Uncategorized

ഷാര്‍ജ: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പുതുതലമുറയ്ക്ക് വഴികാട്ടിയായി മാറണമെന്നും ജാതി-മത വര്‍ഗീയ ചിന്തകള്‍ ആളിക്കത്തിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇന്നത്തെ സാഹചര്യങ്ങള്‍ ഇന്ത്യയെ ഏറെ പിന്നിലേക്ക് നയിക്കുന്നുവെന്നും, ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ആകമാന ജനതയുടെ പുരോഗതിയായിരുന്നുവെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധിയുടെ 150 ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ചു കെ.പി.സി.സിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സംസ്്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘടാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് നടന്ന ഗാന്ധിജിയുടെ ലോകം’ എന്ന സെമിനാറില്‍ റേഡിയോ മംഗോ യു.എ.ഇ കണ്ടന്റ് ഹെഡ് എസ്. ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിജിയുടെ ഉടമസ്ഥാവകാശം ഏതെങ്കിലും വ്യക്തിക്കോ, പ്രസ്ഥാനത്തിനോ, രാജ്യത്തിനോ, ചരിത്ര കാലഘട്ടത്തിനോ അവകാശപ്പെടാനാകില്ല എന്നും അദ്ദേഹം മാനവരാശിയുടെ പൊതു സ്വത്താണെന്നും എസ്.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, ഇന്‍കാസ് യു.എ.ഇ നാഷണല്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് ഹെഡ് എം.സി.എ. നാസര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സന്തോഷ് നായര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിശേരി, ട്രഷറര്‍ കെ.ബാലകൃഷ്ണന്‍, ഡയസ് ഇടിക്കുള, കെ.എം. ഉണ്ണികൃഷ്ണന്‍, അഴീക്കോട് ഹുസൈന്‍, പോള്‍ ജോര്‍ജ് പൂവത്തേരില്‍, ദീപ അനില്‍, റീനാ സലിം, കെ.ആര്‍ രാജശേഖരന്‍, ജോസ് ജോസഫ്, വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

റെഞ്ചി കെ. ചെറിയാന്‍, ബാബു വര്‍ഗീസ്, മാത്യു ജോണ്‍, രാജന്‍ തങ്കച്ചന്‍, മനോജ് ചെന്നിത്തല, ഷിബു വീയപുരം, മനു ഡാനിയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രേംകുമാര്‍

ശബരിമല വിഷയത്തില്‍ യുകെയിലെ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കേരളത്തിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ യു.കെ സന്ദര്‍ശിക്കും. ക്രോയ്ഡന്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിശദമായ പൊതുപരിപാടി എത്രയും വേഗത്തില്‍ ക്രോയ്ഡനില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ശ്രീ പ്രേംകുമാര്‍ എന്നിവര്‍ അറിയിച്ചു.

ഓരോ മണിക്കൂറും പ്രതിഷേധം വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ നിന്നും സമയ പരിമിതികള്‍ ഉണ്ടെങ്കിലും ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ ക്ഷണം സ്വീകരിച്ച രാഹുല്‍ ഈശ്വര്‍ എത്രയും വേഗം യുകെയിലേക്ക് വരാം എന്ന് സന്തോഷത്തോടെ സമ്മതിച്ചു. രാഹുല്‍ ഈശ്വരുമായി ഫോണില്‍ സംസാരിച്ച ശേഷം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍ അറിയിച്ചതാണ് ഈ വിവരം. വലിയ ഒരു ഭക്ത സഞ്ജയത്തെ പ്രതീക്ഷിക്കുന്ന പരിപാടിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ വേദി കണ്ട് പിടിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ സംഘാടകര്‍. യു.കെയിലെ ഹൈന്ദവര്‍ക്ക് സുപരിചിതനായ ശ്രീ എ.പി രാധാകൃഷ്ണന്റെ സേവനം ഈ പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി ഉപയോഗപ്പെടുത്താനും ക്രോയ്ഡന്‍ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്.

വേദിയും തിയതിയും കിട്ടുന്ന മുറയ്ക്ക് യു.കെയിലെ മറ്റു ഹൈന്ദവ സമാജം പ്രതിനിധികളുമായി യോജിച്ചു കൊണ്ടാണ് പരിപാടി നടത്താന്‍ ക്രോയ്ഡന്‍ ഹിന്ദു സമാജം ആഗ്രഹിക്കുന്നത്. എല്ലാ ഹൈന്ദവ സമാജങ്ങളും തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിപാടിയില്‍ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ എത്രയും നേരത്തെ ജനങ്ങളെ അറിയിക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ക്ക് പ്രതീക്ഷയുണ്ട്.

ലണ്ടന്‍: കേരളത്തിനൊരു കൈത്താങ്ങുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ ചാരിറ്റി ഇവന്റ് വളരെ വിപുലമായ ചടങ്ങുകളോടെ ഈ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. കേരളത്തിലെ പ്രളയബാധയില്‍ നമ്മുടെ നാടിനൊപ്പം നിന്ന ബഹുമാനപെട്ട മുന്‍ കളക്ടര്‍ കൂടിയായ ശ്രീ രാജമാണിക്യം ഐഎസ് മുഖ്യ അതിഥിയായി എത്തിയതും ചടങ്ങുകള്‍ക്കു മാറ്റുകൂട്ടി എല്‍.എച്ച്.എ ഭജന സമിതിയുടെ പ്രേത്യേക ഭജനയും, സര്‍വൈശ്വര്യപൂജയും നടന്നു.

കേരളത്തെ ബാധിച്ച പ്രളയബാധയില്‍ നാടിനൊപ്പം നിന്ന നമ്മുടെ സ്വന്തം കളക്ടര്‍ ശ്രീ രാജമാണിക്യം അദ്ദേഹത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ് പൊന്നാട അണിയിച്ചു ആദരിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി യു.കെയിലെ വിവിധ ഹിന്ദു സംഘടനകള്‍ക്കു നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ക്കായി ശ്രീ സദാ ദിവാകരന്‍ (ഹേവാട്‌സ് ഹീത്ത്) അദ്ദേഹത്തെ മുന്‍ കളക്ടര്‍ ശ്രീ രാജമാണിക്യം വേദിയില്‍ വെച്ചു ആദരിക്കുകയുണ്ടായി.

ഗുരുവായൂരപ്പ സന്നിധിയില്‍ ഗാനാര്‍ച്ചനയുമായി ക്രോയ്ഡോണിലെ അനുഗ്രഹീത കലാകാരന്മാരായ ശ്രീ സുധീഷ് സദാനന്ദന്‍, ശ്രീ സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗാനാര്‍ച്ചന വളരെ ഹൃദ്യമായിരുന്നു തുടര്‍ന്നു ദീപാരാധനയും ഓണസദ്യയും നടന്നു ഓണസദ്യയിലൂടെ സമാഹരിച്ച തുക പ്രളയബാധിച്ചവര്‍ക്കായി നല്‍കും ഗുരുവായൂരപ്പന്റെ സാന്നിധ്യം നിറഞ്ഞു നിന്ന ഈ പരുപാടിയില്‍ പങ്കെടുത്ത എല്ലാ നല്ലവരായ ആളുകള്‍ക്കും ഭഗവത് നാമത്തില്‍ നന്ദി രേഖപെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിജയദശമി ആഘോഷങ്ങള്‍ ഒക്ടോബര്‍ 19 തിയ്യതി രാവിലെ 9 മണി മുതല്‍ 11 മണി വരെ ത്രോണ്‍ട്രോണ്‍ ഹീത്ത് മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് എല്ലാ വര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ നടത്തപെടുന്നതാണ് കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ളവര്‍ മുന്‍കൂട്ടി പേരുവിവരങ്ങള്‍ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar: 07515918523,
Geetha Hari: 07789776536,
Diana Anilkumar: 07414553601

Venue:
West Thornton Community Centre,
731-735, London Road,
Thornton Heath, Croydon CR7 6AU
Email:[email protected]

എ. പി. രാധാകൃഷ്ണന്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കാന്‍ ക്രോയിഡണ്‍ ഹിന്ദു സമാജം തീരുമാനിച്ചു. കോടതി വിധി തികച്ചും ദൗര്‍ഭാഗ്യകരം ആണെന്നും ഈ കാര്യത്തില്‍ ഭക്തരുടെ പക്ഷത്താണ് സമാജം എന്നും സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, സെക്രട്ടറി പ്രേംകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സമാന രീതിയില്‍ ചിന്തിക്കുന്ന മറ്റ് ഹൈന്ദവ സമാജങ്ങളുമായി കൂടുതല്‍ വിപുലമായ ആലോചനകള്‍ നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

പ്രസ്താവന:

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഭാരതത്തിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ വിധി തികച്ചും ദൗര്‍ഭാഗ്യകരം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഭാരതം നൂറ്റാണ്ടുകളായി ഉയര്‍ത്തി പിടിക്കുന്ന ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെ തികച്ചും നിയമ വശങ്ങള്‍ മാത്രം നോക്കിയാണ് വിധി പ്രസ്താവിച്ചത് എന്ന് തോന്നുന്നു. കാലങ്ങളായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്‌കാരത്തിന്റെ പരിച്ചേദങ്ങള്‍ ആയി നിലനിന്നു പോരുന്ന ഹൈന്ദവ ആചാരങ്ങളെ കേവലമായ യുക്തി ഉപയോഗിച്ച് അട്ടിമറിക്കാന്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. നൈഷ്ഠിക ബ്രഹ്മചാരി സങ്കല്‍പത്തില്‍ ലോകത്താകമാനമുള്ള ഭക്തര്‍ പൂജിക്കുന്ന അയ്യപ്പ സ്വാമിയുടെ സങ്കല്‍പത്തിന് തന്നെ കളങ്കം ചാര്‍ത്തുന്ന വിധമുള്ള നീക്കങ്ങള്‍ ആണ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ നടക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണം ആണ് പത്തു വയസിനും അന്‍പത് വയസിനു ഇടയിലുള്ള സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം തടഞ്ഞ ആചാരത്തെ മൊത്തം സ്ത്രീ വിരുദ്ധമാണ് എന്ന് ആക്കി പ്രചരിപ്പിച്ചത്.

മാറ്റങ്ങളെ എല്ലാകാലത്തും പ്രോത്സാഹിപ്പിക്കുകയും വേണ്ട രീതിയില്‍ അതിനെ സ്വീകരിച്ച് യഥാര്‍ത്ഥ സത്തയോടെ ഉള്‍കൊണ്ട് നിത്യ നൂതനമായി നിലനില്‍ക്കുന്ന സനാതന ധര്‍മ്മം ഒന്നിനും എതിരല്ല. പരിഷ്‌കാരതിന്റെയും മാറ്റത്തിന്റെയും പേരില്‍ ഹൈന്ദവ ജനതയുടെ ആരാധന സ്വാതന്ത്ര്യവും അതിലുപരി ദേവഹിതത്തിന് വിരുദ്ധവുമായ നടപടികള്‍ ആരില്‍ നിന്ന് ഉണ്ടായാലും എതിര്‍ക്കേണ്ടത് ആണെങ്കില്‍ എതിര്‍ക്കുക തന്നെ ചെയ്യും.ശക്തിയില്ലാതെ ശിവന്‍ ഇല്ലെന്ന് പഠിപ്പിച്ച സനാതന ധര്‍മ്മം, പുര പ്രാചീനമായ വേദങ്ങളില്‍ പോലും സ്ത്രീ തുല്യത ഉറപ്പ് വരുത്തി മുന്നോട്ടുപോകുന്ന ഹൈന്ദവ സംസ്‌കാരം ഒരു തരത്തിലുള്ള ലിംഗ വിവേചനവും ഒരു കാലത്തും നടത്തിയിട്ടില്ല എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഭൂരിപക്ഷ സമുദായത്തിന്റെ വികാര വിചാരങ്ങള്‍ വേണ്ട രീതിയില്‍ ഉള്‍കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവാദിത്വം ഉള്ള സര്‍ക്കാര് സംവിധാനങ്ങള്‍ ഒരുവിധത്തിലും അതിന് ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇപ്പൊള്‍ നടന്നു വരുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ക്രോയ്ഡണ്‍ ഹിന്ദു സമാജം പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ക്രോയ്ഡണ്‍ ഹിന്ദു സമാജം എന്നും ഭക്തരുടെ കൂടെയായിരിക്കും. വിവാദങ്ങള്‍ എല്ലാം ഒഴിഞ്ഞ് നിലനില്‍ക്കുന്ന ആചാര അനുഷ്ഠനങ്ങള്‍ അതെപടി തുടര്‍ന്ന് ശബരിമല ഇനിയും നൂറ്റാണ്ടുകള്‍ നിലനില്‍ക്കണം അതിന് കലിയുഗഗവരദന്‍ ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എന്ന്

ഭഗവദ് തൃപാദങ്ങളില്‍

ശ്രീ കുമാര്‍ സുരേന്ദ്രന്‍(പ്രസിഡന്റ്): 07979352084
ശ്രീ പ്രേംകുമാര്‍(ജനറല്‍ സെക്രട്ടറി): 07551995663

ക്രോയ്ഡണ്‍ ഹിന്ദു സമാജം, ലണ്ടന്‍.

ബിനോയി ജോസഫ്

“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..

ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല.  ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.

ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.

തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച്  ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.

നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…

രാജേഷ് ജോസഫ്

വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വെക്കാറില്ല മറിച്ച് പ്രകാശം പരത്തുന്നതിനായി പീഠത്തില്‍ സ്ഥാപിക്കണമെന്ന വാചകം നിരവധി തവണ നമ്മുടെ കാതുകളില്‍ ശ്രവിച്ചിരിക്കുന്നു. നമ്മുടെ ജീവനും ജീവിതവും എത്രമാത്രം പ്രകാശം പരത്തുന്നതാണ് എന്ന ചിന്ത വല്ലാതെ ഭാരപ്പെടുത്തുന്നു. ഒരു ദശകത്തെ നവയുഗ പ്രവാസ ജീവിതം തിരികെ നടക്കുമ്പോള്‍ മനസില്‍ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ സമ്മിശ്ര വേലിയേറ്റം സൃഷ്ടിക്കുന്നു. പിറന്ന നാടും മണ്ണും ഉപേക്ഷിച്ച് തെല്ലു ഭയത്തോടെ കാലുകുത്തിയ നിമിഷങ്ങള്‍ മുതല്‍ ഇന്നേവരെയുള്ള യാത്ര ആശ്ചര്യം ഉളവാക്കുന്നതാണ്.

യൂറോപ്പിലെ മലയാളി വലിയ സംരംഭകരായി മാറിയിരിക്കുന്നു. വലിയ വീടുകളായി, മുന്തിയ കാറുകളായി, അസോസിയേഷനുകളായി, കൂട്ടായ്മകളായി പള്ളിയായി, സമുദായ സംഘടനകളായി, ജാതികളായി ഉപജാതികളായി വലിയ വൃക്ഷമായി മാറിയിരിക്കുന്നു. ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നത് ആരംഭകാലത്ത് ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭസ്ഥമാക്കിയവര്‍ ഇന്നിതാ മലയെ വിഭജിച്ച് ഇടിച്ച് നിരത്തി കുന്നുകളും കുഴികളും നിര്‍മ്മിക്കുന്നു. കെട്ടിയടക്കപ്പെട്ട മതിലുകള്‍ സൃഷ്ടിക്കുന്നു.

വ്യക്തിബന്ധങ്ങള്‍ കുറയുന്നു, പള്ളികളില്‍ ആളുകള്‍ കുറയുന്നു. സമീപസ്ഥരാകേണ്ട ആത്മീയ നേതൃത്വങ്ങള്‍ വിദൂരസ്ഥരാകുന്നു. അസോസിയേഷനുകളിലെ അനവധി പരിപാടികള്‍ ഇന്ന് പ്രവര്‍ത്തന ഉദ്ഘാടനവും വാര്‍ഷികയോഗവും എന്നീ രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു. സംഘടനകളുടെ യോഗങ്ങള്‍ക്ക് തിരക്കില്ല. എല്ലായിടത്തുംം ശൂന്യത, വിരക്തി, അകല്‍ച്ച.യൂറോപ്പിലെ മലയാളി കൂട്ടായ്മകളില്‍ ശ്മശാന മൂകത. ദിവസേന നിരവധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ ഫോണില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വീഡിയോ സന്ദേശങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ പ്രവാസി ഇന്ന് അകവാസിയായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള ഉയര്‍ച്ചയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പരാശ്രയമില്ലാതെ എനിക്ക് ജീവിക്കാം എന്ന ഞാനെന്ന ഭാവവും സാമൂഹ്യമായ വിടവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ കേരനാട്ടിലെ മഹാപ്രളയം സകലതിനേയും തകര്‍ത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരേയും തുല്യരാക്കി. ദുരന്തമല്ല ബന്ധങ്ങള്‍ക്ക് ശക്തിപകരേണ്ടത് മറിച്ച് സ്‌നേഹത്തിന്റെ കരുതലിന്റെ കണ്ണികളാല്‍ സൗഹൃദത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെടേണ്ടത്. ഒരുമയുടെ പരസ്പരം പങ്കുവെക്കലിന്റെ പ്രകാശം ചുറ്റുമുള്ളവരില്‍ പരത്താം. ഏതൊരു വലിയ യാത്രയുടെയും തുടക്കം ചെറിയ ചുവടുവെപ്പുകളില്‍ നിന്നാണ്, ആയതിനാല്‍ കൂട്ടായ്മകള്‍ക്കായി, സൗഹൃദങ്ങള്‍ക്കായി, കൂടിച്ചേരലിനായി ചെറിയ സമയം കണ്ടെത്താം. ഏത് പ്രളയത്തേയും തടഞ്ഞ് നിര്‍ത്തുന്ന അതീജീവിക്കുന്ന സൗഹൃദങ്ങളുടെ വന്‍ മല നിര്‍മ്മിക്കാം. കൂട്ടായ്മകളില്‍, പങ്കുവെക്കലില്‍ എനിക്കും എന്റെ കുടുംബത്തിനും എന്ത് ലാഭം എന്നതിനേക്കാള്‍ ഉപരിയായി അത് നല്‍കുന്ന സന്തോഷങ്ങളെ, ആത്മ സംതൃപ്തിയെ ദര്‍ശിക്കാം, അനുഭനവിക്കാം. ഒന്നിച്ച് നമുക്ക് നിലം ഉഴുത് മറിക്കാം, വിത്ത് പാകാം, വളവും വെള്ളവും ആവശ്യാനുസരണം നല്‍കാം. ബാക്കി ക്ഷമയോടെ കാത്തിരുന്ന് കാണാം. നൂറ് മേനി ഫലം പുറപ്പെടുവിക്കുന്നവരാകാം.

ബിർമിങ്ഹാം:  ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു.   എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും  74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.

മെല്‍ബണ്‍: കേരള സര്‍ക്കാരിന്റെ പ്രവാസകാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

2008 ല്‍ അമേരിക്കയില്‍ രൂപം കൊണ്ട സംഘടന, മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഏകീകരണം പ്രോത്സാഹിപ്പിക്കുക, അടിയന്തര സാഹചര്യത്തിലും അത്യാവശ്യ ഘട്ടങ്ങളിലും ആവശ്യമായ സഹായം നല്‍കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തന ലക്ഷ്യങ്ങളുമായി പിഎംഎഫ് ഇപ്പോള്‍ 38 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പുതിയ ഭാരവാഹികളായി തോമസ് ജേക്കബ് (പ്രസിഡന്റ്), ഷിനോയ് മഞ്ഞാങ്കല്‍ (വൈസ് പ്രസിഡന്റ്), അനിത ദുദാനി (സെക്രട്ടറി), ഷാജു നടരാജ് (ജോയിന്റ് സെക്രട്ടറി), അജീഷ് രാമമംഗലം (ട്രഷറര്‍), സന്തോഷ് തോമസ് (പിആര്‍ഒ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സെബാസ്റ്റ്യന്‍ ജേക്കബ്, ബാബു മണലേല്‍, അനില്‍ തരകന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

 

 ബിനോയി ജോസഫ്

കേരള ജനത കണ്ട മഹാപ്രളയ സമയത്ത് സ്വന്തം ജനതയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മെമ്പർ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത്  പുത്തൻ ചുവടുകൾ വയ്ക്കാനൊരുങ്ങുന്നു. യുകെയിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളിയായ ബൈജു വർക്കി തിട്ടാല മാറുകയാണ്. കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ കൗൺസിലറായ ബൈജു തിട്ടാലയ്ക്ക് യുകെയിലെ ജനാധിപത്യ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രതിനിധിയായി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബൈജുവിൽ പാർട്ടിയ്ക്കുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് പുതിയ ഉത്തരവാദിത്വങ്ങൾ പാർട്ടി ഭരമേല്പിക്കുന്നത്. കേംബ്രിഡ്ജ് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായ ബൈജു തിട്ടാലയുടെ നേതൃപാടവും കഠിനാദ്ധ്വാനവും രാജ്യത്തിനുവേണ്ടി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ലേബർ പാർട്ടി.

നവംബർ മുതൽ യൂറോപ്യൻ പാർലമെൻറിലേയ്ക്ക് ഇന്റേൺഷിപ്പിനായാണ് ബൈജുവിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ചർച്ചകൾ നിർണായ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ഈ മലയാളി കൗൺസിലറെ തേടിയെത്തിയത്. യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ നിന്നുള്ള എം.ഇ.പിമാരും രാജ്യ തലവന്മാർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും വിവിധ പാർലമെന്റ് കമ്മിറ്റികളുടെ നടപടികളും നേരിട്ട് കാണുവാൻ ഇന്റേൺഷിപ്പ് അവസരം നല്കും. യൂറോപ്യൻ രാജ്യങ്ങൾക്കായി നടത്തുന്ന നിയമനിർമ്മാണ പ്രക്രിയയുടെ നൂലിഴ കീറിയുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും  സാക്ഷ്യം വഹിക്കാൻ ഈ നിയമ വിദഗ്ദന് അവസരം ലഭിക്കും. ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ബൈജു തിട്ടാല കേംബ്രിഡ്ജിൽ നിന്നാണ് എൽഎൽബി നേടിയത്. ലോയിൽ മാസ്റ്റേർസ് ഡിഗ്രിയും ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേടിയിട്ടുണ്ട്.

യൂറോപ്യൻ പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം പൂർണമായും ഉപയോഗപ്പെടുത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുമുള്ള ഒരുക്കത്തിലാണ് ബൈജു വർക്കി തിട്ടാല. യൂറോപ്യൻ പാർലമെന്റിലെ ഇന്റേൺഷിപ്പിനിടെ സംവദിക്കുന്നവരുമായി  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചും താൻ ജവഹർലാൽ  നെഹ്റുവിന്റെ രാജ്യത്തുനിന്ന് വരുന്നു എന്ന ആമുഖത്തോടെ പറയാൻ സാധിക്കുമെന്ന സന്തോഷം കൗൺസിലർ ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പങ്കുവെച്ചു. ലേബർ പാർട്ടിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കോൺഫ്രൻസിൽ ഡെലഗേറ്റായും അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക സമത്വവും എന്നും ഇഷ്ട വിഷയങ്ങളാക്കുന്ന ബൈജുവിന് പൂർണ പിന്തുണയാണ് കേംബ്രിഡ്ജിലെ ജനങ്ങൾ നല്കുന്നത്.

കേരളത്തിലെ പ്രളയ സമയത്ത് ബൈജു തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലായിരുന്നു ബൈജു. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളാണ് ബൈജുവിന്റെ ശ്രമഫലമായി ക്യാമ്പിലെത്തിയത്. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ്  യുകെയിൽ നിന്ന് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്.

ബിനോയി ജോസഫ്

കോട്ടയത്തിന്റെ ജനകീയ നായകൻ ജോസ് കെ മാണി എം.പി മണ്ഡലത്തിൽ നടത്തിയ പുരോഗമന പ്രവർത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി കോട്ടയം ലോകസഭാ മണ്ഡലത്തിൽ നടത്തിയ വിവിധ മേഖലയിലെ പദ്ധതികളുടെ വിശദവിവരങ്ങൾ “കോട്ടയം പാർലമെൻറ് മണ്ഡലം –  പുരോഗതിയുടെ നാഴികക്കല്ലുകൾ” എന്ന പേരിലാണ് ജനങ്ങൾക്ക് സമർപ്പിച്ചത്. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് ആവേശമായിരുന്നു. ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി.  കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ജനങ്ങളാണ് കോട്ടയത്തിന്റെ ന്യൂ ജനറേഷൻ എം.പിയായ ജോസ് കെ മാണിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് എ ഐ സിസി സെക്രട്ടറി ഉമ്മൻ ചാണ്ടി വികസന രേഖ പ്രകാശനം ചെയ്തു.

റബർ വിലയിടിവ് അടക്കമുള്ള ജനകീയ വിഷയങ്ങളിൽ ജോസ് കെ മാണി പാർലമെന്റിൽ നടത്തിയ ഇടപെടലുകളെ ഉമ്മൻ ചാണ്ടി മുക്തകണ്ഠം പ്രശംസിച്ചു. ജോസ് കെ മാണി രാജ്യത്തിന് തന്നെ മാതൃകയായ ജനപ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാണി എം.എൽ.എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധിയ്ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും ജനങ്ങൾക്കായ് ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങളുടെ അറിവിലേയ്ക്ക് എത്തിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന കടമയാണ് ജോസ് കെ മാണി നിർവ്വഹിക്കുന്നതെന്നും കെ.എം മാണി പറഞ്ഞു. മുൻ മന്ത്രി എം.എൻ ഗോവിന്ദൻ നായർ ഉമ്മൻ ചാണ്ടിയിൽ നിന്ന് വികസനരേഖ ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ്, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ മുൻസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ അടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ  ജോസ് കെ മാണി ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.

RECENT POSTS
Copyright © . All rights reserved