ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്‍ വിട്ടയക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കപ്പല്‍ വിട്ടയക്കുന്നതിനെതിരെ അമേരിക്ക നല്‍കിയ ഉത്തരവ് കോടതി തള്ളി. കപ്പലിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും മോചിപ്പിച്ചു. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.
ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് വണ്‍ കപ്പലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിക്കുന്നത്. കപ്പല്‍ വിട്ടയക്കാന്‍ ബ്രിട്ടന്‍ നേരത്തെ നീക്കം ആരംഭിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം കോടതി തള്ളി.
കപ്പലിലെ 28 ജീവനക്കാരും കോടതി ഉത്തരവോടെ മോചിതരായി. ജീവനക്കാരില്‍ 24 പേര്‍ ഇന്ത്യക്കാരാണ്. ജീവനക്കാര്‍ക്കെതിരെ ജിബ്രാള്‍ട്ടര്‍ പൊലീസ് എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളെല്ലാം തിരികെ നല്‍കിയെന്ന് കപ്പലിലുള്ള മലപ്പുറം സ്വദേശി അജ്മല്‍ സ്വാദിഖ് പറഞ്ഞു. “എന്റെ മോചനത്തിന് നിയമസഹായം നൽികിയ എല്ലാവരോടും ഞാൻ നന്ദിയുള്ളവനുമാണ്.” ഗ്രേസ് 1 ടാങ്കറിന്റെ ഇന്ത്യൻ ക്യാപ്റ്റൻ പ്രസ്താവനയിൽ പറഞ്ഞു. മോചിതരായ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.
മുൻ വിദേശകാര്യമന്ത്രിയുമായ സുഷമാസ്വരാജിന്റെ നിര്യാണത്തിൽ ഏറ്റവും വേദനിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആയിരിക്കും. അത്രമാത്രം ശക്തമായ ഇടപെടലുകൾ ആയിരിന്നു പ്രവാസികൾക്ക് വേണ്ടി അവർ നടത്തിയിരുന്നത് .ട്വീറ്റുകളോട് നേരിട്ട് പ്രതികരിക്കാനും വിദേശത്ത് ദുരിതത്തിലായ പൗരന്മാരെ സഹായിക്കാനും ഒരു കാബിനറ്റ് മന്ത്രിക്ക് എങ്ങനെ കഴിയുമെന്ന് അവർ തെളിയിച്ചു .വിദേശകാര്യ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഉടനീളം മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പാർലമെന്ററി രംഗത്തും നയതന്ത്രരംഗത്തും അവർ ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു .
അനാരോഗ്യം മൂലം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ മത്സരങ്ങളിൽനിന്ന് മാറിനിന്ന സുഷമാസ്വരാജ് കേരളത്തിലെ ഗവർണറായി നിയമിത ആയേക്കും എന്നുള്ള വാർത്തകളിൽ നിറഞ്ഞിരുന്നു . 2014 മുതൽ 2019 വരെയുള്ള മോദി ഗവൺമെന്റിൻെറ വിദേശകാര്യനയം രൂപീകരിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു . ഇന്ത്യൻ കോൺസലേറ്റുകൾ ഏറ്റവും മികച്ചതാക്കാനുള്ള അവരുടെ പരിശ്രമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു . നല്ലൊരു വാഗ്‌ദമി ആയിരുന്ന സുഷമാസ്വരാജ് മൂന്നു വർഷം തുടർച്ചായി ഹിന്ദി പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരുന്നു .മികച്ച പാർലമേന്ററി പുരസ്‌കാരം ഉൾപ്പെടെയുള്ള അനേകം പുരസ്‌കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട് .90,000 പ്രവാസികൾക്ക് പല സമയങ്ങളിലായി ഇന്ത്യൻ വിദേശകാര്യാലയത്തിൽ നിന്നുള്ള സഹായം എത്തിക്കാനായിട്ട് അവർക്കു സാധിച്ചത് പ്രവാസിലോകം നന്ദിയോടെ സ്മരിക്കുന്നു . എന്നും പുഞ്ചിരിയോടെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട പ്രിയപ്പെട്ട സുഷമസ്വരാജിന് മലയാളം യുകെ ന്യൂസ് ടീമിൻെറ ആദരാഞ്ജലികൾ .
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രാദേശിക ഉത്സവങ്ങളില്‍ വളരെയധികം പ്രസിദ്ധമായ ഡങ്‌ലോ മേരി ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവല്‍ ആര്‍ട്ട് ഫെസ്റ്റിവലില്‍ വിജയിയായത് ന്യൂയോര്‍ക്കില്‍ നിന്നുള്ള റോസിന്‍ മഹേര്‍. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് നടന്ന വര്‍ണ്ണാഭമായ ഫൈനല്‍ മത്സരത്തില്‍ ഇടുക്കിക്കാരി ‘ഇന്ത്യന്‍ മേരി’ അനില ദേവസ്യ അടക്കം പതിനാല് പേരാണ് പങ്കെടുത്തത്. ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന റെയിസിന്‍ അവിസ്മരണീയമായ പ്രകടനമാണ് ഫൈനല്‍ മത്സരത്തില്‍ കാഴ്ച വെച്ചത്. വിജയിയായ റോസിന്‍ മഹേര്‍ കാര്‍ലോ സ്വദേശിയാണ്. ഡബ്ലിനില്‍ നിന്നും ഇവന്റ് മാനേജ്‌മെന്റില്‍ ഓണേഴ്‌സ് ബിരുദം നേടിയ അവര്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ബിരുദം പൂര്‍ത്തിയാക്കിയത് ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്.
മത്സരത്തിൽ പങ്കെടുത്ത എല്ലാവരോടും ചോദ്യങ്ങളുമായി സ്റ്റേജിൽ എത്തിയപ്പോൾ ഓരോരുത്തർക്കും മൂന്ന് മിനിറ്റോളം അനുവദിച്ചു കൊടുത്തു. ഓരോരുത്തരുടെയും ഉത്തരങ്ങൾക്ക് അനുസരണമായി വിധികർത്താക്കൾ മാർക്കുകൾ നൽകിയപ്പോൾ ന്യൂയോര്‍ക്ക് മേരി’ യുടെ പ്രകടനം നിറഞ്ഞ കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചു. അമേരിക്കന്‍ റെഡ് ക്രോസ് സര്‍വീസ് ടു ആംഡ് ഫോഴ്‌സ് (സാഫ്) ടീമിലെ സന്നദ്ധപ്രവര്‍ത്തകയുമായ റോസിന്‍ കായിക താരം കൂടിയാണ്. അവതാരകന്റെ ചോദ്യങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി ഉത്തരം നല്‍കിയ ‘ന്യൂയോര്‍ക്ക് മേരി’ എങ്ങനെയാണ് കെട്ടിടങ്ങള്‍ക്കായി ‘കട്ട കെട്ടേണ്ടതെന്ന് ചോദ്യത്തിന് സ്റ്റേജില്‍ തന്നെ കാട്ടിയാണ് റെയിസിന്‍ മഹേര്‍ മികവ് വെളിപ്പെടുത്തിയത്.
വെറും രണ്ട് വർഷം മുൻപ് മാത്രം ഡൽഹിയിലെ ജോലി മതിയാക്കി ഡങ്‌ലോയില്‍ എത്തി ജോലി ചെയ്യുന്ന ഇടുക്കിക്കാരി മലയാളി നഴ്‌സ് അനില ദേവസ്യായ്ക്കും ഫൈനല്‍ മത്സരത്തില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. വേദിയില്‍ ബോളിബുഡ് ഡാന്‍സ് അവതരിപ്പിച്ച അനില കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. ജീവിതത്തിലെ ഒരനുഭവം പങ്ക് വെക്കാൻ ആവശ്യപ്പെട്ടപ്പോൾ അനിലയുടെ ഉത്തരം ഒരു മലയാളി നഴ്‌സിന്റെ മനസ്സ് എന്താണ് എന്ന് വിളിച്ചു പറയുന്നതായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു ഡിമെൻഷ്യ രോഗികൾ ഉണ്ടെന്നും സ്വന്തക്കാർ വരുമ്പോൾ അവരെ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ കാണുന്നത് തന്നെ ഒരുപാട് ചിന്തിപ്പിക്കുകയും ഒപ്പം വേദനയും നൽകിയെന്ന് അനില പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കരഘോഷം തന്നെ അനില അവർക്ക് എത്രമാത്രം പ്രിയങ്കരിയാണ് എന്ന് വെളിപ്പെടുത്തുകയായിരുന്നു.
https://www.facebook.com/MaryFromDungloeFestival/videos/462954417891269/
മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സോഫിയ സാമിന്റെയും, കാമുകന്‍ അരുണ്‍ കമലാസനന്റെയും അപ്പീലുകള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. സാം എബ്രഹാം ആത്മഹത്യ ചെയ്തതാണ് എന്നാണ് അരുണ്‍ കമലാസനന്‍ വാദിച്ചത്. മെല്‍ബണ്‍ സാം എബ്രഹാം വധക്കേസില്‍ അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കും, സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വര്‍ഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിക്കെതിരെയും ശിക്ഷാ വിധിക്കെതിരെയും അരുണ്‍ കമലാസനന്‍ അപ്പീല്‍ നല്‍കിയിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ നടപടിയെ ചോദ്യം ചെയ്താണ് സോഫിയ അപ്പീല്‍ നല്‍കിയത്. സുപ്രീം കോടതി മൂന്നംഗ ബഞ്ച് അപ്പീല്‍ പരിഗണിച്ചപ്പോള്‍ ആദ്യം നേരിട്ട് ഹാജരായാണ് അരുണ്‍ കമലാസനന്‍ വാദിച്ചത്. കേസിന്റെ വിചാരണഘട്ടത്തിലെ വാദത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വാദങ്ങളാണ് അരുണ്‍ ഇത്തവണ മുന്നോട്ടുവച്ചത്.
താന്‍ സാം എബ്രഹാമിനെ കൊന്നിട്ടില്ല എന്നും, സാം ആത്മഹത്യ ചെയ്തതാണ് എന്നുമായിരുന്നു അരുണ്‍ കമലാസനന്റെ പ്രധാന വാദം. അത് മാത്രമല്ല സാം ‘ബെഡ്‌റൂമിൽ ഒരു പരാജയമായിരുന്നു’ എന്നും അതാണ് ആത്മഹത്യ ചെയ്യാനുള്ള മറ്റൊരു കാരണമെന്നും അരുൺ വാദിച്ചതായി ഓസ്‌ട്രേലിൻ പത്രമായ ‘ഹെറാൾഡ് സൺ’ റിപ്പോർട്ട് ചെയ്യുന്നു.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കമലാസനന്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്ന ഈ ദൃശ്യങ്ങളായിരുന്നു കേസിലെ പ്രധാന തെളിവും.
ഇക്കാര്യം അപ്പീല്‍ കേട്ട ബഞ്ച് ചൂണ്ടിക്കാട്ടിയപ്പോള്‍, സാമ്പത്തിക ലാഭത്തിനു വേണ്ടി നടത്തിയ വ്യാജ കുറ്റസമ്മതം മാത്രമായിരുന്നു അതെന്നാണ് അരുണ്‍ കമലാസനന്‍ മറുപടി നല്‍കിയത്. സാം എബ്രഹാം തന്നെയാണ് ഇന്ത്യയില്‍ നിന്ന് സയനൈഡ് വാങ്ങിക്കൊണ്ടുവന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാ തന്നോട് പറഞ്ഞിരുന്നുവെന്നും അരുണ്‍ കമലാസനന്‍ വാദിച്ചു.
കേസിലെ പ്രധാന സാക്ഷികളിലൊന്നായ ടോക്‌സിക്കോളജി വിദഗ്ധന്‍ പ്രൊഫസര്‍ ഗുഞ്ചയുടെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നും, താന്‍ കൊല നടത്തി എന്ന് തെളിയിക്കുന്നതിനുള്ള വിരലടയാളമോ മറ്റു തെളിവുകളോ ഇല്ല എന്നുമായിരുന്നു അരുണിന്റെ മറ്റു വാദങ്ങള്‍. എന്നാല്‍ ഇതെല്ലാം വിചാരണ സമയത്ത് പരിഗണിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അരുണ്‍ ജയിലിലും ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നും, അരുണിനെ ആശ്രയിച്ചുകഴിയുന്ന അച്ഛനമ്മമാരും ഭാര്യയും കുട്ടിയും ഇന്ത്യയിലുണ്ടെന്നും അഭിഭാഷകയും വാദിച്ചു.
ജയില്‍ശിക്ഷയെ ചോദ്യം ചെയ്യാതെ, കുറ്റക്കാരി എന്നു കണ്ടെത്തിയ ജൂറി നടപടിയെ മാത്രം ചോദ്യം ചെയ്താണ് സോഫിയ സാം അപ്പീല്‍ നല്‍കിയത്. ഇരു പ്രതികളുടെയും വിചാരണ ഒരുമിച്ച് നടത്തിയതാണ് സോഫിയയെയും ജൂറി കുറ്റക്കാരിയായി വിധിക്കാന്‍ കാരണമായതെന്ന് സോഫിയയുടെ അഭിഭാഷകന്‍ വാദിച്ചു. അരുണിന്റെ മോഴികള്‍ സോഫിയയ്‌ക്കെതിരെയുള്ള തെളിവാകരുത് എന്ന് വിചാരണക്കോടതിയിലെ ജഡ്ജി വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, അത് പ്രാവര്‍ത്തികമായില്ല. അരുണിനെ മാറ്റി നിര്‍ത്തി സോഫിയയെക്കുറിച്ച് മാത്രം പരിശോധിച്ചാല്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സാഹചര്യത്തെളിവുകള്‍ മാത്രമാണ് സോഫിയയ്‌ക്കെതിരെയുള്ളതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തത്. അതേസമയം, കേസില്‍ പ്രതികളായ സോഫിയ സാമിന്റെയും, കാമുകന്‍ അരുണ്‍ കമലാസനന്റെയും അപ്പീലുകള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.. എപ്പോഴാണ് വിധി വരുക എന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല.
2017 ഒക്ടോബറിലാണ് ആദ്യമായി യൂറോപ്പിനു മുകളിലൂടെ റേഡിയോ ആക്ടീവ് ഘടകങ്ങളടങ്ങിയ മേഘങ്ങൾ നീങ്ങുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയത്. റേഡിയോ ആക്ടീവ് ഐസോടോപ്പായ റുഥേനിയം 106 ആയിരുന്നു ആ മേഘപടലങ്ങളിൽ. അണുവിഭജനത്തിലൂടെ (fission) രൂപപ്പെടുന്നതാണിത്. മേഘങ്ങളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവയുണ്ടായിരുന്നുള്ളൂവെങ്കിലും യൂറോപ്പിനു മുകളിൽ ആശങ്ക പരത്താൻ അതുതന്നെ ധാരാളമായിരുന്നു.
റഷ്യയ്ക്കു കീഴിലുള്ള യൂറൽസ് മേഖലയിൽ നിന്നാണ് ഇതു വരുന്നതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ റേഡിയോ ആക്ടീവ് മേഘങ്ങള്‍ക്കു പിന്നിൽ തങ്ങളല്ലെന്ന് അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സഹിതം റഷ്യ വാദിച്ചു. പക്ഷേ യൂറോപ്പിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ ദിവസം പുറത്തുവിട്ട പഠന റിപ്പോർട്ടില്‍ സംശയത്തിന്റെ വിരൽമുന വീണ്ടും നീളുന്നത് റഷ്യയ്ക്കു നേരെയാണ്. അതിനെയും എതിർക്കുകയാണ് റഷ്യ.
മലിനീകരണം ഉണ്ടായ സ്ഥലം എവിടെയെന്നു കണ്ടെത്താൻ ഉതകുന്ന കാര്യമൊന്നും പുറത്തുവിട്ട വിവരങ്ങളിലില്ലെന്നായിരുന്നു നേരത്തേ റഷ്യൻ സർക്കാരിന്റെ കീഴിലുള്ള ആണവോർജ കമ്പനി റൊസാറ്റത്തിന്റെ വാദം. ഏതെങ്കിലും കൃത്രിമോപഗ്രഹം പൊട്ടിത്തെറിച്ചതായിരിക്കാം പ്രശ്നങ്ങൾക്കു കാരണമെന്നും റഷ്യൻ ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇത്തരമൊരു പ്രതിഭാസത്തിനു പിന്നിൽ റഷ്യയോ കസഖ്സ്ഥാനോ ആയിരിക്കുമെന്നാണ് ഫ്രഞ്ച് ന്യൂക്ലിയർ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ. കസഖ്സ്‍ഥാൻ അതിർത്തിയിലെ ചെല്യബിൻസ്ക് മേഖലയിലെ മായക് പ്ലാന്റാണ് പുറന്തള്ളലിന്റെ ഉദ്ഭവകേന്ദ്രമാകാന്‍ ഏറ്റവും സാധ്യത. എന്നാൽ ഇവിടെ നിന്നൊന്നും റേഡിയോആക്ടീവ് സാന്നിധ്യമുള്ള മണ്ണിന്റെ സാംപിൾ കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നു റഷ്യ വ്യക്തമാക്കുന്നു.
ഇത്തരം വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് ഇപ്പോൾ ‘പ്രൊസീഡിങ്സ് ഓഫ് ദ് നാഷനല്‍ അക്കാദമി ഓഫ് സയൻസസിൽ’ പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. അണുമേഘങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടു തെളിവുകളുടെ പ്രശ്നം ഇതോടെ പരിഹരിക്കപ്പെട്ടെന്നാണു വാദം. വിയന്ന യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുപതോളം വിദഗ്ധരും ഉൾപ്പെട്ട സംഘവുമാണ് പഠനത്തിനു പിന്നിൽ. മുപ്പതോളം രാജ്യങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ ശേഖരിച്ച റുഥേനിയം– 106ന്റെ സാംപിളുകളാണ് ഇവർ പരീക്ഷണ വിധേയമാക്കിയത്.
സെപ്റ്റംബർ 25 മുതൽ 26 വരെ 18 മണിക്കൂർ സമയമാണ് അണുമേഘങ്ങൾക്കു കാരണമായ റേഡിയോ ആക്ടീവ് റുഥേനിയം പുറത്തേക്കു പ്രവഹിച്ച സമയമെന്നാണു കണക്കാക്കുന്നത്. എന്നാൽ വളരെ പെട്ടെന്നായിരുന്നു അതു സംഭവിച്ചത്. ചെർണോബിലിലും ഫുകുഷിമയിലും ആണവ ചോർച്ചയുണ്ടായതു ദിവസങ്ങളെടുത്തായിരുന്നു. യൂറോപ്പിലെത്തിയ റേഡിയോ ആക്ടീവ് ഘടകങ്ങളെ ആദ്യം കണ്ടെത്തിയത് 2017 ഒക്ടോബർ രണ്ടിന് ഇറ്റലിയിലെ മിലാനില്‍. ഇതേ ദിവസം തന്നെ ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, നോർവെ തുടങ്ങിയ രാഷ്ട്രങ്ങളിൽനിന്നും സമാനമായ റിപ്പോർട്ടുകളെത്തി.
ഒരു ക്യുബിക് മീറ്റർ വായുവിലെ റേഡിയോ ആക്ടിവിറ്റി ഒന്നു മുതൽ പത്തുവരെ മില്ലിബെക്വറൽസ് ആണെന്നാണു ഗവേഷകർ കണ്ടെത്തിയത്. റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റാണ് ബെക്വറൽസ് എന്നത്. സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്ന് ജർമന്‍ റേഡിയോ– ഇക്കോളജി ഗവേഷകനായ ജോര്‍ജ് സ്റ്റെൻഹോറും പറയുന്നു. ഈ പ്രതിഭാസത്തെക്കുറിച്ചു പഠിച്ച രാജ്യാന്തര സംഘത്തിൽ അംഗമായിരുന്നു സ്റ്റെൻഹോർ.
വ്യവസായശാലകളിലുണ്ടായ അപകടം മൂലമല്ല ഈ റേഡിയോ ആക്ടിവ് ഘടകം പുറത്തുവന്നത്. ഒരു ഘടകത്തിനു പകരം വ്യത്യസ്തമായ പല റേഡിയോ അക്ടിവ് ഘടകങ്ങളാണു പുറന്തള്ളപ്പെട്ടിരിക്കുന്നത്. അതിലൊന്നാണ് റുഥേനിയം– 106. റുഥേനിയം തന്നെയാണ് പ്രതിഭാസത്തിനു പിന്നിൽ ആണവ പ്ലാന്റാണെന്ന സംശയത്തിലേക്കു പ്രധാനമായും നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 250 മുതൽ 400 വരെ ടെറാബെക്വറൽസ് റുഥേനിയം– 106 ഐസോടോപ് ആണ് ആകെ പുറത്തുവന്നത്. 1986ലെ ചെർണോബിൽ ആണവദുരന്തത്തിൽ 52 ലക്ഷവും, 2011 ഫുകുഷിമയിൽ 9 ലക്ഷം ടെറാബെക്വറൽസുമാണു പുറന്തള്ളപ്പെട്ടത്.
സംഭവത്തില്‍ ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങളോ, മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതിരുന്നിട്ടും റഷ്യ ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്നതാണ് ആശ്ചര്യമുണ്ടാക്കുന്നതെന്നും സ്റ്റെൻഹോർ പറയുന്നു. ഇങ്ങനെയൊരു സംഭവം ഇനി എവിടെയെങ്കിലും ഉണ്ടാകുന്നതു തടയുക കൂടി ലക്ഷ്യമിട്ടാണു സംഭവത്തിന്റെ തെളിവുകൾ ഗവേഷകർ ശേഖരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇത്തരമൊരു സംഭവമുണ്ടായാൽ സമൂഹമാധ്യമങ്ങളിലെല്ലാം കാട്ടുതീ പോലെ പ്രചരിക്കേണ്ടതാണ്. എന്നാൽ ഈ വിഷയത്തിൽ അങ്ങനെയൊന്നും സംഭവിച്ചുമില്ലെന്നും സ്റ്റെൻഹോർ വ്യക്തമാക്കി. ആഴ്ചകളോളം ആണവ മേഘങ്ങൾ യൂറോപ്പിനു മുകളിൽ അലഞ്ഞുനടന്നെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. റേഡിയേഷൻ ലെവലിലും ഈ സമയത്തു വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. ഇതിനു പിന്നിൽ റഷ്യയാണെന്നാണ് ഫ്രഞ്ച്, ജർമന്‍ അധികൃതരുടെയും നിലപാട്.
സ്റ്റെൻഹോർ സംശയമുനയിൽ നിർത്തിയ മായക് പ്ലാന്റ് അണുപ്രസരണത്തിന്റെ പേരില്‍ പല തവണ വാർത്തകളിൽ ഇടം പിടിച്ചതാണ്. ആഭ്യന്തര ആവശ്യങ്ങൾക്കും സൈനിക കാര്യങ്ങൾക്കും ഈ പ്ലാന്റ് ഉപയോഗിച്ചിരുന്നു. 1957 ൽ ഇവിടത്തെ ടാങ്ക് പൊട്ടിത്തെറിച്ച് ആയിരങ്ങൾക്കാണ് അണുപ്രസരണമേറ്റത്. ആണവ മാലിന്യങ്ങൾ അടുത്തുള്ള പുഴയിൽ തള്ളിയതിന്റെ പേരിൽ 2004ലും പ്ലാന്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
കേരളത്തിലെ നേഴ്‌സുമാരുടെ നല്ലകാലം വന്നിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.യൂറോപ്യൻ യൂണിയനിൽ അംഗമായ നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നേഴ്‌സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഇതിനോടകം തന്നെ യുകെയിൽ നിന്നുള്ള വിവിധ ഹോസ്പിറ്റൽ അധികൃതർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടുള്ള ഇന്റർവ്യൂ നടത്തി യുകെയിലേക്ക് നേഴ്‌സുമാർ എത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് നെതര്‍ലന്‍ഡ് കേരള നേര്സുമാർക്ക് അവസരം നൽകുന്നത്. കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ ജില്ലാ കളക്ടറും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.
നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതര്‍ലന്‍ഡ്‌സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും. നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാല്‍വെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹത്തെ അറിയിച്ചതായി മുഖ്യമന്ത്രി തൻറെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
മെക്‌സിക്കോ സിറ്റി: റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ സുരക്ഷാഭടന്‍ തടയുന്ന ചിത്രമാണ് ഇത്. അഭയാര്‍ഥിത്വത്തിന്റെ നിസ്സഹായതയും വേദനയും വിളിച്ചുപറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രം.
ലെറ്റി പെരെസും അവരുടെ മകന്‍ ആന്തണി ഡയസും 2400ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്‍നിന്ന് അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേന അവരെ തടയുകയായിരുന്നു. സഞ്ചരിച്ച ദൂരത്തിന്റെ എല്ലാ പരിക്ഷീണതയും അവരിലുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് അമേരിക്കയിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സൈനികനോട് കേണപേക്ഷിക്കുന്ന ദൃശ്യമാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.
തോക്കേന്തി നില്‍ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്‍ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്‍ കാണാം. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്‍ അവള്‍ ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്‍ അവള്‍ തയ്യാറായിരുന്നു. എന്നാല്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും സൈനികന്‍ നിലപാടെടുത്തു.
‘അഭയാര്‍ഥികളായ മനുഷ്യരുടെ എല്ലാ ദൈന്യതകളും അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഇവര്‍ അമേരിക്കയിലേയ്ക്ക് വരുന്നതെന്നാണ്. അവര്‍ക്ക് അവരുടെ രാജ്യത്തുതന്നെ ജീവിച്ചാല്‍ പോരേയെന്നും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ്. പക്ഷേ, ഓരോ അഭയാര്‍ഥിക്കും ദുരിതങ്ങളുടെ നിരവധി കഥകളുണ്ട്’- ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പറയുന്നു.
ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതില്‍ മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതെന്നുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തിവിട്ടിട്ടുണ്ട്.
നേരത്തെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും നിയന്ത്രിക്കാന്‍ രൂപം നല്‍കിയതാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം. എന്നാല്‍ ഇപ്പോള്‍ ഈ അര്‍ധ സൈനിക വിഭാഗം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയുന്നതിനാണന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കുന്നതിനാണിതെന്നുമാണ് വിമര്‍ശനമുയരുന്നത്.
കാസാ ഗ്രാൻഡേ ∙ തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഹൈസ്ക്കൂളിലേക്ക് പഠിക്കാൻ പോകുമ്പോൾ പതിനഞ്ചുകാരിയായ ശ്രേയ മുത്തു എന്ന പാതിമലയാളി കോളജിലേക്കാണ് പോകുന്നത്. സംശയിക്കണ്ട, പഠനത്തിൽ മിടുക്കിയായ ഈ പതിനഞ്ചുകാരിയെ തേടിയെത്തിയത് വലിയ അവസരങ്ങളാണ്. ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രെമോഷൻ ലഭിച്ചാണ് ഈ മിടുക്കി ഇവിടെവരെ ചെറുപ്രായത്തിൽ എത്തിയത്. 15 വയസ്സ് പൂർത്തിയായപ്പോഴേക്കും ചെറുമകൾ ഗ്രാജുവേഷനിലേക്ക് കടന്നുവെന്ന് അഭിമാനത്തോടെ ശ്രേയയുടെ അമ്മയുടെ പിതാവ് ഡോ. ജഗദീശൻ പറയുന്നു. ബിരുദത്തിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസം കൂടി നേടിയാണ് ശ്രയ അദ്ഭുതം സൃഷ്ടിക്കുന്നത്.
ഓഗസ്റ്റിൽ ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയിലാണ് ശ്രേയയുടെ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു വർഷത്തെ ബിരുദ പഠനം കഴിഞ്ഞാൽ മെഡിക്കൽ സ്കൂളിൽ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയ മുന്നേറുന്നത്. കാസാ ഗ്രാൻഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാർഥിയായിരുന്നു ശ്രേയ. ഭാവിയിൽ ഒരു സർജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവിൽ കാസാ ഗ്രാൻഡേയിൽ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.
മാതൃക രക്ഷിതാക്കൾ തന്നെ
ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കൾ തന്നെയാണ്. കൊല്ലം കിടങ്ങൽ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാൾഡ് മുത്തു തമിഴ്നാട് ചെന്നെ സ്വദേശിയും. വർഷങ്ങളായി ഇരുവരും കാസാ ഗ്രാൻഡേയിൽ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളർന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടർ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടർ സ്വപ്നവുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ വർഷം രക്ഷിതാക്കൾ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെൽത്ത് സെന്ററിൽ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്തു. ‘ഡോക്ടർമാരുടെ ഓഫീസിലാണ് ഞാൻ വളർന്നത്, രോഗികളുമായുള്ള ഇടപെടൽ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോൾ ഇക്കാര്യങ്ങൾ എന്നെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് കരുതുന്നത്’– ശ്രേയ പറഞ്ഞു.
ജിസിയുവിൽ നിന്നും മൂന്നു വർഷത്തെ ഡിഗ്രിയും തുടർന്ന് ലേക്ക് എറിക് കോളജ് ഓഫ് ഓസ്റ്റോപതിക് മെഡിസിനിൽ നാലുവർഷത്തെ പഠനവുമാണ് ഉദ്ദേശിക്കുന്നത്. കണക്കിൽ മിടുക്കിയായ ശ്രേയയ്ക്ക് ഈ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠനത്തിനു പുറമേയുള്ള കാര്യങ്ങളിലും ശ്രേയ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രൊജക്ടിന്റെ ഭാഗമായി മിത്ര റീഹാബിലെറ്റേഷൻ ഫണ്ട് എന്ന പേരിൽ സാമൂഹ്യ പ്രവർത്തനം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിത്ര റീഹാബിലെറ്റേഷൻ സെന്ററുമായി ചേർന്ന് 7000 ഡോളറാണ് ശ്രേയ സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കുന്നതായിരുന്നു ഈ പരിപാടി.
പ്രതീക്ഷകൾ
പുതിയ കോളജിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് ശ്രേയ. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ കോളജിൽ എത്തുന്നതിനാൽ ചെറിയ പേടിയും ഉണ്ട്. പക്ഷേ, ഡോക്ടർ ആവുകയെന്നത് വലിയ ആഗ്രഹമായതിനാൽ എല്ലാകാര്യങ്ങളെയും പോസറ്റീവ് ആയിട്ടാണ് കാണുന്നത്. ഇത്രയും വേഗം പഠനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷവും പങ്കുവെച്ചു. ജിസിയുവിലെ ചില അധ്യാപകരുമായി ഇപ്പോൾ തന്നെ കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രേയ പറഞ്ഞു. മറ്റു കുട്ടികളോട് ശ്രേയയ്ക്ക് പറയാനുള്ളത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോകണമെന്നാണ്. നേരത്തെ തന്നെ എന്തായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് തീരുമാനിക്കുക. പിന്നീട്, അതിനായി കഠിനാധ്വാനം ചെയ്യുക–ശ്രേയ അഭിമാനത്തോടെ പറഞ്ഞു നിർത്തി.
ഉടൻ തിരിച്ചുവരാൻ ഉദ്ദേശ്യമില്ലാതെ വിവിധ കോഴ്‌സുകൾ പഠിക്കാൻ വിദേശ രാജ്യങ്ങളിൽ പോയി താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ എൻആർഐ അഥവാ പ്രവാസി ഇന്ത്യക്കാർ ആയി പരിഗണിക്കുന്നത് . വിദേശ നാണയ വിനിമയ ചട്ടങ്ങൾക്കനുസൃതമായി റിസർവ് ബാങ്കും ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരുമാണ് പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച നിർവചനങ്ങളും നിയമങ്ങളും നിബന്ധനകളും പുറപ്പെടുവിക്കുന്നത്. പൊതുവെ പറഞ്ഞാൽ ഒരു വർഷം ഏപ്രിൽ മുതൽ തൊട്ടടുത്ത വർഷം മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ കുറവായി ഇന്ത്യയിൽ താമസിച്ചിരുന്നവരെയാണ് തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ പ്രവാസി ഇന്ത്യക്കാരനായി കണക്കാക്കുക.
∙ വിദേശ നാണയ പരിധി
അപേക്ഷ സമർപ്പിക്കുമ്പോഴും അഡ്മിഷൻ കിട്ടി പഠനം തുടരുമ്പോഴും ഫീസായും ചെലവിനായും ഉള്ള പണം ഇന്ത്യയിൽനിന്ന് വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് അയയ്ക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളർ 2,50,000 വരെ ഇത്തരത്തിൽ അയയ്ക്കുന്നതിന് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ല. വിദേശ നാണയ വിനിമയത്തിന് അധികാരപ്പെടുത്തിയിട്ടുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള ഓഥറൈസ്ഡ് ഡീലർമാർ മുഖേന വിദേശ കറൻസി വാങ്ങാവുന്നതും അയയ്ക്കാവുന്നതുമാണ്. എത്ര തവണ പണം അയയ്ക്കുന്നതിനും അനുവാദമുണ്ട്. ഉയർന്ന തുക ആവശ്യമുള്ളവർ പഠനച്ചെലവിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച് പഠിക്കുന്ന യൂണിവേഴ്‌സിറ്റിയുടെയോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ ആധികാരിക രേഖകൾ ആവശ്യമാണ്. പഠനശേഷം ഇന്ത്യയിൽ എത്തിയാൽ ബാക്കിയുള്ള വിദേശ നാണയം ഇന്ത്യൻ രൂപയായി പരിവർത്തനപ്പെടുത്തേണ്ടതുണ്ടെങ്കിലും 2000 യുഎസ് ഡോളറിനു തുല്യമായ വിദേശ കറൻസി സൂക്ഷിക്കാവുന്നതാണ്.
∙പണം അയയ്ക്കുന്ന മാർഗങ്ങൾ
അത്യാവശ്യ ചെലവുകൾക്കായി 5000 യുഎസ് ഡോളർ വരെ കറൻസിയായോ ട്രാവലേഴ്‌സ് ചെക്കായോ കൈയിൽ കൊണ്ടുപോകാം. അംഗീകൃത വിദേശ നാണയ ഡീലർമാരിൽനിന്ന് അപ്പപ്പോഴത്തെ ഔദ്യോഗിക നിരക്കിൽ ഇന്ത്യൻ രൂപ നൽകി വിദേശ കറൻസികൾ വാങ്ങാം. 50,000 രൂപയ്ക്കു മുകളിൽ ചെക്കായോ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫറായോ മാത്രമേ നൽകാൻ പാടുള്ളൂ. വിദേശത്തുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ടുകൾ തുറക്കുന്നതിനും രാജ്യാന്തര ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും വാങ്ങി ഉപയോഗിക്കാനുമാകും. വിദ്യാർത്ഥികളുടെ പേരിൽ ഇന്ത്യയിൽനിന്ന് പ്രീപെയ്ഡ് ഫോറെക്‌സ് കാർഡുകൾ വാങ്ങി വിദേശത്ത് ഉപയോഗിക്കാം. ആവശ്യമുള്ളപ്പോൾ ഇന്ത്യയിൽനിന്ന് രക്ഷകർത്താക്കൾക്ക് ഫോറെക്‌സ് കാർഡുകളിൽ ഇന്ത്യൻ രൂപ റീചാർജ് ചെയ്ത് നൽകാം. എൻആർഇ അക്കൗണ്ടുള്ളവർക്ക് ഇന്ത്യയിൽ തന്നെയുള്ള ബാങ്കുകളുടെ രാജ്യാന്തര ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. ഇന്ത്യയിൽനിന്നു പണം അയയ്ക്കുന്ന വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
∙ബാങ്ക് അക്കൗണ്ട്
വിദേശത്തുനിന്ന് പണം അയയ്ക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും സ്വന്തം പേരിൽ നോൺ റസിഡന്റ് എക്‌സ്റ്റേണൽ അക്കൗണ്ട് തുറക്കാം. ഇന്ത്യൻ രൂപയിൽ അക്കൗണ്ട് നിലനിർത്താവുന്നതും വിദേശ കറൻസിയിൽ നിലനിർത്താവുന്നതുമായ പ്രത്യേകം എൻആർഇ അക്കൗണ്ടുകൾ ലഭ്യമാണ്. എൻആർഇ അക്കൗണ്ടുകളിൽ ഇന്ത്യൻ രൂപ നിക്ഷേപിക്കാൻ സാധിക്കില്ല. വിദ്യാഭ്യാസത്തോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നവർക്ക് വേതനവും മറ്റും എൻആർഇ അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന നിക്ഷേപവും പലിശയും എപ്പോൾ വേണമെങ്കിലും വിദേശത്തേയ്ക്ക് പിൻവലിക്കാവുന്നതും എൻആർഇ അക്കൗണ്ടുകളിലെ പലിശ വരുമാനത്തിന് ആദായ നികുതി നൽകേണ്ടതില്ല എന്ന ഗുണവുമുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ എൻആർഒ അക്കൗണ്ടുകളായി പരിവർത്തനം ചെയ്യാവുന്നതും ഇന്ത്യയിൽനിന്നു കിട്ടാനുള്ള പണം ഇന്ത്യൻ രൂപയായി എൻആർഒ അക്കൗണ്ടിൽ വരവു വയ്ക്കാം.
∙രൂപയുടെ മൂല്യം ഇടിയുമ്പോൾ
പഠിക്കുന്ന രാജ്യത്തിന്റെ കറൻസിയുമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് ബുദ്ധിമുട്ടുണ്ടാക്കും. വിദേശത്തു നൽകേണ്ടുന്ന തുക സമാഹരിക്കാൻ കൂടുതൽ ഇന്ത്യൻ രൂപ നൽകേണ്ടി വരുന്നു. വിദ്യാഭ്യാസ സ്ഥാപനം നൽകിയ എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യൻ രൂപയിൽ അനുവദിക്കപ്പെട്ട വിദ്യാഭ്യാസ വായ്പ തുക തികയാതെ വരും. പഠനച്ചെലവിനായി ഇന്ത്യയിൽ കരുതുന്ന തുക അനുവദിക്കപ്പെട്ട പരിധിക്കുള്ളിൽ വിദേശത്തേക്ക് മുൻകൂറായി മാറ്റുകയും വിദേശ കറൻസിയിൽ അക്കൗണ്ട് തുടങ്ങി സൂക്ഷിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതിനു പ്രതിരോധമാകും.
∙ഇൻഷുറൻസ് പരിരക്ഷ
വിദേശ പഠനത്തിനിടയിൽ ചികിത്സ തേടേണ്ടിവന്നാൽ അതതു രാജ്യത്തു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ്, അപകട ഇൻഷുറൻസ് എന്നിവ മുൻകൂട്ടി വാങ്ങി പരിരക്ഷ ഉറപ്പാക്കണം. വിദേശത്തു ചികിത്സ തേടാനാകുന്ന പോളിസികൾ ചില ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും വിൽക്കുന്നുണ്ട്. വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസികൾ നിർബന്ധമാക്കിയിട്ടുണ്ട്. പോളിസിയുടെ പ്രിമീയം തുക കൂടി വായ്പയിൽ ഉൾപ്പെടുത്തിയിരിക്കും. മറ്റുള്ളവരും ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടതുണ്ട്. രക്ഷകർത്താക്കൾക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കു സമാന തുകയ്ക്ക് വിദ്യാർഥിക്കും ഇൻഷുറൻസ് എടുക്കാം. രക്ഷാകർത്താക്കൾക്ക് പ്രിമീയം അടക്കാനുള്ള വരുമാനം ഉണ്ടായിരിക്കേണ്ടതാണ്.
ഹോങ്കോംഗ്: ചൈനീസ് അതിർത്തിയോടു ചേർന്ന യുവൻ ലോംഗ് പട്ടണത്തിലേക്കു ഹോങ്കോംഗിലെ ജനാധിപത്യവാദികൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
അനുമതി നിഷേധിച്ചിട്ടും മാർച്ച് നടത്താൻ ധൈര്യം കാട്ടിയ പതിനായിരിക്കണക്കിനു പ്രതിഷേധക്കാരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു നേരിട്ടു. കലാപം നിയന്ത്രിക്കുന്ന പോലീസ് അടക്കം രംഗത്തിറങ്ങി. മാസ്കും ഹെൽമെറ്റും ധരിച്ച പ്രതിഷേധക്കാർ കണ്ണീർവാതക ഷെല്ലുകൾ പിടിച്ചെടുത്തു തിരിച്ചെറിഞ്ഞു. പോലീസിനെതിരേ മുദ്രാവാക്യം മുഴക്കി. പിരിഞ്ഞു പോകാതിരുന്നവർക്കു നേർക്ക് പോലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. റാലിയിൽ 2,88,000 പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
ഹോങ്കോംഗിൽ തുടർച്ചയായ എട്ടാം വാരമാണ് ചൈനാവിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നത്. 1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോംഗിന്റെ അവകാശം ലഭിച്ച ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അരങ്ങേറുന്നത്.
ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനുള്ള ഹോങ്കോംഗ് സർക്കാരിന്റെ നീക്കമാണു ജനങ്ങളെ പ്രകോപിതരാക്കിയത്. ഹോങ്കോംഗ് ഭരണകൂടം കരാർ താത്കാലികമായി ഉപേക്ഷിട്ടും പ്രതിഷേധം തണുത്തില്ല. കരാർ പൂർണമായി ഉപേക്ഷിക്കുക, ചൈനാ അനുകൂലിയായ ഭരണാധിപ(സിഇഒ) കാരി ലാം രാജിവയ്ക്കുക, അസംബ്ലി പിരിച്ചുവിടുക, നേരിട്ടുള്ള തെരഞ്ഞെടുപ്പു നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭം തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച യുവൻ ലാംഗിലെ റെയിൽവേ സ്റ്റേഷനിൽ നൂറോളം വരുന്ന അക്രമിസംഘം പ്രതിഷേധക്കാരെ തല്ലിച്ചതച്ചിരുന്നു. ട്രയാഡ് എന്ന അധോ ലോകസംഘത്തിലെ അംഗങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. ഹോങ്കോംഗിലെ ഗ്രാമീണ മേഖലയായ യുവൻ ലാംഗിലെ നിരവധിപേർ ട്രയാഡുമായി ബന്ധമുള്ളവരും ചൈനയെ അനുകൂലിക്കുന്നവരുമാണ്.
ഞായറാഴ്ചത്തെ സംഭവം പോലീസ് അവഗണിക്കുകയാണെന്നു പ്രക്ഷോഭകർ ആരോപിക്കുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചാണ് ഇന്നലെ യുവൻ ലാംഗിലേക്കു മാർച്ച് നടത്തിയത്. അക്രമം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. എന്നാൽ, മാർച്ചിന് അനുമതി നിഷേധിക്കുന്ന പതിവ് ഇതിനു മുന്പില്ലായിരുന്നുവെന്നു പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രവിശ്യയാണ് ഹോങ്കോംഗ് എങ്കിലും അവിടെ വേറിട്ട ഭരണസംവിധാനമാണുള്ളത്.