കാനഡയിലെ ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. തൃശൂര്‍ സ്വദേശിയായ ഒരാളെ കാണാതായി. വാരാന്ത്യം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെയാണ്(41) കാണാതാത്.
തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍പ്പെട്ടെങ്കിലും രക്ഷപെട്ടു. കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ 10.30 നായിരുന്നു അപകടം. ജിയോയുടെ സ്വന്തം ബോട്ടില്‍ മീന്‍പിടിക്കുന്നതിനായി പോയതായിരുന്നു നാലംഗ സംഘം
ആകാശം ചുവപ്പും ഓറഞ്ചും പിങ്കുമൊക്കെ ആകുന്നത് സൂര്യന്‍ അസ്തമിക്കുമ്പോഴുള്ള മനോഹര കാഴ്ചകളാണ്. എന്നാല്‍ ആകാശം പച്ചയാകുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? അത്തരമൊരു സംഭവമുണ്ടായി, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ ഇന്നലെ.
ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇവിടെ ആകാശം പച്ച നിറമായി മാറി. ഡക്കോട്ടയിലെ സിയൂക്‌സ് ഫോള്‍സിലാണ് അത്ഭുത പ്രതിഭാസമുണ്ടായത്. മണിക്കൂറുകളോളം ആകാശം പച്ചനിറത്തില്‍ കാണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെ ആലിപ്പഴം വീഴുകയും കനത്ത മഴ പെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിചിത്രമായ മാറ്റം ആകാശത്തുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭയാനകമായ പച്ച നിറത്തില്‍ മേഘങ്ങളോട് കൂടി ആകാശം കാണപ്പെട്ടത് ആളുകളെയാകെ പരിഭ്രാന്തിയിലാക്കി.
കനത്ത മഴയും ഇടിമിന്നലുമുള്ള സാഹചര്യങ്ങളില്‍ സൂര്യന്‍ അസ്തമിക്കുമ്പോഴുള്ള മഞ്ഞ നിറവും മേഘങ്ങളിലെ നീല നിറവും കൂടിച്ചേര്‍ന്ന് റീഫ്രാക്ഷന്‍ എന്ന പ്രതിഭാസത്തിലൂടെ ആകാശം പച്ച നിറത്തില്‍ കാണപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിശദീകരിക്കുന്നു. ഇത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് ഇവര്‍ അറിയിക്കുന്നത്.
— J (@Punkey_Power) July 5, 2022
അമേരിക്കയില്‍ സ്വാതന്ത്രദിന പരേഡിനിടെയില്‍ ഉണ്ടായ വെടിവെയ്പില്‍ ആറ് പേര്‍ മരിച്ചു. ജൂലൈ നാലിന് ചിക്കാഗോയിലെ ഹൈലന്‍ഡ് പാര്‍ക്കിലാണ് വെടിവെയ്പുണ്ടായത്. 30പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തില്‍ 22കാരനായ ആക്രമിയെ പൊലീസ് പിടികൂടി.
ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കകമാണ്് തോക്കുമായി ആക്രമി ചില്ലറ വില്‍പ്പനശാലയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. റോബര്‍ട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.
ആക്രമണം ഉണ്ടായി ആറുമണിക്കൂറിന് ശേഷമാണ് റോബര്‍ട്ട് ഇ ക്രൈമോയെ പിടികൂടിയത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരേഡില്‍ പങ്കെടുത്തവര്‍ ‘തോക്കുകള്‍’ എന്നലറിക്കൊണ്ട് പരിഭ്രാന്തരായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അമേരിക്കയുടെ 246-ാം സ്വാതന്ത്രദിനാഘോഷവേളയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് പരേഡുള്‍പ്പെടെയുള്ള പരിപാടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.ഹൈലന്റ് പാര്‍ക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന സുരക്ഷയൊരുക്കി. മെയ് 14ന് ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സസിലെ സ്‌കൂളില്‍ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വര്‍ഷം കൂടുതല്‍ മരണമുണ്ടായ വെടിവയ്പാണ് ഇന്നലെയുണ്ടായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹോങ്കോങ് ബ്രിട്ടീഷുകാർ ചൈനയ്ക്ക് കൈമാറിയിട്ട് ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകും. ആഘോഷങ്ങളുടെ ഭാഗമായി ചൈനയുടെ പ്രസിഡൻറ് ഷി ജിൻപിംഗ് നഗരം സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കൈമാറ്റത്തിന്റെ 20-ാം വാർഷികാഘോഷ വേളയിലാണ് അവസാനമായി അദ്ദേഹം ഹോങ്കോങ് സന്ദർശിച്ചത്. അന്നത്തെ വാർഷികം കടുത്ത പ്രതിഷേധങ്ങളാണ് ഹോങ്കോങ്ങിൽ അരങ്ങേറിയത്. എന്നാൽ 2020 – ൽ ചൈന സുരക്ഷാനിയമം പാസാക്കിയതിനെ തുടർന്ന് പ്രതിഷേധക്കാർ നിശബ്ദമാക്കപ്പെട്ടിരുന്നു.
156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്കു ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണു ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.
1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും.1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.
ബ്രിട്ടന്‍, ഹോങ്കോംങ് പ്രവിശ്യയുടെ നിയന്ത്രണം ചൈനയ്ക്കു കൈമാറിയതിന്റെ 23 ആം വാര്‍ഷികദിനമായിരുന്നു 2020 ജുലൈ ഒന്നിന് കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയിലും ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിച്ചിരുന്നു . ചൈന ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് നിലപാടെടുത്തത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ തളരാത്ത മനോവീര്യത്തിന്റെ അടയാളമായ ബി ബി സി പോഡ് കാസ്റ്റ് അവതാരക ഡെബോറ ജെയിംസ് മരണത്തിന് കീഴടങ്ങി. 40 വയസ്സായിരുന്നു പ്രായം.
മരണകിടക്കയിലും തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവൾ ശ്രമിച്ചിരുന്നു . അഞ്ചു വർഷമായി ക്യാൻസറിനോട് പടപൊരുതുന്ന ഡെബോറ സ്വരൂപിക്കുന്ന ഫണ്ടില്‍ ഇതുവരെ എത്തിയത് 6 .8 ബില്യൺ പൗണ്ടാണ് . ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നുകളുടെ ഗവേഷണത്തിനും ബോധവൽക്കരണത്തിനുമായാണ് ഫണ്ട് സ്വരൂപിച്ചത് . പ്രാരംഭ ലക്ഷ്യം 250,000 പൗണ്ട് ആയിരുന്നെങ്കിലും ഡെബോറയുടെ പോരാട്ടത്തിന് മുന്നിൽ ജനങ്ങൾ മനസറിഞ്ഞു സഹായിച്ചു.
ഡെബോറയ്ക്ക് ഡെയിംഹുഡ് നല്‍കി ആദരിക്കുവാന്‍ അവരുടെ വീട്ടില്‍ വില്യം രാജകുമാരൻ നേരിട്ടെത്തിയിരുന്നു . ഡെബോറയുടെ ധീരതയ്ക്കുള്ള പ്രതിഫലമായിരുന്നു ഈ ഡെയിം പദവി. ഈ പദവി ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ഡെബോറ മാത്രമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ന് അഭിപ്രായപ്പെട്ടത്.
2016-ല്‍ ബോവല്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട ഡെബോറ അന്നുമുതൽ ചികിത്സയിലായിരുന്നു. തന്റെ അവസാന നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടാൻ ആഗ്രഹിച്ച അവൾ, ആശുപത്രി ചികിത്സ മതിയാക്കി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു . ആശുപത്രി വിടുന്നതിനു മുൻപ് “ഇനി എത്ര നാൾ കൂടി ബാക്കിയുണ്ടെന്ന് അറിയില്ലെന്ന് ” ഡെബോറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദയഭേദകമായ കുറിപ്പ് ജനങ്ങളെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു . ചികിത്സകള്‍ എല്ലാം അവസാനിപ്പിച്ച് ഇനിയുള്ള നിമിഷങ്ങള്‍ തന്റെ മക്കളായ ഹ്യൂഗോയുടെയും എലോയ്‌സിനോടും ഭര്‍ത്താവ് സെബാസ്റ്റ്യന്റെയും ഒപ്പം സന്തോഷത്തോടെ കഴിയാൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഡെബോറ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജായ @bowelbabe ൽ ആണ് ഹൃദയഭേദകമായ കുറിപ്പ് അന്ന് ഡെബോറ പങ്കുവച്ചത്. ഡെബോറയുടെ മരണവാർത്ത ലോകമെങ്ങുമുള്ള ആരാധകർ വേദനയോടെയാണ് ഏറ്റുവാങ്ങിയത് .
യുഎസില്‍ ടെക്‌സസ് സിറ്റിയിലുള്ള സാന്‍ അന്റോണിയോയില്‍ ട്രക്കിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് നിഗമനം. 46ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്‌സസില്‍ താപനില 39.4 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. ട്രക്കിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 15 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സാന്‍ അന്റോണിയോ അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രക്കിനുള്ളില്‍ വെള്ളത്തിന്റെ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രിയിലെത്തിച്ചവരില്‍ പലരുടെയും ശരീരത്തില്‍ അടുത്ത് ചെല്ലാനാവാത്ത വിധം ചൂടായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ മേധാവി ചാള്‍സ് ഹൂഡ് പത്രസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്ത ട്രാക്ടര്‍ ആയിരുന്നുവെങ്കിലും ട്രക്കില്‍ പ്രവര്‍ത്തനപ്രദമായ എസിയോ കൂളറോ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇവരുടെ പങ്ക് വ്യക്തമായിട്ടില്ല. അമേരിക്കയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ അത്യാഹിതമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മനുഷ്യക്കടത്ത് നടക്കുന്നത് പോലീസിന്റെ അറിവോടെയാണെന്ന് ഇതിനോടകം തന്നെ നിരവധി ആരോപണങ്ങളുണ്ട്.
A U.S. official says at least 40 people have been found dead inside a tractor-trailer in a presumed migrant smuggling attempt in South Texas. The official says 15 others in the truck were taken to hospitals in the San Antonio.https://t.co/Q4fqOmsvHq
— The Associated Press (@AP) June 28, 2022
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം അനുസരിച്ച്, ഓവര്‍സീസ് സിറ്റിസന്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകൾക്ക് കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങള്‍ എന്നിവ ഒഴികെയുള്ള ഭൂമി വാങ്ങുവാനും വില്‍ക്കുവാനും ആർബിഐയുടെ പ്രത്യേക അനുമതി വേണ്ട. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. കാരണം ഒരു സുപ്രീം കോടതി വിധിയാണ്. വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യക്കാർക്ക് നാട്ടിൽ ഉള്ള സ്വത്തുക്കൾ വിൽക്കാനും പണയപ്പെടുത്താനുമൊക്കെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ആവശ്യമായി വരുമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇത് 2021 മാർച്ച് മാസം ആയിരുന്നു. അതും ഒരു പ്രത്യേക കേസിൽ. 2021 ഡിസംബർ അവസാനമാണ് എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും നാട്ടിലെ ഭൂമി കൈമാറ്റം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയത്.
സുപ്രീം കോടതി വിധി – 2021 മാർച്ച്
ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ലർ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്നായിരുന്നു. ബംഗളൂരൂവിലെ ഒരു സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ൽ ചാൾസ് റൈറ്റ് എന്ന വിദേശിയുടെ വിധവ റിസർവ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) കൊണ്ട് മാറ്റിയെങ്കിലും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന പ്ലീനറി അധികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിധി പ്രഖ്യാപനം.
ആർബിഐ തീരുമാനം – 2021 ഡിസംബർ
2021 മാർച്ചിലെ സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ള ഒന്നാണ്. അതല്ലാത്ത കേസുകള്‍ക്കെല്ലാം ഫെമ നിയമമായിരിക്കും ബാധകമാവുക. ഇതനുസരിച്ച്, പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിച്ച് വീടുൾപ്പടെയുള്ള മറ്റ് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും കൈമാറ്റം ചെയ്യുവാനും റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇതു സംബന്ധിച്ച് പണമിടപാടുകള്‍ക്ക് ചില നിബന്ധനകളുണ്ട് എന്നുമാത്രം. ഈ പണമിടപാടുകളില്‍ പണം ഇന്ത്യന്‍ ബാങ്കുകളില്‍ എത്തണം. അല്ലെങ്കില്‍ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എന്‍ ആര്‍ അക്കൗണ്ടുകളില്‍ എത്തണം. ട്രാവലേഴ്‌സ് ചെക്ക്, വിദേശ കറന്‍സി തുടങ്ങിയവയിലൂടുള്ള പണമിടപാടുകള്‍ അനുവദനീയമല്ല.
ചുരുക്കത്തിൽ, സുപ്രീം കോടതി വിധി വന്നെങ്കിലും പിന്നീട് ആർബിഐ അവരുടെ തീരുമാനം വ്യക്തമാക്കിയതാണ്. സുപ്രീം കോടതി വിധി ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ളതാണ്. മറ്റ് കേസുകൾക്ക് ഫെമ നിയമമാണ് ബാധകം. എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും കൃഷിഭൂമിയോ ഫാം ഹൗസോ തോട്ടങ്ങളോ ഒഴികെ എന്തും വാങ്ങാനോ വിൽക്കാനോ ആർബിഐ അനുമതി ആവശ്യമില്ല എന്ന് വ്യക്തം.
(സുപ്രീം കോടതി വിധി ഉയർത്തിപിടിച്ചുകൊണ്ടുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്)
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ആവേശം അതിരുവിട്ടാൽ പണി കിട്ടുമെന്ന് ബ്രിട്ടീഷ് പോലീസ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മുസ്ലിം ഭൂരിപക്ഷമായ ഖത്തറിൽ വിവാഹത്തിന് പുറത്തുള്ള ലൈംഗികത നിയമവിരുദ്ധമാണ്. വിവാഹിതരല്ലാത്ത ലിവിംഗ് ടുഗതറിൽ ജീവിക്കുന്ന സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് നടത്തുന്ന സ്നേഹപ്രകടനങ്ങൾ വരെ അറസ്റ്റിലേക്ക് നയിച്ചേക്കാം.
ലോകകപ്പ് ആഘോഷങ്ങളിൽ എത്തുന്ന തങ്ങളുടെ പൗരന്മാർക്ക് ഖത്തറിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് പോലീസ് ആശങ്കയിലാണ്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഭാര്യഭർത്താക്കന്മാരല്ല വരുന്നതെങ്കിൽ സെക്സിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ സ്വവർഗ ലൈംഗികതയും നിയമവിരുദ്ധമാണ്. അതും ജയിൽവാസത്തിന് ഇടയാക്കും.
ലോകകപ്പിന് മുന്നോടിയായി ആരാധകർക്ക് പ്രായോഗിക ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുമെന്ന് കോമൺവെൽത്ത് ഡെവലപ്മെൻറ് ഓഫീസ് അറിയിച്ചു. 2022ലെ ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് തങ്ങളുടെ ആരാധകരിൽ അവബോധം വളർത്താൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമേരിക്ക പിടിച്ചെടുത്ത റഷ്യൻ ഉടമസ്ഥതയിലുള്ള ആഡംബര നൗക ‘അമദിയ’ ഹവായ് സംസ്ഥാനത്തെ ഹോണോലുലു തുറമുഖത്തെത്തി. റഷ്യൻ പ്രഭു സുലൈമാൻ കരീമോവിന്റേതാണ് ഈ യാനമെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐയുടെ കണ്ടെത്തൽ.
കരീമോവ് വിവിധ വ്യാജ കമ്പനികളിലൂടെ രഹസ്യമായി വാങ്ങിയതാണ് കെയ്മൻ ദ്വീപ് പതാക വഹിക്കുന്ന ഈ യാനമെന്നും യു.എസ് പറയുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ സമ്പന്നരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി നിയോഗിച്ച ‘ക്ലെപ്റ്റോ കാപ്ചർ’ ദൗത്യസേനയുടെ നോട്ടപ്പുള്ളിയായിരുന്നു അമദിയ. നിയമപോരാട്ടം വിജയിച്ചശേഷം ദ്വീപരാജ്യമായ ഫിജിയിൽനിന്നാണ് അമദിയയെ യു.എസ് സംഘം സ്വന്തമാക്കിയത്.
30 കോടി ഡോളർ (2,338 കോടി രൂപ) വില വരുന്ന യാനം 106 മീറ്റർ നീളമേറിയതാണ്. ഒരു ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പത്തിന് തുല്യം. അതേസമയം, ആഡംബര ബോട്ട് ഉപരോധ പട്ടികയിലില്ലാത്ത മറ്റൊരു റഷ്യൻ സമ്പന്നന്റെ പേരിലുള്ളതാണെന്ന് കരീമോവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള തീപിടിത്തത്തിൽ 49 പേർ വെന്തുമരിച്ചു. നൂറുകണക്കിനാളുകൾക്കാണ് ഗുരുതര പരുക്കേറ്റത്. ഷിപ്പിംഗ് കണ്ടെയ്നറിൽ തീപിടിച്ചാണ് അപകടം സംഭവിച്ചത്. ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നതാണ് തീപിടുത്തത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരിച്ചവരുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ ആശുപത്രികൾ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തദാനത്തിനായി ആളുകൾ മുന്നോട്ട് വരണമെന്നുള്ള അഭ്യർത്ഥന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .
തീപിടുത്തത്തെ തുടർന്ന് നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. തീയണക്കാൻ ശ്രമിച്ചപ്പോൾ വൻ സ്ഫോടനം ഉണ്ടായത് രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായി. ബംഗ്ലാദേശിൽ വ്യവസായമേഖലയിൽ തീപിടിത്തം സർവ്വ സാധാരണമാണ്. മോശം സുരക്ഷാ മാനദണ്ഡങ്ങളാണ് അപകടത്തിലേക്ക് വഴിവെക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട് .