ബിർമിങ്ഹാം: മാഞ്ചസ്റ്ററിലെ പാഴ്‌സ് വുഡ് സ്കൂളിൽ തയ്യാറാക്കിയ ശ്രീദേവി നഗർ വേദിയിൽ വൻ ജനാവലിയെ സാക്ഷി നിർത്തി പത്താമത് യുക്മ കലാമേള കൊടിയിറങ്ങുമ്പോൾ വിജയ കിരീടത്തിൽ മുത്തമിട്ടത് ബർമിങ്ഹാം സിറ്റി മലയാളി കമ്യുണിറ്റി. ആവേശകരമായ പോരാട്ടത്തിൽ 87 പോയിന്റ് നേടിയാണ് ബിസിഎംസി വിജയം കൈവരിച്ചത്. ഒരു പരിധി വരെ പറഞ്ഞാൽ മിഡ്‌ലാൻഡിന്റെ കിരീടം ബി സി എം സി യുടേതാണ് എന്ന് പറഞ്ഞാൽ ഒട്ടും കൂടുതൽ അല്ല എന്ന് സാരം. റീജിയണ് കിട്ടിയ 137 പോയിന്റിൽ 87 പോയിന്റും ബി സി എം സി യുടെ സംഭാവനയായിരുന്നു. തൊട്ടു പിന്നാലെ 67 പോയിന്റ് നേടി ഈസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 52 പോയിന്റോടെ ആതിഥേയരായ മാഞ്ചസ്റ്റർ അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.
സംഘാടനമികവും ഒത്തൊരുമയുമാണ് അസോസിയേഷന്റെ വിജയത്തിനു കാരണം എന്ന് ബിസിഎംസി പ്രസിഡന്റ് ശ്രീ. സാന്റോ ജേക്കബ് വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അസോസിയേഷൻ അംഗങ്ങളെയും അദ്ദേഹം വ്യക്തിപരമായി അഭിനന്ദിച്ചു. എൻഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുള്ള ദേവനന്ദ ബിബി രാജാണ് കലാതിലകം. 15 പോയിന്റുമായി ടോണി അലോഷ്യസ് കലാപ്രതിഭയുമായി. ഈവ മറിയം കുര്യാക്കോസ് നാട്യമയൂരം സ്വന്തമാക്കിയപ്പോൾ, ബിസിഎംസി യിൽ നിന്നുള്ള സൈറ മരിയ ജിജോ ഭാഷാകേസരി പുരസ്‌കാരം സ്വന്തമാക്കി.
2019 കലാമേളയിൽ ജേതാക്കളായ ബി സി എം സി യുടെ ഭാരവാഹികൾ
വെറും ഒരു വർഷത്തെ ഇടവേള മാത്രമേ ബി സി എം സി നൽകിയുള്ളു കിരീടം തിരിച്ചുപിടിക്കാൻ… അവരുടെ നിർലോഭമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എല്ലാവരും തോളോടുതോൾ ചേരുമ്പോൾ വിജയം താനേ വന്നു കൊള്ളും എന്ന് തെളിയിക്കുന്നതാണ് ബി സി എം സി യുടെ ഈ വിജയം. വിജയങ്ങളിൽ മതിമറക്കാതെ നാളകളെ എങ്ങനെ കാണണം എന്ന് ഗൃഹപാഠം ചെയ്യുന്ന ബി സി എം സി എന്ന പാണ്ഡവപ്പട പുതിയ വിജയതീരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. യുകെയിലെ മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃക നൽകി അവരുടെ യാത്ര തുടരുന്നു… മറ്റൊരങ്കത്തിനായി…
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ചരിത്ര നഗരിയായ മാഞ്ചസ്റ്റർ തയ്യാറെടുത്തു കഴിഞ്ഞു. യുക്മ കലാമേളകളുടെ പത്തു വർഷത്തെ ഐതിഹാസിക യാത്രയിൽ ഇതാദ്യമായാണ് ദേശീയ മേളക്ക് അരങ്ങൊരുക്കാൻ മാഞ്ചസ്റ്ററിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ ഉൾപ്പെടുന്ന നോർത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയുടെ ആതിഥേയർ. അഡ്വ.ജാക്സൺ തോമസ് പ്രസിഡന്റും സുരേഷ് നായർ സെക്രട്ടറിയും ബിജു പീറ്റർ ട്രഷററുമായിട്ടുള്ള റീജിയണൽ കമ്മറ്റി അവസാനവട്ട തയ്യാറെടുപ്പുകളും പൂർത്തിയാക്കി യുക്മയുടെ ചരിത്രത്തിൽ ഇടം നേടാൻ സജ്ജരായിക്കഴിഞ്ഞു. റീജിയണിലെ എല്ലാ അംഗ അസോസിയേഷൻ പ്രസിഡൻറുമാരെയും റീജിയണൽ കമ്മറ്റി അംഗങ്ങളെയും ഉൾപ്പെടുത്തി റീജിയണൽ തലത്തിൽ രൂപീകരിച്ചിരിക്കുന്ന കോർഡിനേഷൻ കമ്മറ്റി, രാജ്യത്തിന്റെ നാനാദിക്കിൽനിന്നും മാഞ്ചസ്റ്ററിലെത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, സഹായിക്കുവാനും തയ്യാറായിക്കഴിഞ്ഞു.
യുക്മ ദേശീയ കലാമേള മാഞ്ചസ്റ്ററിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മാഞ്ചസ്റ്ററിലെത്തിച്ചേരുന്ന കലാകാരൻമാരെയും കാണികളെയും സ്വീകരിക്കുവാനായി ആതിഥേയരായ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയും റീജിയണിലെ അസോസിയേഷൻ ഭാരവാഹികളും സർവ്വ സജ്ജരായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു വരുന്നു. അഡ്വ. ജാക്സൻ തോമസ് നേതൃത്വം കൊടുക്കുന്ന നോർത്ത് വെസ്റ്റ് റീജിയന്റെ കമ്മിറ്റിയിൽ നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ്, സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബിജു പീറ്റർ, വൈസ് പ്രസിന്റ് കെ.ഡി. ഷാജിമോൻ, ജോയിന്റ് സെക്രട്ടറി പുഷ്പരാജ് അമ്പലവയൽ, ജോയിന്റ് ട്രഷറർ ജോബി സൈമൺ, ആർട്സ് കോർഡിനേറ്റർ രാജീവ്, സ്പോർട്സ് കോർഡിനേറ്റർ ബിനുവർക്കി, മുൻ പ്രസിഡൻറും കലാമേള ഇവന്റ് കോർഡിനേറ്ററുമായ
ഷീജോ വർഗ്ഗീസ്, മുൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം തുടങ്ങിയവർ ഉൾപ്പെടുന്ന നേതൃത്വം കൈയ്യും മെയ്യും മറന്നാണ് പ്രവർത്തിച്ചു വരുന്നത്.
റീജിയണിലെ അസോസിയേഷനുകൾക്ക് നേതൃത്വം നൽകുന്ന തമ്പി ജോസ് (ലിംക), അനീഷ് കുര്യൻ (എം.എം.എ), ബിജു.പി.മാണി (എം.എം.സി.എ),ലില്ലിക്കുട്ടി തോമസ്,
(എസ്.എം.എ), ജിപ്സൻ ജോസഫ് (നോർമ), ഷാജി വരാക്കുടി (ഓൾഡാം), ബിജോയ് (റോച്ച്ഡെയ്ൽ), സോജി മോൾ തേവാരിൽ (ബോൾട്ടൻ), ഷൈജു (എം.എ.എസ്), കുര്യാക്കോസ് (ലിമ), സെബാസ്റ്റ്യൻ (എഫ്.ഒ.പി), ബിജു ജോസഫ് (എം.എ.പി), സുരേഷ് നായർ (വാമ), ജോഷി മാനുവൽ (വിഗൻ), തുടങ്ങിയവർ നയിക്കുന്ന അംഗ അസോസിയേഷനുകളുടെ കൂടെ പിന്തുണയോടെയാണ് ദേശീയ കലാമേളയുടെ വിജയം ഉറപ്പുവരുത്തുന്നത്.
ഏവരേയും മാഞ്ചസ്റ്ററിലെ ദേശീയ കലാമേള നടക്കുന്ന പാർസ് വുഡ് സ്കൂളിലെ ശ്രീദേവി നഗറിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സ്കൂളിന്റെ വിലാസം:-
Parrs wood High School & Sixth Form,
Wilmslow Road,
Manchester,
M20 5PG,
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് നാളെ തിരി തെളിയുന്നു. ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ, മുൻ കേരളാ ചീഫ് സെക്രട്ടറിയും പ്രഗത്ഭനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീ കെ ജയകുമാർ ഐ എ എസ് മേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള യോഗത്തിൽ അധ്യക്ഷത വഹിക്കും.
തെന്നിന്ത്യൻ ചാരുതയുമായി ഹിന്ദിയുടെ ഹൃദയം കീഴടക്കിയ അഭിനയ ചക്രവർത്തിനി അന്തരിച്ച ശ്രീദേവിയുടെ ബഹുമാനാർത്ഥം “ശ്രീദേവി നഗർ” എന്ന് നാമകരണം ചെയ്തിരിക്കുന്ന കലാമേള നഗറിൽ ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. കൃത്യം പത്തുമണിക്ക് അഞ്ച് വേദികളിലും മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ താള ക്രമത്തിന് യാതൊരു വിധത്തിലുമുള്ള അസൗകര്യങ്ങളും ഉണ്ടാകാത്തവിധമാണ് പ്രൗഢ ഗംഭീരമായ ഉദ്ഘാടനസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി എട്ട് റീജിയണുകളിൽ നിന്നുള്ള വിജയികൾ മാറ്റുരക്കുന്ന വേദിയായി മാഞ്ചസ്റ്ററിലെ “ശ്രീദേവി നഗർ” മാറുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ആണ് കലാമേളയുടെ ആതിഥേയർ. ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ, ഇവന്റ് ഓർഗനൈസർ ഷീജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കലാമേളയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
2010 ൽ ബ്രിസ്റ്റോളിൽ ആണ് പ്രഥമ യുക്മ ദേശീയ കലാമേള നടക്കുന്നത്. തുടർന്ന് 2011 ൽ സൗത്തെൻഡ് ഓൺ-സി യിലും, 2012 ൽ സ്റ്റോക്ക് ഓൺ-ട്രെൻഡിലും ദേശീയ കലാമേളകൾ നടന്നു. ലിവർപൂൾ 2013 കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, യുക്മയുടെ ജന്മഭൂമിയായ ലെസ്റ്റർ 2014 ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കി. 2015 ൽ ഹണ്ടിങ്ടണിലും, 2016 ൽ വിശ്വമഹാകവി വില്യം ഷേക്‌സ്‌പെയറിന്റെ ജന്മനാടായ വാർവിക്കിലും യുക്മ കലാമേളകൾ അരങ്ങേറി. ആദ്യമായി ലണ്ടനിൽ അരങ്ങേറിയ ദേശീയ മേളയായി 2017 ലെ ഹെയർഫീൽഡ് കലാമേള. 2018 ലെ യുക്മ ദേശീയ കലാമേള ഷെഫീൽഡിൽ നടന്നു.
യുക്മ സ്റ്റാർസിംഗർ (ജൂനിയർ) സീസൺ 4 ഉദ്ഘാടനവും കലാമേള വേദിയിൽ
കലാമേളകൾ കഴിഞ്ഞാൽ യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ സ്റ്റാർ സിംഗറിന്റെ സീസൺ 4 ഉദ്ഘാടനവും കലാമേള വേദിയിൽ നടക്കും. യുക്മ സാംസ്ക്കാരിക വേദിയും മാഗ്‌ന വിഷൻ ടി വി യും ചേർന്ന് ഒന്നിച്ചു അണിയിച്ചൊരുക്കുന്ന “യുക്മ സ്റ്റാർസിംഗർ സീസൺ 4”, മുൻ സീസണുകളിൽനിന്നും വ്യത്യസ്തമായി എട്ട് വയസ്സിനും പതിനാറ് വയസ്സിനും ഇടയിൽ പ്രായമുള്ള ഗായകർക്ക് വേണ്ടിയാണ് സംഘടിപ്പിക്കപ്പെടുന്നത്.
ശ്രീദേവി നഗറിലേക്ക് സ്വാഗതം
പത്താമത് ദേശീയ കലാമേളയിൽ കരുത്തരായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ മികവിൽ ആതിഥേയരായ നോർത്ത് വെസ്റ്റ് റീജിയൺ ചാമ്പ്യന്മാരാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകളിലാണ് മിഡ്‌ലാൻഡ്‌സ് റീജിയണും. കിരീടം നിലനിർത്താൻ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണും, മേളയിലെ കറുത്ത കുതിരകളാകാൻ സൗത്ത് വെസ്റ്റും സജ്ജരായിക്കഴിഞ്ഞു. ആകാംക്ഷയുടെ മണിക്കൂറുകൾക്ക് സാക്ഷ്യം വഹിക്കാൻ ഏവരെയും മാഞ്ചസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
കലാമേള നഗറിലേക്ക് പ്രവേശിക്കുന്നവർ മുൻ വർഷങ്ങളിലേത് പോലെതന്നെ പ്രവേശന ഫീസ് നൽകി റിസ്റ്റ് ബാൻഡ് വാങ്ങിയിരിക്കേണ്ടതാണ്. മിതമായ നിരക്കിൽ വിവിധ ഭക്ഷണ ശാലകൾ കലാമേള നഗറിൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. സൗജന്യ കാർ പാർക്കിംഗ് സൗകര്യവും കലാമേള നഗറിൽ ഉണ്ടായിരിക്കുന്നതാണ്. മാഗ്‌ന വിഷൻ ടി വി കലാമേള സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. Kalamela Nagar Address:- Parrs Wood High School & 6th Form, Wilmslow Road, Manchester – M20 5PG
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പത്താമത് യുക്മ ദേശീയ കലാമേള വിളിപ്പാടകലെ. ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാർസ് വുഡ് സ്കൂളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത “ശ്രീദേവി നഗറി”ൽ നവംബർ രണ്ട് ശനിയാഴ്ച കലാമേളയ്ക്ക് തിരിതെളിയും. പ്രസിദ്ധനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും കേരളത്തിലെ ശ്രദ്ധേയനായ ഭരണകർകർത്താക്കളിൽ ഒരാളുമായ കെ ജയകുമാർ ഐ എ എസ് (റിട്ട.) ആണ് ദേശീയ മേളയുടെ ഉദ്ഘാടകൻ.
കേരളത്തിലെ പ്രഗത്ഭനും വിവാദങ്ങൾക്ക് അതീതനുമായ ഐ എ എസ് ഉദ്യോഗസ്ഥൻ എന്നനിലയിൽ കെ ജയകുമാർ ഏറെ ശ്രദ്ധേയനാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിൽ ഇരിക്കെ ഉദ്യോഗത്തിൽനിന്നും വിരമിച്ച അദ്ദേഹം, ആഭ്യന്തര വകുപ്പ് അഡിഷണൽ സെക്രട്ടറി, ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി, ടൂറിസം – വിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറി തുടങ്ങിയ നിരവധി ഔദ്യോഗീക ചുമതലകൾ വഹിച്ചിട്ടുണ്ട്.
മലയാള സാംസ്ക്കാരിക ലോകം കെ ജയകുമാറിനെ ഓർക്കാൻ ആഗ്രഹിക്കുന്നത് ഒരുപിടി മനോഹര സിനിമാ ഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലാണ്. സമകാലീന ചലച്ചിത്ര ഗാന രചയിതാക്കളായിരുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒ എൻ വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവർക്കൊപ്പം തന്റേതായ പാതയിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ വരികൾ ഗാംഭീര്യമാർന്ന സാഹിത്യ ഭംഗികൊണ്ട് സൗമ്യവും ദീപ്തവുമായി നിലനിൽക്കുന്നു.
കുടജാത്രിയിൽ കുടികൊള്ളും മഹേശ്വരി (നീലക്കടമ്പ്), സായന്തനം നിഴൽ വീശിയില്ല (ഒഴിവുകാലം), സൗപർണ്ണികാമൃത ഗീതികൾ പാടും (കിഴക്കുണരും പക്ഷി), ചന്ദനലേപ സുഗന്ധം (ഒരു വടക്കൻ വീരഗാഥ); അങ്ങനെ മലയാളി നെഞ്ചിലേറ്റിയ നൂറിലധികം സിനിമാ ഗാനങ്ങൾ അടർന്നുവീണ തൂലിക ചലിപ്പിച്ച മാന്ത്രിക വിരലുകളുമായി കെ ജയകുമാർ യുക്മയുടെ ദേശീയ കലാമേള വേദിയിലേക്കെത്തുന്നു. സരസ്വതീ കടാക്ഷം നിറഞ്ഞ അദ്ദേഹത്തിന്റെ സാന്നിധ്യം ദേശീയ കലാമേള വേദിയെ ധന്യമാക്കുമെന്നത് നിസ്തർക്കമാണ്.
നവംബർ രണ്ട് ശനിയാഴ്ച നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. തെന്നിന്ത്യയിൽനിന്നുമെത്തി, ഹിന്ദിയുടെ ഹൃദയം കീഴടക്കിയ അഭിനയ ചക്രവർത്തിനി, അന്തരിച്ച ശ്രീദേവിയുടെ സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് “ശ്രീദേവി നഗർ” എന്ന് നാമകരം നടത്തിയിരിക്കുന്ന മാഞ്ചസ്റ്റർ പാർസ് വുഡ് സെക്കണ്ടറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ അഞ്ച് വേദികളിലാണ് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.
രാവിലെ പത്ത് മണിമുതൽ രാത്രി പത്തുമണിവരെ തുടർച്ചയായി നടക്കുന്ന ദേശീയമേള, റീജിയണൽ കലാമേള ജേതാക്കളായ ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന പ്രൗഢ ഗംഭീരവും വർണ്ണാഭവുമായ വേദികളായിരിക്കും. ഏവരെയും യുക്മ ദേശീയ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നു.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
നവംബർ 2 ശനിയാഴ്ച മാഞ്ചസ്റ്റർ പാർസ് വുഡ് ഹൈസ്ക്കൂൾ & സിക്സ്ത് ഫോമിൽ വച്ച് നടക്കുന്ന യുക്മയുടെ പത്താമത് ദേശീയ കലാമേളയുടെ മത്സരങ്ങളുടെ സമയക്രമവും സ്റ്റേജുകളുടെ വിവരവും പ്രഖ്യാപിക്കുന്നതായി ദേശീയ കലാമേളയുടെ ജനറൽ കൺവീനറും നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ സാജൻ സത്യൻ അറിയിച്ചു.
മത്സരങ്ങൾ 5 സ്റ്റേജുകളിലായിട്ടാണ് നടത്തുന്നത്. ഓരോ സ്റ്റേജിലും നടക്കുന്ന മത്സരങ്ങളും സമയവും ഇതോടൊപ്പം കൊടുത്തിരിക്കുന്ന ടേബിളിലെ ക്രമമനുസരിച്ചായിരിക്കും നടക്കുന്നത്. രാവിലെ 10 മണിക്ക് സ്റ്റേജ് 1, 2, 3 എന്നിവിടങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഭരതനാട്യം മത്സരങ്ങൾ ആരംഭിക്കും. ഭരതനാട്യം മത്സരങ്ങളിൽ പങ്കെടുക്കേണ്ട മത്സരാർത്ഥികൾ രാവിലെ 9.45 ന് കൃത്യ തന്നെ സ്റ്റേജ് മാനേജർമാരുടെ അടുത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. 4, 5 സ്റ്റേജുകളിൽ ജൂനിയർ ഇംഗ്ലീഷ് പ്രസംഗ മത്സരവും, കിഡ്സ് പാട്ട് മത്സരവും നടക്കും. കലാമേളയുടെ സുഗമമായ നടത്തിപ്പിനും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു. വൈകി റിപ്പോർട്ട് ചെയ്യുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാങ്കേതികമായി തടസ്സ ണ്ടായിരിക്കുന്നതാണ് എന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു.
കലാമേളയിൽ മത്സരാർത്ഥികളായി പങ്കെടുക്കുന്നവർ അവരവർക്കുള്ള ചെസ്റ്റ് നമ്പറുകൾ ഭാരവാഹികളിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയണൽ ഭാരവാഹികളും അവരവരുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്റ്റ് നമ്പറുകൾ ഇൻഫർമേഷൻ ഡസ്കിൽ നിന്നും കൈപ്പറ്റി അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണ്.
നാഷണൽ കലാമേളയുമായി ബന്ധപ്പെട്ട് ഏത് ആവശ്യങ്ങൾക്കും നാഷണൽ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. കലാമേള സമയബന്ധിതമായി പൂർത്തിയാക്കുവാൻ എല്ലാ മത്സരാർത്ഥികളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ദേശീയ ഭാരവാഹികൾ അറിയിച്ചു.
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ)
യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. വിവിധ റീജിയണുകളിൽ അതാത് റീജിയണൽ കമ്മിറ്റികളുടെ പൂർണ്ണ പിന്തുണയോടെ റീജിയണൽ കലാമേളകൾക്കൊപ്പം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ മത്സരാർത്ഥികൾ വളരെ ആവേശപൂർവ്വമാണ് പങ്കെടുത്തത്. യുകെയിലെ അറിയപ്പെടുന്ന ചിത്രകാരനായ ജിജി വിക്ടറിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് സി.എ ജോസഫ്, ജയകുമാർ നായർ, ജയ്സൺ ജോർജ്, തോമസ് മാറാട്ടുകുളം, സെബാസ്റ്റ്യൻ മുത്തുപാറക്കുന്നേൽ, സാബു പോൾ മാടശ്ശേരി, ജിജി വിക്ടർ, തങ്കച്ചൻ എബ്രഹാം, ഷിബു മാത്യു എന്നിവർ വിവിധ റീജിയണുകളിൽ ആദ്യ ഘട്ട മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ആന്റണി എബ്രാഹം, അഡ്വ. ജാക്സൺ തോമസ്, ബാബു മങ്കുഴിയിൽ, ഡോ. ബിജു പെരിങ്ങത്തറ, ബെന്നി പോൾ, അശ്വിൻ മാണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ റീജിയണൽ കമ്മിറ്റികൾ നൽകിയ പിന്തുണയും സഹകരണവും മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഏറെ സഹായകരമായി.
ഇതിനോടകം റീജിയണുകളിലെ മൂല്യ നിർണ്ണയം പൂർത്തിയാക്കിയ ജിജി വിക്ടറുടെ നേതൃത്വത്തിലുള്ള ടീം ആദ്യ ഘട്ട വിജയികളുടെ പേരുകൾ അതാത് റീജിയണൽ ഭാരവാഹികളെ അറിയിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിലെ വിജയികളെ മുഴുവൻ നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേളക്കൊപ്പം നടക്കുന്ന ഫൈനൽ റൗണ്ടിൽ പങ്കെടുപ്പിക്കുവാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകർ.
നവംബർ രണ്ട് ശനിയാഴ്ച 12 മുതൽ 1 മണി വരെ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയവർ കൃത്യസമയത്ത് തന്നെ മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. മത്സരത്തിനാവശ്യമായ പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. ചിത്രരചനക്കാവശ്യമായ മറ്റ് വസ്തുക്കൾ മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്. മത്സരത്തിനുള്ള തീം അന്നേ ദിവസം മത്സര വേദിയിൽ വെച്ച് നൽകുന്നതാണ്.
റീജിയണൽ മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളേയും, മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച സംഘാടകരേയും യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു. റീജിയണൽ, നാഷണൽ തല മത്സര വിജയികൾക്ക് നാഷണൽ കലാമേള വേദിയിൽ വെച്ച് തന്നെ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
ആദ്യഘട്ട മത്സരത്തിലെ മുഴുവൻ വിജയികളും നവംബർ രണ്ടിന് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ വെച്ച് നടക്കുന്ന ഫൈനൽ റൌണ്ടിൽ പങ്കെടുത്ത് ഈ ചിത്രരചനാ മത്സരം ഒരു വൻ വിജയമാക്കി തീർക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.
ചിത്ര രചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
ആർട്സ് കോ-ഓർഡിനേറ്റർ – ജിജി വിക്ടർ 07450465452
രക്ഷാധികാരി –
സി.എ ജോസഫ് 07846747602
വൈസ് ചെയർമാൻ –
ജോയി ആഗസ്തി 07979188391
നാഷണൽ കോ-ഓർഡിനേറ്റർ – കുര്യൻ ജോർജ്ജ് 07877348602
ജനറൽ കൺവീനേഴ്സ് –
തോമസ് മാറാട്ടുകളം – 07828126981
ജയ്സൺ ജോർജ്ജ് – 07841613973.
സജീഷ് ടോം
ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പത്തുവർഷമായി യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക വളർച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിക്കുന്ന കലാമേളകൾ എല്ലാ പ്രവാസി സമൂഹങ്ങൾക്കും ജ്വലിക്കുന്ന മാതൃകയാണ്.
യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർ നിരവധിയാണ്. യുക്മ എന്ന സംഘടനയിൽ സജീവം അല്ലായെങ്കിൽപ്പോലും, ഈ പ്രവാസി സംഘടനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അനവധി ആളുകളും അക്കൂട്ടത്തിൽ ഉണ്ട് എന്നത് യുക്മയ്ക്കും യുക്മ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾക്കുമുള്ള അംഗീകാരംകൂടിയായി കാണുന്നു. അവസാന മൂന്ന് ദേശീയ കലാമേളകളായ കവൻട്രി 2016, ഹെയർഫീൽഡ് 2017, ഷെഫീൽഡ് 2018 എന്നീ ദേശീയ മേളകളിലൂടെയാണ് നാം ഈ ലേഖനത്തിന്റെ അവസാന ഭാഗത്തിൽ കടന്നു പോകുന്നത്.
ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ
2016 നവംബര്‍ 5 ശനിയാഴ്ച്ച കവൻട്രിയിലെ വാർവിക് മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണും മിഡ്‌ലാൻഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. സ്റ്റോക്ക്-ഓൺ-ട്രെന്റിനും, ലെസ്റ്ററിനും ശേഷം മിഡ്‌ലാൻഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം “ഒ എൻ വി നഗർ” എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്‌പിയറിന്റെ ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ഒരിക്കൽക്കൂടി ദേശീയ ജേതാക്കളായി. മിഡ്‌ലാൻഡ്‌സ് റീജിയണിലെ തന്നെ ശക്തരായ ബർമിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റിയും, സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷനും ചാമ്പ്യൻ അസോസിയേഷൻ പട്ടം പങ്കിട്ടെടുത്തു.
ഹെയർഫീൽഡിൽ അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയൺ
ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഒന്നായിരുന്നു. സൗത്ത് ഈസ്റ്റ് റീജിയന്റെയും അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസിന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുൻഗണനാ ക്രമങ്ങളും പുനർ നിർണ്ണയിച്ചുകൊണ്ട്, നാല് വേദികൾക്ക് പകരം അഞ്ച് വേദികളിൽ ഒരേസമയം മത്സരങ്ങൾ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി.
മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച കലാഭവൻ മണിയുടെ പേരിൽ നാമകരണം ചെയ്ത കലാമേള നഗരിയിൽ രാവിലെ ഒൻപത് മണിമുതൽ ആരംഭിച്ച ജനപ്രവാഹം അർധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്റ്റോബർ 28 ശനിയാഴ്ച നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് വിജയികളായി. ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൗത്ത് വെസ്റ്റ് റീജിയണിലെ വമ്പന്മാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ രണ്ടാംവട്ടവും അസോസിയേഷൻ വിഭാഗം ചാമ്പ്യൻമാരായി.
ദശാബ്‌ദി വർഷത്തിലെ ഐതിഹാസിക മേളക്ക് ആതിഥേയത്വം വഹിക്കാൻ ഷെഫീൽഡ്
യുക്മ രൂപംകൊണ്ടതിന്റെ പത്താം വാർഷികം ആചരിക്കപ്പെടുന്ന ചരിത്രദശയിൽ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറിയത്. യുക്മ ജന്മമെടുത്ത 2009 ൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക ആയിരുന്നു സ്വാഭാവികമായി യുക്മ നേതൃത്വം ലക്‌ഷ്യം വച്ചത്. തുടർന്ന് വന്ന എല്ലാവർഷങ്ങളിലും റീജിയണൽ തലത്തിലും ദേശീയ തലത്തിലും കൃത്യമായി കലാമേളകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുവരുന്ന സംഘാടക മികവും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കഠിന പരിശീലനങ്ങളിലൂടെ ആർജ്ജിതമാകുന്ന ക്രമപ്രവർദ്ധിതമായ വാശിയും ഉത്സാഹവും യുക്മ കലാമേളകളുടെ നിലവാരവും മേന്മയും വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദശവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന കലാമേള എന്നനിലയിലാവും ഒൻപതാം ദേശീയ കലാമേള യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയമാവുക.
2018 ഒക്റ്റോബർ 27 ന് സൗത്ത് യോർക്‌ഷെയറിലെ ഷെഫീൽഡിൽ നടന്ന ഒൻപതാമത് യുക്മ ദേശീയ കലാമേള യുക്മ യോർക്‌ഷെയയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആകസ്മികമായി മരണമടഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് “ബാലഭാസ്‌ക്കർ നഗർ” എന്ന് നാമകരണം ചെയ്ത പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറി. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി റീജിയണൽ – ദേശീയ കലാമേളകൾ പൂർണമായും കുറ്റമറ്റരീതിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയ മേള എന്നനിലയിലും ഷെഫീൽഡ് കലാമേള എന്നെന്നും ഓർമ്മിക്കപ്പെടും. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണെ പിന്നിലാക്കി ആതിഥേയരായ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ ഇദംപ്രഥമമായി യുക്മ ദേശീയ കലാമേള ജേതാക്കളായി. യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണിലെ ശക്തരായ ഈസ്റ്റ് യോർക്‌ഷെയർ കൾച്ചറൽ അസോസിയേഷൻ – ഹൾ, അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി.
പത്താം ദേശീയ കലാമേള – മാഞ്ചസ്റ്ററിലേക്ക് സ്വാഗതം
യു കെ യുടെ വ്യാവസായിക നഗരം എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് ഇക്കുറി യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. ദേശീയ മേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ എല്ലാം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു. സംഘടനാ സ്ഥാപിതമായതിന്റെ ദശാബ്‌ദി ആചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ദേശീയ കലാമേള എന്നനിലയിൽ 2019 ദേശീയ മേള യുക്മയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടും.
ഭാഷയും തനതായ കലാരൂപങ്ങളും ഒരു ജനതയുടെ സംസ്ക്കാരത്തിന്റെ നിദർശനങ്ങൾ ആണ്. കാലദേശങ്ങളെ അതിജീവിക്കുമ്പോഴാണ് സംസ്ക്കാരം മഹത്തരമെന്ന് വാഴ്ത്തപ്പെടുന്നത്. പിറന്ന നാടിന്റെ നന്മകൾ ഈ പ്രവാസി സമൂഹത്തിൽ സജീവമാക്കുവാനും, വരുംതലമുറയ്ക്ക് പകർന്ന്നൽകാനും യുക്മ കലാമേളകൾ വഹിക്കുന്ന പങ്ക് നിസ്തുലങ്ങളാണ്. ജന്മനാടിന് അഭിമാനകരങ്ങളായ യുക്മ കലാമേളകൾ ലോക പ്രവാസി മലയാളി സമൂഹത്തിന് തിളങ്ങുന്ന മാതൃകയാണ്. അമ്മിഞ്ഞ പാലിലൂടെ ഓരോ മലയാളിയുടെ ജീവരക്തത്തിലും അലിഞ്ഞു ചേർന്ന സാംസ്ക്കാരിക തേജസ്സ് യു കെ മലയാളി സമൂഹത്തിൽ പ്രോജ്വലിപ്പിക്കുവാൻ യുക്മകലാമേളകൾ നൽകുന്ന സംഭാവനകൾ കാലാതീതമായി നിലനിൽക്കും എന്നതിൽ സംശയമില്ല.
ഇതൊരു യാത്രയാണ്. ഒരു പ്രവാസി ജനതയുടെ സാംസ്ക്കാരിക സ്വത്വത്തിന്റെ ആത്മീയ യാത. പുത്തൻ നേതൃത്വങ്ങൾ യുക്മയുടെ ദീപശിഖ വരുംതലമുറക്ക് കൈമാറിക്കൊണ്ടിരിക്കുമ്പോഴും, നമ്മുടെ ഒത്തൊരുമയുടെ ജൈത്യയാത്ര തുടർന്നുകൊണ്ടേയിരിക്കും……….. പ്രവാസി ലോകത്തിന് അത്ഭുതമായ യുക്മ കലാമേളകൾ അരങ്ങുകൾ കീഴടക്കിക്കൊണ്ടേയിരിക്കും. ഏവരെയും 2019 നവംബർ രണ്ടിന് മാഞ്ചസ്റ്റർ പാർസ് വുഡ് സെക്കണ്ടറി സ്കൂളിലെ “ശ്രീദേവി നഗറി”ൽ നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
(2015, 2016 വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയും, 2017, 2018 വർഷങ്ങളിൽ ദേശീയ കമ്മറ്റിയുടെ പി ആർ ഒ യും ആയിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)