കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.
ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.
ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.
കൊറോണ വൈറസ് ബാധ മുലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ ഓരോ ദിവസവും മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല നഗരങ്ങളിലും സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ഏറ്റവും അത്യവശ്യമായ സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കും. മരണ സംഖ്യ വര്‍ധനവിന്റെ നിരക്ക് പരിശോധിച്ചാല്‍ ചൈനയുടെ മരണ സംഖ്യയുടെ ഇരട്ടിയാകാന്‍ ഒന്നോ രണ്ടോ ദിവസം മതിയാകും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 700ല്‍ അധികം പേര്‍ ഇറ്റലിയില്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലോ ഐസൊലെഷനിലോ ഉള്ള 42,680 സജീവ കേസുകളില്‍ 2857 പേരുടെ നില ഗുരുതരമാണ് എന്നത് സൂചിപ്പിക്കുന്നത് മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ്.
പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന വിഷയം വയോജന ജനസംഖ്യയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള രാജ്യമാണ് ഇറ്റലി. ഇവിടത്തെ ശരാശരി പ്രായം 45.4 ആണ്. രാജ്യത്തിന്റെ 23 ശതമാനം ജനങ്ങളും 65 വയസിനു മുകളില്‍ ഉള്ളവരാണ്. ഇറ്റലിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശരാശരി പ്രായം 78.5 ആണ്. ഇവരില്‍ 99% പേരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളവരാണ് എന്നതും ശ്രദ്ധിയ്ക്കുക.
ഇറ്റലിയിലെ യുവാക്കള്‍ അവരുടെ വീടുകളിലെ വയോജനങ്ങളുമായി ഏറെ അടുത്തിടപഴകി ജീവിക്കുന്നവരാണ് എന്ന വസ്തുതയാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ മിലാന്‍ അടക്കമുള്ള വന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ കുടുംബത്തിനൊപ്പം താമസിക്കുന്നവരുമാണ്. നഗരങ്ങള്‍ക്കും വീടുകള്‍ക്കും ഇടയിലെ പ്രതിദിനമുള്ളതോ ഇടവിട്ടുള്ളതോ യാത്ര ആയിരിക്കാം കൊറോണ വൈറസിന്റെ നിശബ്ദ പടര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും കൊറോണ ഏറ്റവും വേഗത്തില്‍ പടരാവുന്ന വയോജനങ്ങളില്‍ ഇതെത്തിക്കുന്ന വാഹകരായി യുവാക്കള്‍ പ്രവര്‍ത്തിച്ചു എന്നതാണു യാഥാര്‍ഥ്യം. ഇറ്റാലിയന്‍ അധികൃതര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് മുന്പ് വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞിരുന്നു.
അതേ സമയം ശരാശരി പ്രായം 47.3 ആയ ജപ്പാനില്‍ പക്ഷേ കോവിഡ് മരണം 35 മാത്രമാണ്. അപ്പോള്‍ പ്രായം മാത്രമല്ല കോവിഡ് നിയന്ത്രണത്തിന് പരിഗണിക്കേണ്ട ഘടകം എന്നു സൂചിപ്പിക്കുകയാണ് ജപ്പാന്റെ ഉദാഹരണം.”എന്തുകൊണ്ട് ഇറ്റലി എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതിനൊരു ലളിതമായ ഉത്തരമില്ല.”ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ യാഷ്ക മൌങ്ക് പറയുന്നു.
തങ്ങളുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതില്‍ കൂടുതല്‍ പേരെ രോഗം ബാധിച്ചതോടെ പ്രായം കൂടിയവരെ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.
രാജ്യത്തു ഇതുവരെ 15 ഓളം ആരോഗ്യ പ്രവര്‍ത്തകരും 18 പുരോഹിതന്മാരും മരണപ്പെട്ടു എന്നത് കോവിഡ് മഹാമാരി ഇറ്റലിയില്‍ ഉണ്ടാക്കിയ ദുരന്തത്തിന്റെ ചിത്രം കൂടുതല്‍ ഇരുണ്ടതാക്കുന്നു.
ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതുപോലെ ദക്ഷിണ കൊറിയയും ജപ്പാനും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ കാണിച്ച മാതൃക സ്വീകരിച്ച് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയും രോഗ ബാധിതര്‍ കൂടുതല്‍ സാമൂഹിക വ്യാപനത്തിന്റെ വാഹകാരായി മാറുന്നത് തയുകയും മാത്രമാണ് ഇറ്റലിയുടെ മുന്‍പിലെ പോംവഴി എന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.
ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.
1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.
അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദ്ദേശം.
ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ള പ്രസ് അക്രഡിറ്റേഷൻ കാർഡ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ചു നൽകി രാജ്യം വിടണമെന്നാണ് നിർദ്ദേശം.
സ്വന്തം ലേഖകൻ
വിലപ്പെട്ടത് എന്ന് കരുതി ഇത്രയും നാൾ വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന ചാവുകടലിൽ നിന്ന് കണ്ടെടുത്തത് എന്ന് കരുതിയിരുന്ന ബൈബിൾ ലിഖിതങ്ങൾ വ്യാജമെന്ന് തെളിയുന്നു. ആറു മാസത്തോളം നീണ്ട പഠനങ്ങൾക്കു ശേഷം ലിഖിതങ്ങൾ ഷൂ ലെതറിൽ നിർമ്മിച്ചതാണെന്ന് ഇരുന്നൂറോളം പേജ് വരുന്ന കേസ് ഡയറിയിലൂടെ വിദഗ്ധർ തെളിയിക്കുന്നു. കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് ഓരോ ലിഖിതവും ഉണ്ടാക്കിയിരിക്കുന്നതെന്ന് അവർ പറയുന്നു. ഹീബ്രു ബൈബിളിന്റെ കൈയ്യെഴുത്ത് പ്രതിയാണ് ഓരോ ലിഖിതവും. 1947ൽ ചാവുകടലിന്റെ പടിഞ്ഞാറെ തീരത്ത് കാണാതെ പോയ ആടിനെ തിരഞ്ഞെത്തിയ ആട്ടിടയൻ ആണ് ചുരുളുകളിൽ ഒന്ന് ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിയുടെ തന്നെ ചരിത്രത്തിലേക്കുള്ള ഒരു കാൽവെപ്പ്ആയി അതിനെ കണക്കാക്കിയിരുന്നു. ശേഷിച്ച ചുരുളുകൾ കണ്ടെത്തിയത് ഇസ്രായേലി ഗവൺമെന്റ്ന്റെ അന്വേഷണത്തിലൂടെയാണ്. വ്യാജന്മാർ ഇത്രയും നാളും യഥാർത്ഥമായ അവശേഷിപ്പുകൾ ക്കൊപ്പം ആണ് പ്രദർശനത്തിന് വെച്ചിരുന്നത്.
365 മില്യൺ പൗണ്ട് വില വരുന്ന മ്യൂസിയം തുറന്നത് 2017 ലാണ്. വളരെ നാൾ നീണ്ടുനിന്ന ഭൗതികവും ശാസ്ത്രീയവുമായ പഠനങ്ങൾക്കു ശേഷം മേൽപ്പറഞ്ഞ ലിഖിതങ്ങൾ ഓതെന്റിക് അല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് പഴയകാലത്തെ ലിഖിതമല്ല. അങ്ങനെ തോന്നിക്കാൻ വേണ്ടി കുന്തിരിക്കത്തിന്റെ ചാറു പോലെ എന്തോ ഒരു വസ്തു അതിന് മുകളിൽ പുരട്ടിയിട്ടുണ്ട്. ഇത്തരം 16 ലിഖിതങ്ങളാണ് നാല് സ്വകാര്യ വ്യക്തികളുടെ കൈയിൽനിന്ന് ഇതുവരെ വാങ്ങി സൂക്ഷിച്ചിട്ടുള്ളത്.
ആറുമാസം നീണ്ടുനിന്ന ഇൻഫ്രാറെഡ് സ്‌പെക്‌ട്രോസ്കോപ്പി, എക്സ്റേ സ്കാനിങ്, ത്രീഡി മൈക്രോസ്കോപ്പ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ചരിത്രവസ്തുത ആണെന്ന് കരുതി സൂക്ഷിച്ചിരുന്നത് വ്യാജനാണെന്ന് തെളിയുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല.
കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ അമേരിക്കയിൽ തോക്കുകളുടെയും വെടിമരുന്നിന്റെയും വിൽപ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ചില അമേരിക്കക്കാരെ സ്വയം സംരക്ഷണത്തിനുള്ള ഒരു മാർഗ്ഗമായി തോക്കുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറൻ തീരത്തുള്ള ആയുധ കടകൾക്ക് പുറത്ത് വലിയ ക്യൂ പ്രകടമായിരുന്നു. കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ മാർട്ടിൻ ബി റിറ്റിംഗ് തോക്ക് ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ക്യൂ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല.
‘നമുക്ക് തോക്കുകൾ ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും തോക്ക് വിരുദ്ധരും വളരെക്കാലമായി നമ്മോട് പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ, അവരടക്കം ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. എന്തുചെയ്യണമെന്ന് സ്വയം തീരുമാനിക്കാം’ എന്നാണ് ഒരു ഉപഭോക്താവ് ‘ലോസ് ആഞ്ചലസ് ടൈംസിനോട്’ പറഞ്ഞത്. തന്റെ സ്റ്റോറിൽനിന്നും ഇത്തരത്തിൽ വൻതോതിൽ ആയുധ വിൽപ്പന നടക്കുന്നത് ആദ്യമാണ് എന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഹയാട്ട് ഗൺസ് എന്ന രാജ്യത്തെ ഏറ്റവും വലിയ തോക്ക് ഷോപ്പുകളുടെ ഉടമ ലാറി ഹയാട്ട് പറയുന്നു. ‘തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് തോന്നി തുടങ്ങിയതാണ് തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള വലിയ തിരക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാന ഓൺലൈൻ തോക്ക് കച്ചവടക്കാരനായ ആംമോ ഡോട്ട് കോം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയുള്ള വിൽപ്പനയുടെ കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 23 വരെയുള്ള 11 ദിവസത്തെ അപേക്ഷിച്ച് അതിനു ശേഷമുള്ള 11 ദിവസത്തെ വിൽപ്പന 68 ശതമാനമാണ് വർദ്ധിച്ചത്. നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ വിൽപ്പന യഥാക്രമം 179 ശതമാനവും 169 ശതമാനവും ഉയർന്നു. പെൻസിൽവാനിയ, ടെക്സസ്, ഫ്ലോറിഡ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വിൽപ്പന കുതിച്ചുയരുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊറോണാവൈറസിനുള്ള മരുന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്തുവെന്നും മരുന്ന് അമേരിക്കയ്ക്കു മാത്രമായി ലഭിക്കാനുള്ള നീക്കം നടത്തിയെന്നുമുള്ള റിപ്പോര്‍ട്ട് ജര്‍മ്മന്‍ സർക്കാർ ശരിവച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട ജര്‍മ്മന്‍ പത്രങ്ങളിലൊന്നായ വെല്‍റ്റ് ആം സൊണ്‍ടാഗ് (Welt am Sonntag) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ട്രംപ് ക്യുവര്‍വാക് (CureVac) എന്ന ജര്‍മ്മന്‍ കമ്പനിക്ക് വന്‍ തുക തന്നെ വാഗ്ദാനം ചെയ്തുവെന്നാണ്.
കമ്പനി നിര്‍മ്മിക്കുന്ന വാക്‌സിന്‍ അമേരിക്കയില്‍ മാത്രമായിരിക്കണം വില്‍ക്കുന്നതെന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച നിബന്ധനയത്രെ. ക്യുവര്‍വാക് ജര്‍മ്മന്‍ സർക്കാരിന്റെ അധീനതയിലുള്ള ‘പോള്‍ എല്‍റിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്‌സീന്‍സ് ആന്‍ഡ് ബയോമെഡിക്കല്‍ മെഡിസിന്‍സു’മായി ചേര്‍ന്നാണ് കൊറോണാവൈറസിന് മരുന്നു കണ്ടെത്താന്‍ യത്‌നിക്കുന്നത്.
ജര്‍മ്മന്‍ സർക്കാരുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ട്രംപിന്റെ നീക്കത്തെക്കുറിച്ചു പറഞ്ഞതെന്ന് അദ്ദേഹം അമേരിക്കയ്ക്ക് ഒരു കൊറോണാവൈറസ് വാക്‌സിന്‍ ലഭിക്കാന്‍ ശ്രമിക്കുകയാണ്. ‘പക്ഷേ, അമേരിക്കയ്ക്കു മാത്രം,’ എന്നാണ്. എന്നാല്‍, സമ്മര്‍ദ്ദത്തിലായ ജര്‍മ്മന്‍ സർക്കാർ ക്യുവര്‍വാക് കമ്പനിക്ക് കൂടുതല്‍ തുകയും മറ്റും വാഗ്ദാനം ചെയ്ത് തങ്ങള്‍ക്കൊപ്പം നിർത്താന്‍ ശ്രമിക്കുകയാണ്.
അതേസമയം, ജര്‍മ്മനിയുടെ ആരോഗ്യ വകുപ്പ് ഇക്കാര്യങ്ങളെല്ലാം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് ശരിവയ്ക്കുകയും ചെയ്തു. വെല്‍റ്റ് ആം സോണ്‍ടാഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശരിയാണെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ട് ശരിയാണെന്ന് ഞങ്ങള്‍ക്കു സാക്ഷ്യപ്പെടുത്താന്‍ പറ്റുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വക്താവ് റോയിട്ടേഴ്‌സിനോടു പറഞ്ഞത്.
മുതിര്‍ന്ന ജര്‍മ്മന്‍ രാഷ്ട്രീയക്കാരനും, ഹെല്‍ത് ഇക്കണോമിക്‌സ് പ്രൊഫസറുമായ കാള്‍ ലൗറ്റര്‍ബാക് ഈ വാര്‍ത്തയോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഉണ്ടാക്കപ്പെട്ടേക്കാവുന്ന വാക്‌സിന്‍ അമേരിക്കയില്‍ മാത്രം വില്‍ക്കാനുള്ള ശ്രമം ഏതു രീതിയിലും തടയണം. മുതലാളിത്തത്തിന് പരിധി കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധമൂലം യുറോപ്പിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. രോഗ ബാധയെ തുടര്‍ന്ന് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ച ദിവസം ഇന്നലെയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കിയിട്ടുണ്ട്. അമേരിക്കയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്.
ഇറ്റലിയിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. ഇന്നലെ മാത്രം 368 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇറ്റലിയിൽ മാത്രം 1809 ആയി. സ്‌പെയിനില്‍ ഇന്നലെ 97 പേരാണ് മരിച്ചത്. ഇതികനം 288 പേരാണ് വൈറസ് ബാധയ്ക്ക് ഇരായായി ജീവന്‍ നഷ്ടപ്പെട്ടത്. ഫ്രാന്‍സില്‍ ഇതിനകം 120 പേരാണ് മരിച്ചത്. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് 29 പേര്‍ക്കാണ്.
ബ്രിട്ടനില്‍ കൊറോണ മൂലം ജീവന്‍ നഷ്ടമായത് 35 പേര്‍ക്കാണ്. ഇന്നലെ മാത്രം 14 പേര്‍ മരിച്ചു.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ജനങ്ങളുടെ യാത്രയ്ക്ക് വിവിധ സര്‍ക്കാരുകള്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ഡെന്മാര്‍ക്ക്, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ ജര്‍മ്മനി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌പെയിനുമായുള്ള അതിര്‍ത്തി പോര്ച്ചുഗല്‍ അടച്ചു. അഞ്ചുപേരില്‍ കൂടതുല്‍ സംഘം ചേരുന്നത് ഓസ്ട്രിയ നിരോധിച്ചു. അത്യാവിശ്യ സന്ദര്‍ഭങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് ചെക്ക് റിപ്പബ്ലിക്ക് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
യുറോപ്യന്‍ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടി ആളുകള്‍ യുറോപ്പില്‍ വീടുകളില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ബ്രിട്ടനിലും നടപ്പിലാക്കുന്ന കാര്യം ആലോചനയിലാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. 70 വയസ്സില്‍ അധികം പ്രായമുള്ള ആളുകള്‍ പരമാവധി മറ്റുള്ളവരില്‍നിന്ന് അകന്ന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടനിലെ സ്ഥ്തിഗതികള്‍ വിശദീകരിക്കാന്‍ എല്ലാദിവസവും പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ വാര്‍ത്താ സമ്മേളനം നടത്തും
അമേരിക്കയില്‍ 50 ആളുകളില്‍ അധികം പങ്കെടുക്കുന്ന പരിപാടികള്‍ മാറ്റിവെയ്ക്കണമെന്ന് യുഎസ് സെൻ്റെഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എട്ടാഴ്ചത്തേക്ക് നിയന്ത്രണം അനിവാര്യമാണെന്നാണ് നിര്‍ദ്ദേശം. അമേരിക്കയിലെ 49 സംസ്ഥാനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 62 പേരാണ് അമേരിക്കയിൽ ഇതിനകം മരിച്ചത്. വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗ നിർണയത്തിന് 2000 പുതിയ ലാബുകൾ സജ്ജീകരിക്കുമെന്ന് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് അറിയിച്ചു.
ചൈനയില്‍ ആരംഭിച്ച കോവിഡ് 19 ന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം യുറോപ്പാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 24,717 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്.ലോകത്തെമ്പാടുമായി 1,62,687 പേര്‍ക്കാണ് ഇതിനകം രോഗ ബാധയുണ്ടായിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ പേരും ചൈനയിലാണ്. ഇവിടെ 81,003 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധയേറ്റത്. 6,065 പേരാണ് ലോകത്തെമ്പാടുമായി കോവിഡ് 19 ബാധിച്ച് മരിച്ചത്.
ഡൊണാള്‍ഡ് ട്രംപിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്. കൊവിഡ് രോഗബാധയുണ്ടോ എന്ന് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത് 50 പേരാണ്. ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5800 കടന്നു. 156098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം ബ്രിട്ടനില്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി ഈ കുഞ്ഞായി മാറി.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയെ മുമ്പ് നോര്‍ത്ത് മിഡില്‍സെക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ ആകാം കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പടര്‍ന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
യൂറോപ്പിൽ കൊറോണ വൈറസ് (കോവിഡ്–19) രോഗത്തിന്റെ കേന്ദ്രമായ ഇറ്റലിയിൽ മരണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർ കൂടി മരിച്ചതോടെയാണിത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ.
ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ കാണികളുടെ അഭാവത്തിൽ നടത്തണമെന്നാണ് നിർദേശം.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. ചൈനയിൽ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകൾ ലഭിക്കുന്പോൾ യൂറോപ്പിൽ രോഗം പടരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്.