോടെ, ഐക്യത്തോടെ, ആവേശത്തോടെ കാണാമെന്ന വിശ്വാസത്തോടെ ശ്രീമതി. ജനിത നൈജോയുടെ നന്ദി പ്രസംഗത്തെ തുടര്‍ന്ന് ദേശീയഗാനത്തോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.
സാം തോമസ് റീജിയണൽ പി ആർ ഒ
സൗത്താംപ്ടൺ : യുക്മയിലെ പ്രഥമ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കായികമേള സൗത്താംപ്ടണിലെ സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു . ഫ്രണ്ട്‌സ് മലയാളി അസോസിയേഷൻ ഹാംഷെയറാണ് ആതിഥേയത്വം വഹിക്കുന്നത് . കരുത്തുറ്റ റീജിയണിലെ 24 അംഗ അസ്സോസിയേഷനെയും പങ്കെടുപ്പിച്ചു കൊണ്ട് കാലാ കാലങ്ങളായി യുക്മ നടത്തി വരുന്ന കായിക മത്സരങ്ങളുടെ നിയമാവലികൾ പാലിച്ചു കൊണ്ട് സൗത്ത് ഈസ്റ്റിൽ കായിക മത്സരം നടത്തപ്പെടുന്നതാണ്. വ്യത്യസ്തമായ ആശയങ്ങൾ നടപ്പിൽ വരുത്തി പരാതിക്കിടയില്ലാതെ ശ്രദ്ധ ആകർഷിച്ച സൗത്ത് ഈസ്റ്റ് റീജിയൻ, ഇക്കൊല്ലത്തെ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേളയിൽ ആദ്യമായി പൂർണമായും സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്.
മുൻവർഷത്തെ യുക്മ കലാമേളയ്ക്കായി സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്ത് പരാതിക്കിടയില്ലാതെ സുഗമമാക്കിയ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ സെക്രട്ടറി ശ്രീ : ജോസ് പി മും മുൻ യുക്മ നാഷണൽ ജോയിന്റ് സെക്രെട്ടറി ശ്രീ : ഓസ്റ്റിൻ അഗസ്റ്റിനും ചേർന്ന് വികസിപ്പിച്ചെടുത്ത സോഫ്റ്റവെർ സാങ്കേതിക വിദ്യയുടെ പുതിയ പതിപ്പാണ് ഇവിടെ ഉപയോഗിക്കുക. യുക്മ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ആണ് കായികമേളയുടെ ക്രമീകരണങ്ങൾക്ക് ഇപ്രകാരമുള്ള ഒരു സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത്.
മത്സരങ്ങൾ കാലത്ത് 10 മണിയോടുകൂടി ആരംഭിക്കേണ്ടതിനുള്ള സൗകര്യാർത്ഥം അംഗ അസോസിയേഷനുകൾ തങ്ങളുടെ അസോസിയേഷനിൽ നിന്നും മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങളും മത്സരിക്കുന്ന ഇനവും ഗ്രൂപ്പും റീജിയണൽ സെക്രട്ടറി ജിജോ അരയത്തിനെ ഇമെയിൽ ([email protected])മുഖേനയോ , യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വാട്സാപ്പ് ഗ്രൂപ്പ് മുഖേനയോ അറിയിക്കേണ്ടതാണ്. മത്സര ഇനങ്ങളെ കുറിച്ചും മത്സര ക്രമത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ സ്‌പോർട് കോർഡിനേറ്റർ ബിനു ജോസ് അംഗ അസ്സോസിയേഷനുകളെ അറിയിക്കുന്നതാണ്.
റീജിയണൽ തലത്തിൽ വിജയികളാവുന്നവർക്ക് ജൂൺ 15 ന് ബെർമിങ്ഹാമിൽ വച്ച് നടക്കുന്ന നാഷണൽ കായികമേളയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്. റീജിയണൽ കായികമേളയുടെ സമഗ്ര വിജയത്തിനായി എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അംഗ അസ്സോസിയേഷനുകളോട് റീജിയണൽ പ്രസിഡന്റ് ജോമോൻ ചെറിയാൻ അഭ്യർത്ഥിച്ചു.
കായികമേള നടക്കുന്ന വേദിയുടെ വിലാസം.
Southampton Sports Center Southampton SO16 7AY
സജീഷ് ടോം
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇ-മാഗസിനായ ‘ജ്വാല’ യുടെ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി ചീഫ് എഡിറ്ററായി റെജി നന്തികാട്ട് തുടരുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിംഗ് എഡിറ്ററായും ജോര്‍ജ്ജ് അരങ്ങാശ്ശേരി, റോയ് സി ജെ, മോനി ഷിജോ, നിമിഷ ബേസില്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി ആയിരിക്കും 2019 – 2021 വര്‍ഷങ്ങളിലെ ‘ജ്വാല’ യുടെ സാരഥികള്‍.
2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് യു കെ യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. ഈ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. 2015-19 കാലയളവിലെ ജ്വാല ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ട്, നാല്പത്തിമൂന്ന് പതിപ്പുകളുടെയും പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയത് റെജി നന്തികാട്ട് തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തു നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള റെജിയുടെ നേതൃത്വം ‘ജ്വാല’യെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിന് സംശയമില്ല. യുക്മ ഈസ്റ്റ് ആഗ്ലിയ റീജിയണല്‍ പി ആര്‍ ഒ കൂടിയാണു റെജി നന്തികാട്ട്.
യുക്മന്യൂസിന്റെ അസ്സോസിയേറ്റ് എഡിറ്ററായി തുടര്‍ച്ചയായ നാല് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് ജ്വാല ഇ-മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ പദത്തിലേക്കെത്തുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ യുക്മ ദേശീയ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അലക്‌സ് യുക്മയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രൈം ഇവന്റ് ആയ യുക്മ ഫാമിലി ഫെസ്റ്റിന്റെ വിജയ ശില്പി എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ വ്യക്തികൂടിയാണ്.
യു കെ യിലെ മലയാളി എഴുത്തുകാരില്‍ വേറിട്ട രചനാ ശൈലിയിലൂടെ വായനക്കാരുടെ ശ്രദ്ധ നേടിയ ജോര്‍ജ്ജ് അറങ്ങാശ്ശേരി സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീനില്‍ താമസിക്കുന്നു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരങ്ങളില്‍ സ്ഥിരമായി കഥകളും കവിതകളും എഴുതാറുള്ള ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ രണ്ടു കൃതികള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്വാല ഇ-മാഗസിന്റെ കഴിഞ്ഞ എഡിറ്റോറിയല്‍ ബോര്‍ഡിലും ഇദ്ദേഹം അംഗമായിരുന്നു.
കേംബ്രിഡ്ജിനടുത്തുള്ള പാപ്വര്‍ത്തില്‍ താമസിക്കുന്ന പാലാ സ്വദേശിയായ റോയ് സി ജെ കേരളത്തില്‍ ചിത്രകലാ അധ്യാപകനായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകളും ചിത്രങ്ങളും ചിത്രകഥകളും വരച്ചുകൊണ്ടാണ് വരയുടെ ലോകത്തേക്കു കടന്നുവന്നത്. കേരളത്തിലെ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ സാഹിത്യമത്സരങ്ങളില്‍ മൂന്ന് പ്രാവശ്യം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തനതായ ശൈലിയില്‍ റോയ് പങ്കുവക്കുന്ന കാര്‍ട്ടൂണുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റുന്നവയാണ്.
യു കെ മലയാളികള്‍ക്കിടയില്‍ മലയാളിത്തമുള്ള നല്ലൊരു അവതാരകയായി അറിയപ്പെടുന്ന മോനി ഷിജോ ബര്‍മിംഗ്ഹാമിലെ എര്‍ഡിങ്ങ്ടണില്‍ ആണ് താമസിക്കുന്നത്. യുക്മ നേഴ്സസ് ഫോറം മുന്‍ ദേശീയ ജോയിന്റ് സെക്രട്ടറികൂടിയായ മോനി രചിച്ചിട്ടുള്ള ഹൈന്ദവ- ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ വളരെയധികം അനുവാചക ശ്രദ്ധ നേടിയവ ആയിരുന്നു. ഏറെ ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള നിരവധി കവിതകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ പൂന്തോട്ടമെന്നറിയപ്പെടുന്ന കെന്റിനടുത്തുള്ള ടണ്‍ബ്രിഡ്ജില്‍ നിന്നുള്ള നിമിഷ ബേസില്‍ മനോഹരമായ കവിതകള്‍ രചിക്കുന്നതുപോലെതന്നെ നന്നായി കവിത ചൊല്ലുന്നതിലും മികവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ്. യുക്മ സാംസ്‌ക്കാരികവേദിയുടെ സാഹിത്യ മത്സരങ്ങളിലും ലണ്ടന്‍ സാഹിത്യവേദി സംഘടിപ്പിച്ചിട്ടുള്ള മത്സരങ്ങളിലും കവിതാരചനയില്‍ നിരവധി തവണ സമ്മാനാര്‍ഹ ആയിട്ടുണ്ട് നിമിഷ.
യു കെ യിലെ മലയാളികളായ സാഹിത്യകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും തൂലികയില്‍ നിന്നും ഉരുത്തിരിയുന്ന രചനകള്‍ വായനക്കാരില്‍ എത്തിക്കുക എന്നതിനൊപ്പം, ലോക മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ സാഹിത്യകാരുടെ രചനകള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുവാനും ‘ജ്വാല’ പ്രത്യേകം ശ്രദ്ധിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന പ്രതിഭകള്‍ക്ക് അവസരം ഒരുക്കിക്കൊണ്ട് ലോക പ്രവാസി മലയാളികള്‍ക്ക് അക്ഷര വിരുന്നൊരുക്കാന്‍ റെജി നന്തിക്കാട്ടിന്റെ മേല്‍നോട്ടത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനു സാധിക്കട്ടെ എന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി ആശംസിച്ചു. ‘ജ്വാല’യുടെ അന്‍പത്തിയൊന്നാം ലക്കം മെയ് പതിനഞ്ചാം തീയതി പ്രകാശനം ചെയ്യപ്പെടും. തുടര്‍ന്നുള്ള ലക്കങ്ങളും എല്ലാ മാസവും പതിനഞ്ചാം തീയതി തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
ന്യൂസ് ഡെസ്‌ക്
ബ്രിട്ടണില്‍ ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ അതിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് ചാരിറ്റി കമ്മീഷനില്‍ പ്രസിദ്ധീകരിച്ചു. മറ്റു സഭകള്‍ക്ക് മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനമാണ് എപ്പാര്‍ക്കി കാഴ്ചവയ്ക്കുന്നത്. കൃത്യതയോടെ സുതാര്യമായ രീതിയില്‍ ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനം നടത്തണമെന്ന് എപ്പാര്‍ക്കിയുടെ ഫിനാന്‍സ് കൗണ്‍സില്‍ ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചുകൊണ്ട് 2018 മാര്‍ച്ച് 19 ലെ സര്‍ക്കുലറിലൂടെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചിരുന്നു.
ചാരിറ്റി കമ്മീഷനില്‍ 1173537 നമ്പരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് നിലവില്‍ നാല് ട്രസ്റ്റിമാരാണുള്ളത്. ബിഷപ്പ് ബെന്നി മാത്യു (മാര്‍ ജോസഫ് സ്രാമ്പിക്കല്‍), റവ. മാത്യു ജേക്കബ്, റവ. സജിമോന്‍ കുരിയാക്കോസ്, റവ. തോമസ് പാറയടിയില്‍ തോമസ് എന്നിവരാണ് ട്രസ്റ്റിമാര്‍. 2018 ജൂണ്‍ 30 വരെയുള്ള സാമ്പത്തിക വിവരങ്ങളാണ് ചാരിറ്റി കമ്മീഷന് സമര്‍പ്പിച്ചത്. ഇതനുസരിച്ച് 839,903 പൗണ്ടാണ് വരുമാനമായി ലഭിച്ചത്. 800 വോളണ്ടിയര്‍മാരും ഒരു സ്റ്റാഫും ഉള്ള ചാരിറ്റിയ്ക്ക് സ്വന്തം ഉപയോഗത്തിനായുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 252,397 പൗണ്ടും മറ്റു സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 414,190 പൗണ്ടും കണക്കാക്കിയിട്ടുണ്ട്.
കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജൂണ്‍ 30, 2018 വരെയുള്ള അക്കൗണ്ട്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 241,849 പൗണ്ട് ചിലവഴിച്ചു. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവുകള്‍ക്ക് ശേഷം 598,414 പൗണ്ട് കൈവശം ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ എപ്പാര്‍ക്കിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്റെ തോതനുസരിച്ച് (ക്യാഷ് ഫ്‌ളോ) എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന രീതിയിലുള്ള റിസ്‌കുകള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള റിസോഴ്‌സുകള്‍ എപ്പാര്‍ക്കിയ്ക്കുണ്ട്. എന്നാല്‍ വിവിധ കുര്‍ബാന സെന്ററുകളില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ ക്‌ളെര്‍ജിമാരെ ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റു സഭകള്‍ക്കും മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങളുമായാണ് എപ്പാര്‍ക്കി മുന്നോട്ട് പോവുന്നത്.
എറണാകുളം: ഇലഞ്ഞി പഞ്ചായത്തില്‍ കുന്നുംപുറത്ത് വര്‍ക്കിയുടെ മക്കള്‍ അന്നക്കുട്ടിയും ഏലിക്കുട്ടിയും ഇന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ജീവിത സായാഹ്നത്തില്‍ കൈത്താങ്ങാകുമെന്നു കരുതിയ സഹോദരന്‍ വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. അന്നക്കുട്ടിയും ഏലിക്കുട്ടിയും സഹോദരന്‍ അപ്പച്ചനും കൂലിപ്പണി ചെയ്തായിരുന്നു കൊച്ചുകുടിലില്‍ കഴിഞ്ഞിരുന്നത്. വിധിയുടെ ക്രുരതയെന്നോണം വയറുവേദനയെത്തുടര്‍ന്നു അഡ്മിറ്റ് ചെയ്ത അപ്പച്ചന് കിഡ്നി രോഗമാണെന്ന് അറിഞ്ഞ കുടുംബം എന്തുചെയ്യണമെന്നറിയാതെ തകര്‍ന്നുപോയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കിഡ്‌നി മാറ്റിവക്കുക എന്നുള്ളത് മാത്രമായിരുന്നു പരിഹാരം. ഏലിക്കുട്ടി കിഡ്നി പകുത്തു നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും ചിലവുകള്‍ ഈ കുടുംബത്തിന് താങ്ങാവുന്നതിലുമധികമായിരുന്നു. നാട്ടുകാരുടെയും മറ്റുള്ളവരുടെയും സഹായത്തോടെയും കടം വാങ്ങിയും ഏലിക്കുട്ടിയുടെ കിഡ്നി അപ്പച്ചന് മാറ്റിവെച്ചു.
വിധിയുടെ വിളയാട്ടമെന്നോണം സഹോദരിമാര്‍ക്ക് കൈത്താങ്ങാകേണ്ട സഹോദരന്‍ അപ്പച്ചന്‍ അകാലത്തില്‍ ജീവിതത്തോട് വിട പറഞ്ഞു. സഹോദരന്റെ വിയോഗത്തില്‍ മനംനൊന്തു കഴിഞ്ഞിരുന്ന ഏലിക്കുട്ടിക്ക് സ്വാശകോശ സംബന്ധമായ അസുഖം പിടിപെട്ടു. കൂട്ടത്തില്‍ പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഏലിക്കുട്ടിയെ തളര്‍ത്തിക്കളഞ്ഞു. നിത്യവൃത്തിക്ക് മാര്‍ഗമില്ലാതെ സഹോദരിമാര്‍ എങ്ങനെ ജീവിക്കും എന്നറിയാതെ സഹോദരന്‍ പണിതീര്‍ക്കാതെ പോയ ഒറ്റമുറിവീട്ടില്‍ ജീവിതം തള്ളിനീക്കുകയാണ്.
പ്രിയമുള്ളവരേ ഈ സഹോദരിമാരെ കൈപിടിച്ചുയര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയല്ലേ? വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും ഒരു കൈത്താങ്ങാകില്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം മെയ് പത്തിന് മുന്‍പായി താഴെക്കാണുന്ന വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
യു.കെയിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിക്ക് പുതിയ നേതൃനിര. ഏപ്രില്‍ ഇരുപത്തേഴു ശനിയാഴ്ച പൂളിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ നടന്ന ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്ത കാലഘട്ടത്തിലേക്കുള്ള സാരഥികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
മിഡ് ഡോര്‍സെറ്റ് ആന്‍ഡ് നോര്‍ത്ത് പൂള്‍ മണ്ഡലത്തില്‍ നിന്നുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം മൈക്കിള്‍ ടോംലിന്‍സണ്‍ ഉദ്ഘാടനം നിര്‍വഹിച്ച പൊതു സമ്മേളനത്തിന് ശേഷം നടന്ന വിഷു ഈസ്റ്റര്‍ സ്‌കിറ്റിന്റെയും വിഷുക്കണി ദര്‍ശനത്തോടെയും ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറുകയുണ്ടായി. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലറും മലയാളിയുമായ ബൈജു വര്‍ക്കി തിട്ടാല ഡി.കെ.സി കുടുംബാംഗങ്ങളോടൊപ്പം ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു. കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു.
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ജോയിന്റ് സെക്രട്ടറി പദം മുമ്പ് അലങ്കരിച്ചു തന്റെ കഴിവുകള്‍ തെളിയിച്ച സോണി കുര്യനാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജെറി മാത്യു സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വില്‍സണ്‍ ജോണ്‍ ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട് ആയി സ്റ്റിജി സിജോയും ജോയിന്റ് സെക്രട്ടറി ആയി ബിബിന്‍ വേണുനാഥും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഷാജി തോമസ്, മില്‍ട്ടണ്‍ ജേക്കബ്, രാകേഷ് നെച്ചുള്ളി, അജീഷ് ഉലഹന്നാന്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. മനോജ് പിള്ളയും ജോമോന്‍ തോമസും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും നിലവില്‍ വന്ന പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
ലെസ്റ്റർ: മിഡ്‌ലാൻഡ്‌സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററിൽ സീറോ മലബാർ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവർ തങ്ങളുടെ വിശ്വാസപിതാവായ മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളായി ആചരിച്ച ഏപ്രിൽ 28 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും ലെസ്റ്റർ പ്രദേശമുൾക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടൺ രൂപതകളിലെ നിരവധി വൈദികരും വൻ ജനാവലിയും ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.
തിരുക്കർമ്മങ്ങൾക്ക് മുൻപായി പ്രധാനകാർമ്മികരെയും മറ്റു വിശിഷ്ടതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു. ഉച്ചകഴിഞ്ഞു നാല് മണിക്ക് ദൈവാലയത്തിലാരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റർ മിഷൻ ഡിറ്റക്ടറുമായ റെവ. ഫാ. ജോർജ് ചേലക്കൽ സ്വാഗതമാശംസിച്ചു. തുടർന്ന് പുതിയ സീറോ മലബാർ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കല്പന പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് വായിച്ചപ്പോൾ വിശ്വാസികൾ ആദരപൂർവം എഴുന്നേറ്റുനിന്നു. തുടർന്ന് കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുർബാനയും നടന്നു.
വി. കുർബാനയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. വി. കുർബാനയിൽ ഗീതങ്ങൾ മലയാളത്തിലും പ്രാർത്ഥനകളും വായനകളും ഇംഗ്ലീഷിലുമായിരുന്നു. ബിഷപ്പ് പാട്രിക് മക്കിനി തിരുവചനവായനക്കു ശേഷം വചനസന്ദേശം നൽകി. സീറോ മലബാർ വിശ്വാസികളുടെ ആത്‌മീയ തീക്ഷ്ണതയെക്കുറിച്ചും പ്രാർത്ഥനാതാല്പര്യത്തെക്കുറിച്ചും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സംശയിക്കുന്ന തോമസിൽ നിന്ന് വിശ്വാസപ്രഖ്യാപനം നടത്തുന്ന തോമസിലേക്കു മാറാൻ കാരണമാക്കിയത് ഈശോയെ തൊട്ടറിയാനുള്ള അവസരമായിരുന്നെന്ന് ബിഷപ്പ് അനുസ്മരിച്ചു. വി. കുർബാനയിൽ ഈശോയെ തൊടുന്ന നമ്മളും തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ മെത്രാഭിഷേകാദിനം തോമാശ്ലീഹായുടെ തിരുനാൾ ദിവസമായ ജൂലൈ 3 ആയതിനാൽ, തനിക്കും തോമാശ്ലീഹായോടു വലിയ ആത്‌മീയ അടുപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി. കുർബാനയുടെ സമാപനത്തിൽ രണ്ടു മെത്രാന്മാർക്കും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ബിഷപ്പ് പാട്രിക്കിന്റെ സ്നേഹത്തിനും സന്മനസ്സിനും മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു. ബിഷപ്പ് പാട്രിക്കിന് റെവ. ഫാ. ജോർജ് ചേലക്കലും, മാർ സ്രാമ്പിക്കലിന് ദൈവജനത്തിന്റെ പ്രതിനിധിയായി സോബിയും ഉപഹാരങ്ങൾ കൈമാറി. ഇടവകയുടെ പ്രതിനിധിയായി മി. ബാബുരാജ് ജോസഫ് എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. കമനീയമായി അലങ്കരിച്ചിരുന്ന ദൈവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ആലാപനം സ്വർഗീയ അന്തരീക്ഷം പ്രദാനം ചെയ്തു.
തുടർന്ന് പാരിഷ് ഹാളിൽ മിഷന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. തിരുക്കർമ്മങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയവരെ രൂപതാധ്യക്ഷൻ സമ്മാനങ്ങൾ നൽകി ആദരിച്ചു. എല്ലാവർക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ലെസ്റ്റർ ഡീനറി ഡീൻ റെവ. ജോൺ ഹാർഡി, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും നോട്ടിംഗ്ഹാം രൂപതയിലെ ശുശ്രുഷ ചെയ്യുന്ന നിരവധി മറ്റു വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമികരായി. ലെസ്റ്ററിലും പരിസരപ്രദേശങ്ങളിലും നിന്ന് വലിയ വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു.