uukma

സജീഷ് ടോം

കാത്തിരിപ്പിന് വിരാമമായി. ഗര്‍ഷോം ടി വി – യുക്മ സ്റ്റാര്‍ സിംഗര്‍ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ഇതാ ആരംഭിക്കുകയായി. ലണ്ടണ്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ നടന്ന ഒഡിഷനുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളും, യുക്മ സ്റ്റാര്‍ സിംഗര്‍ ചരിത്രത്തില്‍ ആദ്യമായി ഇതര യൂറോപ്യന്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ് (ബാസില്‍), റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് (ഡബ്ലിന്‍) എന്നിവിടങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും ഉള്‍പ്പെടെ പതിനഞ്ചു ഗായകരാണ് ആദ്യ റൗണ്ടില്‍ മത്സരിക്കുന്നത്.

യുക്മ കലാമേളകള്‍ കഴിഞ്ഞാല്‍ യു.കെ.മലയാളികള്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ പരിപാടി ഏതെന്ന ചോദ്യത്തിന് ‘യുക്മ സ്റ്റാര്‍ സിംഗര്‍ മ്യുസിക്കല്‍ റിയാലിറ്റി ഷോ’ എന്ന ഒരുത്തരമേയുള്ളൂ. മാസങ്ങള്‍ നീണ്ട അണിയറ പ്രവര്‍ത്തനങ്ങളുടെ അഭിമാനകരമായ തിരുമുല്‍ക്കാഴ്ചയെന്നോണം പ്രഥമ സ്റ്റേജിലെ ആദ്യ റൗണ്ട് മത്സരങ്ങളുടെ ടെലികാസ്റ്റ് തുടങ്ങിക്കഴിഞ്ഞു. ഡിസംബര്‍ പതിനഞ്ചാംതീയതി വെള്ളിയാഴ്ച മുതല്‍ ഗ്രാന്‍ഡ്ഫിനാലെ വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും ചിട്ടയായി ഗര്‍ഷോം ടി വി യിലൂടെ ഓരോ എപ്പിസോഡുകളും സംപ്രേഷണം ചെയ്യുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ച ടെലികാസ്‌റ് ചെയ്ത ആദ്യ എപ്പിസോഡിന്റെ യുട്യൂബ് ലിങ്ക് ആണ് യുക്മ ഈ വാര്‍ത്തക്കൊപ്പം യൂറോപ്പിലെ മലയാളി സംഗീത പ്രേമികളുടെ മുന്നിലേക്കെത്തിക്കുന്നത്.

ബിര്‍മിംഗ്ഹാമിനടുത്തുള്ള വൂള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ. ആസ്ഥാനമന്ദിരത്തില്‍ വച്ച് നവംബര്‍ നാലാംതീയതി ശനിയാഴ്ചയായിരുന്നു ആദ്യ സ്റ്റേജ് ഷൂട്ടിംഗ് നടന്നത്. രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ആദ്യ വേദിയില്‍ അരങ്ങേറിയത്. മത്സരാര്‍ത്ഥികളുടെ ഏറ്റവും പ്രിയഗാനം പാടുവാന്‍ അവസരമൊരുക്കികൊണ്ടു ‘ഇഷ്ട്ടഗാനം’ റൗണ്ട് ആണ് ആദ്യത്തേത്.
റെഡ്ഡിങ്ങില്‍നിന്നുള്ള അമിത ജനാര്‍ദ്ദനന്‍ ആണ് ആദ്യ ഗായിക. തുടര്‍ന്ന് ഹള്ളില്‍നിന്നുള്ള സാന്‍ തോമസ് ജോര്‍ജ്, കെന്റില്‍നിന്നുള്ള അനു ജോസ് എന്നിവര്‍ തങ്ങളുടെ ഇഷ്ടഗാനങ്ങളുമായി എത്തുന്നു. തുടക്കം മുതല്‍ ഓരോ എപ്പിസോഡുകളും കണ്ടും കേട്ടും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യൂറോപ്പിന്റെ മണ്ണിലെ മലയാള സംഗീത പ്രതിഭകളുടെ അങ്കംകുറിക്കല്‍ സര്‍ഗ്ഗധനരായ കൂടുതല്‍ ഗായകരെ വരുംവര്‍ഷങ്ങളില്‍ കണ്ടെത്താനുള്ള ശേഷി യുക്മക്ക് പകരും എന്നതില്‍ സംശയമില്ല. ആദ്യ എപ്പിസോഡിലെ ഗാനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ കാണുക.

വര്‍ഗീസ് ഡാനിയേല്‍ (പി ആര്‍ ഓ , യുക്മ)

യുക്മ നാഷണല്‍ കമ്മറ്റി യു കെ യിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച ‘യുക്മ യൂത്ത്’ പ്രവര്‍ത്തന പഥത്തിലേക്ക്. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലും ഗ്ലോസസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി ജനുവരിമാസം ആറാം തീയതി ശനിയാഴ്ച രാവിലെ 09:30 മുതല്‍ വൈകിട്ട് 4 മണിവരെ കുട്ടികള്‍ക്കായി അക്കാദമിക് കരിയര്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചുകൊണ്ടാണ് ആദ്യ പരിപാടി. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷം മാതാപിതാക്കള്‍ക്കും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി വലിയ ഉത്കണ്ഠയും ആകുലതയും ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

കുട്ടികളുടെ അഭിരുചിക്കനുസൃതമായി പഠിക്കുവാനും നല്ല ജോലിനേടാനും കഴിയുന്ന നിരവധി കോഴ്‌സുകള്‍ ഇവിടെ ഉണ്ടന്നിരിക്കെ അക്കാദമിക് തലത്തിലെ അപര്യാപ്തതമൂലം പലരും കുട്ടികളെ മെഡിസിന്‍ അല്ലെങ്കില്‍ എന്‍ജിനിയറിംഗ് എന്നിവ മാത്രം പഠിക്കുവാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ കീ സ്റ്റേജ് രണ്ടു മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കള്‍ക്കും അറിവുപകര്‍ന്നുനല്‍കത്തക്ക രീതിയില്‍ ബ്രിട്ടിഷ് പാഠ്യ രീതിയെയും സാദ്ധ്യതകളെയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
ഒരു എഡ്യൂക്കേഷനല്‍ സെമിനാര്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് യുക്മ യൂത്തിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയ ഡോ. ബിജു പെരിങ്ങത്തറയും ഡോ. ദീപ ജേക്കബും അറിയിച്ചു.

യു.കെ യില്‍ താമസം ആക്കിയിരിക്കുന്ന ഏതു മലയാളി കുടുംബത്തിനും സെമിനാറില്‍ പങ്കെടുക്കാം. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന നൂറ് കുടുംബങ്ങള്‍ക്ക് മാത്രമേ സെമിനാറില്‍ പ്രവേശനം ഉണ്ടാവുകയുള്ളൂ. നിരവധി ആളുകള്‍ ഇതിനോടകം തന്നെ താത്പര്യമറിയിച്ച സ്ഥിതിക്ക് താല്പര്യമുള്ളവര്‍ മുന്‍കൂടി പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികളുടെ ശോഭനമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ മാതാ പിതാക്കള്‍ക്കും കുട്ടികളോടൊപ്പം ഈ സെമിനാറില്‍ പങ്കെടുക്കാം .

വിശദ വിവരങ്ങള്‍ക്ക് ബന്ധപെടേണ്ട നമ്പരുകള്‍
Tom Sankoorikkal +447865075048
GMA President
Manoj Venugopal 07575370404
GMA Secretary
Anil Thomas GMA Treasurer +447723339381
Varghese Cheriyan UUKMA Southwest President 07908544181
Padmaraj UUKMA Southwest secretary +447576691360

 യു കെ മലയാളികളുടെ ആവേശമായ യുക്മ നാഷണല്‍ കലാമേളക്ക് കൊടിയിറങ്ങുമ്പോള്‍ ആദ്യ മായി യുക്മ കലാമേളയില്‍ മാറ്റുരച്ച ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ യുക്മ കലാതിലകമായി. സംഗീത യു കെ യുക്മ സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള ഈ 7 വയസ്സുകാരി മികവാര്‍ന്ന പ്രകടനവുമായി സിനിമാറ്റിക് ഡാന്‍സ്, സോങ്, ഫാന്‍സിഡ്രസ് എന്നീ മൂന്നു വ്യത്യസ്ത ഇനങ്ങളിലായി 11 പോയന്റ് നേടിയാണ് കലാതിലകപട്ടം നേടിയത്. യോര്‍ക്ക് ഷെയര്‍ ആന്റ് ഹംബറില്‍ നിന്നുള്ള സാന്‍ തോമസ് ജോര്‍ജ്ജ്, ഹരികുമാര്‍ നായര്‍ എന്നിവര്‍ തത്തുല്യ പോയന്റുകളോടെ കലാപ്രതിഭ പട്ടം കരസ്ഥമാക്കി.

കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ 68 പോയന്റുകളോടെ ചാമ്പ്യന്‍ അസ്സോസിയേഷനായപ്പോള്‍, ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍, മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ മിഡ്‌ലാന്‍ഡ്‌സിലെ ബി സി എം സി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ റീജിയന്‍ കിരീടം മൂന്നാമതും നിലനിര്‍ത്തിയപ്പോള്‍ സൗത്ത് വെസ്റ്റ് റീജിയന്‍, യോര്‍ക്ക് ഷെയര്‍ റീജിയന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരിച്ച മൂന്നിനങ്ങളിലും സമ്മാനങ്ങള്‍ നേടി ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നുള്ള ആന്‍ മേരി ജോജോ നാട്യ മയൂരം അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.

അഞ്ചു വേദികളിലായി സൗത്ത് ഈസ്റ്റ് റീജിയണിലെ ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ അരങ്ങൊരുക്കിയ ദേശീയ കലാമേളക്ക് ഇക്കുറിയും ഒഴുകിയെത്തിയത് അയ്യായിരത്തോളം പേര്‍. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളുടെ സൗഹൃദ കൂടിക്കാഴ്ച്ചകളുടെ വേദി കൂടിയായി ഹെയര്‍ഫീല്‍ഡ് അക്കാഡമി.

സ്വന്തം ലേഖകന്‍

യുക്മ അംഗ അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും ഏറെ പ്രതീക്ഷയോടെ പങ്കെടുക്കാറുള്ള യുക്മ കലാമേളയുടെ റീജിയണല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ എങ്ങും പരാതി പ്രവാഹം. സംഘാടകരുടെ പിടിപ്പു കേടും വിധി നിര്‍ണ്ണയത്തിലെ അപാകതകളും സമന്വയിച്ചപ്പോള്‍ നഷ്ടം ഏറെ പ്രതീക്ഷയോടെ കലാമേളയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് മാത്രം. ഉദ്ഘാടന സമ്മേളനത്തിനും നേതാക്കളുടെ ഫോട്ടോ എടുക്കല്‍ മത്സരങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം പോലും കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഫലപ്രഖ്യാപനം നടത്തുന്നതിലും നല്‍കാതിരുന്നതാണ് റീജിയണല്‍ കലാമേളകളിലെ പരാതി പ്രവാഹത്തിന് കാരണം.

യുക്മ യോര്‍ക്ക് ഷയര്‍ ആന്‍റ് ഹംബര്‍ റീജിയണില്‍ നടന്ന കലാമേളയിലാണ് ഇതില്‍ ഏറ്റവും വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. മൈലുകള്‍ സഞ്ചരിച്ച് കലാമേളയിലെത്തി മണിക്കൂറുകള്‍ ചെലവഴിച്ച് കുരുന്നുകള്‍ രചിച്ച ചിത്രരചനാ മത്സരത്തിലെ ചിത്രങ്ങള്‍ ഒന്നടങ്കം നഷ്ടപ്പെടുത്തിയാണ് ഇവിടെ സംഘാടകര്‍ ക്രൂരത കാട്ടിയിരിക്കുന്നത്. കാലത്ത് ഒന്‍പതരയ്ക്ക് എത്തി ചിത്രങ്ങള്‍ രചിച്ച് ഫലപ്രഖ്യാപനത്തിനായി രാത്രി ഏറെ വൈകും വരെ കാത്തിരുന്ന ഇരുപത്തി ഒന്‍പത് മത്സരാര്‍ത്ഥികള്‍ക്കാണ് സംഘാടകരുടെ അനാസ്ഥ മൂലം ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്.

ചിത്രരചനാ മത്സരത്തിലെ സൃഷ്ടികള്‍ നഷ്ടപ്പെട്ടതിന് പരസ്പരം പഴി ചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് കിരണ്‍ സോളമന്‍ റീജിയണല്‍ പ്രസിഡന്‍റ് ആയുള്ള കമ്മറ്റി ഇപ്പോള്‍ നടത്തുന്നത്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ഉടന്‍ തന്നെ കലാസൃഷ്ടികള്‍ കണ്ടെടുക്കുമെന്നും ഒക്കെ സംഘാടകര്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും എത്ര നിരുത്തരവാദപരമായ സമീപനമാണ് ഇവര്‍ കലാമേള നടത്തുന്നതില്‍ കാണിച്ചത് എന്നത് ചോദ്യം ചെയ്യപ്പെടും എന്നത് ഉറപ്പാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ റീജിയനുകളിലും മത്സരാര്‍ത്ഥികളും കാണികളും ഈ വര്‍ഷം കുറവായിരുന്നു എങ്കിലും കലാമേള ചരിത്രത്തില്‍ ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് ഇത്തവണയാണ്. വേണ്ടത്ര യോഗ്യത ഇല്ലാത്ത വിധികര്‍ത്താക്കളെ പല വേദികളിലും ഇരുത്തിയത് വഴി അര്‍ഹരായ പലര്‍ക്കും സമ്മാനം ലഭിക്കാതിരുന്നതും പോയിന്‍റ് നിര്‍ണ്ണയത്തിലെ അപാകതകളും ഒക്കെയാണ് അപ്പീലുകളുടെ എണ്ണം പെരുകാന്‍ പ്രധാന കാരണം. ഒപ്പം ഇത്രയും പ്രധാനപ്പെട്ട ഒരു കലാമേളയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സംഘാടകര്‍ പുലര്‍ത്തുന്ന ഉദാസീനതയും പിഴവുകള്‍ക്ക് കാരണമായി.

രണ്ടാഴ്ച കഴിയുമ്പോള്‍ നടക്കുന്ന നാഷണല്‍ കലാമേളയില്‍ എങ്കിലും ഈ പിഴവുകള്‍ ആവര്‍ത്തിക്കാതെ വേണ്ട വിധത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയിലാണ് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും. ഭാരവാഹികള്‍ തമ്മിലുള്ള കിടമത്സരം മൂലം മുന്‍കലാമേളകളിലെ പോലെ ഒരു കലാമേള കണ്‍വീനറെ പോലും സമയത്ത് തെരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഭാരവാഹികള്‍ എത്ര മാത്രം ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കുമെന്ന ആശങ്കയിലാണ് പക്ഷെ ഇവര്‍.

കലാമേളയിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് എതിരെ വാളുമായി ഇറങ്ങുന്ന സംഘാടകര്‍ ഒരു കാര്യം മനസ്സിലാക്കുക. താന്‍പോരിമയും വ്യക്തി വിരോധവും രാഷ്ട്രീയ ലക്ഷ്യങ്ങളും കൈമുതലാക്കി നിങ്ങള്‍ മുന്നേറുമ്പോള്‍ ജനങ്ങളില്‍ നിന്നകന്ന് പോകുന്നത് യുകെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു സംഘടയാണ് എന്നത്.

സ്വന്തം ലേഖകന്‍ 

യുകെയിലെ മലയാളികളുടെ സംഘടനയായി അറിയപ്പെടുന്ന യുക്മയുടെ കഴിഞ്ഞ ദിവസം നടന്ന കലോത്സവത്തില്‍ നേതൃത്വത്തിലോ അംഗ അസോസിയേഷന്റെ പ്രതിനിധി പോലുമോ അല്ലാത്ത വ്യക്തി വേദികള്‍ കയ്യടക്കിയത് പ്രവാസി മലയാളികളില്‍ കൗതുകമുണര്‍ത്തി. പല റീജിയനുകളിലും നടന്ന കലോത്സവത്തില്‍ ഓടിയെത്തി വേദി കയ്യടക്കുവാന്‍ ഇയാള്‍ മത്സരിക്കുകയായിരുന്നെന്നാണ് അറിവ്. യുക്മയുടെ നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലല്ല മറിച്ച് ചില ബാഹ്യശക്തികളിലാണ് എന്ന ആരോപണം ശരിവെയ്ക്കുന്ന കാഴ്ചയാണ് പല റീജിയണുകളിലേയും കലോത്സവ വേദികളില്‍ കണ്ടത്.

യുക്മ രൂപീകൃതമായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതിന് യുകെയിലെ എല്ലാ മലയാളികളുടെയും സംഘടനയാകാന്‍ ചില തല്‍പര കക്ഷികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കാരണം സാധ്യമായിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പക്ഷത്തിന് വോട്ട് ചെയ്യും എന്ന് ഉറപ്പുള്ള അസോസിയേഷനുകളെ മാത്രമേ അംഗങ്ങളാക്കാന്‍ ഇത്തരക്കാര്‍ താല്‍പര്യപ്പെട്ടിരുന്നുള്ളൂ. ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ കലാസംസ്‌കാരിക വളര്‍ച്ചയ്ക്ക് ഉപരിയായി തങ്ങളുടെ സംഘടനാ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ഒരു വേദിയായി ആണ് യുക്മയെ ഇത്തരക്കാര്‍ ഉപയോഗിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് കൂടുതല്‍ ശരിവെയ്ക്കുന്നതായി കഴിഞ്ഞ ദിവസം നടന്ന യുക്മ റീജിയണല്‍ കലോത്സവങ്ങള്‍.

എന്തായാലും കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ വേദി കയ്യേറ്റത്തെ വളരെയധികം പരിഹസിക്കുകയും ട്രോളുകയും ചെയ്തവര്‍ തന്നെ കഴിഞ്ഞ ദിവസം നടത്തിയ കുമ്മനടിയും പരാക്രമങ്ങളും യുകെ മലയാളികള്‍ക്ക് ചിരിയും കൗതുകവുമാണ് സമ്മാനിച്ചത്. യുക്മ എന്ന സംഘടനയില്‍ യാതൊരു ഔദ്യോഗിക സ്ഥാനവും അംഗത്വവും പോലുമില്ലാത്ത എബി സെബാസ്റ്റ്യന്‍ ആണ് യുക്മ നേതാക്കളെ നിയന്ത്രിക്കുന്നത് എന്നത് അടിവരയിട്ടു കൊണ്ടാണ് നാഷണല്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന വേദികളിലെല്ലാം ഇയാള്‍ പ്രത്യക്ഷപ്പെടുന്നതും ഇവരേക്കാള്‍ പ്രാമുഖ്യം നേടുന്നതും എന്നത് കൗതുകകാരമാണ്

പി.ആര്‍.ഒ. യുക്മ 

യുക്മയുടെ എട്ടാമത് ദേശീയ കലാമേള അരങ്ങേറുന്നത് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ സാമ്രാജ്യം സൃഷ്ടിച്ച് അകാലത്തില്‍ വിട പറഞ്ഞ അനശ്വര നടന്‍ കലാഭവന്‍ മണിയുടെ നാമധേയത്തിലുള്ള നഗരിയില്‍. മലയാളത്തിലെ ചലച്ചിത്ര ആസ്വാദകരുടെ മനസിലേയ്ക്ക് നാടന്‍ പാട്ടുകളുടെ പിന്‍ബലത്തോടെ തന്റേതായ വഴി തെളിച്ച് സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്ന് വന്ന അതുല്യകലാകാരന്റെ നാമം യുക്മയുടെ ദേശീയ കലാമേള നടക്കുന്ന നഗരിയ്ക്ക് നല്‍കുന്നത് ഏറെ അഭിമാനത്തോടെയാണെന്ന് യുക്മയുടെ ദേശീയ നേതൃത്വം വ്യക്തമാക്കി. നാട്ടില്‍ നിന്നും ബ്രിട്ടണ്‍ സന്ദര്‍ശിക്കാനെത്തിയ കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ ശ്രീ. എ. പ്രദീപ്കുമാറാണ് കലോത്സവവേദിയ്ക്ക് ‘കലാഭവന്‍ മണി നഗര്‍’ എന്ന് നാമകരണം നടത്തിയത്. പേരാവൂര്‍ എം.എല്‍.എ ശ്രീ സണ്ണി ജോസഫ് ലോഗോ പ്രകാശന കര്‍മ്മവും നിര്‍വഹിച്ചു.

കലാമേള നാമകരണ വേദിയില്‍ എ. പ്രദീപ്‌ കുമാര്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ എന്നിവര്‍ യുക്മ ഭാരവാഹികള്‍ക്കൊപ്പം

മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമങ്ങളും. സംഗീത കുലപതികളായ സ്വാതി തിരുന്നാള്‍ മഹാരാജാവും ദക്ഷിണാമൂര്‍ത്തി സ്വാമികളും എം.എസ്.വിശ്വനാഥനും, അഭിനയ തികവിന്റെ പര്യായമായിരുന്നു പത്മശ്രീ തിലകനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പുമെല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു. ആ നിരയിലേയ്ക്കാണ് ഇത്തവണ സാധാരണ ജനങ്ങളുടെ ആവേശമായിരുന്ന കലാഭവന്‍ മണിയുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

പ്രവാസി മലയാളികളുടെ ആഘോഷാവസരങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഇനമാണ് കലാഭവന്‍ മണി നമ്മുടെ എല്ലാം മനസ്സുകളില്‍ പാടിപതിപ്പിച്ച നാടന്‍ പാട്ടുകള്‍. അഭിനേതാവ് എന്ന നിലയില്‍ ഹാസ്യം മുതല്‍ സഹനടനായും നായകനായും വില്ലന്‍ വേഷത്തിലും കലാഭവന്‍ മണി തിളങ്ങി. തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളിലും വില്ലന്‍ വേഷത്തില്‍ ഉള്‍പ്പടെ തിളക്കമാര്‍ന്ന അഭിനയം കാഴ്ചവെച്ചു. ഒപ്പം മിമിക്രിയിലുടെയും മലയാളത്തിന്റെ മനസില്‍ മണി കുടിയേറി. അനുകരണ കലയ്ക്ക് അധുനികകാലത്ത് പുതുജീവന്‍ നല്‍കിയതിന് കലാഭവന്‍ മണി നല്‍കിയ സംഭാവന വലുതാണ്. മണ്‍മറഞ്ഞതോ പാടിപ്പഴകിയതോ ആയ നാടന്‍ പാട്ടുകള്‍ക്ക് പുതുജീവന്‍ നല്‍കിയതും മണിയുടെ ശബ്ദ മാധുരിയിലൂടെയാണ്. പ്രവാസികളുടെ ആഘോഷം എന്തുമാവട്ടെ, അതിലൊരു കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുമുണ്ടാവും. അതിന് യൂറോപ്പെന്നോ അമേരിക്കയെന്നോ ഓസ്‌ട്രേലിയയെന്നോ ഒന്നും വ്യത്യാസമില്ല.

ചാലക്കുടിക്കാരന്‍ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971നാണ് മണിയുടെ ജനനം. ദാരിദ്രം നിറഞ്ഞ ചെറുപ്പക്കാലത്തിന്റെ അനുഭവം മാത്രമാണ് മണിയെ മറ്റു ചലച്ചിത്രതാരങ്ങളില്‍ നിന്ന് വിട്ട് നിര്‍ത്തി അയല്‍ക്കാരുടെ സ്വന്തക്കാരനാക്കിയത്. ജീവിതത്തിന്റെ രണ്ടറ്റം തട്ടിമുട്ടിക്കാനും വേണ്ടി ആദ്യമായി ഓട്ടോ ഡ്രൈവറായി വേഷമിട്ടു. പിന്നീട് തെങ്ങുക്കയറ്റം, മണല്‍വാരല്‍, കിണറുകുത്തല്‍… അങ്ങനെ മണി ചെറുപ്പക്കാലം മുതല്‍ തന്നെ ജീവിക്കാന്‍ തുടങ്ങി. ജീവിതം കാണാന്‍ തുടങ്ങി. അതിനിടെയില്‍ പരീക്ഷ ബോര്‍ഡ് തടഞ്ഞുവച്ച് എസ്എസ്എല്‍സി ബുക്ക് വേണ്ടെന്ന് വച്ച് എന്‍സിസി സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സിഐഎസ്എഫില്‍ ജോലിക്ക് ശ്രമിച്ചു. എന്നാല്‍ പഞ്ചാബിലേക്ക് നിയമനം ലഭിച്ചതിനാല്‍ ഓട്ടോയും തെങ്ങുക്കയറ്റവുമായി മണിയുടെ ജീവിതം മുന്നോട്ട് പോയി.

സണ്ണി ജോസഫ് എംഎല്‍എ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്യുന്നു

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡ് ട്രൂപ്പിലൂടെയാണ് കലാഭവന്‍ മണി കലാരംഗത്തേക്ക് കടന്നുവരുന്നത്. കോമഡി വേഷങ്ങളിലൂടെ ചലച്ചിത്രലോകത്തേയ്ക്കും. നാടന്‍ പാട്ടുകളുടെ അവതരണം തന്നെയാണ് മണിയെ മറ്റ് കലാകാരന്മാരില്‍നിന്ന് വേറിട്ടവനാക്കിയത്. നാടന്‍ പാട്ടുകള്‍ കൊണ്ട് മലയാളിയുടെ ആഘോഷദിനങ്ങളെ മണി എന്നും വ്യത്യസ്തമാക്കി. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകള്‍ പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് വഴിമാറിയത് മണിയിലൂടെയാണ്. മലയാളയുവത്വം നാടന്‍പാട്ടുകള്‍ പാടിത്തുടങ്ങിയതും മണി പാടിയ പാട്ടുകളിലൂടെയായിരുന്നു.

കലാഭവനിലെ ജീവിതത്തിനിടെ സിനിമയില്‍ മുഖം കാണിക്കാന്‍ ആഗ്രഹം ഉടലെടുത്തു. ഒരു തമിഴ് സിനിമയില്‍ മുഖം കാണിച്ചു. കിട്ടിയത് 150 രൂപയും വയറുനിറയെ ഭക്ഷണവും. മണിക്ക് അത് മതിയായിരുന്നു. പിന്നീട് സംവിധായകന്‍ അമ്പിളിയുടെ സമുദായം എന്ന ചിത്രത്തില്‍ മാമുക്കോയയുടെ സഹായിയായി വേഷമിട്ടു. അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷവും. അങ്ങനെ മിമിക്രിയും ഓട്ടോ ഓടിക്കലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ അപ്രതീക്ഷിതമായി സുന്ദര്‍ദാസ് – ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം ലഭിച്ചതോടെ മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി.

ങ്യാഹാ…ഹ്…ഹാ എന്ന ചിരിയിലുടെ മലയാളിയുടെ അഭിമാനതാരമായ മണി സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക – വില്ലന്‍ വേഷങ്ങളിലേക്ക് മണി ചേക്കേറി. പിന്നീട് തിരിഞ്ഞു നോക്കിയില്ല. അന്ധഗായകന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ മണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ്. ഇതിലെ അഭിനയത്തിന് ഒരുവേള സംസ്ഥാന പുരസ്‌കാരത്തിന് വരെ പരിഗണിക്കപ്പെട്ടു. വാസന്തിയും ലക്ഷമിയും ഞാനും പോലെ ശ്രദ്ധിക്കപ്പെട്ട കരുമാടിക്കുട്ടന്‍ മണിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട സിനിമയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സഹതാരമായും വില്ലനായും പ്രേക്ഷക ശ്രദ്ധ നേടി. തമിഴില്‍ ജെമിനി, എന്തിരന്‍, അന്യന്‍… ആ നിര നീണ്ടതാണ്…തെന്നിന്ത്യയുടെ നൊമ്പരമായി മണി മാഞ്ഞെങ്കിലും പ്രവാസി മലയാളിയുടെ മനസിലുണ്ട്, കാലമെത്ര കടന്നുപോയാലും ആ മണി ചിരി.

കലാമേള നടക്കുന്ന വേദിയുടെ വിലാസം

The Herefield Academy,
Northwood way
Herefield,
Uxbridge
UB9 6ET.

യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് സാഹിത്യ പ്രസിദ്ധികരണം ആയി ജ്വാല മാറിയതും യുക്മ സാംസ്‌കാരികവേദിയുടെ നേട്ടമാണ്.
ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ് ജ്വാലയുടെ ജനുവരി ലക്കം .ശ്രീലതാ വര്‍മ്മ എഴുതിയ മാതൃഭാഷാ പഠനങ്ങള്‍ ചില വിചാരങ്ങള്‍ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന മാഗസിനില്‍ ഒരു കൂട്ടം ഭാവനാ സമൃദ്ധമായ സാഹിത്യ സൃഷിടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പ്രിയവര്‍ധന്‍ സത്യവര്‍ധന്റെ നിഴലുകള്‍ എന്ന കവിത, പങ്കു ജോബിയുടെ അരുന്ധതി എന്ന കഥ,  സുനില്‍ എം എസിന്റെ കള്ളന്‍ എന്ന കഥ, പയ്യപ്പള്ളി ജോസ് ആന്റണിയുടെ സത്വം തേടുന്ന യുകെ മലയാളികള്‍ എന്ന ലേഖനം, ഫാറുഖ് എടത്തറയുടെ ശിരുവാണിയിലേക്ക് വരൂ എന്ന യാത്രാവിവരണം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജോയിസ് സേവ്യറിന്റെ മാതൃസ്മൃതി എന്ന കവിത, ദിവ്യാ ലക്ഷ്മിയുടെ പ്രണയത്തിന്റെ ചൊവ്വാ ദോഷം എന്ന കഥ, കിളിരൂര്‍ രാധാകൃഷ്ണന്റെ നല്ല നടപ്പ് എന്ന അനുഭവം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എയ്‌ന്ജലിന്‍ അഗസ്റ്റിന്റെ Roles of Values in Shaping your Future എന്ന ലേഖനം എന്നിവയാണ് ജനുവരി ലക്കം ജ്വാലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ചീഫ് എഡിറ്റര്‍ റജി നന്തികാട്ടിന്റെ നേതൃത്വത്തിലുള്ള ടീമാണ് മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രശസ്ത നര്‍ത്തകി മീരാ മഹേഷ് ആണ് ജ്വാല ഇ മാഗസിന്റെ ജനുവരി പതിപ്പിന്റെ മുഖചിത്രം.
നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. മാന്യ വായനക്കാരുടെ ഹൃദ്യമായ പ്രോത്സാഹനം തുടര്‍ന്നും പ്രതീഷിക്കുന്നു എന്ന് യുക്മ സാംസ്‌കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി എ ജോസഫ് അറിയിച്ചു.

ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്) വെബ്‌സൈറ്റ് ലണ്ടനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ പ്രകാശനം ചെയ്തു. യുക്മയുടെ അംഗസംഘടനയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. യു.എന്‍.എഫ് ദേശീയ പ്രസിഡന്റ് അബ്രാഹം ജോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
യുകെ മലയാളികള്‍ക്കിടയിലെ പ്രബലശക്തിയായ നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമുള്ള ചരിത്രപരമായ ദൗത്യം യുക്മ ഏറ്റെടുക്കുമെന്ന് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു കൊണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു പ്രഖ്യാപിച്ചു.
www.uukmanf.org.uk എന്നതാണ് സംഘടനയുടെ വെബ്‌സൈറ്റ് വിലാസം. കഴിഞ്ഞ ദേശീയ കലാമേളയില്‍ ഫസ്റ്റ് എയ്ഡ് മെഡിക്കല്‍ ടീമിന് പ്രത്യേക കൗണ്ടര്‍ തുറക്കുകയും എന്‍.എച്ച്.എസുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തും മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ച്ചവച്ച യു.എന്‍.എഫ് ദേശീയ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു.
സംഘടന സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങുന്നത് കൂടുതല്‍ മലയാളികളിലേയ്ക്ക് യു.എന്‍.എഫിന്റെ സന്ദേശങ്ങള്‍ എത്തിക്കുവാന്‍ സഹായകരമാവട്ടെയെന്നു അദ്ദേഹം ആശംസിച്ചു. യുക്മയുടെ ഈ ഭരണസമിതിയുടെ കാലത്ത് തന്നെ അംഗത്വവിതരണം പൂര്‍ത്തീകരിച്ച് യു.എന്‍.എഫിന്റെ താഴെ തലം മുതല്‍ ദേശീയ കമ്മറ്റി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യു.എന്‍.എഫില്‍ അംഗത്വം എടുക്കുന്നതിനുള്ള അവസരം വെബ്‌സൈറ്റിലൂടെ ലഭ്യമാണെന്നും മെംബര്‍ഷിപ്പിനുള്ള അവസരം എല്ലാ നഴ്‌സുമാരും വിനയോഗിക്കണമെന്നും അഡ്വ. ഫ്രാന്‍സിസ് മാത്യു കൂട്ടിച്ചേര്‍ത്തു.

യുക്മയുടെ വരുന്ന ദേശീയ ജനറല്‍ ബോഡി യോഗത്തില്‍ നഴ്‌സസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനു ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് നല്‍കുമെന്നു അഡ്വ. ഫ്രാന്‍സിസ് മാത്യു, യുക്മ ദേശീയ ജോ. സെക്രട്ടറിയും യു.എന്‍.എഫ് കോര്‍ഡിനേറ്ററുമായ ആന്‍സി ജോയ് എന്നിവര്‍ അറിയിച്ചു. മെംബര്‍ഷിപ്പ് കാമ്പയിന്‍ നടത്തുന്നതിനൊപ്പം തന്നെ യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് വേണ്ടി റീവാലിഡേഷന്‍ സംബന്ധിച്ച സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നു യു.എന്‍.എഫ് ദേശീയ പ്രസിഡന്റ് അബ്രാഹം ജോസ് അറിയിച്ചു. പ്രമുഖ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് യുകെയിലെ വിവിധ സ്ഥലങ്ങളില്‍ യുക്മ അംഗ അസോസിയേഷനുകളുമായി സഹകരിച്ചാവും സെമിനാറുകള്‍ സംഘടിപ്പിക്കപ്പെടുക. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുക്മ സാംസ്‌ക്കാരിക വേദി ജനറല്‍ കണ്‍വീനര്‍ സി.എ ജോസഫ്, ജ്വാല ഇമാഗസിന്‍ ചീഫ് എഡിറ്റര്‍ റെജി നന്തികാട്ട്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് യു.എന്‍.എഫ് എന്‍ഫീല്‍ഡ് ബ്രാഞ്ച് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
 ഭാരവാഹികള്‍:
 ബീന ജോര്‍ജ് (പ്രസിഡന്റ്), തനൂജ റെജി (ജനറല്‍ സെക്രട്ടറി), ആന്‍സി ജോസഫ് (ട്രഷറര്‍), ഷീബ ടിജോ, ദീപ തോമസ് (വൈസ് പ്രസിഡന്റ്), ലീലാമ്മ ജോണ്‍ (ജോ.സെക്രട്ടറി)

യുക്മയുടെ കരുത്തുറ്റ റീജിയണായ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരണവും ജനൂവരി 31 ന് കേംബ്രിഡ്ജില്‍ നടക്കൂം. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 മണിവരെയാണ് വാര്‍ഷിക പൊതു സമ്മേളനം നടക്കുക. ഏതാനൂം മാസങ്ങളിലെ ഇടവേളകള്‍ക്ക് ശേഷം കമ്മറ്റിയില്‍ തിരിച്ചെത്തിയ റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതു യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ മുഖ്യാഥിതിയായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ റീജിയണിന്റെ പ്രവര്‍ത്തനങ്ങളെ കമ്മിറ്റി വിലയിരുത്തൂം. കൂടാതെ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ അലക്‌സ് ലൂക്കോസ് സാമ്പത്തിക റിപ്പോര്‍ട്ടും പൊതുസമ്മേളനത്തില്‍ അവതരിപ്പിക്കൂം.
അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളും പൊതു സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഒഴിവ് വന്ന ജോയിന്റ് സെക്രട്ടറി പോസ്റ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പും പൊതു സമ്മേളനത്തില്‍ നടത്തുമെന്ന് പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അറിയിച്ചു. റീജിയണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷനൂകളും മൂന്ന് പ്രതിനിധികളെ വീതം പൊതു സമ്മേളനത്തില്‍ അയക്കേണ്ടതാണ്. ഇവരുടെ പേരു വിവരങ്ങള്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനെ ഈ മെയില്‍ മുഖേനയോ നേരിട്ടോ അറിയിക്കാം.

കഴിഞ്ഞ വര്‍ഷത്തെ റീജിയണിലെ അംഗ അസോസിയേഷനുകളുടെ പങ്കാളിത്തവും റീജിയണല്‍ ഭാരവാഹികളുടെ കൂട്ടായ പ്രവര്‍ത്തനവും പൊതു സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. മുന്‍പോട്ടുള്ള റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അറിയിച്ചു. പൊതു സമ്മേളനം നടക്കുന്ന ഹാളിന്റെ വിലാസം താഴെ കൊടുക്കുന്നൂ.
Venue:
StThomasHall
AncasterWay
Cambridge
CB1 3TT

Time: 2pmto6pm

EMail: [email protected]

Copyright © . All rights reserved