സ്വന്തം ലേഖകന്‍

യുക്മ അംഗ അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും ഏറെ പ്രതീക്ഷയോടെ പങ്കെടുക്കാറുള്ള യുക്മ കലാമേളയുടെ റീജിയണല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ എങ്ങും പരാതി പ്രവാഹം. സംഘാടകരുടെ പിടിപ്പു കേടും വിധി നിര്‍ണ്ണയത്തിലെ അപാകതകളും സമന്വയിച്ചപ്പോള്‍ നഷ്ടം ഏറെ പ്രതീക്ഷയോടെ കലാമേളയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് മാത്രം. ഉദ്ഘാടന സമ്മേളനത്തിനും നേതാക്കളുടെ ഫോട്ടോ എടുക്കല്‍ മത്സരങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം പോലും കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഫലപ്രഖ്യാപനം നടത്തുന്നതിലും നല്‍കാതിരുന്നതാണ് റീജിയണല്‍ കലാമേളകളിലെ പരാതി പ്രവാഹത്തിന് കാരണം.

യുക്മ യോര്‍ക്ക് ഷയര്‍ ആന്‍റ് ഹംബര്‍ റീജിയണില്‍ നടന്ന കലാമേളയിലാണ് ഇതില്‍ ഏറ്റവും വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. മൈലുകള്‍ സഞ്ചരിച്ച് കലാമേളയിലെത്തി മണിക്കൂറുകള്‍ ചെലവഴിച്ച് കുരുന്നുകള്‍ രചിച്ച ചിത്രരചനാ മത്സരത്തിലെ ചിത്രങ്ങള്‍ ഒന്നടങ്കം നഷ്ടപ്പെടുത്തിയാണ് ഇവിടെ സംഘാടകര്‍ ക്രൂരത കാട്ടിയിരിക്കുന്നത്. കാലത്ത് ഒന്‍പതരയ്ക്ക് എത്തി ചിത്രങ്ങള്‍ രചിച്ച് ഫലപ്രഖ്യാപനത്തിനായി രാത്രി ഏറെ വൈകും വരെ കാത്തിരുന്ന ഇരുപത്തി ഒന്‍പത് മത്സരാര്‍ത്ഥികള്‍ക്കാണ് സംഘാടകരുടെ അനാസ്ഥ മൂലം ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്.

ചിത്രരചനാ മത്സരത്തിലെ സൃഷ്ടികള്‍ നഷ്ടപ്പെട്ടതിന് പരസ്പരം പഴി ചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് കിരണ്‍ സോളമന്‍ റീജിയണല്‍ പ്രസിഡന്‍റ് ആയുള്ള കമ്മറ്റി ഇപ്പോള്‍ നടത്തുന്നത്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ഉടന്‍ തന്നെ കലാസൃഷ്ടികള്‍ കണ്ടെടുക്കുമെന്നും ഒക്കെ സംഘാടകര്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും എത്ര നിരുത്തരവാദപരമായ സമീപനമാണ് ഇവര്‍ കലാമേള നടത്തുന്നതില്‍ കാണിച്ചത് എന്നത് ചോദ്യം ചെയ്യപ്പെടും എന്നത് ഉറപ്പാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ റീജിയനുകളിലും മത്സരാര്‍ത്ഥികളും കാണികളും ഈ വര്‍ഷം കുറവായിരുന്നു എങ്കിലും കലാമേള ചരിത്രത്തില്‍ ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് ഇത്തവണയാണ്. വേണ്ടത്ര യോഗ്യത ഇല്ലാത്ത വിധികര്‍ത്താക്കളെ പല വേദികളിലും ഇരുത്തിയത് വഴി അര്‍ഹരായ പലര്‍ക്കും സമ്മാനം ലഭിക്കാതിരുന്നതും പോയിന്‍റ് നിര്‍ണ്ണയത്തിലെ അപാകതകളും ഒക്കെയാണ് അപ്പീലുകളുടെ എണ്ണം പെരുകാന്‍ പ്രധാന കാരണം. ഒപ്പം ഇത്രയും പ്രധാനപ്പെട്ട ഒരു കലാമേളയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സംഘാടകര്‍ പുലര്‍ത്തുന്ന ഉദാസീനതയും പിഴവുകള്‍ക്ക് കാരണമായി.

രണ്ടാഴ്ച കഴിയുമ്പോള്‍ നടക്കുന്ന നാഷണല്‍ കലാമേളയില്‍ എങ്കിലും ഈ പിഴവുകള്‍ ആവര്‍ത്തിക്കാതെ വേണ്ട വിധത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയിലാണ് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും. ഭാരവാഹികള്‍ തമ്മിലുള്ള കിടമത്സരം മൂലം മുന്‍കലാമേളകളിലെ പോലെ ഒരു കലാമേള കണ്‍വീനറെ പോലും സമയത്ത് തെരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഭാരവാഹികള്‍ എത്ര മാത്രം ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കുമെന്ന ആശങ്കയിലാണ് പക്ഷെ ഇവര്‍.

കലാമേളയിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് എതിരെ വാളുമായി ഇറങ്ങുന്ന സംഘാടകര്‍ ഒരു കാര്യം മനസ്സിലാക്കുക. താന്‍പോരിമയും വ്യക്തി വിരോധവും രാഷ്ട്രീയ ലക്ഷ്യങ്ങളും കൈമുതലാക്കി നിങ്ങള്‍ മുന്നേറുമ്പോള്‍ ജനങ്ങളില്‍ നിന്നകന്ന് പോകുന്നത് യുകെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു സംഘടയാണ് എന്നത്.