രാജേഷ് ജോസഫ്, ലെസ്റ്റെര്‍
“അസതോമ സദ്ഗമയ … തമസോമാ ജ്യോതിർഗമയ … മൃത്യോർമ അമൃതംഗമായ ഓം ശാന്തി ശാന്തി ശാന്തി ..”
പ്രകാശത്തിൻ പ്രഭ ഏവരിലും പരത്തുന്ന പുഞ്ചിരി വ്യക്തികളെയും ജീവിതങ്ങളെയും ഏറെ സ്വാധീനിച്ചതാണ്.പല സന്ദർഭങ്ങൾക്കും നിറച്ചാർത്തു നൽകി നമ്മുടെയൊക്കെ ജീവിതങ്ങളിൽ ഏറെ സ്വാധിനം ചെലുത്തുന്നു. ലോക ചരിത്ര താളുകളിൽ പുഞ്ചിരിക്കുന്ന ദൈവം അല്ലെങ്കിൽ ദൈവ സങ്കല്പത്തെപറ്റി അധികം ആരും വിവർത്തനങ്ങൾക്കു പാത്രമാക്കിയിട്ടില്ല. ശാസിക്കുന്ന ശിക്ഷിക്കുന്ന വിദൂരസ്ഥമായ ദൈവ സങ്കല്പങ്ങളും കരുണയുള്ള നീതിമാനായ സമീപസ്ഥങ്ങളായ കാഴ്ചപ്പാടുകളുമാണ് ഉടനീളം ദർശിക്കുന്നത്.
പുഞ്ചിരിക്കുന്ന ദൈവ സങ്കല്പത്തെ മനസ്സിലാക്കണമെങ്കിൽ വിവിധങ്ങളായ സ്ഥലങ്ങളിൽ അന്വേഷിക്കണമെന്നില്ല. അവനവൻറെ ഉള്ളിലേക്കുള്ള യാത്രയാണ് പുഞ്ചിരി പ്രഭ തൂകുന്ന ദൈവത്വം. അവബോധത്തിൽ നിന്നും സ്വയാവബോധത്തിലേക്കുള്ള യാത്ര. A JOURNEY FROM AWARENESS TO SELF AWARENESS . അസത്യത്തിൽ നിന്നും സത്യത്തിലേക്കും അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള യാത്രയായിരിക്കണം ജീവിതം എന്ന തീർത്ഥാടനം.
അറിവ് അഹങ്കാരമായി കരുതുന്ന മലയാളി സമൂഹങ്ങൾ സാക്ഷരതയിൽ 100 ശതമാനം പുലർത്തുന്നവർ നവോദ്ധാന പരിഷ്കാരത്തിനു കൊടിപിടിച്ചവർ ഈ വിശേഷണങ്ങളെല്ലാം സാദാരണ മലയാളിയുടെ മെറ്റഫോറുകളാണ് .ജീവിതം ധ്യനമായാൽ മനസിലാകും അറിവുകൾ എന്ന് നാം അവകാശപ്പെടുന്നവ പലതും നമ്മളെ രക്ഷിക്കുന്നില്ല എന്ന യാഥാർഥ്യം. അറിവില്ലായ്മയാണ് അറിവ് എന്ന വായന ശകലം ഓർമ വരുന്നു.
കേരളത്തിൽ ഉണ്ടായ ആനുകാലിക സംഭവങ്ങൾ നമ്മുടെ അറിവുകളുടെ പരിമിതി എത്ര അഗാതമാണ് എന്ന തിരിച്ചറിവ് നൽകുന്നു. ജ്ഞാനമില്ലാത്ത അറിവ് കൂപമണ്ഡൂകമാണ്. കിണറ്റിലെ തവളയുടെ വിചാരം അവന്റെ ലോകമാണ് ഏറ്റവും വലുത്. ഒരുവൻ അവനാൽ ബന്ധിതനായ അവസ്ഥ. തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും തനിക്കു തുല്യരായി കാണാൻ സാധിക്കാത്തവർക്കു നീതി നിഷേധിയ്ക്കുന്നവർക്കു എങ്ങനെ ദൈവ സങ്കല്പത്തിലേക്കു യാത്ര സാധ്യമാകും. ലോക രാജ്യങ്ങൾ ഏറെ ആദരവോട് കാണുന്ന പുരാണങ്ങളും ഇതിഹാസങ്ങൾക്കും ജന്മം നൽകിയ നാട് മൗലിക സ്വാതന്ത്ര്യത്തിന് വില നൽകാത്തത് വിരോധാഭാസമാണ്.
മതത്തിന്റെ, ജാതിയുടെ, ഉപജാതിയുടെ വേലിക്കെട്ടുകൾ ഭേദിച്ച് അവനവന്റെ ഉള്ളിലേക്ക് നോക്കുന്ന ദൈവ സങ്കല്പത്തിലേക്കു യാത്ര ആരംഭിക്കാം. ഏതു വിഭാഗത്തിലുള്ളവർ എന്നതല്ല പ്രസക്തമായതു മറിച്ച് അഹം ബ്രഹ്മസിയാകുക എന്നുള്ളതാണ് . ഞാൻ തന്നെയാണ് ദൈവം എന്ന അഹങ്കാര മുക്തമായ തിരിച്ചറിവ് വരുമ്പോൾ ജീവിതം ആത്മീയ സന്തോഷത്തിൻ ബോധി പ്രകാശത്തിൽ അലിയുന്നു. നാസാരന്ത്രങ്ങളിലേക്കു അഭിനവിപ്പിച്ച ജീവൻ തുടിപ്പുകൾ പ്രോജ്വലിക്കുന്നു.
വയലിൽ നനയ്ക്കാൻ സഹായിച്ച ചിന്നിയ കുടവും നല്ല കുടവും യജമാനൻ അടുക്കൽ എത്തി ചിന്നിയ കുടം ഇങ്ങനെ പറഞ്ഞു. അല്ലയോ യജമാനൻ നിന്റെ വളർച്ചയിൽ എൻ പങ്കു ചെറുതാണ്, എന്നെ ഉടച്ചു നല്ല കുടം വാങ്ങികൊള്ളൂ. യജമാനൻ ചിന്നിയ കുടത്തോട് പറഞ്ഞു നിന്റെ വഴിത്താരകൾ നോക്കുക അവ പുഷ്പ സംപൃതമാണ്
ജീവിത യാത്രയിൽ ചിന്നിയ കുടങ്ങളെ , പാർശ്വവരിക്കപ്പെട്ടവരെ നാം അനുദിനം കാണുന്നു, സമൂഹത്തിൽ , സഹൃദങ്ങളിൽ, കുടുംബങ്ങളിൽ വ്യക്തി ബന്ധങ്ങളിൽ അങ്ങനെ സമസ്ത മേഖലകളിലും. നമുക്ക് അവരെ നമ്മോടൊപ്പം ചേർത്ത് പിടിക്കാം തുല്യ നീതി നൽകാം. നമ്മുടെ അറിവുകൾക്കും അനുഭവങ്ങൾക്കും അവർ താദാത്മ്യർ അല്ലായിരിക്കാം പക്ഷെ നമ്മുടെ ജീവിതത്തിൽ നിശബ്ദമായി പ്രഭ പരത്തുന്നവരാണവർ. സത്യം നമ്മെ സ്വതന്ത്രമാക്കട്ടെ.
ന്യൂസ് ഡെസ്ക്
കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.
ബിനോയ് ജോസഫ്
1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.
സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ് കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.
സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ… ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…
വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.
വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു മകൻ രാജീവ് ഗാന്ധി.
രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച് കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.
ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.
ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി… ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.
ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.
ഇരുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന ഇരട്ട സഹോദരിമാരായ സ്വീൻ മരിയാ സ്റ്റാൻലിയ്ക്കും സുസെയിൻ എലെസാ സ്റ്റാൻലിയ്ക്കും ജന്മദിനാശംസകൾ. സ്വീൻ, വോൾവർഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.ഫാമിനും സുസെയിൻ, ഷെഫീൽഡ് ഹാലാം യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസിക് സയൻസിനും പഠിക്കുന്നു. ഡെർബി സ്വദേശിയായ പ്രശസ്ത ഫോട്ടോഗ്രാഫർ “സ്റ്റാൻസ് ക്ലിക്ക്” സ്റ്റാൻലി തോമസിന്റെയും എൽസി സ്റ്റാൻലിയുടെയും മക്കളാണിവർ. യുകെയിലെമ്പാടും ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും ആങ്കറിംഗിലും കഴിവു തെളിയിച്ച സ്റ്റാൻലി കുടുംബാംഗങ്ങളായ കുഷാൽ സ്റ്റാൻലിയ്ക്കും ഐറിൻ കുശാലിനുമൊപ്പം സ്വീനും സുസെയിനും കലാരംഗത്ത് എന്നും സജീവമായി പ്രവർത്തിച്ചു വരുന്നു.
യു.കെയില്‍ ഉടനീളം വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളെ നമ്മള്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. മോഷ്ടാക്കള്‍ പ്രധാനമായും മലയാളി വീടുകളെ ലക്‌ഷ്യം വയ്ക്കുമ്പോള്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് കള്ളന്മാരുടെ ഇരയാകുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുത്തിയേക്കാം. അത്തരം ചില നിര്‍ദ്ദേശങ്ങള്‍ താഴെ.
1. സ്വര്‍ണം, വിലപിടിപ്പുള്ള വസ്തുക്കളുടെ ഉപയോഗം ആവശ്യത്തിനായി മാത്രം മിതപ്പെടത്തുക.
2. വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.
3. നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വസ്തുക്കളുടെ മുല്യത്തിന് തുല്യമാക്കുക. പോളിസി രേഖകള്‍ വായിച്ച് മതിയായ പരിരക്ഷ ഉറപ്പു വരുത്തുക.
4. പുറത്ത് പോകുമ്പോള്‍ പ്രധാനമായും വാതിലുകള്‍, ജനലുകള്‍ അടുച്ചുവെന്ന് ഉറപ്പു വരുത്തുക.
5. വീടിന് സുരക്ഷാ അലാറം നിര്‍ബന്ധമായും ഉറപ്പ് വരുത്തുക.
6. നിങ്ങളുടെ സുരക്ഷാ അലാറം മൊബൈലുമായി ബന്ധപ്പെടുത്തി ആയതിനാല്‍ അവ ആവശ്യസമയത്ത് മുന്‍ കരുതലുകള്‍ നല്‍കുന്നതായിരിക്കണമെന്ന് ഉറപ്പ് വരുത്തുക.
7. സാധിക്കുന്നത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, അവയെ മുകളില്‍ സൂചിപ്പിച്ചത് പോലെ മൊബൈലുമായി ബന്ധിപ്പിക്കുക.
8. സുരക്ഷ മുന്‍നിര്‍ത്തിയുള്ള ആശയവിനിമയം സാധ്യമായതുമായുള്ള സിസിടിവി ക്യാമറകള്‍ ഇന്ന് സുലഭമാണ്. (വീടിനുള്ളില്‍ വെക്കാനുള്ള ക്യാമറകള്‍, ഡോര്‍ ക്യാമറകള്‍)
9. സുരക്ഷാ അലാറം നിങ്ങളുടെ വാതിലുകളുമായും ജനലുകളുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുക.
10. വീടുകളുടെ പ്രധാനമായും അടുക്കള വശത്തുള്ള വാതിലുകള്‍ മികച്ച സുരക്ഷയുള്ളതാക്കുക.
11. സ്വയരക്ഷയ്ക്കായി ഒന്നോ അതിലധികമോ സുരക്ഷാ അലാറം കൈവശം വെയ്ക്കുക. അവ വീടുകളില്‍ സ്ഥാപിക്കുവാനും ശ്രമിക്കുക. മോഷ്ടാവിനെ കാണുന്ന നിമിഷം സ്വകാര്യം അലാറം പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു പരിധിവരെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.
12. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ വീടിനുള്ളിലെ ലൈറ്റുകള്‍ അണയ്ക്കാതിരിക്കുക.
13. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വീടിനുള്ളില്‍ പ്രവേശിക്കുക.
14. രാത്രികാലങ്ങളില്‍ തിരികെ വരുന്ന മുതിര്‍ന്നവര്‍ ആദ്യം വീടിനുള്ളില്‍ പ്രവേശിച്ചശേഷം സുരക്ഷ ഉറപ്പുവരുത്തിയശേഷം കുട്ടികളെ പ്രവേശിപ്പിക്കുക.
15. സുരക്ഷയാണ് പ്രധാനം ആയതിനാല്‍ സുരക്ഷയ്ക്ക് ഹാനികരമാകുന്ന രീതിയില്‍ മാത്രമുളള സ്വയം പ്രതിരോധ സംവിധാന രീതികള്‍ മാത്രം ഉപയോഗിക്കുക. രാജ്യത്തെ നിയമം അനുശാസിക്കുന്ന സ്വയം പ്രതിരോധരീതികളാണെന്ന് ഉറപ്പു വരുത്തുക.
16. രാത്രികാലങ്ങളില്‍ ഹ്രസ്വമായി മാത്രം പുറത്തുപോകുന്നവര്‍ നിങ്ങളുടെ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിച്ചിടുന്നത് വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്നുള്ളതിനെ ഒരുപരിധിവരെ സഹായിക്കും.
17. ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന നമ്പരുകള്‍ കുറിച്ച് വെയ്ക്കുക. പോലീസ്, ഫയര്‍, അടുത്ത സുഹൃത്തുക്കള്‍ എന്നീ മ്പരുകള്‍ ശേഖരിച്ച് എഴുതി വെയ്ക്കുക.
18. നീങ്ങളുടെ അയല്‍ക്കാരുടെ നമ്പരുകള്‍ കൈവശമാക്കി വെയ്ക്കുന്നത് ചിലപ്പോള്‍ ആപത്ഘട്ടങ്ങളില്‍ ഉപകരിച്ചേക്കും.
19. പ്രത്യക്ഷത്തില്‍ കാണുന്ന രീതിയിലുള്ള ആഭരണങ്ങള്‍ ഒഴിവാക്കുക.
20. നിങ്ങളുടെ ഭവനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍ മോഷണത്തിന് പ്രേരകമാവുകയാണെങ്കില്‍ അത് സ്വകാര്യ ശേഖരമാക്കി മാറ്റുക. മോഷ്ടാവിന് ആദ്യ അവസരത്തില്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ വിസിബിലിറ്റി പ്രേരക ശക്തിയാകും.
21. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കാറില്‍ കയറുന്നതിന് മുന്‍പ് പരിസരം വീക്ഷിക്കുക. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം ഒന്ന് തിരികെ വരാന്‍ ശ്രദ്ധിക്കുക.
22. വീടിന്റെ മുന്‍, പിന്‍ വശങ്ങളിലായി സെന്‍സര്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.
23. കാറിനുള്ളില്‍ കാണത്തക്ക രീതിയിലോ അല്ലാതെയോ വിലപിടിപ്പുള്ള സാധനങ്ങള്‍ വെയ്ക്കാതിരിക്കുക.
24. വിലപിടിപ്പുള്ള വസ്തുക്കള്‍ സാധിക്കുമെങ്കില്‍ ലോക്കര്‍ സംവിധാനങ്ങളിലേക്ക് മാറ്റുക.
25. സ്വര്‍ണമോ വിലപിടിപ്പുള്ള വസ്തുക്കളോ നിര്‍ബന്ധമായും വീട്ടില്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പല സ്ഥലങ്ങളിലായി അവ സൂക്ഷിച്ചാല്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.
26. Prevention is better than cure എന്ന ആശയം സ്വീകരിച്ച് ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ ഒരോ വ്യക്തികള്‍ക്ക് തങ്ങള്‍ക്ക് സ്വീകാര്യമായതും രാജ്യത്തെ നിയമം അനുശാസിക്കുന്നതുമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാം.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പൊതുജന താല്‍പ്പര്യം മാനിച്ച് പ്രസിദ്ധീകരിക്കുന്നത്. ഇവ വെറും മാര്‍ഗനിര്‍ദേശങ്ങളാണ് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇവയുടെ സാധ്യതകളും നിയമ അനുശാസനകളും വ്യക്തികള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ഇത് എഴുതിയവരോ വിവിധതരം മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുന്നവരോ യാതൊരുവിധ ബാധ്യതകളും ഏറ്റെടുക്കില്ല എന്ന് ഇതിനാല്‍ സൂചിപ്പിക്കുന്നു.
യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ സാഹിത്യമാസിക ജ്വാല ഇ മാഗസിന്റെ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി. മതവും രാഷ്ട്രീയവും ചേര്‍ന്ന് മനുഷ്യന്റെ സമാധാനം നശിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്. കലാപ്രവര്‍ത്തനളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തി പ്രാപിക്കേണ്ട ആവശ്യകതയും സൂചിപ്പിക്കുന്നു എഡിറ്റോറിയലില്‍. ശക്തമായ സന്ദേശം വായനക്കാര്‍ക്ക് നല്‍കുന്ന രണ്ടു ലേഖനങ്ങള്‍ മാധവ് കെ. വാസുദേവന്‍ എഴുതിയ ‘അക്ഷരങ്ങളില്‍ ആവേശിപ്പിക്കുന്ന ജാതീയതയും’ എം.ബി സന്തോഷ് ‘കേരളത്തില്‍ മനുഷ്യര്‍ മാത്രമുള്ള കുറച്ചു ദിവസങ്ങളുണ്ടായിരുന്നു’ ജ്വാലയുടെ ഈ ലക്കത്തിന്റെ പ്രൗഢരചനകളാണ്.
പതിവ്‌പോലെ വായനക്കാരുടെ പ്രിയ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ തന്റെ വേറിട്ടൊരു അനുഭവം വിവരിക്കുകയാണ് ചെങ്കൊടി വാനില്‍ പാറിപ്പറന്നു എന്ന അദ്ധ്യായത്തില്‍. കഥാവിഭാഗത്തെ സമ്പന്നമാക്കുവാന്‍ ഇന്ദുരാജ് എഴുതിയ മിത്ര, ബിന്ദു പുഷ്പന്‍ രചിച്ച എഴുത്തുകാരന്‍, കെ. സുനില്‍കുമാര്‍ എഴുതിയ രണ്ടു മിനിക്കഥകള്‍, പി. എസ്. അനികുമാര്‍ എഴുതിയ നര്‍മ്മകഥ കുമാരേട്ടന്റെ ആദ്യരാത്രി കൂടാതെ യുക്മ സാഹിത്യമത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഥാമത്സരത്തില്‍ പ്രഥമ മൂന്ന് സ്ഥാനം നേടിയ രചനകളും ചേര്‍ന്ന്
കഥാവിഭാഗത്തെ സമ്പന്നമാക്കുന്നു. സജി രചിച്ച അന്ത്യം എന്ന കവിതയും മലയാള പ്രഭാ ബാലന്‍ രചിച്ച നീക്കുറഞ്ഞി എന്നീ കവിതയും ചേരുമ്പോള്‍ ഈ ലക്കം പൂര്‍ണമാകുന്നു.
മലയാളം യുകെ ന്യൂസ് ടീം.
യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് തിരശ്ശീല വീണു. കഴിഞ്ഞ മൂന്ന് വർഷവും ജേതാക്കളായിരുന്ന ആയിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ആതിഥേയരായ യോര്‍ക്ഷയര്‍ ആൻഡ് ഹംബര്‍ റീജിയണ്‍ കിരീടം ചൂടി. സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ അവസാനിച്ചത് രാത്രി പതിനൊന്നരയ്ക്ക് . അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടന്നത്. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.രാത്രി പന്ത്രണ്ട് മണിക്ക് ഒമ്പതാമത് യുക്മ നാഷണല്‍ കലാമേളയുടെ സമാപന സമ്മേളനം ആരംഭിച്ചു. കലാമേളയുടെ വിശിഷ്ടാതിഥി എം ജി രാജമാണിക്യം IAS സ്റ്റേജിലെത്തി.. നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തെ സദസ്സിലെ മലയാളികൾ സ്വീകരിച്ചത്. യൂറോപ്പിലെ മലയാളികളോട് വളരെ ലളിതമായ ഭാഷയില്‍ ചുരുങ്ങിയ മിനിറ്റുകളിൽ അദ്ദേഹം സംസാരിച്ചു. മലയാളികളെ ഒന്നടങ്കം കൈയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ വാക്കിലും വിനയത്തിന്റെ അലയൊലികൾ ഒഴുകിവന്നതോടെ കൈയ്യടിയുടെ പ്രളയം തന്നെയായിരുന്നു. തുടര്‍ന്ന് നാഷണല്‍ കലാമേളയുടെ വിജയികള്‍ക്കുള്ള സമ്മാനദാനം ആരംഭിച്ചു. രാവേറെയായിട്ടും ആകാംഷയോടെ കാത്തിരുന്ന മത്സരാര്‍ത്ഥികള്‍ക്കു മുമ്പില്‍ മത്സരത്തിന്റെ ഫലങ്ങള്‍ ഓരോന്നായി പുറത്തു വന്നു.
അസോസിയേഷനുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഈസ്ററ് യോർക്ഷയർ കൾച്ചറൽ അസോസിയേഷൻ (EYCO HULL) ആണ് അസ്സോസിയേഷൻ ചാംമ്പ്യൻഷിപ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷത്തെ ജേതാക്കൾ ആയ ബി സി എം സി ബിർമിങ്ഹാമിന് കിരീടം നിലനിർത്താൻ സാധിച്ചില്ല. എഴുപത്തിമൂന്ന് പോയിന്റ് നേടിയാണ് പോയിന്റ് പട്ടികയിൽ ഈസ്ററ് യോർക്ഷയർ കൾച്ചറൽ അസോസിയേഷൻ ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനം നേടിയ റീജിയൻ നേടിയത് 125 പോയിന്റ് മാത്രമാണ് എന്നതിൽ തന്നെ ഈ അസോസിയേഷന്റെ പങ്ക് എത്ര വലുതാണെന്ന് തിരിച്ചറിയുക വളരെ ലളിതം. യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണ്‍ യുക്മ കലാമേളയുടെ ഒമ്പതാമത് കിരീടം ചൂടി.
ഒൻപതാമത് യുക്മ നാഷണൽ കലാമേള അവസാനിക്കുമ്പോൾ പതിവ് തെറ്റിക്കാതെ തീർന്നത് വെളിപ്പിന് തന്നെ. സമ്മാനദാനം തീരുമ്പോൾ സമയം 2.15 മണിയായി. മയിലുകൾ താണ്ടി എത്തിച്ചേർന്ന പലരും സമ്മാനം വാങ്ങിക്കാതെ മടങ്ങിയിരുന്നു. കലാമേള അവസാനിക്കുമ്പോൾ പുതിയ അസോസിയേഷനും പുതിയ റീജിയണൽ ജേതാവും നിലവിൽ വന്നു എന്നതാണ് ഇത്തവണത്തെ പുതുമ.
എണ്‍പതുകളിലാണ് സര്‍വ്വകലാശാലകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിക്കുന്നത്. അന്ന് ഞങ്ങളൊക്കെ കേരളാ യൂണിവേഴ്‌സിറ്റിയുടെ പരിധിയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഈ സ്ഥലങ്ങളിലായിരുന്നു ക്യാമ്പുകള്‍ നടന്നിരുന്നത്. പ്രതിഫലം ഉടന്‍ കിട്ടുന്നതുകൊണ്ടും പ്രതിദിനം ഡി.എ. ലഭിക്കുന്നതുകൊണ്ടും പരിമിതമായ ശമ്പളം മാത്രം ലഭിച്ചിരുന്ന (യു.ജി.സി. ശമ്പളം വന്നിട്ടില്ല) കോളജ് അധ്യാപകര്‍ക്ക് ഈ ക്യാമ്പുകള്‍ നല്ല ആശ്വാസമായിരുന്നു. ഒരേ വിഷയംപഠിപ്പിക്കുന്ന പല കോളജുകളിലെ അധ്യാപകര്‍ക്ക് ഒന്നിച്ച് കാണുവാനും സൗഹൃദം പുതുക്കാനുമുള്ള ഒരവസരം. 1983ലാണ് ഞാന്‍ ആദ്യമായൊരു സെന്‍ട്രലൈസ്ഡ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അത് കൊച്ചിയിലെ ഒരു സ്‌കൂള്‍ ഹാളില്‍ വച്ചായിരുന്നു. രാവിലെ എല്ലാവരും സംഘമായി വേണാട് എക്‌സ്പ്രസില്‍ കൊച്ചിയിലേക്കും വൈകുന്നേരം അതേ തീവണ്ടിയില്‍ തിരികെയും പോരും. സീനിയര്‍ അധ്യാപകനായ പ്രാല്‍ജിയുടെ കൂടെ പോയിരുന്നതുകൊണ്ട് പ്രശസ്തരും കലാകാരന്മാരുമായ ഒട്ടേറെ മലയാളം അധ്യാപകരെ പരിചയപ്പെടുവാന്‍ കഴിഞ്ഞു.
സര്‍ക്കാര്‍ കോളജുകളില്‍നിന്നു വന്നിരുന്ന സുഗതന്‍ സാര്‍, സി.ആര്‍. ഓമനക്കുട്ടന്‍, കോലഞ്ചേരി കോളജിലെ ബിനോയി ചാത്തുരുത്തി, ഫിലിപ്പ് സാര്‍, എഴുത്തുകാരികളായ ഗ്രേസി, ശാരദക്കുട്ടി അങ്ങനെ പോകുന്നു ആ നിര. അവരുടെയൊക്കെ സംഭാഷണങ്ങളില്‍പങ്കുചേര്‍ന്ന് ഒരു ഉത്സവം പോലെ ആഘോഷിച്ചു ഞാന്‍ പങ്കെടുത്ത ആദ്യത്തെ വാല്യുവേഷന്‍ ക്യാമ്പ്. പ്രതാപികളായ ഈ അധ്യാ പ ക രുടെ മുന്നില്‍ ബാലനായ അഭി മ ന്യു വി നെ പ്പോലെയായിരുന്നു ഞാന്‍. പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും സ്വതന്ത്ര ചിന്തകരെക്കുറിച്ചുമുള്ള പുതിയ ധാരണകള്‍ രൂപപ്പെടുവാന്‍ ഇവരുമായുണ്ടായ സമ്പര്‍ക്കം ഒരു സാധ്യതയായി. ഫലിതത്തിന്റെ നിശിതമായ പ്രയോഗങ്ങള്‍ കൊണ്ടും പരദൂഷണങ്ങളുടെ വന്യമായ ആക്രമണങ്ങള്‍ക്കൊണ്ടും ഹാളുമുഴുവന്‍ എപ്പോഴും പൊട്ടിച്ചിരിയിലാണ്. ഇരിക്കാന്‍ കസേരയും കാറ്റുകിട്ടാന്‍ പങ്കയും ഇല്ലെങ്കില്‍ അധ്യാപകര്‍ പ്രതിഷേധിക്കുമായിരുന്നു. അധ്യാപകരുടെ അന്തസിനുചേര്‍ന്ന പ്രാഥമിക സൗകര്യങ്ങള്‍ക്കുവേണ്ടി ഉറക്കെ ശബ്ദിക്കുവാന്‍ അവര്‍ക്കൊന്നും ഭയമുണ്ടായിരുന്നില്ല. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുംനല്‍കുന്ന അധ്യാപകസംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു അവരെല്ലാം. അത് ഞങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു.
എണ്‍പത്തഞ്ചോടു കൂടി കോട്ടയത്തേക്ക് ക്യാമ്പുകള്‍ മാറി. മാന്നാനം ട്രെയിനിംഗ് കോളജിലായിരുന്നു ആദ്യ വര്‍ഷങ്ങളിലെ ക്യാമ്പുകളെങ്കില്‍ പിന്നെയത് ബി.സി.എം കോളജിന്റെ ഓഡിറ്റോറിയത്തിലേക്കുമാറി. 1986 മെയ് മാസം. ഞങ്ങളുടെ ഗ്രൂപ്പിന്റെ ചീഫ് കുറവിലങ്ങാട് കോളജിലെ പ്രൊഫ. ജോസഫ് മലമുണ്ടയാണ്. ഞങ്ങളുടെ ഗ്രൂപ്പില്‍ മാന്നാനം കോളജിലെ വി.ജെ. സെബാസ്റ്റ്യന്‍, ബി.സി.എം കോളജിലെ കെ.സി.ത്രേസ്യാമ്മ, അരുവിത്തുറ കോളജിലെ ജോസഫ് വര്‍ഗ്ഗീസ്, വൈക്കം കോളജിലെ സിറിയക്ക് ചോലങ്കരി എന്നിവരാണുള്ളത്. മലമുണ്ടസാര്‍ രാവിലെ പതിനൊന്നരയാകാതെ വരില്ല. ഹൈബ്രോ പെന്‍സിലുകൊണ്ട് മീശ കറുപ്പിച്ച് ഒരു കൈയ്യില്‍ കുടയും പിടിച്ച് മറുകൈകൊണ്ട് മുണ്ടിന്റെ കോന്തലം ഉയര്‍ത്തിപ്പിടിച്ച് മലമുണ്ടസാറങ്ങനെ വരും. അപ്പോള്‍ ഞങ്ങള്‍ ആദ്യ സെറ്റ് പേപ്പര്‍ നോക്കി വച്ചിരിക്കുകയാണ്. അത് റീ വാല്യൂ ചെയ്തിട്ടുവേണം അടുത്തസെറ്റ് വാങ്ങിക്കുവാന്‍. സാറ് ചുവന്ന മഷികൊണ്ട് കുറെ വരകളും കുറികളുമൊക്കെ നടത്തി കുറെ പേപ്പര്‍ റീ വാല്യുചെയ്യും. ബാക്കി ഞങ്ങളെക്കൊണ്ടുതന്നെ വരപ്പിക്കും. ഏതിനും ഹാസ്യപ്രധാനമായ മറുപടി. അങ്ങനെ കുലുങ്ങിച്ചിരികളുടെ ഒരു ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. കുറവിലങ്ങാട് കോളജിലെ അധ്യാപകര്‍ മലമുണ്ടസാറിനെ കളിയാക്കും. അതിലൊരുകഥ ഇങ്ങനെയാണ്.
സിനിമാപ്രേമിയായ മലമുണ്ടസാര്‍ ഒരു തിരക്കഥയെഴുതി. പ്രശസ്തനായ ഒരു സംവിധായകനെ സമീപിച്ച് മലമുണ്ടസാര്‍ തിരക്കഥ സമര്‍പ്പിച്ചു. ഇത് സിനിമയാക്കാന്‍ എനിക്കൊരു കണ്ടീഷന്‍ മാത്രമേയുള്ളു. സംവിധായകന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മലമുണ്ടസാര്‍ പറഞ്ഞു. ”ഇതില്‍ അഞ്ച് ബലാല്‍സംഗങ്ങളുണ്ട്. അത് അഞ്ചും എനിക്കുതന്നെ ചെയ്യണം.” സംവിധായകനെ പിന്നെ കണ്ടിട്ടില്ല. മലമുണ്ടസാറിന്റെ തിരക്കഥാപ്രേമം അതോടെ അവസാനിച്ചു. വാല്യുവേഷന്‍ ക്യാമ്പിലെ സൗഹൃദങ്ങള്‍ ചില യാത്രകളിലേക്ക് നയിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും സൗമ്യനും ശാന്തനുമായ സാറാണ് ജോസഫ് വര്‍ഗ്ഗീസ്. ഞാനും സെബാസ്റ്റ്യനും ജോസഫുമായി കൂടുതല്‍ സ്‌നേഹത്തിലായി. ജോസഫ് ഇലവീഴാപൂഞ്ചിറയെക്കുറിച്ച് സംസാരിച്ചു. ക്യാമ്പ് തീര്‍ന്ന് പ്രതിഫലമെല്ലാം കിട്ടി. പിറ്റേദിവസം തന്നെ ഇലവീഴാപൂഞ്ചിറ കാണാന്‍ തീരുമാനിച്ചു.
ഈരാറ്റുപേട്ടയിലെ ജോസഫിന്റെ ഭവനത്തില്‍ ഞാനും സെബാസ്റ്റ്യനും രാവിലെ തന്നെയെത്തി. ഒരു വാടകവീടാണത്. സെറ്റുടുത്ത ശാന്തയും ശാലീനയുമായ ജോസഫിന്റെ ഭാര്യ. ചായ നല്‍കി അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുടെ ഒക്കത്ത് ഒരു പെണ്‍കുഞ്ഞുണ്ട്. ജോസഫിന്റെ മൂത്തമകള്‍. പേര് ഇന്ദുലേഖ. ഇലവീഴാപൂഞ്ചിറയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ഭാര്യ ജോസഫിന്റെ കൈയ്യില്‍ ഒരു ബിഗ്‌ഷോപ്പര്‍ കൊടുത്തു. ജോസഫ് ഞങ്ങളോടു പറഞ്ഞു ”ഉച്ചഭക്ഷണം ചക്കവേവിച്ചതും ബീഫുകറിയും.” ഒരു കുപ്പി വെള്ളവും മറക്കാതെ ആ സഹോദരി വച്ചിട്ടുണ്ട്. മേലുകാവ് വഴി ജീപ്പില്‍ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വാരങ്ങളിലെത്തിയ ഞങ്ങള്‍ നടന്നു വലഞ്ഞ് ഉച്ചയോടുകൂടി ഇലവീഴാപൂഞ്ചിറയുടെ ഉച്ചിയിലെത്തി. വിശന്നു വലഞ്ഞ ഞങ്ങള്‍ ചെറിയ വിശേഷ പാനീയങ്ങളുടെ അകമ്പടിയോടെ ചക്കയും ബീഫുകറിയും അകത്താക്കി. പച്ചപ്പിന്റെ തണലില്‍ മലര്‍ന്നുകിടന്ന് ആകാശ നിരീക്ഷണം നടത്തി.
കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 55 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററും ദൂരെയാണ്. പൂക്കളും ഇലകളും പതിക്കാത്തസ്ഥലം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. പാണ്ഡവര്‍ വനവാസമനുഷ്ടിച്ചു കൊണ്ടിരുന്നപ്പോള്‍ തടാകത്തില്‍ നീരാടുമായിരുന്നു. യുവാക്കളായ ചില ദേവന്മാര്‍ ദ്രൗപതിയുടെ നീരാട്ടുകാണാന്‍ മറഞ്ഞിരുന്നു എന്നറിഞ്ഞ ഇന്ദ്രന്‍ ഈ തടാകത്തിനു ചുറ്റും മലകള്‍ കൊണ്ടൊരു കോട്ട കെട്ടി അവരുടെ കാഴ്ചമറച്ചു. അങ്ങനെയാണത്രെ ഉയര്‍ന്ന കുന്നുണ്ടായതെന്ന് സങ്കല്‍പ്പം. കുടയതുരുത്തുമല, മാങ്കുന്ന്, തോണിപ്പാറ എന്നീ മൂന്നുമലകളാല്‍ ചുറ്റപ്പെട്ടതാണീസ്ഥലം. ഇവിടെനിന്നുനോക്കിയാല്‍ സൂര്യന്റെ ഉദയവും അസ്തമയവും ഭംഗിയായി കാണാം. കാഞ്ഞാറില്‍നിന്ന് ജീപ്പിലെത്തി നടന്നു കയറണം മലയിലേക്ക്. ആള്‍വാസമില്ലാത്ത ഈ പ്രദേശത്തേക്ക് ധാരാളം സന്ദര്‍ശകര്‍ വരുന്നുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഉത്തമം. ചില സമയങ്ങളില്‍ ശക്തമായ കാറ്റുവീശാറുണ്ട്. മലിനീകരണമില്ലാത്ത പ്രകൃതികൊണ്ടും നിറഞ്ഞപച്ചപ്പുകൊണ്ടും വിജനതയുടെ സൗന്ദര്യം കൊണ്ടും ഇലവീഴാപൂഞ്ചിറ ആകര്‍ഷകമാണ്. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഒരു പാറക്കല്ലുണ്ട്.
സായാഹ്നത്തോടെ ഞങ്ങള്‍ മല തിരിച്ചിറങ്ങി. പിന്നെ ഞങ്ങള്‍ ജോസഫിനെ അധികം കണ്ടിട്ടില്ല. എന്നാല്‍ ഇന്ദുലേഖയിലൂടെ ജോസഫ് പ്രസിദ്ധനായി. ഇന്ദുലേഖയുടെ അപ്പനെന്ന നിലയിലാണ് ജോസഫ് പ്രശസ്തനാകുന്നത്. നര്‍ത്തകിയും കലാകാരിയുമായി ഇന്ദുലേഖ വളര്‍ന്നു. അവഗണനകളോടും അനീതിയോടും അധികൃതരോടും അവള്‍ കലഹിച്ചു. ഡല്‍ഹിയില്‍ പോയി പാര്‍ലമെന്റിന്റെ മുന്‍പില്‍ നൃത്തം ചെയ്ത് പ്രതിഷേധമറിയിച്ചു. അപ്പന്റെ കോള ജില്‍ അരു വി ത്തുറ കോളജില്‍ വിദ്യാര്‍ത്ഥിയായി വന്ന് വിദ്യാര്‍ത്ഥി നേതാവായി മാറി ഇന്ദുലേഖ അവളുടെ പേര് അന്വര്‍ത്ഥമാക്കികൊണ്ടിരുന്നു. അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അവള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ജോസഫാകട്ടെ മകള്‍ക്കുവേണ്ടി കോടതികളില്‍ കേസുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇന്ദുലേഖയുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ ഇലവീഴാപൂഞ്ചിറയെക്കുറിച്ച് ഓര്‍മ്മിക്കുമായിരുന്നു. അഡ്വ. ഇന്ദുലേഖ പ്രശസ്തയായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ്.
ന്യൂസ് ഡെസ്ക്
ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 28 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം ലഭിക്കുകയും ചെയ്യും. ഡേ ലൈറ്റ് സേവിംഗ് സമ്പ്രദായമനുസരിച്ചുള്ള ഈ സിസ്റ്റം നിലവിൽ വന്നത് നൂറോളം വർഷങ്ങൾക്ക് മുമ്പാണ്.
1916 ലാണ് ബ്രിട്ടിഷ് പാർലമെൻറ് സമ്മർ ടൈം ആക്ട് പാസാക്കിയത്. 1907ൽ വില്യം വില്ലറ്റ് ആരംഭിച്ച കാമ്പയിനിന്റെ വിജയമായിരുന്നു ഈ സമയമാറ്റം. രാവിലെയും വൈകുന്നേരങ്ങളിലും സൂര്യപ്രകാശം ലഭിക്കുന്നതിലെ വ്യതിയാനമനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നതിനായാണ് പ്രധാനമായും സമയമാറ്റം നടപ്പാക്കിയത്. സമ്മർ ടൈം ആരംഭിക്കുന്ന മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച സമയം ഒരു മണിക്കൂർ മുന്നോട്ടാക്കും. ഇതനുസരിച്ച് 2019 മാർച്ച് 31 ഞായറാഴ്ച രാവിലെ ഒരു മണിക്ക് സമയം രണ്ടു മണിയാക്കും.
ന്യൂസ് ഡെസ്ക്
സിസ്റ്റർ അനുപമയെ അപമാനിച്ചിറക്കിയത് നമ്മുടെ മുഖത്തേറ്റ പ്രഹരമാണെന്ന് പ്രശസ്ത എഴുത്തുകാരി എസ്. ശാരദക്കുട്ടി. കന്യാസ്ത്രീകളുടെ ജീവന് സുരക്ഷ നല്കാൻ സർക്കാർ സംവിധാനമൊരുക്കണം. അത്രയ്ക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്ത് ആണുങ്ങൾ കാണിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിസ്റ്റർ അനുപമയ്ക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തിൽ പ്രതിഷേധവുമായി ശാരദക്കുട്ടി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്.. കരഞ്ഞു കൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.
ഫാദർ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാൻ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങൾ കാണിക്കുന്നത്. നാളെ അഹിതമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗരൂകമായിരിക്കണം.
ഇതൊരപേക്ഷയാണ്..
S. ശാരദക്കുട്ടി
26.10.2018